Showing posts with label ജോഷി. Show all posts
Showing posts with label ജോഷി. Show all posts

Friday, February 01, 2013

ലോക്‌ പാല്‍ (Lokpal)


കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
സംവിധാനം: ജോഷി

 ഒരുപാട്‌ വായനക്കാരുള്ള ലോക്‌ പാല്‍ എന്ന ഒരു സൈറ്റുണ്ട്‌. അതിണ്റ്റെ ഉടമസ്ഥനെ ആര്‍ക്കും അറിയില്ല. ആ സൈറ്റില്‍ വരുന്ന കാര്യങ്ങള്‍ പുതു തലമുറയുള്‍പ്പെടെയുള്ളവര്‍ക്ക്‌ വളരെ താല്‍പര്യമുള്ളതും അവരുടെയൊക്കെ പിന്തുണയുള്ളതുമാണ്‌.

എന്തൊക്കെയാണ്‌ ഈ സൈറ്റില്‍ പറയുന്നതെന്ന് പ്രേക്ഷകര്‍ക്കും നിശ്ചയമില്ല. അതില്‍ ഒരുപാട്‌ പേര്‍ കമണ്റ്റ്‌ ഇടുന്നുണ്ട്‌. ഒരു മ്യൂസിക്‌ ബാന്‍ഡ്‌ അവരുടെ പാട്ടുകളുടെ വീഡിയോ ഇടയ്ക്കിടെ ഡെഡിക്കേറ്റ്‌ ചെയ്ത്‌ ഇടാറുണ്ട്‌. അങ്ങനെ അനാവശ്യത്തിന്‌ വേണ്ടപ്പോള്‍ ആ മ്യൂസിക്‌ ബാന്‍ഡിണ്റ്റെ പാട്ട്‌ പ്രേക്ഷകരെ കാണിക്കാനുള്ള അവസരം സംവിധായകന്‌ ലഭിക്കുന്നു.

കള്ളപ്പണക്കാരുടേയും അഴിമതിക്കാരുടേയും കള്ളപ്പണം മോഷ്ടിക്കലാണ്‌ ലോക്‌ പാല്‍ എന്ന പേരില്‍ 'നന്ദഗോപാല്‍' (മോഹന്‍ ലാല്‍) ചെയ്തുകൊണ്ടിരിക്കുന്ന പുണ്യകര്‍മ്മം. ആ പണമെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ചെന്ന് ചേരും എന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നുണ്ട്‌. എപ്പോള്‍ എങ്ങനെ എന്നൊന്നും നമ്മള്‍ ആലോചിച്ച്‌ മെനക്കെടരുത്‌.

ഈ ലോക്‌ പാല്‍ ആരാണെന്ന് കണ്ടുപിടിക്കാന്‍ ഒരു ചാനലിണ്റ്റെ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടി ശ്രമിക്കുന്നുണ്ട്‌. 'സത്യാന്വേക്ഷി' എന്ന ഒരു അഴിമതിവിരുദ്ധ പത്രം പണ്ട്‌ നടത്തിയിരുന്ന ടി. ജി. രവിയുടെ കഥാപാത്രത്തിന്‌ വയസ്സാന്‍ കാലത്ത്‌ ആകെ ഒരു കൂട്ട്‌ ഈ റിപ്പോര്‍ട്ടര്‍ ആയ പെണ്‍കുട്ടിയാണ്‌.

ഒരു അഴിമതി വിരുദ്ധ സെമിനാരിനായി സത്യാന്വേക്ഷി ചെന്ന് കയറുമ്പോള്‍ മിസ്റ്റര്‍ നന്ദഗോപാല്‍ യുവജനങ്ങളേ അഴിമതിക്കെതിരെ ഡയലോഗുകള്‍ നിരത്തി ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്‌. അസാമാന്യ ക്ഷമയും മനസ്സാന്നിദ്ധ്യവുമുണ്ടെങ്കില്‍ ആ പ്രഭാഷണം കുറച്ചുനേരം സഹിക്കാം. അത്‌ കഴിഞ്ഞാല്‍ ചെവി പൊത്തി കണ്ണടച്ച്‌ ഇരുന്നുപോകും. ഇത്‌ കണ്ടുകൊണ്ട്‌ വരുന്ന സത്യാന്വേഷി വേണുഗോപാലില്‍ ആകൃഷ്ടനാകുന്നു.

