Showing posts with label ആസിഫ് അലി. Show all posts
Showing posts with label ആസിഫ് അലി. Show all posts

Monday, June 08, 2015

നിര്‍ണ്ണായകം



രചന : ബോബി & സഞ്ജയ്
സംവിധാനം : വി.കെ. പ്രകാശ്

ഒരു രാഷ്ട്രീയനേതാവിന്‍റെ സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന പ്രകടനത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കില്‍ പെട്ട് ആശുപത്രിയിലേയ്ക്ക് എത്താന്‍ വൈകി മരണപ്പെടുന്ന ഒരു പെണ്കുട്ടി.  ആ കുട്ടിയുടെ മുത്തച്ഛന്‍ ഇവിടത്തെ സിസ്റ്റത്തിനെതിരെ കോടതിയില്‍ എത്തുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

പ്രേം പ്രകാശ് ഒരു അഡ്വക്കേറ്റിന്‍റെ റോളില്‍ തിളങ്ങിയപ്പോള്‍ നെടുമുടിവേണു ഇവിടത്തെ ഒരു പൌരനെ പ്രതിനിധാനം ചെയ്തു.

ആസിഫ് അലി ഇതിന്നിടയില്‍ ഒരു കഥാപാത്രമായി ഉണ്ടെന്നുണ്ടെന്നതല്ലാതെ കാര്യമായ സംഭവങ്ങള്‍ക്കൊന്നും ഇടവരുത്തുന്നില്ല.

കുറച്ച് സാമൂഹികബോധവും അവകാശങ്ങളെക്കുറിച്ചുള്ള അറിവുകളും പകരുന്നുണ്ടെങ്കിലും ഈ ചിത്രം വളരെ വിരസമായിരുന്നു പല ഘട്ടങ്ങളിലും.  
സാമൂഹികമായ ഒരു പ്രശ്നം അവതരിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും നീണ്ട പ്രസംഗങ്ങളിലൂടെ ആവര്‍ത്തന വിരസത സൃഷ്ടിച്ചു. 
നെടുമുടി വേണു എന്ന കലാകാരനായതിനാലാവണം പ്രേക്ഷകര്‍ ക്ഷമിച്ചിരുന്നത്.

സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറിന്‍ താഴെയായതിനാല്‍ വലിയ പരിക്കില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്ന് പറയാം.
(ആദ്യപകുതിയില്‍ ആസിഫ് അലി എന്‍ ഡി എ യില്‍ ട്രെയിനിങ്ങിന്‍ പോയതും അവിടത്തെ ചടങ്ങുകളും ഈ സിനിമയുടെ കഥയുമായി എന്ത് ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.  എന്തെങ്കിലും കാണും!)

Rating : 4 / 10


Friday, September 26, 2014

സപ്തമശ്രീ തസ്കരാ: (Sapthamashree Thaskaraha)



രചന, സംവിധാനം : അനില്‍ രാധാകൃഷ്ണമേനോന്‍


ഈ സിനിമയുടെ ആദ്യപകുതിയില്‍ മൂന്ന് നാല്‌ നിരുപദ്രവകാരികളായ കള്ളന്മാര്‍ ജയിലില്‍ എത്തിച്ചേരുന്ന രസകരമായ സംഭവങ്ങളിലൂടെ വിവരിക്കുന്നു. ജയിലിലെത്തിയ ഇവരുടെ ചില ദിവസങ്ങളും തുടര്‍ന്ന് കൂട്ടത്തിലുള്ള ഒരാളുടെ നേതൃത്വത്തില്‍ ജയിലില്‍ നിന്നറങ്ങിയതിനുശേഷമുള്ള ഒരു വലിയ മോഷണവും പ്ലാന്‍ ചെയ്യുന്നു.

ഇതിലെ ഒരു കള്ളനായ മാര്‍ട്ടിന്‍ (ചെമ്പന്‍ വിനോദ്‌) പള്ളിയില്‍ വന്ന് കുമ്പസാരിക്കുന്നതായാണ്‌ ഈ കഥ അവതരിപ്പിക്കപ്പെടുന്നത്‌. പള്ളീലച്ചനായി ലിജോ ജോസ്‌ പെല്ലിശ്ശേരി വേഷമിടുന്നു.

തൃശൂര്‍ ഭാഷയിലാണ്‌ ഇതിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും സംസാരിക്കുന്നത്‌.

ലിജോയും രസകരമായി തന്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

നെടുമുടി വേണുവും സുധീര്‍ കരമനയും ഈ കള്ളന്മാരുടെ കൂട്ടത്തില്‍ മികവോടെത്തന്നെയുണ്ട്‌.

ചെമ്പന്‍ വിനോദ്‌, നീരജ്‌ മാധവ്‌ എന്നിവരാണ്‌ ഈ ചിത്രത്തില്‍ ഏറ്റവും മികച്ച്‌ നിന്നത്‌.

ആസിഫ്‌ അലി ഒരു പതിവ്‌ പരുഷഭാവത്തില്‍ തന്നെ അവതരിച്ചിരിക്കുന്നു.

റീനു മാതൂസ്‌ കുറച്ച്‌ സമയമേ സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും തന്റെ റോള്‍ നന്നായി നിര്‍വ്വഹിച്ചു.
സനുഷ ചിത്രത്തിലുണ്ട്‌.

