Showing posts with label പത്മകുമാർ. Show all posts
Showing posts with label പത്മകുമാർ. Show all posts

Friday, September 10, 2010

ശിക്കാര്‍



‍കഥ, തിരക്കഥ, സംഭാഷണം : എസ്‌.എസ്‌. സുരേഷ്‌ ബാബു
സംവിധാനം: പത്മകുമാര്‍
നിര്‍മ്മാണം: കെ.കെ. രാജഗോപാല്‍
സംഗീതം: എം. ജയചന്ദ്രന്‍

ഈറ്റവെട്ടുഗ്രാമം സീസണ്‍ തുടങ്ങുന്നതോടെ സജീവമാകുന്നു. പതിവുശൈലിയില്‍ ബില്‍ഡ്‌ അപ്‌ എല്ലാം കൊടുത്ത്‌ ബലരാമന്‍ എന്ന്‌ ലോറി ഡ്രൈവറെ അവതരിപ്പിക്കുന്നു. അതായത്‌, ഈറ്റവെട്ടാന്‍ ഇത്തവണ കരാര്‍ എടുത്ത ആളെ എതിര്‍ക്കുന്ന ഗ്യാങ്ങ്‌ പ്രശ്നം സൃഷ്ടിക്കാന്‍ ഏതോ വലിയ ഗുണ്ടയെ ഇറക്കി അങ്ങനെ വിറപ്പിച്ച്‌ നില്‍ക്കുമ്പോള്‍ ബലരാമന്‍ 'ശിക്കാര്‍' ലോറിയുമായി ആ സിറ്റുവേഷനിലേയ്ക്ക്‌ എത്തുന്നു. പതിവുപോലെ കുറച്ച്‌ ഡയലോട്‌ എല്ലാം അടിച്ച്‌ വില്ലനെ പുല്‍ വല്‍ക്കരിച്ച്‌ പ്രശ്നം തീര്‍ത്തതായി പ്രഖ്യാപിച്ച്‌ പോകാന്‍ ഒരുങ്ങുമ്പോള്‍ വില്ലന്‍ ഡയലോഗ്‌ ഇഷ്ടപ്പെടാതെ എതിര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ബലരാമന്‍ തണ്റ്റെ വിശ്വരൂപം പുറത്തെടുക്കുന്നതോടെ പ്രേക്ഷകര്‍ക്ക്‌ ഇദ്ദേഹം ഒരു ലോക്കല്‍ ഹീറോ ആണെന്ന്‌ മനസ്സിലാകുന്നു. പിന്നീടങ്ങോട്ട്‌ ഇയാളുടെ ഭൂതകാലത്തെക്കുറിച്ചുള്ള നിഗൂഢതകളുടെ സൂചനകളും മറ്റുമായി കഥ പുരോഗമിക്കുന്നു.

ഈറ്റവെട്ടിണ്റ്റെ മറവില്‍ വലിയൊരു കഞ്ചാവ്‌ ലോബിയുണ്ടെന്നതും മറ്റും പ്രഖ്യാപിക്കാനായി രണ്ടാമത്‌ ഇറക്കുന്ന 'നേതാവ്‌ ഗുണ്ടയെ' ഒറ്റ അടിയും കുറച്ച്‌ ഡയലോഗുമായി ബലരാമന്‍ ഒതുക്കുന്നതോടെ അദ്ദേഹം സിനിമയില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്നു. വെറുതേ രണ്ട്‌ ഡയലോഗിനുമാത്രമായി ഒരു ഏച്ച്‌ കെട്ട്‌, അത്രയേ ഉള്ളൂ.

എന്തോക്കെയോ ആവലാതികളും ഭയവും ബലരാമണ്റ്റെ മനസ്സിലുണ്ടെന്ന്‌ പതുക്കെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നു. എന്തായിരുന്നു ആ ഭൂതകാലം എന്നതും ആ ഭൂതകാലത്തിണ്റ്റെ ബാക്കിയിരുപ്പുകള്‍ തുടര്‍ന്ന്‌ അദ്ദേഹത്തിണ്റ്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ്‌ 'ശിക്കാര്‍' എന്ന സിനിമയിലൂടെ വിവരിക്കപ്പെടുന്നത്‌.

