Tuesday, December 28, 2010
ടൂര്‍ണ്ണ മെന്റ്
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മ്മാണം, വിതരണം (എല്ലാം): ലാല്‍
ക്രിക്കറ്റ് സെലക്ഷന് പോകാന്‍ അവസരം കിട്ടിയ മൂന്ന് സുഹൃത്തുക്കള്‍... ഇവര്‍ ഫ്രീലാണ്ട്സ് ഫോട്ടോഗ്രാഫറായ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നു. സെലക് ഷനു ബാഗ്ലൂരിലേയ്ക്ക് പുറപ്പെടുന്നതിനുമുന്പ് തന്നെ അതിലൊരാള്‍ക്ക് ആക്സ്നിഡന്റ് പറ്റുകയും പോകാന്‍ കഴിയാതാവുകയും ചെയ്യുന്നു. ബാക്കി രണ്ടുപേരും പോകാനൊരുങ്ങുമ്പോള്‍ അവരുടെ കൂടെ ഈ പെണ്‍കുട്ടിയും എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ട സെലക് ഷനു വേണ്ടി പോകുന്ന മറ്റൊരു പയ്യനും ഒരുമിക്കുന്നു. ഫ്ലൈറ്റ് കാന്‍സല്‍ ചെയ്തതിനാല്‍ ഈ പെണ്‍കുട്ടിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാംഗ്ലൂര്‍ ട്രിപ്പ് അടിപൊളിയാക്കാന്‍ തീരുമാനിച്ച് ഇവര്‍ ഒരു ലോറിയില്‍ കയറി പുറപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും ആ സംഭവങ്ങളെ തന്നെ റീ പ്ലേ ചെയ്യുമ്പോള്‍ കാണുന്ന ഒളിഞ്ഞു കിടക്കുന്ന സംഭവങ്ങളും ചേര്‍ത്ത് ഒരു സിനിമ.
ഇടയ്ക്ക് നല്ല മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മ സംഭാഷണങ്ങളുണ്ടെങ്കിലും പല ഹാസ്യരംഗങ്ങളും വേണ്ടത്ര ഗംഭീരമായില്ല. ആദ്യം ഒരല്‍പ്പം ഇഴഞ്ഞു നീങ്ങുകയും തുടര്‍ന്ന് ഒരു ഗാനരംഗമുള്‍പ്പെടെ ആസ്വാദനതലത്തിലേയ്ക്ക് ഉയരുകയും ചെയ്തതിനുശേഷം മനസ്സിനെ അലോസരപ്പെടുത്തുന്ന രീതിയിലേയ്ക്ക് സന്ദര്‍ഭങ്ങള്‍ മാറുകയും അതുവരെ തോന്നിയിരുന്ന ഒരു ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്തു.
ഓരോ കഥാപാത്രങ്ങളുടേയും പ്രത്യക്ഷത്തിലുള്ള പെരുമാറ്റങ്ങളും സാഹചര്യങ്ങളും കാണിച്ചതിനുശേഷം അതിനെ റീ വൈന്റ് ചെയ്ത് റീപ്ലേ ചെയ്യുമ്പോള്‍ അവരുടെ തന്നെ മറ്റൊരു ചിന്താരീതിയും പ്രവര്‍ത്തിയും പ്രകടമാക്കിത്തരുന്ന തരത്തിലുള്ള ഒരു പുതുമയാണ് ഈ സിനിമയുടെ ആകെയുള്ള പ്രത്യേകത. പക്ഷേ, നല്ലൊരു കഥയോ അതിനോട് ചേര്‍ന്ന് നില്ക്കുന്ന തിരക്കഥയോ വളരെ ആകര്‍ഷകമായില്ല എന്നതാണ് പ്രധാന ന്യൂനത. പുതുമുഖങ്ങളടങ്ങുന്ന ചെറുപ്പക്കാരായ അഭിനേതാക്കളെല്ലാവരും നല്ല നിലവാരം പുലര്‍ത്തി എന്നത് ലാലിന് അഭിമാനിക്കാന്‍ വക നല്കുന്നു. ചിത്രത്തിലെ ഒരു ഗാനം വളരെ ആകര്‍ഷവും ഒരു ഗാനം അനാവശ്യമായി.
