Showing posts with label ഹിന്ദി. Show all posts
Showing posts with label ഹിന്ദി. Show all posts

Monday, December 29, 2014

PK (പീക്കെ)


സംവിധാനം: രാജ്കുമാർ ഹിരാനി
നിർമ്മാണം: രാജ്കുമാർ ഹിരാനി, വിധു വിനോദ് ചോപ്ര, സിദ്ധാർത്ഥ് റോയ് കപൂർ
അഭിനേതാക്കൾ: അമീർ ഖാൻ, അനുഷ്ക ശർമ്മ, ബൊമ്മൻ ഇറാനി, സൗരബ് ശുക്ല
സംഗീതം: അജയ് അതുൽ, ശാന്തനു മോയിത്ര, അൻകിത് തിവാരി

രാജ്കുമാർ ഹിരാനിയുടെ നാലാമത്തെ ചലച്ചിത്രമാണ് PK. തന്റെ ആദ്യ മൂന്ന് ചിത്രങ്ങളേയും പോലെ ഈ ചിത്രം സുപ്പർ ഹിറ്റ് ആയി മാറ്റിയിരിക്കുന്നു രാജ്കുമാർ ഹിരാനി. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായി 300 കോടി വരവ് നേടി പുതിയ ചരിത്രം തന്നെ കുറിച്ചിരിക്കുന്നു ഈ ചിത്രം.

അമീർ ഖാൻ ഒരു അന്യഗ്രഹജീവിയെ ആണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഭൂമിയിൽ മനുഷ്യരെ പഠിക്കാനായി വന്ന ഈ അന്യഗ്രഹജീവിയുടെ കയ്യിൽ നിന്ന് ആദ്യദിവസം തന്നെ മാതൃപേടകത്തിനെ തിരികെ വിളിക്കാനുള്ള യന്ത്രം മോഷണം പോകുന്നു. അത് തിരഞ്ഞ് നടക്കുന്ന ഇദ്ദേഹത്തോട് ഇനി ദൈവത്തിനോട് ചോദിക്കുകയേ നിവർത്തി ഉള്ളൂ എന്ന് ആളുകൾ പറയുന്നതോടെ ഇദ്ദേഹം ദൈവത്തിനെ അന്വേഷിക്കാൻ തുടങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം.

വളരെ പതുക്കെ തുടങ്ങുന്ന ഈ സിനിമ പിന്നീട് രസകരമായ സംഭവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തമാശയും ആക്ഷേപഹാസ്യവും നന്നായി ചേർത്തുള്ള അവതരണമാണ് സിനിമയുടെ മുഖ്യ ആകർഷണം. 2012-ൽ പുറത്തിറങ്ങിയ Omg! Oh My God! (നിരൂപണം) എന്ന സിനിമയുടെ പാതയിലൂടെ തന്നെ മതങ്ങളുടെ പേരിലുള്ള ചൂഷണങ്ങളെ പരിഹസിച്ച് മുന്നോട് പോകുന്നു സിനിമ. Omg-ൽ ഒരു നിരീശ്വരവാദിയുടെ വാദങ്ങൾ ആണെങ്കിൽ ഇവിടെ കുട്ടികളെപ്പോലെ സംശയം ചോദിക്കുന്ന ഒരു നിഷ്കളങ്കൻ ആണെന്ന വ്യത്യാസം മാത്രം. എങ്കിലും ഈ നിഷ്കളങ്കത കൂടുതൽ ഫലിതങ്ങൾ സൃഷ്ടിക്കാൻ അവസരം ഒരുക്കുന്നു. പ്രാർത്ഥന ദൈവം കേൾക്കാതെയാകുമ്പോൾ പ്രതിമയുടെ ബാറ്ററി തീർന്നോ എന്ന് സംശയിക്കുന്നത് ഒരു ഉദാഹരണം.

പ്രധാനമായും ഹിന്ദു മതത്തിലെ അനാചാരങ്ങൾ ആണ് ഇവിടെ വിഷയമാകുന്നതെങ്കിലും പ്രത്യേകിച്ച് ഒരു മതത്തിലേതിനേയും വെറുതേ വിട്ടിട്ടില്ല എന്ന് കാണാം. എന്നാൽ മതവിശ്വാസികൾക്ക് അരോചകമാകുന്ന രീതിയിൽ തമാശകളോ വിമർശനങ്ങളോ അതിര് വിട്ടിട്ടില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്. ഈ ഒരു കാര്യത്തിന് സിനിമയുടെ അണിയറപ്രവർത്തകൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

അമീർ ഖാൻ തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സിനിമയെ രസകരമാക്കിയിട്ടുണ്ട്. അനുഷ്ക ശർമ്മയും തന്റെ കഥാപാത്രത്തിനോട് നീതി പുലർത്തി. കഥ വലിയ കാമ്പില്ലെങ്കിലും, തിരക്കഥ മനോഹരമാണ്. പാട്ടുകളും മികവ് പുലർത്തി.

ഭൂമിയിൽ വരാൻ മാത്രം സാങ്കേതികമുന്നേറ്റം നടത്തിയ അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നിട്ട് മണ്ടന്മാരെ പോലെ പെരുമാറുമോ, അന്യഗ്രഹ ജീവികൾക്ക് മനുഷ്യരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുമോ, മനുഷ്യരെപ്പോലെ കരയുമോ തുടങ്ങിയ വലിയ വലിയ ചോദ്യങ്ങൾ ചോദിക്കാതെ സിനിമയെ സിനിമയായി കണ്ട് ആസ്വദിക്കാൻ തയ്യാറാണെങ്കിൽ നിങ്ങൾ കാണേണ്ടുന്ന ഒരു സിനിമ തന്നെയാണ് PK. എന്നാൽ, സ്വന്തം മതത്തിനെ ചെറുതായി കളിയാക്കുമ്പോൾ നിങ്ങളുടെ മതവികാരം വ്രണപ്പെടുമെങ്കിൽ ഈ സിനിമ ഒഴിവാക്കുകയാവും നല്ലത്.

റേറ്റിങ്ങ്: 4/5

Sunday, October 07, 2012

Omg! Oh My God!



സംവിധാനം: ഉമേഷ് ശുക്ല
കഥ: ഡോൺ വാട്സൺ എഴുതിയ The Man Who Sued God
അഭിനേതാക്കൾ: പരേഷ് റാവൽ, അക്ഷയ് കുമാർ, ഓം പുരി
സംഗീതം: ഹീമേഷ് റേഷമിയ

കഥ ചുരുക്കത്തിൽ: നിരീശ്വരവാദിയായ കാഞ്ചി ഭായ് ദൈവങ്ങളുടെ പ്രതിമകളും പൂജാ സാധനങ്ങളും വിൽക്കുന്ന ഒരു കട നടത്തുകയാണ്. വാക്കിലും പ്രവർത്തിയിലും ദൈവത്തെ കളിയാക്കാനുള്ള ഒരു അവസരവും കാഞ്ചി ഭായ് പാഴാക്കാറില്ല. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാകുകയും കാഞ്ചി ഭായുടെ കട നാമാവശേഷമാവുകയും ചെയ്തു. നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെ കാഞ്ചി ഭായ് സമീപിക്കുന്നു. പക്ഷെ ദൈവത്തിന്റെ പ്രവർത്തി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് പറഞ്ഞ് കമ്പനി കൈ മലർത്തുന്നു.

ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ തനിക്ക് വന്ന നഷ്ടങ്ങൾക്ക് ദൈവം നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞ് കാഞ്ചി ഭായ് കോടതിയെ സമീപിക്കുന്നു. ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്താൻ കഴിയാത്തതിനാൽ ആൾദൈവങ്ങളേയും സ്വാമിമാരേയും കാഞ്ചിഭായ് പ്രതി ചേർക്കുന്നു. തുടർന്ന് നടക്കുന്ന കോടതി വ്യവഹാരങ്ങളും വാദപ്രതിവാദങ്ങളും ആണ് കഥയുടെ രണ്ടാം പകുതി.

നായക കഥാപാത്രമായ കാഞ്ചി ഭായിയായി പരേഷ് റാവൽ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വളരെ സ്വാഭാവികവും ആയാസരഹിതവുമായ അഭിനയം തന്നെ സിനിമയുടെ പ്രധാന ആകർഷണം. മിഥുൻ ചക്രവത്തി, ഓം പുരി തുടങ്ങിയ താരങ്ങൾ ചെറുതെങ്കിലും പ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദൈവമായി അക്ഷയ് കുമാറും ഇടയ്ക്ക് കുറച്ച് നേരം വരുന്നുണ്ടെങ്കിലും ഈ കഥാപാത്രം ഒഴിവാക്കാമായിരുന്നെന്ന് തോന്നി. അനാവശ്യ സംഭാഷണങ്ങളോ കഥാപാത്രങ്ങളോ തമാശയ്ക്കായി സൃഷ്ടിച്ച രംഗങ്ങളോ ഒന്നും ഈ സിനിമയിലില്ല.

തലച്ചോർ വീട്ടിൽ വച്ചിട്ട് സിനിമ കാണാൻ വരിക എന്നാണ് പറയുന്ന ഇക്കാലത്തെ സിനിമകളിൽ നിന്ന് വ്യത്യസ്ഥമായി തലച്ചോർ നന്നായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ സിനിമയിലെ പല സംഭാഷണങ്ങളും കോടതിയിലെ വാദങ്ങളും. ഒരുപാട് ചിന്തോദ്ദീപ്തങ്ങളായ കാര്യങ്ങൾ കോടതിയിലെ വാദത്തിനിടയ്ക്ക് കാഞ്ചി ഭായ് പറയുന്നുണ്ട്. ഇന്ന് മതങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന വഞ്ചനകളേയും തട്ടിപ്പുകളേയും തുറന്ന് കാട്ടുന്നു ഈ സിനിമ. എങ്കിലുപ്പോലും മതവികാരം വ്രണപ്പെടുത്താതെ സിനിമയെ കൈകാര്യം ചെയ്തതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.

Verdict: തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം.
Rating: 4/5

Monday, December 07, 2009

പാ


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സം‌വിധാനം: ആര്‍. ബാലകൃഷ്ണന്‍ (ആര്‍. ബാല്‍കി)
നിര്‍മ്മാണം: അമിതാഭ് ബച്ചന്‍ കോര്‍പ്പൊറേഷന്‍, സുനില്‍ മന്‍‌ചന്ദ
തിരക്കഥ: ആര്‍. ബാലകൃഷ്ണന്‍
സംഗീതം: ഇളയരാജ
വരികള്‍: സ്വനന്ദ് കിര്‍കിറേ
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍
ഛായാഗ്രഹണം: പി.സി. ശ്രീരാം

ചീനി കം എന്ന ചിത്രത്തിന്റെ സം‌വിധായകനായ ആര്‍. ബാലകൃഷ്ണന്‍ (പാ എന്ന സിനിമയില്‍ ആര്‍. ബാല്‍കി എന്നാണ് എഴുതിയിരിക്കുന്നത്) എങ്ങിനെയോ പ്രൊജേറിയ എന്ന അസുഖത്തെക്കുറിച്ച് കേള്‍ക്കുന്നു. വളരെ അപൂര്‍‌വമായ ഈ രോഗം ബാധിച്ചവരുടെ ശരീരത്തിന് യഥാര്‍ത്ഥ പ്രായത്തിനേക്കാല്‍ നാലോ അഞ്ചോ ഇരട്ടി വളര്‍ച്ചയുണ്ടാകും. അതായത് ഒരു അഞ്ചെട്ട് വയസ്സ് ഉള്ള കുട്ടിക്ക് ഒരു എണ്‍പത് വയസ്സുകാരന്റേത് പോലെയുള്ള ശരീരപ്രകൃതിയായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ ആരും കൈ വയ്ക്കാത്ത ഒരു പ്രമേയം. ബാല്‍കി ഖുഷി സെ പാഗല്‍ ഹൊ ഗയാ.

