Showing posts with label ഫാസിൽ. Show all posts
Showing posts with label ഫാസിൽ. Show all posts

Friday, February 25, 2011

ലിവിംഗ്‌ ടുഗെതര്‍ (Living Together)



രചന, സംവിധാനം: ഫാസില്‍
നിര്‍മ്മാണം: മുഹമ്മദ്‌ അലി പിലാക്കണ്ടി


ഒരു വാടക വീട്ടില്‍ താമസിക്കുന്ന മൂന്ന് ചെറുപ്പക്കാര്‍. അവരുടെ വീടിന്നടുത്ത്‌ ഒരു വലിയ വീട്ടില്‍ നിറയെ കുട്ടികളും കളിയും ബഹളവും... തുടര്‍ന്ന് ആ വീടിന്റെ വിശദാംശങ്ങള്‍ നായകന്‌ വിശദീകരിച്ചുകൊടുക്കുന്ന സുഹൃത്ത്‌... ആ വീട്ടിലേയ്ക്ക്‌ ഒരു പെണ്‍ കുട്ടി വരുന്നു. പതിവുപോലെ മൂന്ന് വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട്‌ മുത്തച്ഛന്റെ കൈവെള്ളയില്‍ വളര്‍ന്ന് വീട്ടിലുള്ള കൊച്ചച്ചന്‍, ആന്റിമാര്‍ ഏതൊക്കെയോ കുറേ പിള്ളേര്‍ (ഒരു പത്ത്‌ പതിനഞ്ചെണ്ണം) എന്നിവരുടെയൊക്കെ കണ്ണിലുണ്ണിയായ പെണ്‍കുട്ടി. അതാണ്‌ നായിക.

ഈ പെണ്‍കുട്ടിയുടെ ഹോബി ആണ്‍ പിള്ളേരെ വളച്ച്‌ ഒരു വഴിക്കാക്കി ഊരിപ്പോരുകയും അവരുടെ നിരാശകണ്ട്‌ രസിക്കലുമാണത്രേ. അതിന്‌ കൊച്ചച്ചനും മുത്തച്ഛനുമടക്കമുള്ള എല്ലാവരും വേണ്ട പ്രോല്‍സാഹനങ്ങളും നല്‍കുന്നുമുണ്ട്‌ (എത്ര മനോഹരമായ വീട്‌. വ്യഭിചാരത്തിനുകൂടി കൂട്ട്‌ നിന്നാല്‍ പൂര്‍ത്തിയായി). അതിനൊരു കാരണമുണ്ടെന്ന് കുറേ കഴിയുമ്പോള്‍ അറിയിക്കുന്നുണ്ട്‌. അതായത്‌, ജാതകവശാല്‍ ദാമ്പത്യം ഉണ്ടാവില്ല എന്നതാണത്രേ സംഗതി. അഥവാ വിവാഹം കഴിച്ചാല്‍ 6 മാസത്തിനുള്ളില്‍ ആരേലും ഒരാള്‍ തട്ടിപ്പോകും, അത്ര തന്നെ. ഇത്‌ ഉറപ്പിക്കാനായി ഈ പെണ്‍കുട്ടി ജ്യോതിഷം പഠിച്ച്‌ ഉറപ്പാക്കിയിട്ടുമുണ്ടത്രേ. അങ്ങനെയാണ്‌, ആണ്‍ പിള്ളേരെ കല്ല്യാണം കഴിക്കാതെ വളച്ച്‌ ഒരു വഴിക്കാക്കാനുള്ള മാനസികവൈകല്ല്യം രൂപപ്പെടുന്നത്‌ (ഞാന്‍ നേരത്തേ സൂചിപ്പിച്ച വ്യഭിചാരവും ഇങ്ങനെയാണേല്‍ ആവാമല്ലോ എന്ന് ആര്‍ക്കും സംശയം തോന്നാം).

എന്തായാലും ഈ പരിപാടിയൊക്കെ നിര്‍ത്തി സ്വസ്ഥമായി വീട്ടിലിരിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് MCA കഴിഞ്ഞ്‌ വന്നിരിക്കുകയാണെങ്കിലും അയല്‍ വീട്ടിലെ പിള്ളേര്‍ നായികയെ വീണ്ടും തന്റെ ഹോബിയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നു.