ഹാസ്യത്തിനുവേണ്ടി കെട്ടിച്ചമച്ച ചില രംഗങ്ങള്‍ വളരെ അപഹാസ്യമായി തോന്നി. ഒരു ജീപ്പ് ഡ്രൈവര്‍ ഇല്ലാതെ റിവേര്‍സ് ആയി കുറേ നേരം കുറേ പേരെ ഓടിക്കുന്നതാണ് വലിയൊരു തമാശ.
അനാവശ്യമായ തീവ്രതയിലേയ്ക്ക് അവസാനരംഗങ്ങളെ കെട്ടിച്ചമച്ച് കൊണ്ട് പോകുകയും അതിന്റെ ന്യായീകരണങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നിടമെല്ലാം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സന്ദര്‍ഭങ്ങള്‍ കൊണ്ട് കുത്തിനിറച്ചിരിക്കുന്നു.
പുതുമുഖങ്ങളേയും പുതിയ തലമുറയേയും ഉപയോഗിച്ച് ഒരു ടൈം പാസ്സ് സിനിമ ഉണ്ടാക്കുവാന്‍ ലാല്‍ കാണിച്ച മനസ്സിനും ധൈര്യത്തിനും അഭിനന്ദനം. പക്ഷേ.. അദ്ദേഹത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിന്റെ (പ്രതീക്ഷകള്‍ കഴിഞ്ഞ പല സിനിമകളിലായി കുറഞ്ഞു വരുമ്പോഴും) ഏഴയലത്തുപോലും എത്താന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാകുന്നു മറ്റൊരു സത്യം.
Rating: 4.5/10
Wednesday, December 22, 2010
കാണ്ടഹാര്‍
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മേജര്‍ രവി
മിലിറ്ററിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ലോക് നാഥ് മിശ്ര എന്ന ഓഫീസറുടെ മകനെ ** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനി'ല്‍ നിന്ന് നല്ലൊരു സൈനികനാക്കാനുള്ള മേജര്‍ മഹാദേവന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നടക്കുന്ന ശ്രമങ്ങളും തുടര്‍ന്ന് മേജര്‍ മഹാദേവന്റെ തന്നെ NSG ഗ്രൂപ്പില്‍ ഇദ്ദേഹമുള്‍പ്പെടുന്ന ഓപ്പറേഷനുകളും ഒടുവില്‍ ഒരു പ്ലെയിന്‍ ഹൈജാക്കില്‍ രക്ഷകരാവുന്നതുമാണ് ഈ ചിത്രത്തിന്റെ ചുരുക്കം. ചുരുക്കം എന്ന് എഴുതിയെങ്കിലും ഇത് ശരിക്കും ഇത്ര തന്നെയേ ഉള്ളൂ...
തുടക്കത്തെ കുറേ സമയം വളരെ ദയനീയമായി ഇഴഞ്ഞു നീങ്ങിയാണ് കഥ മുന്നോട്ട് പോയത്. പിന്നെ കുറച്ച് സമയം ട്രെയിനിങ്ങും ഒരു കമാന്‍ഡോ ഓപ്പറേഷനും. ഒടുവില്‍ ഒരു വിമാനരാഞ്ചലില്‍ നടത്തുന്ന സാഹസികമായ ഇടപെടലും.
വളരെ ചുരുക്കം ചില രംഗങ്ങളില്‍ മനസ്സില്‍ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു എന്നതും രാജ്യത്തെ സേവിക്കുന്ന സൈനികരുടെ ധീരപ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കുന്നു എന്നുള്ളതും മാത്രമാകുന്നു ഈ സിനിമയുടെ ആകെ ഒരു പോസിറ്റീവ് ഘടകം. കൂടാതെ, അമിതാബ് ബച്ചന് എന്ന മഹാനടന്റെ അനായാസവും നിയന്ത്രിതവുമായ അഭിനയപ്രകടനം മലയാളസിനിമയ്ക്കും ലഭിച്ചിരിക്കുന്നു എന്നതും വളരെ പ്രധാനമായ ആകര്‍ഷണമാണ്. മോഹന്‍ ലാല്‍ തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. മേജര്‍ രവി കുറച്ച് ഭാഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്തോ ഒരു 'കല്ല് കടി' അനുഭവപ്പെട്ടു.