എന്നാല്‍ ചിത്രം ചര്‍ച്ചാവിഷയമാക്കാന്‍ ഇതുമാത്രം പോര. ഒരു കുട്ടിയുടെ അസാധാരണം ആകര്‍ഷണീയമാക്കാന്‍ മറ്റ് എന്തെങ്കിലും പൊടിക്കൈ കൂടി വേണം. കിട്ടിപ്പോയി. നമുക്ക് ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ അച്ഛനും മകനുമായ അമിതാഭിനേയും മകന്‍ അഭിഷേകിനേയും എടുത്ത് ഈ ചിത്രത്തില്‍ അമിതാഭിനെ മകനും അഭിഷേകിനെ അച്ഛനുമാക്കാം. ഹൊ, എനിക്ക് വയ്യ. ഈ ചിത്രം ഗംഭീര ഹിറ്റ്, ഉറപ്പ്. ബാല്‍കി തുള്ളിച്ചാടി.

പിന്നൊന്നും ബാല്‍കി ആലോചിച്ചില്ല. എടുപിടീന്ന് ഇത്രയും വച്ച് ഒരു സിനിമ എടുത്തു. എന്നാല്‍ ഒരു സിനിമ ആകുമ്പോള്‍ ഇതു മാത്രം പോര, മറ്റ് പലതും വേണമെന്ന് ഈ ആവേശത്തില്‍ അദ്ദേഹം മറന്നു. അതായത് സിനിമയായാല്‍ ഒരു നല്ല കഥ വേണമെന്നും, ആ കഥയില്‍ നല്ല അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ വേണമെന്നും, ആ കഥാപാത്രങ്ങളെ നല്ല രീതിയില്‍ കൂട്ടിയിണക്കണമെന്നും, അവരൊക്കെ അവരുടെ പ്രായത്തിലും പ്രവൃത്തിക്കും ഉചിതമായി സംസാരിക്കണമെന്നും ഒക്കെ.

ഇനി സിനിമയെക്കുറിച്ച്. വിദ്യാ ബാലനും അഭിഷേക് ബച്ചനും പ്രേമിക്കുന്നു, പയ്യെ വിദ്യ ഗര്‍ഭിണിയാകുന്നു, തന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ കുട്ടി ഉണ്ടാകുന്നത് തടസ്സമാകുമെന്ന് അഭിഷേക് പറയുമ്പോള്‍ ഇവര്‍ പിരിയുന്നു, കുട്ടി ഒരു അപൂര്‍‌വ്വരോഗമായി ജനിക്കുന്നു, കുട്ടി മൂലം ഇവര്‍ ഒന്നിക്കുന്നു, ഈ കഥ രണ്ടര മണിക്കൂറ് കൊണ്ട് പറയുന്നു; ഇതാണ് പാ. അസുഖമുള്ള കുട്ടിയോട് അമിതമായി സ്നേഹം കാണിക്കാത്ത അമ്മയും, ബാലിശമായ പ്രവര്‍ത്തികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അച്ഛനും, വിരമിച്ച രാഷ്ട്രീയക്കാരന്‍ എന്ന അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വമായ ജനുസ്സില്‍ പെട്ട ഒരു അച്ഛാച്ചനും, തന്റെ ആസനം മൂലം കൊച്ചുമകന്‍ ഇരട്ടപ്പേരിട്ട ഒരു അമ്മൂമ്മയും, ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന സംഭാഷണങ്ങള്‍ പറയുന്ന കുറച്ചു കൂട്ടുകാരും, ഒരു മുതിര്‍ന്നവരുടെ ശരീരമുള്ള ഒരു കുട്ടിയും; ഇവരാണ് പായിലെ കഥാപാത്രങ്ങള്‍.

അഭിനയത്തിനോട് എല്ലാ കഥാപാത്രങ്ങളും കൂറ് പുലര്‍ത്തിയെങ്കിലും കഥ ഇവരെ പരാജയപ്പെടുത്തി. ഇനി അധികം ആയുസ്സില്ല എന്ന് ഡോക്റ്റര്‍ സൂചിപ്പിച്ചിട്ടും മകനെ ഡെല്‍ഹിയില്‍ രണ്ട് ദിവസം കറങ്ങാന്‍ ഒറ്റയ്ക്ക് വിടുന്ന അമ്മയെ എങ്ങിനെ ന്യായീകരിക്കും? അഭിഷേക് ബച്ചന്റെ കൂടെയാണ് കുട്ടി പോകുന്നതെങ്കിലും അഭിഷേക് കുട്ടിയെ സംഭന്ധിച്ചിടത്തോളം അപ്പോള്‍ അപരിചിതനാണ്. തിരക്ക് മൂലം പലപ്പോഴും ഭക്ഷണം പോലും കഴിക്കാനാവാതിരിക്കുന്ന ഒരു എം.പി രണ്ട് ദിവസം സകല തിരക്കുകള്‍ക്കും അവധി കൊടുത്ത് ഒരു രോഗിയായ കുട്ടിയെ രസിപ്പിക്കാന്‍ കറങ്ങാന്‍ കൊണ്ട്പോകും എന്നത് എങ്ങിനെ സാധൂകരിക്കാന്‍ സാധിക്കും? രാത്രിയില്‍ തന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ലൈവ് പരിപാടി ടി.വി.യില്‍ കാണിക്കാനിരിക്കെ പകല്‍ മുഴുവന്‍ വെയില്‍ കാഞ്ഞും ഗോള്‍ഫ് കളിച്ചും സമയം കളയുന്ന അമിതമായ ആത്മവിശ്വാസം കാണാതെ വിട്ടാലും ലൈവ് പ്രോഗ്രാമില്‍ കാണിക്കുന്ന പോക്രിത്തരത്തെ എങ്ങിനെ സഹിക്കണം? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? അവസാനം തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്?

സം‌വിധായകനും തിരക്കഥാകൃത്തും പറഞ്ഞതിനപ്പുറം അമിതാഭ് ബച്ചന്‍ എന്തെങ്കിലും സ്വന്തമായി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങിനെ പലതും ചെയ്യുവാന്‍ അവസരം ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു. എങ്കില്‍‌പ്പോലും അദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്. സിനിമയില്‍ ഇടയ്ക്കിടെയുള്ള ഇളയരാജയുടെ മാജിക്കും (പശ്ചാത്തലസംഗീതവും ഗാനങ്ങളും) ആസ്വാദ്യകരം തന്നെ. ഇത് രണ്ടും ഇല്ലെങ്കില്‍ ഈ ചിത്രം കണ്ടിരിക്കുക തന്നെ പ്രയാസം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍
* മനം കവരുന്ന പാ - ദാറ്റ്സ് മലയാളം
* ചിത്രവിശേഷം
* കേരളകൗമുദി

Tuesday, November 10, 2009

ജയില്‍


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
കഥ: മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ്‌ ത്യാഗി, അനുരാധ തിവാരി
അഭിനേതാക്കള്‍: നീല്‍ നിതിന്‍ മുകേഷ്, മുഗ്ദ ഗോട്സെ, മനോജ്‌ വാജ്പൈ
സംഗീതം: ശരിബ്‌ സാബ്രി, തോഷി സാബ്രി
ഛായാഗ്രഹണം: കല്പെഷ് ഭണ്ഡാര്‍ക്കര്‍

ഫാഷന്‍ എന്ന ചലച്ചിത്രത്തിന് ശേഷം മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് ജയില്‍. പ്രിയങ്ക ചോപ്രയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഫാഷന്‍ എന്ന ചലചിത്രത്തേക്കാള്‍ അതിനുമുന്പിറങ്ങിയ മധുര്‍ ചിത്രം ട്രാഫിക് സിഗ്നലിനെയാണ് ഈ ചിത്രം ഓര്‍മിപ്പിക്കുന്നത്.

നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിക്കുന്ന പരാഗ് ദീക്ഷിത് ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഈ കഥാപാത്രം ജയിലിലാവുന്നു. എങ്ങിനെ ഇദ്ദേഹം ജയിലിലാവുന്നു, അവിടെ എന്തൊക്കെ അനുഭവിക്കുന്നു, അവിടുന്ന് എങ്ങിനെ നിയമപരമായും അല്ലാതെയും അദ്ദേഹം പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു, ഇദ്ദേഹത്തിന്റെ ജീവിതം പുറത്തുള്ള മറ്റുള്ളവരുടെ ജീവിതത്തിനെ എങ്ങിനെ സ്വാധീനിക്കുന്നു, അവസാനം ഇദ്ദേഹം പുറത്ത് കടക്കുമോ എന്നിങ്ങനെയുള്ള കഥാഗതികളിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. ജയിലിനുള്ള മറ്റ് അന്തേവാസികളുടെ ജീവിതങ്ങളും ചെറുതായി കഥാകാരന്‍ പറഞ്ഞ് വയ്ക്കുന്നു.

നീലിന്റെ കഥാപാത്രം അഭിനയശേഷി നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നതിനാല്‍ നീലിന് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. മനോജ് വായ്പേജി എന്ന നടന്റെ കഴിവുകള്‍ യാതൊരുവിധത്തിലും ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിനെ ഒരു ഗുണവും പ്രാധാന്യവും ഇല്ലാത്ത ഒരു കഥാപാത്രത്തില്‍ കഥാകാരന്‍ തളച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്നു. മറ്റ് നടന്മാര്‍ക്കൊന്നും കാര്യമായ ഒരു പ്രാധാന്യവും ചിത്രത്തില്‍ ഇല്ലെങ്കിലും ആരും മോശമായി വന്നിട്ടില്ലെന്നത് ആശ്വാസം പകരുന്നു. നായികയ്ക്ക് നായകനുവേണ്ടി കരയുക എന്ന കടമയേ ഇവിടെ കൊടുത്തിട്ടുള്ളൂ. സംഗീതവും ശ്രദ്ധിക്കപ്പെടുവാന്‍ സാധ്യത കുറവ്.

