Showing posts with label ജിനു എബ്രഹാം. Show all posts
Showing posts with label ജിനു എബ്രഹാം. Show all posts

Monday, February 03, 2014

ലണ്ടന്‍ ബ്രിഡ്ജ്‌ (London Bridge)

കഥ, തിരക്കഥ, സംഭാഷണം: ജിനു എബ്രഹാം
സംവിധാനം : അനില്‍ സി മേനോന്‍

ലണ്ടനില്‍ പൈസ പലിശയ്ക്ക്‌ കൊടുക്കുന്നതടക്കം ചില ബിസിനസ്സുകള്‍ ചെയ്ത്‌ ജീവിക്കുന്ന വിജയ്‌ ദാസ്‌ എന്ന ചെറുപ്പക്കാരന്‍ വന്‍ വ്യവസായിയായ നമ്പ്യാരുമായി ബന്ധപ്പെടാന്‍ ഇടയാകുന്നു. അദ്ദേഹത്തിന്റെ ഏക മകളുമായി ഒരു ബന്ധം സ്ഥാപിക്കേണ്ട അവസ്ഥയില്‍ എത്തിച്ചേരുന്നത്‌ പെണ്‍കുട്ടിയുടെ സൗന്ദര്യത്തേക്കാള്‍ സമ്പത്തിന്‌ പ്രാധാന്യം തോന്നിയതിനാല്‍ തന്നെയാണ്‌. അതിന്നിടയില്‍ ഒരു റോടപകടത്തോടനുബന്ധിച്ച്‌ ഇടപെടേണ്ടിവരുന്ന മെറിന്‍ എന്ന പെണ്‍കുട്ടി വിജയുടെ ജീവിതത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുന്നു.

തുടര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത പിരിമുറുക്കങ്ങളും അതിനെ വിജയ്‌ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ്‌ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

നിറയെ ദൃശ്യസൗന്ദര്യവും നല്ല സംഗീതവും ചേര്‍ന്ന് മികച്ച ഒരു അനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ടെങ്കിലും പ്രണയത്തിന്റെ തീവ്രത ആഴത്തില്‍ പതിഞ്ഞിട്ടില്ലാത്തതിന്റെ ഒരു കുറവ്‌ പ്രകടമാണ്‌.

അനാവശ്യമാണെന്ന് തോന്നിപ്പോകുന്ന ഗാനരംഗം വരെ തുടര്‍ന്ന് ആസ്വദിക്കാവുന്ന തരത്തിലേക്കെത്തിക്കാന്‍ സാധിച്ചിരിക്കുന്നത്‌ ഒരു മികവാണ്‌.

സ്ത്രീകളെയും കുടുംബപ്രേക്ഷകരേയും ഈ ചിത്രം ഇഷ്ടപ്പെടുന്നുണ്ടെന്നാണ്‌ സൂചന.
ഇപ്പോഴത്തെ നല്ലതല്ലാത്ത ഒരു പ്രവണതയായ ട്രെന്‍ഡ്‌ തീരുമാനിക്കുന്ന 'ഇന്റര്‍നെറ്റ്‌ യൂത്ത്‌' ഈ ചിത്രത്തെ കാര്യമായി പ്രോല്‍സാഹിപ്പിച്ചിട്ടില്ല എന്നത്‌ ഈ ചിത്രത്തെ ദോഷകരമായി ബാധിക്കാവുന്ന ഒരു ഘടകമാണ്‌.

പൊതുവേ എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. പൃഥ്യിരാജ്‌, പ്രതാപ്‌ പോത്തന്‍ എന്നിവര്‍ മികച്ച്‌ നിന്നു.

അനില്‍ സി മേനോന്‍ എന്ന സംവിധായകന്റെ ഒരു മികവ്‌ ഈ ചിത്രത്തിലുണ്ടെങ്കിലും ഒരു ത്രികോണപ്രണയത്തിന്റെ തീവ്രത കൊണ്ടുവരുന്നതില്‍ രചയിതാവിന്‌ സംഭവിച്ചിട്ടുള്ള ന്യൂനത ഈ ചിത്രത്തിനെ ഉന്നതനിലവാരത്തില്‍ എത്തിക്കുന്നതിന്‌ തടസ്സമായിട്ടുണ്ടെന്ന് പറയാം.

എന്നിരുന്നാലും, കുടുംബപ്രേക്ഷകര്‍ക്ക്‌ കാര്യമായ മാനസികപീഠകളില്ലാതെ കണ്ണിനും കാതിനും ആനന്ദം പകരുന്ന ഒരു ചലച്ചിത്രാനുഭവം 'ലണ്ടന്‍ ബ്രിഡ്ജ്‌' സമ്മാനിക്കുന്നു.

Rating : 5.5 / 10