Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Sunday, December 30, 2007

ചോക്കളേറ്റ്



സംവിധാനം: ഷാഫി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരലി
അഭിനേതാക്കള്‍: പൃഥ്‌വീരാജ്, ജയസൂര്യ, റോമ, സംവൃതാ സുനില്‍, രമ്യ നമ്പീശന്‍, ലാലു അലക്സ്, സലീം കുമാര്‍, പ്രേം, ശാരി, ബിന്ദു പണിക്കര്‍, രാജ്ന് പി. ദേവ്, അനൂപ് ചന്ദ്രന്‍
സംഗീതം: അലക്സ് പോള്‍
വരികള്‍: വയലാര്‍ ശര്‍ത്ചന്ദ്രവര്‍മ്മ
ക്യാമറ: അഴകപ്പന്‍
കഥ/തിരക്കഥ: സച്ചി - സേതു
കലാസംവിധാനം: സാലു ജോര്‍ജ്ജ്

മായാവിക്ക് ശേഷം ഷാഫി അണിയിച്ചൊരുക്കിയിക്കുന്ന ചിത്രമാണ്‍ ചോക്കളേറ്റ്. മുന്‍‌ചിത്രങ്ങളെപ്പോലെ ഈ ചിത്രവും ഒരു സമ്പൂര്‍ണ്ണ നര്‍മ്മ ചിത്രം എന്ന രീതിയില്‍ ആണ്‍ ഷാഫി തയ്യാറാക്കിയിരിക്കുന്നത്.

കൊച്ചി നഗരത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു കലാലയത്തില്‍ ആണ്‍കുട്ടികള്‍ക്കായി സംവരണമുള്ള ഒരു സീറ്റിലേയ്ക്ക് നായകന്‍ വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക്ഷിക്കാവുന്നതുപോലെ സമ്മിശ്രമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളില്‍ നിന്നും‍ ഉണ്ടാകുന്നത്. ഇവയെ നായകന്‍ എങ്ങിനെ നേരിടുന്നു, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കലാലയത്തില്‍ എങ്ങിനെ തനിക്ക് ഒത്തുപോകാനാകുന്നു, മറ്റ് പെണ്‍കുട്ടികള്‍ എങ്ങിനെ ഈ നായകന്റെ വരവിനെ കാണുന്നു തുടങ്ങിയ കൌതുകകരമായ അവസ്ഥകളിലൂടെ സിനിമ കടന്ന് പോകുന്നു.

ആണത്തവും, ചമ്മലും, കാര്യശേഷിയും, പൈങ്കിളിയും, തോന്യവാസവും ഒക്കെ പ്രകടിപ്പിക്കേണ്ടുന്ന ഒരു വിദ്യാര്‍ത്ഥിയായി പ്രൃഥ്‌വീരാജ് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും പലപ്പോഴും കഥ ഒരു നിലവാരമില്ലാത്തതാകയാല്‍ നായകന്‍ അല്‍പ്പം ഓവര്‍ ആയതുപോലെ തോന്നി. ആണ്‍കുട്ടികള്‍ക്കായി പ്രത്യേകം മൂത്രപ്പുര ഇല്ലാത്ത കോളേജില്‍ നായകന്‍ അതന്വേഷിക്കുന്നതും ക്ലാസ്സില്‍ വച്ച് ഒരു പെണ്‍‌കുട്ടിയുടെ സാനിറ്ററി നാപ്കിന്‍ കാണുന്നതും‌പോലെയുള്ള ചില താണനിലവാരത്തിലുള്ള തമാശകള്‍ സിനിമയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആണത്തം ഉണ്ടെന്ന് ഒന്നിലധികം തവണ പലരും എടുത്ത് പറഞ്ഞ് വിശേഷിപ്പിച്ച നായികയുടെ പ്രകടനവും അതിനൊത്തുയര്‍ന്നില്ല എന്ന് പറയേണ്ടി വരും. അത് തെളിയിക്കാനായി നായികയ്ക്ക് പെരുമാറ്റത്തിനേക്കാള്‍ സംഭാഷണങ്ങളെ ആശ്രയിക്കേണ്ടി വന്നത് തിരക്കഥയുടെ പരാജയം തന്നെയാണ്. സഹനായകനും സഹനായികയും ആയി വരുമെന്ന് കരുതിയ ജയസൂര്യയും സംവൃതയും നായികാനായകന്മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോയി പലപ്പോഴും. രാജന്‍ പി ദേവും ലാലു അലക്സും ശാരിയും സലീം കുമാറും അനൂ‍പ് ചന്ദ്രനും തങ്ങളില്‍ നിക്ഷിപ്തമായ അഭിനയം മനോഹരമാക്കി, അത് സ്ഥിരമായി ചെയ്തുപോരുന്ന കഥാപാത്രങ്ങള്‍ ആയതുകൊണ്ടുമാകാം.

തിരക്കഥ വളരെ ബാലിശമാണ് ഈ ചിത്രത്തില്‍. നായികാനായകന്മാര്‍ ആദ്യം കാണുമ്പോള്‍ വഴക്കിടുകയും പിന്നീട് വഴക്ക് മാറി പ്രണയമാകുന്നതും, അതിനുശേഷം ചില തെറ്റിദ്ധാരണകള്‍ മൂലം വഴക്കിട്ട് പിരിയുകയും വീണ്ടും ക്ലൈമാക്സില്‍ ഒന്നുചേരുകയും ചെയ്യുന്ന സിനിമകള്‍ നാം കാണാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. പക്ഷെ ഈ പഴയ വീഞ്ഞ് പുതിയ നര്‍മ്മക്കുപ്പിയില്‍ പൊതിഞ്ഞ് നല്‍കാന്‍ ഷാഫി പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും ഈ നര്‍മ്മം മാത്രമാണ്. എറണാകുളത്തുള്ള ഒരേ ഒരു വനിതാകലാലയമായ സെന്റ് തെരേസാസിന്റെ അന്തരീക്ഷം അതേപടി പകര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. ഒരു യുവജനോത്സവത്തിനു ആ കലാലയം കാണിക്കുന്ന ആവേശവും വാശിയും എല്ലാം വളരെ നിസ്സാരപ്പെട്ട രീതിയില്‍ ആണ് സിനിമയില്‍ വന്നിട്ടുള്ളതും. എങ്കിലും പൊതുവേ ഒരു കലാലയാന്തരീക്ഷം നല്‍കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.

തിരക്കഥയ്ക്ക് സ്വാഭാവികമായുള്ള ഒരു ഒഴുക്കുള്ളതും ആവശ്യത്തിനു നര്‍മ്മരംഗങ്ങള്‍ ഉള്ളതും സിനിമയുടെ ദൂഷ്യവശങ്ങളെ മറച്ചേക്കാം. ഒരു എന്റര്‍റ്റെയിനര്‍ എന്ന നിലയ്ക്ക് ഈ സിനിമ അതുകൊണ്ട് തന്നെ ആസ്വാദ്യകരമാകുന്നു. സിനിമയിലെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‍ പൈങ്കിളി നിലവാരമാണെങ്കിലും അലക്സ് പോള്‍ അതിനു ഇമ്പമാര്‍ന്ന ഈണം നല്‍കിയിട്ടുണ്ട്. ഒരു കലാലയം വര്‍ണ്ണത്തില്‍ പൊതിഞ്ഞതുപോലെ പകര്‍ത്താന്‍ അഴകപ്പനും സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തോളം വരില്ലെങ്കിലും ചോക്കളേറ്റ് പ്രേക്ഷകനു നല്ലൊരു മധുരമുള്ള അനുഭവമാകുന്നു.

എന്റെ റേറ്റിങ്ങ്: 3.0/5

മറ്റ് നിരൂപണങ്ങള്‍:
* ചിത്രവിശേഷം
* മലയാളം മൂവീ റിവ്യൂസ്
* ഇന്ദുലേഖ

Saturday, February 24, 2007

ഇന്‍സ്പെകറ്റര്‍ ഗരുഡ്


സംവിധാനം:- ജോണി ആന്റണി
നിര്‍മ്മാണം:- മിലന്‍ ജലീല്‍
സംഗീതം:- അലക്സ് പോള്‍
വരികള്‍:- വയലാര്‍ ശര്‍ത്ചന്ദ്ര വര്‍മ്മ
അഭിനേതാക്കള്‍:- ദിലീപ്, കാവ്യ മാധവന്‍, ഇന്നസെന്റ്, വിജയരാഘവന്‍, തുടങ്ങിയവര്‍


സംവിധായകന്‍ ജോണി ആന്റണിയുടെ 2007-ലെ ആദ്യ ചിത്രമാണ് ‘ഇന്‍സ്പെകറ്റര്‍ ഗരുഡ്’. ഇതിനുമുന്‍പിറങ്ങിയ ജോണി ആന്റണി ചിത്രം ‘സി.ഐ.ഡി മൂസ‘ വന്‍-ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു.

മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു സങ്കല്‍പ്പമാണ് ആന്റി-ഹീറോ എന്നത്. ദിലീപിന്റെ ആദ്യത്തേതും. വളരെ മോശം സ്വഭാവമുള്ള ഒരു നായകനെ ജോണി ആന്റണി അസ്സലായി അണിയിച്ചൊരുക്കിയിട്ടുണ്ട്.