ജയിലിനുള്ളിലെ ജീവിതങ്ങള്‍ വരച്ച് കാട്ടാനുള്ള സം‌വിധായകന്റെ ശ്രമം പരാജയമാണെന്ന് തന്നെ പറയേണ്ടി വരും. കഥാപാത്രങ്ങളുടെ എണ്ണം കൊണ്ട് വൈവിധ്യം ഇവിടെ കൊണ്ട് വരുവാന്‍ ശ്രമിച്ചിട്ട് അതും ഉണ്ടായില്ല, എന്നാല്‍ ഉള്ളവര്‍ക്ക് കൂടുതല്‍ വ്യത്യസ്ഥത കൊണ്ട് വരുവാന്‍ കഴിഞ്ഞതുമില്ല എന്നതാണ് സ്ഥിതി. നീല്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു എന്നത് നീലിന്റെ അഭിനയത്തിലോ രംഗങ്ങളിലോ തെളിയിക്കാന്‍ ആയില്ല സം‌വിധായകന്. മറ്റ് കഥാപാത്രങ്ങളുടെ ജീവിതകഥകളിലും ക്ലീഷേ മാത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഒരു ജയിലിന്റെ അന്തരീക്ഷം ഒരുക്കുന്നതിലും സം‌വിധായകന്‍ പരാജയപ്പെട്ടു.

മധുര്‍ ഭണ്ഡാര്‍ക്കറുടെ അധികം ചിത്രങ്ങളേയും പോലെ ഇത് ഒരു ഡോക്യുമെന്ററി ആയി ചിത്രീകരിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ഈ ആഖ്യാനരീതി ഈ സിനിമയെ രക്ഷപ്പെടുത്തുമോ എന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍

Friday, December 26, 2008

ഗജിനി


സംവിധാനം: എ. ആര്‍. മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
തിരക്കഥ: എ. ആര്‍. മുരുഗദോസ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്‍, അസിന്‍ തോട്ടുങ്കല്‍, ജിയ ഖാന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍
സംഗീതം: ഏ. ആര്‍ റഹ്മാന്‍
വരികള്‍: പ്രസൂണ്‍ ജോഷി
ഛായാഗ്രാഹണം: രവി. കെ. ചന്ദ്രന്‍
ചിത്രസംയോജനം: ആന്റണി ഗോണ്‍സാല്‍‌വസ്


എ. ആര്‍. മുരുഗദോസിന്റെ അഞ്ചാമത് ചിത്രമാണ് 2008 ഡിസംബര്‍ 25-ന് പുറത്തിറങ്ങിയ ഹിന്ദിയിലുള്ള ഗജിനി. മുരുഗദോസിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. മുരുഗദോസ് തന്നെയാണ് തമിഴില്‍ ഇറങ്ങിയ ഗജിനിയും സംവിധാനം ചെയ്തത്. മൊമെന്റോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

തമിഴില്‍ ഗംഭീരവിജയം കൊണ്ട് ഗജിനി എന്ന ചിത്രം തന്നെയാണ് അതേ പേരില്‍ ഹിന്ദിയിലും ഇറക്കിയിരിക്കുന്നത്. തമിഴില്‍ സൂര്യ ചെയ്ത നായകവേഷം ഹിന്ദിയില്‍ അമീര്‍ ഖാന്‍ ചെയ്യുമ്പോള്‍, തമിഴില്‍ അസിന്‍, പ്രദീപ് രാവത്, റിയാസ് ഖാന്‍ എന്നിവര്‍ ചെയ്ത വേഷം ഹിന്ദിയിലും അവര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. തമിഴില്‍ നയന്‍ താര ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത് ജിയ ഖാന്‍.

തമിഴ് ഗജിനിയുടെ തിരക്കഥയുടെ ഫോട്ടോകോപ്പി തന്നെയാണ് ഹിന്ദി ഗജിനിയിലും ഉപയോഗിച്ചിരിക്കുന്നത്. തമിഴിനെ ഹിന്ദി ആക്കുന്ന ഒരു സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സംഭാഷണം രചിച്ചിരിക്കുന്നു എന്നു തോന്നുമാറ് അപ്രധാനരംഗങ്ങളിലുള്ള സംഭാഷണങ്ങള്‍ പോലും തനി പകര്‍പ്പാണ്. അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്ദി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്തിനധികം, നായികയെ കൊല്ലാന്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പോലും തമിഴില്‍ ഉപയോഗിച്ചതു തന്നെയാണ്. ആമിര്‍ ഖാനിനു തമിഴ് ഗജിനിയുടെ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നും അവസാന അര മണിക്കൂര്‍ ആമിര്‍ഖാന്‍ മാറ്റിയെഴുതിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്സില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളൊന്നും ഹിന്ദി ഗജിനിയിലില്ല. തമിഴ് ചിത്രത്തില്‍ നിന്ന് കാലികമായ മാറ്റം പ്രതീക്ഷിച്ച് ഈ സിനിമ കാണുന്നവരെ തീര്‍ച്ചും നിരാശരാക്കുന്നതാണ് ഈ ചിത്രം.

മറവി രോഗമുള്ള രോഗിയായ സഞ്ചയ് സിങ്ഹാനിയ എന്ന കഥാപാത്രത്തെ ആമിര്‍ ഖാന്‍ ഭംഗിയാക്കി. തന്റെ ശരീരം ആമിര്‍ ഫലപ്രദമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍, പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍. ദേഷ്യവും വാശിയും സങ്കടവും എല്ലാം ആമിര്‍ ഫലപ്രദമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ മനസ്സിനു താളം തെറ്റിയ ഒരാളുടെ വൈകാരിക സംഘര്‍ഷങ്ങളെ, സൂര്യ വെള്ളിത്തിരയില്‍ നമുക്കു കാണിച്ചുതന്നത്ര മനോഹരമായി ആമിര്‍ ചെയ്തില്ല എന്നുവേണം പറയാന്‍. നടപ്പിലും, നോട്ടത്തിലും, തലയുടെ പല രീതിയിലുള്ള ചലനത്തിലും ഒക്കെ സൂര്യ ആ രോഗിയുടെ മാനസികാവസ്ഥ വ്യക്തമായി നമുക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ആമിര്‍ ഖാന്‍ പലപ്പോഴും ഒരു സാധാരണ മനുഷ്യന്റെ സ്വഭാവമേ കാണിക്കാന്‍ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ സൂര്യയേക്കാള്‍ ഒരു പടി മുന്നിലായി ആമിര്‍.

അസിന്‍ തന്റെ റോള്‍ ഒരിക്കല്‍ക്കൂടി അഭിനയിച്ചപ്പോള്‍ അത് കുറച്ച് കൂടുതല്‍ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെ ഈ കഥാപാത്രത്തിനു നല്‍കി അസിന്‍ തന്റെ കഥാപാത്രത്തിനോട് കൂറു പുലര്‍ത്തി. എങ്കിലും തമിഴ് ഗജിനിയിലേതുപോലെതന്നെയായി ഈ സിനിമയിലും അസിനിന്റെ മരണരംഗങ്ങള്‍. ഇവിടെ അസിനിനു കുറച്ചുകൂടി മികവ് പുലര്‍ത്താമായിരുന്നു. ഗജിനി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച രാവതും തന്റെ റോള്‍ മനോഹരമാക്കി. ക്രൂരത നിറഞ്ഞ വില്ലമായി പ്രശംസനീയമായ അഭിനയമാണ് പ്രദീപ് കാഴ്ചവച്ചത്. തമിഴ് ഗജിനിയേക്കാള്‍ ഹിന്ദി ഗജിനിയില്‍ നന്നായത് വില്ലന്‍ കഥാപാത്രം തന്നെയാണ്. നയന്‍ താരയുടെ കഥാപാത്രമായി അഭിനയിച്ച ജിയ ഖാന്‍ എടുത്തുപറയത്തക്ക അഭിനയമൊന്നും കാഴ്ചവച്ചില്ല. റിയാസ് ഖാന്‍ പഴയ പോലീസ് ഓഫീസര്‍ കഥാപാത്രത്തില്‍ നിന്ന് ഒരു പടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല എന്ന രീതിയിലാണ് ഹിന്ദിയില്‍.

എ. ആര്‍ റഹ്മാന്റെ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങള്‍ അത്ര മികച്ചവയല്ലെന്ന് മാത്രമല്ല, അവയുലുള്ള നൃത്തവും ചിത്രീകരണവും മികച്ചതായിരുന്നില്ല. പാട്ടുകളുടെ ആവശ്യമില്ലാത്തയിടത്ത് അവയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് അവ ഏച്ചു കെട്ടിയതുപോലെ മുഴച്ചും നില്‍ക്കുന്നു.

ചുരുക്കത്തില്‍: നല്ലൊരു സിനിമ, നല്ല അഭിനയം, റൊമാന്‍സും, പ്രതികാരവും, സസ്പെന്‍സും, ആക്ഷനും എന്നിങ്ങനെ എല്ലാ ചേരുവകളും ഉള്ള ഒരു അസ്സല്‍ കമേര്‍ഷ്യല്‍ സിനിമ. തമിഴ് ഗജിനി കാണാത്ത ആര്‍ക്കും ഈ സിനിമ ഇഷ്ടമാകും. എന്നാല്‍ രണ്ടിലൊന്ന് കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന പ്രേക്ഷന്, തമിഴ് ഗജിനി തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.

എന്റെ റേറ്റിങ്ങ്: 4/5

Tuesday, December 23, 2008

റബ് നേ ബനാദീ ജോഡി


സംവിധാനം - ആദിത്യ ചോപ്ര
നിര്‍മ്മാണം - ആദിത്യ ചോപ്ര, യശ് ചോപ്ര
തിരക്കഥ - ആദിത്യ ചോപ്ര
അഭിനേതാക്കള്‍ - ഷാറൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, വിനയ് പാഠക്
സംഗീതം - സലീം - സുലൈമാന്‍
വിവരണം - യശ് രാജ് ഫിലിംസ്


ദില്‍‌വാലേ ദുല്‍ഹനിയാ ലേ ജായേങ്കേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും മൊഹബത്തേം എന്ന ശരാശരി ചിത്രവും കഴിഞ്ഞ് ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് റബ് നേ ബനാദീ ജോഡി. ഷാറൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും നായികാനായകന്മാരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. 2008 ഡിസംബര്‍ 12-ന് ഈ ചിത്രം പ്രദര്‍ശനശാലകളിലെത്തി.

സുരിന്ദര്‍ സാഹ്നി എന്ന ഒരു പഞ്ചാബ് പവര്‍ ബോര്‍ഡിലെ ജീവനക്കാരനാണ് ഷാറൂഖ്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അനുഷ്‌ക അവതരിപ്പിക്കുന്ന താനിയ ഗുപ്തയെ സുരിന്ദറിന് വിവാഹം കഴിക്കേണ്ടി വരുന്നു. അന്തര്‍മുഖനും നാണംകുണുങ്ങിയുമായ സുരിന്ദറും അതിനു വിപരീത സ്വഭാവമായ താനിയയും തമ്മിലുള്ള വിവാഹജീവിതമാണ് സിനിമയുടെ കാതല്‍. വിവാഹത്തിനു ശേഷമുള്ള പ്രണമാണ് ഈ സിനിമയില്‍ എന്നത് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നു.

