Showing posts with label റോഷന്‍ ആണ്ട്രൂസ്. Show all posts
Showing posts with label റോഷന്‍ ആണ്ട്രൂസ്. Show all posts

Wednesday, May 21, 2014

How Old Are You



കഥ, സംവിധാനം : റോഷന്‍ ആന്‍ഡ്രൂസ്‌
തിരക്കഥ, സംഭാഷണം : ബോബി, സഞ്ജയ്‌
നിര്‍മ്മാണം  : ലിസ്റ്റിന്‍ സ്റ്റീഫന്‍

ഒരു ഗവര്‍ണ്‍മണ്റ്റ്‌ ജോലിയുള്ള ഒരു സാധാരണ സ്ത്രീ, അവരുടെ ഭര്‍ത്താവിണ്റ്റെയും മകളുടെയും അച്ഛണ്റ്റെയും കാര്യങ്ങള്‍ നോക്കി തണ്റ്റെ ജീവിതം വളരെ സാധാരണമായ രീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകുന്നു.
സ്വാഭാവികമായും ഇങ്ങനെ ഒരു സ്ത്രീയ്ക്ക്‌ മകളില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും കാര്യമായ പ്രോത്സാഹനങ്ങളോ അനുമോദനങ്ങളോ ഒരു കാര്യത്തിലും ലഭിക്കേണ്ടതുമില്ല.

ഒരു ഘട്ടത്തില്‍ ഭര്‍ത്താവും മകളും ഈ സ്ത്രീയെ ഒട്ടും തന്നെ കഴിവില്ലാത്തവളായി കുറ്റപ്പെടുത്തുകയും അവരുടെ ഭാവി ജീവിതവും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനായി വിദേശരാജ്യത്തേയ്ക്ക്‌ കുടിയേറുകയും ചെയ്യുന്നു.

ഇവിടെ തനിച്ചാകുന്ന ഈ സ്ത്രീയെ അവരുടെ കോളേജ്‌ കാലത്തെ ഒരു സുഹൃത്ത്‌ പഴയ ചുറുചുറുക്കിലേയ്ക്കും വിജയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലേയ്ക്കും വരുവാന്‍ പ്രചോദനം നല്‍കുന്നു.

തുടര്‍ന്ന്‌ ഈ സ്ത്രീ ജീവിതത്തില്‍ ജനങ്ങളുടെ പ്രശംസ നേടുന്ന തരത്തില്‍ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ മുഖ്യ വിഷയം. ആ വിജയത്തിലും അവര്‍ തണ്റ്റെ കുടുംബത്തെ തന്നോട്‌ ചേര്‍ത്ത്‌ പിടിക്കുന്നു.

പല ജീവിത യാഥാര്‍ഥ്യങ്ങളേയും പച്ചയായി കാണിക്കുകയും അതിണ്റ്റെ തീവ്രത അനുഭവഭേദ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ ഈ ചിത്രം വിജയിച്ചിരിക്കുന്നു.

ഒരു ഇന്‍ഷുറന്‍സ്‌ കിട്ടാന്‍ ദീര്‍ഘദൂര ഓട്ടത്തിന്‌ തയ്യാറെടുക്കുകയും അതില്‍ ഓടുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ എന്തോ കഥാഗതി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകനെ, ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു കഥാസന്ദര്‍ഭത്തിലേയ്ക്ക്‌ രചയിതാക്കള്‍ കൊണ്ടുപോയത്‌ ഒരല്‍പ്പം സംശയം ജനിപ്പിച്ചു.
ആദ്യം ഉദ്ദേശിച്ച കഥാഗതി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതെ വന്നപ്പോള്‍ മറ്റൊരു വഴി തെരെഞ്ഞെടുത്ത പ്രതീതി.

അതുപോലെ ചില ഭാഗങ്ങളില്‍ ഒരല്‍പ്പം ഇഴച്ചിലും അനുഭവപ്പെട്ടു.

ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ വളരെ ഹൃദയസ്പര്‍ശിയായ കുറച്ച്‌ രംഗങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും സാമൂഹിക അവബോധവും പ്രദാനം ചെയ്തുകൊണ്ട്‌ ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതാകുന്നു.