പൊതുവേ നോക്കിയാല്‍ ആവര്‍ത്തനങ്ങളും പൂര്‍ണ്ണതക്കുറവുകളും കൊണ്ട് വല്ലാത്ത ഒരു അവസ്ഥയിലുള്ള പാളിപ്പോയ ഒരു ചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കന്‍ കഴിയൂ.
കൊടും തീവ്രവാദിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ മറ്റ് പല തീവ്രവാദികളും വന്ന് മംഗളം നേരുന്നതും പ്ലാനിംഗ് നടത്തുന്നതുമൊക്കെ ഇന്ത്യയില്‍ സംഭവിക്കുന്നതാണോ എന്നറിയില്ല. അങ്ങനെയാണെങ്കില്‍ നമ്മുടെ നിയമസംവിധാനം കത്തിച്ചുകളയുന്നതാകും നല്ലത്.
ജിഹാദുകള്‍ ഒരു പെണ്ണിനെ പിടിച്ചുകൊണ്ട് പോകുന്നത് കണ്ട് അതിന്റെ കാരണം ദൂരെ നിന്ന് തന്നെ ഊഹിച്ച് നമുക്ക് പറഞ്ഞു തരുന്നത് കണ്ടപ്പോള്‍ ആ വ്യക്തിയുടെ ദിവ്യദൃഷ്ടിയോട് അസൂയ തോന്നിപ്പോയി.
വിമാനരാഞ്ചലില്‍ നിന്നെല്ലാം രക്ഷിച്ച് അവസാനം വിമാനം നിലത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ ഗംഭീരമായൊരു ലാന്‍ഡിങ്ങും തുടര്‍ന്നുള്ള സാഹസികമായ ഡ്രൈവിങ്ങും കണ്ടാല്‍ പ്രേക്ഷകര്‍ക്ക് അന്ധാളിപ്പും ഒരു നിര്‍വ്വികാരതയും മാത്രം ബാക്കിയാവും... (ഒന്നും മനസ്സിലാവില്ലെന്നര്‍ത്ഥം).
നായിക എന്നൊരു സംഭവം ഈ ചിത്രത്തിലില്ല.
മേജര്‍ രവിയുടെ തന്നെ കഴിഞ്ഞ ചിത്രത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിലുമുണ്ട്. ഇതും കൊള്ളാം.
കോമഡിക്കുവേണ്ടി ചെറിയ ശ്രമങ്ങളേ നടത്തിയിട്ടുള്ളൂ എന്നത് ആശ്വാസം,... അത്രയും കുറവ് സഹിച്ചാല്‍ മതിയല്ലോ...
അമിതാബ് ബച്ചനും മോഹന്‍ ലാലും നേര്‍ക്കുനേര്‍ അഭിനയിക്കുന്ന് രംഗങ്ങളില്‍ വളരെ കുറച്ച് സമയം ഒരു വൈകാരികത നിറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സാദ്ധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താതിരിക്കുകയോ വേണ്ടത്ര എഫ്ഫക്റ്റ് ഇല്ലാതിരിക്കുകയോ സംഭവിച്ചിരിക്കുന്നു.
സിനിമയുടെ അവസാനരംഗത്തില്‍ നിറഞ്ഞുതുളുമ്പിനില്‍ക്കുന്ന മേജര്‍ മഹാദേവന്റെ കണ്ണുകളെ കുറച്ചു സമയം കാണിക്കുകയും ആ കണ്ണില്‍നിന്ന് കണ്ണുനീര് ഒരു ചാലായി ഒഴുകി വീഴുകയും ചെയ്തത് നല്ലൊരു രംഗമായിരുന്നു.
മേജര്‍ രവിയ്ക്ക് ഇത്രയൊക്കെയേ ചെയ്യാനാവൂ... വിമാനറാഞ്ചലിനോടനുബന്ധിച്ച കമാന്‍ഡോ ഓപ്പറേഷനുവേണ്ടി 2 മണിക്കൂറിലധികം നീളുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കേണ്ടിവന്നാല്‍ ആരുടെയായാലും ഗതി ഇതൊക്കെ തന്നെ.
