Showing posts with label ബിജു മേനോൻ. Show all posts
Showing posts with label ബിജു മേനോൻ. Show all posts

Sunday, September 28, 2014

വെള്ളിമൂങ്ങ (Vellimoonga)


കഥ : ജോജി തോമസ്, ജിബു ജേക്കബ്
തിരക്കഥ, സംഭാഷണം : ജോജി തോമസ്
സംവിധാനം : ജിബു ജേക്കബ്


അപ്പന്‍റെ ആദര്‍ശ രാഷ്ട്രീയം കൊണ്ട് കുടുംബം വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത മകനായ മാമച്ചന്‍ ഒരു ദിവസം ഖദറ് ഇടേണ്ടിവരുന്നു.  ആ ഖദറാണ്‍ തന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഗുണകരമെന്ന് അന്നത്തെ ദിവസം മാമച്ചന്‍ തിരിച്ചറിഞ്ഞു. ഇത് മാമച്ചന്‍ എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. മാമച്ചനിട്ട ഖദറിന്‍റെ കഥ.


ഇതൊരു രാഷ്ട്രീയ ചിത്രമല്ല. പക്ഷേ, രഷ്ട്രീയം പശ്ചാത്തലമാക്കി മാമച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ വികാരവിചാരങ്ങളേയും അദ്ദേഹത്തിന്‍റെ കുശാഗ്രബുദ്ധിയോടെയുള്ള മുന്നേറ്റങ്ങളേയും രസകരമായി ചിത്രീകരിച്ചിരിക്കുന്നു.

വലിയ പ്രതീക്ഷകളൊന്നും തരാതെ പതുക്കെ തുടങ്ങിയശേഷം ഈ കഥ രസകരമായ രീതിയിലേയ്ക്ക് വളരുന്നതായാണ് നമുക്ക് കാണാന്‍ സാധിക്കുക. മാമച്ചന്‍ എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകന്‍ സഞ്ചരിച്ചുതുടങ്ങുമ്പോളാണ് അദ്ദേഹത്തിന്‍റെ പല ഭീകരതകളും നമുക്ക് മനസ്സിലാകുന്നത്.

മാമച്ചനെക്കുറിച്ച് നാട്ടുകാര്‍ പറയുന്ന കാര്യം എന്ന് പറഞ്ഞുകൊണ്ട് മാമച്ചന്‍റെ അമ്മ പറയുന്ന ഒരു ഡയലോഗുണ്ട്…

"ഇന്നും ജീപ്പിന്‍റെ മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  മുന്സീറ്റിലിരിക്കാന്‍ പറ്റാത്തോണ്ടാണ് നീ ഓട്ടോയില്‍ കയറാത്തതെന്നാ എല്ലാരും പറയുന്നേ  ...
കല്ല്യാണത്തിനുപോയാല്‍ കല്ല്യാണച്ചെക്കനാവണം, മരണവീട്ടില്‍ പോയാല്‍ പെട്ടിയില്‍ കിടക്കണം… ഇങ്ങനെ ഒരു നാണമില്ലാത്ത ഒരുത്തന്‍…."


ഇത് തന്നെ മതി മാമച്ചന്‍റെ കഥാപാത്രത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍.

ഒരു സ്വീകരണയോഗത്തിലേയ്ക്കുള്ള മാമച്ചന്‍റെ ഇടിച്ച് കയറ്റവും അതിന്‍റെ നടപടികള്‍ തുടങ്ങുമ്പോള്‍ മറ്റൊരു കഥാപാത്രം പറയുന്ന "മാമച്ചന്‍ പണി തുടങ്ങീ"  എന്ന ഡയലോഗും മാമച്ചന്‍റെ വരാന്‍പോകുന്ന വെടിക്കെട്ടിന്‍റെ സൂചനയാണ്.

പ്രേക്ഷകരെ മതിമറന്ന് ചിരിപ്പിക്കാന്‍ കഴിയുന്ന കുറേ രംഗങ്ങളുണ്ട് ഈ ചിത്രത്തില്‍.

അജുവര്‍ഗ്ഗീസ് എന്ന അഭിനേതാവ് ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും രസകരമായ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.


അയലത്തെ വീട്ടില്‍ താമസിക്കുന്ന മാമച്ചന്‍റെ പാപ്പന്‍റെ കാലില്‍ കുപ്പിച്ചില്ല് തറച്ചതിനെ പാമ്പ് കടിയാക്കി മാറ്റുന്ന സീന്‍ ഗംഭീരമായിരുന്നു.