അവര്‍ തമ്മില്‍ വേറെ ഒരു കൂടിക്കാഴ്‌ ച നടത്തുമ്പോള്‍ വേണുഗോപാല്‍ തണ്റ്റെ പൂര്‍വ്വകാലത്തെ അനുസ്മരിക്കുന്നു.
ഫ്ലാഷ്‌ ബാക്ക്‌... ചെറുപ്പത്തില്‍ അച്ഛന്‍ എന്തോ വലിയ ഒാപ്പറേഷന്‍ നടത്തേണ്ട അവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാശില്ലാതെ അമ്മ കയ്യിലുള്ളതെല്ലാം വാരി ഡോക്ടറുടെ മുന്നില്‍ വെയ്ക്കുന്നു (വര്‍ഷം 1950 നു മുന്‍പാണോ എന്നറിയില്ല). ഡോക്ടര്‍ തൃപ്തനാകാതെ കാമത്തോടെ അമ്മയെ സമീപിക്കുമ്പോള്‍ അമ്മ പുറത്തേയ്ക്കോടുന്നു. ഇത്‌ കണ്ട മകന്‍ ഡോക്ടരെ കമ്പിപ്പാരകൊണ്ട്‌ ആക്രമിക്കുന്നു. ദുര്‍ഗുണപരിഹാര പാഠശാലയില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്നു.
പക്ഷേ, അവിടെ നിന്ന് ഇറങ്ങുന്നത്‌ കള്ളനായിട്ടാണത്രേ.

വളരെ രസകരമായ പുതുമയുള്ള ഒരുപാട്‌ ഡയലോഗുകളില്‍ ഒന്ന് ഇവിടെ കാണാം. 'അതിന്‌ ദുര്‍ഗുണപരിഹാരപാഠശാല എന്നല്ല പേരിടേണ്ടത്‌.. ദുര്‍ഗുണ നിര്‍മ്മാണ പാഠശാല' എന്നാണ്‌.

പാവം മോഹന്‍ ലാലിനെക്കൊണ്ട്‌ ഇത്തരം പല പുതുമയുള്ള ഡയലോഗുകളും പറയിപ്പിക്കാനായതില്‍ സംവിധായകനും തിരക്കഥകൃത്തിനും അഭിമാനിക്കാം.

അതുപോലെ പുതുമയുള്ള ഒരു ഡയലോഗുകൂടി ഇവിടെ കുറിക്കുന്നു. 'മെഡിക്കല്‍ കോളേജ്‌ അല്ല.. മേഡിക്കല്‍ കോളേജ്‌ എന്നാണ്‌ വിളിക്കേണ്ടത്‌' (പൊരിഞ്ഞ കയ്യടി പ്രതീക്ഷിക്കാം)

ഇതെല്ലാം കേട്ട്‌ സത്യാന്വേക്ഷിയുടെ ഒരു ചോദ്യം .. 'Are you a social activist?' (ഇത്‌ കേട്ട്‌ തീയ്യറ്ററില്‍ കൂട്ടച്ചിരി മുഴങ്ങുന്നു.)
വീണ്ടും സത്യാന്വേക്ഷിയുടെ ഒരു ചോദ്യം.. 'ഞാന്‍ ലോക്‌ പാലിനോടാണോ സംസാരിക്കുന്നത്‌?'
ഇത്‌ കേട്ട്‌ നന്ദഗോപാല്‍ അല്‍പം നാണത്തോടെ 'യെസ്‌' (രോമാഞ്ചം.. രോമാഞ്ചം.. )

ഇനി തുടര്‍ന്ന് പല പല അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കൃത്യമായി അവരുടെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം ലോക്‌ പാല്‍ ഫോണില്‍ വിളിക്കും. മുന്നറിയിപ്പ്‌ കൊടുത്തിട്ട്‌ ഭയങ്കര ബുദ്ധിപൂര്‍വ്വം മോഷ്ടിക്കും. കള്ളപ്പണമായതിനാല്‍ പാവങ്ങള്‍ക്ക്‌ കേസ്‌ കൊടുക്കാനോ പിടിക്കാനോ പറ്റില്ലത്രേ. അതും എസ്‌.പി., മന്ത്രി തുടങ്ങിയ ചെറുകിടക്കാരാണേ എല്ലാം..

ഇങ്ങനെ സംഗതികള്‍ രസകരമായി പുരോഗമിക്കുമ്പോള്‍ കാവ്യാമാധവന്‍ വരും. ഒരു ദുഖപുത്രിയുടെ മുഖഭാവത്തില്‍ വന്ന് ജീവനില്ലാതെ എന്തൊക്കെയോ പുലമ്പും.
അതിലെ ഒരു പുലമ്പലിണ്റ്റെ സാമ്പിള്‍.. 'പുതിയ കൂട്ടുകാരിയെ കിട്ടിയതുകൊണ്ടാണോ എന്നെ വേണ്ടാന്നു വെച്ചത്‌? നിങ്ങളോടുള്ള വൈരാഗ്യം കൊണ്ടാണ്‌ ഞാന്‍ കല്ല്യാണം കഴിച്ചത്‌. A kind of self destruction' (തീയ്യറ്ററില്‍ വീണ്ടും കൂട്ടച്ചിരി)

ലോക്‌ പാല്‍ സംഗതി രഹസ്യമാണെങ്കിലും കുറേ പേര്‍ക്കെല്ലാം പരസ്യവുമാണ്‌.