സ്ഥിരം യശ് രാജ് സിനിമകളുടെ പല്ലവി തന്നെയാണ് ഈ സിനിമയിലും. ഷാറൂഖിന്റെ ഗോഷ്ഠിസദൃശ്യമായ മുഖപ്രകടനങ്ങളും പതിഞ്ഞ സംഭാഷണങ്ങളും പ്രണയിനിയെ നിര്‍ബന്ധിക്കാതെ തന്നെ തിരിച്ച് സ്നേഹിപ്പിക്കാനുള്ള ശ്രമങ്ങളും തന്നെ ഈ സിനിമയില്‍ മുഴുവന്‍ ഉപയോഗിച്ചിരിക്കുന്നതും. എങ്കിലും കഥയുടെ വ്യത്യസ്ഥതയും സ്വാഭാഗികമായ നര്‍മ്മവും അധികം ഏച്ചുകെട്ടില്ലാത്ത സംഭാഷണങ്ങളും ഈ സിനിമയെ രസകരമാക്കുന്നു. സ്ഥിരം ശൈലിയാണെങ്കിലും ഷാറൂഖിന്റെ അഭിനയം മടുപ്പുളവാക്കുന്നില്ല ചിത്രത്തില്‍. പുതുമുഖ നടിയായ അനുഷ്‌ക ശര്‍മ്മയും നല്ല പ്രകടനമാണ് കാഴ്ചവച്ചത്. വിനയ് പാഠക്കിന്റെ കഥാപാത്രവും അഭിനയവും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഊഹിക്കാന്‍ പറ്റാത്ത കഥാന്ത്യവും ഈ സിനിമയെ പ്രേക്ഷകനോട് അടുപ്പിക്കുന്നു.

ഒന്നിച്ച് ഉറങ്ങുന്നില്ലെങ്കിലും ഭര്‍ത്താവ് വെപ്പ് മീശ വച്ചാണ് വീട്ടില്‍ ജീവിക്കുന്നതെന്ന് ഒരു ഭാര്യയ്ക്ക് മനസ്സിലാകില്ലെന്നും, ഭര്‍ത്താവ് മീശ വടിച്ച് മുടിയുടെ സ്റ്റൈലും സംസാര രീതിയും മാറ്റി വന്നാല്‍ ഭാര്യ തിരിച്ചറിയില്ലെന്നുമൊക്കെ വിശ്വസിക്കാന്‍ തയ്യാറാകേണ്ടി വരും ഈ സിനിമ വെള്ളം തൊടാതെ വിഴുങ്ങാന്‍. ഇതുപോലെ സാമാന്യബുദ്ധിക്ക് വിശ്വസിക്കാന്‍ പറ്റാത്ത പല കഥാസന്ദര്‍ഭങ്ങളും സിനിമയില്‍ ഉണ്ട് എന്നത് സിനിമാസ്വാദനത്തിന് ഒരു തടസ്സമാകുന്നു. ഡാന്‍സ് മുഖ്യമായ സ്ഥാനം വഹിക്കുന്ന ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഡാന്‍സ് രംഗങ്ങള്‍ നിറം മങ്ങിപ്പോയതും സിനിമയുടെ ആകര്‍ഷണീയത കുറയ്ക്കുന്നു.

സിനിമയുടെ സംഗീതം ഇതിനോടകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുന്നു. ഓം ശാന്തി ഓം സിനിമയിലേതുപോലെ താരനിബിഡമായ “ഫിര്‍ മിലേംഗേ ചല്‍തേ ചല്‍തേ” എന്ന ഗാനവും ആകര്‍ഷകമാണെന്ന് ആ വീഡിയോയുടെ ജനപ്രീതി തെളിയിക്കുന്നു.

ഫലത്തില്‍, ഷാറൂഖിന്റേയും യശ് രാജ് സിനിമകളുടേയും ആരാധര്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഒരു ചിത്രം. അതല്ലാത്തവര്‍ക്ക് കഥയുടെ മെല്ലെയുള്ള മുന്നേറ്റം സഹിക്കാമെങ്കില്‍ ഈ സിനിമ ആസ്വദിക്കാവുന്നതേയുള്ളൂ. തിയറ്ററില്‍ പോയി കണ്ടാലും നഷ്ടം വരില്ലെന്ന് കാണുന്ന ഭൂരിപക്ഷം പ്രേക്ഷകരും പറയാവുന്ന ഒരു ചിത്രം പുറത്തിറക്കിയതിന് ആദിത്യ ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍.

എന്റെ റേറ്റിങ്ങ്: 3.75/5

Friday, January 25, 2008

ഹല്ലാ ബോല്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രാജ്‌കുമാര്‍ സന്തോഷി
നിര്‍മ്മാണം: സുരേഷ് ശര്‍മ്മ, അബ്ദുള്‍ സമി സിദ്ധിക്കി
അഭിനേതാക്കള്‍: അജയ് ദേവ്ഗണ്‍, വിദ്യാ ശര്‍മ്മ, പങ്കജ് കപൂര്‍, ദര്‍ശന്‍ ജരിവാല തുടങ്ങിയ്‌വര്‍
ഛായാഗ്രഹണം: ഗണേശ് ആചാര്യ
സംഗീതം: സുഖ്‌വിന്ദര്‍ സിങ്ങ്, വന്‌രാജ് ഭാട്ടിയ
വരികള്‍: സമീര്‍, ശ്രീ ദുശ്യന്ത് കുമാര്‍, മെഹ്ബൂബ്

സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹല്ലാ ബോല്‍. ജനുവരി 11-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് സുഖ്‌വിന്ദര്‍ സിങ്ങും വന്‍‌രാജ് ഭാട്ടിയയും ചേര്‍ന്നാണ്.

ശബ്ദമുയര്‍ത്തൂ എന്നാണ് ഹല്ലാ ബോലിന്റെ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് ശബ്ദം ഉയര്‍ത്താന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയാവണം ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ഉദ്ദേശിച്ചിട്ടുള്ളതും. ഇവിടെ വിഷയം ഒരു കൊലപാതകമാണ്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ഒരു പാര്‍ട്ടിയില്‍ വച്ച് വധിക്കപ്പെടുന്നതും, കൊലപാതകത്തിനുത്തരവാദികളായ വന്‍ പണച്ചാക്കുകളെ ഭയന്ന് ഈ ദൃശ്യത്തിനു ദൃക്‌സാക്ഷിയായ നായകന്‍ ഞാ‍ന്‍ ഒന്നും കണ്ടില്ല എന്ന് ആദ്യം പോലീസുകാര്‍ക്ക് മൊഴികൊടുക്കുകയും പിന്നീടെ കുറ്റബോധം കാരണം സത്യം വിളിച്ച് പറയുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് നായകനു പല രീതിയിലും ഉള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. ഏതൊരു സിനിമയേയും പോലെ വില്ലന്മാരെ മുഴുവന്‍ കോടതി ശിക്ഷിച്ച് നായകന്‍ ജനങ്ങളുടെ ഹീറോ ആകുന്നതോടെ ഈ സിനിമയും തീരുന്നു. എത്ര പുതുമയുള്ള പ്രമേയം, അല്ലേ.

ഇത്തരം ഒരു ക്ലീഷേ കഥ കൊണ്ട് ഒരു സിനിമ ഉണ്ടാക്കാന്‍ സംവിധായകന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഥയുടെ നിര്‍ണ്ണായകമായ വഴിത്തിരിവായ ഈ കൊലപാതകം ഇടവേളയ്ക്ക് തൊട്ട് മുന്‍പ് കാണിക്കുവാന്‍ വേണ്ടി അതു വരെ സിനിമയെ വലിച്ച് നീട്ടിക്കൊണ്ട് പോകുന്ന രീതി, വലിച്ചുനീട്ടല്‍ ആഗ്രഹിക്കുന്ന ഏതൊരു സംവിധായകനും ഒരു വഴികാട്ടിയേക്കാം. ഈ സിനിമയില്‍ ഹിന്ദി സിനിമയിലെ ഒരു മുന്‍‌നിര നടന്റെ വേഷം കൈകാര്യം ചെയ്യുന്ന നായകന്‍ ഇത്രയധികം ഭാവാഭിനയം മുഖത്ത് പ്രദര്‍ശിപ്പിച്ചത് താന്‍ ഷാറൂഖ് ഖാനിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനാകും. നായകന്റെ പ്രേമരംഗങ്ങള്‍ സംവിധായകന്‍ ഒരു ഇരുപത് വര്‍ഷമായി സിനിമ കാണാറില്ലെന്ന് തോന്നിക്കുമാറ് മനം മടുപ്പിക്കുന്നവയാണ്‍. നായകന്റെ മാതാപിതാക്കളും നായികയുടെ പിതാവും എല്ലാവരും ചേര്‍ന്ന് ഈ സിനിമയെ ഒരു സീരിയല്‍ നിലവാരത്തില്‍ എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.

തികഞ്ഞ അബദ്ധമായ ഈ സിനിമയിലും ആസ്വദിക്കാന്‍ പാകമായ ചിലതുണ്ടെന്ന് പറയാതെ വയ്യ. സഹനടനായി പങ്കജ് കപൂര്‍ തിളങ്ങിയിട്ടുണ്ട് ചിത്രത്തില്‍. സിനിമയുടെ ജീവനായ അവസാന ഭാഗങ്ങളിലൊക്കെ സിനിമയുടെ ശ്രദ്ധാകേന്ദ്രവും സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതും പങ്കജ് കപൂര്‍ തന്നെയാണ്. ഒരു സംഘട്ടനരംഗമൊഴികെ മറ്റെല്ലാ രംഗങ്ങളിലും അസ്സലായി ശോഭിച്ച പങ്കജ് കപൂറിന്റെ റോള്‍ മാത്രമായി സിനിമ വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഈ സിനിമയ്ക്ക് എത്രയോ കൂടുതല്‍ ആസ്വാദകരുണ്ടായേനേ എന്ന് തോന്നിപ്പോകുന്നു. വില്ലനായി രംഗത്ത് വന്ന ദര്‍ശനും നല്ല അഭിനയമാണ് കാഴ്ചവച്ചത്. സിനിമയില്‍ പ്രാധാന്യം ഉള്ള മറ്റാരും തന്നെയില്ലാത്തതിനാല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു.

ഈ സിനിമ രക്ഷപ്പെടാന്‍ പാട്ടുകള്‍ നന്നായേ തീരൂ എന്ന അവസ്ഥ ആയിരുന്നെങ്കിലും അവിടേയും സംവിധായകനു പിഴച്ചു. സുഖ്‌വിന്ദര്‍ സിങ്ങിന്റേയും വന്‌രാജ് ഭാട്ടിയയുടേയും സംഗീതവും പ്രേക്ഷകരെ പ്രദര്‍ശനഹാളിലേയ്ക്ക് കൊണ്ട്‌വരാന്‍ പര്യാപ്തമായില്ല. ഛായാഗ്രഹണവും പുതുമനിറഞ്ഞതായിരുന്നില്ല.

ഈ സിനിമ കണ്ട് കഴിഞ്ഞ് ആളുകള്‍ ഒരു പക്ഷെ സംവിധായകനെതിരേ ഒരു ഹല്ലാ ബോല്‍ നടത്താന്‍ സാധ്യതയുണ്ട്. അടുത്ത സംരംഭമെങ്കിലും നല്ല ഒരു വിഷയം ഉള്ളതാവാന്‍ സംവിധായകനെ ആ‍ശംസിച്ചുകൊള്ളുന്നു.