മാമച്ചന്‍റെ പെണ്ണുകാണലും പ്രേക്ഷകരെ കുറേ നേരം ചിരിപ്പിക്കും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുന്നതോടെ ഈ ചിത്രം നര്‍മ്മത്തിന്‍റേയും കുതന്ത്രങ്ങളുടേയും മറ്റൊരു മേഖലയിലേയ്ക്ക് കടക്കുന്നു.

ഡല്‍ഹി യില്‍ ചെന്നിട്ടുള്ള ഇന്ത്യാഗേറ്റിനെക്കുറിച്ചുള്ള പരാമറ്ശം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കും.

അതുപോലെത്തന്നെ മാമച്ചന്‍റെ അനിയന്‍റെ കുട്ടിയുടെ "ലാലീ ലാലീ ലോ" വരികളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.

മരണവീട്ടില്‍ റീത്ത് വെക്കാനെത്തുന്ന മാമച്ചനെ കണ്ടപ്പോള്‍ "പെട്ടിയില്‍ ഒരു കണ്ണ് വേണം" എന്ന ഡയലോഗിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നവര്‍ക്ക് ചിരിയടക്കാനാവില്ല.  തുടര്‍ന്ന് ആ വിട്ടില്‍ നിന്ന് ജീപ്പ് റിവേര്‍സ് എടുത്ത് പോകുമ്പോഴുണ്ടാകുന്ന രസകരമായ സംഭവം തീയ്യറ്ററില്‍ കുറേ നേരം കൂട്ടച്ചിരി ഉയര്‍ത്തി.

മാമച്ചന്‍ എന്ന കഥാപാത്രം  ബിജുമേനോന്‍റെ ജീവിതത്തില്‍ എല്ലാക്കാലത്തും മികച്ചുനില്‍ക്കും.
രൂപവും ഭാവവും ചേഷ്ടകളും തന്ത്രങ്ങളും കൊണ്ട് പ്രേക്ഷകരെ മാമച്ചന്‍ അമ്പരിപ്പിക്കുന്നു.

അതുപോലെത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രകടനമാണ്‌ അജുവര്‍ഗ്ഗീസിന്‍റേത്.  അവസരവും സ്വാതന്ത്ര്യവും കൊടുത്താല്‍ ഈ നടനില്‍ നിന്ന് ഇനിയും മികച്ച പ്രകടനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

പാഷാണം ഷാജിയും ഹാസ്യത്തിന്‍റെ മേഖലകളില്‍ മികവോടെ നില്‍ക്കുന്നുണ്ട്.  ടിനി ടോം, കലാഭവന്‍ ഷാജോണ്‍ എന്നിവറ് മാമച്ചന്‍റെ ഈ സഞ്ചാരത്തില്‍ ശത്രുവോ മിത്രമോ എന്നറിയാതെ കൂടെയുണ്ട്.

അധികസമയം ഇല്ലെങ്കിലും ആസിഫ് അലി ഒരു നിര്‍ണ്ണായകമായ വേഷം ചെയ്യുന്നു.

നിക്കി എന്ന നടിയില്‍ നിന്ന് അഭിനയപ്രകടനം ഒന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ക്ഷമിക്കാം.

ബിജിബാലിന്‍റെ മ്യൂസിക്കും ബാക്ക് ഗ്രൌണ്ട് സ്കോറും ചിത്രത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.  ക്യാമറയും എഡിറ്റിങ്ങും നന്നായി.

ജോജി തോമസ് എന്ന പുതിയ തിരക്കഥാകൃത്തിന്‍റെ നര്‍മ്മത്തോടുള്ള അഭിരുചിയും മികവും ഈ ചിത്രത്തിലൂടെ പ്രകടമാണ്‍.  ജോജി തോമസില്‍ നിന്നും ഇനിയും മികച്ച സിനിമകള്‍ക്കുള്ള സംഭാവനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

പരിചയസമ്പന്നനായ മികച്ച ക്യാമറാമാന്‍റെ റോളില്‍ നിന്ന് ജിബു ജേക്കബ് മികച്ച ഒരു സംവിധായകനിലേയ്ക്കുള്ള സഞ്ചാരവും ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നു.