ഈ കള്ളപ്പണം, മോഷണം എന്ന പരമ്പര ആവര്‍ത്തിക്കപ്പെട്ട്‌ ഒടുവില്‍ കോടതിയില്‍ എത്തി എന്തൊക്കെയോ നാടകം കളിച്ച്‌ സംഗതി അവസാനിപ്പിക്കുന്നു. അപ്പോഴും ലോക്‌ പാല്‍ നന്ദഗോപാല്‍ ആണോ എന്ന് തെളിയിക്കപ്പെടാതെ അവശേഷിക്കുന്നു.

ഹൃദയഭേദകമായ സീനുകളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എണ്ട്രന്‍സ്‌ പരീക്ഷയ്ക്ക്‌ റാങ്ക്‌ ലിസ്റ്റില്‍ തന്നെക്കാല്‍ പഠിപ്പ്‌ കുറഞ്ഞവര്‍ക്ക്‌ ഉയര്‍ന്ന് റാങ്ക്‌ ലഭിച്ചതിണ്റ്റെ പേരില്‍ ഒരു പയ്യന്‍ ആത്മഹത്യ ചെയ്യുന്നു. അതും താന്‍ പഠിച്ച പുസ്തകങ്ങളെല്ലാം കൂട്ടിയിട്ട്‌ അതിണ്റ്റെ മുകളില്‍ കയറിനിന്ന് കെട്ടിത്തൂങ്ങിയാണ്‌ ആത്മഹത്യ. ഭീകരമായിപ്പോയി!

ഈ സിനിമയില്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌. 'എന്നെ ആക്കിയതാണ്‌' എന്ന ഡയലോഗ്‌.

നന്ദഗോപാല്‍ ഒരിക്കല്‍ പറയുന്നു.. 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
കാവ്യാമാധവന്‍ പറയുന്നു 'എന്നെ ഇങ്ങനെ ആക്കിയതാണ്‌'.
ഒടുവില്‍ പ്രേക്ഷകര്‍ പറയുന്നു "ഞങ്ങളെ 'ആക്കി'യതാണ്‌"

പക്ഷേ, ടെക്നോളജിയും ബുദ്ധിയും തനിക്ക്‌ ഒരുപാടുണ്ടെന്ന് എസ്‌. എന്‍. സ്വാമി ഈ ചിത്രത്തിലൂടെ തെളിയിക്കുന്നുണ്ട്‌. ജോഷിയും മോഹന്‍ ലാലും കൂടി ആ കൂട്ടത്തില്‍ കൂടിയതിനാല്‍ സംഗതി കെങ്കേമം.. 

മുദ്രപത്രത്തില്‍ പതിച്ച വിരലടയാളത്തെ ഫോട്ടോയെടുത്ത്‌ അതിണ്റ്റെ സ്റ്റിക്കര്‍ എന്തോ ഉണ്ടാക്കി അതുപയോഗിച്ച്‌ ഒരു ലോക്കര്‍ തുറക്കുന്ന ടെക്‌ നോളജി കണ്ട്‌ എല്ലാവരും അന്തം വിട്ടുപോകും.

അതുപോലെ തലയില്‍ വിഗ്ഗും വെച്ച്‌, താടിയും ഫിറ്റ്‌ ചെയ്ത്‌ നടന്നാല്‍ പെറ്റമ്മ പോലും തിരിച്ചറിയില്ല. ഭയങ്കര ബുദ്ധി തന്നെ.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സൌണ്ട്‌ റെക്കോറ്‍ഡിങ്ങും വീഡിയോ റെക്കൊര്‍ഡിങ്ങും നടത്തിയുള്ള പല നൂതനമായ സംഗതികളും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

സായികുമാര്‍ അവതരിപ്പിച്ച കള്ളപ്പണക്കാരന്‍ തൃശ്ശൂര്‍ ഭാഷ സംസാരിച്ച്‌ മുഴുവന്‍ സമയം പ്രേക്ഷകരെ വെറുപ്പിച്ച്‌ സന്തോഷിപ്പിക്കും.

ഷമ്മി തിലകന്‍ 'തിരോന്തോരം' ഭാഷ സംസാരിച്ച്‌ ആക്രമിക്കുമെങ്കിലും വലിയ പരിക്കേല്‍ക്കില്ല.

കാവ്യാമാധവന്‍ എന്ന നടിയോട്‌ പ്രേക്ഷകര്‍ക്ക്‌ എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം ഒറ്റയടിക്ക്‌ വെറുപ്പായി രൂപാന്തരപ്പെടുത്താന്‍ കെല്‍പുള്ള ഉഗ്രന്‍ കഥാപാത്രവും അതിനൊത്ത അഭിനയവും ഡബ്ബിങ്ങും. ഭാഗ്യവതി!

