Monday, February 03, 2014

ലണ്ടന്‍ ബ്രിഡ്ജ്‌ (London Bridge)

കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം : അനില്‍ സി മേനോന്‍

ലണ്ടനില്‍ പൈസ പലിശയ്ക്ക്‌ കൊടുക്കുന്നതടക്കം ചില ബിസിനസ്സുകള്‍ ചെയ്ത്‌ ജീവിക്കുന്ന വിജയ്‌ ദാസ്‌ എന്ന ചെറുപ്പക്കാരന്‍ വന്‍ വ്യവസായിയായ നമ്പ്യാരുമായി ബന്ധപ്പെടാന്‍ ഇടയാകുന്നു. അദ്ദേഹത്തിന്റെ ഏക മകളുമായി ഒരു ബന്ധം സ്ഥാപിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുന്നത്‌ പെണ്‍കുട്ടിയുടെ സൗന്ദര്യത്തേക്കാള്‍ സമ്പത്തിന്‌ പ്രാധാന്യം തോന്നിയതിനാല്‍ തന്നെയാണ്‌. അതിന്നിടയില്‍ ഒരു റോടപകടത്തോടനുബന്ധിച്ച്‌ ഇടപെടേണ്ടിവരുന്ന മെറിന്‍ എന്ന പെണ്‍കുട്ടി വിജയുടെ ജീവിതത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു.

തുടര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത പിരിമുറുക്കങ്ങളും അതിനെ വിജയ്‌ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ്‌ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

നിറയെ ദൃശ്യസൗന്ദര്യവും നല്ല സംഗീതവും ചേര്‍ന്ന് മികച്ച ഒരു അനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ടെങ്കിലും പ്രണയത്തിന്റെ തീവ്രത ആഴത്തില്‍ പതിഞ്ഞിട്ടില്ലാത്തതിന്റെ ഒരു കുറവ്‌ പ്രകടമാണ്‌.

അനാവശ്യമാണെന്ന് തോന്നിപ്പോകുന്ന ഗാനരംഗം വരെ തുടര്‍ന്ന് ആസ്വദിക്കാവുന്ന തരത്തിലേക്കെത്തിക്കാന്‍ സാധിച്ചിരിക്കുന്നത്‌ ഒരു മികവാണ്‌.

സ്ത്രീകളെയും കുടുംബപ്രേക്ഷകരേയും ഈ ചിത്രം ഇഷ്ടപ്പെടുന്നുണ്ടെന്നാണ്‌ സൂചന.
ഇപ്പോഴത്തെ നല്ലതല്ലാത്ത ഒരു പ്രവണതയായ ട്രെന്‍ഡ്‌ തീരുമാനിക്കുന്ന 'ഇന്റര്‍നെറ്റ്‌ യൂത്ത്‌' ഈ ചിത്രത്തെ കാര്യമായി പ്രോല്‍സാഹിപ്പിച്ചിട്ടില്ല എന്നത്‌ ഈ ചിത്രത്തെ ദോഷകരമായി ബാധിക്കാവുന്ന ഒരു ഘടകമാണ്‌.

പൊതുവേ എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജ്‌, പ്രതാപ്‌ പോത്തന്‍ എന്നിവര്‍ മികച്ച്‌ നിന്നു.

അനില്‍ സി മേനോന്‍ എന്ന സംവിധായകന്റെ ഒരു മികവ്‌ ഈ ചിത്രത്തിലുണ്ടെങ്കിലും ഒരു ത്രികോണപ്രണയത്തിന്റെ തീവ്രത കൊണ്ടുവരുന്നതില്‍ രചയിതാവിന്‌ സംഭവിച്ചിട്ടുള്ള ന്യൂനത ഈ ചിത്രത്തിനെ ഉന്നതനിലവാരത്തില്‍ എത്തിക്കുന്നതിന്‌ തടസ്സമായിട്ടുണ്ടെന്ന് പറയാം.

എന്നിരുന്നാലും, കുടുംബപ്രേക്ഷകര്‍ക്ക്‌ കാര്യമായ മാനസികപീഠകളില്ലാതെ കണ്ണിനും കാതിനും ആനന്ദം പകരുന്ന ഒരു ചലച്ചിത്രാനുഭവം 'ലണ്ടന്‍ ബ്രിഡ്ജ്‌' സമ്മാനിക്കുന്നു.

Rating : 5.5 / 10

Saturday, January 25, 2014

സലാല മൊബൈല്‍ സ്‌ (Salala Mobiles)


രചന, സംവിധാനം: ശരത്‌ എ. ഹരിദാസന്‍
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

അലസനായ ഒരു ചെറുപ്പക്കാരണ്റ്റെ കഥ പറഞ്ഞ്‌ ശ്രീനിവാസണ്റ്റെ ശബ്ദത്തിലാണ്‌ ഈ ചിത്രം തുടങ്ങുന്നത്‌.

ഈ ചെറുപ്പക്കാരനെ മെച്ചപ്പെടുത്തി എടുക്കാന്‍ അമ്മാവന്‍ ഒരു മൊബൈല്‍ ഷോപ്പ്‌ ആരംഭിക്കാന്‍ സഹായിക്കുകയും ആ ഷോപ്പില്‍ സുഹൃത്തിനോടൊപ്പം ബിസിനസ്സ്‌ തുടരുമ്പോള്‍ അടുത്ത ബസ്‌ സ്റ്റോപ്പില്‍ സ്ഥിരമായി വരുന്ന ഒരു സുന്ദരിക്കുട്ടിയോട്‌ വല്ലാത്ത അനുരാഗം തോന്നുകയും ചെയ്യുന്നു. 

തുടര്‍ന്ന് മൊബൈല്‍ ടെക്‌ നോളജിയിലെ ഒരു പുതിയ കണ്ടുപിടുത്തം ഈ ചെറുപ്പക്കാര്‍ക്ക്‌ കൂട്ടായി കിട്ടുകയും അതിണ്റ്റെ കുറേ ഹാസ്യാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുകയും ചെയ്തു.

പക്ഷേ, ഈ ടെക്നോളജി സംബദ്ധിയായ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും പ്രണയത്തിണ്റ്റെ തീവ്രത ഒട്ടും തന്നെ അനുഭവഭേദ്യമല്ലാതെ കഥയെ മുന്നോട്ട്‌ കൊണ്ടുപോയതും ഒടുവില്‍ ശ്രീനിവാസണ്റ്റെ തന്നെ കഥാവിവരണത്തിലൂടെ രണ്ട്‌ വരിയില്‍ കഥ സംഹരിച്ചതും ഈ ചിത്രത്തിണ്റ്റെ പരാജയ കാരണങ്ങളായി എടുത്ത്‌ പറയാം.

ചിത്രത്തിണ്റ്റെ ഇടയ്ക്കുള്ള ഒരു ഇരുപത്‌ മിനിറ്റ്‌ ആസ്വാദ്യകരവും താല്‍പര്യജനകവുമായിരുന്നു.

നസ്രിയയുടെ സൌന്ദര്യത്തിണ്റ്റെ മാസ്മരികതയും മികച്ച സംഗീതവും ഈ ചിത്രത്തിണ്റ്റെ ആകര്‍ഷണങ്ങളായി പറയാം.

നായികയുടെ വീട്ടിലെ പശ്ചാത്തലം കഠിനമാണെന്ന തോന്നല്‍ പ്രേക്ഷകന്‌ ഉണ്ടാക്കിത്തന്നതിനുശേഷം ചിത്രത്തിണ്റ്റെ അവസാനം വളരെ നിഷ്‌ പ്രയാസം നായിക സ്വാതന്ത്ര്യം കൈവരിച്ചു എന്ന് അശരീരി കേള്‍പ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടുപോയതില്‍ ഒട്ടും അതിശയമില്ല. 

നായകന്‍ ഒരു അപകടാവസ്ഥയില്‍ എത്തുന്നതിനോടടുപ്പിച്ച്‌ ഒരല്‍പ്പം ആകാംക്ഷാഭരിതമായെങ്കിലും പ്രേക്ഷകണ്റ്റെ ആ താല്‍പര്യത്തെ ഒട്ടും തന്നെ മാനിക്കാതെ നായകനെ നിഷ്ക്രിയനാക്കിയ സംവിധായകനെ പ്രേക്ഷകര്‍ കൂക്കിവിളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

കഥാപരമായി വിദഗ്ദമായി ഉപയോഗിക്കാവുന്ന ഒരു സംഗതി ഈ ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും അത്‌ ഫലപ്രദമായി ഉപയോഗിക്കാനോ പ്രണയത്തെ പ്രേക്ഷകരിലേക്കെത്തിക്കാനോ സാധിക്കാത്ത ഈ ചിത്രം ശരാശരി നിലവാരത്തില്‍ എത്തിയില്ലെന്ന് തന്നെ പറയേണ്ടിവരുന്നു.

Rating : 4 / 10

Sunday, January 05, 2014

Punyalan Agarbattis (പുണ്യാളന്‍ അഗര്‍ബത്തീസ്)

കഥ, സംഭാഷണം, സംവിധാനം: രഞ്ജിത് ശങ്കർ
തിരക്കഥ: അനില്‍ കുര്യന്‍, അഭയകുമാര്‍, രഞ്ജിത്‌ ശങ്കര്‍
നിർമ്മാണം: രഞ്ജിത് ശങ്കർ, ജയസൂര്യ
അഭിനേതാക്കൾ: ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ്, രചൻ നാരായണൻകുട്ടി
സംഗീതം: ബിജിബാൽ
ക്യാമറ: സുജിത് വാസുദേവ്
ചിത്രസംയോജനം: ലിജോ പോൾ

രഞ്ജിത് ശങ്കറിന്റെ നാലാമത്തെ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ രചന, നിർമ്മാണം എന്നിവയും രഞ്ജിത് ഇത്തവണ ചെയ്തിരിക്കുന്നു.

പുണ്യാളൻ അഗർബത്തീസ് എന്ന ചന്ദനത്തിരി കമ്പനി തുടങ്ങി അതൊന്ന് പച്ചപിടിപ്പിക്കാനായി പെടാപ്പാട് പെടുന്ന സംരംഭകനായ ജോയി താക്കോൽക്കാരന്റെ കഥയാണ് ഈ സിനിമ. മിഥുനം, വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളിൽ കണ്ട സാമൂഹ്യവ്യവസ്ഥിതിക്കെതിരേ പൊരുതുന്ന നായകൻ തന്നെയാണ് ജോയ്. എന്നാൽ മുൻ‌‌കാല ചിത്രങ്ങളുടെ നിഴലിൽ നിൽക്കാതെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ജോയിക്ക് ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. ഒരു പോരായ്മയായി തോന്നിയത്, മുന്നേ വന്ന സിനിമകളിൽ, നായകർ തങ്ങളുടെ തന്നെ വ്യവസായത്തിൽ സിനിമയുടെ അവസാനം വിജയികൾ ആകുമ്പോൾ ഇവിടെ നായകൻ രാഷ്ട്രീയത്തിലേയ്ക്ക് മാറി അതുവഴി തന്നെയും വ്യവസായത്തേയും വിജയിപ്പിക്കുന്നു എന്ന രീതിയിലായി എന്നതാണ്.