ആദ്യപകുതിയില്‍ പതുക്കെ പതുക്കെ ഹാസ്യത്തിലൂടെ സഞ്ചരിച്ച്‌ രണ്ടാം പകുതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ രീതിയിലേയ്ക്ക്‌ കഥ മാറുന്നു. ഒടുവില്‍ പ്രേക്ഷകര്‍ക്ക്‌ ഒരു ചെറിയ ഞെട്ടലും സമ്മാനിച്ചുകൊണ്ടാണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

കഥയിലെ പല ഭാഗങ്ങളിലും പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്‌. പക്ഷേ, അതൊക്കെ പ്രേക്ഷകര്‍ തീയ്യറ്റര്‍ വിട്ടുകഴിഞ്ഞേ ആലോചിക്കൂ എന്നത്‌ അനില്‍ രാധാകൃഷ്ണന്റെ ഭാഗ്യമാണ്‌. ഉദാഹരണത്തിന്‌, കൃഷ്ണനുണ്ണിയെ അവതരിപ്പിച്ച പൃഥ്യിരാജിന്റെ കഥാപാത്രം, പോലീസിന്റെ ഇടികൊണ്ട്‌ അവശതയിലാവുന്നതെങ്ങനെ എന്നത്‌ ഒടുവില്‍ മാത്രമേ സംശയിക്കേണ്ടിവരുന്നുള്ളു.

പൊതുവേ, രസകരമായ രീതിയില്‍ കുറച്ച്‌ ത്രില്ലിങ്ങ്‌ ആയി ഒടുവില്‍ ഒരു സര്‍പ്രൈസും നല്‍കി പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിച്ചിരിക്കുന്നു.

Rating : 6/ 10

Sunday, May 11, 2014

മോസയിലെ കുതിരമീനുകള്‍



സംവിധാനം : അജിത് പിള്ള
കഥ, തിരക്കഥ : വിപിന്‍ രാധാകൃഷ്ണന്‍ , അജിത് പിള്ള
സംഭാഷണം : അജിത് പിള്ള


കുടുംബസ്വത്ത് കുറച്ചധികം ബാക്കിയായി ഒറ്റപ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്‍ തന്‍റെ ചില ചാപല്യപ്രവര്‍ത്തിയാല്‍ ജയിലില്‍ ഒരു വര്‍ഷം തടവ് ലഭിച്ച് എത്തുന്നു.  ഈ യുവാവ് (ആസിഫ് അലി) ജയില്‍ ചാടുകയും മറ്റൊരു യുവാവിനെ (സണ്ണീ വെയ്ന്‍) പിന്തുടര്‍ന്ന് ലക്ഷദ്വീപില്‍ എത്തിച്ചേരുകയും സംഭവിക്കുന്നു.  

ലക്ഷദ്വീപിലെത്തുന്ന ഇവരുടെ കഥയും സംഭവങ്ങളും അവിടെ തുടരുന്നു.

അവതരണത്തിലെ പുതുമകൊണ്ട് ഈ ചിത്രം തുടക്കത്തിലേ കുറച്ച് കൌതുകം ജനിപ്പിക്കുന്നുണ്ട്.  കുറച്ച് മെല്ലെയാണ്‍ ഗതിയെങ്കിലും പ്രേക്ഷകരെ വല്ലാതെ മുഷിപ്പിക്കുന്നില്ല.  

രണ്ടാം പകുതിയില്‍ ലക്ഷദ്വീപിലെ മനോഹര ദൃശ്യങ്ങളും കഥയുടെ ഗതിയും പ്രേക്ഷകനെ ആകര്‍ഷിക്കുന്നു.  

പക്ഷേ, വൈകാരികതയോ കഥാതീവ്രതയോ പ്രകടമാക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളോ രംഗങ്ങളോ ഒന്നും എടുത്ത് പറയാനില്ല എന്നത് ഈ ചിത്രത്തിന്‍റെ ന്യൂനതയാണ്‍.

പ്രേക്ഷകനെ വല്ലാതെ ആകര്‍ഷിക്കുന്ന ഒരു കഥാവിവരണം ഈ ചിത്രത്തിന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രേക്ഷകരെ ഈ ചിത്രം ദ്രോഹിക്കുന്നില്ല എന്നത് വലിയ ആശ്വാസം.

ജോജോ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം പ്രേക്ഷകര്‍ക്ക് ചിരി പടര്‍ത്തി.

ആസിഫ് അലി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.


Rating : 5 / 10 

Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Sunday, January 08, 2012

അസുരവിത്ത്‌



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എ.കെ. സാജന്‍
നിര്‍മ്മാണം: ഷാജി താനപ്പറമ്പില്‍

ഈ സിനിമ തുടങ്ങുമ്പോള്‍ തന്നെ ഒരു കുപ്രസിദ്ധ ഗുണ്ട 'സാത്താന്‍' പോലീസുമായി ഏറ്റുമുട്ടലില്‍ മരണപ്പെട്ടു എന്നുള്ള വാര്‍ത്തയാണ്‌. അത്‌ കഴിഞ്ഞപ്പോള്‍ കറുത്ത ളോഹാ വസ്ത്രധാരിയായ ജൂതനായ 'ബാബ' (വിജയരാഘവന്‍) തണ്റ്റെ ഒരു കൂട്ടം കൊച്ചുമക്കളെ ഒരു റെയില്‍ വേ ട്രാക്ക്‌ ചൂണ്ടിക്കാട്ടിയിട്ട്‌ 'ഇവിടെ വെച്ചാണ്‌ നിങ്ങളുടെ അച്ഛനെ സാത്താന്‍ കൊന്നത്‌' എന്നോ മറ്റോ പറയുന്നുണ്ട്‌. എന്നിട്ട്‌, കൂടെയുള്ള പോലീസ്‌ ഉദ്യേഗസ്ഥരാണെന്ന് തോന്നുന്ന ഒന്ന് രണ്ടുപേരോട്‌ ഇവരെ പ്രതികാരദാഹികളാക്കി വളര്‍ത്തും എന്നും പറഞ്ഞ്‌ ട്രാക്കിലൂടെ നടന്നുപോകുന്നു.

