Showing posts with label ജോൺ എബ്രഹാം. Show all posts
Showing posts with label ജോൺ എബ്രഹാം. Show all posts

Tuesday, April 24, 2012

Vicky Donor


സംവിധാനം: സൂജിത് സിർകാർ
നിർമ്മാണം: ജോൺ അബ്രഹാം
കഥ, തിരക്കഥ: ജൂഹി ചതുർവ്വേദി
അഭിനേതാക്കൾ: ആയുഷ്മാൻ ഖുറാന, യാമി ഗൗതം, അന്നു കപൂർ.

ജോൺ എബ്രഹാം ആദ്യമായി നിർമ്മാതാവ് ആകുന്ന സിനിമയാണ് വിക്കി ഡോണർ. നിർമ്മാതാവ് മാത്രമല്ല, സംവിധായകനും അഭിനേതാക്കളും ഒക്കെ പുതുമുഖങ്ങളാണ്. ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ ആയുഷ്മാൻ ഖുറാനയും (എം.ടി.വി. ജോക്കി), യാമി ഗൗതവും (സീരിയൽ നടി) സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ ചുരുക്കത്തിൽ: വിക്കി അറോറ (ആയുഷ്മാൻ) ഒരു അലസനായ ചെറുപ്പക്കാരനാണ്. അമ്മ നടത്തുന്ന ബ്യൂട്ടി പാർലറിൽ നിന്നുള്ള വരുമാനമെടുത്ത് ചിലവാക്കിയും ക്രിക്കറ്റ് കളിച്ചും ഒക്കെ ഒരു ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ. ബൽദേവ് ചഡ്ഡ (അന്നു കപൂർ) ഒരു വധ്യതാചികിത്സകനാണ്. ഡോക്റ്റർ ചഡ്ഡയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും ഒക്കെ കേൾക്കേണ്ടി വരുന്നു ഈ ഡോക്റ്റർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്റ്ററുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ നിലവാരമുള്ള ബീജം നൽകാൻ കഴിവുള്ള ഒരാളുടെ അന്വേഷണത്തിലാണ് ഇദ്ദേഹം. ആകസ്മികമായി അദ്ദേഹം വിക്കിയെ കാണാൻ ഇടയാകുന്നു. ഡോക്റ്ററുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ മുഖം കണ്ടാൽ ബീജത്തിന്റെ നിലവാരം മനസ്സിലാക്കാൻ കഴിയുന്ന ഈ ഡോക്റ്റർ, വിക്കി തന്നെ ഇനി മുതൽ തന്റെ ബീജദാതാവ് എന്ന് തീരുമാനിച്ച് അദ്ദേഹത്തെ സമീപിക്കുന്നു. പക്ഷെ വിക്കി നാണക്കേട് പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നത്. ഒടുവിൽ വിക്കി സമ്മതിക്കുന്നു.

മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്നതാണെങ്കിലും പണം കിട്ടിത്തുടങ്ങിയതോടെ വിക്കിയ്ക്ക് ഇതിൽ താത്പര്യമാകുന്നു. നാലു വർഷത്തോളം ധാരാളം ബീജം ദാനം ചെയ്ത് വിക്കി പണമുണ്ടാക്കുന്നു. ആയിടയ്ക്ക് ആഷിമ റോയ് എന്ന ബംഗാളിയെ വിക്കി കാണാൻ ഇടയാകുകയും പ്രേമത്തിലാകുകയും ചെയ്യുന്നു. വിക്കി ബീജം ദാനം ചെയ്യുന്നത് നിർത്തിയാൽ ഡോ. ചഡ്ഡയുടെ ഹോസ്പിറ്റൽ വീണ്ടും പഴയ പോലെയാകും എന്ന് ഡോക്റ്റർക്ക് അറിയാം. വിക്കിയ്ക്കാണെങ്കിൽ താൻ ബീജം ദാനം ചെയ്താണ് പണമുണ്ടാക്കുന്നത് എന്ന് പ്രണയിനിയോട് പറയാനും വയ്യ. വിക്കിയുടെ കല്യാണവും കഴിയുന്നതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. തുടർന്ന് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ രണ്ടാം പകുതി പറയുന്നത്.

ഇത്ര മനോഹരമായും അച്ചടക്കത്തോടും കൂടി ഒരു സിനിമ പറയാൻ കഴിയുമെന്ന് ഈ സിനിമ നമ്മളെ പഠിപ്പിക്കുന്നു. അഭിനേതാക്കൾ ഒക്കെയും മത്സരിച്ച് അഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ വിക്കിയുടെ അമ്മയുടേയും അമ്മൂമ്മയുടേയും കഥാപാത്രങ്ങൾ ചെയ്തവരുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായി ഈ സിനിമയിൽ ചേർത്തിരിക്കുന്നു. സിനിമ പ്രായപൂർത്തിയായവർക്കുള്ള ബീജദാനത്തെപ്പറ്റി ആണെങ്കിലും കുട്ടികൾക്ക് പോലും ആസ്വദിക്കാവുന്ന തരത്തിൽ തമാശകളും കാര്യങ്ങളും ഒക്കെ ഒട്ടും അധികമാവാതെ ഈ സിനിമയിൽ ചേർത്തിരിക്കുന്നു. നല്ല പാട്ടുകൾ, നല്ല ചിത്രീകരണം, നിഷ്കളങ്കമായ ഹാസ്യം, അസ്വാഭാവികത ഒട്ടും തോന്നാത്ത സംഭാഷണങ്ങൾ, ഇഴച്ചിൽ തീരെ തോന്നാത്ത അവതരണ രീതി എന്നിങ്ങനെ ഈ സിനിമയിൽ എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ തന്നെ ചേർന്ന് കിട്ടിയിരിക്കുന്നു.

നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ തീർച്ചയായും കാണേണ്ട ഒരു സിനിമയാണിത്. ഹൗസ്‌ഫുൾ 2 പോലെയുള്ള മാരക പ്രേക്ഷകവധങ്ങൾ കണ്ട് തണുത്തിരിക്കുന്ന പ്രേക്ഷകരെ സിനിമയോടെ വീണ്ടും അടുപ്പിക്കുന്നു വിക്കി അറോറയും ഡോക്റ്റർ ചഡ്ഡയും. തുടർന്നും നല്ല ചിത്രങ്ങൾ എടുക്കാൻ സുജിത് സിർകാറിനും ജോൺ അബ്രഹാമിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മുന്നറിയിപ്പ്: സിനിമയിൽ ഡെൽഹി നഗരത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്ന പ്രാദേശിക ഹിന്ദിയും കൂടാതെ പഞ്ചാബി ഭാഷയും ആണ് ഉള്ളതെന്നതിനാൽ ഈ ഭാഷകളിൽ ഗ്രാഹ്യം ഇല്ലാത്തവർക്ക് സിനിമ ആസ്വദിക്കാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.

 റേറ്റിങ്ങ്: 5/5