സംവിധായകനായി രഞ്ജിത്തും നടനായി ജയസൂര്യയും വളരെ വലിയ ഒരു വളർച്ചയാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും എല്ലാം കഥയോട് ചേർന്ന് പോകുന്നതും ഏച്ച് കെട്ടലുകൾ ഇല്ലാത്തതും ആയി എന്നത് രഞ്ജിത്തിന്റെ രചനാമികവിന് തെളിവായി. അഭിനേതാക്കളായി വന്ന മറ്റ് നടന്മാരും നടിമാരും എല്ലാവരും സ്വന്തം ഭാഗം ഭംഗിയാക്കി. പ്രത്യേകം എടുത്ത് പറയേണ്ടത് ശ്രീജിത്ത് രവിയുടേയും സുനിൽ സുകടയുടേയും പേരുകളാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും  കാണിക്കുന്ന കാർട്ടൂണുകളും പുതുമ നിറഞ്ഞ ഒരു അനുഭവമായി. സംഗീതവും ആസ്വദിക്കത്തക്കതായത് സിനിമയുടെ മാറ്റ് കൂട്ടി. തൃശൂരിന്റെ പ്രകൃതിഭംഗിയും സുജിത് വാസുദേവ് നന്നായി പകർത്തിയിട്ടുണ്ട്.

മനസ്സറിഞ്ഞ് ആസ്വദിച്ച് സിനിമ കാണാൻ പറ്റിയ ഒരു ചലച്ചിത്രം തന്നെയാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

എന്റെ റേറ്റിങ്ങ് 4/5

Tuesday, December 24, 2013

ഒരു ഇന്ത്യന്‍ പ്രണയകഥ


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: സത്യന്‍ അന്തിക്കാട്‌

രാഷ്ട്രീയത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരണ്റ്റെ തന്ത്രപ്പാടുകളും ഒടുവില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്‌ സീറ്റ്‌ ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളുമെല്ലാം വിവരിച്ച്‌ ആദ്യപകുതി ഭേദപ്പെട്ട ആസ്വാദനനിലവാരം പുലര്‍ത്തി.

കാനഡയില്‍ നിന്ന് നാട്ടിലെത്തുന്ന ഒരു യുവതിയെ സഹായിക്കാന്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥയില്‍ നിന്ന് കഥ വേറൊരു വഴിയിലേയ്ക്ക്‌ കടക്കുന്നു.

നാട്ടില്‍ തന്നെ ചെറുപ്പത്തിലേ അനാഥാലയത്തിലാക്കിയ തണ്റ്റെ അച്ഛനേയും അമ്മയേയും കണ്ടെത്തി അവര്‍ അറിയാതെ അവരെ ഒരു നോക്ക്‌ കണ്ട്‌ തിരിച്ചുപോകുകയാണത്രേ ഈ യുവതിയുടെ ആഗ്രഹം.

ഈ എഴുതിയത്‌ വലിയൊരു സസ്പെന്‍സ്‌ ആയി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. ഈ ഒരു ഭാഗം വളരെ പുതുമയുള്ളതാണല്ലോ!

ഇനി കൂടുതലൊന്നും പറയാതെ തന്നെ ഈ സിനിമയുടെ ഒരു സെറ്റപ്പ്‌ ഊഹിച്ചെടുക്കാവുന്നതല്ലേയുള്ളൂ....

ഫഹസ്‌ ഫാസിലിണ്റ്റെ മികച്ച പ്രകടനവും അമലപോളിണ്റ്റെ ദൃശ്യമികവും ഈ ചിത്രത്തെ വല്ലാത്ത വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌.

അവിടവിടെ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളും രസകരമായിരുന്നു.

പൊതുവേ പറഞ്ഞാല്‍ 'സന്ദേശ'ത്തിണ്റ്റെ വഴിക്ക്‌ പോയി 'സന്ദേഹം' ആയി മാറി ഈ ചിത്രം.

Rating : 4.5 / 10

Friday, December 20, 2013

ദൃശ്യം


രചന, സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

കേബില്‍ ടി വി ബിസിനസ്സും നിരന്തരം സിനിമാകാണലുമായി ജീവിക്കുന്ന ജോര്‍ജുകുട്ടിയും അയാളുടെ ഭാര്യയും രണ്ട്‌ പെണ്‍ മക്കളുമടങ്ങുന്ന കുടുംബവും ഇദ്ദേഹം ബന്ധപ്പെടുന്ന ചുറ്റുപാടുകളും സാവധാനം വിവരിച്ചുകൊണ്ട്‌ ഈ സിനിമയുടെ ആദ്യപകുതിയുടെ അധികവും കടന്നുപോകുന്നു.

ആദ്യപകുതി കഴിയുന്നതോടെ കഥാഗതി ഒരു നിര്‍ണ്ണായക സംഭവത്തിണ്റ്റെ തീവ്രതയില്‍ എത്തി നില്‍ക്കുകയും തുടര്‍ന്നങ്ങോട്ട്‌ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളും പ്രതിരോധങ്ങളും സംഭവങ്ങളുമായി പുരോഗമിക്കുകയും ചെയ്യുന്നു.

നാലാം ക്ളാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി, തണ്റ്റെ അനുഭവത്തില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും സ്വായത്തമാക്കിയ കാര്യങ്ങളാല്‍ തണ്റ്റെ കുടുംബത്തെ ബാധിച്ച ഒരു വലിയ അപകടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ ഗംഭീരമാണ്‌.

പക്ഷേ, സാധാരണ സിനിമകളില്‍ കാണുന്നപോലെ നിഷ്‌ പ്രയാസം പരാജയപ്പെടുകയും ബുദ്ധിഹീനമായി പെരുമാറുകയും ചെയ്യുന്ന ഒരു പോലീസിനെയല്ല നാമിവിടെ കാണുന്നത്‌. 

പോലീസ്‌ കോണ്‍സ്റ്റബില്‍ മുതല്‍ എല്ലാവരും വളരെ ബുദ്ധിപരമായിതന്നെ ജോര്‍ജുകുട്ടിയുടെ നീക്കങ്ങളെ കാണുകയും ജോര്‍ജുകുട്ടി തീര്‍ക്കുന്ന പ്രതിരോധങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ അത്ഭുതാവഹമാണ്‌.

ജോര്‍ജുകുട്ടിയേക്കാല്‍ ഒരു പടി മുകളില്‍ ചിന്തിക്കുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥയും അവരെപ്പോലും അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി ജോര്‍ജുകുട്ടിയും പ്രേക്ഷകരെ ഞെട്ടിക്കുന്നു. 

ഒടുവില്‍, ജോര്‍ജുകുട്ടിക്ക്‌ മാത്രം അറിയുന്ന ഒരു നിര്‍ണ്ണായക രഹസ്യം കൂടി പ്രേക്ഷകര്‍ക്ക്‌ ദൃശ്യമാകുന്നതോടെ ഈ ചിത്രം പ്രേക്ഷകമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിയുന്നു.

മോഹന്‍ലാലിണ്റ്റെ അഭിനയമികവിണ്റ്റെ മേന്‍മ പലയിടങ്ങളിലും നമുക്ക്‌ കണ്ടറിയാനാകുന്നു.

കലാഭവന്‍ ഷാജോണിണ്റ്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാകുന്നു അദ്ദേഹം ചെയ്ത പോലീസ്‌ കോണ്‍സ്റ്റബിള്‍.

ആശാ ശരത്‌ പോലീസ്‌ ഉദ്യോഗസ്ഥയുടെ റോളില്‍ മികവ്‌ പുലര്‍ത്തിയപ്പോള്‍ സിദ്ദിഖ്‌ തണ്റ്റെ സ്ഥിരം മികവ്‌ നിലനിര്‍ത്തി.

സുജിത്‌ വാസുദേവിണ്റ്റെ ക്യാമറാമികവും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നതില്‍ വളരെ സഹായിച്ചിരിക്കുന്നു.

വളരെ മികച്ചതും ബുദ്ധിപരവുമായ ഒരു രചന നിര്‍വ്വഹിച്ചതിനും അത്‌ സംവിധായകണ്റ്റെ റോളില്‍ നിന്ന് ഭംഗിയായി പ്രേക്ഷകരിലേക്കെത്തിച്ചതിനും ജീത്തുജോസഫ്‌ വളരെ അഭിനന്ദനമര്‍ഹിക്കുന്നു.

കഴിഞ്ഞ രണ്ട്‌ മൂന്ന് ചിത്രങ്ങളുടെ മികവില്‍ ഇദ്ദേഹത്തിണ്റ്റെ സ്ഥാനം മലായാളസിനിമയില്‍ വളരെ ഉന്നതിയിലായിക്കഴിഞ്ഞിരിക്കുന്നു.

Rating : 8.5 / 10

Friday, December 06, 2013

എസ്കേപ്‌ ഫ്രം ഉഗാണ്ടാ (Escape From Uganda)


കഥ, സംവിധാനം : രാജേഷ്‌ നായര്‍
തിരക്കഥ: സന്ദീപ്‌ റോബിന്‍സണ്‍, ദീപക്‌ പ്രഭാകരന്‍, നിതിന്‍ ഭദ്രന്‍

പ്രേമിച്ച്‌ വിവാഹം കഴിച്ച ശിഖ സാമുവലും ജയകൃഷ്ണനും വീട്ടുകാരുടെ ശല്ല്യം ഇല്ലാതിരിക്കാന്‍ എത്തിച്ചേര്‍ന്ന സ്ഥലമാണ്‌ ഉഗാണ്ട.
അവിടെ ജോലി ചെയ്ത്‌ ജീവിതം പുരോഗമിക്കുമ്പോള്‍ ശിഖ കൊലപാതകക്കേസില്‍ ജയിലിലാകുന്നു.
അവരെ സഹായിക്കാന്‍ ഒരു മലയാളി അഡ്വക്കേറ്റ്‌ ഉണ്ടാകുന്നു എന്നത്‌ ആശ്വാസകരമെങ്കിലും ഇദ്ദേഹവും കൊല്ലപ്പെടുന്നു. തുടര്‍ന്ന് തണ്റ്റെ ഭാര്യയെ നിയമപരമായി രക്ഷിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്ന ജയകൃഷ്ണന്‍ ആണ്റ്റണിയുടെ സഹായം തേടുന്നു.