പ്രേക്ഷകരെ വളരെയധികം ആസ്വദിപ്പിക്കുന്ന, വലിയ ആശയക്കുഴപ്പങ്ങളോ കെട്ടുപിണഞ്ഞ കഥാസങ്കീര്‍ണ്ണതകളോ ഇല്ലാത്ത നല്ലൊരു എന്‍ററ്ടൈനറ് എന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തെ നിസ്സംശയം പറയാം

Rating : 6.5 / 10

Monday, April 09, 2012

മായാമോഹിനി



കഥ, തിരക്കഥ, സംഭാഷണം: സിബി. കെ. തോമസ്‌, ഉദയകൃഷ്ണ
സംവിധാനം: ജോസ്‌ തോമസ്‌
നിര്‍മ്മാണം: പി. സുകുമാര്‍, മധു വാര്യര്‍

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌..... (ഇങ്ങനെയാകണമല്ലോ ഈ തിരക്കഥാകൃത്തുക്കളുടെ എല്ലാ സിനിമകളുടേയും തുടക്കം..)
ഇങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തുടങ്ങിയാലും നല്ല തറവാടും നല്ല സ്വത്തും ഉണ്ടായിരിക്കുക എന്നതും അത്യന്താപേക്ഷിതമാണ്‌.

അങ്ങനെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു തറവാട്ടിലെ അമ്മാവന്‍മാരുടെ ഏക അവകാശിയായി മാറുന്ന ബാലചന്ദ്രന്‍ (ബിജുമേനോന്‍). ചെറുപ്പത്തില്‍ ഗള്‍ഫില്‍ നിന്ന്‌ വന്ന ഒരു വിമാനം തകര്‍ന്ന്‌ ഈ നാല്‌ വയസ്സുകാരന്‍ കുട്ടി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ ബാലു വളര്‍ന്ന്‌ പല ബിസിനസ്സുകളും നടത്തിയെങ്കിലും എല്ലാം പൊളിഞ്ഞ്‌ നശിച്ച്‌ ഒരു വഴിക്കാകുന്ന ഒരു രോഗത്തിന്‌ അടിമയാണ്‌. ഈ രോഗത്തിന്‌ കൂട്ടായി ലക്ഷ്മി നാരായണന്‍ (ബാബുരാജ്‌) എന്ന റിട്ടയേര്‍ഡ്‌ മജിസ്റ്റ്രേറ്റിണ്റ്റെ മകനുമുണ്ട്‌. ഇവര്‍ തമ്മിലുള്ള പല സംഭവങ്ങളും സംഭാഷണങ്ങളുമാണ്‌ ഈ ചിത്രത്തില്‍ ആസ്വാദ്യകരമായ പല സന്ദര്‍ഭങ്ങളും പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌.

ചോതി നക്ഷത്രക്കാരിയെ കല്ല്യാണം കഴിച്ചാല്‍ ബാലുവിന്‌ പിന്നെ നല്ലകാലമാണെന്ന ഒരു ജ്യോത്സ്യപ്രവചനത്തെത്തുടര്‍ന്ന്‌ അങ്ങനെ ഒരു പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കുന്നതും അവള്‍ ഒരു വഴിക്ക്‌ പോകുമ്പോള്‍ പകരക്കാരിയായി അമ്മാവന്‍മാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു പെണ്ണിനെ വാടകയ്ക്‌ എടുക്കുന്നതും തുടര്‍ന്നുള്ള സംഭവബഹുലമായ കാര്യങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം. വാടകയ്ക്ക്‌ എത്തുന്ന പെണ്ണാണ്‌ മായാമോഹിനി.

ഗംഭീര സുന്ദരിയാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന ഈ സംഭവം പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ഒരു അറപ്പ്‌ ജനിപ്പിക്കുന്നതിനേ ഉപകരിച്ചുള്ളൂ എന്നതാണ്‌ സത്യം. ഒരു 'ഹിജഡ' യെ ഭംഗിയായി അവതരിപ്പിക്കാന്‍ ദിലീപിന്‌ സാധിച്ചു എന്ന്‌ വേണമെങ്കില്‍ പറയാം. ആ കൈവിരലുകളുടെയൊക്കെ ഭംഗി കണ്ടാല്‍ പിന്നെ സ്ത്രീ എന്ന വിഭാഗത്തോട്‌ തന്നെ ഒരു അലര്‍ജി തോന്നാവുന്നതാണ്‌.

