Showing posts with label ഫഹദ് ഫാസിൽ. Show all posts
Showing posts with label ഫഹദ് ഫാസിൽ. Show all posts

Monday, December 01, 2014

ഇയോബിന്‍റെ പുസ്തകം


കഥ, തിരക്കഥ  : ഗോപന്‍ ചിദംബരം
സംഭാഷണം : ശ്യാം പുഷ്കരന്‍
സംവിധാനം : അന്‍ വര്‍ റഷീദ്

ആദ്യപകുതി വരെ വളരെ ഗംഭീരമായ രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ ചിത്രം, രണ്ടാം പകുതിയില്‍ മൂക്ക് കുത്തി താഴെ പോയി എന്ന് പറയാതെ വയ്യ.  ഇടയ്ക്ക് തള്ളിക്കയറി വന്ന ഒന്ന് രണ്ട് ഗാനങ്ങള്‍ ആ തളര്‍ച്ചയ്ക്ക് കാരണവുമായി.

വിവിധ ഭാവത്തില്‍ വെടികൊണ്ടും കുത്തും വെട്ടും കൊണ്ട് ചാകുന്നവരുടെ ഒരു ഘോഷയാത്ര ഈ ചിത്രത്തിന്‍റെ ഒരു പ്രത്യേകതയാണ്‍.  അത് അമല്‍ നീരദിന്‍റേയും ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു.

സ്വന്തം ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഉടനെ, ഭര്‍ത്താവിന്‍റെ അനിയനെ പിടിച്ച് ബെഡിലേയ്ക്ക് നടത്തുന്ന ഭീകരിയായ ഒരു പെണ്ണ് എന്ന പ്രതിഭാസവും ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചു.

ഫഹദ് ഫാസില്‍ എന്ന നടന്‍റെ വളര്‍ച്ച കണ്ണ് നിറയേ കാണാന്‍ സാധിക്കുന്നു എന്നതാണ്‍ ഈ ചിത്രത്തിന്‍റെ പ്രധാന ഘടകം.

ലാല്‍ എന്ന നടനും ഗംഭീര പ്രകടനം കാഴ്ച വെച്ചു.

ബാക്ക് ഗ്രൌണ്ട് മ്യൂസിക്, ഛായാഗ്രഹണം എന്നിവ മികവ് പുലര്‍ത്തി.

Rating : 5.5 / 10


Wednesday, October 01, 2014

മണിരത്നം (Money Ratnam)



രചന : അനില്‍ നാരായണന്‍, അജിത്‌ സി ലോകേഷ്‌
സംവിധാനം : സന്തോഷ്‌ നായര്‍
നിര്‍മ്മാണം : രാജു മാത്യു


ബെന്‍സ്‌ ഷോറൂമില്‍ സെയില്‍സ്‌ മാനേജറായി ജോലി ചെയ്യുന്ന നീല്‍ ജോണ്‍ സാമുവലിന്റെ കയ്യില്‍ ഒരു കോടി രൂപയുടെ പെട്ടി അവിചാരിതമായി കിട്ടുന്നു. ഒരു ചെറിയ അടിപിടി പ്രശ്നത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട്‌ പോകുമ്പോഴാണ്‌ ഈ പെട്ടി കയ്യില്‍ വന്ന് പെടുന്നത്‌.

ഈ സിനിമയില്‍ ഇതിന്നിടയില്‍ എന്തൊക്കെയോ മടുപ്പിക്കുന്ന സംഗതികള്‍ സംഭവിക്കുന്നുണ്ട്‌.

കോടീശ്വരനായ ഒരാള്‍ സൗഭാഗ്യത്തിന്‌ രത്നക്കല്ല് കിട്ടുന്നതിനായി ശ്രമിക്കുന്നു. സഹായിയായി കൂടെയുള്ള ആളാണെങ്കില്‍ ഓര്‍മ്മയും വെളിവുമില്ലത്ത ആള്‍. അങ്ങേരെ കാശിന്റെ പെട്ടി ഏല്‍പ്പിച്ചാല്‍ അത്‌ കളയാനുള്ളതാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ.

ലോകത്ത്‌ രണ്ടെണ്ണം മാത്രമുള്ള ഒരു രത്നം എന്ന അവകാശത്തോടെ ഒരു ചേരിയിലെ നാലഞ്ച്‌ പേര്‌ നടക്കുന്നു.

പണവുമായി ഓട്ടത്തിന്നിടയില്‍ അവിചാരിതമായി കണ്ട്‌ മുട്ടുന്ന കമിതാക്കളെ രക്ഷിക്കേണ്ടിവരുന്നു.

വഴിയില്‍ ഓപ്പറേഷന്‌ കാശില്ലാതെ വിഷമിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്നു.

ഒടുവില്‍, തന്റെ കാമുകിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ വേണ്ട പണം നല്‍കി കാമുകിയെ വലിയ ഒരു നാണക്കേടില്‍ നിന്ന് കരകയറ്റുന്നു.

ഇത്രയൊക്കെ പോരേ ഇതൊരു ഫീല്‍ ഗുഡ്‌ സിനിമയാകാന്‍ എന്നതാകും ഇതിന്റെ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടേയും വിചാരം. ധാരാളം മതി. പക്ഷേ, ഒരു മനുഷ്യന്‍ കണ്ടുകൊണ്ടിരിക്കില്ല എന്ന സത്യം ഇപ്പോഴായിരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടാകുക.

നല്ല തോതില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു. കാര്യമായ ഒരു താല്‍പര്യവും ഈ കഥാഗതിയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, കണ്ട്‌ മടുത്ത അതേ ചേരുവകള്‍ തന്നെ ഒരു മാറ്റവും കൂടാതെ ഇവിടെയും അവിടേയും ഒക്കെയായി വാരി വിതറിയിട്ടുമുണ്ട്‌.

ഫഹദ്‌ ഫാസില്‍ ചില ഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്തി. പക്ഷേ, ആക്‌ ഷന്‍ സീനുകളില്‍ അത്രയ്ക്കങ്ങ്‌ ശോഭിച്ചില്ല.

ജോജോ ചെറിയൊരു ചിരി ഉണ്ടാക്കി.

രഞ്ജിപണിക്കര്‍ നല്ല ബോറായിട്ടുണ്ട്‌.

നിവേതാ തോമസ്‌ ഈ ചിത്രത്തിലുണ്ട്‌ എന്ന് പറയാം. നായികയാണെന്ന് തോന്നുന്നു.