ഈ ആണ്റ്റണി എന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര സംഭവമാണത്രേ.. ഇദ്ദേഹമാണ്‌ ഈ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഒരേ ഒരു ജീവി! (ജയിലില്‍ നിന്ന് രക്ഷപ്പെട്ടാല്‍ പിന്നെ ആരെയും പേടികേണ്ട എന്നതാണെന്ന് തോന്നുന്നു ആ രാജ്യത്തെ കീഴ്‌ വഴക്കം).

അങ്ങനെ ആണ്റ്റണിയുടെ നേതൃത്വത്തില്‍ ശിഖയെ ജയിലില്‍ നിന്ന് രക്ഷിച്ച്‌ ഉഗാണ്ട വിട്ടുപോരുന്നതാണ്‌ കഥ.

ഈ സിനിമ കാണുമ്പോള്‍ കുറേ സംശയങ്ങള്‍ തോന്നുക സ്വാഭാവികം.

1. ഉഗാണ്ട എന്ന സുന്ദരവും ശാന്തവുമായ ഒരു സ്ഥലം ഒളിച്ചോടുന്നവര്‍ക്കായി ലഭ്യമാണെന്ന് മാലോകര്‍ അറിയാതെപോയതെന്ത്‌?

2. റീമാ കല്ലിങ്കല്‍ ൨൨ ഫീമെയില്‍ കോട്ടയം എന്ന ജയിലില്‍ നിന്ന് നേരെ ഇവിടെ എത്തിയതാണോ?

3. ഉഗാണ്ടയില്‍ ഒരിക്കല്‍ ജയില്‍ ചാടിയാല്‍ പിന്നെ തൊടാന്‍ പറ്റില്ല എന്ന നിയമമുണ്ടോ?

4. വിമാനത്തില്‍ കയറിപ്പറ്റിയാല്‍ നേരെ രാജ്യം വിട്ട്‌ എവിടേലും പോയി രക്ഷപ്പെടാമോ?

മേല്‍പ്പറഞ്ഞ ചോദ്യങ്ങളൊക്കെ ഉണ്ടെങ്കിലും അവസാനം ഒരു വിമാനത്തെ ഒാടിച്ചിട്ട്‌ പിടിക്കുന്ന റീമ കല്ലിങ്കലിണ്റ്റെ ആ ഒാട്ടം... ഹോ..... വെടിയുണ്ട തോറ്റുപോകും!

അഭിനയമൊന്നും പൊതുവേ വലിയ ഗുണനിലവാരം പുലര്‍ത്തിയില്ല എന്ന് തോന്നി.

ഉദ്വേഗജനകമായ നിമിഷങ്ങള്‍ ഈ ചിത്രം കാര്യമായൊന്നും സമ്മാനിക്കുന്നില്ല.

ഉഗാണ്ടയിലെ ജയില്‍ ചാടുന്നു എന്നതൊഴിച്ച്‌ കഥയില്‍ വേറെ ഒരു പ്രത്യേകതയുമില്ല.

ഈ കാരണങ്ങളാലൊക്കെത്തന്നെയാകും ആളുകള്‍ 'എസ്കേപ്‌ ഫ്രം ഉഗാണ്ട' എന്ന ചിത്രത്തിണ്റ്റെ ഏരിയയില്‍ നിന്ന് 'എസ്കേപ്‌' ആകുന്നതും.

Rating: 3 / 10

Sunday, November 24, 2013

വിശുദ്ധന്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 ഒരു പള്ളിവികാരിയായി എത്തുന്ന സണ്ണിച്ചന്‍ ആ പ്രദേശത്തെ കന്യാസ്ത്രീ മഠത്തിണ്റ്റെ മേല്‍നോട്ടത്തിലുള്ള സ്നേഹാലയത്തെ സംബദ്ധിച്ച ചില കാര്യങ്ങള്‍ അവിടത്തെ ഒരു കന്യാസ്ത്രീയില്‍ നിന്ന് മനസ്സിലാക്കുകയും ആ കാര്യങ്ങളില്‍ സ്ഥലത്തെ പ്രധാന മുതലാളിയായ വക്കച്ചണ്റ്റെയും മകണ്റ്റെയും ഇടപെടലുകള്‍ തിരിച്ചറിയുകയും ചെയ്യുന്നിടത്തുനിന്നാണ്‌ ഈ കഥ വികാസം പ്രാപിക്കുന്നത്‌.

പിന്നീട്‌ പതിവ്‌ കഥാരീതികളനുസരിച്ചുള്ള ഗൂഢാലോചനകളും കളികളുമൊക്കെത്തന്നെയാണെങ്കിലും കന്യാസ്ത്രീയും അച്ഛനും പട്ടവും പദവിയുമില്ലാതെ ആ നാട്ടില്‍ തന്നെ ഒന്നിച്ച്‌ ജീവിക്കേണ്ടി വരുന്നു എന്നത്‌ ഒരു പുതുമയോ പ്രത്യേകതയോ ആയി പറയാം.

പക്ഷേ, വീണ്ടും കഥ പണ്ടുകാലത്തെ സ്ഥിരം സംഗതികളായ തെളിവ്‌ നശിപ്പിക്കലും കൊലപാതകവും പ്രതികാരവുമൊക്കെത്തന്നെയായി ചുറ്റിത്തിരിയുന്നത്‌ കാണുന്നത്‌ വല്ലാത്ത ഒരു ദയനീയാവസ്ഥയാണ്‌.

ചിത്രത്തിണ്റ്റെ ആദ്യപകുതിയോളം കാര്യമായ പ്രശ്നങ്ങളില്ലാതെ ഒരു പ്രതീക്ഷ തരുന്നുണ്ടെങ്കിലും തുടര്‍ന്നങ്ങോട്ട്‌ കണ്ട്‌ മടുത്ത സ്ഥിരം സംവിധാങ്ങളൊക്കെത്തന്നെയായതിനാല്‍ ഒട്ടും തന്നെ താല്‍പര്യജനകമാകുന്നില്ല എന്നതാണ്‌ സത്യം.

സാമ്പത്തികബാധ്യതയാല്‍ ബാംഗ്ളൂരില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടി ശരീരം വിറ്റ്‌ ഫീസിന്‌ കാശുണ്ടാക്കുന്നതും അതറിയാത്ത നിസ്സഹായനായ പിതാവ്‌ പിന്നീട്‌ അത്‌ തിരിച്ചറിയുന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും അതിണ്റ്റെ പിന്നാലെ പിതാവും കെട്ടിത്തൂങ്ങുകയും ഒക്കെ സംഭവിക്കുന്നു എന്ന് പറഞ്ഞാല്‍ തന്നെ പുതുമകളുടെ ഘോഷയാത്രതന്നെ ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ...

'ഫീല്‍ ദ ഡിഫറന്‍സ്‌' എന്നൊക്കെ പോസ്റ്ററില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌ ഗംഭീരമായിരിക്കുന്നു. (ആരോ പറഞ്ഞപോലെ രാത്രി ഷൂട്ടിംഗ്‌ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ പകല്‍ ഷൂട്ട്‌ ചെയ്ത്‌ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിണ്റ്റെ അടിയില്‍ 'രാത്രി സമയം' എന്ന് എഴുതിക്കാണിച്ചാല്‍ മതിയോ ആവോ!)

ചില രംഗങ്ങള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ചെവി പൊട്ടിക്കും വിധം ഉച്ചത്തില്‍ ഉപയോഗിച്ചാല്‍ ശരിക്കും ഫീല്‍ കിട്ടും എന്ന് സംവിധായകന്‌ ഒരു തെറ്റിദ്ധാരണയുണ്ടെന്ന് പലപ്പോഴും തോന്നി.

എത്രയൊക്കെ സൌണ്ട്‌ എഫ്ഫക്റ്റ്‌ ഉണ്ടാക്കിയിട്ടും ആ രംഗങ്ങള്‍ക്കൊന്നും ഒരു ഫീലും കിട്ടാഞ്ഞത്‌ അതൊക്കെ കുറേ കണ്ട്‌ മടുത്തതതുകൊണ്ടാണ്‌ മിസ്റ്റര്‍ ഡയറക്റ്ററ്‍.. അല്ലാതെ, പ്രേക്ഷകര്‍ക്ക്‌ ഹൃദയമില്ലാത്തതുകൊണ്ടല്ല...

പുട്ടിന്‌ തേങ്ങ പോലെ ഇടയ്ക്കിടയ്ക്ക്‌ ബൈബിള്‍ വചനങ്ങള്‍ വാരി വിതറുന്നുണ്ട്‌.

കുഞ്ചാക്കോ ബോബന്‍ ഒരു പക്വതയുള്ള നടണ്റ്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാണിക്കുന്നുണ്ട്‌.

മിയ വളരെ ആകര്‍ഷണീയമായിരിക്കുന്നു.

കഥാപാത്രങ്ങളുടെ പുതുമകൊണ്ട്‌ പലവട്ടം കണ്ട്‌ മടുത്ത കഥാസന്ദര്‍ഭങ്ങളെ ആകര്‍ഷണീയമാക്കാം എന്നൊരു വ്യാമോഹം ഈ ചിത്രത്തിലുണ്ട്‌.

സിനിമയുടെ രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ തീയ്യറ്റര്‍ വിടാനുള്ള പ്രേക്ഷകണ്റ്റെ വ്യഗ്രതയും ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നത്‌ ഈ ചിത്രത്തിണ്റ്റെ ഒരു പ്രത്യേകതയാണ്‌.

 Rating : 4 / 10 

Wednesday, November 20, 2013

തിര


രചന: രാകേഷ്‌ മാന്തൊടി
സംവിധാനം: വിനീത്‌ ശ്രീനിവാസന്‍

ഇടയ്ക്ക്‌ ചില നിമിഷങ്ങളിലൊഴിച്ച്‌ ബാക്കി മുഴുവന്‍ സമയവും പ്രേക്ഷകരെ ഒട്ടും ശ്രദ്ധ പതറാതെ കസേരയില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു ചിത്രമാണ്‌ 'തിര'.

ഡോ. രോഹിണിയെ അവതരിപ്പിച്ച ശോഭനയുടെ അത്യുഗ്രന്‍ പ്രകടനമാണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം.
ഈ ചിത്രത്തിണ്റ്റെ സാമൂഹികപ്രസക്തമായ ഉള്ളടക്കത്തെ മികച്ചരീതിയില്‍ പ്രതിഫലിപ്പിക്കാന്‍ ശോഭനയുടെ അഭിനയത്തികവ്‌ പ്രധാന കാരാണമാണ്‌.

ധ്യാന്‍ ശ്രീനിവാസന്‍ എന്ന തുടക്കക്കാരന്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. 