** 'തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യനായ ഒരു ചെറുപ്പക്കാരനാണ് ഞാന്‍' എന്നൊരാള്‍ സ്വയം പറയുന്നത് ആദ്യമായി കേള്‍ക്കാനായി ഈ ചിത്രത്തില്‍.
Rating: 3.5/10
Saturday, December 11, 2010
ബെസ്റ്റ് ആക്ടര്‍
കഥ, സംവിധാനം: മാര്ട്ടിന് പ്രക്കാട്ട്
തിരക്കഥ, സംഭാഷണം: മാര്ട്ടിന് പ്രക്കാട്ട്, ബിപിന്‍ ചന്ദ്രന്
നിര്‍മ്മാണം: നൌഷാദ്
നിനിമാ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന് മോഹനന് (ശ്രീ മമ്മൂട്ടി). വിഷുവിനും ഓണത്തിനുമൊന്നും ഭാര്യയോടും മകനോടും സമയം ചെലവഴിക്കാതെ ഏതെങ്കിലും സംവിധായകരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുന്നതിലൂടെ ഇദ്ദേഹത്തിണ്റ്റെ അഭിനയ താല്പര്യം വളരെ പ്രാധാന്യമുള്ളതാണെന്ന് ബോദ്ധ്യപ്പെടുന്നു.
കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ (സുകുമാരി) വളര്‍ത്തിയ കുട്ടിയാണ് മോഹനണ്റ്റെ ഭാര്യ (ശ്രുതി കൃഷ്ണന്). ഈ സിസ്റ്റര്‍ ഉള്‍പ്പെടെ പലരും ഇദ്ദേഹത്തിണ്റ്റെ അഭിനയമോഹത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നാട്ടിലുള്ള പലരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഒരിക്കല്‍, തണ്റ്റെ സ്കൂളില്‍ നടക്കുന്ന ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ചാന്‍സ് കിട്ടാതെ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുന്ന ഇദ്ദേഹം, ഒന്നുകില്‍ അഭിനയം അല്ലെങ്കില്‍ ജീവിതം എന്ന് തീര്‍ച്ചപ്പെടുത്തുന്നു. പട്ടണത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന തണ്റ്റെ പഴയ പരിചയക്കാരനായ അസോസിയേറ്റ് ഡയറക്റ്ററെ തേടി ചെല്ലുന്ന ഇദ്ദേഹം അവീടെയുള്ള മലയാളസിനിമയുടെ സൃഷ്ടികളുടെ പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടിവരികയും അവരുടെ അവഹേളനകള്‍ക്ക് പാത്രമാകുകയും ചെയ്യുന്നു.
ഇദ്ദേഹത്തിണ്റ്റെ ഇപ്പോഴത്തെ പാവത്താന്‍ സ്വഭാവവും രൂപവും തങ്ങളുടെ പ്ളാന്‍ ചെയ്യുന്ന വയലന്‍സ് ചിത്രത്തിന് ഒട്ടും ചേരുന്നില്ല എന്ന കാരണത്താല്‍ ചാന്‍സ് കൊടുക്കാതെ ഒഴിവാക്കപ്പെടുന്നു. ആ ചെറുപ്പക്കാര്‍ വിവേക് ഒബ്രോയ് എന്ന ബോളിവുഡ് ആക്ടര്‍ എങ്ങനെ വളര്‍ന്നു എന്നതിണ്റ്റെ ഒരു വിവരണം കൊടുക്കുകയും നിരവധി പേര് ഇതുപോലെ ജീവിതാനുഭവങ്ങള്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ കൊണ്ടാണ് ഇന്ന് വലിയ അഭിനേതാക്കളായി തീര്‍ന്നതെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് നാട് വിട്ട് പോകുന്ന മോഹനന് ജീവിതാനുഭവങ്ങള്‍ക്കായി പുതിയ ലോകത്തേക്ക് പ്രവേശിക്കുകയും അവിടെ തണ്റ്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ് ബെസ്റ്റ് ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.
എത്ര ചെറിയ വേഷമായിരുന്നാലും ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഈ സിനിമയില്‍ ഒരു സംവിധായകന് എന്ന നിലയില്‍ മാര്‍ട്ടിണ്റ്റെ വിജയം.
