Showing posts with label സാഗര്‍ ബെല്ലാരി. Show all posts
Showing posts with label സാഗര്‍ ബെല്ലാരി. Show all posts

Monday, April 30, 2007

ബേജാ ഫ്രൈ


സംവിധാനം: സാഗര്‍ ബെല്ലാരി
നിര്‍മ്മാണം: സുനില്‍ ദോഷി
തിരക്കഥ: സാഗര്‍ ബെല്ലാരി, അര്‍പ്പിത ചാറ്റര്‍ജി
അഭിനേതാക്കള്‍: സരിക, രജത് കപൂര്‍, വിനയ് പാതക്ക്, രണ്‍‌വീര്‍ ഷോരെ, മിലിന്ദ് സോമന്‍, ഭൈരവി ഗോസ്വാമി

സാഗര്‍ ബെല്ലാരിയുടെ ആദ്യ ചിത്രമാണ് ബേജാ ഫ്രൈ. വന്‍ താരനിര ഒന്നും ഇല്ലാത്ത ഈ ചിത്രം മള്‍ട്ടിപ്ലെക്സ് പ്രേക്ഷകരെ മനസ്സില്‍ കണ്ട് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയ പരസ്യങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഈ സിനിമ ഭാരതമാകെ റിലീസ് ആയതും.

രജത് കപൂര്‍ ഒരു ധനികനാണ്. വെള്ളിയാഴ്ചകളില്‍ അധികം കഴിവൊന്നുമില്ലാത്ത കലാകാരന്മാരെ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടികളില്‍ വിളിച്ച്, അവരെക്കൊണ്ട് പരിപാടികള്‍ അവതരിപ്പിച്ച്, അവരറിയാതെ അവരെ കളിയാക്കി ചിരിക്കുന്ന വിനോദം ഉള്ള അഹങ്കാരിയായിട്ടാണ് രജത് കപൂര്‍ വേഷമിടുന്നത്. അങ്ങിനെയുള്ള ഒരു വിരുന്നിന് വിനയ് പാതക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ രജത് കപൂര്‍ ക്ഷണിക്കുന്നു. പക്ഷെ അന്നേ ദിവസം രജത് കപൂറിന്റെ നടുവ് ഉളുക്കിയതിനാല്‍ പാര്‍ട്ടിക്ക് പോകാനാകുന്നില്ല. വിനയ് പാതക്ക് അങ്ങിനെ രജത് കപൂറിന്റെ വീട്ടിലെത്തുന്നു. അവിടെ അന്നേ ദിവസം രാത്രി വിനയ് കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണ് ഈ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗം.

വിനയ് പാതക്ക് വളരെ നന്നായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ഇഡിയറ്റ് എന്ന് രജത് കപൂര്‍ ആദ്യവസാനം വിശേഷിപ്പിക്കുന്ന ഈ കഥാപാത്രത്തിനെ എല്ലാത്തരത്തിലും ആസ്വാദ്യകരമാണ്. അദ്ദേഹത്തിന്റെ ചിരിയും, ഓരോ ഫോണ്‍ വിളിക്കുമ്പോഴും ആവര്‍ത്തിക്കുന്ന ചില ഡയലോഗുകളും, അബദ്ധം പറ്റുമ്പോള്‍ പ്രതികരിക്കുന്നതും, കയ്യില്‍ കൊണ്ട് നടക്കുന്ന തന്റെ ഫോട്ടോ ആല്‍ബവും, അദ്ദേഹത്തിന്റെ പാട്ടുകളും എല്ലാം ഒന്നിനൊന്ന് മെച്ചം. വിനയിനെക്കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമാശകളും ഒക്കെ രജത് കപൂറും ഭംഗിയാ‍ക്കി. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ചെയ്ത രണ്‍‌വീര്‍ ഷോരിയും പ്രേക്ഷകരെ ചിരിപ്പിക്കും. മിലിന്ദ് സോമന്‍ പക്ഷെ തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയം, രണ്‍‌വീറിനോടും വിനയ്‌നോടും ഒരേപോലെ അടുപ്പം കാണിക്കുന്ന തരത്തിലുള്ള മിലിന്ദ് സോമന്റെ പ്രകടനം ചിലപ്പോഴെങ്കിലും അരോചകമായി.

സിനിമയുടെ ഹൈലൈറ്റ് അതിന്റെ കഥ തന്നെയാണ്. ഒരു രാത്രി സംഭവിക്കുന്ന കാര്യങ്ങളായതിനാല്‍ കഥ എന്നൊരുപക്ഷെ വിളിക്കാന്‍ കഴിയില്ലെങ്കിലും രസകരമായ സംഭവവികാസങ്ങളിലൂടെയുള്ള സിനിമയുടെ പോക്ക് മനോഹരമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ കഥ മാറിമറിയുന്നതും, അതിനുചേര്‍ന്ന് രീതിയിലുള്ള കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും ഒക്കെയാകുമ്പോള്‍ ഈ സിനിമ എന്തുകൊണ്ടും ആസ്വാദ്യകരമാകും. ഒറ്റതവണയെങ്കിലും പൊട്ടിച്ചിരിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്ന്‍ തറപ്പിച്ച് തന്നെ പറയാനാകും.

സിനിമയില്‍ പാട്ട് ഒന്നേയുള്ളൂ. അത് തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി. സിനിമയില്‍ പാട്ടിനധികം പ്രാധാന്യമില്ലെങ്കിലും.

ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. അതീവ സുന്ദരി എന്ന് ഒന്നിലധികം തവണ വിശേഷിപ്പിച്ച രജത് കപൂറിന്റെ ഭാര്യാകഥാപാത്രമായി വേഷമിട്ടിരുന്നത് സരികയാണെന്നത് ഒന്ന്. ഭാര്യയെ ഒരു രാത്രി കാണാതാകുമ്പോള്‍ രജത് പലരേയും വിളിച്ച് ഭാര്യ അയാളുടെകൂടെയുണ്ടോ എന്നന്വേഷിക്കുന്നത് ഈ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ പ്രേക്ഷകന് അറപ്പുളവാക്കും എന്നത് വേറൊന്ന്. സിനിമയിലെ ആണ്‍ കഥാപാത്രങ്ങള്‍ക്ക് മുഴുവന്‍ പിണങ്ങിപ്പോയ ഭാര്യയോ, അല്ലെങ്കില്‍ പരപുരുഷബന്ധം സൂക്ഷിക്കുന്ന ഭാര്യയോ ആണുള്ളതെന്നതും ഒരു നല്ല കഥയ്ക്ക് ചേരുന്നതല്ല്ല എന്നത് മറ്റൊന്ന്.

മനസ്സ് തുറന്ന് ചിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം. ദ്യയാര്‍ത്ഥപ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഇല്ലാതെ സിറ്റുവേഷണല്‍ കോമഡിയാണ് ഇതില്‍ ഉള്ളതെന്നതിനാല്‍ ഏത് പ്രായക്കാര്‍ക്കും ഒരേപോലെ രസിക്കും ഈ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങള്‍, നല്ല അഭിനയങ്ങള്‍, സിനിമ കഴിഞ്ഞാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന പല പല രംഗങ്ങള്‍. എന്തുകൊണ്ടും നല്ല സിനിമ എന്ന് വിളിക്കാവുന്ന ഒരു ലോ ബഡ്ജസ്റ്റ് സിനിമ. പക്ഷെ കരച്ചില്‍ പടങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും, പ്രേമ രംഗങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തിയറ്റര്‍ അന്വേഷിച്ച് പോകേണ്ടി വരും.

എന്റെ റേറ്റിങ്ങ്: 4.0/5