തിരക്കഥയിലെ പല പാകപ്പിഴകളേയും അവഗണിക്കാവുന്ന തരത്തില്‍ ഈ ചിത്രത്തിണ്റ്റെ സാങ്കേതികമേന്‍മയും അഭിനയമികവും കൂടുതല്‍ തെളിഞ്ഞ്‌ നിന്നു.

പ്രേക്ഷകരില്‍ ഒരു അസ്വസ്ഥത സൃഷ്ടിക്കുവാന്‍ ഈ ചിത്രത്തിണ്റ്റെ പ്രമേയത്തിന്‌ സാധിച്ചിട്ടുണ്ട്‌. 

ഒട്ടും പരിചിതമല്ലാത്ത ഒരിടത്ത്‌ നഷ്ടപ്പെട്ടവരെ തേടിയുള്ള നവീണ്റ്റെ (ധ്യാന്‍ ശ്രീനിവാസന്‍) അലച്ചിലും പെട്ടെന്നുള്ള കണ്ടെത്തലുകലും അതിശയോക്തിപരമാണ്‌.

പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ, ചടുലമായരീതിയില്‍ സാമൂഹികപ്രസക്തമായ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുകയും ശോഭന എന്ന നടിയുടെ അസാമാന്യ അഭിനയപാടവവും ഒത്തുചേര്‍ന്നപ്പോള്‍ ഇത്‌ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കുന്ന ഒരു മികച്ച ചിത്രമായിത്തീര്‍ന്നിരിക്കുന്നു.

Rating : 7 / 10

Sunday, November 17, 2013

ഗീതാഞ്ജലി


തിരക്കഥ: അഭിലാഷ്‌ നായര്‍
സംഭാഷണം: ഡെന്നിസ്‌ ജോസഫ്‌
സംവിധാനം: പ്രിയദര്‍ശന്‍

'മണിച്ചിത്രത്താഴ്‌' എന്ന സിനിമയുമായി ഈ ചിത്രത്തിന്‌ ബന്ധമില്ല എന്ന്‌ പ്രിയദര്‍ശന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിലെ പല കഥാപാത്രങ്ങളും സാഹചര്യങ്ങളും കുറച്ചൊന്ന്‌ ഭേദഗതിവരുത്തി ഈ ചിത്രത്തിലും അനുകരിച്ചിട്ടുണ്ട്‌. പക്ഷേ, ഗുണമേന്‍മയുടെ കാര്യമാണ്‌ പ്രിയദര്‍ശന്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ വളരെ ശരിയാണ്‌... ഒരിക്കലും താരതമ്യം ചെയ്യാവുന്ന ഒരു രൂപത്തിലേ അല്ല ഈ സിനിമ.

തുടക്കം മുതല്‍ തന്നെ ഒരു പ്രേതസാന്നിദ്ധ്യം പ്രേക്ഷകരില്‍ എത്തിക്കുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക്‌ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ട്‌. (പെട്ടെന്ന്‌ പിന്നില്‍ നിന്ന്‌ ഓരിയിട്ടാലോ, ഒരു പ്രേതരൂപം പെട്ടെന്ന്‌ കാണിച്ചാലോ പേടിക്കാത്തവര്‍ ചുരുക്കമാണല്ലോ). പക്ഷേ, അതെല്ലാം ഒരു പെണ്‍കുട്ടിയുടെ മാനസികനിലയുടെ പ്രതിഫലനങ്ങളാണെന്ന്‌ എല്ലാവര്‍ക്കും അറിയാമല്ലോ..

സസ്പെന്‍സ്‌ ഒക്കെ നിലനിര്‍ത്തി ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേയ്ക്കെത്തിക്കാനൊക്കെ ഈ ചിത്രത്തിന്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിനൊക്കെ അവലംബിച്ച സംഗതികള്‍ പലതും അതിക്രമമായിപ്പോയി. ചില ഉദാഹരണങ്ങള്‍...

1. സ്വന്തം അമ്മയെ തണ്റ്റെ നിലനില്‍പ്പിനുവേണ്ടി കൊല്ലാനോ കൊലയ്ക്ക്‌ കൊടുക്കാനോ ഒരു പെണ്‍കുട്ടിക്ക്‌ തോന്നുക എന്നത്‌ ഒരല്‍പ്പം കഠിനമായി. എത്രയൊക്കെ ക്രിമിനല്‍ ബുദ്ധി ഉണ്ടെന്ന്‌ പറഞ്ഞാലും....

2. കല്ല്യാണദിവസം ചെക്കന്‍ വീട്ടില്‍ ആട്ടവും പാട്ടുമായി തകര്‍ക്കുമ്പോള്‍ മണവാട്ടി ഒരു പ്രേതബംഗ്ളാവില്‍ ഒറ്റയ്ക്കിരുന്ന്‌ അണിഞ്ഞൊരുങ്ങുന്നു.... പാവം... (പുറത്ത്‌ നല്ല ഇടിവെട്ടും മഴയും... വേണമല്ലോ... )

3. ആര്‍ക്കുവേണേലും ആരുമറിയാതെ കല്ലറ പണിത്‌ കുഴിച്ചിടാന്‍ സംവിധാനമുള്ള സിമിത്തേരികള്‍ ഉള്ള സ്ഥലം ഏതാണോ എന്തോ...

4. ഇരട്ടസഹോദരിമാരുടെ കൂടെ പ്രേമിച്ചുകൊണ്ട്‌ നടക്കുന്ന ചെറുപ്പക്കാരന്‍... സഹോദരിമാരുടെ ആ സഹകരണം കണ്ടപ്പോള്‍ കൌതുകം തോന്നിപ്പോയി... (അതില്‍ ഒരാളെയേ പ്രേമിക്കുന്നുള്ളൂ എന്നതാണ്‌ സംഭവമെങ്കിലും രണ്ടുപേരും അത്‌ ആസ്വദിക്കുന്നു, സഹകരിക്കുന്നു, ആര്‍മ്മാദിക്കുന്നു)
5. ക്രിസ്ത്യന്‍ പുരോഹിത തിരുമേനിയുടെ വൈഭവം!

മേല്‍പ്പറഞ്ഞ സംഗതികള്‍ കൂടാതെ ഹരിശ്രീ അശോകണ്റ്റെ മന്ത്രവാദി കഥാപാത്രവും അനുബന്ധസംഗതികളും ഹാസ്യത്തിനുവേണ്ടി കെട്ടിയൊരുക്കി വികൃതമാക്കിയിരിക്കുന്നു എന്ന്‌ പറയാതെ വയ്യ.

ക്ളൈമാക്സിനോടടുക്കുമ്പോഴുള്ള ഒരു പാട്ടും നൃത്തരംഗവും കണ്ടിരിക്കാന്‍ ഭീകരമയ ക്ഷമ തന്നെ വേണം.

നിഷാന്‍ എന്ന നടന്‍ ദയനീയമായ പ്രകടനം അഭിനയത്തില്‍ കാഴ്ച വെച്ചിരിക്കുന്നു.
മോഹന്‍ ലാലിന്‌ ഡോ. സണ്ണി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രത്യേകതകളൊന്നും കാണിക്കുവാനുണ്ടായില്ല.

പക്ഷേ, പുതുമുഖ നായിക കീര്‍ത്തി സുരേഷ അഭിനന്ദനമര്‍ഹിക്കുന്നവിധം മികച്ച പ്രകടനം നടത്തി.

ഇന്നസെണ്റ്റ്‌ എത്തുന്നതോടെ ഭേദപ്പെട്ട ഹാസ്യരംഗങ്ങളും ഡയലോഗുകളും ഉണ്ടായി എന്നത്‌ ആശ്വാസകരം.

ഇരട്ടസഹോദരികളായ ആ കുട്ടികളുടെ ബാല്യകാലവും തുടര്‍ന്ന് അവര്‍ക്കുണ്ടായ ദുര്യോഗവും പ്രേക്ഷകമനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ട്‌ അവശേഷിക്കുന്നു എന്നത്‌ മാത്രമാണ്‌ ഈ ഈ ചിത്രത്തിണ്റ്റെ പ്രധാന ക്രെഡിറ്റ്‌.

ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന പ്രേതരൂപങ്ങളുള്ളതിനാല്‍ കുട്ടികളുള്ള കുടുംബങ്ങളൊന്നും ആ വഴി പോകുമെന്നും തോന്നുന്നില്ല.

Rating : 5 / 10

Sunday, November 10, 2013

ഫിലിപ്സ്‌ ആണ്റ്റ്‌ ദി മങ്കി പെന്‍ ( Philips and the Money Pen)


കഥ: ഷാനില്‍ മുഹമ്മദ്‌
രചന: റോജിന്‍ ഫിലിപ്‌
സംവിധാനം: റോജിന്‍ ഫിലിപ്‌, ഷാനില്‍ മുഹമ്മദ്‌
നിര്‍മ്മാണം: സാന്ദ്ര തോമസ്‌, വിജയ്‌ ബാബു

അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന റയാന്‍ ഫിലിപ്‌ എന്ന കുട്ടിയും അവണ്റ്റെ സുഹൃത്തുക്കളും തങ്ങളുടെ വികൃതികളുടെയും ഉഴപ്പിണ്റ്റെയും സ്കൂള്‍ ജീവിതം തുടരുമ്പോള്‍ യാദൃശികമായി റയാണ്റ്റെ കയ്യില്‍ കിട്ടിയ മങ്കി പെന്‍ അവണ്റ്റെ ജീവിതത്തെ മാറ്റി മറിക്കുന്നു.

പഠനകാര്യത്തിലും മറ്റും കൃത്യമായ ഒരു ശ്രദ്ധയില്ലാത്ത മാതാപിതാക്കളുണ്ടെങ്കില്‍ കുട്ടികള്‍ എന്തൊക്കെ തരത്തില്‍ അപകടകാരികളും പ്രശ്നക്കാരുമായിത്തീരാം എന്ന് സൂചനതരുന്നതോടൊപ്പം അദ്ധ്യാപകരുടെ പഠനരീതികളൂം സമീപനങ്ങളും അവരെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതും പ്രധാനമാകുന്നു.

മങ്കി പെന്‍ എന്ന ഒരു അതിശയകരമായ വിശ്വാസത്തിലൂടെ ഈ കുട്ടി എങ്ങനെ ഒരു സ്കൂളിനും സമൂഹത്തിനും മികച്ച സംഭാവനകളും ചിന്താരീതികളും സമ്മാനിക്കുന്നു എന്നതാണ്‌ പ്രധാന വിസ്മയം.
മാതാപിതാക്കളുടെ ശ്രദ്ധയും അദ്ധ്യാപകരുടെ തിരുത്തപ്പെട്ട സമീപനങ്ങളും ഈ വിസ്മയത്തിണ്റ്റെ പിന്‍ ബലമാകുന്നു എന്നതാണ്‌ മറ്റൊരു സവിശേഷത.