ഈ വീട്ടില്‍ പരിചയപ്പെടാനെത്തുമ്പോള്‍ നായകന്‍ പാട്ട്‌ പാടുന്നു, ഉടനെ നായിക പോയി ഭരതനാട്യത്തിന്റെ ഡ്രസ്സ്‌ തയ്പിച്ച്‌ വച്ചത്‌ എടുത്തിട്ട്‌ നൃത്തം ചെയ്യുന്നു.

അങ്ങനെ സംഗതി കുറച്ച്‌ പുരോഗമിക്കുമ്പോള്‍ നായകനും നായികയും പന്തയം വെക്കുന്നു. പരസ്പരം പ്രേമിച്ച്‌ നോക്കിയിട്ട്‌ ആരാണ്‌ വീഴുക എന്ന് അറിയാനുള്ള പന്തയം (ഇത്‌ നല്ല പുതുമയുള്ള ഗെയിം തന്നെ).

കുറച്ചുകഴിയുമ്പോഴേയ്ക്കും രണ്ടുപേരും തോല്‍ക്കും എന്നാണ്‌ സൂചന. അന്ന് രാത്രി ഫോണിലൂടെ കവിതയോ പാട്ടോ മറ്റോ ചൊല്ലി തന്റെ ഉള്ളിലുള്ള ചിതറിക്കിടക്കുന്ന കാര്യങ്ങള്‍ നായികയോട്‌ പറയാമെന്ന് നായകന്‍. അതിനുശേഷം കൂട്ടുകാരോട്‌ നായകന്‍ പറയുന്ന ഡയലോഗ്‌ "ഇന്ന് രാത്രിയോടെ അവള്‍ തോല്‍ക്കും. പക്ഷേ, ഞാനും തോല്‍ക്കും"

പിന്നീട്‌ നടന്നതെന്തൊക്കെയാണെന്ന് എഴുതിപ്പിടിപ്പിക്കുക അസാദ്ധ്യം. കുറച്ച്‌ സൂചനകള്‍ തരാമെന്ന് മാത്രം.

വിവാഹം നടക്കില്ലെന്നും പെണ്‍കുട്ടിക്ക്‌ ചെറുപ്പത്തില്‍ മനസ്സിലുണ്ടായ എന്തോ പേടി മാനസികപ്രശ്നമുണ്ടാക്കി ഇങ്ങനെ എത്തിച്ചെന്നും മറ്റും പറഞ്ഞ്‌ തടി ഊരാന്‍ നോക്കുമ്പോള്‍ അതാ പയ്യന്റെ അമ്മ പ്രത്യക്ഷപ്പെട്ട്‌ "ഈ കുട്ടിയെ മരുമോളായി എനിക്ക്‌ തരുമോ?" (ഹോ... കണ്ണ്‍ നിറഞ്ഞുപോയി). ഇപ്പോള്‍ കണ്ണ്‍ നിറയാത്തവര്‍ക്ക്‌ ഇനിയും അവസരങ്ങളുണ്ട്‌. പിന്നീട്‌, ഈ പെണ്‍കുട്ടിയുടെ മാനസികവൈകല്ല്യം അറിഞ്ഞ്‌ തന്നെയാണ്‌ അമ്മ വന്നതെന്നും പെണ്‍കുട്ടിയുടെ പൂര്‍വ്വചരിത്രം മുഴുവന്‍ തനിക്കറിയാമെന്നും നായകന്‍ വെളിപ്പെടുത്തുമ്പോള്‍ വല്ലാത്ത സന്തോഷവും സങ്കടവും കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന മുത്തച്ഛന്റെ ഡയലോഗ്‌ ("നിങ്ങള്‍ അമ്മയും മോനും കൂടി എന്നെ തോല്‍പ്പിച്ചുകളഞ്ഞു!"). ഇപ്പോള്‍ കണ്ണ്‍ നനഞ്ഞില്ലെങ്കില്‍ ഇനി കുളിക്കുമ്പോഴേ നിങ്ങളുടെയൊക്കെ കണ്ണ്‍ നനയൂ. (ഈ സമയം ഇന്നലെ സവിത തീയ്യറ്ററില്‍ ആകെയുണ്ടായിരുന്ന ഇരുപത്‌ പേരില്‍ അഞ്ച്‌ പത്ത്‌ ആളുകള്‍ കൂ..... എന്നൊരു ഒച്ചയുണ്ടാക്കി ആര്‍ത്ത്‌ ചിരിക്കുന്നുണ്ടായിരുന്നു. ഈ ചിരി പല സെന്റിമെന്റല്‍ സീനുകളിലും അലയടിക്കുന്നത്‌ കേള്‍ക്കാമായിരുന്നു). ഭാര്യയോ വീട്ടുകാരോ കൂടെയുണ്ടായിരുന്നതിനാല്‍ മാത്രം ഞാനടക്കം ബാക്കിയുള്ള അഞ്ച്‌ പത്ത്‌ ആളുകള്‍ നിയന്ത്രണം വിടാതെ മുഖം പൊത്തിയും കൈ അമര്‍ത്തി തിരുമ്മിയും കഴിച്ച്‌ കൂട്ടി.