ദിലീപ്‌ എന്ന നടന്‍ ഈ വേഷം കൈകാര്യം ചെയ്യാന്‍ കാണിച്ച സാഹസവും ബുദ്ധിമുട്ടുകളും വിസ്മരിക്കുന്നില്ലെങ്കിലും സത്യം പറയാതിരിക്കാനാവില്ലല്ലോ. പരമ ദയനീയം...

പഴയ മലയാളം നീലപ്പടങ്ങളുടെ കെട്ടും മട്ടും പലപ്പോഴും ഈ ചിത്രത്തില്‍ തെളിഞ്ഞുവന്നു.

ഈ മാദകറാണിയെ കണ്ട്‌ വയസ്സന്‍മാര്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ ആകൃഷ്ടരായി പ്രതികരിച്ചപ്പോള്‍ അത്‌ കണ്ട്‌ വെറുപ്പോടെ ഇരിക്കാനേ ഒരു പ്രേക്ഷകനെന്ന നിലയില്‍ സാധിക്കുന്നുള്ളൂ.

അശ്ളീലത്തിണ്റ്റെ അതിര്‍വരമ്പുകള്‍ കടന്നും പോയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചിലിന്നിടയില്‍ കിടന്ന്‌ സാംസ്കാരികബോധമുള്ളവര്‍ വീര്‍പ്പുമുട്ടുമ്പോഴും ഈ ചിത്രം പകുതിപോലും ആയിട്ടില്ലല്ലോ എന്ന ഭീതി മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. പിന്നീടങ്ങോട്ട്‌ കഥ ഒരു പരക്കം പാച്ചിലാണ്‌. കണ്ടതും കേട്ടതുമായ സംഗതികളെല്ലാം ചേര്‍ത്ത്‌ വെച്ച്‌ ഗംഭീരമായ സസ്പെന്‍സുകളൊക്കെ തുന്നിച്ചേര്‍ത്തുകൊണ്ടുള്ള കഥയുടെ പോക്ക്‌ കണ്ട്‌ സഹിച്ച്‌ തരിച്ച്‌ ഇരിക്കാനേ പ്രേക്ഷകര്‍ക്കാകൂ.. (ഈ വൃത്തികേട്‌ മുഴുവന്‍ കാണണമെന്നുള്ള വാശിയുണ്ടെങ്കില്‍ ഇരുന്നാല്‍ മതി എന്ന്‌ ഓര്‍ക്കുന്നു).

കഥയോ അര്‍ത്ഥമോ മനസ്സിലാക്കാത്ത വിഭാഗം കുട്ടികളെ കുറേയൊക്കെ ഈ ചിത്രം രസിപ്പിക്കും എന്നത്‌ എണ്റ്റെ ഏഴ്‌ വയസ്സുകാരി കുട്ടിയുടെ സന്തോഷത്തില്‍ നിന്ന്‌ എനിക്ക്‌ മനസ്സിലായി. ദിലീപിണ്റ്റെ ഡാന്‍സും പല ഭാവപ്രകടനങ്ങളും കുട്ടികളെ ആകര്‍ഷിക്കുമെങ്കിലും മറ്റുള്ളവര്‍ക്ക്‌ അത്‌ വളരെ അരോചകമായി തോന്നും.

അവ്വൈ ഷണ്‍മുഖിയെ ഒന്ന്‌ രണ്ട്‌ സീനുകളില്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും താരതമ്യം ചെയ്യാനുള്ള വലുപ്പം ഇല്ലാത്തതിനാല്‍ ആ ഓര്‍മ്മ നമ്മള്‍ വിസ്മരിക്കും.

ഒരു മണ്ടന്‍ പോലീസ്‌ ഒാഫീസറായി (എസ്‌.പി.) സ്ഫടികം ജോര്‍ജ്ജിനെ അവതരിപ്പിച്ചപ്പോള്‍ അത്‌ വല്ലാത്തൊരു മണ്ടന്‍ പ്രദര്‍ശനമായിപ്പോയി. ഈ പോലീസ്‌ ഒാഫീസറുടെ കീഴിലുള്ള സമര്‍ത്ഥനും ചുറുചുറുക്കുള്ളതുമായ എ.എസ്‌.പി. (മധു വാര്യര്‍) അവതരിച്ചെങ്കിലും പോലീസ്‌ തലയ്ക്ക്‌ വില പറഞ്ഞിട്ടുള്ള ഒരു കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആ സ്മാര്‍ട്ട്‌ നസ്‌ കണ്ട്‌ മണ്ടന്‍ ട്രോഫി നമ്മള്‍ എസ്‌.പി.യില്‍ നിന്ന് വാങ്ങി ഈ എ.എസ്‌.പി.യ്ക്ക്‌ കൈമാറും. അങ്ങനെ കേരളപോലീസിനെ മൊത്തം അടച്ചാക്ഷേപിക്കാനായതില്‍ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്ക്‌ ആഹ്ളാദിക്കാം.