കൂടുതലൊന്നും പറയാനില്ല.


Rating : 4 / 10

Tuesday, June 10, 2014

ബാംഗ്ലൂര്‍ ഡേയ്സ്‌ (Bangalore Days)



രചന, സംവിധാനം : അഞ്ജലി മേനോന്‍

നിര്‍മ്മാണം : അന്‍ വര്‍ റഷീദ്‌


വിവിധ തലങ്ങളിലായി ജീവിക്കുന്ന കസിന്‍സായ കുട്ടന്‍ (നിവിന്‍ പോളി), അജു (ദുല്‍ക്കര്‍ സല്‍മാന്‍) , ദിവ്യ (നസ്രിയ നാസിം) എന്നിവരുടെ ജീവിതങ്ങളും അതിന്നിടയിലേയ്ക്ക്‌ വരുന്ന ദാസ്‌ (ഫഹദ്‌ ഫാസില്‍), സാറ (പാര്‍വ്വതി) എന്നിവരുടെ ഇടപെടലുകളുടേയും രസതന്ത്രങ്ങളുടേയും ചിത്രീകരണമാണ്‌ പ്രധാനമായും ഈ ചിത്രത്തില്‍ സംഭവിക്കുന്നത്‌.

നാട്ടിന്‍ പുറത്തുകാരനായ കുട്ടന്‍ ഒരു ഐ.ടി. കമ്പനിയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ ചെല്ലുന്നതിന്റെ കഥാസംഗതികളിലൂടെ അത്തരം ആളുകളും അവരുടെ കുടുംബങ്ങളെയും ചുറ്റിപ്പറ്റിയുള്ള പലതും വിവരിക്കാന്‍ സംവിധായികയ്ക്ക്‌ സാധിച്ചിരിക്കുന്നു.

വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ കല്ല്യാണം കഴിക്കുന്ന ദിവ്യ, വെറുമൊരു ഭാര്യയായി ഒതുങ്ങുന്നില്ല.

റിബല്‍ സ്വഭാവത്തില്‍ ജീവിക്കുമ്പോഴും തെളിഞ്ഞ്‌ നില്‍ക്കാത്ത നന്മകളുമായി അര്‍ജ്ജുന്‍ എന്ന അജുവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു.

സീരിയസ്‌ പ്രകൃതത്തില്‍ തുടങ്ങി, പൂര്‍വ്വകാലത്തിന്റെ ചില ഭാവതലങ്ങളിലൂടെ സഞ്ചരിക്കുന്ന ദാസും ഗംഭീരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.

ശാരീരിക വൈകല്ല്യത്തെ മനസ്സുകൊണ്ട്‌ കീഴ്‌ പെടുത്തുന്ന റേഡിയോ അവതാരകയായി സാറയും പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടതായി.

പ്രേക്ഷകര്‍ക്ക്‌ വളരെ ആസ്വാദ്യകരമായ ഒരു ചിത്രം ഒരുക്കുവാന്‍ അഞ്ജലി മേനോനും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. അതുകൊണ്ട്‌ തന്നെ, ചില കുറവുകളായി തോന്നിയ താഴെ പറയുന്ന സംഗതികള്‍ക്ക്‌ വലിയ പ്രാധാന്യവുമില്ല.

1. അവതരിപ്പിച്ച്‌ ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയുകയാണെങ്കില്‍ , നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എപ്പോഴൊക്കെയോ കുറച്ച്‌ ഓവര്‍ ആയി തോന്നി.

2. നസ്രിയയുടെ ദിവ്യ എന്ന കഥാപാത്രം വിശ്വസിക്കാവുന്നതിലുമപ്പുറം ഇടപെടലുകള്‍ നടത്തി.
 ഒരു ഫ്ലാറ്റിലെ ആളുകളെ മുഴുവന്‍ കുറഞ്ഞ സമയം കൊണ്ട്‌ കയ്യിലെടുക്കുക, ഭര്‍ത്താവിന്റെ കാമുകീവിരഹത്തെ മനസ്സിലാക്കി സ്നേഹിക്കുക, മകള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരെ പരിലാളിച്ച്‌ പ്രിയങ്കരിയാകുക എന്നിവയൊക്കെ കുറച്ചധികം ആര്‍ഭാടമായിപ്പോയി.

3. ഗാനങ്ങള്‍ ഇതിലും മികവ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ അതൊരു സംഭവമായേനെ. ഇതിപ്പോ തരക്കേടില്ല എന്നതായിട്ടുപോലും പ്രേക്ഷകര്‍ ആസ്വദിച്ചു.

അഭിനയത്തില്‍ ഏറ്റവും മികവ്‌ പുലര്‍ത്തിയത്‌ ഫഹദ്‌ ഫാസില്‍ തന്നെയാണ്‌.

നിവിന്‍ വ്യത്യസ്തമായ കഥാപാത്രത്തെ പരമാവധി ആസ്വാദ്യമാക്കുകയും ഹാസ്യരസം ചിത്രത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുകയും ചെയ്തു.

ദുല്‍ക്കര്‍ തന്റെ കെട്ടിലും മട്ടിലും കൃത്യമായിരുന്നു.

സാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി മികവുറ്റതാക്കി.

നസ്രിയ പതിവുപോലെ തന്റെ റോളില്‍ തിളങ്ങി.

ഇഷാ തല്‍ വാര്‍ ഒരു ബാദ്ധ്യതയായി തുടര്‍ന്നു.

മറ്റു മുതിര്‍ന്ന അഭിനേതാക്കളായ്‌ കല്‍പന, വിജയരാഘവന്‍, വിനയാപ്രസാദ്‌, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവരെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു.

ഒന്നോ രണ്ടോ തവണ പോയി ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ബാംഗ്ലൂര്‍ ഡേയ്സ്‌.

Rating : 7.5 / 10

Thursday, May 15, 2014

ഗോഡ്സ് ഓണ്‍ കണ്ട്രി (God's own country)



സംവിധാനം വാസുദേവ് സനല്‍

പാസ്സഞ്ചര്‍, നേരം, ട്രാഫിക് എന്നീ സിനിമകളുടെ ഒരു സങ്കര രൂപം ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നു എന്നത് നമ്മുടെ കുറ്റമല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

മൂന്ന് കഥാഗതികള്‍ സമാന്തരമായി പോകുകയും അതെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരു ത്രില്ലറിന്‍റെ മൂഡോടെ  തരക്കേടില്ലാത്ത പരിസമാപ്തിയിലെത്തിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ ആകര്‍ഷണമാണ്‍.