പക്ഷെ അതിനുമപ്പുറം ഈ സിനിമ ഒന്നും തന്നെ പ്രേക്ഷകനു നല്‍കുന്നില്ല. ദിലീപ് എന്ന നായക നടനില്‍ നിന്നും ജോണി ആന്റണി എന്ന സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തില്‍ ഈ സിനിമ പ്രേക്ഷകനെ ചിരിപ്പിക്കാത്തത് സിനിമയെ വല്ലാതെ വിരസമാക്കുന്നു. ഹരിശ്രീ അശോകന്‍, സലീം കുമാര്‍ എന്നീ ഹാസ്യ നടന്മാരും ഒരു തരത്തിലും ആസ്വദിക്കത്തക്ക നര്‍മ്മ കൈകാര്യം ചെയ്യുന്നില്ല. സിനിമയുടെ തുടക്കത്തില്‍ തന്നെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് വച്ച് ഇതൊന്ന് വീഞ്ഞാക്കിത്തരുമോ കര്‍ത്തവേ എന്ന് സലീം കുമാര്‍ പ്രാര്‍ത്ഥിക്കുന്ന സീന്‍, ഈ സിനിമയില്‍ ഇല്ലാത്ത തമാശ കൊണ്ട് വരാനുള്ള തിരക്കഥാകൃത്തിന്റെ വികൃത ശ്രമമാണ് പുറത്ത് കൊണ്ട് വരുന്നത്. ശ്രീലങ്കയിലേയ്ക്ക് കൊണ്ട് പോകേണ്ടുന്ന ആയുധങ്ങള്‍ ആദ്യം തീവ്രവാദികളും, അത് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന കോളനിക്കാരും, പിന്നെ അത് പിടിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരും ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതായി കാണിക്കേണ്ടിവന്നതും തിരക്കഥാകൃത്തിന്റെ ഗുരുതരമായ പാളിച്ചയാണ്.

സാദ്ദിക്ക്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ അഭിനയിച്ച ദുഷ്‌കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ പലകുറി കണ്ടു മടുത്തവയാണ്. ഐശ്വര്യ, ജനാര്‍ദ്ദനന്‍, അബു സലിം, ഊര്‍മ്മിള ഉണ്ണി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ കഥയെ സ്വാധീനിക്കുന്നതേയില്ല. കൊച്ചിന്‍ ഹനീഫ ഒരിക്കല്‍ കൂടി ഒരു വിഡ്ഡി കഥാപാത്രമായി നമ്മുടെ മുന്നിലെത്തുന്നു. വിജയരാഘവന്‍ കൊച്ചിരാജാവ് എന്ന ചിത്രത്തിലേതുപോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഒരു വ്യത്യസ്ഥതയ്ക്ക് വേണ്ടി മുഖം ഒന്ന് കോട്ടിപ്പിടിച്ചിട്ടുണ്ട്. വളരെ പാവമായ ഒരു പോലീസുകാരനായ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രം ദുഷ്ടനായ സി.ഐ-യോട് അനുകമ്പ കാണിക്കുന്നതിന് കാര്യമായ ന്യായീകരണമില്ല സിനിമയില്‍. കാവ്യാമാധവനും കാര്യമായി അഭിനയിക്കേണ്ടുന്ന ഒരു അവസരവും സിനിമ നല്‍കുന്നില്ല. ദിലീപ് എടുത്തുപറയത്തക്ക ഒരു വ്യത്യസ്ഥതയും ഈ സിനിമയിലെ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ കാണിക്കുന്നില്ല (തടി വല്ലാതെ കൂടുന്നു ദിലീപിന്).

സിനിമയിലെ പാട്ടുകളാണ് വിരസമായ സിനിമയെ ഒരല്‍പ്പമെങ്കിലും ആസ്വാദ്യകരമാക്കുന്നത്. പാട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്ന വിധവും അതിലെ നര്‍മ്മവും പ്രേക്ഷകനെ പിടിച്ചിരുത്തിയേക്കാം, പ്രത്യേകിച്ചും കാന്താരിപ്പെണ്ണേ എന്ന ഗാനം.

ചുരുക്കം: നിലവാരമില്ലാത്ത തമാശകളും അടിസ്ഥാനമില്ലാത്ത ഒരു കഥയും കണ്ടു മടുത്ത കഥാപാത്രങ്ങളും ഉള്ള ഒരു തരികിട പടം. തിയറ്ററില്‍ പോയി പടം കണ്ടാല്‍ ദുഃഖിക്കേണ്ടി വന്നേക്കാം. ടി.വി.യില്‍ വരുന്ന പാട്ടുകള്‍ കണ്ട് തൃപ്തരാകുക, സിനിമയില്‍ കാണാന്‍ കൊള്ളാവുന്നതായി അതേ ഉള്ളൂ.

എന്റെ റേറ്റിങ്ങ്: 1/5

ചിത്രവിശേഷം, ഇന്ദുലേഖ, varnachitram

Friday, February 02, 2007

നോട്ട് ബുക്ക്


സംവിധാനം:- റോഷന്‍ അന്‍ഡ്രൂസ്
നിര്‍മ്മാണം:- പി.വി. ഗംഗാധരന്‍
സംഗീതം:- മജോ ജോസഫ്
വരികള്‍:- വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
അഭിനേതാക്കള്‍:- രവീന്ദ്രന്‍, ഐശ്വര്യ, പ്രേം പ്രകാശ്, സീത, ജയ മുരളി, സുധ നായര്‍


ഉദയനാണു താരം എന്ന സിനിമയ്ക്ക് ശേഷം, സംവിധായകന്‍ റോഷന്‍ ആന്‍‌ഡ്രൂസ് അണിയിച്ചൊരുക്കുന്ന രണ്ടാമത് സിനിമയാണ് നോട്ട് ബുക്ക്. ശ്രീനിവാസന്‍ എന്ന കരുത്തുറ്റ തിരക്കഥാകൃത്തും, സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഒക്കെ നിറഞ്ഞ ആദ്യ ചിത്രത്തില്‍ നിന്ന് വിഭിന്നമായി പുതുമുഖങ്ങളെ വച്ച് രണ്ടാം ചിത്രമെടുക്കാന്‍ ധൈര്യം കാണിച്ചിടത്താണ് ഈ ചിത്രവും സംവിധായകനും ശ്രദ്ധേയരാകുന്നത്.

നോട്ട് ബുക്ക് എന്നത് ഏതോ ഒരു ബോര്‍ഡിങ്ങ് സ്കൂളിലെ‍ വിദ്യാര്‍ത്ഥികളുടെ കഥയാണ്. (സ്കൂള്‍ തമിഴ്നാട്ടില്‍ ആണെന്നതല്ലാതെ, ഏത് സ്കൂളാണെന്നതിന് മറ്റ് പ്രകടമായ സൂചനകളൊന്നും ഇല്ല.) സൈറ(റോമ), ശ്രീദേവി(മരിയ റോയ്), പൂജ(പാര്‍വതി), എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ മൂവര്‍ സംഘത്തിന്റെ ഇടയില്‍ ഉണ്ടാകുന്ന കൊച്ച് കൊച്ച് നര്‍മ്മങ്ങളും തമാ‍ശകളും, പ്രേമവും, അതിനെത്തുടര്‍ന്നുണ്ടാകുന്ന പുലിവാലുകളുമാണ് കഥയുടെ ഇതിവൃത്തം.

സ്കൂള്‍ കുട്ടികളുടെ ഇടയില്‍ ഉണ്ടാകുന്ന കാര്യങ്ങളെ അതേ ഗൌരവത്തോടെ തന്നെ (മാത്രം) സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രസകരമായി പോകുന്ന കഥയില്‍ ഒരു പ്രേമം വരുന്നതോടുകൂടിയാണ് കാര്യമായ മാറ്റം കഥയില്‍ വരുന്നത്. എന്തിരുന്നാലും ഈ ഒരു മാറ്റം ഒരു കല്ലുകടിയായി പ്രേക്ഷകന് അനുഭവപ്പെടില്ല. അടുത്തത് എന്താകും എന്ന് കഥയുടെ ഒരു ഭാഗത്തും പ്രേക്ഷകന് ഊഹിക്കാന്‍ പറ്റാത്ത തരത്തിലാണ് തിരക്കഥ പുരോഗമിക്കുന്നത്. കണിശക്കാരനായ പ്രധാനാധ്യാപകനും, സ്നേഹനിധിയായ മാതാപിതാക്കളും, അസൂയക്കാരായ സഹപാഠികളും എന്നിങ്ങനെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കഥകളില്‍ കാണാറുള്ള സ്ഥിരം ചേരുവകള്‍ ഈ കഥയിലും‍ ഉണ്ട്. വളരെ തന്മയത്വമായ അവതരണമാണ് പലപ്പോഴും കഥയില്‍ ഉള്ളതെങ്കിലും ചില കാര്യങ്ങള്‍ സംവിധായകന്‍ ശ്രദ്ധിക്കാതെ വിട്ടു എന്ന് പറയാതെ വയ്യ. കഥയുടെ പ്രധാന തന്തു സംഭവിക്കാനുണ്ടായ സാഹചര്യം കഥയില്‍ കാര്യമായി ന്യായീകരിക്കപ്പെടുന്നില്ല. അതിനുശേഷം കുട്ടികള്‍ കാണിക്കുന്ന അസാധാരണമാം വിധം ധൈര്യവും, സ്കൂള്‍ പഠനം കഴിഞ്ഞ് അവരുടെ ജീവിതത്തില്‍ വന്നു ചേരുന്ന മാറ്റങ്ങളും എല്ലാം സ്വല്‍പ്പം അതിശയോക്തിയോടെയേ കണ്ടിരിക്കാന്‍ സാധിക്കൂ. പക്ഷെ ഒരു തിരക്കഥ എന്ന് പറയുന്നത് ഒരു ഭാവനാസൃഷ്ടിയാണെന്നും കഥയുടെ സുഖകരമായ മുന്നോട്ട്പോക്കിന് ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും മനസ്സിലാക്കി അതു വിഴുങ്ങിയാല്‍ സിനിമ രസകരമായ ഒരു അനുഭവം പകര്‍ന്നുതരും എന്നതില്‍ സംശയമില്ല.

