Thursday, October 29, 2015

റാണി പത്മിനി


രചന : രവിശങ്കര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക് അബു

രണ്ട് സാഹചര്യങ്ങളില്‍ നിന്ന് ബാല്യം പിന്നിട്ട് വന്ന രണ്ട് പെണ്കുട്ടികള്‍ (റാണിയും പത്മിനിയും), അവരവരുടെ വീടുകളില്‍ നിന്നും വിട്ട് അകലേയ്ക്ക് യാത്ര ചെയ്യേണ്ട ഒരു സാഹചര്യം വരുകയും, ആ യാത്രയില്‍ ഇവര്‍ കണ്ടുമുട്ടുകയും ചെയ്യുന്നു. 

ഈ യാത്രയ്ക്കിടയില്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൌഹൃദവും അവര്‍ക്ക് സംഭവിക്കുന്ന ചില അനുഭവങ്ങളുമാണ് ഈ ചിത്രം വിവരിക്കുന്നത്.

രസകരമായ രംഗങ്ങളിലൂടെ ഈ ചിത്രം ഒരു മണിക്കൂറിലധികം സഞ്ചരിക്കുകയും തുടര്‍ന്ന് ഗതി മാറി മറ്റ് ഉപ കഥകളിലേയ്ക്ക് പോകുകയും ചെയ്തു. 

ഉപകഥകള്‍ ചിലത് എന്തിനായിരുന്നെന്ന് സാധാരണപ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടില്ല.  അതിനൊക്കെ വലിയ ആന്തരീക അര്‍ത്ഥങ്ങളും ബന്ധങ്ങളും ഉണ്ടോ എന്ന് മനസ്സിലായില്ല.

മഞ്ജുവാര്യരുടെ ആയാസരഹിതമായ അഭിനയമാണ് ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.  റീമയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്ന പല രംഗങ്ങളുമുണ്ടെങ്കിലും അവസാനഭാഗത്തോടടുക്കുമ്പോള്‍ ചിത്രം പിടിവിട്ട പട്ടം പോലെ പാറി നടക്കുന്നുണ്ട്.


മനോഹരമായ ദൃശ്യങ്ങള്‍ ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്.

Rating : 5.5 / 10

Tuesday, October 27, 2015

കനല്‍


രചന : എസ്. സുരേഷ് ബാബു
സംവിധാനം: എം പത്മകുമാര്‍

ഒരു ട്രെയിന്‍ യാത്രയില്‍ പരിചയപ്പെടുന്ന അനന്തരാമനും (അനൂപ് മേനോന്‍), ജോണ്‍ ഡേവിഡും (മോഹന്‍ ലാല്‍).

ഒരു ചാനല്‍ പ്രവര്‍ത്തകനായിരുന്ന അനന്തരാമന്‍റെ ദുബായിലെ ചാനല്‍ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ദുബായില്‍ സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് തകര്‍ന്നുപോയ പല വലിയ ബിസിനസ്സുകാരും സാഹചര്യങ്ങളുമെല്ലാം വിവരിക്കുന്നു.  ദുബായിലെ ചാനല്‍ ബിസിനസ്സ് തകര്‍ന്ന് നാട്ടിലെത്തിയ അനന്തരാമന്‍ കടം വാങ്ങിയവരുടെ ശല്ല്യം കാരണം വീട്ടില്‍ നിന്നിറങ്ങുന്നു.

ട്രെയിനില്‍ കണ്ടുമുട്ടിയ ജോണ്‍ ഡേവിഡ് അനന്തരാമനെ തന്‍റെ കൂടെ കൂട്ടുന്നു.  തുടര്‍ന്ന് അനന്തരാമന്‍ ഒരു വലിയ കൂട്ടക്കൊലയ്ക്ക് ദൃക്സാക്ഷിയാകേണ്ടിവരുന്നു.

ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ സസ്പെന്സിന്‍റെ സൂചനകള്‍ നല്‍കി മുന്നോട്ട് പോയിത്തുടങ്ങിയ കഥ, പതുക്കെ ഇഴയാന്‍ തുടങ്ങി.  