അവിശ്വസനീയകരമായ സംഭവങ്ങളുടെ കാര്യമായ സങ്കീര്‍ണ്ണതകളില്ലാതെ തന്നെ രസകരവും വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ ഒരു സിനിമ സാദ്ധ്യമായിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

കുട്ടികളെ വളരെയധികം മൂല്ല്യങ്ങള്‍ ഒാര്‍മ്മിപ്പിക്കാനും പഠിപ്പിക്കാനും ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിക്കുന്നു എന്നത്‌ നല്ല കാര്യം.

റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ച മിടുക്കന്‍ (മാസ്റ്റര്‍ സനൂപ്‌) മിന്നുന്ന പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി. കൂടെയുള്ള കൊച്ചുമിടുക്കന്‍മാരും മികവ്‌ പുലര്‍ത്തി.

മുകേഷ്‌, ജയസുര്യ, രമ്യാ നമ്പീശന്‍, വിജയ്‌ ബാബു തുടങ്ങിയ മുതിര്‍ന്ന നിരയും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ദൈവപരിവേഷത്തിലുള്ള ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം മാത്രം ഒരല്‍പ്പം അതിഭാവനാപരമായിപ്പോയെന്ന് തോന്നി.

ചിത്രത്തിണ്റ്റെ മ്യൂസിക്‌, ബാക്ക്‌ ഗ്രൌണ്ട്‌ സ്കോറ്‍ എന്നിവയും ഛായാഗ്രഹണവും മികച്ച്‌ നിന്നു. 

ക്ളൈമാക്സില്‍ എത്തുമ്പോള്‍ മങ്കി പെന്നിണ്റ്റെ മാന്ത്രികതയുടെ ചുരുളഴിയുന്നതോടെ ചിത്രം പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നു.

ഈ ചിത്രത്തിണ്റ്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും അഭിനയിച്ചവരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

 Rating : 6.5 / 10 

Friday, October 18, 2013

പട്ടം പോലെ


രചന : ഗിരീഷ്‌ കുമാര്‍
സംവിധാനം: അളകപ്പന്‍

കൌമാരക്കാരായ കമിതാക്കള്‍ വീട്ടില്‍ നിന്നും ഒളിച്ചോടുന്നു. കുറച്ച്‌ ദിവസങ്ങള്‍ അടിപൊളിയായി കഴിഞ്ഞപ്പോള്‍ കയ്യിലെ കാശ്‌ തീരുന്നു, തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാകുന്നു. പരസ്പരം കുറ്റം പറഞ്ഞും മോങ്ങിയും തിരികെ അവരവരുടെ വീട്ടിലെത്തുന്നു. നല്ല തങ്കപ്പെട്ട വീട്ടുകാരായതിനാല്‍ എല്ലാം മംഗളം.

ഇവര്‍ ഒരുമിക്കുന്നതില്‍ വിരോധമില്ലാത്ത വീട്ടുകാരാണെങ്കിലും ഇവര്‍ക്ക്‌ അതില്‍ ഒട്ടും താല്‍പര്യമില്ല. തുടര്‍ന്ന് നായകന്‍ ജോലി ചെയ്യുന്ന സ്ഥലത്ത്‌ തന്നെ നായിക ജോലിക്കെത്തുന്നു. നായികയ്ക്ക്‌ വീട്ടുകാര്‍ ഫ്രാന്‍സിലുള്ള ആരുമായോ കല്ല്യാണം ഉറപ്പിക്കുന്നതായി പറയുന്നു. തുടര്‍ന്ന് നായകനും നായികയ്ക്കും തമ്മിലുള്ള ഇഷ്ടം കുറേശ്ശെ പുറത്തുവരുന്നു. ഇവര്‍ വീണ്ടും ഒളീച്ചോടാന്‍ ശ്രമിക്കുന്നു. ഇത്തവണ പിടിക്കപ്പെടുന്നു. വീട്ടുകാര്‍ ഇവര്‍ക്ക്‌ ഒരു സര്‍പ്രൈസ്‌ കൊടുക്കുന്നു. ശുഭം!

ഇപ്പോള്‍ കാര്യങ്ങളുടെ ഒരു കിടപ്പ്‌ മനസ്സിലായിക്കാണുമല്ലോ... എത്ര പുതുമയുള്ള ലൌ സ്റ്റോറി എന്ന് തോന്നിയോ... ഇല്ലേ? അപ്പോള്‍ നിങ്ങള്‍ ഇതുവരെ ഒരു സിനിമയും കാണാത്ത ആളല്ല.. അതാണ്‌ പ്രശ്നം...

ചില പുതുമകള്‍ എടുത്ത്‌ പറയാം...

1. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച്‌ ആടിപ്പാടി ആര്‍മ്മാദമായി നടന്നാല്‍ കയ്യിലുള്ള കാശ്‌ തീര്‍ന്ന് പോകും എന്നറിയാത്ത കമിതാക്കള്‍. എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച്‌ ഇന്നേവരെ ആലോചിച്ചിട്ടേയില്ലാത്ത പാവങ്ങള്‍!

2. ഒരു ബന്ധവുമില്ലാത്തെ കോഴ്സുകള്‍ പഠിക്കുമ്പോഴും കമ്പയിണ്റ്റ്‌ സ്റ്റഡി നടത്തിയ കേമനും കേമിയും! അതിന്‌ കുടപിടിച്ചുകൊടുത്ത വീട്ടുകാര്‍! അതും അടച്ചിട്ട മുറിക്കുള്ളീല്‍!!!

3. കുംഭകോണത്തെ മാമണ്റ്റെ മോള്‍!

4. നായകണ്റ്റെ മെക്കിട്ട്‌ കേറി നടക്കുന്ന ഒരു സഹപ്രവര്‍ത്തക! ഈ റോള്‍ നിര്‍വ്വഹിച്ച അര്‍ച്ചന കവി അസഹനീയം!

ഇങ്ങനെ വളരെ അധികം പ്രത്യകതകളാല്‍ പ്രേക്ഷകരെ ഭേദപ്പെട്ട തരത്തില്‍ ക്ഷമാഭ്യാസം നടത്തിക്കുന്ന ഒരു പടപ്പ്‌ തന്നെയാണ്‌ ഈ പട്ടം...

Rating : 3.5 / 10

Thursday, October 17, 2013

ഇടുക്കി ഗോള്‍ഡ്‌


രചന: ദിലീഷ്‌ നായര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: എം. രഞ്ജിത്‌

റിട്ടയര്‍മെ ണ്റ്റ്‌ പ്രായത്തില്‍ പഴയ നാലഞ്ച്‌ സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ച്‌ ചേരുന്നതും സ്കൂള്‍ ജീവിതം മുതലുള്ള കാര്യങ്ങള്‍ ഇവരുമായി ബന്ധപ്പെടുത്തി കഞ്ചാവിണ്റ്റെ ലഹരിയോടെ വിവരിക്കുകയുമാണ്‌ ഈ ചിത്രം ചെയ്യുന്നത്‌.

അവതരണശൈലിയിലെ പ്രത്യേകതകൊണ്ടും മറ്റ്‌ ചില സന്ദര്‍ഭങ്ങളിലും കൌതുകം ജനിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും കുറേ കഴിയുമ്പോഴെയ്ക്ക്‌ ഈ ചിത്രം പ്രേക്ഷകണ്റ്റെ ക്ഷയമെ നല്ലപോലെ പരീക്ഷിക്കുന്നുണ്ട്‌.

ഗഹനമായ ഒരു കഥയോ സംഗതികളോ ഇല്ലെങ്കിലും കുറച്ചൊക്കെ ആസ്വാദനക്ഷമമായ സംഭവങ്ങള്‍ ഉണ്ടെങ്കിലും മദ്യവും കഞ്ചാവും വേണ്ടത്രേ ചേര്‍ത്ത്‌ കുടുംബങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിരിക്കുന്നു.

ഈ ചിത്രം കണ്ടു കഴിയുമ്പോഴേയ്ക്കും നമുക്ക്‌ കഞ്ചാവിനോട്‌ ഒരു ബഹുമാനം ഒക്കെ തോന്നിപ്പോകുക സ്വാഭാവികം.

പ്രതാപ്‌ പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ബാബു ആണ്റ്റണി എന്നിവരോടൊപ്പം ഇവരുടെയൊക്കെ ചെറുപ്രായം അവതരിപ്പിച്ച മിടുക്കന്‍മാരും നല്ല അഭിനയം കാഴ്ച വെച്ചു.

സ്ത്രീ കഥാപാത്രങ്ങളെ പരമാവധി ഒഴിവാക്കി നിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്‌.

Rating : 4.5 / 10

Friday, October 04, 2013

ചില സെപ്തംബര്‍ സിനിമകളുടെ അവലോകനം

ദൈവത്തിണ്റ്റെ സ്വന്തം ക്ളീറ്റസ്‌

മമ്മൂട്ടിയെക്കൊണ്ട്‌ മഹനീയമായ ഒരു വേഷം ചെയ്യിച്ചു എന്ന്‌ ക്രെഡിറ്റ്‌ പറയിപ്പിക്കാന്‍ വേണ്ടി ഒരു സിനിമ എന്ന്‌ മാത്രമേ ഈ ചിത്രത്തെ വിലയിരുത്താന്‍ സാധിക്കൂ.

ബെന്നി പി നായരമ്പലത്തില്‍ നിന്ന്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തന്നെ ഒരു നാടകീയഭാവത്തില്‍ വെളിപ്പെടുത്തിക്കൊണ്ട്‌ വരുമ്പോള്‍ അത്‌ ആസ്വദിക്കാന്‍ അതി കഠിനമായ ക്ഷമ തന്നെ വേണം.

കോമഡി ഉണ്ടാക്കാനുള്ള തട്ടിക്കൂട്ട്‌ ശ്രമങ്ങളും ദയനീയം തന്നെ.

അജു വര്‍ഗീസിനെ മരത്തില്‍ കയറ്റുമ്പോള്‍ തന്നെ താഴെ വീഴ്ത്തി എല്ലാവരും കൂടി തമാശിച്ച്‌ ചിരിക്കും എന്ന്‌ ഊഹിക്കാം.

അതുപോലെ തന്നെ സസ്പെന്‍സ്‌ ഉണ്ടാക്കാനുള്ള ശ്രമങ്ങളും ഏത്‌ വഴിയ്ക്കാണ്‌ പോകുന്നതെന്ന്‌ വളരെ ക്രിത്യമായി മനസ്സിലാകുന്നതിനാല്‍ അത്‌ കണ്ട്‌ തീര്‍ക്കല്‍ ഒരല്‍പ്പം ബുദ്ധിമുട്ടാണ്‌.