അതിന്നിടയില്‍ ഒരു ഡ്രഗ്‌ അഡിക്റ്റായ വില്ലനും ഗുണ്ടകളും വരും, അവര്‍ തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമിക്കും, ആ തടിമാടന്മാരെ ഈ മൂന്ന് പീക്കിരിപിള്ളേര്‍ നുള്ളി ഓടിക്കും, വില്ലന്റെ മെയിന്‍ അസിസ്റ്റന്റ്‌ ഗുണ്ടകളെ പുഷ്പം പോലെ തീപാറുന്ന തോക്ക്‌ കൊണ്ട്‌ വെടിവെച്ചിടും.

വില്ലന്‍ ഒരിക്കലും പോലീസ്‌ പിടിയില്‍ നില്‍ക്കില്ലത്രേ. പരോളില്‍ ഇറങ്ങുകയും പോലീസിന്റെയും ഗുണ്ടകളുടെയും സപ്പോര്‍ട്ടോടെ എന്തും ചെയ്യാന്‍ ലൈസന്‍സ്‌ കിട്ടിയിട്ടുള്ള ആളാണ്‌ വില്ലന്‍.

പിന്നീടങ്ങോട്ട്‌ സംഭവബഹുലവും രോമാഞ്ചഭരിതവുമായ രംഗങ്ങളാണ്‌. നായകന്‍ കുറേ ദൂരെയുള്ള ഒരു പ്രേതഭവനത്തില്‍ പോയി താമസിക്കുന്നു. വില്ലന്റെ അന്വേഷണം, പ്രേതഭവനത്തിലെ സംഭവങ്ങള്‍, മറ്റൊരിടത്ത്‌ പൂജ, ഒരിടത്ത്‌ പരിഹാരകര്‍മ്മങ്ങള്‍, നായികയില്‍ പ്രേതാത്മാവിന്റെ പ്രവേശനം, ഹോമം, നൃത്തം, ഉറഞ്ഞാടല്‍, തന്ത്രങ്ങള്‍, ടെക്നിക്കുകള്‍, ഇന്റര്‍ നെറ്റില്‍ മുത്തച്ഛന്‍ ആ പ്രേതഭവനത്തെക്കുറിച്ച്‌ കണ്ടെത്തിയ കാര്യങ്ങള്‍, പ്രേതാത്മാവിന്‌ പ്രതികാരത്തിന്‌ അവസരം കൊടുത്ത്‌ കുടിയൊഴിപ്പിക്കല്‍ (ഭാഗ്യത്തിന്‌ വില്ലന്‍ തന്നെയാണ്‌ പ്രേതാത്മാവിന്‌ വേണ്ട ആള്‍) ഇതെല്ലാം ചേര്‍ത്ത്‌ സംഗതി പര്യവസാനിക്കുമ്പോള്‍ ആരെങ്കിലും ബോധത്തോടെ കണ്ടിരിക്കുന്നുണ്ടെങ്കില്‍ മസ്തിഷ്കാഘാതം പിടിപെടും.