എന്തോ പ്രതികാരത്തിന്‍റെ ഭാഗമായാണ്‍ ജോണ്‍ ഡേവിഡ് തന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാകുമെങ്കിലും അതെന്തെന്ന് വ്യക്തമാക്കാന്‍ പ്രേക്ഷകരുടെ ക്ഷമ വല്ലാതെ പരീക്ഷിക്കുന്നു.
ഒടുവില്‍ കാരണകഥ എത്തുമ്പോഴേയ്ക്ക് കുറേയൊക്കെ അവിശ്വസനീയതയും ദുഖവും പ്രേക്ഷകമനസ്സിലേയ്ക്ക് കയറുന്നു.


ഇത്രയധികം നേരം വലിച്ചുനീട്ടാതിരുന്നെങ്കില്‍ പോലും ഈ ചിത്രം കുറച്ചുകൂടി ഭേദമായിതോന്നുമായിരുന്നു.

Rating : 4.5 / 10

ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി



രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍

വനാന്തര്‍ഭാഗത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്ന ഒരു പ്രത്യേക ജനവിഭാഗത്തിന്‍റെ ജീവിത രീതികളും സംസ്കാരവും നശിപ്പിക്കപ്പെടാതിരിക്കാനായി ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ നടത്തുന്ന ശ്രമമാണ് ഈ ചിത്രത്തിന്‍റെ കാതല്‍.  
തന്‍റെ ഈ ശ്രമത്തിനായി ഇദ്ദേഹം പല മേഖലകളില്‍ നിപുണരായ കുറച്ച് ആളുകളെ കണ്ടെത്തി ഈ വനാന്തര്‍ഭാഗത്തേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുകയും അവരുടെ യാത്രയുമാണ് ഈ ചിത്രത്തിന്‍റെ ആദ്യ പകുതി.  

അങ്ങനെ എത്തുന്നവര്‍ അവരുടെ പല കഴിവുകളും ഉപയോഗിച്ച് കൂട്ടായ ശ്രമത്തിലൂടെ ഒരു ജനതയെ സം രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്‍റെ രണ്ടാം പകുതി.

പലപ്പോഴും പ്രേക്ഷകര്‍ക് ബോറടി ഉണ്ടാക്കുന്ന രീതിയിലാണ്‍ ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.  ഒരു ഡോക്യുമെന്‍ററി ഫീല്‍ പ്രകടമാണ്‍.  

പക്ഷേ, വനാന്തര്‍ഭാഗത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെയുള്ള പുതിയ ഒരു ജനതയും സംസ്കാരവും കുറച്ച് കൌതുകകരമാണ്‍.  

തുടര്‍ന്ന് അവരെ സഹായിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലും കുറേയൊക്കെ താല്‍പര്യജനകങ്ങളായ സംഗതികളുണ്ട്.

പൂര്‍ണ്ണമായും ആസ്വാദ്യകരവും യുക്തിപരവുമായി അവതരിപ്പിക്കാനായില്ലെങ്കിലും പ്രസക്തമായ ഒരു വിഷയത്തിലേയ്ക്ക് സമൂഹ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ ചിത്രം ഉപകരിക്കുമെന്ന് പറയാം.

നല്ല പല ദൃശ്യവിസ്മയങ്ങളും ചില അറിവുകളും ഈ ചിത്രം സമ്മാനിക്കുന്നു.


അഭിനയരംഗത്ത് നെടുമുടി വേണുപോലും നാടകീയത പുലര്‍ത്തുന്നതായി അനുഭവപ്പെട്ടു.

Rating : 5 / 10

അമര്‍ അക്ബര്‍ അന്തോണി



രചന : ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
സംവിധാനം : നാദിര്‍ഷാ

സുഹൃത്തുക്കളായ മൂന്ന് ചെറുപ്പക്കാരുടെ രസകരമായ ജീവിത സാഹചര്യങ്ങളും ആഗ്രഹങ്ങളുമായി പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ചിത്രം ആദ്യ പകുതി വരെ മുന്നോട്ട് പോകുന്നു.  