പലപ്പോഴും 'സിനിമ കഴിഞ്ഞു' എന്ന് സമാധാനിക്കുമ്പോഴും സംഗതി അവസാനിക്കില്ല.
ഒടുവില്‍ അവസാനിക്കുമ്പോള്‍ ആളുകള്‍ നിര്‍ത്താതെ കയ്യടിക്കും... എന്തൊരു ആശ്വാസം.....

Rating : 2 / 10

Tuesday, March 22, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ്‌ (Christian Brothers)



കഥ, തിരക്കഥ, സംഭാഷണം: ഉദയകൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: ജോഷി
നിര്‍മ്മാണം: എ.വി. അനൂപ്‌, മഹാ സുബൈര്‍


ഒരു തമ്പികുടുംബത്തിലൂടെ ഈ ചിത്രം തുടങ്ങുന്നു. അച്ഛന്‍ തമ്പിയും (വിജയരാഘവന്‍) മക്കള്‍ തമ്പിമാരും (3 പേര്‍, അതില്‍ ഒരാള്‍ ഐ.പി.എസ്‌. ബിജുമേനോന്‍) ഏക്കറുകണക്കിന്‌ സ്ഥലം കൈവശം വച്ചിരുന്നത്‌ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. അതിനുള്ള ശ്രമത്തിലൂടെ കഥയെ കൊണ്ട്‌ കെട്ടുന്നത്‌ അച്ഛന്‍ മാപ്പിളയും (ക്യാപ്റ്റന്‍ വര്‍ഗീസ്‌ മാപ്പിള - സായ്‌ കുമാര്‍) രണ്ട്‌ മക്കള്‍ മാപ്പിളകളും (മോഹന്‍ ലാല്‍, ദിലീപ്‌) രണ്ട്‌ പെണ്‍ മക്കളുമുള്ള കുടുംബത്തിന്റെ അതിര്‍ത്തിയിലേയ്ക്ക്‌. അതായത്‌, ഈ സ്ഥലം രജിസ്റ്റര്‍ ചെയ്യിക്കാനുള്ള സ്വാധീനശ്രമങ്ങള്‍ ചെന്നെത്തുന്നത്‌ വില്ലേജ്‌ ഓഫീസറായ അച്ഛന്‍ മാപ്പിളയുടെ അനിയന്റെ (ജഗതി ശ്രീകുമാര്‍) അടുത്താണ്‌. നീതിമാനായ അദ്ദേഹം അത്‌ പള്ളിവക സ്ഥലമാണെന്ന് പഴയ പട്ടയങ്ങള്‍ പരിശോധിച്ച്‌ കണ്ടെത്തി അത്‌ ചേട്ടന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഏല്‍പിച്ച്‌ പോകുന്ന വഴിക്ക്‌ തമ്പികുടുംബത്തിന്റെ കയ്യില്‍ അകപ്പെടുന്നു. ബാക്കിയീല്ലാം പിന്നെ ഊഹിക്കാമല്ലോ..

ഈ മാപ്പിള കുടുംബത്തിലെ മൂത്തമകന്‍ ക്രിസ്റ്റി (മോഹന്‍ലാല്‍) ഇപ്പോള്‍ മുംബെ അധോലോകവുമായി ബന്ധപ്പെട്ട്‌ എന്തൊക്കെയോ വലിയ സംഭവമാണത്രേ. പോലീസിന്റെ ഇന്‍ഫൊര്‍മര്‍, മീഡിയേറ്റര്‍, കേന്ദ്രത്തിലും അതിന്റെ മുകളിലും വരെ പിടിപാടുള്ള വലിയ സംഭവം എന്നൊക്കെ പറയുന്നുണ്ടെന്നത്‌ വച്ച്‌ എന്താണെന്ന് മനസ്സിലാക്കിക്കൊള്ളണം.