തണ്റ്റെ ആദ്യകാലഘട്ടങ്ങളില്‍ ജീവിതത്തിണ്റ്റെയും തോഴിലിണ്റ്റെയും ഭാഗമായി മറ്റൊരു സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കേണ്ടിവന്നപ്പോളുണ്ടായ ചില തീവ്രാനുഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അയാളെ വേട്ടയാടുന്നു എന്നതാണ്‌ ഇതിണ്റ്റെ പശ്ചാത്തലം.

വൈകാരിക സംഘര്‍ഷങ്ങള്‍ ഒരുപാട്‌ അനുഭവിക്കേണ്ടിവരുന്ന ഈ ബലരാമന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ അത്യുഗ്രനാക്കിയിരിക്കുന്നു.

സുരാജ്‌ വെഞ്ഞാര്‍മൂടിനെ കോമഡിക്കുവേണ്ടി വേഷം കെട്ടിച്ചെങ്കിലും അതത്ര കാര്യക്ഷമമായില്ല. കാര്യമായ പ്രാധാന്യമില്ലെങ്കിലും ജഗതിശ്രീകുമാര്‍ അദ്ദേഹത്തിണ്റ്റെ നിലവാരം നിലനിര്‍ത്തി.

കലാഭവന്‍ മണി, ലാലു അലക്സ്‌ എന്നിവര്‍ അവരുടെ പതിവ്‌ ശൈലിയില്‍ തുടരുന്നു.
സ്നേഹ, അനന്യ, കൈലേഷ്‌ എന്നിവര്‍ അവരുടെ റോളുകള്‍ ഭംഗിയാക്കി.
സമുതിരക്കനി എന്ന തമിഴ്‌ സംവിധായകന്‍ അഭിനയിച്ച നക്സല്‍ നേതാവ്‌ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കുന്നു.

വനത്തിണ്റ്റെ വന്യതയും ഗൂഢതയും സന്ദര്‍ഭങ്ങളിലൂടെ സമന്വയിപ്പിച്ച്‌ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്ക്‌ അത്‌ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

'പിന്നെ എന്നോടൊന്നും പറയാതെ' എന്ന ഗാനം മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നതും എക്കാലവും ഓര്‍മ്മിക്കപ്പെടാവുന്നതുമാണ്‌. മറ്റ്‌ ഗാനങ്ങളും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി.

ക്ളൈമാക്സ്‌ രംഗങ്ങളോടടുക്കുമ്പോഴെയ്ക്കും പ്രേക്ഷകര്‍ സിനിമയില്‍ പൂര്‍ണ്ണമായും ലയിച്ചു ചേരുന്നതരത്തില്‍ തീവ്രമാകുന്നു ഇതിണ്റ്റെ വൈകാരികതലങ്ങളും സന്ദര്‍ഭങ്ങളും.

ക്ളെമാക്സിലെ വില്ലന്‍ നല്ലൊരു സസ്പെന്‍സ്‌ ആകുകയും സംഘര്‍ഷത്തിണ്റ്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

'ചരിത്രം ആവര്‍ത്തിക്കപ്പെടരുത്‌' എന്ന അപേക്ഷയോടെ ബലരാമന്‍ ക്ളൈമാക്സ്‌ സീനുകളില്‍ നിറഞ്ഞാടി.

വളരെ നാളുകള്‍ക്ക്‌ ശേഷം മോഹന്‍ലാല്‍ എന്ന മഹാനടണ്റ്റെ ഉജ്ജ്വലമായ ഒരു കഥാപാത്രം. നാളുകള്‍ക്ക്‌ ശേഷം പ്രേക്ഷകര്‍ക്ക്‌ ആസ്വദിച്ച്‌ കാണാവുന്ന ഒരു ചിത്രം...വരും നാളുകളില്‍ തീയ്യറ്ററുകള്‍ നിറഞ്ഞുകവിയാന്‍ സാദ്ധ്യതയുള്‍ല ഒരു സിനിമ. അതാകുന്നു ശിക്കാര്‍...

Go for the Hunt :)