സംവിധായകന്‍ എന്ന നിലയ്ക്ക് റോഷന്‍ ആന്‍‌ഡ്രൂസ് ഒരു പടി കൂടി ഉയര്‍ന്നിരിക്കുകയാണ് ഈ സിനിമയിലൂടെ. അസാധാരണമായ കൈവഴക്കമാണ് ഈ സിനിമ വഴി അദ്ദേഹം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തിരക്കഥയില്‍ കാര്യമായ മാജിക്കുകള്‍ ഒന്നും ഇല്ലെങ്കിലും, ചില നിസ്സാര യുക്തിപരമായ മണ്ടത്തരങ്ങള്‍ കാണിച്ചുവെങ്കിലും തിരക്കഥയും ആസ്വാദ്യകരം തന്നെ. പുതുമുഖങ്ങള്‍ എല്ലാവരും തന്നെ അഭിനന്ദനാര്‍ഹമാം പ്രകടനം കാഴ്ച വച്ചു. ചിത്രീകരണവും ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. പുതുമുഖ സംഗീത സംവിധായകനായ മജോ ജോസഫും വളരെ പ്രതീക്ഷ നല്‍കുന്നു. പാട്ടുകള്‍ എല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഗാന ചിത്രീകരണത്തില്‍ സംവിധായകന്‍ കാണിച്ച ശ്രദ്ധ ഉദയനാണുതാരത്തിനെ ഒരു പടി കടത്തിവെട്ടി എന്നു പറയാം.

ചുരുക്കത്തില്‍, കഥയിലെ ചില അസ്വാഭാവിക വശങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാമെങ്കില്‍ എന്തു കൊണ്ടും ആസ്വദിക്കാന്‍പറ്റുന്ന ഒരു സിനിമ. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ വച്ച് മികച്ചവയിലൊന്ന്. ഒരു തവണ കാണാതിരുന്നാല്‍ നഷ്ടമെന്ന് വരെ തോന്നിപ്പിക്കാവുന്ന ഒരു നല്ല കുടുമ്പചിത്രം.

എന്റെ റേറ്റിങ്ങ്: 4/5

മറ്റ് നിരൂപണങ്ങള്‍: വര്‍ണ്ണചിത്രം, ചിത്രവിശേഷം

Friday, January 12, 2007

പളുങ്ക്


സംവിധാനം: ബ്ലെസ്സി
നിര്‍മ്മാണം : ഡ്രീം ടീം പ്രോഡക്ഷന്‍സ്/ ഹൌളി പൊത്തൂര്‍
അഭിനേതാക്കള്‍ : മമ്മൂട്ടി, ലക്ഷ്മി ശര്‍മ്മ, ബേബി നസ്രീന്‍, ബേബി നിവേദിത
സംഗീതം : മോഹന്‍ സിത്താര
വരികള്‍: കൈതപ്രം

കാഴ്ച, തന്മാത്ര എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ ബ്ലെസ്സി അണിയിച്ചൊരുക്കുന്ന സിനിമയാണ് പളുങ്ക്. ആദ്യ രണ്ട് സിനികളും ഗംഭീര വിജയം നേടിയതിനാല്‍ സ്വാഭാവികമായും വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഈ സിനിമയില്‍ നിന്നും ഉണ്ടാകുക. മലയാളത്തിലെ കഴിവുറ്റ സംവിധായകന്‍ എന്ന പേര് ബ്ലസ്സി ഇതിനോടകം നേടിക്കഴിയുകയും ചെയ്തിരിക്കുന്നതിനാല്‍ പ്രത്യേകിച്ചും.

എന്നാല്‍ ഈ മുന്‍‌വിധികളുമായി ചെല്ലുന്നവരെ തീര്‍ത്തും നിരാശനാക്കുന്ന വിധമാണ് ഈ സിനിമയുടെ അവതരണം. കാഴ്ച, തന്മാത്ര എന്നീ സിനിമകളില്‍ വലിയൊരു ആശയവും, ചെറിയ ഒരു സന്ദേശവും ഉണ്ടായിരുന്നതും ആ സിനിമകളിലെ കഥയും സംഭാഷണവും മനസ്സില്‍ തട്ടുംവിധമായിരുന്നതുമാണ് ആ സിനിമകളുടെ വിജയരഹസ്യം എന്ന് സംവിധായകന്‍ മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നു.

ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പറിച്ച് നടപ്പെടുന്ന ഒരു സാധാരണ കൃഷിക്കാരനായ മോനിച്ചന്റെ (മമ്മൂട്ടി) യുടെ ജീവിതത്തിലുണ്ടകുന്ന മാറ്റങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ഗ്രാമജീവിതം സിനിമയില്‍ അധികം വന്നുമില്ല, നഗരജീവിതത്തിന്റെ കാപട്യങ്ങള്‍ കാര്യമായി പകര്‍ത്തിയുമില്ല എന്നതായി സ്ഥിതി. നഗരത്തില്‍ വന്ന് മോനിച്ചന്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ ഇത്ര പെട്ടെന്ന് ഗ്രാമത്തില്‍ നിന്നുവന്ന ഒരാള്‍ കാണിക്കും എന്ന് വിശ്വസിക്കണമെങ്കില്‍ ഗ്രാമത്തിലും ഇദ്ദേഹം തീരെ മോശമായിരുന്നില്ല എന്ന് വേണം കരുതാന്‍. അതിന്റെ തെളിവിനായി നായകന്‍ ഗ്രാമത്തില്‍ ഉള്ള സമയത്തുണ്ടായ ഒരു മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംവിധായകന്‍ പറയാന്‍ ശ്രമിച്ചുവെങ്കിലും അത് കാര്യമായ ഗുണം ഒന്നും കഥയ്ക്ക് നല്‍കിയില്ല. നഗരത്തില്‍ വച്ച് നായകന് ഉണ്ടാകുന്ന വളര്‍ച്ചയോ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ വ്യക്തമായി പറയാന്‍ സംവിധായകന് ഇഷ്ടം പോലെ സമയമുണ്ടായിട്ടും അതൊന്നും ചെയ്യാതെ സിനിമ രണ്ട് മണിക്കൂറായി ചുരുക്കിയതിനും സിനിമ ഒരു ന്യായീകരണം നല്‍കുന്നില്ല. ഒന്നും വിട്ടുപറയാതെ പറയുന്ന സിനിമയുടെ ക്ലൈമാക്സ് മനസ്സിലാക്കാനും പ്രേക്ഷകര്‍ കഷ്ടപ്പെടേണ്ടി വരും. പോരാ‍തെ നായകന്‍ വീണ്ടും ഗ്രാമത്തിലേക്ക് തിരിച്ച് പോകുമോ, നായകന്റെ പഠിപ്പ്, ചെയ്യുന്ന തൊഴില്‍, നഗരത്തില്‍ വച്ച് നേടിയ സൌഹൃദങ്ങള്‍ എന്നിവ തുടരുമോ എന്നുള്ള തരം സംശയങ്ങളും പ്രേക്ഷകര്‍ക്ക് സ്വയം ആലോച്ചിച്ച് ഉത്തരം കണ്ടെത്തേണ്ടി വരും.

സിനിമ തുടങ്ങി വരുമ്പോഴേ നമ്മള്‍ക്ക് കഥയില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ട എന്ന് മനസ്സിലാകുന്നയിടത്ത് സംവിധായകന്‍ ഒരു പരാജയമാകുന്നു. ചെറിയ ചെറിയ ഹാസ്യ മേന്‍പൊടികള്‍ ഇടയ്ക്കിടെ സൃഷ്ടിക്കപ്പെടുന്നത് ഏച്ചു കെട്ടിയതുപോലെ മുഴച്ച് നില്‍ക്കുന്നതും സിനിമയുടെ ആസ്വാദ്യത കുറയ്ക്കുന്നു. ചിലയിടങ്ങളില്‍ കഥ വല്ലാതെ പതുക്കെപ്പോകുന്നത് മലയാളം ടി.വി.സീരിയല്‍ കാണുന്നതുപോലെ തോന്നിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ആവശ്യമില്ലാത്ത പല രംഗങ്ങളും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും സിനിമാസ്വാദനത്തിന്റെ രസം കൊല്ലുന്നു.

മമ്മൂട്ടിയുടെ പ്രകടനവും തൃപ്തികരമല്ല. പുതുതായി ഒന്നും അദ്ദേഹം ചെയ്യുന്നുമില്ല, എടുത്തു പറയത്തക്ക അഭിനയത്തികവ് പ്രദര്‍ശിപ്പിക്കുന്നുമില്ല. നായികയായി വരുന്ന ലക്ഷ്മി ശര്‍മ്മയ്ക്ക് കാര്യമായ ഒന്നും സിനിമയ്ക്ക് നല്‍കാന്‍ കഥ അവസരം നല്‍കുന്നില്ല. തന്മാത്രയിലെ നായിക മീരയെപ്പോലെ കരയാതിരികുന്ന നേരം മുഴുവന്‍ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ഈ നായിക, കാഴ്ചയിലും പെരുമാറ്റത്തിലും മമ്മൂട്ടിയേക്കാള്‍ വളരെ ചെറുപ്പമെന്ന് തോന്നിപ്പിക്കുന്നതു കഥയെ കാര്യമായി ബാധിക്കുന്നില്ല എന്നാശ്വസിക്കാം. മമ്മൂട്ടിയുടെ മക്കളായി വന്ന ബേബി നസ്രീനും ബേബി നിവേദിതയും സാമാന്യം നന്നായി തന്നെ അഭിനയിച്ചു. ജഗതിയും നെടുമുടി വേണുവും കണ്ടും ചെയ്തും മടുത്ത രണ്ട് കഥാപാത്രങ്ങളായി വീണ്ടും ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

ഗാനങ്ങളും ഗാനചിത്രീകരണവും തികച്ചും സാധാരണം. രണ്ടാമത് കാണാനോ കേള്‍ക്കാനോ താത്പര്യപ്പെടാതിരിക്കാന്‍ മാത്രം വിരസം. ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയത് സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ ഒപ്പിച്ചെടുക്കാന്‍ മാത്രമാണെന്ന് തോന്നിപ്പോകുന്നു

ബ്ലെസ്സിയുടെ എല്ലാ ചിത്രങ്ങളിലേയും പോലെ ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന രംഗം ഈ സിനിമയിലും പലകുറി ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം കുട്ടികളെക്കുറിച്ചുള്ള നായകന്റെ ആധിയാകുന്നു മൂന്നു ചിത്രങ്ങളുടേയും മുഖ്യപ്രമേയം (അമ്മയുടെ ആധിക്ക് മാര്‍ക്കറ്റ് വാല്യൂ മലയാലം സിനിമയില്‍ പണ്ടേ ഇല്ലല്ലോ). നായകന്‍ കരയുന്ന രംഗങ്ങളും മുന്‍സിനിമകളിലേതുപോലെ ഈ സിനിമയിലും പല തവണ കാണാനാകുന്നു. കഴിഞ്ഞ പടങ്ങള്‍പോലെ ഈ സിനിമയും വളരെ ശോകജനകമായി അവസാനിക്കുകയും ചെയ്യുന്നു. ഒരേ പോലെയുള്ള പടങ്ങള്‍ ചെയ്താല്‍ പ്രേക്ഷകര്‍ എത്ര നാള്‍ സംവിധായകന്റെ പടങ്ങളില്‍ താത്പര്യം കാണിക്കും എന്ന് അദ്ദേഹം ചിന്തിക്കുന്നത് നന്നായിരിക്കും.