ഇളയ മകന്‍ ജോജി (ദിലീപ്‌) അച്ചന്‍ പട്ടത്തിനായി ഇറ്റലിയില്‍ പഠിക്കാന്‍ പോയിട്ട്‌ ഇപ്പോള്‍ പട്ടം ഊരി വച്ച്‌ ഏതോ പെണ്ണിന്റെ പിന്നാലെ കൂടിയിട്ടുണ്ടത്രേ. പാവം, ഇറ്റലിയില്‍ പോകേണ്ടിവന്നു കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെ മകളില്‍ (മീനാക്ഷി - കാവ്യാമാധവന്‍) അനുരക്തനാവാന്‍... അതും ഒരൊറ്റ പാട്ടുകൊണ്ട്‌ പെണ്‍കുട്ടി ക്ലീന്‍ ആയി കയ്യിലായി, അതും ഇന്റര്‍കാസ്റ്റ്‌... (നാട്ടില്‍ ഇല്ലാത്ത ഏത്‌ വിചിത്രമായ കോഴ്സ്‌ പഠിക്കാനാണ്‌ ഈ പെണ്‍കുട്ടി ഇറ്റലിയില്‍ പോയതെന്ന് ആലോചിച്ച്‌ വിഷമിക്കേണ്ട... അത്‌ പറയില്ല). അവിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ്‌ നാട്ടില്‍ അറിയിച്ച്‌ അച്ഛന്‌ സുഖമില്ലെന്ന് പറഞ്ഞ്‌ പെണ്‍കുട്ടിയെ നാട്ടിലെത്തിക്കുന്നു. ജോജിയെ ഇറ്റലിയിലിട്ട്‌ നാലഞ്ച്‌ ഇറ്റലിക്കാരെക്കൊണ്ട്‌ തല്ലിച്ച്‌ പാസ്പോര്‍ട്ട്‌ കത്തിച്ചുകളയുന്നു. പെണ്‍കുട്ടി കൊച്ചിയില്‍ വിമാനമിറങ്ങി വീട്ടില്‍ പോകുന്ന വഴി തട്ടിക്കൊണ്ട്‌ പോകപ്പെടുന്നു. തട്ടിക്കൊണ്ട്‌ പോയവര്‍ ഒരു കോടി രൂപ ആവശ്യപ്പെടുന്നു. (എന്റെ ഈശ്വരാ..... ഈ തട്ടിക്കൊണ്ട്‌ പോയി കാശ്‌ ചോദിക്കുന്ന സമ്പ്രദായം നിര്‍ത്താറായില്ലേ? എന്ന് തോന്നുന്നുണ്ടല്ലേ... പ്രേക്ഷകന്‌ അങ്ങനെ പലതും തോന്നും... ഒരു കഥയുണ്ടാക്കി സിനിമയാക്കുന്നതിന്റെ ബുദ്ധിമുട്ട്‌ അത്‌ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ അറിയൂ). സത്യസന്ധനായ ആഭ്യന്തരമന്ത്രി (ദേവന്‍) കാശില്ലാതെ വിഷമിക്കുമ്പോള്‍ തമ്പി കുടുംബം കാശ്‌ കൊടുക്കുന്നു (അതും മൂന്ന് കോടി... ഒരു കോടി തട്ടിക്കൊണ്ട്‌ പോയവര്‍ക്ക്‌ കൊടുക്കാന്‍, ബാക്കി ടിപ്സ്‌)., പോലീസിനെ ഇടപെടീച്ചാല്‍ പ്രശ്നമാണെന്ന് ഹോം സെക്രട്ടറി ഉപദേശിച്ച്‌ അദ്ദേഹം പണ്ട്‌ ഡെല്‍ ഹിയില്‍ ആയിരുന്നപ്പോള്‍ ഉപയോഗപ്പെട്ടിട്ടുള്ള ക്രിസ്റ്റ്യുടെ സേവനം ആവശ്യപ്പെടാന്‍ തീരുമാനിക്കുന്നു. ക്രിസ്റ്റി എന്നത്‌ വെറും പേര്‌.... മുംബെയില്‍ അദ്ദേഹം അറിയപ്പെടുന്നത്‌ 'ശേര്‍ സണ്‍'.... മനസ്സിലാവാത്തവര്‍ക്കായി പറയുന്ന ആള്‍ തന്നെ സിനിമയില്‍ അത്‌ വിശദീകരിച്ച്‌ പറയുന്നുണ്ട്‌... 'ശേര്‍' എന്നാല്‍ ഹിന്ദിയില്‍ 'സിംഹം' എന്നര്‍ത്ഥം... 'സണ്‍' എന്നത്‌ ഇംഗ്ലീഷ്‌... 'പുത്രന്‍', 'മകന്‍' എന്നൊക്കെ അര്‍ത്ഥം വരും. അതായത്‌ 'സിംഹക്കുട്ടി' എന്ന്‌. ഇത്‌ പറഞ്ഞു കഴിഞ്ഞതും സിംഹക്കുട്ടിയെ ആകെ വെടിയുടേയും പുകയുടേയും ഇടയില്‍ നിന്ന് രണ്ട്‌ കയ്യിലും തോക്കുകൊണ്ട്‌ വെടിവച്ചുകൊണ്ട്‌ പറന്നുവരുന്നതായി കാണിക്കുന്നുണ്ട്‌. കാര്‍ട്ടൂണ്‍ കാണുന്ന പോലെ തോന്നിയാല്‍ നിങ്ങളുടെ കണ്ണിന്റെ പ്രശ്നം.