സാത്താണ്റ്റെ കുഞ്ഞിനെ സാത്താണ്റ്റെ ഭാര്യ (അതായത്‌ കുഞ്ഞിണ്റ്റെ അമ്മ) ഒരു പള്ളീ അനാഥാലയത്തിണ്റ്റെ മുന്നില്‍ ഉപേക്ഷിക്കുന്നു. വിശദമായ ഒരു കുറിപ്പുമുണ്ട്‌. അതായത്‌, കുഞ്ഞിനെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനും ഭാവിയില്‍ മോശപ്പെട്ട വഴിയില്‍ പോകാതിരിക്കാനുമയി ഒരു അച്ഛനാക്കാനാണ്‌ ഈ അമ്മ ആഗ്രഹിക്കുന്നത്‌. ഈ അമ്മ ഈ പള്ളിയുടെ ചുറ്റുവട്ടത്തൊക്കെ തന്നെ വയലിന്‍ ടീച്ചറായി ഉണ്ട്‌. ഈ സാത്താണ്റ്റെ കുഞ്ഞിണ്റ്റെ പേരാണ്‌ 'ഡോണ്‍..' (ഡോണ്‍ ബോസ്കോ എന്ന പുണ്യാളണ്റ്റെ പേരാണ്‌ ഇട്ടിരിക്കുന്നത്‌).

ഈ കുട്ടി പള്ളി അനാഥാലയത്തില്‍ വളരുമ്പോഴും രക്തം ചൂടുപിടിച്ച്‌ ഇരിക്കുകയാണെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്‌. സാത്താണ്റ്റെ കുഞ്ഞായതിനാല്‍ അച്ഛന്‍ കുഞ്ഞാവാന്‍ പാടാണെന്നും പ്രേക്ഷകരോട്‌ പലതരത്തില്‍ പറയുന്നുണ്ട്‌.

ഈ അച്ഛന്‍ കുഞ്ഞ്‌ സമൂഹത്തിലെ പല അനീതികളും അക്രമങ്ങളും കണ്ട്‌ കൈ ചുരുട്ടിപ്പിടിച്ചും പേനയില്‍ വിരലമര്‍ത്തി ചോരപൊടിയിച്ചും ചെവിപൊത്തിയും കഴിഞ്ഞുകൂടുന്നു. മാനസിക അസ്വാസ്ഥ്യത്തിണ്റ്റെ സൂചനകളും കാണാം.

ഒരിക്കല്‍ ഒരു കൊലപാതകത്തിണ്റ്റെ ദൃക്‌ സാക്ഷിയാവേണ്ടിവരുന്ന ഡോണ്‍ പോലീസിണ്റ്റെ ക്രൂരമായ മര്‍ദ്ദനത്തിനുവഴങ്ങി തെറ്റായ മൊഴി കൊടുക്കേണ്ടിവരുന്നു. പിന്നീടും ഈ പാവത്തിന്‌ പള്ളിയിലും പുറത്തുമായി കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതിനൊക്കെ കാരണം പണ്ട്‌ പേരക്കുട്ടികളേയും കൊണ്ട്‌ പ്രതികാരം പടുത്തുയര്‍ത്താന്‍ പോയ ബാബയും അദ്ദേഹത്തിണ്റ്റെ പേരക്കുട്ടികളുടെ ഗ്യാങ്ങും. 'പത്താം കളം' എന്നാണത്രേ ഇവര്‍ അറിയപ്പെടുന്നത്‌. ഇവരാണ്‌ ആ നാട്ടിലെ (കൊച്ചി മഹാരാജ്യത്തെ) പോലീസിനെയും ഗുണ്ടകളെയും എല്ലാം ഭരിക്കുന്നത്‌. ഇവര്‍ തീരുമാനിച്ചാല്‍ എത്ര വലിയ പോലീസ്‌ ഒാഫീസറെയും വീട്ടുകാരെയും ഗുണ്ടകളെയും സാധാരണക്കാരെയും കൊല്ലാം.

ഈ സിനിമയുടെ ആദ്യഘട്ടത്തില്‍ സിദ്ധിഖ്‌ ഒരു ഐ.പി.എസ്‌. ഒാഫീസറായി വന്ന് കുറേ ഗുണ്ടകളെ വെടിവെച്ച്‌ കൊല്ലുന്നുണ്ട്‌. പിന്നീട്‌ ഇങ്ങേരെയും വീട്ടുകാരെയും തട്ടിക്കളയുന്നതോടെ പോലീസ്‌ എന്ന സംഘടന പിരിച്ച്‌ വിട്ടിട്ട്‌ അതിലെ ചിലരെ പത്താം കളത്തിണ്റ്റെ വീട്ടിലെ സെക്യൂരിറ്റിയാക്കി നിയമിച്ചതാണ്‌ എ.കെ. സാജന്‍ ചെയ്ത ഏറ്റവും വലിയ ഒരു ഭരണപരിഷ്കാരം.

ഇനി, മതമേധാവികളെ വേണ്ടത്ര വൈവിധ്യാത്മകതയോടെ കാണിക്കുന്നതിലും സാജന്‍ തണ്റ്റെ കഴിവ്‌ തെളിയിച്ചു. ക്രിമിനലുകളെ ഗസ്റ്റ്‌ ഹൌസില്‍ താമസിപ്പിക്കുകയും മദ്യപാനവും തോന്ന്യാസവുമെല്ലാം ഈ സഭയില്‍ അരങ്ങുവാഴുമ്പോള്‍ ബാബുരാജ്‌ അവതരിപ്പിച്ച വിപ്ളവകാരിയും തോന്നിവാസിയുമായ അച്ഛന്‍ കുറച്ച്‌ ആസ്വാദ്യകരമായി.