ഈ ചിത്രത്തിണ്റ്റെ മറ്റൊരു പ്രത്യേക്ത എന്തെന്നല്‍ ഇതില്‍ അഭിനയിച്ചിരിക്കുന്ന ഭൂരിഭാഗം പേരും ഒന്നുകില്‍ വേഷം മാറിയോ (അമ്മാവന്‍മാരും ജ്യോത്സ്യനും പ്രായത്തിനനുസരിച്ച്‌ വേഷഭാവവ്യതാസത്തില്‍ അവതരിക്കുന്നു) അല്ലെങ്കില്‍ ആള്‍മറാട്ടം നടത്തിയോ (മിക്കവാറും എല്ലാ കഥാപാത്രങ്ങളും) പ്രത്യക്ഷപ്പെടുന്നു എന്നതാണ്‌.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്ക്‌ കൊള്ളാമായിരുന്നു എന്ന് തോന്നി.
ഗാനരംഗങ്ങള്‍ക്ക്‌ ഹിന്ദി ഗാനങ്ങളുടെ ഛായയും നല്ല ഒച്ചയും ബഹളവും ഉണ്ടായിരുന്നു.

ആദ്യരാത്രി, ഹോസ്പിറ്റല്‍ സീന്‍ തുടങ്ങിയ ചില രംഗങ്ങളില്‍ അശ്ളീലം അതിണ്റ്റെ മൂര്‍ദ്ധന്യത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മലയാളികളുടെ സംസ്കാരത്തിണ്റ്റെ നെറുകയില്‍ ഒരു ശൂലം കുത്തിയിറക്കുകയാണ്‌ ഈ ചിത്രം ചെയ്ത സംഭാവന എന്ന്‌ തോന്നുന്നു.

ഏത്‌ തരം പ്രേക്ഷകവിഭാഗത്തെയാണ്‌ ഈ ചിത്രം ഉന്നം വച്ചതെന്ന്‌ തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്‌.

സ്വവര്‍ഗ്ഗാനുരാഗികള്‍, അശ്ളീലച്ചുവയുള്ള ദ്വയാര്‍ത്ഥങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ എന്നീ രണ്ട്‌ വിഭാഗങ്ങളെ നല്ലപോലെ സംതൃപ്തരാക്കുന്ന ഈ ചിത്രം വലിയ വിജയത്തോടെ ആഘോഷിക്കപ്പെട്ടാല്‍ മലയാളിയുടെ സംസ്കാരത്തിണ്റ്റെ മഹിമ എത്രെത്തോളം ഔന്നത്യത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ വിലയിരുത്താവുന്നതാണ്‌.

Rating : 2 / 10

Tuesday, May 10, 2011

സീനിയേര്‍സ്‌ (Seniors)



കഥ, തിരക്കഥ, സംഭാഷണം: സച്ചി സേതു
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: വൈശാഖ രാജന്‍

സിനിമ തുടങ്ങുമ്പോള്‍ ഒരാള്‍ വയലിന്‍ വായിച്ചുകൊണ്ട്‌ നില്‍ക്കുന്നു. അയാളുടെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍ വന്നിറങ്ങി ഒരു ചുംബനം കൊടുത്ത്‌ വീട്ടിലേയ്ക്ക്‌ കയറിവരുന്നത്‌ ഇയാള്‍ ജനലിലൂടെ കണ്ടുകൊണ്ട്‌ നില്‍ക്കുന്നു, വീണ്ടും വയലിന്‍ വായന തുടരുന്നു. കയറിവന്ന സ്ത്രീ എന്തൊക്കെയോ എടുത്തുകൊണ്ട്‌ തിരിച്ചുപോകുമ്പോള്‍ ഇയാള്‍ തടയാനോ എന്തൊക്കെയോ പറയാനോ ശ്രമിക്കുന്നു. പക്ഷേ, അയാളെ എതിര്‍ത്തുകൊണ്ട്‌ ആ സ്ത്രീ പുറത്ത്‌ കാറുമായി കാത്തുനില്‍ക്കുന്ന ആളുടെ കൂടെ പോകുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ഇവരുടെ മകന്‍ (6 വയസ്സ്‌ പ്രായം തോന്നും) നിസ്സഹായനായി നില്‍ക്കുന്നു. അമ്മ പോകുന്നത്‌ നോക്കാന്‍ ഓടിയിറങ്ങി വന്ന് തിരിച്ച്‌ ചെല്ലുമ്പോഴേയ്ക്കും അച്ഛന്‍ വയലിന്‍ വായന അവസാനിപ്പിച്ച്‌ വിഷം കഴിച്ച്‌ മരിച്ച്‌ കിടക്കുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം....