എന്റെ റേറ്റിങ്ങ്: 0.5/5

Monday, April 30, 2007

ബേജാ ഫ്രൈ


സംവിധാനം: സാഗര്‍ ബെല്ലാരി
നിര്‍മ്മാണം: സുനില്‍ ദോഷി
തിരക്കഥ: സാഗര്‍ ബെല്ലാരി, അര്‍പ്പിത ചാറ്റര്‍ജി
അഭിനേതാക്കള്‍: സരിക, രജത് കപൂര്‍, വിനയ് പാതക്ക്, രണ്‍‌വീര്‍ ഷോരെ, മിലിന്ദ് സോമന്‍, ഭൈരവി ഗോസ്വാമി

സാഗര്‍ ബെല്ലാരിയുടെ ആദ്യ ചിത്രമാണ് ബേജാ ഫ്രൈ. വന്‍ താരനിര ഒന്നും ഇല്ലാത്ത ഈ ചിത്രം മള്‍ട്ടിപ്ലെക്സ് പ്രേക്ഷകരെ മനസ്സില്‍ കണ്ട് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയ പരസ്യങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഈ സിനിമ ഭാരതമാകെ റിലീസ് ആയതും.

രജത് കപൂര്‍ ഒരു ധനികനാണ്. വെള്ളിയാഴ്ചകളില്‍ അധികം കഴിവൊന്നുമില്ലാത്ത കലാകാരന്മാരെ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടികളില്‍ വിളിച്ച്, അവരെക്കൊണ്ട് പരിപാടികള്‍ അവതരിപ്പിച്ച്, അവരറിയാതെ അവരെ കളിയാക്കി ചിരിക്കുന്ന വിനോദം ഉള്ള അഹങ്കാരിയായിട്ടാണ് രജത് കപൂര്‍ വേഷമിടുന്നത്. അങ്ങിനെയുള്ള ഒരു വിരുന്നിന് വിനയ് പാതക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ രജത് കപൂര്‍ ക്ഷണിക്കുന്നു. പക്ഷെ അന്നേ ദിവസം രജത് കപൂറിന്റെ നടുവ് ഉളുക്കിയതിനാല്‍ പാര്‍ട്ടിക്ക് പോകാനാകുന്നില്ല. വിനയ് പാതക്ക് അങ്ങിനെ രജത് കപൂറിന്റെ വീട്ടിലെത്തുന്നു. അവിടെ അന്നേ ദിവസം രാത്രി വിനയ് കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണ് ഈ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗം.

വിനയ് പാതക്ക് വളരെ നന്നായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ഇഡിയറ്റ് എന്ന് രജത് കപൂര്‍ ആദ്യവസാനം വിശേഷിപ്പിക്കുന്ന ഈ കഥാപാത്രത്തിനെ എല്ലാത്തരത്തിലും ആസ്വാദ്യകരമാണ്. അദ്ദേഹത്തിന്റെ ചിരിയും, ഓരോ ഫോണ്‍ വിളിക്കുമ്പോഴും ആവര്‍ത്തിക്കുന്ന ചില ഡയലോഗുകളും, അബദ്ധം പറ്റുമ്പോള്‍ പ്രതികരിക്കുന്നതും, കയ്യില്‍ കൊണ്ട് നടക്കുന്ന തന്റെ ഫോട്ടോ ആല്‍ബവും, അദ്ദേഹത്തിന്റെ പാട്ടുകളും എല്ലാം ഒന്നിനൊന്ന് മെച്ചം. വിനയിനെക്കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമാശകളും ഒക്കെ രജത് കപൂറും ഭംഗിയാ‍ക്കി. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ചെയ്ത രണ്‍‌വീര്‍ ഷോരിയും പ്രേക്ഷകരെ ചിരിപ്പിക്കും. മിലിന്ദ് സോമന്‍ പക്ഷെ തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയം, രണ്‍‌വീറിനോടും വിനയ്‌നോടും ഒരേപോലെ അടുപ്പം കാണിക്കുന്ന തരത്തിലുള്ള മിലിന്ദ് സോമന്റെ പ്രകടനം ചിലപ്പോഴെങ്കിലും അരോചകമായി.

സിനിമയുടെ ഹൈലൈറ്റ് അതിന്റെ കഥ തന്നെയാണ്. ഒരു രാത്രി സംഭവിക്കുന്ന കാര്യങ്ങളായതിനാല്‍ കഥ എന്നൊരുപക്ഷെ വിളിക്കാന്‍ കഴിയില്ലെങ്കിലും രസകരമായ സംഭവവികാസങ്ങളിലൂടെയുള്ള സിനിമയുടെ പോക്ക് മനോഹരമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ കഥ മാറിമറിയുന്നതും, അതിനുചേര്‍ന്ന് രീതിയിലുള്ള കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും ഒക്കെയാകുമ്പോള്‍ ഈ സിനിമ എന്തുകൊണ്ടും ആസ്വാദ്യകരമാകും. ഒറ്റതവണയെങ്കിലും പൊട്ടിച്ചിരിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്ന്‍ തറപ്പിച്ച് തന്നെ പറയാനാകും.

സിനിമയില്‍ പാട്ട് ഒന്നേയുള്ളൂ. അത് തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി. സിനിമയില്‍ പാട്ടിനധികം പ്രാധാന്യമില്ലെങ്കിലും.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. അതീവ സുന്ദരി എന്ന് ഒന്നിലധികം തവണ വിശേഷിപ്പിച്ച രജത് കപൂറിന്റെ ഭാര്യാകഥാപാത്രമായി വേഷമിട്ടിരുന്നത് സരികയാണെന്നത് ഒന്ന്. ഭാര്യയെ ഒരു രാത്രി കാണാതാകുമ്പോള്‍ രജത് പലരേയും വിളിച്ച് ഭാര്യ അയാളുടെകൂടെയുണ്ടോ എന്നന്വേഷിക്കുന്നത് ഈ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ പ്രേക്ഷകന് അറപ്പുളവാക്കും എന്നത് വേറൊന്ന്. സിനിമയിലെ ആണ്‍ കഥാപാത്രങ്ങള്‍ക്ക് മുഴുവന്‍ പിണങ്ങിപ്പോയ ഭാര്യയോ, അല്ലെങ്കില്‍ പരപുരുഷബന്ധം സൂക്ഷിക്കുന്ന ഭാര്യയോ ആണുള്ളതെന്നതും ഒരു നല്ല കഥയ്ക്ക് ചേരുന്നതല്ല്ല എന്നത് മറ്റൊന്ന്.

മനസ്സ് തുറന്ന് ചിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം. ദ്യയാര്‍ത്ഥപ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഇല്ലാതെ സിറ്റുവേഷണല്‍ കോമഡിയാണ് ഇതില്‍ ഉള്ളതെന്നതിനാല്‍ ഏത് പ്രായക്കാര്‍ക്കും ഒരേപോലെ രസിക്കും ഈ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങള്‍, നല്ല അഭിനയങ്ങള്‍, സിനിമ കഴിഞ്ഞാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന പല പല രംഗങ്ങള്‍. എന്തുകൊണ്ടും നല്ല സിനിമ എന്ന് വിളിക്കാവുന്ന ഒരു ലോ ബഡ്ജസ്റ്റ് സിനിമ. പക്ഷെ കരച്ചില്‍ പടങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും, പ്രേമ രംഗങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തിയറ്റര്‍ അന്വേഷിച്ച് പോകേണ്ടി വരും.

എന്റെ റേറ്റിങ്ങ്: 4.0/5

Saturday, February 24, 2007

ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്

സംവിധാനം:- റീമ കാഗ്‌ടി
നിര്‍മ്മാണം:- ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിധ്വാനി
സംഗീതം:- വിഷാല്‍ ദദ്‌ലാനി, ശേഖര്‍ രവ്ജ്യാനി
ക്യാമറ:- ദീപ്തി ഗുപ്ത
അഭിനേതാക്കള്‍:- അഭയ് ഡിയോള്‍, മിനിഷ, ഷബാന ആസ്മി, ബൊമ്മന്‍ ഇറാനി, അമീഷ പട്ടേല്‍, റൈമ സെന്‍, കെ കെ മേനോന്‍, സന്ധ്യ മൃദുല്‍, വികരം ചാട്വാള്‍, കരണ്‍ ഖന്ന, രണ്‍‌വീര്‍ ഷോരെ, ദിയ മിര്‍സ, അര്‍ജുന്‍ രാം‌പാല്‍, സുസൈന്‍ ബെര്‍നെര്‍ട്ട്.


‘ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നത് സംവിധായക എന്ന നിലയില്‍ റീമ കാഗ്‌ടിയുടെ ആദ്യ സിനിമയാണ്. സൂപ്പര്‍ താരനിരയൊന്നുമില്ലാതെ ഒരു ലളിതമായ ഒരു കോമഡി ചിത്രമാണിത്.

ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം നടത്തുന്ന ഗോവന്‍ ഹണിമൂണ്‍ യാത്രയാണ് ഈ ചിത്രത്തിന്റെ കഥയുടെ ആധാരം. ഈ യാത്രയില്‍ ആറ് ദമ്പതികളാണ് പങ്കെടുക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഇവര്‍ പുറപ്പെടുന്ന ഈ യാത്ര തീരുന്നത് സിനിമയോടൊപ്പമാണ്. ഈ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളും തമാശകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം.

ഊഹിക്കാവുന്നതുപോലെ ഈ ദമ്പതികളുടെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ച് കൊച്ച് തമാശകളും കുറച്ച് സ്നേഹപ്രകടനങ്ങളും എല്ലാം ചേര്‍ന്ന ഒരു ഹണിമൂണ്‍ തന്നെ ഈ സിനിമയില്‍ നമ്മള്‍ കാണുന്നതും. വളരെ വ്യത്യസ്ഥമാണ് ഈ യാത്രയിലെ ആറ്‌ ദമ്പതികളും, അതുകൊണ്ട് ഇവരുടെ കഥകളും വളരെ വ്യത്യസ്ഥം. കഥ പറയുന്ന രീതിയും കഥ മുന്നോട്ട് പോകുന്ന വിധവും സംവിധാനവും ഒന്നിനൊന്നോട് മികച്ച് നില്‍ക്കുന്നു. ക്യാമറയും ലൊക്കേഷനും ഒക്കെ മനോഹരം. കഥാപാത്രങ്ങള്‍ കുറച്ചധികം ഉണ്ടെങ്കിലും എല്ലാവര്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നതില്‍ സംവിധായിക വിജയിച്ചിട്ടുണ്ട്. അഭിനേതാക്കളും മനോഹരമായി തങ്ങളുടെ കടമ നിര്‍വ്വഹിച്ചിരിക്കുന്നു. ഹണിമൂണാണ് വിഷയമെങ്കിലും അതിരുകടന്ന സ്നേഹപ്രകടനം ഒന്നും സിനിമയില്‍ ഇല്ലാത്തതിനാല്‍ കുടുമ്പത്തോടൊപ്പമിരുന്ന് സിനിമ കാണാവുന്നതുമാണ്.