ഈ ചിത്രത്തിലെ ചില ഗാനങ്ങള്‍ കേള്‍ക്കാന്‍ സുഖമുള്ളവയായിരുന്നു. നയകനായി അഭിനയിച്ച പയ്യന്റെ അഭിനയം തുടക്കക്കാരന്‍ എന്ന് പരിഗണിക്കുമ്പോള്‍ വളരെ നന്നായിരുന്നു. നായികയുടെ അഭിനയം അത്ര മോശവുമായില്ല. ബാക്കി എല്ലാവരുടേയും അഭിനയം നല്ല ബോറായിരുന്നു. സ്ഥിരം കണ്ട്‌ മടുത്ത വേഷങ്ങളിലെത്തിയ നെടുമുടിവേണു, ഇന്നസെന്റ്‌ എന്നിവര്‍ പോലും പ്രേക്ഷകരെ വല്ലാതെ ബോറടിപ്പിച്ചു. കുട്ടികള്‍ പാട്ടുമായെത്തിയാല്‍ ഉടനെ കുലുക്കി കുലുക്കി ഡാന്‍സ്‌ കളിച്ചുകൊണ്ട്‌ നടക്കുന്ന വീട്ടിലെ ആന്റിമാരും ഉഗ്രന്‍.

സംഘട്ടനങ്ങള്‍ വളരെ ദയനീയമായിരുന്നു.

പ്രധാനമായി എടുത്ത്‌ പറയാവുന്ന ഒരു പ്രത്യകത ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുമ്പോള്‍ ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ അരികില്‍ വച്ചിരുന്നിട്ടുണ്ടാകണം എന്നാണ്‌. കാരണം, പല ഡയലോഗുകളും കാര്യമായ മാറ്റങ്ങളൊന്നും കൂടാതെ ഇവിടെയും ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്‌ എന്നത്‌ തന്നെ.

ചില സാമ്പിളുകള്‍

"ഇന്ന് രാത്രിയോടെ അവള്‍ ശ്യാമയല്ലാതാകും."

"ആ മാനസികാവസ്ഥയില്‍ എത്തിയാല്‍ പിന്നെ അവളെ നമുക്ക്‌ നഷ്ടപ്പെടും. ഒന്നുകില്‍ അവള്‍ ആത്മഹത്യ ചെയ്യും... "

ഹോമം, ആവാഹിക്കല്‍, മനശ്ശാസ്ത്രവും പൂജയും ചേര്‍ന്നുള്ള സംഗതികള്‍ , പക തീര്‍ക്കല്‍, കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്‌. പലഘട്ടങ്ങളിലും മണിച്ചിത്രത്താഴിലെ ഡയലോഗ്‌ വരെ നമ്മള്‍ പ്രതീക്ഷിക്കും "എന്നെ വിടമാട്ടേന്‍....", "ഗംഗേ....." തുടങ്ങിയ ഡയലോഗുകള്‍ ഒരുവട്ടമെങ്കിലും മനസ്സില്‍ വരാതിരിക്കണമെങ്കില്‍ മണിച്ചിത്രത്താഴ്‌ നമ്മള്‍ കാണാതിരിക്കണം.

കോമഡി എന്ന ഒരു സംഗതി ഈ സിനിമയിലില്ല. അതിനുള്ള ശ്രമങ്ങളെല്ലാം വെറും ട്രാജഡി മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ പ്രേക്ഷകരോട്‌ അല്‍പം പോലും മര്യാദയില്ലാതെ, പ്രേക്ഷകന്റെ സാമാന്യബുദ്ധിയേയും വിവേചനബുദ്ധിയേയും തമസ്കരിച്ച്‌, പരമാവധി വെറുപ്പിച്ച്‌ തീയ്യറ്ററില്‍ നിന്ന് ഇറക്കിവിടുന്ന ഒരു നാലാം കിട സിനിമ മാത്രമാകുന്നു 'ലിവിംഗ്‌ ടുഗെതര്‍'.

"ഇനി മേലില്‍ എന്നെ സിനിമ കാണാനേ വിളിക്കരുത്‌" എന്ന് ഭാര്യ രോഷത്തോടെ പറഞ്ഞതിന്റെ ഒരു ചെറിയ ഭവിഷ്യത്ത്‌ എന്തെന്നാല്‍ ഇനിമുതല്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ക്കടക്കം ഒരു ടിക്കറ്റ്‌ നഷ്ടപ്പെടുന്നു എന്നതാണ്‌. ഇങ്ങനെ നിരവധി പ്രേക്ഷകരെ തീരുമാനമെടുപ്പിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കായാല്‍ മലയാളം സിനിമയുടെ ഭാവി വളരെ ശോഭനമായിരിക്കും.

Rating: 2 / 10 (* ഫാസിലിന്റെ പഴയ നല്ല സിനിമകളോടുള്ള ബഹുമാനം കൊണ്ട്‌ നല്‍കുന്ന റേറ്റിംഗ്‌ ആണിത്‌)