ഒരു കോളേജ്‌ ഡേ... കോളേജിലെ ആണ്‍കുട്ടികളുമായി വളരെ അടുത്ത ചങ്ങാത്തമുള്ള വളരെ മോഡേര്‍ണ്‍ ആയ ഒരു പെണ്‍കുട്ടി (മീരാ നന്ദന്‍) ഒരു മ്യൂസിക്കല്‍ നാടകത്തില്‍ അഭിനയിച്ചശേഷം കൊല്ലപ്പെടുന്നു. ഈ പെണ്‍കുട്ടിക്ക്‌ ഒരു ചേച്ചിയുണ്ട്‌ (പത്മപ്രിയ). ചേച്ചി വളരെ സാധുവും മോഡര്‍ണ്‍ ചിന്താഗതി ഇല്ലാത്തതുമാണെന്ന് കാണിക്കാന്‍ ഈ പാവത്തിനെ പാവാടയും ജാക്കറ്റും ഇടീച്ചാണ്‌ കാണിക്കുന്നത്‌.


വീണ്ടും വര്‍ഷങ്ങള്‍ക്ക്‌ ശേഷം...

അന്ന് കോളേജ്‌ ഡേയില്‍ നടന്ന കൊലപാതകത്തിനെത്തുടര്‍ന്ന് ആ നാടകത്തില്‍ അഭിനയിച്ച മറ്റുനാലുപേരില്‍ ഒരാളായ ജയറാം ജയിലില്‍ 12 വര്‍ഷം ശിക്ഷ അനുഭവിച്ച്‌ തിരിച്ചുവരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ്‌ മനോജ്‌ കെ. ജയന്‍ (ഇദ്ദേഹം ലേഡീസ്‌ ഫാന്‍സി ഐറ്റംസിന്റെ കട നടത്തുന്നു. വിവാഹിതനാണ്‌, കുട്ടികളില്ല), ബിജുമേനോന്‍ (വലിയ കാശ്‌ കാരനാണ്‌, ഭാര്യയുണ്ട്‌, 10 വയസ്സിനടുത്ത്‌ പ്രായമുള്ള ഒരു മകനുണ്ട്‌, മദ്യപിച്ച്‌ ജീവിതം ആസ്വദിക്കലാകുന്നു തൊഴില്‍ എന്നേ മനസ്സിലാകുന്നുള്ളൂ..), കുഞ്ചാക്കോ ബോബന്‍ (വലിയ ചിത്രകാരനാണെന്ന് തോന്നുന്നു... ഒരു പെങ്ങളുണ്ട്‌... വീല്‍ ചെയറിലാണെന്ന് മാത്രം).

ജയലില്‍ നിന്ന് തിരിച്ചെത്തുന്ന ജയറാമിനെ ഈ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ച്‌ ജയറാമിനായി ഇവര്‍ വാങ്ങിയ വീട്ടില്‍ കൊണ്ടുപോയി മദ്യസല്‍ക്കാരം നടത്തുന്നതിന്നിടയ്ക്ക്‌ ജയറാം വീണ്ടും ആ കേളേജില്‍ ചേര്‍ന്ന് പി.ജി. പഠിക്കാന്‍ താല്‍പര്യം പറയുന്നു. തങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അന്ന് ജയറാം ജയിലില്‍ പോയതെന്ന് ഈ സുഹൃത്തുക്കള്‍ പറയുന്നുണ്ട്‌. ആ കാരണം കൊണ്ട്‌ തന്നെ ഇവരും ജയറാമിന്റെ ആഗ്രഹത്തിന്‌ വഴങ്ങുന്നു.