പക്ഷേ, ഈ ചിത്രത്തെ ഹൃദയത്തോട്‌ ചേര്‍ത്ത്‌ വെക്കുവാന്‍ പ്രധാന കാരണം ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ തന്നെയാണ്‌.

വളരെ മികച്ച അഭിനയവും സ്ക്രീന്‍ നിറഞ്ഞുള്ള പ്രകടനവും പ്രേക്ഷകരെ വളരെ ആകര്‍ഷിച്ചു. അവരുടെ ജീവിതം തന്നെ സിനിമയാക്കിയതാണോ എന്ന്‌ തോന്നുന്ന വിധത്തിലുള്ള കഥാഗതിയും സംഭാഷണങ്ങളും പ്രേക്ഷകരുടെ താല്‍പര്യത്തിന്‌ തീവ്രതയേകി.

കുഞ്ചാക്കോ ബോബന്‍ മികച്ച പിന്തുണ നല്‍കി.

സേതുലക്ഷി എന്ന നടി അവരുടെ അഭിനയതീവ്രതകൊണ്ട്‌ പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിച്ചു.

സ്ത്രീകള്‍ക്ക്‌ ഈ ചിത്രം ഒരു അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനൂള്ള വലിയ ഇന്‍സ്പിരേഷന്‍ ആണ്‌.

കഴിവുള്ള സ്ത്രീകളെ ഒതുക്കി നിര്‍ത്തുകയും അവരൂടെ സ്വപ്നങ്ങള്‍ക്ക്‌ എക്സ്പയറി ഡേറ്റ്‌ തീരുമാനിക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
(അങ്ങനെയുള്ള കുടുംബങ്ങളില്‍ ഒരു കുടുംബകലഹത്തിനും ഈ ചിത്രം വഴി വെച്ചേക്കാം)

Rating : 7 / 10

Thursday, May 09, 2013

മുംബൈ പോലീസ്‌


 കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്‌
സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്‌

തുടക്കം മുതല്‍ അവസാനം വരെ കാര്യമായ ബോറടിയില്ലാതെ കുറച്ച്‌ താല്‍പര്യപൂര്‍വ്വം കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ മുംബൈ പോലീസ്‌.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മൂന്ന് പോലീസ്‌ ഒാഫീസര്‍മാര്‍. അതില്‍ ഒരാള്‍ കൊല്ലപ്പെടുന്നു. ആ കേസ്‌ അന്വേഷിച്ചുകൊണ്ടിരിക്കെ മറ്റൊരാള്‍ ഒരു ആക്സിഡണ്റ്റില്‍ പെട്ട്‌ പൂര്‍വ്വകാല ഒാര്‍മ്മ നഷ്ടപ്പെടുന്നു. ഇയാള്‍ തന്നെ വീണ്ടും കേസ്‌ അന്വേഷിക്കേണ്ടിവരുന്നു.

ബോബിയും സഞ്ജയും കാര്യമായ ചിന്തയും അദ്ധ്വാനവും തന്നെ ഇതിണ്റ്റെ തിരക്കഥ ചിട്ടപ്പെടുത്താന്‍ ചിലവിട്ടിട്ടുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

റോഷന്‍ ആന്‍ഡ്രൂസും തണ്റ്റെ സംവിധാനമികവ്‌ ഈ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്‌.

 ഉദ്വേഗവും താല്‍പര്യവും ചിത്രത്തിലുടനീളം നിലനിര്‍ത്താന്‍ ഇതിണ്റ്റെ പ്രവര്‍ത്തകര്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.

പ്രിഥ്യിരാജ്‌ തണ്റ്റെ മികച്ച അഭിനയം കാഴ്ച വെച്ച മറ്റൊരു ചിത്രം കൂടിയാകുന്നു മുംബൈ പോലീസ്‌.

റഹ്‌ മാനും തണ്റ്റെ റോള്‍ ഗംഭീരമാക്കി. ജയസൂര്യ മോശമാക്കിയില്ലെങ്കിലും ഒരല്‍പ്പം കൃത്രിമ ഗംഭീരത പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടു.

കുഞ്ചണ്റ്റെ ഒരു സീന്‍ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നതാക്കാന്‍ സാധിച്ചിരിക്കുന്നു എന്നത്‌ പോലീസിനോടുള്ള ജനങ്ങളുടെ താല്‍പര്യം ഒരല്‍പ്പം മെച്ചപ്പെടുത്താന്‍ സാധിച്ചേക്കും.