സംഗ്രഹം: പുതുതായി ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രം. കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുന്ന ഒരു ചെറുകഥ വായിക്കുന്ന സുഖത്തില്‍ ഒരുതവണ കണ്ടിരിക്കാം എന്ന് മാത്രം. തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ ഒന്നും അവശേഷിപ്പിക്കാത്തത് കാരണം ഈ സിനിമ മുന്‍സിനികള്‍പോലെ ഒരു വിജയമാകുമോ എന്ന് കാത്തിരുന്നുതന്നെ കാണണം

എന്റെ റേറ്റിങ്ങ്: 2.5 / 5

(ഒന്നാമത്തെ ആഴ്ചയില്‍ തന്നെ ബാംഗ്ലൂര്‍ പി.വി.ആര്‍ തിയറ്ററില്‍‍ മുക്കാല്‍ പങ്കും കാലിയാ‍യ ആദ്യ മലയാള സിനിമ ഒരുപക്ഷെ ഇതായിരിക്കാം. ഇറങ്ങുന്ന എല്ലാ മലയാളം സിനിമകളും ഇവിടെ വരാറില്ല എന്നതും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.)

മറ്റു ചില നിരൂപണങ്ങള്‍: ചിത്രവിശേഷം, വര്‍ണ്ണചിത്രം

Tuesday, October 03, 2006

ദ ഡോണ്‍

സംവിധാനം : ഷാജി കൈലാസ്‌
രചന : ജോയ്‌ പള്ളാശ്ശേരി
ഛായഗ്രഹണം : സന്‍ ജ്ജിവ്‌ ശങ്കര്‍
എഡിറ്റിഗ്‌ : ഡോണ്‍ മാക്സ്‌
അഭിനയേതാക്കള്‍ : ദിലീപ്‌ ,ലാല്‍ ഗോപിക

സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്നാണ്‌ പറയാറ്‌. എന്നാല്‍ നല്ല ഒരു സംവിധായകനോ പ്രതിഭാ സമ്പന്നരായ ഒരു പറ്റം സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ മികച്ച പരസ്യ പ്രചരണങ്ങള്‍ക്കോ ഒന്നും ഒരു ദുര്‍ബലനായ നടനേ വച്ച്‌ ഒരു ചിത്രം വിജയിപ്പിക്കാന്‍ കഴിയില്ലാ എന്നതിന്‌ തെളിവാണ്‌ ദി ഡോണ്‍.

ദിലീപ്‌ എന്ന നടന്റെ കരിയറിലേ ഒരു പരീക്ഷണ ചിത്രമായിരുന്നു ഡോണ്‍ . ഷാജി കൈലാസ്‌ എന്ന സംവിധായകന്‍ ദിലീപ്‌ എന്ന നടനേ over estimate ചെയ്തതാണ്‌ ഈ ചിത്രത്തിന്റെ യഥാര്‍ത്ത പ്രശ്നം. എന്നാല്‍ ചിത്രം വികസ്സിക്കുന്നതിനനുസ്സരിച്ച്‌ ദിലീപിന്റെ പരിമിതികള്‍ പുറത്തു വന്നു തുടങ്ങും.

ദിലീപിന്റെ സ്ഥാനത്ത്‌ പൃഥ്വി രാജയിരുന്നു എങ്കില്‍ ഈ ചിത്രത്തിന്‌ ഒരു വന്‍ തകര്‍ച്ച ഒഴിവാക്കാമയിരുന്നു. എന്നാല്‍ തുമ്പിയേക്കൊണ്ട്‌ കല്ലെറ്റുപ്പിക്കാനാണ്‌ ഷാജി നോക്കിയത്‌. ദിലീപിന്‌ ഷാജിയുടേ ഒരു ആക്ഷന്‍ ഹീറോയാകാന്‍ തക്കവിധം പാങ്ങില്ലാ എന്ന് ഈ ചിത്രം അടിവരയിടുന്നു. ജോഷിയേപ്പൊലുള്ളവര്‍ ദിലീപിനെ വച്ച്‌ ആക്ഷന്‍ പടം എടുത്തിട്ടുണ്ടല്ലോ എന്നത്‌ ഒരു ചോദ്യം ഉയര്‍ന്നേക്കം. എന്നാല്‍ ജോഷി ദിലീപിന്റെ പരിമിതികള്‍ മനസ്സിലക്കിയപ്പോള്‍ ഷാജി അതു ചെയ്തില്ലാ.

സര്‍ക്കാര്‍, ഒന്നാമന്‍ റണ്‍ വേ തുടങ്ങിയ സിനിമകളില്‍ നിന്ന് മുറിച്ചെടുത്ത വളരേ ദുര്‍ബലമായ ഒരു തിരക്കഥ പക്ഷേ ഷാജിയും സണ്‍ജീവ്‌ ശങ്കറും ഡോണ്മാക്സും കൂടി ഈ പരിമിതിയേ അത്ഭുതകരമായി തരണം ചെയ്തപ്പോഴും ദിലീപിന്റെ പരിമിതിയില്‍ തട്ടി നില്‍ക്കാനായിരുന്ന് ഈ ചിത്രത്തിന്റെ വിധി.

എല്ലാ സാങ്കേതിക പ്രവര്‍ത്തകരും ഒന്നിനൊന്ന് കഷ്ടപ്പെട്ടിണ്ട്‌ ഈ സിനിമക്കു വേണ്ടി. അഭിനയേതാക്കളില്‍ ലാല്‍ മികവു പുലര്‍ത്തി എന്നത്‌ ശ്രദ്ധെയമാണ്‌. പതിവ്‌ ക്ലീഷേകളില്‍ നിന്ന് ഒരു മോചനമായിരുന്നു ലാലിന്റെ ഈ വേഷം. മറ്റുള്ളവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനില്ലാ എന്നതാണ്‌ സത്യം. എല്ലാ ഭാരവും സാങ്കേതിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തപോലേയാണ്‌ തോന്നുക.

കഥയേക്കുറിച്ചോന്നും പറയേണ്ടതില്ല. അതിലൊന്നും ഒരു പുതമയും ഇല്ല. പിന്നെ അവതരണം അതു മാത്രമാണ്‌ ഈ ചിത്രത്തിന്റെ + പോയന്റെ. പിന്നേ മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ്‌ ഗോപി പോലുള്ള നടന്മാര്‍ എന്തുകൊണ്ട്‌ പ്രസ്ക്തമാകുന്നു എന്ന്‌ ഈ ചിത്രം കാണുമ്പോള്‍ മനസ്സിലാകും.
എന്റെ റേറ്റിഗ്‌ 1.5/5

ക്ലാസ്‌മേറ്റ്‌സ്‌

ക്ലാസ്‌മേറ്റ്‌സ്‌സംവിധാനം : ലാല്‍ ജോസ്‌
രചന : ജെയിംസ്‌ ആര്‍ബര്‍ട്ട്‌
അഭിനയേതാക്കള്‍ : പ്രഥ്വിരാജ്‌,നരേന്‍,ജയസൂര്യ , ഇന്ദ്രജിത്‌,കാവ്യ

വലിയ പ്രതീക്ഷയോടേയാണ്‌ ഓണചിത്രങ്ങളില്‍ എറ്റവും വലിയ ഹിറ്റായ ക്ലാസ്‌മേറ്റ്‌ കാണാന്‍ പോയത്‌. പക്ഷേ പ്രതീക്ഷക്കൊത്ത ഒരു ചലച്ചിത്ര അനുഭൂതി പകര്‍ന്നുതരുന്നതില്‍ ഈ ചിത്രം പരാജയപ്പെടുന്നു.മറ്റ്‌ ഓണച്ചിത്രങ്ങളെ അപേക്ഷിച്ച്‌ ഒരു വ്യക്തമായൊരു കഥയുണ്ട്‌ എന്നതൊഴിച്ചാല്‍ പറയത്തക്ക മേന്മയൊന്നും ക്ലാസ്‌മേറ്റിനില്ല.

90 കളിലെ കാമ്പസ്‌ പുനരാവിഷ്ക്കരിക്കുന്നു എന്നതോടൊപ്പം ഈ തലമുറയിലേ കുട്ടികള്‍ക്ക്‌ തികച്ചും അജ്ഞമായ ഒരു കാമ്പസ്‌ പരിചപ്പെടുത്തുന്നു എന്ന അവകാശവാദത്തൊടെയാണ്‌ ലാല്‍ ജോസ്‌ ഈ ചിത്രം അവതരിപ്പിച്ചത്‌. എന്നാല്‍ ഒരു തരത്തിലുള്ള കാമ്പസ്‌ നൊസ്റ്റാള്‍ജിയും ഉണര്‍ത്താന്‍ ഈ ചിത്രത്തിന്‍ കഴിഞ്ഞിട്ടില്ലാ. ഈ വ്യത്യാസം മനസ്സിലാക്കന്‍ ഒരുപാട്‌ ബുദ്ധിമുട്ടുകയൊന്നും വേണ്ടാ വെറുതെ ഒന്ന് സര്‍വകലാശാല എന്ന ചിത്രത്തിന്റെ CD എടുത്തു കണ്ടാല്‍ മതി.

പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന സുകുവും കാവ്യ മാധവന്‍ അവതരിപ്പിച്ച താരയും തമ്മില്ലുള്ള പ്രണയവും തെറ്റിദ്ധാരണയുടേ പുറത്തുള്ള വേര്‍പിരിയലും പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും ഇതാണ്‌ ക്ലാസ്മേറ്റിന്റെ ആകെത്തുക. ഇത്‌ നേരിട്ടു പറഞ്ഞാല്‍ ഒരു പുതുമയും ഉണ്ടാകില്ല എന്നതുകൊണ്ട്‌ ഒരു സസ്പെന്‍സൊക്കേ പിടിപ്പിച്ച്‌ മൊത്തത്തില്‍ ഒരു വ്യത്യസ്തത വരുത്താന്‍ ശ്രമിച്ചിടുണ്ട്‌ എന്നു മാത്രം.

പിന്നെ എന്തുകൊണ്ട്‌ ഈ ചിത്രം ഹിറ്റായി ? അതിന്‌ നന്ദി പറയേണ്ടത്‌ വയലാര്‍ ശരത്‌ ചന്ദ്രവര്‍മ്മയും അലക്സ്‌ പോളും ഒരുക്കിയ ഗാനങ്ങള്‍ക്കാണ്‌. അതി മനോഹരമായ ഗാനങ്ങള്‍ക്ക്‌ എങ്ങനെ ഒരു ചിത്രത്തിന്റെ വിജത്തിന്‌ സഹായകമാകും എന്ന് വീണ്ടും തെളിയക്കപ്പെടുന്നു.

വന്‍ അവകാശവാദങ്ങളാണ്‌ ഈ ചിത്രം ഇറങ്ങുന്നതിന്‌ മുന്‍പ്‌ ലാല്‍ ജോസ്‌ നടത്തിയത്‌ അതിനോട്‌ നീതി പുലര്‍ത്തുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ലാ .KSU ക്കാരേ തന്മയത്തോടേ അവതരിപ്പിച്ചപ്പോള്‍ SFI ക്കാരേ സത്യസന്തമായി അവതരിപ്പിക്കാന്‍ ലാല്‍ ജോസ്‌ പരാജയപ്പെട്ടു (ചിലപ്പോള്‍ സ്വാധീനമാകാം). ജെയിംസ്‌ ആല്‍ബര്‍ട്ടിനേ സംബദ്ധിച്ചിടത്തോളം നവാഗതന്‍ എന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നു.

ബാലചന്ദ്രമേനോന്‍ ഒഴിച്ചുള്ള എല്ലാ അഭിനയേതാക്കാളും നല്ല പ്രകടനം നടത്തിയിട്ടുണ്ട്‌ എന്നതാണ്‌ ഈ ചിത്രത്തിന്റെ മറ്റൊരു നല്ലവശം. ഇന്ദ്രജിത്തിന്റേയും ജയസൂര്യയുടേയും പ്രകടനം


ഗംഭീരമാണ്‌.എന്റെ റേറ്റിഗ്‌ 2.5/5

Sunday, October 01, 2006

അച്ഛനുറങ്ങാത്ത വീട്.

അച്ഛനുറങ്ങാത്ത വീട്.

സംവിധാനം : ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍.
ഗാന രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ.
സംഗീതം : അലക്സ് പോള്‍.
ഛായാഗ്രഹണം : മനോജ് പിള്ള.
ചിത്ര സംയോജനം : രഞ്ജന്‍ എബ്രഹാം.

അഭിനേതാക്കള്‍: സലിം കുമാര്‍, മുരളി, പൃഥിരാജ്, ഇന്ദ്രജിത്ത്, ഹരിശ്രീ അശോകന്‍,ടി.പി രാ‍ജു, സുജാ കാര്‍ത്തിക, സംവൃത സുനില്‍, മുക്ത തുടങ്ങിയവര്‍.


വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് ഞാന്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്‍‌പില്‍ ഒരു പെണ്‍കുട്ടി രണ്ട് പോലീസ്കാരുടെ അകമ്പടിയോടെ വണ്ടിയിറങ്ങുമായിരുന്നു. അടുത്തുള്ള ഓഫീസില്‍ ആ കുട്ടി ജോലി ചെയ്ത് തീരും വരെ പോലിസ് ആ കുട്ടിക്ക് കാവലിരുന്നു. സൂര്യനെല്ലി കേസിലെ പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടി.തിളക്കമറ്റ കണ്ണുകള്‍.നിര്‍ജ്ജിവമായ മുഖം. ആരോടും മിണ്ടാതെ ആ കുട്ടി നടന്ന് പോകുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചിട്ടുണ്ട്. എത്രപേരുടെ പീഡനങ്ങള്‍ക്കിരയായ കുട്ടി. നിയമത്തിന് മുന്നില്‍ തെളിവുകളും, ന്യായങ്ങളും, നിയമത്തിലെ പഴുതുകളും കീറി മുറിച്ചപ്പോള്‍ പ്രതികളെ വിട്ടയക്കാന്‍ ബഹു:ഹൈക്കോടതി നിര്‍ബന്ധിതമായി. ഏറ്റവും മിടുക്കനായ ജഡ്ജിമാരില്‍ ഒരാളായ ശ്രീ.ബസന്തിന്റേതായിരുന്നു വിധി. ആ വിധിയില്‍ ഞാന്‍ അല്‍പ്പം പോലും ഞെട്ടിയില്ല. സൂര്യനെല്ലി കേസിന്റെ കേസ് ഡയറി വായിച്ചിട്ടുള്ള ഒരാള്‍ക്കും അതില്‍ അസ്വാഭാവികത തോന്നാന്‍ വഴിയില്ല എന്നാണ് എന്റെ നിഗമനം. കേസ് ഇപ്പോഴും പരമോന്നത നീതി പീഠത്തിന്റെ പരിഗണനയിലായതിനാല്‍ ഞാന്‍ എന്റെ നാവു പൂട്ടുന്നു. അച്ഛനുറങ്ങാത്ത വീട് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഈ പെണ്‍കുട്ടിയായിരുന്നു. ആ വേദനയും, നൊമ്പരവും അത്ര മനോഹരമായി സംവിധായകന്‍ പകര്‍ത്തിയിട്ടുണ്ട്. ചില പോരായ്മകളുണ്ടെങ്കിലും, ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

ലാല്‍ജോസിന്റേതായി ഇറങ്ങിയ ഈ ചിത്രം ഒരു സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ഏറ്റുവാങ്ങിയ പീഡനങ്ങളുടേയും, അതേ തുടര്‍ന്ന് ആ കുടുംബം അനുഭവിക്കുന്ന ദുരിതങ്ങളുടേയും കഥയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് നമ്മുടെ സമൂഹത്തില്‍ ഇതൊരു തുടര്‍ക്കഥയാണ്. ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തില്‍ നമുക്ക് ചുറ്റുമായി കാമത്തിന്റെ കനലടങ്ങാത്ത കണ്ണുകളും, തീ പിടിച്ച അരക്കെട്ടുകളുമായി ഭോഗത്തിന്റെ ആരോഹണാവരോഹണങ്ങളിലേക്ക് വീഴ്ന്നു പോകാന്‍ കാത്തിരിക്കുന്നവര്‍ എത്രപേര്‍...അവര്‍ക്ക് മുന്നില്‍ പ്രായം തികയാത്ത കുട്ടിയെന്നോ, ചങ്ങാതിയുടെ സഹോദരിയെന്നോ, അയല്‍‌വക്കത്തെ താമസക്കാരിയെന്നോ വ്യത്യാസമില്ല. പണം കൊണ്ടും, അധികാരം കൊണ്ടും, എന്തും നേടാനുള്ള ഒന്നായി നമ്മുടെ ജനാധിപത്യം മാറുമ്പോള്‍, ഇവര്‍ അവിടെ രാജാക്കന്‍‌മാര്‍ ആകുന്നു. മറ്റുള്ളവര്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളും. വ്യാജമായ തെളിവുകളുടേയും, നിയമത്തിലെ പഴുതുകള്‍ ഇട്ട് എഴുതിയുണ്ടാക്കിയ ഒരു കേസിന്റേയും ബലത്തില്‍ ഒരു വ്യവഹാരം കോടതിയില്‍ എത്തുമ്പോള്‍, ദുര്‍ബലമായി പോകുന്ന വാദമുഖങ്ങളും, വിധിന്യായങ്ങളും മൂലം നീതി അര്‍ഹിക്കുന്നവന് നീതി ലഭിക്കുന്നുണ്ടോ എന്ന് നമ്മളെ ചിന്തിപ്പിക്കാന്‍ പോന്ന ഒരു ചിത്രമാണിത്. നീതി ലഭിക്കേണ്ടവന് തെളിവുകളില്ലായ്മയുടേയും, ദുര്‍ബ്ബലമായ എഴുതപ്പെട്ട കേസിന്റേയും, നിയമത്തിലെ പഴുതുകളുടേയും കാരണത്താല്‍ നീതി നിഷേധിക്കാമോ, എന്ന് നമ്മള്‍ സ്വയം ചോദിക്കുകയും, ഒരു ഉത്തരത്തിനായി ഇനി ഒരു പോരാട്ടം കൂടി വേണമോ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ ചിത്രം.
മക്കളെ എഞ്ചിനീയറും, ഡോക്ടറും ആക്കാന്‍ നമ്മുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമില്ലാത്ത, അനുചിതമായ രീതികള്‍ പ്രയോഗിക്കുമ്പോള്‍, ആത്മഹത്യ ചെയ്യുകയും, ഒളിച്ചോടുകയും, പിന്നീട് തെറ്റായ വഴികളിലേക്ക് വീണ് പോകുകയും ചെയ്യുന്നവരുടെ മാതാ പിതാക്കള്‍ക്ക് ഈ ചിത്രം ഒരു ഗുണപാഠമാണ്.

