നിര്‍മ്മാണം : സഹാറ വണ്‍ മോഷന്‍ പിക്ചേര്‍സ്.
സംവിധാനം : മധുര് ഭണ്ഡാര്‍കര്‍
കഥ, തിരക്കഥ : മനോജ് ത്യാഗി, മധുര് ഭണ്ഡാര്‍കര്‍
സംഭാഷണം : മനോജ് ത്യാഗി, അജയ് മോംഗേ
ക്യാമറ : മഹേഷ് ലിമായേ.
സംഗീതം : സമീര്‍ ഠണ്ടന്.
സംവിധാനം : മധുര് ഭണ്ഡാര്‍കര്‍
കഥ, തിരക്കഥ : മനോജ് ത്യാഗി, മധുര് ഭണ്ഡാര്‍കര്‍
സംഭാഷണം : മനോജ് ത്യാഗി, അജയ് മോംഗേ
ക്യാമറ : മഹേഷ് ലിമായേ.
സംഗീതം : സമീര്‍ ഠണ്ടന്.
രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2004 ഇലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണെന്ന് തോന്നുന്നു, മലയാള വേദിയില്‍ ഒരു ചൂടു സംവാദം നടന്നിരുന്നു. ഇന്ത്യന്‍ മധ്യവര്‍ത്തി സിനിമയുടെ കേന്ദ്രം ഹിന്ദി ഭാഷയിലേക്ക് മാറിയോ എന്നതിനെപ്പറ്റി. മലയാളവും ബംഗാളിയും കയ്യടക്കി വെച്ചിരുന്ന " നല്ല സിനിമകള്‍" എന്ന മുദ്ര, പതുക്കെ ഹിന്ദി സിനിമകളിലേക്ക് മാറാന്‍ തുടങ്ങിയത് നാം കണ്ടു തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമായി. തഴക്കവും വഴക്കവും ചെന്ന ഋതുപര്‍ണ്ണ ഘോഷിനേയും ( റെയിന്‍ കോട്ട്, ചൊഖേര്‍ ബാലി) ജാഹ്നു ബറുവയേയും (മേം നേ ഗാന്ധി കോ നഹിം മാരാ) പോലുള്ള സംവിധായകര്‍ പോലും ഹിന്ദിയിലേക്ക് ചേക്കേറിയ കാലമാണ് ഇത് . അതു കൂടാതെ സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു പറ്റം പുതിയ സംവിധായകരേയും നാം കണ്ടു. ആശുതോഷ് ഗൊവാരിക്കര് (ലഗാന്‍, സ്വദേശ്), പ്രദീപ് സര്‍ക്കാര്‍ (പരിനീത), രാജ്കുമാര് ഹിറാനി (മുന്നാഭായ് സീക്വലുകള്‍), വിശാല്‍ ഭരദ്വാജ് (മഖ്ബൂല്‍, ഓംകാര), ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി (പിഞ്ജര്‍), ഒനീര്‍ (മൈ ബ്രദര്‍ നിഖില്‍), രേവതി (ഫിര്‍ മിലേംഗേ) തുടങ്ങി ഒട്ടേറെ സംവിധായകര്‍ നല്ല പടങ്ങള്‍ ചെയ്യുകയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അതു കൂടാതെയാണ് കല്‍പ്പനാ ലാജ്മി, അപര്‍ണ്ണാ സെന്‍ എന്നിവരുടെ ചിത്രങ്ങളും. അങ്ങിനെ ശരിക്കും ഹിന്ദി സിനിമയില്‍ ഉണ്ടായ ഒരു നവോദ്ധാനത്തിന്റെ മുന്‍നിരയില്‍ തന്നെ നില്ക്കുന്ന സംവിധായകനാണ് മധുര് ഭണ്ഡാര്‍കര്‍.
വ്യത്യസ്തമായ, അധികം ആളുകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന, പ്രമേയങ്ങള്‍ നിര്‍ഭയം അവതരിപ്പിക്കുന്നു എന്നതാണ് മധുര് എന്ന സംവിധായകന്റെ പ്രത്യേകത. മധുര് ആദ്യം ചെയ്ത ആന്‍ എന്ന ചിത്രം അധികം ശ്രദ്ധ ഒന്നും നേടിയില്ലെങ്കിലും, സത്ത എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ഇദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. തുടര്‍ന്നു വന്ന "ചാന്ദ്നി ബാര്‍" മധുറിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് പറയാം. ഒട്ടേറെ ദേശീയ അവാര്‍ഡുകള്‍ നേടിയ "പേജ് 3" യിലും ഈ വ്യത്യസ്തത പുലര്‍ത്താന്‍ ഈ സംവിധായകനായി.