രണ്ടാം പകുതിയില്‍ ചിത്രം മറ്റൊരു വഴിയിലേയ്ക്ക് തിരിയുന്നു.  സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിപത്തിനെക്കുറിച്ചാണ് ചിത്രത്തില്‍ ശ്രദ്ധ കൊടുത്തിരിക്കുന്നതെങ്കിലും അത് പൂര്‍ണ്ണമായും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനായിട്ടില്ലെന്ന് വേണം പറയാന്‍.

ഗാനരംഗങ്ങളും ഹാസ്യരംഗങ്ങളുമെല്ലാം പ്രേക്ഷകരെ പരമാവധി ആസ്വാദിപ്പിക്കുന്ന തരത്തിലുള്ളതായതിനാല്‍ ഈ ചിത്രം മികച്ച പ്രതികരണം നേടുവാന്‍ സാദ്ധ്യതയുണ്ട്.

പൃഥ്യിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരുടെ ചേര്‍ച്ച ഹാസ്യരംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി.  

പൃഥ്യിരാജ് ഹാസ്യരംഗങ്ങളില്‍ തന്‍റെ പഴയ സിനിമകളെക്കാള്‍ മികവ് പുലര്‍ത്തി.

Rating : 6 / 10



Friday, October 09, 2015

ഉറുമ്പുകള്‍ ഉറങ്ങാറില്ല



രചന, സംവിധാനം: ജിജു അശോകന്‍

ചെറുകിട കള്ളന്മാരുടെ ചിന്തകളും രീതികളും ജീവിതവും വിശദമായി ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു.  ചോരപുരാണം (കള്ളന്മാരുടെ പുരാണം) എന്ന രീതിയില്‍ രസകരമായ പല കാര്യങ്ങളും വിവരിച്ച് പോകുന്നുണ്ട്.

ഗള്‍ഫില്‍ പോയ മകനെ കാത്ത് സന്തോഷത്തോടെ ഇരിക്കുന്ന മാതാപിതാക്കളുടെ വീട്ടുകാര്യങ്ങളില്‍ നിന്ന് തുടങ്ങുന്ന ചിത്രം, ഇടയ്ക്ക് വെച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം എന്ന ടൈറ്റിലോടെ തികച്ചും വ്യത്യസ്തമായ ഒരിടത്തേയ്ക്ക് മറ്റൊരു കഥാഗതിയിലേയ്ക്ക് മാറുകയാണ്.

കള്ളന്മാരുടെ ആചാര്യനായി സുധീര്‍ കരമനയും, അദ്ദേഹത്തിന്‍റെ വിദഗ്ദ ശിഷ്യനായി ചെമ്പന്‍ വിനോദും, ഇദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റായി പുതിയതായി ചേരുന്ന വിനയ് ഫോര്‍ട്ടും ഈ ചിത്രത്തിന്‍റെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നു.  

കഥയുടെ ഒരു ഘട്ടത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന കള്ളനും നിര്‍ണ്ണായകമാകുന്നു.

ചിത്രത്തിന്‍റെ അവസാനഭാഗത്തോടടുക്കുമ്പോള്‍ ചില സസ്പെന്സുകളോടെയാണ്‍ ഈ ചിത്രം ഗതി മാറുന്നത്.


കുറേയൊക്കെ രസകരമായ സന്ദര്‍ഭങ്ങളുണ്ടെങ്കിലും ഈ ചിത്രം ശരാശരി നിലവാരം പുലര്‍ത്തി എന്നേ പറയാനുള്ളൂ.  എങ്കിലും വലിയ താരജാഡകളില്ലാതെ ഈ കൊച്ചു ചിത്രം പ്രേക്ഷകരെ വെറുപ്പിക്കുന്നില്ല എന്നതാണ് സത്യം.

Rating : 4.5 / 10