ഒടുവില്‍ നായകനെ കുരിശില്‍ കയറ്റിയപ്പോള്‍ മനസ്സിലുണ്ടായിരുന്ന ആ രൂപം പോയിക്കിട്ടി.

Rating : 3 / 10


നോര്‍ത്ത്‌ 24 കാതം

നായകണ്റ്റെ സ്വഭാവത്തിലെ പ്രത്യേകതകള്‍ കാണിക്കാന്‍ ആദ്യ പകുതിയിലെ കുറേ സമയം നീക്കിവെച്ചിരിക്കുന്നു.

 സ്വന്തം വീട്ടില്‍ ഇയാളുടെ ഫോര്‍മാലിറ്റി നമ്മെ ചെറുതായൊന്ന്‌ അത്ഭുതപ്പെടുത്തും.

ഒരു സാഹചര്യത്തില്‍ ഇദ്ദേഹം ഒരു ട്രെയിന്‍ യാത്ര ചെയ്യേണ്ടിവരുന്നു. ആ ട്രെയിന്‍ യാത്രയുടെ ഇടയ്ക്ക്‌ വെച്ച്‌ ഇയാളുടെ അതുവരെ കാണിച്ച്‌ വിശദീകരിച്ച സ്വഭാവരീതികള്‍ മാറി മറിയുന്നത്‌ കാണുമ്പോള്‍ അല്‍പം സാമാന്യബൊധമുള്ള പ്രേക്ഷകന്‌ ചെറിയൊരു അത്ഭുതം തോന്നും.

ഭാര്യയ്ക്ക്‌ സീരിയസ്‌ ആണെന്നറിഞ്ഞ്‌ കൊല്ലത്തിനടുത്തുള്ള സ്റ്റേഷനില്‍ ഇറങ്ങുന്ന ഒരു വൃദ്ധന്‍, കൂടെ കൂടുന്ന ട്രെയിനിലെ പരിചയക്കാരിയായ നാരായണിയെയും ചുമ്മാ പുറകെ വരുന്ന നായകനെയും കൊണ്ട്‌ മുതു പാതിരായ്ക്ക്‌ എങ്ങോട്ടെന്നില്ലാതെ നടന്ന്‌ കോഴിക്കോട്‌ പറ്റാമെന്ന്‌ വിചാരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ശരിയ്ക്കും വിഭ്രാന്തിയാകും.

"ദിശ അറിയില്ല, വഴി അറിയില്ല, നടന്നു നോക്കാം" എന്ന ഉദാത്തമായ ചിന്തയും അതിണ്റ്റെ പിന്നാലെ തുള്ളുന്ന രണ്ടെണ്ണവും.

ഭാര്യയുടെ അസുഖവിവരം അറിയാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം ഫോണുകളെയും നമ്പറുകളെയും ചാര്‍ജ്‌ തീര്‍ത്തും തെറ്റിച്ചും ഇല്ലാതാക്കിയിട്ടും ഒരു സന്തോഷപ്രദമായ യാത്രയാക്കി മാറ്റുമ്പോള്‍ നൊമ്പരം പ്രേക്ഷകര്‍ക്കാണ്‌.

ഫഹദ്‌ ഫാസില്‍ തണ്റ്റെ കഥാപാത്രത്തെ ഭംഗിയയി അവതരിപ്പിച്ചെങ്കിലും കഥാപാത്രത്തിണ്റ്റെ രൂപീകരണത്തിലുള്ള ന്യൂനതകള്‍ തെളിഞ്ഞു നിന്നു.

വ്യത്യസ്തമയ ഒരു സിനിമ എന്ന്‌ പറയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതിനുള്ള സാദ്ധ്യതകളെ ഉപയോഗിക്കാതെ ഒട്ടും സത്യസന്ധമല്ലാത്ത കഥാഗതിയോടെ ഒരു ഭേദപ്പെട്ട ഒരു ചിത്രമാക്കിയെടുക്കുന്നതില്‍ ഇതിണ്റ്റെ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്‌
സത്യം.

Rating :  4.5 / 10


ആര്‍ട്ടിസ്റ്റ്‌ 

വളരെ സത്യസന്ധമായ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകന്‌ ആസ്വാദ്യകരമായ ജീവിതസന്ദര്‍ഭങ്ങളൊ അനുഭവങ്ങളോ കാര്യമായൊന്നും സംഭാവന ചെയ്യാന്‍ ഈ ചിത്രത്തിന്‌ സാധിച്ചെന്ന്‌ തോന്നുന്നില്ല.
അതുകൊണ്ട്‌ തന്നെ, പ്രേക്ഷകര്‍ ഈ ചിത്രത്തെ കാര്യമായി സ്വാഗതം ചെയ്തുമില്ല എന്നതാണ്‌ ചില തീയ്യറ്റര്‍ സാഹചര്യങ്ങള്‍ പറഞ്ഞുതരുന്നത്‌.

ഫഹദ്‌ ഫാസില്‍ ആയാസരഹിതമായ തണ്റ്റെ അഭിനയശൈലിയില്‍ തണ്റ്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചപ്പോള്‍ ആന്‍ അഗസ്തിന്‍ തണ്റ്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരെ വെറുപ്പിച്ചു.

Rating : 4.5 / 10


നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി 

വ്യത്യസ്തവും മനോഹരവുമായ കാഴ്ചകളിലൂടെയും ജീവിത സംസ്കാരങ്ങളിലൂടെയുമുള്ള ഒരു യാത്ര സമ്മാനിക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിണ്റ്റെ സംഗീതവും സാങ്കേതികമികവും നല്ലൊരു ആസ്വാദനസുഖം സമ്മാനിക്കുന്നു. 

ചില സന്ദര്‍ഭങ്ങള്‍ ഒരല്‍പ്പം നാടകീയവും അവിശ്വസനീയവുമാണെങ്കിലും മൊത്തം ചിത്രത്തിണ്റ്റെ സുഖത്തില്‍ ആ ന്യൂനതകള്‍ വിസ്മരിക്കാവുന്നതേയുള്ളൂ.

Rating : 6.5 / 10

Tuesday, September 03, 2013

കുഞ്ഞനന്തണ്റ്റെ കട


രചന, സംവിധാനം: സലിം അഹമ്മദ്‌

ഒരു ഗ്രാമപ്രദേശവും അവിടെയുള്ള കുറച്ച്‌ ചെറുകിട കച്ചവടക്കാരും അവരുടെ ജീവിതവും വികസനത്തിണ്റ്റെ ഭാഗമായി വരുന്ന ഒരു റോഡ്‌ കാരണം ചഞ്ചലപ്പെടുകയും തുടര്‍ന്ന് ഒരു വികസനോന്‍മുഖമായ പരിസമാപ്തിയിലെത്തുന്നതുമാണ്‌ കഥാതന്തു.

കുഞ്ഞനന്തണ്റ്റെ ജീവിതവും കുഞ്ഞനതണ്റ്റെ കടയും ഈ സാഹചര്യത്തിലെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രങ്ങളാണ്‌.

കുറച്ചൊക്കെ ഇഴച്ചിലുണ്ടെങ്കിലും കഥ നടക്കുന്ന പരിസരവും, അവിടത്തെ കഥാപാത്രങ്ങളും ആ കാലാവസ്ഥപോലും പ്രേക്ഷകര്‍ക്ക്‌ നല്ല തോതില്‍ അനുഭവിച്ചറിയാനാകുന്നു എന്നതിലാണ്‌ ഈ സിനിമ പ്രസക്തമാകുന്നത്‌.

വികസനമെന്ന പേരില്‍ ഒരു വിഭാഗത്തിന്‌ സംഭവിക്കുന്ന വേദനകളും അതേ സമയം തന്നെ വികസനത്തിണ്റ്റെ ആവശ്യകതയേയും ഒരേ പോലെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

പല ഘട്ടങ്ങളിലും മനപ്പൂര്‍വ്വമായ ഒരു 'അവാര്‍ഡ്‌ സിനിമാ' ലക്ഷണങ്ങളായ ഇഴച്ചിലും വേദന നിറഞ്ഞ 'വീണവായന'യും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കുറച്ച്‌ അസ്വാരസ്യമുണ്ടാക്കി.
ഒടുവില്‍ കഥ അവസാനിപ്പിക്കുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ഒരു കടയിട്ട്‌ കുഞ്ഞനന്തനെ കാണിക്കുന്നതല്ലാതെ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരമുണ്ടായതിണ്റ്റെ കാരണസൂചകങ്ങള്‍ ഒന്നും നല്‍കാതെ എളുപ്പവഴിയില്‍ പരിസമാപ്തിയിലെത്തിച്ചു. 

അഭിനേതാക്കളെല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഛായാഗ്രഹണം, എഡിറ്റിംഗ്‌, കല, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌, ഗാനം തുടങ്ങിയ എല്ലാ മേഖലകളിലേയും മേന്‍മ ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുവാന്‍ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌.

 മമ്മൂട്ടി തണ്റ്റെ മികച്ച അഭിനയം പുറത്തെടുത്തിരിക്കുന്നു.

നൈല ഉഷ എന്ന പുതുമുഖ നടി നല്ല പ്രകടനത്തിലൂടെ ഒരു പരിചയസമ്പന്നയായ അഭിനേത്രിയാണെന്ന പ്രതീതി ഉണ്ടാക്കുന്നു.

 പൊതുവേ പറഞ്ഞാല്‍, കുറച്ചൊക്കെ 'അവാര്‍ഡ്‌' സൂചകങ്ങളുടെ അലോസരങ്ങളുണ്ടെങ്കിലും മികച്ച ഒരു അനുഭവം സമ്മാനിക്കുന്നു ഈ കുഞ്ഞനന്തണ്റ്റെ കട.

കുഞ്ഞനന്തനെപ്പോലെത്തന്നെ പ്രേക്ഷകര്‍ക്കും ആ കടയോടും പ്രദേശത്തോടും ഒരു അടുപ്പം തോന്നിപ്പോകുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയം.

Rating : 6.5 / 10

Thursday, August 15, 2013

മെമ്മറീസ്‌ (Memories)


രചന, സംവിധാനം : ജിത്തു ജോസഫ്‌

ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെത്തുടര്‍ന്ന്‌ മുഴുക്കുടിയനായിത്തീര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍, വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു അന്വേഷണം ഏറ്റെടുക്കുന്നു.

ഒരു സീരിയല്‍ കില്ലറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാകുന്നിടത്താണ്‌ ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌.

മുഴുനീള കുടിയനായി പ്രിഥ്യിരാജ്‌ പ്രേക്ഷകര്‍ക്ക്‌ മദ്യപാന ആസക്തിയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വെച്ചു എന്ന്‌ തന്നെ പറയാം.

