Showing posts with label അഞ്ജലി മേനോന്‍. Show all posts
Showing posts with label അഞ്ജലി മേനോന്‍. Show all posts

Tuesday, June 10, 2014

ബാംഗ്ലൂര്‍ ഡേയ്സ്‌ (Bangalore Days)



രചന, സംവിധാനം : അഞ്ജലി മേനോന്‍

നിര്‍മ്മാണം : അന്‍ വര്‍ റഷീദ്‌


വിവിധ തലങ്ങളിലായി ജീവിക്കുന്ന കസിന്‍സായ കുട്ടന്‍ (നിവിന്‍ പോളി), അജു (ദുല്‍ക്കര്‍ സല്‍മാന്‍) , ദിവ്യ (നസ്രിയ നാസിം) എന്നിവരുടെ ജീവിതങ്ങളും അതിന്നിടയിലേയ്ക്ക്‌ വരുന്ന ദാസ്‌ (ഫഹദ്‌ ഫാസില്‍), സാറ (പാര്‍വ്വതി) എന്നിവരുടെ ഇടപെടലുകളുടേയും രസതന്ത്രങ്ങളുടേയും ചിത്രീകരണമാണ്‌ പ്രധാനമായും ഈ ചിത്രത്തില്‍ സംഭവിക്കുന്നത്‌.

നാട്ടിന്‍ പുറത്തുകാരനായ കുട്ടന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ ചെല്ലുന്നതിന്റെ കഥാസംഗതികളിലൂടെ അത്തരം ആളുകളും അവരുടെ കുടുംബങ്ങളെയും ചുറ്റിപ്പറ്റിയുള്ള പലതും വിവരിക്കാന്‍ സംവിധായികയ്ക്ക്‌ സാധിച്ചിരിക്കുന്നു.

വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ കല്ല്യാണം കഴിക്കുന്ന ദിവ്യ, വെറുമൊരു ഭാര്യയായി ഒതുങ്ങുന്നില്ല.

റിബല്‍ സ്വഭാവത്തില്‍ ജീവിക്കുമ്പോഴും തെളിഞ്ഞ്‌ നില്‍ക്കാത്ത നന്മകളുമായി അര്‍ജ്ജുന്‍ എന്ന അജുവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

സീരിയസ്‌ പ്രകൃതത്തില്‍ തുടങ്ങി, പൂര്‍വ്വകാലത്തിന്റെ ചില ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദാസും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശാരീരിക വൈകല്ല്യത്തെ മനസ്സുകൊണ്ട്‌ കീഴ്‌ പെടുത്തുന്ന റേഡിയോ അവതാരകയായി സാറയും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതായി.

പ്രേക്ഷകര്‍ക്ക്‌ വളരെ ആസ്വാദ്യകരമായ ഒരു ചിത്രം ഒരുക്കുവാന്‍ അഞ്ജലി മേനോനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട്‌ തന്നെ, ചില കുറവുകളായി തോന്നിയ താഴെ പറയുന്ന സംഗതികള്‍ക്ക്‌ വലിയ പ്രാധാന്യവുമില്ല.

1. അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയുകയാണെങ്കില്‍ , നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എപ്പോഴൊക്കെയോ കുറച്ച്‌ ഓവര്‍ ആയി തോന്നി.

2. നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രം വിശ്വസിക്കാവുന്നതിലുമപ്പുറം ഇടപെടലുകള്‍ നടത്തി.
 ഒരു ഫ്ലാറ്റിലെ ആളുകളെ മുഴുവന്‍ കുറഞ്ഞ സമയം കൊണ്ട്‌ കയ്യിലെടുക്കുക, ഭര്‍ത്താവിന്റെ കാമുകീവിരഹത്തെ മനസ്സിലാക്കി സ്നേഹിക്കുക, മകള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരെ പരിലാളിച്ച്‌ പ്രിയങ്കരിയാകുക എന്നിവയൊക്കെ കുറച്ചധികം ആര്‍ഭാടമായിപ്പോയി.

3. ഗാനങ്ങള്‍ ഇതിലും മികവ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ അതൊരു സംഭവമായേനെ. ഇതിപ്പോ തരക്കേടില്ല എന്നതായിട്ടുപോലും പ്രേക്ഷകര്‍ ആസ്വദിച്ചു.

അഭിനയത്തില്‍ ഏറ്റവും മികവ്‌ പുലര്‍ത്തിയത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌.

നിവിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ പരമാവധി ആസ്വാദ്യമാക്കുകയും ഹാസ്യരസം ചിത്രത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തു.

ദുല്‍ക്കര്‍ തന്റെ കെട്ടിലും മട്ടിലും കൃത്യമായിരുന്നു.

സാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി മികവുറ്റതാക്കി.

നസ്രിയ പതിവുപോലെ തന്റെ റോളില്‍ തിളങ്ങി.

ഇഷാ തല്‍ വാര്‍ ഒരു ബാദ്ധ്യതയായി തുടര്‍ന്നു.

മറ്റു മുതിര്‍ന്ന അഭിനേതാക്കളായ്‌ കല്‍പന, വിജയരാഘവന്‍, വിനയാപ്രസാദ്‌, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു.

ഒന്നോ രണ്ടോ തവണ പോയി ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡേയ്സ്‌.

Rating : 7.5 / 10