സിനിമയിലെ ഗാനങ്ങളും, നൃത്തവും ഒക്കെ നല്ല നിലവാ‍രം പുലര്‍ത്തുന്നുണ്ട്. അഭയ് ഡിയോളിന്റേയും മിനിഷ ലാമ്പയുടേയും സാല്‍‌സ നൃത്തം അതിമനോഹരമായിരിക്കുന്നു. കെ കെ മേനോന്‍ നേതൃത്വം കൊടുത്ത പാര്‍ട്ടി ഗാനവും ആസ്വാദ്യകരം.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. ആറ്‌ ദമ്പതികളിലൊന്നിന്റെ കഥ യുക്തിക്ക് നിരക്കാത്തതാണെന്നു മാത്രമല്ല, ഒരു കാര്‍ട്ടൂണിന്റെ നിലവാരത്തിലേയ്ക്ക് താഴ്ന്നിട്ടുമുണ്ട് (മറ്റുള്ളവരുടെ കഥ നല്ല യാഥാര്‍ത്ഥ്യബോധം ഉളവാ‍ക്കുന്നതാകയാല്‍ ഈ വ്യത്യാസം വല്ലാതെ അനുഭവപ്പെടുന്നു). ബംഗാളി, ബീഹാറി, ഗുജറാത്തി എന്നീ ഭാഷകളും ഈ സിനിമയില്‍ ഉപയോഗിക്കുന്നത് ഈ ഭാഷ മനസ്സിലാവാത്തവരില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കഥയുടെ അന്ത്യം തീരെ സാധാരണമായിപ്പോയി. സിനിമ തീരുമ്പോഴും ചില ദമ്പതികളുടെ ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിച്ചതായി തെളിയിക്കുന്നില്ല. സിനിമയിലെ ചില ചുമ്പനരംഗങ്ങളെങ്കിലും ഒഴിവാക്കാവുന്നതുമായിരുന്നു.

സംഗ്രഹം: ഒരു യാത്രയെക്കുറിച്ചുള്ള ഈ സിനിമ ഒരു യാത്രയില്‍ പോകുന്ന സുഖം പ്രേക്ഷകന് നല്‍കുന്നുണ്ട്. സരസമായ അവതരണവും ലളിതമായ കഥയും ആയാസരഹിതമായ അഭിനയവും ഒക്കെ ഈ സിനിമ ഒരു ആസ്വാദ്യകരമായ ഒരു അനുഭവമാക്കിത്തരുന്നു. കാതിനിമ്പമുള്ള പാട്ടുകളും ഉണ്ടെന്നതുകൊണ്ട് വിശ്വസിച്ച് പണം മുടക്കി തിയറ്ററില്‍ പോയി കാണാവുന്നതുമാണ്.

എന്റെ റേറ്റിങ്ങ്: 3.5/5

Tuesday, February 06, 2007

ട്രാഫിക്ക് സിഗ്നല്‍


സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
നിര്‍മ്മാണം: പെര്‍ഫക്റ്റ് പിക്ചേര്‍സ്
തിരക്കഥ: സച്ചിന്‍ യാര്‍ദി
അഭിനേതാക്കള്‍: കൊണ്‍കണ സെന്‍ ഗുപ്ത, കുനാല്‍ ഖേമു, നീതു ചന്ദ്ര, രണ്‍‌വീര്‍ ഷോരെ


ചാന്ദ്നി ബാര്‍, പേജ് ത്രീ, കോര്‍പ്പൊറേറ്റ് എന്നീ സിനികളുടെ ശില്‍പ്പിയായ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്രാഫിക്ക് സിഗ്നല്‍. വളരെ യഥാര്‍ത്ഥമയമായ രീതിയില്‍ ജീവിതത്തിനെ തുറന്ന് കാട്ടിയതിന് വിമര്‍ശന പ്രശംസ ഏറ്റുവാങ്ങിയവയായിരുന്നു മധുറിന്റെ മുന്‍ സിനിമകള്‍. അതുകൊണ്ട് തന്നെ റിലീസിനുമുന്‍പ് തന്നെ ഈ സിനിമ സിനിമാവൃത്തങ്ങളില്‍ സംസാരവിഷയമായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മധുര്‍, നായകനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതും ഈ ചിത്രത്തിന് വലിയൊരു പരസ്യമായി.

പേര് സൂചിപ്പിക്കുന്നത്പോലെ ഒരു ട്രാഫിക്ക് സിഗ്നലിനെ ചുറ്റിപ്പറ്റിയുള്ള കുറേപ്പേരുടെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊഹിക്കാവുന്നതുപോലെ, ഭിക്ഷക്കാരാണ് സിനിമയിലെ മിക്ക കഥാപാത്രങ്ങളും. നായകന്‍ ഭിക്ഷക്കാരുടെ ഇടയില്‍ നിന്ന് പൈസ പിരിക്കുന്ന ഏജന്റും, നായിക വഴിവക്കില്‍ കച്ചവടം നടത്തുന്നവളും ആണ്. കൊണ്‍കൊണ സെന്‍ ഒരു അഭിസാരികയെ അവതരിപ്പിക്കുന്നു. രണ്‍‌വീര്‍ മാന്യനായി ചമഞ്ഞ് വലിയ സംഖ്യകള്‍ക്ക് മാത്രം ഭിക്ഷ യാചിക്കുന്നവനുമായി വരുന്നു.

ഭിക്ഷക്കാരുടെ ജീവിതവും, അവര്‍ കാണിക്കുന്ന കള്ളത്തരങ്ങളും പച്ചയ്ക്ക് തുറന്ന് കാണിക്കുന്നു ഈ സിനിമ. ഭിക്ഷയാചിക്കുന്നവരുടെ ഇടയിലുള്ള മാഫിയകളെപ്പറ്റിയും, അവരെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരേയും സിനിമ ഏറെക്കുറേ വിശദമായി തന്നെ പറയുന്നു. ഭണ്ഡാര്‍ക്കറും സച്ചിന്‍ യാര്‍ദിയും നല്ല പഠനം ഇവരെക്കുറിച്ച് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.

പക്ഷെ സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളെ കുത്തി നിറച്ചത് ഓരോരുത്തരുടേയും പ്രാധാന്യവും കുറയാന്‍ കാരണമായി. നായകനു‍പോലും കാര്യമാത്ര പ്രസക്തമായ ഒരു റോള്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. കുട്ടികളെ വച്ച് ഭിഷയാചിക്കുന്നതും, പത്രം വില്‍ക്കുന്ന കുട്ടികളും, തെരുവില്‍ വച്ച് അടികൂടുന്ന ഭിക്ഷക്കാരും, ഭിക്ഷക്കാരുടെ പാത്രത്തില്‍നിന്ന് കൈയിട്ട് വാരുന്ന ദ്രോഹികളും എന്നിങ്ങനെ ഇന്ത്യന്‍ തെരുവില്‍ നാം നിത്യേന കാണുന്ന കഥാപാത്രങ്ങള്‍ തന്നെ സ്ക്രീനിലും വരുന്നത് മടുപ്പാണ് ഉളവാക്കുന്നത്. കൊണ്‍കൊണ സെന്നിന്റേയും റണ്‍‌വീറിന്റേയും കഥാപാത്രങ്ങള്‍ മുഖ്യധാരാ കഥയിലേയ്ക്ക് വരുന്നത് തന്നെയില്ല. നായകന്റെ പ്രേമം, ഒരു സിനിമയായാല്‍ ഒരു പ്രേമമെങ്കിലും ഇല്ലെങ്കില്‍ മോശമല്ലേ എന്ന് വിചാരിച്ച് തിരുകിക്കയറ്റിയ പോലെയായിപ്പോയി. കഥയുടെ ക്ലൈമാക്സും ആസ്വാദ്യകരമല്ല.

സംവിധാനം ഏറെക്കുറേ ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയെങ്കിലും കഥ അതിനൊത്തുയരാതിരുന്നതിനാല്‍ സംവിധായകന്‍ ഇത്തവണ മുന്‍പ് കിട്ടിയത്ര അഭിനന്ദനങ്ങള്‍ നേടിയെടുക്കാന്‍ സാധ്യത കുറയും. അഭിനേതാക്കളുടേതില്‍ ആരുടേയും അഭിനയം എടുത്ത് പറയത്തക്ക രീതിയില്‍ മഹത്തരമല്ല, കഥ അവര്‍ക്കത് ചെയ്യാന്‍ അവസരം കൊടുത്തില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ക്യാമറ ചലിപ്പിച്ചതിലും കാര്യമായ ഒരു മാജിക്കും കാണാന്‍ കിട്ടിയില്ല. എങ്കിലും ഗാനങ്ങള്‍ ശരാശരിയിലും മുകളിലുള്ള നിലവാരം പുലര്‍ത്തി.

ചുരുക്കി പറഞ്ഞാല്‍ ഭിക്ഷക്കാരെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഡോക്യുമെന്ററി കാണുന്നപോലെ കാണാന്‍ കഴിയുന്ന ഒരു പടം. അതല്ലാതെ, നല്ല കഥകള്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ പോയാല്‍ നിരാശയാകും ഫലം. അത്തരക്കാര്‍ ആദ്യ പകുതി കഴിയുമ്പോള്‍ മതിയാക്കി ഇറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, രണ്ടാം പകുതിയില്‍ കഥ കുറച്ചുംകൂടി (താരതമ്യേന) ആസ്വാദ്യകരമാകുന്നുണ്ട്.

എന്റെ റേറ്റിങ്ങ്: 2/5

Wednesday, October 18, 2006

കോര്‍പ്പറേറ്റ്‌

നിര്‍മ്മാണം : സഹാറ വണ്‍ മോഷന്‍ പിക്ചേര്‍സ്‌.
സംവിധാനം : മധുര്‍ ഭണ്ഡാര്‍കര്‍
കഥ, തിരക്കഥ : മനോജ്‌ ത്യാഗി, മധുര്‍ ഭണ്ഡാര്‍കര്‍
സംഭാഷണം : മനോജ്‌ ത്യാഗി, അജയ്‌ മോംഗേ
ക്യാമറ : മഹേഷ്‌ ലിമായേ.
സംഗീതം : സമീര്‍ ഠണ്ടന്‍.

രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, 2004 ഇലെ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോഴാണെന്ന് തോന്നുന്നു, മലയാള വേദിയില്‍ ഒരു ചൂടു സംവാദം നടന്നിരുന്നു. ഇന്ത്യന്‍ മധ്യവര്‍ത്തി സിനിമയുടെ കേന്ദ്രം ഹിന്ദി ഭാഷയിലേക്ക്‌ മാറിയോ എന്നതിനെപ്പറ്റി. മലയാളവും ബംഗാളിയും കയ്യടക്കി വെച്ചിരുന്ന " നല്ല സിനിമകള്‍" എന്ന മുദ്ര, പതുക്കെ ഹിന്ദി സിനിമകളിലേക്ക്‌ മാറാന്‍ തുടങ്ങിയത്‌ നാം കണ്ടു തുടങ്ങിയിട്ട്‌ രണ്ടു മൂന്നു കൊല്ലമായി. തഴക്കവും വഴക്കവും ചെന്ന ഋതുപര്‍ണ്ണ ഘോഷിനേയും ( റെയിന്‍ കോട്ട്‌, ചൊഖേര്‍ ബാലി) ജാഹ്‌നു ബറുവയേയും (മേം നേ ഗാന്ധി കോ നഹിം മാരാ) പോലുള്ള സംവിധായകര്‍ പോലും ഹിന്ദിയിലേക്ക്‌ ചേക്കേറിയ കാലമാണ്‍ ഇത്‌ . അതു കൂടാതെ സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു പറ്റം പുതിയ സംവിധായകരേയും നാം കണ്ടു. ആശുതോഷ്‌ ഗൊവാരിക്കര്‍ (ലഗാന്‍, സ്വദേശ്‌), പ്രദീപ്‌ സര്‍ക്കാര്‍ (പരിനീത), രാജ്‌കുമാര്‍ ഹിറാനി (മുന്നാഭായ്‌ സീക്വലുകള്‍), വിശാല്‍ ഭരദ്വാജ്‌ (മഖ്‌ബൂല്‍, ഓംകാര), ഡോ. ചന്ദ്രപ്രകാശ്‌ ദ്വിവേദി (പിഞ്ജര്‍), ഒനീര്‍ (മൈ ബ്രദര്‍ നിഖില്‍), രേവതി (ഫിര്‍ മിലേംഗേ) തുടങ്ങി ഒട്ടേറെ സംവിധായകര്‍ നല്ല പടങ്ങള്‍ ചെയ്യുകയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അതു കൂടാതെയാണ്‌ കല്‍പ്പനാ ലാജ്‌മി, അപര്‍ണ്ണാ സെന്‍ എന്നിവരുടെ ചിത്രങ്ങളും. അങ്ങിനെ ശരിക്കും ഹിന്ദി സിനിമയില്‍ ഉണ്ടായ ഒരു നവോദ്ധാനത്തിന്റെ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന സംവിധായകനാണ്‌ മധുര്‍ ഭണ്ഡാര്‍കര്‍.

വ്യത്യസ്തമായ, അധികം ആളുകള്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന, പ്രമേയങ്ങള്‍ നിര്‍ഭയം അവതരിപ്പിക്കുന്നു എന്നതാണ്‌ മധുര്‍ എന്ന സംവിധായകന്റെ പ്രത്യേകത. മധുര്‍ ആദ്യം ചെയ്ത ആന്‍ എന്ന ചിത്രം അധികം ശ്രദ്ധ ഒന്നും നേടിയില്ലെങ്കിലും, സത്ത എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ ഇദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. തുടര്‍ന്നു വന്ന "ചാന്ദ്‌നി ബാര്‍" മധുറിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് പറയാം. ഒട്ടേറെ ദേശീയ അവാര്‍ഡുകള്‍ നേടിയ "പേജ്‌ 3" യിലും ഈ വ്യത്യസ്തത പുലര്‍ത്താന്‍ ഈ സംവിധായകനായി.

കോര്‍പ്പറേറ്റ്‌ എന്ന തന്റെ പുതിയ ചിത്രത്തിലും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത വന്‍കിട കമ്പനികളുടെ മത്സരമാണ്‌ മധുര്‍ വരച്ചിടുന്നത്‌. തന്റെ മുഖമുദ്രയായ തുറന്ന സമീപനം ഇതിലും അദ്ദേഹം പാലിക്കുന്നു എന്ന് പറയാതെ വയ്യ. ബോംബേയിലെ വന്‍കിട മുതലാളി കുടുംബങ്ങളായ സെഹ്‌ഗാലുകളും മാര്‍വകളും തമ്മിലുള്ള കിടമത്‌സരമാണ്‌ പ്രതിപാദ്യ വിഷയം. അധികാരം എന്ന മധുരക്കനി കയ്യിലൊതുക്കുന്നതിന്‌ ഇവര്‍ ഏതറ്റം വരെ പോവും എന്ന് കാണിക്കുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു.ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ രംഗത്ത്‌ നിലനില്‍ക്കുന്ന അഴിമതിയും, കാര്യസാധ്യത്തിനായുള്ള പിന്‍വാതില്‍ക്കളികളും, അതിനായി കുടുംബ ബന്ധങ്ങളേയും വിശ്വസ്തരേയും പോലും ബലികൊടുക്കാനുള്ള മടിയില്ലായ്മയും നന്നായി എടുത്തുകാണിച്ചിരിക്കുന്നു. ഭദ്രമായ ഒരു തിരക്കഥ അടിസ്ഥാനമാക്കിയാണ്‌ മധുറിന്റെ കഥ പറച്ചില്‍ വികസിക്കുന്നത്‌. അതുകൊണ്ടു തന്നെ, ഈ പ്രോസസ്സിലുടനീളം പ്രേക്ഷകരെ ഒപ്പം നിര്‍ത്തുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിരിക്കുന്നു മധുര്‍ എന്ന് പറയാതെ വയ്യ.

പേജ്‌ 3 യില്‍ അവലംബിച്ച, കഥയില്‍ അത്ര പ്രാധാന്യമില്ലാത്ത പാത്രങ്ങളെക്കൊണ്ട്‌, അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയിക്കുന്ന രീതി ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നു. പേജ്‌ 3 യില്‍ അത്‌ താരങ്ങളുടെ ഡ്രൈവര്‍മാര്‍ ആയിരുന്നുവെങ്കില്‍ ഇവിടെ ഓഫിസ്‌ ബോയ്‌മാര്‍ ആണ്‌ എന്ന വ്യത്യാസം മാത്രം.

സംഗീതം, ക്യാമറ എന്നിവയിലും നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്‌. പക്ഷേ ചാന്ദ്‌നി ബാറിലും,( തബു, അതുല്‍ കുല്‍ക്കര്‍ണി) പേജ്‌ 3 യിലും (കൊങ്കണാ സെന്‍) അഭിനേതാക്കളില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ട്‌ കോര്‍പ്പറേറ്റില്‍ ലഭിച്ചോ എന്ന് സംശയം. കേക്കേ, രജത്‌ കപൂര്‍, രാജ്‌ ബബ്ബാര്‍ എന്നിവര്‍ നിരാശപ്പെടുത്തി. മദ്‌ഹോശ്‌ എന്ന ചിത്രത്തിലെ സ്കീസോഫ്രേനിയാക്കിനു ശേഷം ലഭിച്ച കാമ്പുള്ള ഒരു റോള്‍ ബിപാഷ മോശമാക്കിയില്ല എന്നേ പറയാനുള്ളു. എന്തായാലും, ഗ്ലാമര്‍ ഗേള്‍ എന്ന ടാഗിനപ്പുറം അത്യാവശ്യം ശ്രദ്ധിക്കപ്പെടേണ്ട നടിയാണ്‌ താന്‍ എന്ന് ബിപാഷ ഓര്‍മ്മപെടുത്തുന്നു.

മൊത്തത്തില്‍, കാണാവുന്ന ഒരു ചിത്രം. അര്‍ബന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്‌ എന്നത്‌ ഒരു ന്യൂനതയാവില്ലെങ്കില്‍.

എന്റെ റേറ്റിംഗ്‌ : 3 /5.

Thursday, September 21, 2006

കഭി അല്‍‌വിദ നാ കെഹ്നാ


ബാനര്‍: ധര്‍മ പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, പ്രീതി സിന്റ, അഭിഷേക് ബച്ചന്‍.
സംവിധാനം: കരന്‍ ജോഹര്‍
സംഗീതം: ഷങ്കര്‍, എഹ്സാന്‍, ലോയ്
വരികള്‍: ജാവേദ് അക്തര്‍


“കഭി അല്‍‌വിദ നാ കെഹ്നാ” തകര്‍ന്നു പോകുന്ന ജീവിത മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. രണ്ട് ദമ്പതിമാരെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഈ കുടുമ്പങ്ങള്‍ തമ്മിലുണ്ടാകുന്ന അവിഹിത ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പതിവ് കരണ്‍ ജോഹര്‍ സിനിമകളില്‍ നിന്ന് വെത്യസ്ഥമായി ഇവിടെ പ്രേമം വിവാഹശേഷമാണ്. ഒരിന്ത്യന്‍ ഭര്‍ത്താവ് വേറെ കുടുമ്പത്തിലെ ഭാര്യയെ പ്രേമിക്കുന്ന കഥ ഇന്ത്യയില്‍ ഓടില്ലെന്ന് മാത്രമല്ല, വിവാദവും ആകുമെന്നത് കൊണ്ട് തന്നെ കഥ മുഴുവന്‍ നടക്കുന്നത് അമേരിക്കയില്‍ വച്ചാണ്.

പ്രീതി സിന്റയും ഷാറൂഖ് ഖാനും ഭാര്യാഭര്‍ത്താക്കന്മാരാണ്. അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും വേറൊരു ദമ്പതികള്‍. അമിതാബ് ബച്ചനും കിരണ്‍ഖേറും ഇവരെക്കൂടാതെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു രണ്ട് കുടുംബങ്ങളിലായി.

കരണ്‍ ജോഹറിന്റെ ഏറ്റവും മോശം ഷാറൂഖ് ഖാന്‍ സിനിമ ആയിരിക്കുമിത്. നായകനെ കരയിച്ച് സിനിമയ്ക്ക് ആളെക്കൂട്ടുന്ന തന്ത്രം ഈ സിനിമയില്‍ വളരെ കൂടുതലായി തന്നെ പ്രയോഗിച്ചിട്ടുണ്ട്. അതും പോരാണ്ട് ഷാറുഖ് മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ പ്രേം നസീര്‍ ഇതിലും ഭേദമായിരുന്നു എന്ന് തോന്നിപ്പോകും. സല്‍ഗുണസമ്പന്നനായ നായകന്‍ എന്ന സങ്കലപ്പത്തിനതീതമാണ് ഈ സിനിമ. ഷാറൂഖ് ഖാന്റെ കഥാപാത്രത്തിന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടപ്പെടാത്ത തരത്തിലുള്ളതാണ്. റാണിയുടെ കഥാപാത്രവും സിനിമയില്‍ കാണിക്കുന്നത് ഒരു നല്ല ഭാര്യയുടെ സ്വഭാവമേയല്ല. അഭിഷേക് ബച്ചനും കരച്ചിലില്‍ ഷാറൂഖിനോട് മത്സരിക്കുന്നുണ്ട്. പ്രീതിയുടെ കഥാപാത്രം മാന്യമായ രീതിയില്‍ ആണെന്നുള്ളത് ഒരേയൊരാശ്വാസം. മഹാതരികിടയായ ഒരു വയസ്സനാണ് അമിതാഭ് ബച്ചന്‍ ഈ സിനിമയില്‍. കരണ്‍ ജോഹര്‍ ആയത് കൊണ്ട് അമിതാബ് ഈ വേഷം ചെയ്തു, അല്ലെങ്കില്‍ സ്വന്തം ഇമേജ് വച്ച് ഈ വെള്ളിത്തിരയുടെ ചക്രവര്‍ത്തി കളിക്കില്ല. കിരണ്‍ ഖേറിന്റെ റോള്‍ ചെറുതാണെങ്കിലും തരക്കേടില്ലാത്തതാണ്.