കാര്യമായ വേഗതയോ ഉത്സാഹമോ ഇല്ലാതെയുള്ള കഥാഗതിയെ സിനിമയുടെ അവസാനത്തെ കുറച്ച്‌ മിനിട്ടുകള്‍ മാറ്റി മറിച്ചു.

ക്ളൈമാക്സിനോടടുക്കും തോറും പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുവാനും മികവോടെ പരിസമാപ്തിയിലെത്തിക്കാനും കഴിഞ്ഞതാണ്‌ ഈ സിനിമയുടെ വിജയം.

കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടിട്ടുള്ളവരെ കിട്ടിയിട്ടും അയാളുടെ ഒരു രേഖാചിത്രം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമോ ആലോചനയോ നടത്താതെ ആ മുഖം കണ്ടെത്താന്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ ഒരല്‍പ്പം അത്ഭുതം സൃഷ്ടിച്ചു.

ജിത്തു ജോസഫിനും ഇതിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം.

Rating: 6.5 / 10

Monday, August 12, 2013

കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി


രചന, സംവിധാനം: രഞ്ജിത്‌

ഭാര്യയുടെ സമ്പാദ്യത്തിലും ഭരണത്തിലും ജര്‍മ്മനിയില്‍ ജീവിക്കേണ്ടിവരുന്ന നാടിനെ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരണ്റ്റെ ചില ജീവിത സാഹചര്യങ്ങളാണ്‌ ഈ ചിത്രത്തില്‍ വിഷയമാകുന്നത്‌.

ഒരു പള്ളീലച്ചന്‍, ഗാന്ധിയനായ റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍, ജര്‍മ്മനിയില്‍ നിന്ന് കുറച്ച്‌ ദിവസത്തേയ്ക്ക്‌ നാട്ടിലെത്തുന്ന മാത്തുക്കുട്ടി, മാത്തുക്കുട്ടിയെ ചുറ്റിപ്പറ്റിയുള്ള മൂന്ന് നാല്‌ സുഹൃത്തുക്കള്‍, ഇവരൊക്കെ സംസാരിക്കുന്ന ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍, ഇടയ്ക്കിടെ രഞ്ജിത്തിണ്റ്റെ ജീവിതത്തെക്കുറിച്ചുള്ള ചില ദാര്‍ശനിക ചിന്തകള്‍... ഇത്രയൊക്കെയാണ്‌ കടല്‍ കടന്ന് വന്ന ഒരു മാത്തുക്കുട്ടിയില്‍ സംഭവിക്കുന്നത്‌.

ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാനോ ആസ്വാദനം നല്‍കാനോ കഴിയാതെ പ്രേക്ഷകരെ പരമാവധി മുഷിപ്പിച്ചുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കഥ.

വളരെ ബാലിശമായ ചില സന്ദര്‍ഭങ്ങള്‍, ഹൃദയത്തില്‍ സ്പര്‍ശിക്കാനാവാതെ കടന്നുപോകുന്ന ചില വേദനകള്‍ എന്നതൊക്കെത്തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ നേട്ടം.

നല്ല പോലെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ ബോറടിക്കില്ല.

Rating : 3 / 10 

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും


കഥ, തിരക്കഥ, സംഭാഷണം : എം. സിന്ധുരാജ്‌
സംവിധാനം: ലാല്‍ ജോസ്‌

കുട്ടനാട്ടിണ്റ്റെ മനോഹാരിത വേണ്ടുവോളം ആസ്വദിക്കാം എന്നതില്‍ കവിഞ്ഞ്‌ ഒട്ടും കഴമ്പോ താല്‍പര്യമോ തോന്നിക്കാത്ത തമാശയ്ക്ക്‌ ഉണ്ടാക്കിയ ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

അനിയന്‍ പണിയെടുത്ത്‌ കൊണ്ടുവരുന്നതില്‍ നിന്ന് തിന്നും കുടിച്ചും പണിയെടുക്കാതെ കഴിയുന്ന തടിമാടന്‍മാരും തെമ്മാടികളുമായ ചേട്ടന്‍മാര്‍.
വളരെ കൌതുകകരവും സ്വാഭാവികവുമായ സന്ദര്‍ഭം!

അശ്ളീലച്ചുവയുണ്ടോ ഇല്ലയോ എന്ന് തോന്നിക്കുന്ന കുറേ തമാശിക്കലുകള്‍... ഇതിന്നിടയില്‍ ഒന്ന് രണ്ട്‌ ഡയലോഗുകള്‍ ഉള്ള് തുറന്ന് ചിരിയ്ക്ക്‌ വക നല്‍കുകയും ചെയ്യും.

പക്ഷേ, ഒരു തരത്തിലും പ്രേക്ഷകരെ സ്വാധീനിക്കാത്ത സംഭവവികാസങ്ങളും ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാത്ത കഥാ ഗതിയും സിനിമ അവസാനിപ്പിക്കുമ്പോള്‍ ഒരല്‍പ്പം പ്രതിഷേധിപ്പിക്കാന്‍ തോന്നിപ്പിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.

'ചാന്ത്‌ പൊട്ട്‌' സെറ്റപ്പില്‍ നിന്ന് ക്ളൈമാക്സ്‌ ആകുമ്പോഴേയ്ക്ക്‌ നായകന്‍ 'ബ്രൂസ്‌ ലീ' ആയി മാറുന്നത്‌ കൌതുകകരം തന്നെ!

എന്തിനാണോ ഇങ്ങനെയുള്ള എഴുത്തും നിര്‍മ്മിതിയും!

 Rating : 3 / 10 

Sunday, August 11, 2013

റിവ്യൂ ചുരുക്കത്തില്‍

കഴിഞ്ഞുപോയ ചില ചിത്രങ്ങളുടെ റിവ്യൂ എഴുതുവാന്‍ ചില സാങ്കേതികവും പ്രായോഗികവുമായ കാരണങ്ങളാല്‍ വൈകിയതിനാല്‍, ചുരുക്കത്തില്‍ താഴെ ചേര്‍ക്കുന്നു.

101 ചോദ്യങ്ങള്‍ 
രചന, സംവിധാനം: സിദ്ധാര്‍ത്ഥ ശിവ

ഒരു കുട്ടിയിലൂടെ സമൂഹത്തിലെ ചില അവസ്ഥകളെ നോക്കിക്കാണാനുള്ള ഭേദപ്പെട്ട ഒരു ശ്രമം തന്നെയാണ്‌ ഈ ചിത്രം. മിനോണ്‍ എന്ന ബാലതാരം പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നു. പല സന്ദര്‍ഭങ്ങളിലും ഹൃദയത്തിണ്റ്റെ വിങ്ങലുകള്‍ കണ്ണുനീരണിയിക്കുന്നു.
പക്ഷേ, കണ്ട്‌ മടുത്ത ഒരു ശോകാവസ്ഥ തന്നെ ആശ്രയിക്കേണ്ടിവന്നു എന്നത്‌ ഒരു ന്യൂനതയായി. സംവിധായകണ്റ്റെ ആദ്യ സംരംഭമെന്ന നിലയില്‍ ഈ ചിത്രം അഭിനന്ദനമര്‍ഹിക്കുന്നു.

Rating : 6.5 / 10

5 സുന്ദരികള്‍

സംവിധാനം: ഷൈജു ഖാലിദ്‌ / സമീര്‍ താഹിര്‍ / ആഷിക്ക്‌ അബു / അമല്‍ നീരദ്‌ / അന്‍ വര്‍ റഷീദ്‌ കഥ, തിരക്കഥ, സംഭാഷണം: M. Mukundan, Shyam Pushkar, Muneer Ali / Siddharth Bharathan / Abhilash Kumar, Amal Neerad / Unni R. / Hashir Muhammad

സേതുലക്ഷ്മി: കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഈ കഥയാണ്‌ ഈ കൂട്ടത്തില്‍ ഏറ്റവും മികച്ചത്‌. പ്രേക്ഷകമനസ്സിലെ വല്ലാതെ സ്വാധീനിക്കുന്ന തരത്തില്‍ ഈ കുട്ടികളുടെ അഭിനയവും മികച്ച്‌ നിന്നു.

ഇഷ: കൌതുകം ജനിപ്പിക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും ഈ കഥ അത്രയ്ക്ക്‌ ഏശിയില്ല. പാറാവിന്‌ നില്‍ക്കുന്ന പോലീസുകാരന്‍ വളരെ പരിചയമുള്ള പോലെ സംസാരിക്കുന്നത്‌ കാണുമ്പോള്‍ ഇത്‌ വരെ കണ്ടിട്ടില്ലാത്ത ഒരു പെണ്‍ കുട്ടിയോടാണ്‌ ആ സംസാരം എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.

ഗൌരി: സസ്പെന്‍സ്‌ ഒരുക്കി ഭര്‍ത്താവ്‌ മരിച്ചുപോകുന്നു. ഇതെന്താണാവോ ഇങ്ങനെ എന്ന്‌ തോന്നുകയും കാര്യമായി ഒരു എത്തും പിടിയും കിട്ടാതിരിക്കുകയും ചെയ്യുമെങ്കിലും നഷ്ടപ്പെടലിണ്റ്റെ വേദന തീവ്രമായിരുന്നു.

കുള്ളണ്റ്റെ ഭാര്യ: ഒരു കോളനിയെ സമൂഹമായി കണ്ട്‌ അതില്‍ സംഭവിക്കുന്ന അനാവശ്യ ഇടപെടലുകളെ വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ക്ളൈമാക്സില്‍ കുള്ളണ്റ്റെ കുടയിലെ ആ വലിയ ശൂന്യത പ്രേക്ഷക മനസ്സിനെ പിടിച്ചുലയ്ക്കുന്നു.

ആമി: കൌതുകകരമായ ഒരു അനുഭവവും ആസ്വാദനവും നല്‍കുന്നു ഈ കഥ.

Rating : 6.5 / 10

ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ 

സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്‌
രചന: മുരളി ഗോപി

കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കഥയാണ്‌ ഈ ചിത്രത്തില്‍ വിവരിക്കുന്നത്‌. പഴയ കാലഘട്ടവും ഇന്നത്തെ അവസ്ഥയും മികച്ച രീതിയില്‍ വരച്ചുകാട്ടുവാന്‍  ഇതിണ്റ്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിരിക്കുന്നു.