ഈ സിംഹക്കുട്ടി (ക്രിസ്റ്റി) യോട്‌ നാട്ടില്‍ വരരുതെന്ന് അച്ഛന്‍ മാപ്പിള പണ്ട്‌ പറഞ്ഞിട്ടുണ്ട്‌. ബാങ്ക്‌ ജോലിക്കാരനായ ക്രിസ്റ്റി സ്ഥലം മാറി മുംബെയില്‍ പോയിട്ട്‌ അവിടെ വച്ച്‌ ജയിലിലായി. അളിയന്‍ (സുരേഷ്‌ കൃഷ്ണ) ചെയ്ത കുറ്റങ്ങള്‍ തലയില്‍ കെട്ടിവെക്കപ്പെട്ട്‌ ശിക്ഷ അനുഭവിക്കുകയും നാട്ടില്‍ എത്തുമ്പോള്‍ സ്വന്തം മകനെക്കാള്‍ കൂടുതല്‍ മരുകമനെ (സുരേഷ്‌ കൃഷ്ണ) വിശ്വസിക്കുന്ന പിതാവിനാല്‍ ശാപവചനങ്ങള്‍ പേറി തിരിച്ച്‌ മുംബെയില്‍ എത്തുകയും അങ്ങനെ സിംഹക്കുട്ടി ആയിത്തീരുകയും ചെയ്തതാണത്രേ.

ആഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍ എത്തുന്ന ക്രിസ്റ്റിയെ തളയ്ക്കാന്‍ പോലീസ്‌ നിയോഗിക്കുന്ന ജോസഫ്‌ വടക്കന്‍ ഐ.പി.എസ്‌. (സുരേഷ്‌ ഗോപി) ഒരു ഗുണ്ടയായി രംഗപ്രവേശം ചെയ്യുന്നു.

അങ്ങനെ സംഗതികള്‍ പുരോഗമിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ ക്രിസ്റ്റിയെതേടി അധോലോകത്തുനിന്ന് ആന്‍ഡ്രൂസ്‌ (ശരത്‌ കുമാര്‍) എത്തുന്നു.

ഇനിയെല്ലാം നിങ്ങള്‍ക്കൂഹിക്കാം.. ആഭ്യന്തരമന്ത്രിയുടെ മകളെ തമ്പിയുടെ മകന്‍ ഐ.പി.എസിന്‌ ആലോചിക്കുന്നതിന്‌ വിരോധം ഉണ്ടോ? അച്ചന്‍ പട്ടത്തിനുപോയ ജോജി നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ എന്തു സംഭവിക്കും? ജോസഫ്‌ വടക്കന്‍ വര്‍ഗീസ്‌ മാപ്പിളയുടെ മകളെ കെട്ടിയാല്‍ എങ്ങനെയുണ്ടാകും? അപ്പോള്‍ ഉള്ളവരെല്ലാം ബന്ധുക്കളാവില്ലേ? ആന്‍ഡ്രൂസിനെക്കൂടി എങ്ങനെ ഈ കൂട്ടത്തില്‍ ചേര്‍ക്കാം?

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ എല്ലാവരേയും നിരത്തി നിര്‍ത്തി 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്നെഴുതിക്കാണിച്ചപ്പോഴാണ്‌ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. ശരിയാണ്‌... ക്രിസ്ത്യന്‍ ബ്രദേഴ്സ്‌...

'നിങ്ങള്‍ക്കൊന്നും സ്നേഹത്തിന്റെ വിലയറിയില്ല' എന്ന് മീനാക്ഷി കരഞ്ഞുകൊണ്ട്‌ മൊഴിയുമ്പോള്‍ ക്രിസ്റ്റിയുടെ ഓര്‍മ്മകളിലേക്ക്‌ 'സയ്യാരേ....' എന്ന ഗാനവുമായി ലക്ഷ്മിറായ്‌ എത്തുകയും കുറേനേരം സാരിയുടുത്തും അല്ലാതെയും വെയിലിലും മഴയിലും ശരീരഭാഗങ്ങള്‍ ഇളക്കിയാട്ടി നൃത്താവിഷ്കാരത്തിലൂടെ ആ ഗാനത്തെ ധന്യമാക്കുന്നു. ക്രിസ്റ്റിയുടെ സഹോദരിയുടെ (ലക്ഷ്മി ഗോപാലസ്വാമി) വിവാഹത്തിനും ഗാനരംഗത്തില്‍ ലക്ഷ്മിറായ്‌ ഇടപെടുകയും സാരിയുടുത്തുള്ള തന്റെ ലാവണ്യം ഇളക്കിപ്രദര്‍ശിപ്പിക്കുന്നുമുണ്ട്‌. പിന്നീട്‌ ക്രിസ്റ്റി ജയിലിലായപ്പോള്‍ താന്‍ സ്നേഹിച്ചിരുന്ന ക്രിസ്റ്റിയേക്കാള്‍ തനിക്ക്‌ വിശ്വാസം ക്രിസ്റ്റിയുടെ അളിയന്‍ പറയുന്നതാണെന്ന് പറഞ്ഞ്‌ വീട്ടുകാരുടെ താല്‍പര്യത്തിനായി വേറെ വിവാഹം കഴിച്ച്‌ സ്ഥലം വിട്ടുവത്രേ... പാവം.. (എത്ര ദിവ്യമായ പ്രേമം!)