റിയാസ്‌ ഖാന്‍ തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

സ്ത്രീ കഥാപാത്രങ്ങളായി വന്ന അഭിനേത്രികളെൊന്നും തന്നെ കാര്യമായ ശ്രദ്ധ നേടിയില്ല.

കൊലപാതക പ്ളാനിങ്ങും അതിണ്റ്റെ നടപ്പാക്കലിലും കുറച്ച്‌ അപാകതകള്‍ ഉണ്ടെങ്കിലും പൊതുവേ ആസ്വദിച്ച്‌ കാണാവുന്നതും ചെറുതായൊന്ന് ഞെട്ടിക്കുന്നതുമായ ചിത്രമാകുന്നു ഇത്‌.

Rating : 6.5 / 10

Friday, February 02, 2007

നോട്ട് ബുക്ക്


സംവിധാനം:- റോഷന്‍ അന്‍ഡ്രൂസ്
നിര്‍മ്മാണം:- പി.വി. ഗംഗാധരന്‍
സംഗീതം:- മജോ ജോസഫ്
വരികള്‍:- വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
അഭിനേതാക്കള്‍:- രവീന്ദ്രന്‍, ഐശ്വര്യ, പ്രേം പ്രകാശ്, സീത, ജയ മുരളി, സുധ നായര്‍


ഉദയനാണു താരം എന്ന സിനിമയ്ക്ക് ശേഷം, സംവിധായകന്‍ റോഷന്‍ ആന്‍‌ഡ്രൂസ് അണിയിച്ചൊരുക്കുന്ന രണ്ടാമത് സിനിമയാണ് നോട്ട് ബുക്ക്. ശ്രീനിവാസന്‍ എന്ന കരുത്തുറ്റ തിരക്കഥാകൃത്തും, സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഒക്കെ നിറഞ്ഞ ആദ്യ ചിത്രത്തില്‍ നിന്ന് വിഭിന്നമായി പുതുമുഖങ്ങളെ വച്ച് രണ്ടാം ചിത്രമെടുക്കാന്‍ ധൈര്യം കാണിച്ചിടത്താണ് ഈ ചിത്രവും സംവിധായകനും ശ്രദ്ധേയരാകുന്നത്.

നോട്ട് ബുക്ക് എന്നത് ഏതോ ഒരു ബോര്‍ഡിങ്ങ് സ്കൂളിലെ‍ വിദ്യാര്‍ത്ഥികളുടെ കഥയാണ്. (സ്കൂള്‍ തമിഴ്നാട്ടില്‍ ആണെന്നതല്ലാതെ, ഏത് സ്കൂളാണെന്നതിന് മറ്റ് പ്രകടമായ സൂചനകളൊന്നും ഇല്ല.) സൈറ(റോമ), ശ്രീദേവി(മരിയ റോയ്), പൂജ(പാര്‍വതി), എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ മൂവര്‍ സംഘത്തിന്റെ ഇടയില്‍ ഉണ്ടാകുന്ന കൊച്ച് കൊച്ച് നര്‍മ്മങ്ങളും തമാ‍ശകളും, പ്രേമവും, അതിനെത്തുടര്‍ന്നുണ്ടാകുന്ന പുലിവാലുകളുമാണ് കഥയുടെ ഇതിവൃത്തം.