ശ്രീനിവാസന്‍റെ കഥാപാത്രം വളരെ അമാനുഷികവും നാടകീയവുമായി സംസാരിച്ചുകൊണ്ടിരുന്നത് അലോസരമുണ്ടാക്കി എന്ന് പറയാതെ വയ്യ.

പല സ്ഥലത്തും പ്രേക്ഷകര്‍ക്കുള്ള  ഉപദേശരൂപേണയുള്ള  അനാവശ്യമായ ഡയലോഗുകള്‍ ഈ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്..

പാസ്സഞ്ചര്‍ സിനിമയിലെ അഡ്വക്കേറ്റിന്‍റെ കഥാപാത്രം ട്രാഫിക്ക് സിനിമയിലെ കാറോടിക്കുന്ന ശ്രീനിവാസനിലേയ്ക്ക് കുടിയേറിയതാണ്‍ ഒരു കഥാഗതി.

നേരം സിനിമയിലെ പണത്തിന്‍റെ റൊട്ടേഷന്‍ മറ്റൊരു കഥാഗതി.  കഷ്ടകരമായ കാര്യമെന്താണെന്ന് വെച്ചാല്‍ നേരം സിനിമയിലെ റീ വൈന്ഡ് ചെയ്ത് ആ പണം സഞ്ചരിച്ച റൊട്ടേഷന്‍ കാണിക്കുന്ന അതേ രൂപത്തില്‍ ഈ സിനിമയിലും കാണിക്കുന്നുണ്ട്.

പെരുമഴക്കാലം എന്ന സിനിമയുടെ മറ്റൊരു നിഴല്‍ ഫഹദ് ഫാസിലിന്‍റെ കഥാഗതിയില്‍ കാണാവുന്നതാണ്‍.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരില്‍ കുറച്ച് ആകാംക്ഷ ജനിപ്പിക്കാനും നന്മയുള്ള കഥാപരിസമാപ്തിയുടെ സുഖം നല്‍കാനും ഈ ചിത്രത്തിനായി എന്നത് സത്യമാണ്‍.


ഫഹദ് ഫാസിലും  ലാലും മികച്ച അഭിനയം കാഴ്ച വെച്ചപ്പൊള്‍ ഇഷാ തല്‍ വാറ് വെറും പ്രതിമയായി അവശേഷിച്ചു.  
മൈഥിലി വല്ലാതെ ആകര്‍ഷണീയത കുറഞ്ഞു എന്ന് മാത്രമല്ല, ഒരല്‍പ്പം അരോചകവുമായിരുന്നു.

Rating : 5 / 10

Thursday, April 24, 2014

വണ്‍ ബൈ ടു (One By Two)


രചന : ജയമോഹന്‍
സംവിധാനം : അരുണ്‍ കുമാര്‍ അരവിന്ദ്‌

ഒരു വലിയ ബിസിനസ്‌ കുടുംബത്തിലെ ഒരാള്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നു. ഇത്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ കാണാനിടവരുന്നു. പിന്നീട്‌ ഹോസ്പിറ്റലില്‍ തണ്റ്റെ കുട്ടിയുടെ ചികിത്സയ്ക്ക്‌ എത്തിയ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അവിടെ ICU വില്‍ മരണപ്പെട്ടു എന്ന് കരുതിയ ആളെ കാണാനിടയാകുന്നു. പിന്നീടാണ്‌ അത്‌ ആ കുടുംബത്തിലെ ഇരട്ട സഹോദരങ്ങളില്‍ ഒരാളാണെന്ന്‌ മനസ്സിലാക്കുന്നു.

പക്ഷേ, മരിച്ച ആള്‍ക്ക്‌ പകരം മറ്റേ സഹോദരന്‍ ആ ഭാവത്തില്‍ പെരുമാറുന്നതാണെന്ന്‌ മനസ്സിലാക്കുന്ന ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ അതിനുള്ള കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നു. മാനസികരോഗമാണെന്ന സംശയത്തില്‍ ഈ ഉദ്യോഗസ്ഥന്‍ തണ്റ്റെ അന്വേഷണങ്ങള്‍ തുടരുന്നു. 

ഇതിന്നിടയില്‍ ഇയാല്‍ മറ്റേ ആളാണെന്ന്‌ പറയുന്നു, അതേ പോലെ പ്രവര്‍ത്തിക്കുന്നു, സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും ഇത്‌ ആരാണെന്ന്‌ സംശയമുണ്ടാകുന്നു.

ആദ്യം പറയുന്നു മരിച്ചത്‌ ഇയാളാണെന്ന്‌, പിന്നെ പറയും മരിച്ചത്‌ അയാളാണെന്ന്‌, ഇനി അയാളും ഇയാളും ഒരേ ആളാണോ എന്ന്‌ സംശയം തോന്നും.

ഇതിന്നിടയില്‍ അനാവശ്യമായി ഈ പോലീസ്‌ ഉദ്യോഗസ്ഥണ്റ്റെ മകനെ മരണത്തിന്‌ കൊടുക്കും.

ചികിത്സിക്കുന്ന ഡോക്ടര്‍ക്കും വിട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രേക്ഷകര്‍ക്കും ഇങ്ങനെ മുഴുവന്‍ സമയം 'ഉല്‍പ്രേക്ഷ' അലങ്കാരമാണ്‌ ('ഇത്‌ താന്‍ അല്ലയ്യോ അത്‌ എന്ന്‌ വര്‍ണ്ണ്യത്തിലാശങ്കാ ഉല്‍പ്രേക്ഷാ ക്യാ അലംകൃതി' എന്നോ മറ്റോ ഒരു അലങ്കാരം സ്കൂളില്‍ പഠിച്ചിട്ടുണ്ട്‌)

തുടര്‍ന്ന് ഈ സഹോദരന്‍ വേഷപ്പകര്‍ച്ചകള്‍ നടത്തി അഴിഞ്ഞാടുകയാണ്‌. രണ്ട്‌ മൂന്ന് വേഷങ്ങള്‍ ആടിത്തിമിര്‍ത്ത്‌ അവസാനം അന്ത്യനിദ്ര പ്രാപിക്കുമ്പോഴെയ്ക്കും രണ്ട്‌ ജീവിതങ്ങളിലെ പെണ്‍ സുഖവും, കര്‍മ്മ സുഖവും അതോടൊപ്പം പ്രതികാരസുഖവും അനുഭവിച്ച്‌ കഴിഞ്ഞിരിക്കും.

ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും പ്രേക്ഷകന്‍ ഭ്രാന്ത്‌ മൂത്ത്‌ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ഇരിക്കും.

ഉത്തരം കിട്ടാതെ ഒരു ലോഡ്‌ ചേദ്യങ്ങളും കൂട്ടിമുട്ടിക്കാനാകാത്ത കുറേ കഥാചരടുകളുമായി പ്രേക്ഷകന്‍  തീയ്യറ്റര്‍ വിട്ട്‌ തല ചൊറിഞ്ഞ്‌ വീട്ടില്‍ പോകും.
രണ്ട്‌ ദിവസം ചിലപ്പോള്‍ ഇടയ്ക്ക്‌ ആലോചിച്ച്‌ നോക്കും. 'ഈ സിനിമ ഒരു അതിഭീകര ബുദ്ധിപരമായ സൃഷ്ടിയാണോ ഈശ്വരാ' എന്ന് സ്വയം ചോദിക്കും. അതിനുശേഷം, ഇത്രയ്ക്ക്‌ തലപുകച്ച്‌ മനോനിലതെറ്റിക്കാന്‍ പാകത്തിന്‌ കാശ്‌ ചിലവൊന്നും ഈ സിനിമ കൊണ്ട്‌ ഉണ്ടായില്ലല്ലോ എന്ന് മനസ്സമാധാനം പാലിച്ച്‌ ആ സിനിമയുടെ ചിന്തകള്‍ക്ക്‌ വിരാമമിടും.

മുരളീ ഗോപിയുടെ പ്രകടനം അത്യുഗ്രമായിരുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു.

നല്ല എഡിറ്റിംഗ്‌, സംവിധാനം എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്‌. പക്ഷേ, അത്‌ മനസ്സിലാക്കാനുള്ള ഒരു വൈഭവം ഇല്ലാതെ പോയി!

Rating : 4.5 / 10

Tuesday, December 24, 2013

ഒരു ഇന്ത്യന്‍ പ്രണയകഥ


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: സത്യന്‍ അന്തിക്കാട്‌

രാഷ്ട്രീയത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരണ്റ്റെ തന്ത്രപ്പാടുകളും ഒടുവില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്‌ സീറ്റ്‌ ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളുമെല്ലാം വിവരിച്ച്‌ ആദ്യപകുതി ഭേദപ്പെട്ട ആസ്വാദനനിലവാരം പുലര്‍ത്തി.

കാനഡയില്‍ നിന്ന് നാട്ടിലെത്തുന്ന ഒരു യുവതിയെ സഹായിക്കാന്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥയില്‍ നിന്ന് കഥ വേറൊരു വഴിയിലേയ്ക്ക്‌ കടക്കുന്നു.

നാട്ടില്‍ തന്നെ ചെറുപ്പത്തിലേ അനാഥാലയത്തിലാക്കിയ തണ്റ്റെ അച്ഛനേയും അമ്മയേയും കണ്ടെത്തി അവര്‍ അറിയാതെ അവരെ ഒരു നോക്ക്‌ കണ്ട്‌ തിരിച്ചുപോകുകയാണത്രേ ഈ യുവതിയുടെ ആഗ്രഹം.

ഈ എഴുതിയത്‌ വലിയൊരു സസ്പെന്‍സ്‌ ആയി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. ഈ ഒരു ഭാഗം വളരെ പുതുമയുള്ളതാണല്ലോ!

ഇനി കൂടുതലൊന്നും പറയാതെ തന്നെ ഈ സിനിമയുടെ ഒരു സെറ്റപ്പ്‌ ഊഹിച്ചെടുക്കാവുന്നതല്ലേയുള്ളൂ....

ഫഹസ്‌ ഫാസിലിണ്റ്റെ മികച്ച പ്രകടനവും അമലപോളിണ്റ്റെ ദൃശ്യമികവും ഈ ചിത്രത്തെ വല്ലാത്ത വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌.

അവിടവിടെ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളും രസകരമായിരുന്നു.

പൊതുവേ പറഞ്ഞാല്‍ 'സന്ദേശ'ത്തിണ്റ്റെ വഴിക്ക്‌ പോയി 'സന്ദേഹം' ആയി മാറി ഈ ചിത്രം.

Rating : 4.5 / 10

Sunday, January 13, 2013

അന്നയും റസൂലും (Annayum Rasoolum)


കഥ, തിരക്കഥ, സംഭാഷണം : രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി. സേതുനാഥ്‌

സംവിധാനം: രാജീവ്‌ രവി

കൊച്ചിയുടെ ഉള്‍ പ്രദേശങ്ങളിലെ തനിമയില്‍ വളരെ സ്വാഭാവികതയോടെയും സത്യസന്ധതയോടെയും അവതരിപ്പിക്കപ്പെട്ട കുറേ കഥാപാത്രങ്ങളിലൂടെയാണ്‌ ഈ ചിത്രം പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌.

ചെറുതും വലുതും വേഷഭേദമന്യേ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച്‌ അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.

ഫഹസ്‌ ഫാസില്‍ (റസൂല്‍), സണ്ണി വെയ്‌ ന്‍ (റസൂലിണ്റ്റെ സുഹൃത്ത്‌), ആന്‍ഡ്രിയ ജെറമിയ (അന്ന) തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും റസൂലിണ്റ്റെ ഇക്കയായി വരുന്ന ആഷിക്‌ അബു, ഉപ്പയായി അഭിനയിച്ച രഞ്ജിത്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ തിളങ്ങി നിന്നു.

ചിത്രത്തിലെ ഗാനങ്ങളും സ്വാഭാവികതയോടെ ചേര്‍ന്ന്‌ നില്‍ക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈ സിനിമയുടെ 'കഥ' എന്താണ്‌ എന്ന്‌ ചോദിച്ചാല്‍ ഒരു വരിയില്‍ തീരും. എന്നാല്‍ ആ കഥയില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്‌ പരിശോധിച്ചാല്‍ ഒന്നുമില്ലതാനും.

ഈ കഥ പറയുന്നതിന്‌ അവലംബിച്ച രീതി, കഥാപാത്രങ്ങളെ ഉപയോഗിച്ച ശൈലി എന്നിവയൊക്കെ കുറച്ച്‌ പ്രത്യേകതയുള്ളവയാണ്‌ എന്ന്‌ പറയാം.

