Showing posts with label സലിം കുമാർ. Show all posts
Showing posts with label സലിം കുമാർ. Show all posts

Wednesday, June 29, 2011

ആദാമിണ്റ്റെ മകന്‍ അബു



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സലിം അഹമ്മദ്‌
നിര്‍മ്മാണം: സലിം അഹമ്മദ്‌, അഷ്‌ റഫ്‌ ബേദി

ഹജ്ജിനുപോകുക എന്ന ജീവിതാഭിലാഷവുമായി ജീവിക്കുന്ന പ്രായമായ അബുവും അദ്ദേഹത്തിണ്റ്റെ ഭാര്യ ആയിഷയുമാണ്‌ ഈ സിനിമയിലെ പ്രധാന ഘടകം. ഇവരുടെ ഒരേ ഒരു മകന്‍ സ്വന്തം കാര്യം നോക്കി ഗള്‍ഫില്‍ കഴിയുകയും ഇവരുമായി ഒരുതരത്തിലുള്ള ബന്ധവും നിലനിര്‍ത്താതിരിക്കുകയും ചെയ്യുന്നതിനാല്‍ അബുവും ഭാര്യയും സ്വന്തം അദ്ധ്വാനത്താല്‍ ജീവിക്കുകയും ഹജ്ജിനുപോകാനുള്ള പണം സ്വരുക്കൂട്ടുകയും ചെയ്യുന്നു. ഈ മോഹം സഫലീകരിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും പ്രതീക്ഷകളുമാണ്‌ ഈ ചിത്രം വിവരിക്കുന്നത്‌.

അബു ജീവിക്കുന്ന ചുറ്റുപാടും അബുവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളും എല്ലം വളരെ പോസിറ്റീവ്‌ ആയ വീക്ഷണം പുലര്‍ത്തുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ പ്രത്യേകത. വിപരീത സാഹചര്യങ്ങളും കഷ്ടപ്പാടുകളും ആരേയും നിരാശയിലേയ്ക്ക്‌ തള്ളിവിടാതെ എപ്പോഴും ഒരു പ്രതീക്ഷയുടെ ലക്ഷണം പുലര്‍ത്തുന്നു എന്നതും ഈ ചിത്രത്തിണ്റ്റെ മറ്റൊരു സവിശേഷതയാണ്‌.

അബു എന്ന കഥാപാത്രത്തെ സലിം കുമാര്‍ എന്ന നടന്‍ ഭാവത്തിലും വേഷത്തിലും പ്രവര്‍ത്തിയിലും സംസാരത്തിലും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും പ്രേക്ഷകമനസ്സിലേയ്ക്ക്‌ നേരിട്ട്‌ ഇറങ്ങിച്ചെല്ലുകയും ചെയ്തിരിക്കുന്നു. അദ്ദേഹം അവാര്‍ഡ്‌ അര്‍ഹിക്കുന്നു എന്നത്‌ നിസ്സംശയം പറയാം.

അബുവിണ്റ്റെ ഭാര്യയെ അവതരിപ്പിച്ച സറീനാ വഹാബ്‌ എന്ന നടിയും തണ്റ്റെ റോള്‍ ഉജ്ജ്വലമാക്കിയിരിക്കുന്നു. തീര്‍ച്ചയായും ഈ നടിയും അവാര്‍ഡ്‌ അര്‍ഹിക്കുന്നു എന്നാണ്‌ തോന്നിയത്‌.

മറ്റ്‌ കഥാപാത്രങ്ങളും അവരവരുടെ റോളുകള്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. നെടുമുടി വേണു, കലാഭവന്‍ മണി, സുരാജ്‌ വെഞ്ഞാര്‍മൂട്‌, മുകേഷ്‌,തമ്പി ആണ്റ്റണി, എം.ആര്‍. ഗോപകുമാര്‍ തുടങ്ങിയവരെല്ലം സ്ക്രീനില്‍ അവതരിച്ച ദൈര്‍ഘ്യം എത്ര കുറവായിരുന്നാലും പ്രേക്ഷകരുടെ മനസ്സില്‍ നല്ലൊരു ഇടം കണ്ടെത്താനായി എന്നത്‌ ആ കഥാപാത്രങ്ങളുടെ സൃഷ്ടിയുടേയും അതിണ്റ്റെ അവതരണത്തിണ്റ്റേയും പ്രത്യേകതയാണ്‌.