അങ്ങനെ, ഒരുപാട്‌ മാനസികശാരീരിക പീഢനങ്ങള്‍ക്കിടയില്‍ ഡോണ്‍ എന്ന അച്ഛന്‍ കുഞ്ഞ്‌ തണ്റ്റെ അസ്ഥിത്വം തിരിച്ചറിയുന്നു. പിന്നെ, ഇദ്ദേഹം പ്രതികരണത്തിലേയ്ക്ക്‌ കടക്കുന്നു. അപ്പോഴെയ്ക്കും സാത്താണ്റ്റെ പഴയ സുഹൃത്തും ഇപ്പോള്‍ തൂത്തുക്കുടിയില്‍ ആസ്ഥാനം ഉറപ്പിച്ചിട്ടുള്ളതുമായ ഒരു ഗുണ്ട (ഐ. എം. വിജയന്‍) കൊച്ചിയിലെത്തി ഡോണ്‍ ബോസ്കോയെ കൊച്ചിയുടെ ഡോണ്‍ ആയി അങ്ങ്‌ തീരുമാനിക്കുന്നു. പത്താം കളം ടീമിണ്റ്റെ പോലെ തന്നെ 'കട്ടയ്ക്ക്‌ കട്ടയ്ക്ക്‌' നില്‍ക്കാന്‍ പെണ്‍പിള്ളേരടക്കം ഒരു കൂട്ടം കൂളിംഗ്‌ ഗ്ളാസ്സ്‌ ധാരികളേ ഡോണിന്‌ സംഭാവന ചെയ്ത്‌ തൂത്തുക്കുടിയിലേയ്ക്ക്‌ വിടവാങ്ങുന്നു. (ഭാഗ്യം!.. അല്ലെങ്കില്‍ ഇങ്ങേരെ കൂടി സഹിക്കേണ്ടിവന്നേനെ..).

തുടര്‍ന്നങ്ങോട്ട്‌ കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ളാസ്സും പിച്ചാത്തിയും വാളും കുടയുമായി ഇവര്‍ തലങ്ങും വിലങ്ങും നടക്കുകയും വിലപിടിച്ച കാറുകളില്‍ സഞ്ചരിക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക്‌ ചിലരെയൊക്കെ കൊല്ലുകയും ഒരു 'ഡോണ്‍' എന്ന സീല്‍ വെക്കുകയും ചെയ്യും. പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാന്‍ സ്ക്രീനില്‍ ആണ്‌ ഈ ചാപ്പകുത്ത്‌.

ഇത്രയുമൊക്കെയേ ഈ സിനിമയുടെ അത്യപൂര്‍വ്വമായ കഥാസന്ദര്‍ഭത്തെക്കുരിച്ച്‌ വിവരിക്കാന്‍ കഴിയൂ..

ഈ ചിത്രത്തിണ്റ്റെ തിരക്കഥയുടെ വ്യക്തത സാജനുപോലും ഇല്ലാത്തതിനാല്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ.

വൈദികവിദ്യാര്‍ത്ഥിയെ പോലീസ്‌ പീഢിപ്പിക്കുമ്പോള്‍ പള്ളിയും സഭയും ഈ സിനിമയില്‍ നിന്ന് അപ്രത്യക്ഷമാകും. പോലീസ്‌ പണ്ടേ പിരിച്ചുവിട്ട്‌ ഗുണ്ടാടീമില്‍ ചേര്‍ന്നതിനാല്‍ അവിടെ കണ്‍ഫ്യൂഷനില്ല. ഭാഗ്യത്തിണ്റ്റെ മീഡിയ (പത്രം, ചാനല്‍ എന്നിവ) ഈ സിനിമയില്‍ ഒരു കാറില്‍ 'PRESS' എന്ന് ഒട്ടിക്കാനേ ഉപയോഗിച്ചിട്ടുള്ളൂ. അതും ഒരു കള്ളക്കടത്തിന്‌ വേണ്ടി മാത്രം.

ഡോണിണ്റ്റെ പശ്ചാത്തലം എല്ലാവരും തിരിച്ചറിയുമ്പോഴും പത്താം കളം ശത്രുക്കള്‍ മാത്രം തിരിച്ചറിഞ്ഞില്ലേ എന്ന് പ്രേക്ഷകര്‍ സംശയം ചോദിക്കുമെന്നറിയുമെന്നതിനാല്‍ സാജന്‍ ബുദ്ധിപൂര്‍വ്വം ഒരു കളി കളിച്ചു. ബാബയ്ക്ക്‌ ഇതൊക്കെ പണ്ടേ അറിയാം. പിന്നെ, ഈ നരുന്തുപയ്യന്‍ വളര്‍ന്ന് വലുതായി ഒരു സംഭവം ആയാലേ ഒറ്റ വെടിക്ക്‌ തീര്‍ക്കാന്‍ പറ്റൂ എന്ന് ഈ മഹാന്‍ അങ്ങ്‌ തീരുമാനിച്ചതാണ്‌. എന്തായാലും അതൊരു നല്ല തീരുമാനമായി. അതുകൊണ്ട്‌ സാജന്‌ ഈ സിനിമ മുഴുവനാക്കാന്‍ പറ്റി.

ഈ ചിത്രത്തില്‍ രണ്ട്‌ ഗ്യാങ്ങുകളും കറുപ്പ്‌ വസ്ത്രം കൂടുതല്‍ ഇഷ്ടപ്പെടുന്നവരായതുകൊണ്ട്‌ കോസ്റ്റ്യൂമറ്‍ക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാവില്ല. പിന്നെ, സ്കെച്ച്‌ ചെയ്യാന്‍ (രഹസ്യമായി വിവരങ്ങള്‍ തേടാന്‍) പെണ്‍ ഗുണ്ടകളെ മാത്രമേ ഉപയോഗിക്കാവൂ എന്നതും നല്ലൊരു പുതുമയായി.