നാട്ടിലെ മോഹനണ്റ്റെ സുഹൃത്തുക്കളായ ബിജുക്കുട്ടന്, ഫോട്ടോഗ്രാഫര്‍ എന്നിവരും പട്ടണത്തിലെ ഫ്ളാറ്റില്‍ മോഹനന് സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ചെറുപ്പക്കാര്‍, മോഹനന് ചെന്നെത്തുന്ന ഗ്യാങ്ങിലുള്ള ലാല്‍, സലിം കുമാര്‍, നെടുമുടിവേണു, വിനായകന് തുടങ്ങിയ എല്ലാവരും തന്നെ തങ്ങളുടെ രംഗങ്ങള്‍ ഭംഗിയായി ചെയ്തു. ശ്രുതി കൃഷ്ണന് എന്ന പുതുമുഖ നടി അത്ര നന്നായി എന്നൊന്നും പറയാനില്ലെങ്കിലും വെറുപ്പിച്ചില്ല എന്നത് തന്നെ വലിയ കാര്യം.
മൂന്ന് നാല് സീനുകളില്‍ ഉണ്ടായ നാടകീയതകള്‍ ഒഴിച്ചാല്‍ വളരെ ഭദ്രവും കെട്ടുറപ്പുള്ളതുമായ തിരക്കഥയും, സ്വാഭാവികവും രസകരവും അതിനോട് ചേര്‍ന്ന് പോകുന്നതുമായ സംഭാഷണങ്ങളുമായി മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും അഭിനന്ദനമര്‍ഹിക്കുന്ന ജോലി ചെയ്തിരിക്കുന്നു.
ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെയും പുരോഗതിയെയും കാണിക്കാന്‍ ഉപയോഗിക്കുക എന്നത് ശരിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടൊഴികെ ബാക്കിയൊന്നും അത്ര വളരെ മികച്ചതായൊന്നും പറയാനില്ല.
മമ്മൂട്ടി എന്ന നടന് തണ്റ്റെ റോള്‍ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
'രബ് നേ ബനായാ ജോഡി' എന്ന ഹിന്ദി സിനിമയുടേയും 'ഉദയനാണ് താരം' എന്ന മലയാളം സിനിമയുടേയും ചില ആശങ്ങളുടെ സ്വാധീനം ഈ ചിത്രത്തില്‍ ചിലസന്ദര്‍ഭങ്ങളില്‍ തോന്നിയിരുന്നു.
കഥാ സന്ദര്‍ഭങ്ങളിലും ചെറിയ ബലക്കുറവ് അനുഭവപ്പെടുന്ന ഭാഗങ്ങളുണ്ട്. നാട്ടില്‍ നിന്ന് അഭിനയമോഹവുമായി പുറപ്പെടുന്ന മോഹനന് ഭാര്യയോടും കുട്ടിയോടും അധികം ബന്ധപ്പെടാതിരിക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഭാര്യയുടെ തീരുമാനം ഒരല്‍പ്പം ചേര്‍ച്ചക്കുറവുള്ളതായി തോന്നി.
ഒരു സിനിമാഷൂട്ടിംഗ് രംഗത്ത് മാഫിയാ ശശിയേയും സഹപ്രവര്‍ത്തകരേയും 'ഗായ് ഫാല്‍ത്തൂ ജാന്‍ വര് ഹേ..' തുടങ്ങിയ ഹിന്ദി ഡയലൊഗുകളും കളിത്തോക്കുമായി മോഹനന് വിരട്ടുന്ന രംഗം തമാശയായി കണ്ടിരിക്കാന്‍ കൊള്ളാം.
ശ്രീജിത്ത് രവി കൂടെ കൊണ്ടുവരുന്ന തടിമാടന്മാരായ ഗുണ്ടകളെ മോഹനന് നേരിടുമ്പോള്‍ അതിലെ ഏറ്റവും ഭീമാകാരനായ ആളെ ഒരൊറ്റ ഇടിക്ക് ശേഷം അപ്രത്യക്ഷനാക്കിയത് സംവിധായകണ്റ്റെ മിടുക്കായി കാണാം. അയാളെ ഇടിച്ച് തോല്‍പ്പിക്കുക എന്നത് അത്ര സ്വാഭാവികമായി നടപ്പിലാക്കാനാവുന്ന ഒന്നല്ല എന്ന് അദ്ദേഹത്തിനുണ്ടായ നല്ല വിവേകം.