ഇന്ദ്രജിത്‌, മുരളി ഗോപി തുടങ്ങിയവരെല്ലാം നല്ല അഭിനയമികവ്‌ പുറത്തെടുത്തിരിക്കുന്നു. ഇന്ദ്രജിത്തിണ്റ്റെ അമ്മയായി അഭിനയിച്ച നടിയും അഭിനന്ദനമര്‍ഹിക്കുന്നു.
മുരളിഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിണ്റ്റെ ചെറുപ്പകാലത്തെക്കുറിച്ച്‌ നല്‍കുന്ന ഫ്ളാഷ്‌ ബാക്ക്‌ സൂചനകള്‍ കാണുമ്പോള്‍ എന്തൊക്കെയോ ഭീകര സംഭവങ്ങള്‍ എന്ന പ്രതീക്ഷ തോന്നുമെങ്കിലും അത്‌ ഒരു വളരെ ചെറിയ എപ്പിസോഡായി അവശേഷിക്കുന്നു.
രാഷ്ട്രീയ നേതാക്കളെ രൂപത്തിലും ഭാവത്തിലും ഭാഷയിലും അനുകരിച്ച്‌ ഒരു ഏകപക്ഷീയ രാഷ്ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതിനാല്‍ വേണ്ടത്ര പ്രേക്ഷക പ്രശംസ ലഭിക്കാതെ പോയി എന്ന്‌ തോന്നുന്നു.

മുരളി ഗോപിയുടെ രചന പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

Rating : 6 / 10

എ ബി സി ഡി

സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
കഥ/തിരക്കഥ, സംഭാഷണം: സൂരജ്‌-നീരജ്‌/മാര്‍ട്ടിന്‍ പ്രക്കാട്ട്‌, നവീന്‍ ഭാസ്കര്‍, സൂരജ്‌-നീരജ്‌

ഭേദപ്പെട്ട ഒരു ഹാസ്യ ചിത്രം എന്ന നിലയില്‍ ഈ സിനിമ ജനപ്രീതി നേടി. തുടര്‍ച്ചയായ ഒരു താല്‍പര്യം ജനിപ്പിക്കാനായില്ലെങ്കിലും പ്രേക്ഷകര്‍ക്ക്‌ തരക്കേടില്ലാതെ ആസ്വദിക്കാവുന്ന ഒരു ചിത്രം.

നായികയുടെ അവസ്ഥയെക്കുറിച്ച്‌ പ്രേക്ഷകര്‍ക്ക്‌ ഒരു എത്തും പിടിയും കിട്ടില്ലെങ്കിലും അമേരിക്കയില്‍ നിന്ന്‌ നാട്ടില്‍ വന്ന്‌ കഷ്ടപ്പെടുന്ന നായകണ്റ്റെ അവസ്ത്ത ഒരല്‍പ്പം അതിശയോക്തിപരമെന്നും തോന്നാം.
ദുല്‍ഖര്‍ സല്‍ മാനും ജേക്കബ്‌ ഗ്രിഗറിയും മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

Rating : 6 / 10

താങ്ക്‌ യു

സംവിധാനം : വി. കെ. പ്രകാശ്‌
രചന: അരുണ്‍ ലാല്‍

ആദ്യ പകുതി വളരെ പതുക്കെ പോകുന്നത്‌ ബൊറടി സൃഷ്ടിക്കുമെങ്കിലും ഈ സിനിമയുടെ അവസാനഭാഗത്തോടടുക്കുമ്പോഴും സിനിമയുടെ ക്ളൈമാക്സ്‌ കഴിയുമ്പോഴും ആ ആദ്യപകുതിയുടെ പ്രാധാന്യം നമ്മുടെ ശ്രദ്ധയില്‍ വരികയും ചെയ്യുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌. പക്ഷേ, അനുഭവിച്ച്‌ കഴിഞ്ഞ ബൊറടിയെ അത്‌ ബോറടിയല്ലായിരുന്നു എന്ന്‌ മനസ്സിലാക്കിയിട്ട്‌ കാര്യമില്ലല്ലോ.
പല സിനിമകളിലും വാര്‍ത്തകളിലുമായി കണ്ട്‌ മടുത്ത ശിശുപീഠനത്തിണ്റ്റെ വേദന, ചിത്രത്തില്‍ വന്നപ്പോള്‍ വേണ്ടത്ര ഏശിയില്ലെങ്കിലും ക്ളൈമാക്സ്‌ മികച്ചതായി.
ദേശീയഗാനത്തിണ്റ്റെ ക്രെഡിറ്റില്‍ പ്രേക്ഷകരെ എഴുന്നേല്‍പിച്ച്‌ നിര്‍ത്തിക്കളയാം എന്ന ഗൂഡ്ഡ്‌ തന്ത്രം ഗുണം ചെയ്തില്ല

Rating: 5 / 10

Saturday, June 08, 2013

ഹണി ബീ (HONEY BEE)


രചന, സംവിധാനം: ജീന്‍ പോള്‍ ലാല്‍

ഫോര്‍ട്ട്‌ കൊച്ചി പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളും അവരുടെ കൂട്ടായ്മയ്ക്കിടയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവം അവര്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളും വളരെ ഹാസ്യാത്മകവും ആത്മാര്‍ത്ഥ സൌഹൃദത്തിണ്റ്റെ ഭാഷയിലൂടെയും അവതരിപ്പിച്ചിരിക്കുന്നു.

തുടക്കം മുതല്‍ തന്നെ ഈ സുഹൃത്തുക്കള്‍ക്കിടയിലുള്ള ഭാഷയും കെമിസ്റ്റ്ട്രിയും വളരെ നല്ലപോലെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്‌.

 അപകടകരവും നിര്‍ണ്ണായകരവുമായ സന്ദര്‍ഭങ്ങളില്‍ പോലും ഈ ഹാസ്യഭാഷ ഇവര്‍തമ്മില്‍ ഉപയോഗിക്കാന്‍ സാധിച്ചിരിക്കുന്നു എന്നതാണ്‌ ഒരു പ്രത്യേകത.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കത്തക്കതൊന്നും ഈ സിനിമയിലില്ലെങ്കിലും അവരെ വെറുപ്പിക്കുന്നില്ല എന്നത്‌ വലിയ കാര്യം. ഈ സുഹൃത്തുക്കള്‍ക്കിടയിലെ ഭാഷയും പ്രവര്‍ത്തികളും ഒരു പരിധി വരെ കുടുംബ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പ്പം നെറ്റി ചുളിപ്പ്‌ സൃഷ്ടിച്ചേക്കാം.

പക്ഷേ, യുവജനങ്ങളെ ശരിക്കും ആസ്വാദനത്തിണ്റ്റെ ഉന്നത തലങ്ങളിലേയ്ക്ക്‌ എത്തിക്കാനും തുടക്കം മുതല്‍ അവസാനം വരെ രസിപ്പിക്കാനും ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു.

 ഇതിലെ അഭിനേതാക്കളെല്ലം വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. ആസിഫ്‌ അലിയോടൊപ്പം ശ്രീനാഥ്‌ ഭാസി, ബാലു, ബാബുരാജ്‌ എന്നിവര്‍ ഒരു മിച്ചപ്പോള്‍ നല്ല ടൈമിംഗ്‌ ഉള്ള ഹാസ്യ സംഭാഷണങ്ങള്‍ നിറഞ്ഞ്‌ നിന്നു.

ഭാവന മോശമല്ലാതെ നിന്നപ്പോള്‍ അര്‍ച്ചന കവി വലിയ പ്രത്യേകതയൊന്നും ഇല്ലാതെ കൂടെ നിന്നു.

ലാല്‍ അവതരിപ്പിച്ച റോള്‍ ആവര്‍ത്തനമാണെങ്കിലും ലാലും സഹോദരങ്ങളും നല്ല പ്രകടനം കാഴ്ച വെച്ചു.

പൊതുവേ പറഞ്ഞാല്‍ നര്‍മ്മവും സൌഹൃദവും അതിലെ യുവത്വത്തിണ്റ്റെ ഭാഷയും ചേര്‍ന്ന്‌ പ്രേക്ഷകരെ നല്ലപോലെ രസിപ്പിക്കാവുന്ന ഒരു സിനിമ തന്നെയാണ്‌ ഹണി ബീ.

നേരത്തേ സൂചിപ്പിച്ച പോലെ , കുടുംബ പ്രേക്ഷകരെ ഇതിലെ പല സംഭാഷണ ശകലങ്ങളും പ്രവര്‍ത്തികളും ചെറുതായൊന്ന്‌ അന്ധാളിപ്പിച്ചേക്കാം.

ജീന്‍ പോളിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍!

Rating : 6 / 10

Monday, May 13, 2013

നേരം


കഥ, തിരക്കഥ: അല്‍ഫോണ്‍സ്‌ പുത്തരന്‍
സംഭാഷണം: മൊഹ്‌ സിന്‍ കാസിം
സംവിധാനം: അല്‍ഫോണ്‍സ്‌ പുത്തരന്‍

നേരം രണ്ട്‌ തരത്തിലുണ്ട്‌. നല്ല നേരം, ചീത്ത നേരം. ചീത്ത നേരമാണെങ്കില്‍ രാജാവും പിച്ചക്കാരനാകും. നല്ല നേരമാണെങ്കില്‍ തിരിച്ചും.

ഇതില്‍ ഒരു ചീത്ത നേരത്ത്‌ നായകണ്റ്റെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ പ്രശ്നങ്ങളും അതില്‍ ഭാഗഭാക്കാകുന്ന സുഹൃത്തുക്കളും മറ്റ്‌ കഥാപാത്രങ്ങളും.

പിന്നീട്‌ നല്ല നേരം വരുമ്പോള്‍ എല്ലാ പ്രശ്നങ്ങളും ഒന്നൊന്നായി പരിഹരിക്കപ്പെട്ടുകൊണ്ട്‌ തെളിയുന്നതും വളരെ ഭംഗിയായി അവതരിപ്പിക്കാനായി എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകത.

ഇടയില്‍ വല്ലാതെ ബോറടി സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ടെങ്കിലും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും 'പിസ്ത' ഗാനവും ആ കുറവ്‌ ഒരു പരിധിവരെ പരിഹരിക്കുന്നതും കാണാം.

നിവിന്‍ പോളിയും നസ്രിയയും മികച്ച അഭിനയം കാഴ്ച വെച്ചു.

മറ്റ്‌ വേഷങ്ങളില്‍ വന്ന പുതുമുഖ കഥാപാത്രങ്ങളെല്ലാം അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

മനോജ്‌ കെ ജയനും ഷമ്മി തിലകനും 'പുതുമയില്ലാത്ത ചിത്രം' എന്ന തലക്കെട്ടിനെ അന്വര്‍ത്ഥമാക്കും വിധം അഭിനയിച്ചു.

ചെറിയൊരു കഥയെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ രസകരമായി കൊണ്ടുപോയി ഒടുവില്‍ ഇവരെയെല്ലാം ബന്ധിപ്പിച്ച്‌ ഒരു പരിഹാരക്രിയയില്‍ എത്തിക്കുന്നത്‌ ഒരു നല്ല അനുഭവമായിരുന്നു.

Rating : 5.5 / 10