കോര്‍പ്പറേറ്റ് എന്ന തന്റെ പുതിയ ചിത്രത്തിലും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത വന്‍കിട കമ്പനികളുടെ മത്സരമാണ് മധുര് വരച്ചിടുന്നത്. തന്റെ മുഖമുദ്രയായ തുറന്ന സമീപനം ഇതിലും അദ്ദേഹം പാലിക്കുന്നു എന്ന് പറയാതെ വയ്യ. ബോംബേയിലെ വന്‍കിട മുതലാളി കുടുംബങ്ങളായ സെഹ്ഗാലുകളും മാര്‍വകളും തമ്മിലുള്ള കിടമത്സരമാണ് പ്രതിപാദ്യ വിഷയം. അധികാരം എന്ന മധുരക്കനി കയ്യിലൊതുക്കുന്നതിന് ഇവര്‍ ഏതറ്റം വരെ പോവും എന്ന് കാണിക്കുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു.ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്ത് നിലനില്‍ക്കുന്ന അഴിമതിയും, കാര്യസാധ്യത്തിനായുള്ള പിന്‍വാതില്‍ക്കളികളും, അതിനായി കുടുംബ ബന്ധങ്ങളേയും വിശ്വസ്തരേയും പോലും ബലികൊടുക്കാനുള്ള മടിയില്ലായ്മയും നന്നായി എടുത്തുകാണിച്ചിരിക്കുന്നു. ഭദ്രമായ ഒരു തിരക്കഥ അടിസ്ഥാനമാക്കിയാണ് മധുറിന്റെ കഥ പറച്ചില് വികസിക്കുന്നത്. അതുകൊണ്ടു തന്നെ, ഈ പ്രോസസ്സിലുടനീളം പ്രേക്ഷകരെ ഒപ്പം നിര്‍ത്തുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിരിക്കുന്നു മധുര് എന്ന് പറയാതെ വയ്യ.
പേജ് 3 യില്‍ അവലംബിച്ച, കഥയില്‍ അത്ര പ്രാധാന്യമില്ലാത്ത പാത്രങ്ങളെക്കൊണ്ട്, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയിക്കുന്ന രീതി ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നു. പേജ് 3 യില്‍ അത് താരങ്ങളുടെ ഡ്രൈവര്‍മാര്‍ ആയിരുന്നുവെങ്കില്‍ ഇവിടെ ഓഫിസ് ബോയ്മാര്‍ ആണ് എന്ന വ്യത്യാസം മാത്രം.
സംഗീതം, ക്യാമറ എന്നിവയിലും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. പക്ഷേ ചാന്ദ്നി ബാറിലും,( തബു, അതുല്‍ കുല്‍ക്കര്‍ണി) പേജ് 3 യിലും (കൊങ്കണാ സെന്‍) അഭിനേതാക്കളില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ട് കോര്‍പ്പറേറ്റില്‍ ലഭിച്ചോ എന്ന് സംശയം. കേക്കേ, രജത് കപൂര്‍, രാജ് ബബ്ബാര്‍ എന്നിവര്‍ നിരാശപ്പെടുത്തി. മദ്ഹോശ് എന്ന ചിത്രത്തിലെ സ്കീസോഫ്രേനിയാക്കിനു ശേഷം ലഭിച്ച കാമ്പുള്ള ഒരു റോള്‍ ബിപാഷ മോശമാക്കിയില്ല എന്നേ പറയാനുള്ളു. എന്തായാലും, ഗ്ലാമര്‍ ഗേള്‍ എന്ന ടാഗിനപ്പുറം അത്യാവശ്യം ശ്രദ്ധിക്കപ്പെടേണ്ട നടിയാണ് താന്‍ എന്ന് ബിപാഷ ഓര്‍മ്മപെടുത്തുന്നു.
മൊത്തത്തില്‍, കാണാവുന്ന ഒരു ചിത്രം. അര്‍ബന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത് എന്നത് ഒരു ന്യൂനതയാവില്ലെങ്കില്‍.
എന്റെ റേറ്റിംഗ് : 3 /5.