കുറച്ച് കൂടി സെണ്റ്റിമെണ്റ്റല്‍ വാല്യൂ കൊടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത് വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതും മറ്റൊരു ന്യൂനതയാണ്.
പൊതുവേ പറഞ്ഞാല്‍, പ്രേക്ഷകര്‍ക്ക് അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട് ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച് അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ് ആക്ടര്‍' എന്നത് നിസ്സംശയം പറയാം.
ഭാവിയിലും മാര്ട്ടിന് പ്രക്കാട്ടിന് ഇതിലും നല്ല സിനിമകള്‍ മലയാള സിനിമയ്ക്ക് സംഭാവനചെയ്യാനാവട്ടെ എന്ന് ആശംസിക്കുന്നു.
Rating: 5.5 / 10
Saturday, December 04, 2010
സഹസ്രം
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഡോ: എസ്. ജനാര്ദ്ദനന്
നിര്‍മ്മാണം: ത്രിലോഗ് സുരേന്ദ്രന് പിള്ള പന്തളം
പഴയ ഒരു മനയും അതിനെ ചുറ്റിപ്പറ്റിയുള്ള പൂര്‍വ്വകാല കഥയും, ആ മനയില്‍ നടക്കുന്ന സിനിമാഷൂട്ടിങ്ങും അതിന്നിടയില്‍ സംഭവിക്കുന്ന ഒരു കൊലപാതകവും തുടര്‍ന്ന് നടക്കുന്ന പോലീസ് അന്വേഷണങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവിയലാണ് സഹസ്രം എന്ന ഈ സിനിമ.
സിനിമാഷൂട്ടിങ്ങിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജഗതി ശ്രീകുമാറും, കലാ സംവിധായകനായി ബാലയും, ഡയറക്ടറായി കോട്ടയം നസീറും, വില്ലന്‍ റോളിലുള്ള അഭിനേതാവായി സുരേഷ് കൃഷ്ണയും പോലീസ് ഓഫീസറായി സുരേഷ് ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്നു. മനയുടെ ഉടമയും പഴയതലമുറയിലെ ജീവിച്ചിരിക്കുന്ന കണ്ണിയുമായി റിസബാവയ്മു അദ്ദേഹത്തിണ്റ്റെ മകളായി ലക്ഷ്മി ഗോപാലസ്വാമിയും പുതുമുഖ നടിയായി സന്ധ്യയും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.
സ്വതവേ മയക്ക് മരുന്ന് കുത്തിവെച്ച് ജിവിക്കുന്ന കലാസംവിധായകനായ ബാലെ, തണ്റ്റെ പരാമര്‍ശം മൂലം ആത്മഹത്യെ ചെയ്ത തണ്റ്റെ പ്രണയിനിയെക്കുറിച്ചോര്‍ത്ത് ജീവിതം തള്ളിനീക്കുമ്പോള്‍ പുതിയ ഒരു സിനിമയുടെ സെറ്റിലേയ്ക്ക് പോകുവന്‍ നിര്‍ബന്ധിതനാകുന്നു. താന്‍ സെറ്റ് തയ്യാറാക്കേണ്ട മനയില്‍ എത്തിയ ബാലെ, അവിടെ ചില ആളുകളേയും ചില സന്ദര്‍ഭങ്ങളും അക്രമങ്ങളും കാണുവാനിടയാകുന്നു. അവിടെനിന്ന് വണ്ടിയുമായി ഓടി രക്ഷപ്പെട്ട് ഹോട്ടലില്‍ കിടന്നുറങ്ങി എഴുന്നേറ്റതിനുശേഷം ആ മനയുടെ ഉത്തരവാദപ്പെട്ടവരോടൊപ്പം അവിടെ എത്തിയപ്പോല്‍ ഇടിഞ്ഞു പൊളിഞ്ഞ് നശിക്കാറായ ഒരു മന മാത്രം അവിടെ കണ്ട് അത്ഭുതപ്പെടുന്നു. താന്‍ ദര്‍ശിച്ചതെല്ലാം തോന്നലോ അതോ മരിച്ച ആത്മാക്കളുടെ ചരിത്രത്തിണ്റ്റെ റീ വൈണ്ട് ചെയ്ത ഷോ ആണോ എന്ന് തീര്‍ച്ചയാകാതെ സംശയിച്ച് നില്ക്കുന്നു. ഇദ്ദേഹത്തിന് മാത്രമായി ചില ദര്‍ശനങ്ങളും തോന്നലുകളും ഉണ്ടാകുകയും ഷൂട്ടിങ്ങില്‍ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ആ സെറ്റില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഷൂട്ടിങ്ങിനിടയില്‍ ഒരു മരണം നടക്കുകയും സംഭവസ്ഥലത്തിന് പരിസരത്ത് മയക്കുമരുന്ന് കുത്തിവച്ച നിലയില്‍ ബാലെയെ കാണാനിടയാകുകയും കൊലപാതകിയായി തീര്‍ച്ചപ്പെടുത്തി അറസ്റ്റ് ചെയ്ത് മാനസികരോഗ ചികിത്സയ്ക്ക് അയക്കപ്പെടുകയും ചെയ്യുന്നു.