രണ്ട്‌ ഗാനങ്ങള്‍ കേള്‍ക്കാനും കുറച്ച്‌ കാണാനും രസമുള്ളതായിരുന്നു. മൂന്നാമത്തെ ഗാനം അനവസരത്തില്‍ കുത്തിക്കയറ്റി പ്രേക്ഷകന്റെ മനോനിലയെ വഷളാക്കാന്‍ ചേര്‍ത്തതാണെന്ന് തെറ്റിദ്ധരിക്കരുത്‌. കാരണം, വെടിക്കെട്ടിന്നിടയ്ക്ക്‌ ഒരു ചെറിയ ഇടവേളവേണമല്ലോ... അതിനുവേണ്ടി മാത്രം.. ഒരു വിശ്രമം...

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കുറച്ച്‌ സീനുകളിലേ കാണിക്കുന്നുള്ളൂ എങ്കിലും ഒന്നൊഴിയാതെ എല്ലാ സെക്കന്റിലും പരമാവധി ബോറാക്കി വെറുപ്പിക്കാന്‍ നന്നായി സാധിച്ചിരിക്കുന്നു.

ദിലീപിന്റെ വില്ലത്തരത്തില്‍ നിഷ്കളങ്കത കലര്‍ത്തിയ കോമഡി ആവര്‍ത്തനമായി ഈ സിനിമയിലും കാണാം. എങ്കിലും, ചില രംഗങ്ങള്‍ രസകരമായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ ഹീറോയിസം പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുന്നുവെങ്കിലും വേഷങ്ങളിലും ചില അഭിനയരംഗങ്ങളിലും എന്തൊക്കെയോ ചേര്‍ച്ചക്കുറവ്‌ പ്രകടമായിരുന്നു. പക്ഷേ, ചില സീനുകളില്‍ മോഹന്‍ലാലിന്റെ ആദ്യകാല കോമഡി രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ആസ്വാദ്യകരമായ ചില മുഹൂര്‍ത്തങ്ങളും ഡയലോഗുകളും സുഖം തരുന്നു.

സുരേഷ്‌ ഗോപി പച്ചവെള്ളം പോലെ നിറവും രുചിയുമില്ലാതെ തുടരുന്നു.

ശരത്‌ കുമാറിന്റെ കഥാപാത്രത്തിലും ഡയലോഗുകളിലും എന്തൊക്കെയോ ന്യൂനതകള്‍ വ്യക്തമാണ്‌.

സായ്‌ കുമാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയത്തില്‍ മികച്ചുനില്‍ക്കുന്നു.

ഈ സിനിമയില്‍ ഒരു പ്രത്യേകത എന്തെന്നാല്‍ തോക്ക്‌ എന്ന സാധനം വെടിവെയ്ക്കാനുള്ളതാണെന്ന് വ്യക്തമായി സ്ഥാപിക്കുന്നു. തോക്ക്‌ കിട്ടിയാല്‍ ഉടനെ വെറുതെയെങ്കിലും വെടിവെക്കുന്നുണ്ട്‌ എല്ലാവരും.

ഇന്ത്യന്‍ കമാന്‍ഡോസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്‌ ജോഷി മാപ്പുപറായേണ്ടി വരുമോ ആവോ? അഞ്ച്‌ ബ്ലാക്‌ ക്യാറ്റ്‌ കമാന്‍ഡോസിനെ ഒരൊറ്റ വെടികൊണ്ട്‌ ജീപ്പടക്കം പെട്ടിത്തെറിപ്പിച്ച്‌ കത്തിച്ചുകളഞ്ഞത്‌ ഭീകരമായിപ്പോയി. ബ്ലാക്ക്‌ ക്യാറ്റ്‌ കമാന്‍ഡോകളുടെ തലവനെ (ബാബു ആന്റണി) പുഷ്പം പോലെ ആന്‍ഡ്രൂസ്‌ കീഴ്‌ പെടുത്തുകയും ചെയ്തു.

ഉദയകൃഷ്ണ, സിബി കെ തോമസ്‌ എന്നിവരെ അഭിനന്ദിക്കേണ്ടതായ ഒരു പ്രധാനകാര്യം എന്തെന്നാല്‍ കഥയില്‍ ലോജിക്കിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക്‌ തുടര്‍ച്ചയായി സ്ഥാപിക്കാന്‍ കഴിയുന്നു എന്നിടത്താണ്‌. അതൊക്കെ ആലോചിക്കാന്‍ ഗ്യാപ്പ്‌ കിട്ടുന്നതിനുമുന്‍പ്‌ കുറേ വെടിയും ,ഇടിയും ഡയലോഗുകളും നിറച്ച്‌ പ്രേക്ഷകനെ കണ്‍ ഫ്യൂഷനടിപ്പിച്ച്‌ ഒതുക്കുന്നതില്‍ കുറേയൊക്കെ വിജയിക്കുന്നുണ്ടെന്നും തോന്നുന്നു. ഈ ചിത്രത്തിലും എണ്ണിയാലൊടുങ്ങാത്തവിധം ലോജിക്കിന്റെ കുറവുകളും മിന്നിമറഞ്ഞുപോകുന്നതും പൂര്‍ത്തിയാവാത്തതുമായ കഥാപാത്രങ്ങളും കാണുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനുമില്ല.

ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയെടുക്കുകയും അത്‌ അവസാനം വരെ കൊണ്ടുപോകുകയും ഒടുവില്‍ തെറ്റിദ്ധാരണമാറുകയും കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയുകയും കുറച്ച്‌ കഴിയുമ്പോഴേയ്ക്ക്‌ തട്ടിപ്പോകുകയും ചെയ്യുന്ന സംഗതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമായിരിക്കും.

ഇത്ര വലിയ താരനിരയും സംഭവങ്ങളും എല്ലാം ഉള്ളപ്പോള്‍ രണ്ട്‌ രണ്ടര സിനിമ എടുക്കുവാന്‍ സാധിക്കുമായിരുന്നിട്ടും ഒന്നര സിനിമയാക്കി ഇത്‌ ഒതുക്കി പ്രക്ഷകര്‍ക്കുണ്ടാവുമായിരുന്ന പീഢനത്തിന്റെ അളവ്‌ ചുരുക്കിയതിന്‌ ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക നന്ദി.

Rating : 3 / 10

Monday, September 28, 2009

റോബിന്‍ ഹുഡ്‌



കഥ, തിരക്കഥ, സംഭാഷണം: സച്ചി, സേതു
സംവിധാനം : ജോഷി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി
അഭിനേതാക്കള്‍: പൃഥ്യിരാജ്‌, നരേന്‍, ബിജു മേനോന്‍, ഭാവന, സംവ്ര്‌ത സുനില്‍

വളരെ ബുദ്ധിമാനായ Hi-Tech കള്ളനായ പൃത്ഥ്യിരാജ്‌ ഒരു പ്രത്യേക ബാങ്കിണ്റ്റെ എ.ടി.എം. കൌണ്ടറുകളില്‍ നിന്ന്‌ മോഷണം നടത്തുകയും അത്‌ അന്വേഷിക്കുവാന്‍ പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ നരേന്‍ എത്തുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ നീതീകരിക്കാവുന്ന എന്തോ ഒരു കാരണം ഈ മോഷണങ്ങള്‍ക്ക്‌ പുറകിലുണ്ടെന്ന നരേണ്റ്റെ തോന്നലും ആ നീതീകരിക്കാവുന്ന കാരണവും ആണ്‌ ഉള്ളടക്കം. വളരെ മികച്ച, ക്രിത്യതയാര്‍ന്ന ഒരു തിരക്കഥയാണ്‌ ഈ സിനിമയുടെ എടുത്ത്‌ പറയാവുന്ന വസ്തുത. ശ്രീ സച്ചിയും സേതുവും ഇത്ര ലോജിക്കലായി ലിങ്ക്‌ ചെയ്ത ഒരു തിരക്കഥയുണ്ടാക്കിയതിന്‌ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരല്‍പ്പം അമാനുഷികതയുടെ ഇടപെടലുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വളരെ ബ്രില്ല്യണ്റ്റ്‌ ആയ സ്ക്രിപ്റ്റ്‌.

സംവിധായകന്‍ തണ്റ്റെ ജോലി അത്ര മോശമായല്ല ചെയ്തത്‌ എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എഡിറ്റിങ്ങും ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഗാനരംഗങ്ങള്‍ മുഷിപ്പിച്ചില്ല, മാത്രമല്ല ഒരു ഗാനരംഗത്തിലെ ഛായാഗ്രഹണം വളരെ മികച്ചതായി തോന്നി.

പൃഥ്യിരാജ്‌ വളരെ സ്റ്റൈലിഷ്‌ ആയി എത്തുന്ന ഈ ചിത്രത്തില്‍ നരേനും തണ്റ്റെ ഭാഗം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.
കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംവ്ര്‌ത സുനിലും ഭാവനയും ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വ്വഹിച്ചു. ജയസൂര്യ തണ്റ്റെ പോലീസ്‌ ഓഫീസര്‍ വേഷത്തില്‍ 'പോസിറ്റീവ്‌' എന്ന ചിത്രത്തിണ്റ്റെ തനിപ്പകര്‍പ്പ്‌ എന്ന്‌ തോന്നിപ്പിച്ചു.

പൊതുവേ, വളരെ ബുദ്ധിപരവും ആസൂത്രികവുമായി ചെയ്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുകയും പ്രേക്ഷകരുടെ അഭിനന്ദനത്തിന്‌ പാത്രമാകുകയും ചെയ്യും എന്ന്‌ തോന്നുന്നു.