കഥ, സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
തിരക്കഥ, സംഭാഷണം: പി.എസ്. റഫീഖ്
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പ്രദേശവും അവിടുത്തെ ജനങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയും വളരെ ഹാസ്യാത്മകവും ദൃശ്യവിസ്മയകരവുമായ രീതിയില്‍ സ്വര്‍ഗ്ഗീയ സംഗീതവും ചേര്‍ത്ത് പ്രേക്ഷകരിലേയ്ക്ക് പകര്‍ന്നുതരികയാണ് 'ആമേന്‍' എന്ന ഈ ചിത്രം.
കണ്ട് പരിചിതമായ സിനിമാ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി ഈ ചിത്രത്തിണ്റ്റെ കഥ പറച്ചിലില്‍ ഉപയോഗിച്ചിരിക്കുന്നു. ഈ തരത്തില്‍ ഈ സിനിമയെ ദൃശ്യവത്കരിച്ച് പ്രേക്ഷകരിലെത്തിച്ചതില്‍ ലിജു എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
നീളക്കൂടുതലുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ അല്‍പം ഇഴച്ചിലുണ്ടെങ്കിലും മനസ്സ് നിറഞ്ഞ പ്രതീതിയോടെ മാത്രമേ ഈ ചിത്രം നമുക്ക് കണ്ട് അവസാനിപ്പിക്കാന്‍ സാധിക്കൂ. ചിത്രത്തിണ്റ്റെ അവസാനമാകുമ്പോഴേയ്ക്കും നമുക്ക് ഒരു ദിവ്യമായ അനുഭൂതി ഉണ്ടാകുകയും ഈ ചിത്രം ഒരിക്കല്‍ കൂടി കാണുവാന്‍ മനസ്സില്‍ പ്രേരണ തോന്നുകയും ചെയ്യും.
തഴയപ്പെട്ട് കിടക്കുന്ന ഒരു ഹീറോ പതിയെ പതിയെ വിജയത്തിലേയ്ക്കെത്തുന്നതിണ്റ്റെ സുഖം ഒരു പുതുമയുള്ള കഥയൊന്നുമല്ലെങ്കിലും ആ കഥയെ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതിണ്റ്റെ പുതുമയാണ് ഗംഭീരം.
തീയ്യറ്ററിലെ ശബ്ദക്രമീകരണത്തിണ്റ്റെ ന്യൂനതകൊണ്ട് (തീയ്യറ്റര്‍ ആലുവ മാത) ഗാനങ്ങളിലെ വരികള്‍ വ്യക്തമാകാതിരുന്നത് വല്ലാതെ വിഷമിപ്പിച്ചു.
എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമെന്നൊന്നും ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു ചെറിയ അത്ഭുതം തന്നെയാണ് 'ആമേന്‍'.
അഭിനേതാക്കളുടെ എല്ലാവരുടേയും മികച്ച പ്രകടനം ചിത്രത്തിണ്റ്റെ മാറ്റ് കൂട്ടുന്നു.
ഇന്ദ്രജിത്, ഫഹദ് ഫാസില്‍, സ്വാതി റെഡ്ഡി, കലാഭവന്‍ മണി, നന്ദു, രചന തുടങ്ങിയ അഭിനയനിര മികവ് കാട്ടി.
ഛായാഗ്രഹണം, സംഗീതം തുടങ്ങിയ സാങ്കേതിക മേഖലകളും മികച്ച് നിന്നു.
Rating : 8 / 10