ഇതിന്നിടയില്‍ സാത്താണ്റ്റെ പെങ്ങളാണെന്നോ മറ്റോ പറഞ്ഞ്‌ ഒരു പെണ്ണും പിള്ളയെ പിടിച്ചോണ്ട്‌ പോകുന്നുണ്ട്‌. ഡോണ്‍ സാത്താണ്റ്റെ മോനാണോ എന്ന് അറിയാനാണത്രേ ഈ കിഡ്‌ നാപ്പ്‌.

ഡോണ്‍ അല്ലറ ചില്ലറ പ്രതികരണങ്ങളിലൂടെ വളരുമ്പോഴെയ്ക്കും ഇങ്ങേരെ പിടിച്ചുകൊണ്ടുപോയി ഇടിച്ച്‌ ഒരു പരുവമാക്കും. അങ്ങനെ തല്ലിപ്പൊളിച്ച്‌ ചെളിവെള്ളത്തില്‍ ഇട്ട്‌ ദേഹത്ത്‌ പെട്രോളൊഴിച്ച്‌ (വിലകൂടുതലായതിനാല്‍ ഡീസല്‍ ആണെന്ന് തോന്നുന്നു ഉപയോഗിച്ചത്‌) ഇങ്ങനെ ഉണങ്ങാനിട്ടിരിക്കുമ്പോള്‍ സാത്താനെ കൊന്നവണ്റ്റെ മകനാണ്‌ 'ആരോണ്‍' എന്ന് അവിടെ കെട്ടിയിട്ടിരിക്കുന്ന ഡോണിണ്റ്റെ അമ്മായി (നേരത്തെ തട്ടിക്കൊണ്ട്‌ വന്ന് കെട്ടിയിട്ടിട്ടുണ്ട്‌) വിളിച്ച്‌ പറഞ്ഞ്‌ എഴുന്നേല്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നു.

പെട്ടെന്ന് പണ്ട്‌ കണ്ടിട്ടുള്ള മലയാളം ഹിന്ദി സിനിമകളുടേ രംഗങ്ങള്‍ മനസ്സില്‍ ഒാര്‍മ്മവന്നിട്ടെന്നോണം ഡോണ്‍ നിലത്ത്‌ നിന്ന് പറന്നുയര്‍ന്ന് കറങ്ങിത്തിരിഞ്ഞ്‌ ഗുണ്ടകള്‍ക്കിട്ട്‌ അടിക്കുന്നു. പിന്നെ ഈ പാവം പയ്യന്‍ പിന്നാലെ നടന്ന് ഒാരോ തടിമാടന്‍മാരെയും കുത്തിയും മാന്തിയും വെട്ടിയും ഞെക്കിയും കൊല്ലും. എന്നിട്ട്‌ ആരോണിനെ ഇടിച്ച്‌ നിലത്തിട്ട്‌ കാല്‍പാദം കൊണ്ട്‌ കഴുത്തില്‍ ഇക്കിളിയിട്ട്‌ ഭീഷണിപ്പെടുത്തും..

'നിന്നെ കൊല്ലാനുള്ള സ്ഥലവും തീയ്യതിയും അറിയിക്കാം' എന്ന് പറഞ്ഞ്‌ ഇക്കിളിപ്പെടുത്തല്‍ നിര്‍ത്തിയിട്ട്‌ സ്ളോ മോഷനില്‍ നടന്നു പോകും.

ഇത്രയൊക്കെ ഗംഭീരമായി കാര്യങ്ങള്‍ നടക്കുമ്പോഴും ഈ ചിത്രത്തിലെ ചില ഘട്ടങ്ങളില്‍ രസകരമായ ചില ഡയലോഗുകളും രംഗങ്ങളുമുണ്ട്‌.

ബാബുരാജ്‌ അവതരിപ്പിച്ച പുരോഹിതണ്റ്റെ ഡയലോഗുകളും രംഗങ്ങളും പലതും ആസ്വാദ്യകരമായിരുന്നു. ചില സീനുകളില്‍ ഒരു നായക ഉദയത്തിണ്റ്റെ ചൂടും ആവേശവും പ്രേക്ഷകരില്‍ എത്തിക്കാനായെങ്കിലും പൊതുവേ മൂക്കാതെ പഴുത്തതിണ്റ്റെ ഒരു ഏനക്കേട്‌ വ്യക്തമായി തെളിഞ്ഞുകാണാം.

താടിയും കൂളിംഗ്‌ ഗ്ളാസ്സും പരമാധി മുഖത്തെ മറയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അഭിനയം അളന്നെടുക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്‌. ചെറിയ എക്സ്പ്രഷന്‍ ചേഞ്ച്‌ നമുക്ക്‌ കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ.. അത്‌ കഷ്ടമായി.

ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിനോടനുബന്ധിച്ചുള്ള കാട്ടിക്കൂട്ടലുകളും വല്ലാത്തോരു വീര്‍പ്പുമുട്ടല്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കും. രണ്ട്‌ ഒാട്ടോറിക്ഷ ഒരേ പേരില്‍ ഒാടുന്നു. വില്ലന്‍ ഭയങ്കരബുദ്ധിയോടെ പ്ളാന്‍ ചെയ്തപോലെ തന്നെ പാവം നായകന്‍ നേരെ ഇറങ്ങി ഒരു ഒാട്ടോയുടെ പിന്നില്‍ നിന്ന് വാള്‍ കയറ്റുന്നു. വാള്‍ ആളുമാറിക്കയറുന്നു. ഹോ.... വല്ലാത്ത ഒരു അവസ്ഥ തന്നെ... സത്യം പറഞ്ഞാല്‍ ഈ ഒാട്ടോ രംഗങ്ങളും മറ്റും എനിക്ക്‌ ഒന്നും മനസ്സിലായില്ല. സിനിമയില്‍ മതിമറഞ്ഞ്‌ ലയിച്ച്‌ പോയതുകൊണ്ടാണോ അതോ ശ്രദ്ധ സ്ക്രീനില്‍ നില്‍ക്കാത്തതുകൊണ്ടാണോ എന്ന് ഒരു നിശ്ചയവുമില്ല. ഇനി ഈ സിനിമ കണ്ട വേറെ ഏതെങ്കിലും ഹതഭാഗ്യനോട്‌ ചോദിച്ച്‌ മനസ്സിലാക്കാം.. അങ്ങനെ ഒരാള്‍ ഈ ആവശ്യം ഉന്നയിച്ച്‌ ഞാന്‍ ചെന്നാല്‍ ദേഹോപദ്രവമേല്‍പ്പിക്കാതെ പറഞ്ഞുതരാന്‍ സമ്മതിച്ചാല്‍ മാത്രം...