മരിച്ച നടന് മന്ത്രിയുടെ മകനായതിനാല്‍ വിദഗ്ദനായ ഓഫീസറായ വിഷ്ണു സഹസ്രനാമം എന്ന സുരേഷ് ഗോപി എത്തുകയും കേസന്വേഷണങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
ഇദ്ദേഹം യക്ഷിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നിടത്താണ് ഇടവേള.
തുടര്‍ന്ന് യക്ഷിയും മനുഷ്യരും ഗൂഢാലോചനകളും അന്വേഷണങ്ങളും കണ്ടെത്തലുകളുമായി കഥ മുന്നോട്ട് പോകുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ഛായ പലപ്പോഴും നമ്മുടെ മനസ്സിലേയ്ക്ക് കടന്നുവരുന്ന തരത്തില്‍ വളരെ പാകപ്പെടുത്തിയെടുത്തതാകുന്നു ഇതിണ്റ്റെ പല രംഗങ്ങളും. മണിച്ചിത്രത്താഴിലെ വളരെ പ്രശസ്തമായ ശോഭനയുടെ നൃത്തഗാനരംഗം വ്യക്തമായി ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു നൃത്തഗാനരംഗവും ഇതിലുണ്ട്.
സസ്പെന്‍സ് വര്‍ദ്ധിപ്പിക്കാനായി ഇതിണ്റ്റെ സംവിധായകന് കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. അതിനുവേണ്ടി ഉണ്ടാക്കിയെടുത്തിട്ടുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമെല്ലാം ഏച്ച് കെട്ടിയതായി അനുഭവപ്പെടുകയും ചെയ്യുന്നു.
ചിത്രത്തില്‍ പലവട്ടം യക്ഷിയുടെ സാന്നിദ്ധ്യം കാണിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷ് ഗോപി അതിനെക്കുറിച്ച് അധികം ആകുലപ്പെടുന്നില്ല. 'അതെന്തെങ്കിലുമാകട്ടെ, നമ്മുടെ കേസിണ്റ്റെ കാര്യം എങ്ങനെയെങ്കിലും ശരിയായാല്‍ മതി' എന്ന അഭിപ്രായം പറയുകയും ചെയ്യുന്നത് പ്രേക്ഷകര്‍ക്കുള്ള ഒരു താക്കീതാണ്... അതായത്, 'യക്ഷിയുടെ കാര്യങ്ങളുടെ സാദ്ധ്യതകള്‍ നിങ്ങള്‍ തലപുകക്കേണ്ട, പകരം കേസ് അന്വേഷിച്ച് കണ്ടുപിടിച്ചോ എന്ന് മാത്രം നോക്കി കയ്യടിച്ചാല്‍ മതി' എന്നര്‍ത്ഥം.
അവസാനം കേസ് അന്വേഷിച്ച് കണ്ടുപിടിക്കുന്നത് പോലീസാണെങ്കിലും ക്രെഡിറ്റ് യക്ഷി കൊണ്ടുപോകുകയും പ്രേക്ഷകര്‍ അന്തം വിട്ട് (ആരെങ്കിലും തീയ്യറ്ററില്‍ ഉണ്ടെങ്കില്‍) ഇറങ്ങിപ്പോകുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു.