പിന്നീട്‌ സീനിയേര്‍സിന്റെ കോളേജ്‌ ഡേയ്സ്‌...

വളരെ രസകരമായ പശ്ചാത്തലവും സംഭവങ്ങളും കൊണ്ട്‌ ഈ ചിത്രത്തെ യുവജനങ്ങള്‍ക്ക്‌ ആസ്വാദ്യകരമാക്കാന്‍ ഇതിന്റെ രചയിതാക്കള്‍ക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്‌. നര്‍മ്മ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തിണക്കി സിനിമ പുരോഗമിക്കുമ്പോള്‍ പ്രധാന കഥാഗതിയിലേയ്ക്ക്‌ ഇതിനെ കൂട്ടിയോജിപ്പിക്കുന്നിടത്താണ്‌ കല്ലുകടി തുടങ്ങുന്നത്‌.

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ആ കോളേജില്‍ നടന്ന കൊലപാതകത്തിലെ യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്തുക എന്നതാകുന്നു ജയറാമിന്റെ ദൗത്യം. അതിനായി ഇദ്ദേഹം മറ്റു പലരുടേയും സഹായത്തോടെ 'മണിച്ചിത്ത്രത്താഴ്‌' സിനിമയുടെ മറ്റൊരു ലൈന്‍ പരീക്ഷിക്കുന്നത്‌ കാണുമ്പോള്‍ 'അയ്യേ..' എന്ന് വിചാരിക്കാത്ത ഒരുത്തനും തീയ്യറ്ററില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. പഴയ സാഹചര്യങ്ങളും ചുറ്റുപാടുകളും പുന:സൃഷ്ടിച്ച്‌ കുറ്റവാളിയെ കണ്ടെത്തുക എന്ന തന്ത്രം കണ്ടാല്‍ ഇദ്ദേഹം ലോകപ്രശസ്തനായ സൈക്യാര്‍ട്ടിസ്റ്റ്‌ ആണെന്ന് തോന്നും. ഇതിന്‌ കൂട്ടുനില്‍ക്കുന്നവരെല്ലാം പിണ്ണാക്ക്‌ മാത്രം തിന്നുന്ന മണ്ണുണ്ണികളും...

ഇത്രയും ദുര്‍ബലവും യുക്തിക്ക്‌ നിരക്കാത്തതും വ്യക്തതയുമില്ലാത്ത കഥയുമായി ഇറങ്ങിയ തിരക്കഥാകൃത്തുക്കളുടെ ധൈര്യം സമ്മതിച്ച്‌ കൊടുത്തേ തീരൂ. പക്ഷേ, ഈ അവസ്ഥയിലും രസകരമായ സംഗതികളിലൂടെ പ്രേക്ഷകരെ ആസ്വാദ്യകരമായ കാര്യങ്ങള്‍ നല്‍കി പിടിച്ചിരുത്താനായി എന്നിടത്ത്‌ തിരക്കഥാകൃത്തുക്കളും സംവിധായകനും അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമകഴിഞ്ഞ്‌ തീയ്യറ്റര്‍ വിടുന്ന പ്രേക്ഷകര്‍ പ്രധാനകഥയെ കാര്യമായി ശ്രദ്ധിക്കാതെ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളും പേറി പോകുന്നിടത്ത്‌ ഈ സിനിമ വിജയത്തിന്റെ വഴി കാണുന്നു.

പണ്ട്‌ നടന്ന ആ കൊലപാതകം എന്തിനായി? എന്തായിരുന്നു അതിനെ സംബന്ധിച്ച്‌ അന്നത്തെ കണ്ടെത്തലുകള്‍?

കൂട്ടുകാര്‍ക്ക്‌ വേണ്ടി ജയറാം ജയിലില്‍ പോയി എന്ന് പറയുന്നുണ്ട്‌. എന്തുകൊണ്ട്‌ കൂട്ടുകാരുടെ പേരില്‍ കുറ്റം വന്നു? അവരെ രക്ഷിക്കാന്‍ കുറ്റം ഏറ്റെടുക്കാന്‍ മാത്രം അത്ര വിശാലഹൃദയത ഇദ്ദേഹത്തിന്‌ ഉണ്ടായതിന്റെ കാരണം എന്ത്‌? (വിശാലഹൃദയം ഉണ്ടാകാന്‍ ഒരു കാരണവും വേണ്ടല്ലോ...) ഈ സുഹൃത്തുക്കള്‍ക്ക്‌ ഒരിക്കലും ശരിയായ കുറ്റവാളി ആരാണെന്നോ എന്താണ്‌ സംഭവിച്ചതെന്നോ മനസ്സിലാക്കാനോ അറിയാനോ ഉള്ള ഒരു താല്‍പര്യവും ഉണ്ടായിട്ടുമില്ല. അവര്‍ക്ക്‌ തന്നെ ഉറപ്പുണ്ടായിരുന്നോ കൊലയാളിയുടെ പശ്ചാത്തലം?