സിനിമയിലെ പാട്ടുകള്‍ക്ക് ശരാശരി നിലവാരം മാത്രം. പാട്ടുകള്‍ ഒറിജിനല്‍ എന്നുപോലും തോന്നിപ്പിക്കുന്നില്ല. അഭിഷേകിന് എന്തെങ്കിലും ചെയ്യാന്‍ വേണ്ടേ എന്ന് കരുതിയിട്ടാണോ എന്തോ, സിനിമയില്‍ രണ്ട് പാര്‍ട്ടി പാട്ടുകള്‍ ഉണ്ട്. മറ്റ് പാട്ടുകള്‍ ഒന്നും എടുത്ത് പറയാന്‍ മാത്രം മേന്മ അവകാശപ്പെടാന്‍ കഴിവുള്ളതല്ല.

ഷാറൂഖ്, കോളേജ് വിദ്യാര്‍ത്ഥിയായി ഓര്‍മ്മകളില്‍ പോലും വരാത്ത കരണ്‍ ജോഹറിന്റെ ആദ്യ സിനിമയായിരിക്കണം ഇത്. നിറങ്ങള്‍ നിറഞ്ഞ ടീ-ഷര്‍ട്ടുകള്‍ ഈ സിനിമയില്‍ കാണാനേയില്ല. നായികമാരും നൂറ് കണക്കിന് ഡാന്‍സുകാരും പുതുപുത്തന്‍ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നൃത്തരംഗങ്ങളും ഈ സിനിമയ്ക്ക് അന്യം. ഷാറൂഖിന് ഈ സിനിമയില്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ കൂട്ടുകാരുപോലുമില്ല. അങ്ങിനെ വളരെയധികം പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന ഒരു ചിത്രം. പക്ഷെ അതിനപ്പുറം ഒരു തരം താണ കഥയും, ബുദ്ധിക്കും വിവേകത്തിനും അതീതമായ ഒരു പ്രമേയവും. ഒരു തവണ പോലും മുഴുവന്‍ കാണാന്‍ ആരും താല്പര്യം കാണിക്കാന്‍ വഴിയില്ലാത്ത ഒരു അവതരണവും. കണ്ട് മടുത്ത, ആദ്യമേ ഊഹിക്കാവുന്ന ഒരു ക്ലൈമാക്സും. ഈ സിനിമയെ കളിയാക്കി വിളിക്കുന്ന പേരാണ് ഈ സിനിമയ്ക്ക് കൂടുതല്‍ ചേരുക. “കഭി ദിമാഗ് മത് ഖാനാ”.

എന്റെ റേറ്റിങ്ങ്: 1/2 / 5

Monday, September 11, 2006

ലഗേ രഹോ മുന്നാഭായ്

ശ്യാമളന്റെ പുതിയ പടം കാണുവാനാണ് തീയറ്ററില്‍ എത്തിയതെന്നതിനാല്‍, അത് അവിടെ കാണാഞ്ഞതില്‍ അല്പം നിരാശ തോന്നി. അപ്പോളാണ് പുതിയ ഹിന്ദി പടം ലഗേ രഹോ മുന്നാഭായ് അവിടെയുണ്ടെന്ന് കണ്ണില്‍ പെടുന്നത്. എന്നാല്‍ പിന്നെ അത് കണ്ടുകളയാം എന്ന് കരുതി.
ലഗേ രഹോ മുന്നാഭായ് , മുന്നാഭായ് എം.ബി.ബി.എസ്സിന്റെ രണ്ടാം ഭാഗമാണ്.
മുന്നാഭായ് എം.ബി.ബി.എസ്സിനെക്കുറിച്ചല്പം. ഹിന്ദി സിനിമകള്‍ കണ്ട് ഞാന്‍ ചിരിക്കുന്നതപൂര്‍വ്വമാണെങ്കിലും (ലവ് കേ ലിയെ കുച്ച് ഭീ കരേഗായിലെ ജോണി ലിവറിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടാണ് ഞാന്‍ ഏറ്റവും അവസാനം ചിരിച്ചത്..വര്‍ഷങ്ങള്‍‌ക്ക് മുന്‍പ്) മുന്നാഭായ് എം.ബി.ബി.എസ് കണ്ട് ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു പോയി. വീണ്ടും വീണ്ടും ഞാന്‍ ആ പടം കണ്ടിട്ടുണ്ട്. പാച്ച് ആഡംസ് എന്ന ഹൊളിവുഡ് കോമഡിയുടെ കോപ്പിയാണ് എന്നാരോപണമുണ്ടെങ്കിലും അതിലും എത്രയോ രസകരമായിരുന്നു മുന്നാഭായ് എം.ബി.ബി.എസ്! പഴയ മലയാളം ഹാസ്യ സിനിമകളുടെ ഒപ്പം, ഇപ്പോഴത്തെ ഹാസ്യസിനിമകളേക്കാള്‍ എത്രയോ മുന്‍പില്‍ നില്‍ക്കുന്നതാണ് എം.ബി.ബി.എസ്സിലെ ഹാസ്യം!
നായകനായ മുന്നാഭായിയേക്കാള്‍ തിളങ്ങുന്നത് അസ്സിസ്റ്റന്റായ സര്‍കീട്ടും(അര്‍ഷദ് വാര്‍സി), മെഡിക്കല്‍ കോളേജ് ഡീനും (ബോമ്മാന്‍ ഇറാനി), മെഡിക്കല്‍ കോളേജിലെ പ്രഫസറായി വരുന്ന പേരറിയാത്ത തമാശക്കാരനും മറ്റുമാണ്.
ഗുണ്ടക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് പറഞ്ഞ് മാതാപിതാക്കളുടെ മുന്‍പില്‍ വച്ച് അപമാനിച്ച ഡീനിനെ ഒരു പാഠം പഠിപ്പിക്കാന്‍ എം.ബി.ബി.എസ് അഡ്മിഷന്‍ നേടി കൊളേജില്‍ ചേരുകയാണ് മുന്നാഭായ്. കോളേജിലെ തമാശകള്‍ക്കൊപ്പം സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ, കരുണയുടെ സന്ദേശവും അതി സുന്ദരമായി ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.
എന്റെ ഓള്‍ ടൈം ഇന്ത്യന്‍ ഫേവറിറ്റുകളില്‍ ഒന്നാണ് മുന്നാഭായ് എം.ബി.ബി.എസ്. കാണാത്തവര്‍ കാണണം.
ഹിന്ദി മനസ്സിലാകുമെങ്കില്‍ ചിരിക്കും എന്നതിന് ഞാന്‍ ഗ്യാരണ്ടി.

മുന്നാഭായി എം.ബി.ബി.എസ്സിന്റെ ഹാംഗ് ഓവര്‍ തന്ന പ്രതീക്ഷയോടെയാണ് ലഗേ രഹോ എന്ന രണ്ടാം ഭാഗം കാണാന്‍ കയറിയത്.
സത്യമായും നിരാശനായിപ്പോയി.
ക്ലിക്ക് ആയ ഒരു കഥാപാത്രത്തിനെ അമിതമായി ഉപയോഗിച്ച് എങ്ങിനെ നശിപ്പിക്കാം എന്ന് ലഗേരഹോ വ്യക്തമാക്കുന്നു. സര്‍ക്കീട്ട് എന്ന കഥാപാത്രം തന്നെ. സര്‍ക്കീട്ടിന്റെ ഡയലോഗുകള്‍ എം,ബി.ബി.എസ്സില്‍ പുതുമയുള്ളതും, ചിരിയുണര്‍ത്തുന്നതുമായിരുന്നെങ്കില്‍ ലെഗേ രഹോയില്‍ വെറും ആവര്‍ത്തനമാകുന്നു. ബോറടിക്കുന്നു.
ഒന്നാം ഭാഗത്തില്‍ ഡീനായി തിളങ്ങിയ ബൊമ്മാന്‍ ഇറാനി, ഇത്തവണ ലക്കി സിംഗായാണ് പ്രത്യക്ഷപ്പെടുന്നത്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രം. വളരെ സാധ്യതകളുള്ള ഒരു നടനെ തളച്ചിട്ടിരിക്കുന്നു, ലക്കി സിങ് എന്ന കഥാപാത്രത്തില്‍.
കോമഡിക്ക് വേണ്ടി കോമഡി പറയുകയാണ് മിക്കയിടങ്ങളിലും. ഒന്നാം ഭാഗത്തിന്റെ ഒഴുക്കില്ല, സിറ്റ്വേഷണല്‍ കോമഡിയില്ല, പല കോമിക്ക് സിറ്റ്വേഷന്‍‌സും രണ്ടാം ഭാഗത്തില്‍ കൃത്രിമം.

ഒന്നാം ഭാഗത്തിനോട് യാതൊരു ബന്ധവുമില്ലാത്ത കഥയും കഥാപാത്രങ്ങളും കല്ലുകടിയായി.

പാട്ടുകള്‍ : ആവറേജ്.

പ്ലസ്സസ് : മറക്കപ്പെട്ടു തുടങ്ങുന്ന ഗാന്ധിയന്‍ ചിന്തയെ പുനരുജ്ജീവിപ്പിക്കാന്‍ ചെറുതായെങ്കിലും ശ്രമിക്കുന്നു ഈ സിനിമ. ചെറിയ പ്രശ്നങ്ങളെന്ന് നമ്മള്‍ കരുതുന്ന ശുചിത്വമില്ലായ്മ, അഴിമതി, ജോലി ചെയ്യാനുള്ള മടി മുതലായവക്ക് ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ പരിഹാരം ഈ സിനിമ നല്‍കുവാന്‍ ശ്രമിക്കുന്നു. കൂടാതെ ജാതകം മുതലായ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നു. എല്ലാം കൂടെ അവിയല്‍ പരുവമാണെങ്കിലും കണ്ടിരിക്കാം.

വേര്‍ഡിക്റ്റ് : ഒന്നാം ഭാഗം കാണൂ...ആസ്വദിക്കൂ.
എന്നിട്ട് സമയമുണ്ടെങ്കില്‍ യാതൊരു പ്രതീക്ഷകളും ഒന്നാം ഭാഗത്തിന്റെ ഹാംഗ് ഓവറുമില്ലാതെ രണ്ടാം ഭാഗം കാണൂ.
സത്യം പറയണമല്ലോ..ഇപ്പോളിറങ്ങുന്ന മിക്ക മലയാളം/ഹിന്ദി പടങ്ങളേക്കാള്‍ കാമ്പും കാര്യവും, തമാശയുമുണ്ട് ലഗേ രഹോയിലും. പക്ഷേ ഒന്നാം ഭാഗം മുന്നാഭായി എം‌ബിബീസ് എന്ന ക്ലാസ്സിക്കുമായി തുലനം ചെയുമ്പോളാണ് പ്രശ്നം.