(പണ്ട്‌ സുരേഷ്‌ ഗോപിയും ഏതോ സിനിമയില്‍ കൊലപാതകത്തിന്‌ സാക്ഷിയാകുകയും പള്ളീലച്ഛനാവുകയും പോലീസാകുകയും ഒക്കെ ചെയ്തില്ലേ എന്നൊരു ഡൌട്ട്‌.. ഒാ... അത്‌ കുഴപ്പമില്ല, ഡോണ്‍ ആയില്ലല്ലോ... )

Rating : 3 / 10

Monday, July 11, 2011

വയലിന്‍ (Violin)



കഥ, തിരക്കഥ, സംഭാഷണം: വിജു രാമചന്ദ്രന്‍
സംവിധാനം: സിബി മലയില്‍

മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെ ഒരു ബംഗ്ളാവില്‍ (ഇപ്പോള്‍ പണയത്തിലാണത്രേ) കേക്കുണ്ടാക്കി കച്ചവടം നടത്തി ജീവിക്കുകയാണ്‌ ഏഞ്ചല്‍ (നിത്യാ മേനോന്‍). ആണ്‍ വര്‍ഗ്ഗത്തെ കണ്‍ മുന്നില്‍ കണ്ടാല്‍ തള്ളയ്ക്ക്‌ വിളിച്ച്‌ കല്ലെറിഞ്ഞ്‌ ഒാടിക്കുന്നതരം പ്രകൃതമാണ്‌ ഏഞ്ചലിണ്റ്റേത്‌. മാത്രമല്ല, ഏഞ്ചലാണ്‌ വീടിണ്റ്റെ ഭരണവും.

ഈ വീടിണ്റ്റെ മുകളിലത്തെ നിലയില്‍ താമസിക്കാനായി ഇതിണ്റ്റെ ഇപ്പോഴത്തെ ഉടമസ്ഥാവകാശമുള്ള വിജയരാഘവന്‍ പറഞ്ഞുവിട്ടതനുസരിച്ച്‌ വരുന്ന ആളാണ്‌ എബി (ആസിഫ്‌ അലി). വിജയരാഘവന്‍ മാനേജറായ ഒരു കമ്പനിയില്‍ രാജകുമാരി എന്ന സ്ഥലത്തുനിന്ന് പള്ളീലച്ഛന്‍ പറഞ്ഞ്‌ വിട്ടിട്ട്‌ എത്തുന്നതാണത്രേ ഈ എബി.

അങ്ങനെ വീടിണ്റ്റെ മുകളില്‍ താമസമാക്കിയ എബിയെയും കടിച്ചുകീറാനും കല്ലെറിഞ്ഞ്‌ കൊല്ലാനും നില്‍ക്കുന്ന ഈ ഏഞ്ചല്‍ എബിയുടെ ഒരു വയലിന്‍ വായനിയിലൂടെ ക്ളീന്‍ ഒൌട്ട്‌... ഒാടിക്കയറിയില്ലേ വീടിണ്റ്റെ മുകളിലത്തെ നിലയിലേയ്ക്ക്‌... ഭാഗ്യത്തിന്‌ എബിയുടെ മെക്കിട്ട്‌ കയറിയില്ല... പക്ഷേ, പാട്ട്‌ പാടി വട്ടം ചുറ്റി സെറ്റപ്പായി. അങ്ങനെ വളരെ എളുപ്പത്തില്‍ അവരെ ഒരു വഴിയ്ക്കക്കാന്‍ രചയിതാവിനും സംവിധായകനും കഴിഞ്ഞു.

ഏഞ്ചലിണ്റ്റെ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌.... അതില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ ലൌ സ്റ്റോറി സ്മൂത്ത്‌ ആയി തോന്നുകയും ബോറടിക്കുകയും ചെയ്യുമല്ലോ... അതുകൊണ്ട്‌ മാത്രം ഈ കഷ്ടപ്പാടുകളുടെ ഫ്ലാഷ്‌ ബാക്ക്‌..

എന്നാല്‍ പിന്നെ, നായകനും കഷ്ടപ്പാടില്ലെങ്കില്‍ എങ്ങനെ മാച്ച്‌ ആകും? നായകണ്റ്റെ അച്ഛനെ തളര്‍ത്തി കസേരയില്‍ കയറ്റി പള്ളിവക വൃദ്ധസദനത്തില്‍ ഇരുത്തി.