സ്നേഹത്തിനു മുന്നില്‍ എല്ലാം മറന്ന് ക്രൈസ്തവ മതത്തിലെ പെന്തികോസ്ത് വിഭാഗത്തിലേക്ക് മതം മാറിയ ആളാണ് സാമുവല്‍. വിഭാര്യനായ സാമുവലിന് മൂന്ന് പെണ്‍കുട്ടികള്‍. ട്രീസാമ്മ, ഷേര്‍ളി, ലിസമ്മ. ലിസമ്മ മാത്രമാണ് പഠിക്കുന്നത്. ലിസമ്മയെ കുറിച്ച് സാമുവേലിന് വളരെയേറെ പ്രതീക്ഷകളാണുള്ളത്. ഡോക്ടറാക്കണമെന്നാണ് മോഹം. ലിസമ്മയെന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതാവുന്നു. അന്വേഷണത്തില്‍ ലിസമമ സാധാരണ വരാറുള്ള ബസ്സിന്റെ മുതലാ‍ളി ചെക്കനുമായി നാട് വിട്ടതാണെന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് വിവാഹം നടത്താമെന്ന ധാരണയിലും വിശ്വാസത്തിലും ഒരു പരാതി പോലും പോലീസില്‍ നല്‍കാത്ത സാമുവലിന്റെ മുന്നിലേക്ക് ലിസമ്മയുടെ കാമുകനായ ചെറുപ്പക്കാരന്‍ ഒരു പുതിയ കഥയുമായി അവതരിക്കുമ്പോള്‍ കഥയുടെ ഗതി മാറുകയാണ്. പിന്നെ പീഡനത്തിന്റെ നാളുകളാണ് സാമുവലിനെ കാത്തിരുന്നത്. എട്ടും പൊട്ടും തിരിയാത്ത മകള്‍ പലരുടെ പീഡനങ്ങള്‍ക്കിരയായി എന്ന സത്യം സാമുവലിന് വല്ലാത്ത പ്രഹരമായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി നിയമ പാലകര്‍ ആ കുട്ടിയെ ഒരു കാഴ്ചവസുതുവായി അവതരിപ്പിക്കുന്നതും, ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൂശിക്കപ്പെടുന്നതും അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നാല്‍ ഒടുവില്‍ അയാളെയും കുടുംബത്തേയും കാത്തിരുന്ന വിധി അയാളെ ഞെട്ടിച്ച് കളഞ്ഞു. പ്രതികളെ വെറുതെ വിട്ട് കൊണ്ടുള്ള വിധി അയാള്‍ക്ക് താങ്ങാവുന്നതിലും അധികം. അയാള്‍ ഒരു കൂട്ട ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കയാണ്.

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ ചുവട് പിടിച്ച് എഴുതിയ കഥയാണിത്. രാഷ്ട്രീയക്കാരും, പോലീസ് ഉദ്യോഗസ്ഥരും, മത മേലാളന്‍‌മാരും ചേര്‍ന്ന് നമ്മുടെ ജനാധിപത്യത്തെ എത്രമാത്രം കശാപ്പു ചെയ്യുന്നു എന്ന് ഈ ചിത്രം കാണുമ്പോള്‍ നമ്മള്‍ വേദനയോടെ ഓര്‍ക്കും. നമ്മുടെ നിയമത്തിന്റെ പഴുതുകളിലൂടെ ഏതൊരു നിരപരാധിയും പ്രതിയായി മാറാനും, അവനെ ശിക്ഷിക്കാനും,കഴിയും. രാക്ഷ്ട്രീയ- ഉദ്യോഗസ്ഥന്‍‌മാരുടെ അവിശുദ്ധ കൂട്ടുകെട്ട് അതിന് എത്രമാത്രം ഒത്താശ ചെയ്യുന്നുണ്ട്.പീഡനങ്ങള്‍ക്കിരയായ ഒരു പെണ്‍കുട്ടി തെളിവെടുപ്പിന്റെ പേരില്‍ അനുഭവിക്കുന്ന നീചവും, നികൃഷ്ടവുമായ മുറകള്‍, അത് ഒരു പിതാവിലും, ആ കുട്ടിയിലും, ഉളവാക്കുന്ന വികാരവും വേദനയും എല്ലാം മനോഹരമായി പറയാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയ്ക്ക് വേണ്ടത്ര കയ്യടക്കമില്ലാതെ പോയി. ആദ്യ രംഗങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഒരു നല്ല കഥയെ സാമൂഹിക സന്ദേശത്തിന് മുന്‍‌തൂക്കം നല്‍കി എഴുതിയപ്പോള്‍ തുടക്കത്തിലെ രംഗങ്ങളില്‍ തിരക്കഥ പാളി. അത് ചിത്ര സംയോജനത്തേയും കാര്യമായി ബാധിച്ചു. എങ്കിലും, കാഴ്ചക്കാരന്റെ മുന്നില്‍ സാമുവലിന്റേയും, കുടുംബത്തിന്റേയും വേദന പകര്‍ന്ന് നല്‍കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അലക്സ് പോളിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ മകന്‍ ശരത്ചന്ദ്ര വര്‍മ്മയുടേ വരികളും തെറ്റില്ല.

സലിം കുമാറിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് സാമുവല്‍. സലിം കുമാര്‍ അത് നന്നായി ചെയ്തിട്ടുണ്ട്. ലിസമ്മയായി അഭിനയിക്കുന്ന മുക്ത (?) യുടെ ഭാവാഭിനയം എടുത്തു പറയത്തക്കതാണ്. ചെറുതെങ്കിലും ശേഖര്‍ജിയുടെ രംഗം മുരളി ജീവസ്സുറ്റതാക്കി. ഹരിശ്രീ അശോകനും, സുജാ കാര്‍ത്തികയും, സംവൃതാ സുനിലുമൊക്കെ മോശമായിട്ടില്ല. എന്നാല്‍ വളരെ ചെറിയ ഒരു രംഗത്ത് മാത്രമേ പൃഥിരാജും, ഇന്ദ്രജിത്തും പ്രത്യക്ഷപ്പെടുന്നുള്ളു. വലിയ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങള്‍ ആണെങ്കിലും, നന്നായി ചെയ്തിട്ടുണ്ട്.

പൊതുവില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും, കാഴ്ചക്കാരനിലേക്ക് ഒരു വ്യക്തമായ സന്ദേശം നല്‍കാനും,ഒരു കലാമൂല്യമുള്ള ചലചിത്രമൊരുക്കാന്‍ തനിക്ക് കഴിയുമെന്നും ലാല്‍ ജോസിന്റെ ഈ ചിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.

Saturday, September 23, 2006

നെയ്ത്തുകാരന്‍

നെയ്ത്തുകാരന്‍.
സംവിധാനം : പ്രിയ നന്ദനന്‍.
കഥ,തിരക്കഥ, സംഭാഷണം: എന്‍.ശശിധരന്‍
ഛായാഗ്രഹണം : ജെയിന്‍ ജോസഫ്
സംഗീതം : ജോണ്‍ പി.വര്‍ക്കി.
അഭിനേതാക്കള്‍ : മുരളി, സോനാ നായര്‍,വിജയരാഘവന്‍, എം.ആര്‍.ഗോപകുമാര്‍,മുല്ലനേഴി തുടങ്ങിയവര്‍.

ഇ.എം.എസ്. മരിക്കുന്ന ദിവസം ആണ് ചിത്രം തുടങ്ങുന്നത്. ഇ.എം.എസ് മരിക്കുന്ന വാര്‍ത്തയറിയുന്ന ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരനിലൂടെ കടന്നു പോകുന്ന ഓര്‍മ്മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.രണ്ട് കാലഘട്ടങ്ങളിലെ തലമുറകളുടെ വൈരുദ്ധ്യം, അവരുടെ പെരുമാറ്റത്തിലും, പ്രവൃത്തിയിലും ഉള്ള അന്തരങ്ങള്‍, പണ്ട് കമ്മ്യൂണിസ്റ്റ്കാര്‍ ആയിരുന്നവര്‍ ആശയങ്ങള്‍ ഉപേക്ഷിച്ച് ഒരു പുതിയ ജീവിത പന്ഥാവിലേക്ക് തിരിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, എല്ലാം ഈ ചിത്രം കാണിക്കുന്നു. ഒരു ശരാശരി കമ്മ്യൂണിസ്റ്റ്കാരനെ ആവേശ ഭരിതനാക്കാന്‍ ഈ ചിത്രത്തിനു കഴിയുമെങ്കിലും, ഒരു ചലചിത്രം എന്ന നിലയില്‍‍ ഈ ചിത്രം ഒരു പരാജയമാണ്.