സിനിമയില്‍ ഉടനീളം കാര്യങ്ങള്‍ 'മെല്ലെപ്പോക്ക്‌' സമ്പ്രദായമായതിനാല്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും 'ഒന്നു വേഗം ആകട്ടെടാ..' എന്ന് വിളിച്ച്‌ പറയിപ്പിക്കാന്‍ ശേഷിയുള്ളവയുമാണ്‌ എന്നത്‌ തന്നെ ഒരു പ്രത്യേകതയാണ്‌.

ഒരു പെണ്‍ കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പരമാവധി കാണുവാനായി പിന്നാലെ നടക്കുന്ന സംഗതികളൊക്കെ സത്യസന്ധം. പക്ഷേ, ആ പെണ്‍ കുട്ടിയെ മനുഷ്യരെ കണ്ടിട്ടില്ലാത്തപോലെ തുറിച്ച്‌ കുറേ നേരം നോക്കി നില്‍ക്കുമ്പോള്‍ നമുക്കും ഒരല്‍പം അത്ഭുതവും വിഷമവും തോന്നാം. ഇനി, ആ നോട്ടത്തിലൂടെ ഒരായിരം കാര്യങ്ങള്‍ സംവദിച്ചു എന്നൊക്കെ പറയുകയാണേല്‍ അത്‌ ഒരോരുത്തര്‍ക്ക്‌ അവരവരുടെ ഇഷ്ടത്തിന്‌ ഡയലോഗുകളായും വികാരപ്രകടനങ്ങളായും സൃഷ്ടിച്ചെടുക്കാനാവുന്നതാണ്‌.

അന്നയുടെ കുടുംബത്തെക്കുറിച്ച്‌ കാര്യമായ ഒരു വ്യക്തത നല്‍കാതെ ഒരു ആശയക്കുഴപ്പം പ്രേക്ഷകമനസ്സില്‍ സൃഷ്ടിച്ച്‌ വെച്ചത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. അതൊക്കെ ഊഹിച്ച്‌ സ്വന്തം ഇഷ്ടത്തിന്‌ പൂരിപ്പിക്കാന്‍ ബുദ്ധിയുള്ള പ്രേക്ഷകരാണ്‌ എന്ന്‌ സ്ഥാപിച്ച്‌ പ്രേക്ഷകരെ ബഹുമാനിച്ചതാകാം.

അങ്ങനെ കുറേ ഭാഗങ്ങള്‍ പ്രേക്ഷകരുടെ മനോധര്‍മ്മം പോലെ പൂരിപ്പിച്ച്‌ ആസ്വദിക്കാനാണെങ്കില്‍ സിനിമ ഓരോരുത്തരുടെ കപ്പാസിറ്റി അനുസരിച്ച്‌ ഗംഭീരമായിരിക്കും.

സണ്ണി വേയ്‌ ന്‍ സുഹൃത്തായ റസൂലിനെ രക്ഷിക്കാന്‍ നടത്തുന്ന ഇടപെടലല്ലാതെ വേറൊന്നും പ്രേക്ഷക മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടില്ല.

സിനിമയുടെ അവസാന രംഗങ്ങളും (വെള്ളത്തിലുള്ള ഊളിയിട്ടുകളിയും ഊരുതെണ്ടലും) അത്രയ്ക്കങ്ങ്‌ തൃപ്തികരമല്ല.

Rating : 5.5 / 10

Tuesday, April 17, 2012

22 ഫീമെയില്‍ കോട്ടയം



രചന: അഭിലാഷ്‌ കുമാര്‍, ശ്യാം പുഷ്കരന്‍
സംവിധാനം: ആഷിക്‌ അബു
നിര്‍മ്മാണം: ഒ.ജി. സുനില്‍

മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന്‌ ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്ന കുറച്ച്‌ ചിത്രങ്ങളുടെ ഗണത്തിലേയ്ക്കെന്ന രീതിയില്‍ നേരത്തേ തന്നെ നിശ്ചയിക്കപ്പെട്ടപോലെ ഈ ചിത്രവും പ്രതീക്ഷ തെറ്റിക്കാതെ എഴുതിച്ചര്‍ക്കപ്പെട്ടു. പക്ഷേ, ലൈഗീകച്ചുവയുള്ള കാര്യങ്ങള്‍ അധികം മറച്ചുപിടിക്കാതെ കഥാപരമായി പരാമര്‍ശിക്കപ്പെടുകയും ലൈഗീകതയില്‍ വിമുഖതകാണിക്കാത്ത 'സ്ട്രോങ്ങ്‌' ആയ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നതിലാണോ ഈ മലയാള സിനിമയുടെ 'മാറ്റം' എന്ന്‌ വിശകലനം ചെയ്യുകയും ഈ മാറ്റത്തെ സ്ത്രീപ്രേക്ഷകരും, കുട്ടികളടങ്ങുന്ന കുടുംബ പ്രേക്ഷകരും തീയ്യറ്ററില്‍ ഇരുന്ന്‌ ആസ്വദിക്കുമ്പോള്‍ സാംസ്കാരികമായ വലിയൊരു 'മാറ്റം' സംഭവിക്കുന്നുണ്ടെന്ന്‌ മനസ്സിലാകുകയും ചെയ്യുന്നു.

അതുപോലെ തന്നെ, സിനിമകളെ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം 'മാറ്റത്തിണ്റ്റെ' സിനിമകളെ മറ്റൊരു അളവുകോല്‍ വെച്ചുമാത്രം അളന്ന്‌ തിട്ടപ്പെടുത്തി ഉയര്‍ത്തിക്കാട്ടാന്‍ കൂട്ടായ ഒരു ഇണ്റ്റര്‍നെറ്റ്‌ ബുദ്ധിജീവി സമൂഹം നിലകൊള്ളുന്നു എന്ന സത്യവും വിസ്മരിക്കാവുന്നതല്ല.

ബാംഗ്ക്ളൂരില്‍ നഴ്സ്‌ ആയി ജോലി ചെയ്ത്‌ വിദേശത്ത്‌ പോകാന്‍ ആഗ്രഹിക്കുന്ന അനേകം കോട്ടയംകാരി പെണ്‍കുട്ടികളില്‍ ഒരാളാണ്‌ നായിക. ഈ നായികയിലൂടെ കോട്ടയംകാരായ പെണ്‍കുട്ടികളുടെ തണ്റ്റേടത്തെയാണോ നഴ്സുമാരായി ജോലി ചെയ്യുന്നവരുടെ ജീവിതാനുംഭവങ്ങളെയാണോ അതുമല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ഒരു സ്ത്രീ വിഭാഗത്തെയാണോ പ്രതിനിധാനം ചെയ്യുന്നതെന്ന്‌ ചിന്തിക്കാവുന്നതാണ്‌.