അങ്ങനെ സംഭവങ്ങള്‍ മുന്നോട്ട്‌ പോയാല്‍ വീണ്ടും ബോറടിക്കുമെന്നതിനാല്‍ ഒരു വില്ലനെ വരുത്തണം.. വരുത്തേണ്ടിവന്നില്ല, പുള്ളിക്കാരന്‍ നേരത്തെ അവിടെയൊക്കെത്തന്നെ ഉണ്ട്‌.. പിന്നെ, ഒരു ബലാത്സംഗം (ഏയ്‌... ഒന്നും കാണിക്കില്ല, അതെങ്കിലും ഉണ്ടല്ലോ എന്ന അമിത പ്രതീക്ഷവേണ്ട...), കൊലപാതകം, നായകണ്റ്റെ പ്രതികരണം, വില്ലണ്റ്റെ പ്രതികരണത്തിന്‍മേല്‍ പ്രതികരണം, നായികയുടെ ദുരന്തം, വയലിനിലൂടെ കരകയറ്റം എന്നിവയൊക്കെ തുടര്‍ന്ന് കാണാം.
അതിന്നിടയ്ക്ക്‌ കുറച്ച്‌ പാട്ടുകള്‍... ബോറടിക്കുമ്പോള്‍ പാട്ട്‌ കേട്ട്‌ ബോറടിച്ചോളൂ എന്ന് സാരം...

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ്‌ ആയി തോന്നിയത്‌ ആസിഫിണ്റ്റെ സുഹൃത്തായി വരുന്ന അഭിലാഷ്‌ എന്ന ചെറുപ്പക്കാരന്‍. ഇയാല്‍ ഈ സിനിമയ്ക്ക്‌ ഒരു ഉണര്‍വ്വ്‌ നല്‍കി. ഈ കഥാപാത്രത്തിനായി എഴുതിയ സംഭാഷണം ഒരുക്കിയ രചയിതാവും അഭിനന്ദനം അര്‍ഹിക്കുന്നു.

ആസിഫ്‌ അലിയും തണ്റ്റെ റോള്‍ നന്നായി അഭിനയിച്ചു.

നിത്യാമേനോന്‍ ചിലസ്ഥലങ്ങളില്‍ അഭിനയിച്ച അഭിനയം കണ്ട്‌ പ്രേക്ഷകര്‍ക്ക്‌ വല്ലാത്ത ടെന്‍ഷനാകും. ഉദാഹരണത്തിന്‌, എബിയുടെ ഡാഡിയെ കാണുന്ന രംഗത്തില്‍ നായികയുടെ വികാരവിക്ഷോഭങ്ങള്‍ കണ്ടാല്‍ 'ഇനി ഈ മനുഷ്യന്‍ ഇവളുടെ നേരത്തേ അറിയുന്ന ആരെങ്കിലുമാണോ' എന്ന് സംശയം തോന്നും. കുറച്ച്‌ സമയമെടുക്കും ആ ടെന്‍ഷന്‍ മാറാന്‍.

സംഘട്ടനരംഗങ്ങള്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നു എന്നതാണ്‌ മറ്റൊരു കാര്യം. അതുപോലെ ഛായാഗ്രഹണവും മികവുപുലര്‍ത്തി. ഒരു ഗാനം മികച്ചതായിരുന്നു. മറ്റൊരു ഗാനം തരക്കേടില്ല, പക്ഷേ, അനവസരത്തില്‍ കൊണ്ടുവന്ന് ബോറടിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്‌.

'മ്യൂസിക്‌ തെറാപ്പി'യെക്കുറിച്ച്‌ പള്ളീലച്ഛനായ ജനാര്‍ദ്ദനനെക്കൊണ്ട്‌ ഇടയ്ക്കിടെ പറയിപ്പിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 'കാള വാലുപൊക്കുന്ന കണ്ടാല്‍ അറിയില്ലേ..' എന്ന് തുടങ്ങുന്ന പഴമൊഴി ഒാര്‍ത്താല്‍ മതി. അതായത്‌, തളര്‍ന്ന് വീല്‍ ചെയറില്‍ ഇരിയ്ക്കുന്ന എബിയുടെ ഡാഡിയെ നായിക വയലിന്‍ വായിപ്പിച്ച്‌ ചലിപ്പിച്ചു. കൈ വെയ്ക്കാന്‍ തുടങ്ങിയതാണെന്ന് തോന്നുന്നു.. പ്രേക്ഷകര്‍ അത്‌ അനുഗ്രഹിക്കാനാണെന്ന് തെറ്റിദ്ധരിച്ചു.

ഇതിനുപകരമായി ക്ളൈമാക്സ്കില്‍ ഡോക്ടറെയും വൈദ്യശാസ്ത്രത്തേയും വയലിന്‍ ഉപയോഗിച്ച്‌ നായകന്‍ നേരിട്ട്‌ തോല്‍പ്പിച്ച്‌ കാര്യങ്ങള്‍ റെഡിയാക്കി.. ഇനി ആര്‍ക്കെങ്കിലും മ്യൂസിക്‌ തെറാപ്പിയെക്കുറിച്ച്‌ സംശയമുണ്ടോ? ഉണ്ടാകരുത്‌... അതാണ്‌ നേരത്തേ തന്നെ കാര്യങ്ങള്‍ പറഞ്ഞുവെച്ചത്‌.

കുറേയൊക്കെ ബോറടിപ്പിച്ചു എന്നല്ലാതെ, പ്രേക്ഷകമനസ്സിനെ ഒന്ന് സ്പര്‍ശിക്കാന്‍ പോലും സാധിക്കാത്ത ഒരു ചിത്രം എന്നുമാത്രമേ ഈ സിനിമയെ വിശേഷിപ്പിക്കാനുള്ളൂ.