ഒരു പഴയ കമ്മ്യൂണിസ്റ്റ് കാരനാണ് അപ്പ മേസ്തിരി.അപ്പമേസ്തിരിയുടെ മകനാണ് ജോഷി.അപ്പമേസ്തിരിയായി മുരളിയും, ജോഷിയായി വിജയരാഘവനും,ജോഷിയുടെ ഭാര്യയായി സോനാ നായരും അഭിനയിക്കുന്നു. അപ്പമേസ്തിരി തീരെ സുഖമില്ലാതെയിരിക്കുകയാണ്. അതിന്റെ ആശങ്കകളിലാണ് ജോഷിയുടെ ഭാര്യ.ജോഷിയുടെ മക്കളാകട്ടെ, റാപ്പ് സംഗിതവും, എഫ്.ടി.വിയുമാണ് ആസ്വദിക്കുന്നത്. അവര്‍ക്ക് ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരന്റെ ചെയ്തികളൊ, അവരുടെ ജീവിതരീതികളോ ചേരുന്നില്ല.ജോഷിയാകട്ടെ ഒരു പഴയ നക്സല്‍ പ്രവര്‍ത്തകനാണ്. ജോഷി ഇന്ന് ഒരു പരസ്യ കമ്പനി നടത്തുന്നു. ജോഷി വളരെ സമ്പന്നനാണ്. ഇന്നയാള്‍ പഴയ നക്സല്‍ അല്ല. ജോഷിയുടെ മാറ്റങ്ങള്‍ പഴയ നക്സല്‍ പ്രവര്‍ത്തകര്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം ശ്രമിക്കുന്നു.ജോഷിയെ കാണാന്‍ പഴയ നക്സല്‍ പ്രവര്‍ത്തകനും, സുഹൃത്തുമായിരുന്ന ബാഹുലേയന്‍ വരുന്നു. ബാഹുലേയന്‍ ആയി എം.ആര്‍. ഗോപകുമാ‍ര്‍ ആണ് അഭിനയിക്കുന്നത്. ജോഷി മാതാ അമൃതാനന്ദമയിയെ കണ്ടതിനു ശേഷം പരസ്യ കമ്പനിയുടെ പേരു മാറ്റിയതും അതിനു ശേഷം ഉണ്ടായ വളര്‍ച്ചയും ഒക്കെ വളരെ ഉത്സാഹത്തോടെയാണ് സുഹൃത്തിനെ ധരിപ്പിക്കുന്നത്.

ഇ.എം.എസ്സിന്റെ മരണവാര്‍ത്ത റേഡിയോയില്‍ നിന്നാണ് അപ്പമേസ്തിരി മനസ്സിലാക്കുന്നത്. അപ്പമേസ്തിരിയെ പാര്‍ട്ടി സെക്രട്ടറി വിവരം ധരിപ്പിക്കാന്‍ വന്നെങ്കിലും അപ്പ മേസ്തിരിയെ അതെങ്ങിനെ ബാധിക്കും എന്ന ആശങ്കയുള്ളതിനാല്‍ മകള്‍ അത് വിലക്കുന്നു. തീരെ സുഖമില്ലാതെയിരുന്ന അപ്പ മേസ്തിരിയില്‍ ഇ.എം.എസ്സിന്റെ മരണവാര്‍ത്ത, തന്റെ നഷ്ടപ്പെട്ട് ഓര്‍മ്മകളേയും,ഊര്‍ജ്ജത്തേയും അയാള്‍ക്ക് തിരിച്ച് നല്‍കുകയാണ്.അപ്പ മേസ്തിരി ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ഇ.എം.എസ്സിന്റെ മരണം അയാളില്‍ വല്ലാത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.ഇ.എം.എസ്സിന്റെ മരണത്തോടെ എല്ലാം തീര്‍ന്നു എന്നയാള്‍ വിലപിക്കുന്നു.ഒരു തലമുറയുടെ അന്ത്യം,കമ്മ്യൂണീസ്റ്റ് സംഘടനകളില്‍ എത്രമാത്രം വിടവു സൃഷ്ടിക്കുന്നു എന്നയാള്‍ക്ക് അറിയാം. സഖാവ് കൃഷ്ണപിള്ളയെയും അയാള്‍ ഈ തരുണത്തില്‍ ഓര്‍ക്കുന്നുണ്ട്. ഇ.എം.എസ്സിന്റെ ശവസംസ്കാര ദിവസം അയാള്‍ ജലപാനം പോലും നടത്തുന്നില്ല.അയാള്‍ക്ക് അതിന് ന്യായങ്ങളുണ്ട്. പക്ഷെ പുതിയ തലമുറക്ക് അതൊന്നും മനസ്സിലാകുന്നില്ല.ഈ. എം. എസ്സിന്റെ മൃദദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ട് തിരികെ മുറിയെലെത്തുന്ന അപ്പ മേസ്തിരിയും ലോകത്തോട് വിടവാങ്ങുകയാണ്.പ്രസ്ഥാനം ഒരു തുടര്‍ച്ചയാണെന്നും, ഇ.എം.എസ്സിനും തെറ്റ് പറ്റിയിട്ടുണ്ടാകാമെന്നും അയാള്‍ നമ്മോട് പറയുന്നുണ്ട്.

മുരളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ കഥാപാത്രമാണ് അപ്പ മേസ്തിരി. അപ്പ മേസ്തിരിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ മുരളിക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പ മേസ്തിരി പഴയ ഓര്‍മ്മകളിലൂടെ തിരിച്ച് പോകുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മാ‍റ്റങ്ങള്‍, അയാളുടെ വികാര വിചാരങ്ങള്‍ എല്ലാം നമുക്ക് മുന്നിലൂടെ മിന്നി മറയുന്നു. വളരെ മനോഹരമായ ചിത്ര സംയോജനത്തിലൂടെ ഇത് സാധിച്ചെടുക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.ഒരു ശരാശരി കമ്മ്യൂണിസ്റ്റ് അനുഭാവിയെ ആവേശഭരിതമാക്കാന്‍ ഈ മുഹൂര്‍ത്തങ്ങള്‍ക്കും, രംഗങ്ങള്‍ക്കും കഴിയും. അപ്പമേസ്തിരിയുടെ ഓര്‍മ്മകളിലൂടെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, അതിന്റെ പൂര്‍വ്വകാല നേതാക്കളും,കേരളത്തിന്റെ നവോത്ഥാനത്തിനും, പുരോഗതിക്കും എത്രമാത്രം സംഭാവന നല്‍കിയിട്ടുണ്ട് എന്ന് കാണിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്.ഈ കാര്യത്തില്‍ സംവിധായകന്‍ വിജയിട്ടുണ്ട്.എന്നാല്‍ നക്സല്‍ പ്രസ്ഥാനത്തിനുണ്ടായ അപചയം ഒരു തലമുറയെ എത്രമാത്രം നാശത്തിന്റെ വക്കിലെത്തിച്ചു എന്ന് കാണിക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല. മറിച്ച് ഒരു പഴയ നക്സല്‍ പ്രവര്‍ത്തകന്‍ സമ്പന്നനായി തീരുന്ന ചിത്രമാണ് സംവിധായകന്‍ നമുക്ക നല്‍കുന്നത്. ഒരു അപവാദമുള്ളത് ബാഹുലേയന്‍ എന്ന കഥാപാത്രമാണ്. ബാഹുലേയനാകട്ടെ, ഇന്ന് ഒരു സംസ്കാരിക പ്രവര്‍ത്തകനാണ്. അപ്പമേസ്തിരിയെ ഉയര്‍ത്തികാണിക്കാന്‍ ശ്രമിക്കുന്നതിലൂടെ മറ്റു കഥാപാത്രങ്ങള്‍ അപ്രസക്തമാവുകായാണ് ഈ ചിത്രത്തില്‍. എം.ആര്‍. ഗോപകുമാറിന്റേയോ, വിജയരാഘവന്റേയോ അഭിനയ സാധ്യതകളെ സംവിധായകന് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ വളരെ നല്ല ചിത്ര സംയോജനവും, ഛായാഗ്രഹണവും ഈ ചിത്രത്തിന്റെ മേന്മകളാണ്.പശ്ചാത്തല സംഗീതവും തെറ്റില്ല. കഥ പൂര്‍ണ്ണമായും അപ്പമേസ്തിരിയില്‍ ഊന്നിയായതിനാല്‍ വിശാലമായ ഒരു കാന്‍‌വാസില്‍ പറയേണ്ടിയിരുന്ന ഒരു കഥ പറയാന്‍ സംവിധായകനോ, തിരക്കഥയെഴുതിയ ശശിധരനോ കഴിഞ്ഞില്ല. അത് ഈ ചിത്രത്തെ പരിപൂര്‍ണ്ണമായ ഒരു പരാജയമായി മാറ്റുന്നു.

Wednesday, August 30, 2006

കീര്‍ത്തിചക്ര


ഭാഷ: മലയാളം
സംവിധായകന്‍: മേജര്‍ രവി
നിര്‍മ്മാതാവ്: സൂപ്പര്‍ ഗുഡ് ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ ലാല്‍ ജീവ ബിജു മേനോന്‍ ഷമ്മി തിലകന്‍ കൊച്ചിന്‍ ഹനീഫ ഗോപിക ലക്ഷ്മി ഗോപാലസ്വാമി
സംഗീതം: ജോഷ്വ ശ്രീധര്‍
വരികള്‍: ഗിരീഷ് പുത്ത‍ഞ്ചേരി

ഈ സിനിമ കണ്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകമുണ്ട്. ഈ സിനിമയില്‍ ഉതിര്‍ക്കുന്ന ഓരോ വെടിയും കൊള്ളുന്നത് പ്രേക്ഷകന്റെ നെഞ്ചിലാണെന്ന്. സിനിമയെപ്പറ്റി പറയാന്‍ എനിക്കേറ്റം അനുയോജ്യമായി തോന്നിയതും ഈ അഭിപ്രായം തന്നെ. കാരണം, സിനിമ കണ്ടിറങ്ങുമ്പോഴേക്കും ഞാന്‍ പാതി ചത്തിരുന്നു.

മലയാളം സിനിമകള്‍ മാത്രം കാണുന്ന ഒരു പ്രേക്ഷകന് ഈ സിനിമ ഒരു പുതിയ അനുഭവമാണ്. മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ആക്ഷന്‍ സീനുകളും ചിത്രീകരണവും കഥാതന്തുവുമൊക്കെ ഇതില്‍ കാണാം. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങളും, വണ്ടികളും പട്ടാളക്കാര്‍ ഉപയോഗിക്കുന്നത് തന്നെയാണ്. സംഭാഷണങ്ങള്‍ക്ക് മുന്‍‌തൂക്കമില്ലാതെ ആക്ഷന് പ്രാധാന്യം കിട്ടുന്നതും സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ ഒരു പുതുമ തന്നെ. ആക്ഷന്‍ രംഗങ്ങളില്‍ ക്യാമറ ഒരിടത്ത് അനക്കാതെ വച്ച് ഷൂട്ട് ചെയ്യുന്ന പതിവ് രീതിക്ക് പകരം, ക്യാമറ shake ചെയ്ത് കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്, യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു.