സ്കൂള്‍ കുട്ടികളുടെ ഇടയില്‍ ഉണ്ടാകുന്ന കാര്യങ്ങളെ അതേ ഗൌരവത്തോടെ തന്നെ (മാത്രം) സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രസകരമായി പോകുന്ന കഥയില്‍ ഒരു പ്രേമം വരുന്നതോടുകൂടിയാണ് കാര്യമായ മാറ്റം കഥയില്‍ വരുന്നത്. എന്തിരുന്നാലും ഈ ഒരു മാറ്റം ഒരു കല്ലുകടിയായി പ്രേക്ഷകന് അനുഭവപ്പെടില്ല. അടുത്തത് എന്താകും എന്ന് കഥയുടെ ഒരു ഭാഗത്തും പ്രേക്ഷകന് ഊഹിക്കാന്‍ പറ്റാത്ത തരത്തിലാണ് തിരക്കഥ പുരോഗമിക്കുന്നത്. കണിശക്കാരനായ പ്രധാനാധ്യാപകനും, സ്നേഹനിധിയായ മാതാപിതാക്കളും, അസൂയക്കാരായ സഹപാഠികളും എന്നിങ്ങനെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥകളില്‍ കാണാറുള്ള സ്ഥിരം ചേരുവകള്‍ ഈ കഥയിലും‍ ഉണ്ട്. വളരെ തന്മയത്വമായ അവതരണമാണ് പലപ്പോഴും കഥയില്‍ ഉള്ളതെങ്കിലും ചില കാര്യങ്ങള്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടു എന്ന് പറയാതെ വയ്യ. കഥയുടെ പ്രധാന തന്തു സംഭവിക്കാനുണ്ടായ സാഹചര്യം കഥയില്‍ കാര്യമായി ന്യായീകരിക്കപ്പെടുന്നില്ല. അതിനുശേഷം കുട്ടികള്‍ കാണിക്കുന്ന അസാധാരണമാം വിധം ധൈര്യവും, സ്കൂള്‍ പഠനം കഴിഞ്ഞ് അവരുടെ ജീവിതത്തില്‍ വന്നു ചേരുന്ന മാറ്റങ്ങളും എല്ലാം സ്വല്‍പ്പം അതിശയോക്തിയോടെയേ കണ്ടിരിക്കാന്‍ സാധിക്കൂ. പക്ഷെ ഒരു തിരക്കഥ എന്ന് പറയുന്നത് ഒരു ഭാവനാസൃഷ്ടിയാണെന്നും കഥയുടെ സുഖകരമായ മുന്നോട്ട്പോക്കിന് ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും മനസ്സിലാക്കി അതു വിഴുങ്ങിയാല്‍ സിനിമ രസകരമായ ഒരു അനുഭവം പകര്‍ന്നുതരും എന്നതില്‍ സംശയമില്ല.

സംവിധായകന്‍ എന്ന നിലയ്ക്ക് റോഷന്‍ ആന്‍‌ഡ്രൂസ് ഒരു പടി കൂടി ഉയര്‍ന്നിരിക്കുകയാണ് ഈ സിനിമയിലൂടെ. അസാധാരണമായ കൈവഴക്കമാണ് ഈ സിനിമ വഴി അദ്ദേഹം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിരക്കഥയില്‍ കാര്യമായ മാജിക്കുകള്‍ ഒന്നും ഇല്ലെങ്കിലും, ചില നിസ്സാര യുക്തിപരമായ മണ്ടത്തരങ്ങള്‍ കാണിച്ചുവെങ്കിലും തിരക്കഥയും ആസ്വാദ്യകരം തന്നെ. പുതുമുഖങ്ങള്‍ എല്ലാവരും തന്നെ അഭിനന്ദനാര്‍ഹമാം പ്രകടനം കാഴ്ച വച്ചു. ചിത്രീകരണവും ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. പുതുമുഖ സംഗീത സംവിധായകനായ മജോ ജോസഫും വളരെ പ്രതീക്ഷ നല്‍കുന്നു. പാട്ടുകള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഗാന ചിത്രീകരണത്തില്‍ സംവിധായകന്‍ കാണിച്ച ശ്രദ്ധ ഉദയനാണുതാരത്തിനെ ഒരു പടി കടത്തിവെട്ടി എന്നു പറയാം.

ചുരുക്കത്തില്‍, കഥയിലെ ചില അസ്വാഭാവിക വശങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാമെങ്കില്‍ എന്തു കൊണ്ടും ആസ്വദിക്കാന്‍പറ്റുന്ന ഒരു സിനിമ. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ വച്ച് മികച്ചവയിലൊന്ന്. ഒരു തവണ കാണാതിരുന്നാല്‍ നഷ്ടമെന്ന് വരെ തോന്നിപ്പിക്കാവുന്ന ഒരു നല്ല കുടുമ്പചിത്രം.

എന്റെ റേറ്റിങ്ങ്: 4/5

മറ്റ് നിരൂപണങ്ങള്‍: വര്‍ണ്ണചിത്രം, ചിത്രവിശേഷം