ഈ ചിത്രത്തിണ്റ്റെ ഛായാഗ്രഹണം, ബാക്ക്‌ ഗ്രൌണ്ട്‌ സ്കോര്‍, സംഗീതം തുടങ്ങിയ സാങ്കേതിക കാര്യങ്ങളും നല്ല മികവുപുലര്‍ത്തിയത്‌ ഈ സിനിമയ്ക്ക്‌ ഒരുപാട്‌ ഗുണം ചെയ്തിട്ടുണ്ട്‌.

ഇതൊക്കെയാണെങ്കിലും സത്യസന്ധമായി പരിശോധിച്ചാല്‍ അല്‍പം വിരസത ഈ സിനിമയിയുടെ പല ഭാഗങ്ങളിലും നിറഞ്ഞുനിന്നു എന്ന്‌ പറയാതെ വയ്യ. വളരെ ചെറിയ ഒരു കഥയെ ഒരു മുഴുനീള ചിത്രമാക്കിയതിണ്റ്റെ ഒരു കുറവ്‌ തന്നെയാകും ഈ ചിത്രത്തിണ്റ്റെ വിരസതയ്ക്ക്‌ കാരണമായി തോന്നുന്നത്‌.അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായതിനാല്‍ കുറവുകള്‍ തോന്നിയാല്‍ പറയാനുള്ള മടിയെ പ്രതിരോധിച്ച്‌ ഒരു സാധാരണപ്രേക്ഷകണ്റ്റെ വീക്ഷണകോണില്‍ നിന്ന്‌ നോക്കിയാല്‍ ഈ ഒരു കുറവ്‌ പ്രകടമാണ്‌താനും.

തുടക്കത്തില്‍ ചില രംഗങ്ങളില്‍ ശബ്ദവും ചുണ്ടിണ്റ്റെ ചലനവും തമ്മില്‍ ഒരു യോജിപ്പ്‌ കുറവ്‌ തോന്നിയിരുന്നു.

അവാര്‍ഡ്‌ സിനിമകളുടെ ചട്ടക്കൂടുകള്‍ ലംഘിച്ചു എന്നൊന്നും മുഴുവനായും ഈ ചിത്രത്തെക്കുറിച്ച്‌ പറയാനും വയ്യ. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളും ഒരെത്തും പിടിയും കിട്ടാത്ത പ്രതീകാത്മക ബിംബങ്ങളും സാധാരണക്കാരന്‌ ദഹിക്കാത്ത കഥാസന്ദര്‍ഭങ്ങളും ഒഴിവാക്കാനായി എന്നത്‌ തീര്‍ച്ചയായും 'അവാര്‍ഡ്‌ സിനിമ' ചട്ടക്കൂടിണ്റ്റെ പൊളിച്ചടുക്കല്‍ തന്നെയാണ്‌.

പക്ഷേ, ഒരാള്‍ നടന്നുവരുന്നുണ്ടെങ്കില്‍ മുഴുവന്‍ ദൂരവും നടന്നുവരവും, സ്ളോ മോഷനില്‍ സംസാരവും, നിശ്ചലമായി നില്‍ക്കുന്ന ചില ദൃശ്യങ്ങളുമെല്ലാം ആ 'അവാര്‍ഡ്‌ സിനിമ' ചട്ടക്കൂടിണ്റ്റെ ഭാഗമായിത്തന്നെ നിലനില്‍ക്കുന്നു എന്നതാണ്‌ സത്യം.

പക്ഷേ, സിനിമയുടെ ആദ്യഘട്ടങ്ങളിലെ വിരസത അവസാനമായപ്പോഴേയ്ക്കും ഇല്ലാതാകുകയും പ്രേക്ഷകഹൃദയത്തോട്‌ ഒരുപാട്‌ അടുക്കുകയും ചെയ്തു.

കഷ്ടനഷ്ടങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍ കണ്ടെത്തുന്നതിലൂടെ ഈ ചിത്രം ശുദ്ധനന്‍മയുടേയും നല്ല ചിന്തകളുടേയും ഒരു ദൃഷ്ടാന്തമായി പര്യവസാനിക്കുകയും ചെയ്യുന്നു.

സലിം അഹമ്മദിനോടൊപ്പം ഈ സിനിമയില്‍ ഭാഗമായ എല്ലാവരും നല്ലൊരു അഭിനന്ദനം അര്‍ഹിക്കുന്നു.

Rating : 7.5 / 10