എന്നാല്‍ ഇത് തന്നെയാണ് ഈ സിനിമയുടെ ഒരു പോരായ്മയും. ഹിന്ദി സൈനിക സിനിമകളും ഇംഗ്ലീഷ് സിനിമകളും എന്തിന്, തമിഴ് സിനിമയിലെ ആക്ഷനുകള്‍ കണ്ട് ശീലിച്ചവര്‍ക്ക് പോലും ഇത് ദഹിക്കാന്‍ പ്രയാസമാകും. അങ്ങിനെയുള്ളവര്‍ക്ക് ഇതൊരു തികഞ്ഞ അനുകരണമായേ കാണാനാകൂ. ക്യാമറ കുറച്ചധികമായി തന്നെ കുലുക്കുന്നത്, ചില രംഗങ്ങളില്‍ അരോചകമാകുന്നുണ്ട് താനും. ആദ്യമായി ഒരു മലയാളം സിനിമയില്‍ ശരിയായ ആയുധങ്ങള്‍ ഷൂട്ടിങ്ങിനായി കിട്ടിയിട്ടും ആ ആയുധങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല. സുരേഷ് ഗോപി ചിത്രങ്ങള്‍‍ കാണുന്നപോലെ ആ ആയുധങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്നു. കാശ്മീരില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഭീകരാന്തരീക്ഷം ചിത്രത്തില്‍ സൃഷ്ടിക്കാന്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയണം.

ബിജു മേനോന്‍ എന്ന നടന്റെ റോള്‍ തികച്ചും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല ചിത്രത്തില്‍. ഒന്നോ രണ്ടോ സീനുകള്‍ക്കപ്പുറത്ത് ബിജു പ്രത്യക്ഷപ്പെടുന്നില്ല. കൊച്ചിന്‍ ഹനീഫയും അങ്ങിനെ തന്നെ. ഷമ്മി തിലകന്റെ, ചോര കണ്ടാല്‍ പേടിയാകുന്ന ഒരു കമാന്റോയുടെ റോള്‍ കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയില്‍ ആയിപ്പോകും പ്രേക്ഷകന്‍. സ്വയം ഒരു പട്ടാളക്കാരനായിരുന്നിട്ടുകൂടി തന്റെ മകളുടെ ഭര്‍ത്താവിനെ, കാശ്മീരില്‍ നിന്ന് ജീവന് അപകടമില്ലാത്ത മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ അമ്മായിഅപ്പനും സിനിമയെ അപഹാസ്യമാക്കുന്നു. ഗോപികയും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തില്‍ പാട്ടുസീനുകള്‍ക്ക് മാത്രമായി ഉള്‍ക്കൊള്ളിച്ച പോലെയേ തോന്നിക്കുന്നുള്ളൂ. നായകന്‍, ഭാര്യ ജീപ്പില്‍ വച്ച ബോമ്പിനാല്‍ മരിക്കുമ്പോള്‍ ആ ജഡത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന സീനില്‍, ചുറ്റുംകൂടിയ ജനക്കൂട്ടത്തിന്റെ ഇടയില്‍ മൊബൈല്‍ഫോണുമായി ഒരാള്‍ നടന്ന് പോകുന്നത് കണ്ട് അയാളാണിത് ചെയ്തതെന്ന് ഊഹിക്കുകയും, അവസാന സീനില്‍ അയാളെ തിരിച്ചറിയുകയും ചെയ്യുന്നത് ശുദ്ധ ഭോഷ്കായി തോന്നിയാല്‍ അദ്ഭുതമുണ്ടോ? യുദ്ധമുന്നണിയില്‍ മുന്നില്‍ നിന്ന് തീവ്രവാദികളോട് യുദ്ധം നയിക്കുന്ന മേജറോട് ഓരോ അഞ്ച് മിനുട്ട് കൂടുമ്പോഴും എന്നെ വിളിച്ച് അപ്ഡേറ്റ് തരണം എന്ന് മെസ്സേജ് കൊടുക്കുന്ന സായികുമാറിനെ തീവ്രവാദികള്‍ കൊന്നില്ലെങ്കിലും പ്രേക്ഷകന്‍ കൊല്ലാന്‍ സാധ്യതയേറെയാണ്. പടത്തിലുടനീളം ഇസ്ലാമിനെപ്പറ്റി തീവ്രവാദികള്‍ തന്നെ പറയുന്ന വാചകങ്ങള്‍ പാ‍രമ്പര്യ മുസ്ലീം മത വിശ്വാസികളെ ചിത്രത്തില്‍ നിന്നകറ്റും എന്നതില്‍ തര്‍ക്കമുണ്ടാകാന്‍ തരമില്ല.

പടത്തില്‍ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, ഇന്റെര്‍വെല്ലിനു ശേഷം വരുന്ന ഒരു ബലാത്സംഗമാണ്. ഇതിപ്പോള്‍ തീരും എന്ന് വിചാരിക്കുന്ന പ്രേക്ഷകനെ അമ്പരപ്പിച്ചുകൊണ്ട് പത്ത് മിനുട്ടിലധികം നീളുന്നു ഈ കൃത്യം. നന്ദിതാ ദാസിന്റെ ചില ഹിന്ദി സിനിമകളേക്കാളും ഗഹനമായി, ഒരു ബാലാത്സംഘം എന്നാല്‍ എന്ത് എന്നതിന് ഒരു ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍തന്നെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗത്തില്‍ ബേബി സനൂഷ മുഴുവന്‍ നേരവും ദൃക്‌സാക്ഷിയായി തന്നെ ഉണ്ടെന്നുള്ളതും ഞെട്ടലോടെ മാത്രമേ കാണാന്‍ സാധിക്കൂ.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം ആര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെയാണ്. കടിച്ചാല്‍ പൊട്ടാത്തതോ, നീളം കൂടുതലുള്ളതോ ആയ ഡയലോഗുകള്‍ ഒന്നും പറഞ്ഞ് നായകന്‍ ഇവിടെ കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്നില്ല. പ്രായത്തിന്റെ ഒരു ക്ഷീണവും അദ്ദേഹം ഒരിടത്തും കാണിച്ചിട്ടില്ല. വളരെ തന്മയത്വമായി ഒരു മേജറിന്റെ കാര്‍ക്കശ്യവും ഒരു സ്നേഹമുള്ള ഭര്‍ത്താവിന്റെ മൃദുലതയും അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയത്തികവുകള്‍ കാണിക്കാനായുള്ള അധികം അവസരങ്ങള്‍ സിനിമയുടെ കഥ ‍അദ്ദേഹത്തിന് നല്‍കിയില്ല എന്നത് സിനിമയുടെ ഒരു പോരായ്മയായി തോന്നാം.

പൊണ്ണത്തടിയും വച്ച് മുടി നീട്ടി വളര്‍ത്തിയ ഒരു കമന്റോയാ‍യാണ് “ജീവ” സിനിമയില്‍ ഉള്ളതെങ്കിലും ജീവയുടെ പ്രകടനം അഭിനന്ദനാര്‍ഹം തന്നെയാണ്. ജീവ സിനിമയില്‍ മുഴുനീളം തമിഴാണ് ഉപയോഗിക്കുന്നതെങ്കിലും അത് മലയാളികള്‍ക്ക് മടുക്കാന്‍ സാധ്യതയില്ല. നായകന് കുതിരകേറാനായി സ്ഫടികം ജോര്‍ജ്ജും ശ്വേതാ മേനോനും ഇടക്ക് വന്ന് പോകുന്നുണ്ട്, അതില്‍ കവിഞ്ഞ് അവര്‍ കഥയ്ക്ക് യാതൊരു രീതിയിലും സ്വാധീനിക്കുന്നില്ല.

മൊത്തതില്‍ നോക്കിയാല്‍ ആകെ തിളങ്ങുന്നത് സംഗീത സംവിധായകന്‍ ജോഷ്വാശ്രീധറാണ്. ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും വളരെ മനോഹരമാണ്. ഇപ്പോള്‍ തന്നെ അവ ഹിറ്റ് ചാര്‍ട്ടുകളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. പാട്ടുകളുടെ ചിത്രീകരണവും നയനാനന്ദകരം. പാട്ടുകളും, പാട്ടുകള്‍ മാത്രമുള്ള വീഡിയോ സി.ഡിയും ഒരു “must-buy” തന്നെ. മുഴുവന്‍ സിനിമയുടെ സി.ഡി വാങ്ങിയിട്ട് കാര്യമുണ്ടാകാന്‍ വഴിയില്ല. വാങ്ങുന്നവര്‍ സിനിമ ഒന്നിലധികം പ്രാവശ്യം കാണാന്‍ സാധ്യത തുലോം തുച്ഛം.

എങ്കിലും ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ രവി ഒരു വിജയം ആണെന്ന് തന്നെ പറയണം. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ആക്ഷനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതെങ്കിലും, ഒരു സിനിമയില്‍ അത്യാവശ്യം വേണ്ട റൊമാന്‍സ്, സെന്റിമെന്റ്സ്, ഡയലോഗ്സ്, നായകന്റെ സൂപ്പര്‍ ഹ്യൂമന്‍ കഴിവുകള്‍ എന്നൊക്കെ വളരെ നന്നായി സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിനിമയുടെ ലൊക്കേഷനുകള്‍ അതിഗംഭീരമെന്ന് മാത്രമല്ല, അത് നന്നായി ചിത്രീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആദ്യ തവണ കാണുമ്പോള്‍ ബോറടിക്കാന്‍ വളരെക്കുറച്ചുമാത്രം സാധ്യത ഉള്ള ചിത്രം. അതിനാല്‍ തന്നെ ചിത്രം ഒരു ഗംഭീര വിജയമാകുമെന്നതില്‍ ഒരു സംശയവും വേണ്ട.

എന്റെ റേറ്റിങ്ങ്: 3.5/5