പഴയ മനയുടെ രംഗങ്ങളും സന്ദര്‍ഭങ്ങളും സംഭവങ്ങളും ഒരു പ്രത്യേക ദൃശ്യാനുഭവമായി അവതരിപ്പിക്കാന്‍ സാധിച്ചിരിക്കുന്നു എന്നത് ഈ സിനിമയുടെ ഒരു നല്ല ഘടകമാകുന്നു. പല വട്ടം കണ്ട് കഴിഞ്ഞിട്ടുള്ള രീതികളിലൂടെയൊക്കെതന്നെയാണെങ്കിലും കുറേ കെട്ട് പിണഞ്ഞ സംഗതികളിലൂടെ കഥ കൊണ്ടുപോകാന്‍ നല്ലൊരു ശ്രമവും നടത്തിയിരിക്കുന്നു. പക്ഷേ, ആവര്‍ത്തനവിരസതകൊണ്ടോ സന്ദര്‍ഭങ്ങളുടെ തീവ്രതക്കുറവുകൊണ്ടോ സംഗതികളൊന്നും അത്ര പ്രശംസാത്മകമായ രീതിയില്‍ വന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രധാന ന്യൂനത.
വ്യത്യസ്തമായ ഗെറ്റപ്പും അഭിനയവും കൊണ്ട് ബാലെ ശ്രദ്ധേയനായി. സുരേഷ് ഗോപിയുടെ പോലീസ് ഓഫീസര്‍ അത്ര ശോഭിച്ചില്ല. അഭിനേതാക്കളെല്ലം മോശമല്ലാത്ത നിലവാരം പുലര്‍ത്തി. ഈ ചിത്രത്തിലെ ഗാനങ്ങള്‍ മോശമല്ലാത്ത നിലവാരം പുലര്‍ത്തി.
പൊതുവേ പറഞ്ഞാല്‍ സമീപകാല ചിത്രങ്ങളുടെ ദയനീയതയില്‍ നിന്ന് വിട്ടുമാറി നില്ക്കുന്ന ഒരു ചിത്രം.
Rating: 4.5 / 10
കുറിപ്പ്: (വെള്ളിയാഴ്ച സെക്കണ്ട് ഷോയ്ക്ക് ആലുവ മാത തീയ്യറ്ററില്‍ 175 കപ്പാസിറ്റിയുള്ള ബാല്‍ക്കണിയില്‍ 30 പേര് മാത്രം. ഫസ്റ്റ് ഷോയും ശുഷ്കമായിരുന്നു എന്നാണ് ടിക്കറ്റ് ചെക്ക് ചെയ്യുന്ന ചേട്ടന് പറഞ്ഞത്. അതേ സമയം, കാസര്‍ക്കോട് കാദര്‍ഭായ് എന്ന സിനിമയ്ക്ക് നല്ല തിരക്കായിരുന്നു. പത്മയില്‍ കോക്ക് ടെയില്‍ ആണെന്ന് തെറ്റിദ്ധരിച്ച് കാണാന്‍ പോയ എണ്റ്റെ ഒരു സുഹൃത്ത് ഗതികേടുകൊണ്ട് കാസര്‍ക്കോട് കാദര്‍ഭായി കാണേണ്ടിവരികയും തണ്റ്റെ തലവിധിയെ പഴിച്ചുകൊണ്ട് എനിക്ക് രാത്രി തന്നെ ഫോണ്‍ ചെയ്യുകയുമുണ്ടായി. ആ സിനിമയുടെ അവസാനമായപ്പോഴേയ്ക്കും നല്ലൊരു ശതമാനം ആളുകളും ഓടി രക്ഷപ്പെട്ടിരുന്നു എന്നും ആളുകള്‍ ഇറങ്ങിപ്പോകുന്നതുകൊണ്ട് മുഴുവന്‍ രംഗങ്ങളും കണ് കുളിര്‍ക്കെ കാണാനായില്ലെന്നും സുഹൃത്ത് പരിതപിച്ച് സന്തോഷിച്ചു. )
Subscribe to:
Posts (Atom)