ഈ കഥാപാത്രത്തിലൂടെയും ഇവരുടെ ചുറ്റുമുള്ള മറ്റ്‌ കഥാപാത്രങ്ങളിലൂടെയും വിവാഹപൂര്‍വ്വ, വിവാഹേതര ബന്ധങ്ങള്‍ വളരെ ലളിതവല്‍ക്കരിച്ച്‌ ചിത്രീകരിക്കപ്പെടുകയും അതിന്‌ ഒരു പൊതുവായ കാര്യമെന്ന അര്‍ത്ഥം നല്‍കുകയും ചെയ്തിരിക്കുന്നു.

ഈ സിനിമയില്‍ 'മാറ്റ'ത്തിണ്റ്റെ സൂചനകള്‍ നല്‍കിയ ചില സന്ദര്‍ഭങ്ങളും ഡയലോഗുകളും താഴെ ചേര്‍ക്കുന്നു.
1. തന്നെ പ്രേമിക്കുന്ന അല്ലെങ്കില്‍ കാമിക്കുന്ന ഒരാളോട്‌ താന്‍ വിര്‍ജിന്‍ അല്ല എന്ന്‌ പ്രഖ്യാപിക്കുന്ന നായിക, തണ്റ്റെ പൂര്‍വ്വ ലൈഗികബന്ധത്തെ വിശദീകരിച്ചുകൊടുക്കുന്നു.
2. നായികയുടെ കൂട്ടുകാരി സ്വന്തം സുഖസൌകര്യങ്ങള്‍ക്ക്‌ വേണ്ടി ധനികനായ മറ്റൊരാള്‍ക്ക്‌ വേണ്ടപ്പോഴൊക്കെ ലൈഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നു. അത്‌ അറിയുന്ന കൂട്ടുകാരികളും അതിണ്റ്റെ ധനസുഖത്തിണ്റ്റെ പങ്ക്‌ പറ്റുന്ന സുഹൃത്തുക്കളും.
3. ഒരാളോട്‌ പ്രണയമായിക്കഴിഞ്ഞപ്പോഴെയ്ക്കും വിവാഹം കഴിക്കാതെ തന്നെ കുറച്ചുകാലം കാമുകനോടൊപ്പം ഭാര്യയെപ്പോലെ കഴിയാന്‍ സന്തോഷത്തോടെ സമ്മതിക്കുന്ന നായിക.
3. പ്രതികാരനടപടികളില്‍ ഒട്ടും ചഞ്ചലപ്പെടാതെ ഇരയുടെ വേദനയെ ആസ്വദിക്കുന്ന നായിക.
4. 'നൈസ്‌ ആസ്സ്‌' എന്ന് ഒരു പുരുഷനെ നോക്കി പറയാന്‍ ധൈര്യം കാണിക്കുന്ന നായികയുടെ അനിയത്തി.
5. Can i have Sex with you?, F. ck you, എന്നൊക്കെയുള്ള ഡയലോഗുകള്‍
6. Male organ മുറിച്ച്‌ മാറ്റപ്പെടുകയും തുടര്‍ന്നുള്ള സാഹചര്യങ്ങളും സംസാരങ്ങളും

മേല്‍ പറഞ്ഞ മാറ്റത്തിണ്റ്റെ സൂചനകള്‍ കാണുമ്പോള്‍ ഈ മാറ്റം അനുഭവിക്കാന്‍ ഒരു കുടുംബത്തെയോ കുട്ടികളെയോ കൂടെ കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ്‌ യഥാര്‍ത്ഥ മാറ്റത്തിണ്റ്റെ മുന്‍ നിരക്കാര്‍.

നന്‍മയുടെ അംശം മരുന്നിന്‌ മാത്രം ചേർക്കുകയും ക്രൂരതകളും അതിണ്റ്റെ അസ്വസ്ഥതകളും പ്രേക്ഷകര്‍ക്ക്‌ ഒരുപാട്‌ സമ്മാനിക്കുകയും ചെയ്യുന്നു ഈ ചിത്രം. അതൊക്കെ നല്ലപോലെ ആസ്വദിക്കാവുന്ന പ്രേക്ഷകര്‍ക്ക്‌ ഇത്‌ മാറ്റത്തിണ്റ്റെ സിനിമയാണ്‌.

ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീ സമൂഹത്തെയും അതില്‍ പ്രതികരിക്കുവാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സ്ത്രീ കഥാപാത്രങ്ങളേയും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ കാട്ടിക്കൊടുക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന മേന്‍മ.
പക്ഷേ, ഇങ്ങനെ പ്രതികാരം ചെയ്യുമ്പോള്‍ ഈ സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷസഹായത്തോടെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്ന് വിവരിക്കുമ്പെൊള്‍, അതിനുവേണ്ടി എപ്പോഴും വസ്ത്രം ഉരിഞ്ഞുകൊടുക്കേണ്ടിവരുന്നു എന്ന് വിശദീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തിയെ ഇകഴ്ത്തിക്കാട്ടുകയാണ്‌ ചെയ്യുന്നത്‌.

നായകനോട്‌ പ്രതികാരം ചെയ്യാന്‍ ഒരു കൂളിംഗ്‌ ഗ്ളാസ്സും ധരിപ്പിച്ച്‌ നായികയെ വിട്ടപ്പോള്‍ സംവിധായകന്‍ ഈ നായികയെ ഒരു മണ്ടിയാക്കിത്തീര്‍ക്കുകയാണ്‌ ചെയ്തത്‌.
സര്‍ജിക്കല്‍ സയന്‍സ്‌ വായിച്ച്‌ പഠിച്ച്‌ ഒാപ്പറേഷന്‍ ചെയ്ത ആദ്യ നഴ്സ്‌ എന്ന ബഹുമതി കൂടി നായികയ്ക്ക്‌ ലഭിക്കുന്നു എന്നതും ഈ സ്ത്രീ കഥാപാത്രത്തിണ്റ്റെ കരുത്താണ്‌.

