(ചിത്രത്തിന് കടപ്പാട്: http://bollycurry.com/)
സംവിധാനം: ആര്‍. ബാലകൃഷ്ണന്‍ (ആര്‍. ബാല്‍കി)
നിര്‍മ്മാണം: അമിതാഭ് ബച്ചന്‍ കോര്‍പ്പൊറേഷന്‍, സുനില്‍ മന്‍ചന്ദ
തിരക്കഥ: ആര്‍. ബാലകൃഷ്ണന്‍
സംഗീതം: ഇളയരാജ
വരികള്‍: സ്വനന്ദ് കിര്‍കിറേ
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍
ഛായാഗ്രഹണം: പി.സി. ശ്രീരാം
എന്നാല്‍ ചിത്രം ചര്‍ച്ചാവിഷയമാക്കാന്‍ ഇതുമാത്രം പോര. ഒരു കുട്ടിയുടെ അസാധാരണം ആകര്‍ഷണീയമാക്കാന്‍ മറ്റ് എന്തെങ്കിലും പൊടിക്കൈ കൂടി വേണം. കിട്ടിപ്പോയി. നമുക്ക് ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ അച്ഛനും മകനുമായ അമിതാഭിനേയും മകന്‍ അഭിഷേകിനേയും എടുത്ത് ഈ ചിത്രത്തില്‍ അമിതാഭിനെ മകനും അഭിഷേകിനെ അച്ഛനുമാക്കാം. ഹൊ, എനിക്ക് വയ്യ. ഈ ചിത്രം ഗംഭീര ഹിറ്റ്, ഉറപ്പ്. ബാല്‍കി തുള്ളിച്ചാടി.
പിന്നൊന്നും ബാല്‍കി ആലോചിച്ചില്ല. എടുപിടീന്ന് ഇത്രയും വച്ച് ഒരു സിനിമ എടുത്തു. എന്നാല്‍ ഒരു സിനിമ ആകുമ്പോള്‍ ഇതു മാത്രം പോര, മറ്റ് പലതും വേണമെന്ന് ഈ ആവേശത്തില്‍ അദ്ദേഹം മറന്നു. അതായത് സിനിമയായാല്‍ ഒരു നല്ല കഥ വേണമെന്നും, ആ കഥയില്‍ നല്ല അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ വേണമെന്നും, ആ കഥാപാത്രങ്ങളെ നല്ല രീതിയില്‍ കൂട്ടിയിണക്കണമെന്നും, അവരൊക്കെ അവരുടെ പ്രായത്തിലും പ്രവൃത്തിക്കും ഉചിതമായി സംസാരിക്കണമെന്നും ഒക്കെ.
ഇനി സിനിമയെക്കുറിച്ച്. വിദ്യാ ബാലനും അഭിഷേക് ബച്ചനും പ്രേമിക്കുന്നു, പയ്യെ വിദ്യ ഗര്‍ഭിണിയാകുന്നു, തന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ കുട്ടി ഉണ്ടാകുന്നത് തടസ്സമാകുമെന്ന് അഭിഷേക് പറയുമ്പോള്‍ ഇവര്‍ പിരിയുന്നു, കുട്ടി ഒരു അപൂര്‍വ്വരോഗമായി ജനിക്കുന്നു, കുട്ടി മൂലം ഇവര്‍ ഒന്നിക്കുന്നു, ഈ കഥ രണ്ടര മണിക്കൂറ് കൊണ്ട് പറയുന്നു; ഇതാണ് പാ. അസുഖമുള്ള കുട്ടിയോട് അമിതമായി സ്നേഹം കാണിക്കാത്ത അമ്മയും, ബാലിശമായ പ്രവര്‍ത്തികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അച്ഛനും, വിരമിച്ച രാഷ്ട്രീയക്കാരന്‍ എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ജനുസ്സില്‍ പെട്ട ഒരു അച്ഛാച്ചനും, തന്റെ ആസനം മൂലം കൊച്ചുമകന്‍ ഇരട്ടപ്പേരിട്ട ഒരു അമ്മൂമ്മയും, ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന സംഭാഷണങ്ങള്‍ പറയുന്ന കുറച്ചു കൂട്ടുകാരും, ഒരു മുതിര്‍ന്നവരുടെ ശരീരമുള്ള ഒരു കുട്ടിയും; ഇവരാണ് പായിലെ കഥാപാത്രങ്ങള്‍.
അഭിനയത്തിനോട് എല്ലാ കഥാപാത്രങ്ങളും കൂറ് പുലര്‍ത്തിയെങ്കിലും കഥ ഇവരെ പരാജയപ്പെടുത്തി. ഇനി അധികം ആയുസ്സില്ല എന്ന് ഡോക്റ്റര്‍ സൂചിപ്പിച്ചിട്ടും മകനെ ഡെല്‍ഹിയില്‍ രണ്ട് ദിവസം കറങ്ങാന്‍ ഒറ്റയ്ക്ക് വിടുന്ന അമ്മയെ എങ്ങിനെ ന്യായീകരിക്കും? അഭിഷേക് ബച്ചന്റെ കൂടെയാണ് കുട്ടി പോകുന്നതെങ്കിലും അഭിഷേക് കുട്ടിയെ സംഭന്ധിച്ചിടത്തോളം അപ്പോള്‍ അപരിചിതനാണ്. തിരക്ക് മൂലം പലപ്പോഴും ഭക്ഷണം പോലും കഴിക്കാനാവാതിരിക്കുന്ന ഒരു എം.പി രണ്ട് ദിവസം സകല തിരക്കുകള്‍ക്കും അവധി കൊടുത്ത് ഒരു രോഗിയായ കുട്ടിയെ രസിപ്പിക്കാന്‍ കറങ്ങാന്‍ കൊണ്ട്പോകും എന്നത് എങ്ങിനെ സാധൂകരിക്കാന്‍ സാധിക്കും? രാത്രിയില്‍ തന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ലൈവ് പരിപാടി ടി.വി.യില്‍ കാണിക്കാനിരിക്കെ പകല്‍ മുഴുവന്‍ വെയില്‍ കാഞ്ഞും ഗോള്‍ഫ് കളിച്ചും സമയം കളയുന്ന അമിതമായ ആത്മവിശ്വാസം കാണാതെ വിട്ടാലും ലൈവ് പ്രോഗ്രാമില്‍ കാണിക്കുന്ന പോക്രിത്തരത്തെ എങ്ങിനെ സഹിക്കണം? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? അവസാനം തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്?
സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞതിനപ്പുറം അമിതാഭ് ബച്ചന്‍ എന്തെങ്കിലും സ്വന്തമായി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങിനെ പലതും ചെയ്യുവാന്‍ അവസരം ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു. എങ്കില്‍പ്പോലും അദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്. സിനിമയില്‍ ഇടയ്ക്കിടെയുള്ള ഇളയരാജയുടെ മാജിക്കും (പശ്ചാത്തലസംഗീതവും ഗാനങ്ങളും) ആസ്വാദ്യകരം തന്നെ. ഇത് രണ്ടും ഇല്ലെങ്കില്‍ ഈ ചിത്രം കണ്ടിരിക്കുക തന്നെ പ്രയാസം.
എന്റെ റേറ്റിങ്ങ്: 2/5
മറ്റ് നിരൂപണങ്ങള്‍
* മനം കവരുന്ന പാ - ദാറ്റ്സ് മലയാളം
* ചിത്രവിശേഷം
* കേരളകൗമുദി