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഈ കോളേജില്‍ പഴയ സാഹചര്യം സൃഷ്ടിക്കാന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളില്‍ കൂടെ നിന്ന് സഹായിച്ചവരൊക്കെ ഈ പ്ലാനില്‍ വിശ്വസിക്കാന്‍ എന്ത്‌ കാരണം?

ക്ലൈമാക്സ്കില്‍ ജയറാമിന്റെ ഹൃദയവിശാലത എല്ലാ പരിധികളും ലംഘിച്ച്‌ വാനോളം ഉയര്‍ന്നപ്പോള്‍ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാമായിരുന്നില്ലേ? (സോറി.. മരണമടയാതെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാവില്ലല്ലോ.. ഭാവിയില്‍ പ്രഖ്യാപിക്കുമായിരിക്കും)


മുകളില്‍ പറഞ്ഞ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ പിന്നീട്‌ തോന്നുമെങ്കിലും വേറെ പല രംഗങ്ങളും ഓര്‍ത്ത്‌ ചിരിക്കാന്‍ ഉള്ളതിനാല്‍ പലരും ആ ചോദ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കില്ല എന്നതാകുന്നു ഈ സിനിമയുടെ പ്രത്യേകത.

അഭിനയനിലവാരം പൊതുവേ എല്ലാവരുടേയും മികച്ചുനിന്നു. മനോജ്‌ കെ ജയന്‍ പെണ്‍കുട്ടികളോട്‌ ഇടപെടുന്നത്‌ അല്‍പം ഓവറായെങ്കിലേ ഉള്ളൂ. പക്ഷേ, മറ്റ്‌ പല ഹാസ്യരംഗങ്ങളിലും ഇദ്ദേഹം മികച്ചുനിന്നു. ബിജുമേനോന്‍ ആയിരുന്നു കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌. ബിജുമേനോന്റെ മകനായി അഭിനയിച്ച കൊച്ചുപയ്യനും രസകരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ജയറാം ഒരു നനഞ്ഞ സെറ്റപ്പ്‌ തന്നെയായിരുന്നു. കുഞ്ചാക്കോ മോശമല്ലാതെ തന്റെ റോള്‍ കൈകാര്യം ചെയ്തു. കടും വെട്ട്‌ മുഖഭാവത്തില്‍ പത്മപ്രിയ ഒതുങ്ങിനിന്നു. സുരാജ്‌ വെഞ്ഞാര്‍മൂട്‌ തന്റെ മോശം നിലവാരം നിലനിര്‍ത്തിയപ്പോഴും ഇടയ്ക്ക്‌ രസകരമായ രംഗങ്ങളും സൃഷ്ടിച്ചു.


ഗാനങ്ങള്‍ കേമമൊന്നുമല്ലെങ്കിലും ഒരു ആഘോഷപ്രതീതി ജനിപ്പിച്ച്‌ ചിത്രത്തിന്റെ മൂഡിനോട്‌ ചേര്‍ന്ന് നിന്നു.

പൊതുവേ പറഞ്ഞാല്‍,കാമ്പില്ലാത്ത കഥയില്‍ ഉണ്ടാക്കിയെടുത്ത ഒരു എന്റര്‍ടൈനര്‍ ആകുന്നു ഈ ചിത്രം. തീയ്യറ്ററില്‍ പ്രേക്ഷകര്‍ക്ക്‌, പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ക്ക്‌ കുറച്ച്‌ സമയം ആസ്വാദ്യകരമായ നര്‍മ്മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച തരുന്നു ഈ ചിത്രം. എങ്കിലും കഥയിലെ അവ്യക്തതയും യുക്തിക്കുറവും പ്രേക്ഷകന്റെ മനസ്സില്‍ ഒരു കരടായി അവശേഷിക്കുകയും ചെയ്യും...


Rating: 5.5 / 10