തണ്റ്റെ ജീവിതത്തില്‍ ഇത്രയേറെ ദുരിതങ്ങള്‍ സമ്മാനിച്ച നായകനെ വീണ്ടും ചെന്ന് കണ്ട്‌ I Love You എന്ന് നായികയെക്കൊണ്ട്‌ പറയിപ്പിക്കുമ്പോഴും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലും അവിശ്വസനീയതകളും സാമാന്യബോധത്തിണ്റ്റെ കുറവുകളും തെളിഞ്ഞുകാണാം.

പ്രതികാരത്തിണ്റ്റെ സങ്കീര്‍ണ്ണമായ സമയങ്ങളിലും വേദനയിലും നായകന്‍ നായികയെ 'ഫാഷ' (ഭാഷ) പഠിപ്പിക്കാന്‍ ശ്രമിക്കുന്നതും കെങ്കേമമായി.

വേശ്യാവൃത്തിയെ ഉന്നതനിലവാരം ചേർത്ത് പൊലിപ്പിച്ച് കാണിച്ചാൽ അത് മാന്യവും മഹത്കരവുമായ ഒരു പ്രവർത്തിയാവില്ല എന്ന് കുറച്ച് ആളുകൾക്കെങ്കിലും അറിയാമായിരിക്കും.

വിവാഹപൂർവ്വബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ലളിതമായി ചിത്രീകരിക്കുകയും ഈ സമൂഹത്തിൽ വിജയിക്കാനും സുഖമായി ജീവിക്കാനും വേശ്യാവൃത്തി ചെയ്യാതെ ഒരു സ്ത്രീക്ക് സാധിക്കില്ല എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ്‌ ഈ സിനിമ ലക്ഷ്യമിട്ടിരിക്കുന്നതെന്നും തോന്നാവുന്നതാണ്‌.

റീമ കല്ലിങ്കൽ, ഫഹദ്, പ്രതാപ് പോത്തൻ, ടി.ജി. രവി എന്നിവരും മറ്റ് നടീ നടന്മാരും മികച്ച അഭിനയം കാഴ്ച വെച്ചു. ഫഹദ് എന്ന നടൻ ‘ടൈപ്പ് കാസ്റ്റ്’ ചെയ്യപ്പെടുകയാണ്‌ എന്നതാണോ അതോ ഈ ഒരു ടൈപ്പേ ഇദ്ദേഹത്തിന്‌ സാധിക്കൂ എന്നതാണോ കാര്യം എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്ക്കുന്നു.

പൊതുവേ പറഞ്ഞാല്‍ പലപ്പോഴും ബോറടിപ്പിക്കുകയും വല്ലാതെ അസ്വസ്ഥമാക്കുകയും (ക്രൂരതകളും വേദനകളും കണ്ട്‌) ചെയ്യുന്ന, കുടുംബത്തെയോ കുട്ടികളെയോ കൊണ്ടുപോയി കാണിക്കാന്‍ സാധിക്കാത്ത ഒരു ചിത്രമായേ ഈ സിനിമയെ വിശകലനം ചെയ്യാന്‍ സാധിക്കുന്നുള്ളൂ.

Rating : 3 /10

Monday, July 18, 2011

ചാപ്പാ കുരിശ്‌



കഥ, സംവിധാനം: സമീര്‍ താഹിര്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റന്‍ സ്റ്റീഫന്‍

സമൂഹത്തിലെ യുവജീവിതത്തിണ്റ്റെ രണ്ട്‌ ധ്രുവങ്ങളിലായി ജീവിക്കുന്ന രണ്ട്‌ ചെറുപ്പക്കാര്‍...
ഒരാള്‍ അര്‍ജുന്‍..(ഫഹദ്‌ ഫാസില്‍) ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ ജീവിതത്തിണ്റ്റെ എല്ലാ സുഖങ്ങളും ഉയര്‍ന്ന ജോലിയും ജീവിത ശൈലിയും ഉയര്‍ന്ന ക്ളാസ്സും സൌന്ദര്യവുമുള്ള സ്ത്രീ ബന്ധങ്ങളും...
മറ്റൊരാള്‍ അന്‍സാരി...(വിനീത്‌ ശ്രീനിവാസന്‍), ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൂപ്പുജോലി... പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ ഉമ്മയ്ക്ക്‌ ഇടയ്ക്ക്‌ മണി ഓര്‍ഡര്‍ അയക്കുന്നതായൊക്കെ കാണിക്കുന്നുണ്ട്‌...

ഒരിക്കല്‍ അര്‍ജുനിണ്റ്റെ കയ്യിലെ ആധുനികമായ ഫോണ്‍ (ഐ ഫോണ്‍) അന്‍സാരിയുടെ കയ്യില്‍ അവിചാരിതമായി കിട്ടുന്നു. അര്‍ജുനിണ്റ്റെ ജോലി സംബന്ധമായ ചില കാര്യങ്ങള്‍ക്കു പുറമേ, അയാളും ഒാഫീസിലെ പെണ്‍കുട്ടിയുമായ ഒരു രഹസ്യവേഴ്ചയുടെ വീഡിയോ ക്ളിപ്‌ കൂടി ആ ഫോണിലുള്ളതിനാല്‍ ഇത്‌ തിരികെ ലഭിക്കുന്നതിനായി അര്‍ജുന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ സിനിമയുടെ നല്ലൊരു ശതമാനവും...

വളരെ ചെറിയ ഒരു കഥയെ വലിച്ച്‌ നീട്ടി പ്രേക്ഷകരെ മടുപ്പിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനത.
ഈ രണ്ട്‌ കഥാപാത്രങ്ങളുടെ സ്ഥിരതയില്ലായ്മയാണ്‌ മറ്റൊരു പ്രധാന പ്രശ്നം. ആദ്യം തന്നെ ഇവരെ പരിചയപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ധാരണയല്ല തുടര്‍ന്നങ്ങോട്ട്‌ ഇവരുടെ പ്രവര്‍ത്തികളില്‍ കാണുന്നത്‌. അര്‍ജുന്‍ എന്ന വളരെ മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ വളരെ പെട്ടെന്ന് വെറും മണ്ടന്‍ നടപടികളിലേയ്ക്ക്‌ മാറുന്നത്‌ ആശ്ചര്യത്തോടെയേ നമുക്ക്‌ കണ്ടിരിക്കാന്‍ കഴിയൂ. അതുപോലെ, വളരെ പാവം പിടിച്ച ഒരു മനുഷ്യനായി തോന്നുന്ന അന്‍സാരി, കുറച്ച്‌ കഴിയുമ്പോള്‍ ഒരു വെറുപ്പിക്കുന്ന മനസ്ഥിതിയിലേയ്ക്ക്‌ പോകുകയും വീണ്ടും നോര്‍മലായതിനുശേഷം പിന്നീട്‌ മറ്റൊരു മാനസികാവസ്ഥയിലെത്തുകയും ചെയ്യുന്നു.