(Rating : 3.5 / 10)

Saturday, July 09, 2011

സോള്‍ട്ട്‌ & പെപ്പര്‍ (Salt & Pepper)



കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍
സംവിധാനം: ആഷിക്‌ അബു

ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന ഭക്ഷണപ്രിയനും അവിവാഹിതനുമായ കാളിദാസണ്റ്റെ (ലാല്‍) ചേച്ചിയുടെ മകനായ മനു (ആസിഫ്‌ അലി) ജോലി അന്വേക്ഷണവുമായി എത്തി കാളിദാസനോടൊപ്പം താമസിക്കുന്നു. കാളിദാസണ്റ്റെ വീട്ടില്‍ കുക്ക്‌ ആയി ബാബു (ബാബുരാജ്‌) കൂട്ടിനുണ്ട്‌. പണ്ടൊരിക്കല്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ ചെന്ന്‌ അവിടത്തെ നെയ്യപ്പം കഴിച്ചതിനെത്തുടര്‍ന്ന്‌ അതുണ്ടാക്കിയ ആ വീട്ടിലെ കുക്കായ ബാബുവിനേയും കൂട്ടിയാണ്‌ കാളിദാസന്‍ ആ വീട്‌ വിട്ടത്‌. മസില്‍മാനാണെങ്കിലും വളരെ നിഷ്കളങ്കപ്രകൃതവും കാളിദാസനോട്‌ തികഞ്ഞ സ്നേഹവും ബഹുമാനവുമുള്ള ആളാണ്‌ ബാബു.

സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍) ബന്ധുവായ മീനാക്ഷിയോടൊപ്പം (മൈഥിലി) പേയിംഗ്‌ ഗസ്റ്റായി ഒരു ബ്യൂട്ടീഷ്യണ്റ്റെ (കല്‍പന) വീട്ടില്‍ താമസിക്കുന്നു.

ഇതിന്നിടയില്‍ ആര്‍ക്കിയോളജിസ്റ്റ്‌ ഡിപ്പാര്‍ട്ട്‌ മെണ്റ്റിലെ ഉയര്‍ന്ന ഉദ്യേഗസ്ഥനായി വിജയരാഘവനും രംഗത്തുണ്ട്‌. പക്ഷേ, ഈ കഥാഭാഗം വേണ്ടത്ര രസകരമായി തോന്നിയില്ല.

പൊതുവേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത കാളിദാസന്‌ മനു കൊണ്ടുവന്ന ഫോണ്‍ ഉപയോഗിക്കേണ്ടിവരുന്നു. ഒരിക്കല്‍ മായ ഡബ്ബിങ്ങിനിടയില്‍ വിശന്ന്‌ തിരക്കിട്ട്‌ 'തട്ടില്‍ കുട്ടിദോശ' ഫോണ്‍ ചെയ്ത്‌ ഓര്‍ഡര്‍ ചെയ്ത കോള്‍ തെറ്റി വന്നത്‌ കാളിദാസനാണ്‌. തുടര്‍ന്ന്‌ കാളിദാസണ്റ്റെ ഭാഗത്തുനിന്ന്‌ മനുവും മായയുടെ ഭാഗത്ത്‌ നിന്ന്‌ മീനാക്ഷിയും ഇടപെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ തെറ്റിദ്ധാരണകളും സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

കാര്യമായ കൂട്ടിക്കുഴക്കലുകളോ തെറ്റിദ്ധാരണകളുടെ നൂലാമാലകളോ ഇല്ലാത്ത ലളിതമായ ഒരു കഥയെ പ്രേക്ഷകനെ കാര്യമായി ദ്രോഹിക്കാതെ പലപ്പോഴും വളരെ രസകരമായ സംഭവങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി അവിടവിടെ ഒരല്‍പം സ്നേഹവും നൊമ്പരവും ചേര്‍ത്ത്‌ സുഖകരമായ ഒരു അനുഭവമാക്കിത്തീര്‍ത്ത ഒരു ചെറിയ നല്ല ചിത്രം എന്ന്‌ ഈ സിനിമയെ വിശേഷിപ്പിക്കാം.

ആസിഫ്‌ അലിയും ലാലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്തു.

മൈഥിലിയും തണ്റ്റെ വേഷത്തോട്‌ നീതിപുലര്‍ത്തി.

ശ്വേതാമേനോന്‍ വളരെ പക്വമായ അഭിനയത്തോടെ മികച്ചുനിന്നു.

ഈ ചിത്രത്തില്‍ ഏറ്റവും എടുത്തുപറയേണ്ട പ്രകടനം ബാബുരാജിണ്റ്റേതായിരുന്നു. ഹാസ്യം ഇത്ര നന്നായി ബാബുരാജ്‌ കൈകാര്യം ചെയ്യുമെന്ന് പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കിത്തരുന്നു ഈ ചിത്രം. ബാബുരാജിന്‌ തണ്റ്റെ സ്ഥിരം ഗുണ്ടാ, പോലീസ്‌ വേഷങ്ങളില്‍ നിന്ന് ഇതൊരു നല്ല ബ്രേക്ക്‌ ആവാന്‍ സാദ്ധ്യതയുണ്ട്‌.

ഈ ചിത്രത്തിലെ ഗാനങ്ങളും നന്നായിരുന്നു എന്ന് തോന്നി.

ചിത്രത്തിണ്റ്റെ അവസാനം 'അവിയല്‍' എന്ന ബാണ്റ്റിണ്റ്റെ പ്രകടനവും ഇഷ്ടപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ഒരല്‍പ്പം ഇഴച്ചില്‍ ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രം പൊതുവേ ഒരു ചെറുചിരിയോടെ സുഖമായി കണ്ട്‌ ആസ്വദിക്കാവുന്ന ഒന്നാണ്‌.

വളരെ ലളിതമായ കഥയും സംഭവങ്ങളും കോര്‍ത്തിണക്കി എങ്ങനെ ഒരു രസകരമായ കൊച്ചു സിനിമ സൃഷ്ടിക്കാം എന്ന് മനസ്സിലാക്കിത്തരുന്നു ഈ ചിത്രം.

സോള്‍ട്ട്‌ & പെപ്പറിണ്റ്റെ രുചി പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ ഒരു അനുഭവമായിരിക്കും.

Rating : 6 / 10