അന്‍സാരിയുടെ പാവം പിടിച്ച ചെറിയൊരു പ്രണയവും, അര്‍ജുനിണ്റ്റെ സ്വാര്‍ത്ഥതയ്ക്കായുള്ള പ്രണയവും മറ്റൊരു പെണ്ണുമായുള്ള വിവാഹനിശ്ചയവുമെല്ലാം ഇതിന്നിടയില്‍ നടക്കുന്നുണ്ട്‌.

നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച്‌ പിടിക്കാനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഭയപ്പെട്ടപോലെ ആ ഫോണില്‍ നിന്നുള്ള വീഡിയോ ക്ളിപ്പ്‌ ഇണ്റ്റര്‍നെറ്റില്‍ പബ്ളിഷ്‌ ആകുകയും തുടര്‍ന്ന് ജോലിയും ജീവിതവും പ്രതിസന്ധിയിലായ അര്‍ജുന്‍ പ്രതികാരദാഹിയായിത്തീരുകയും ചെയ്യുന്നത്‌ പ്രേക്ഷകര്‍ക്ക്‌ കാണാം.

രണ്ട്‌ തലത്തിലുള്ള ജീവിതശൈലികളിലേയും ചില നേര്‍ക്കാഴ്ചകളിലേയ്ക്ക്‌ കുറച്ചൊക്കെ ധൈര്യത്തൊടെ ഇറങ്ങിച്ചെല്ലാനായിട്ടുണ്ട്‌ എന്നതും ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടതിണ്റ്റെ ആവശ്യകതകള്‍ കാട്ടിത്തരുന്നുണ്ടെന്നതും ഈ സിനിമയുടെ നല്ല വശങ്ങളാണ്‌.ചിത്രത്തിണ്റ്റെ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും സംഘട്ടനങ്ങളിലും ഒരു സ്വാഭാവികത ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നു എന്നതും മികവാണ്‌.

ഫഹദ്‌ ഫാസിലിണ്റ്റെയും വിനീത്‌ ശ്രീനിവാസണ്റ്റെയും അഭിനയം മികവ്‌ പുലര്‍ത്തിയെങ്കിലും കഥാപാത്രങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഒരു ചലനം പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയാഞ്ഞത്‌ രചനയിലെ പാളിച്ചകൊണ്ടാണെന്ന് തോന്നി. രമ്യാനമ്പീശന്‍ ഒരു സെക്സി ഗേള്‍ എന്ന പ്രതീതി ജനിപ്പിച്ചപ്പോള്‍ റോമ വെറും ഒരു ഡോള്‍ ഗേള്‍ മാത്രമായി ഒതുങ്ങി. വിനീതിണ്റ്റെ പ്രണയിനിയായി വേഷമിട്ട നിവേദിത മൊഞ്ചുള്ള ഒരു മുസ്ളീം പെണ്‍കുട്ടി എന്ന് തോന്നി.

പക്ഷേ, ഈയിടെ ഒരു ഇണ്റ്റര്‍വ്യൂവില്‍ ഇതിലെ അര്‍ജുനിണ്റ്റെ പ്രണയിനിയായി അഭിനയിച്ച രമ്യാ നമ്പീശന്‍ അവകാശപ്പെട്ടതുപോലെ ആ ലിപ്‌ റ്റു ലിപ്‌ കിസ്സ്‌ ഉള്ളതുകൊണ്ട്‌ ഈ കഥയുടെ സോഷ്യല്‍ കമ്മിറ്റ്‌ മെണ്റ്റ്‌ നിര്‍വ്വഹിക്കപ്പെട്ടു എന്നൊന്നും ഒരുതരത്തിലും തോന്നിയില്ല. രഹസ്യകേളികള്‍ നടത്തുമ്പോള്‍ മൊബൈലില്‍ റെക്കോറ്‍ഡ്‌ ചെയ്യാന്‍ പെണ്‍ കുട്ടികള്‍ സമ്മതിക്കരുത്‌ എന്നതാണാവോ രമ്യാ നമ്പീശന്‌ സമൂഹത്തിലെ പെണ്‍കുട്ടികളോട്‌ പറയാനുണ്ടായിരുന്ന മെസ്സേജ്‌...ആ മെസ്സേജ്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം... മാത്രമല്ല, അങ്ങനെ മൊബൈലില്‍ എടുക്കുന്ന യുവാക്കള്‍ക്കും മെസ്സേജുണ്ട്‌... ഒന്നുകില്‍ അവനവണ്റ്റെ മുഖവും മറ്റും കാണാതെയായിരിക്കണം വീഡിയോ എടുക്കേണ്ടത്‌, അല്ലെങ്കില്‍ എടുത്താലും ഡിലീറ്റ്‌ ചെയ്തേക്കണം... മെസ്സേജ്‌ ഈസ്‌ ക്ളിയര്‍...

ഫോണ്‍ തിരിച്ച്‌ കിട്ടാനായി പോലീസിനെയോ സൈബര്‍ സെല്ലിനേയോ വിവരം അറിയിച്ചാല്‍ എന്ത്‌ പ്രശ്നമാണ്‌ സംഭവിക്കുക എന്ന് പ്രേക്ഷകര്‍ ആലോചിച്ച്‌ മെനക്കെടേണ്ട... അങ്ങനെ കഷ്ടപ്പെട്ടാല്‍ ഈ സിനിമയുടെ ഭൂരിഭാഗം സമയവും കാണിക്കേണ്ടിവരില്ലായിരുന്നു.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ഛായാഗ്രഹണവും പൊതുവേ നിലവാരം പുലര്‍ത്തിയതോടൊപ്പം ഒരു സ്റ്റാര്‍ന്‍ഡേര്‍ഡ്‌ ഉള്ള സിനിമ എന്ന പ്രതീതി തോന്നിപ്പിക്കാന്‍ ചെറിയൊരു അളവില്‍ കഴിയുന്നുണ്ടെങ്കിലും മറ്റ്‌ ന്യൂനതകളാല്‍ തന്നെ ഈ ചിത്രം അല്‍പം അസഹനീയവുമായി എന്ന് വേണം പറയാന്‍.

Rating 4.5 / 10