Showing posts with label വിജയ് ബാബു. Show all posts
Showing posts with label വിജയ് ബാബു. Show all posts

Friday, May 22, 2015

നീന (Nee-Na)


രചന : ആര്‍ വേണുഗോപാല്‍
സംവിധാനം: ലാല്‍ ജോസ്

ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറ് ആയി ജോലി ചെയ്യുന്ന മിടുക്കിയാണെന്ന് പറയപ്പെടുന്ന നീന എന്ന പെണ്കുട്ടി മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമാണ്.  ആ കമ്പനിയുടെ തലവനായി  പുതിയതായി എത്തുന്ന വിജയ് പണിക്കറ് നീനയെ അടുത്തറിയാന്‍ ശ്രമിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ഇടപെടുകയും ചെയ്യുന്നു.

ഇവരുടെ സൌഹൃദം തുടരുമ്പോള്‍ ഇവരുടെ ജീവിതങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

വളരെ പുതുമകളുള്ള തുറന്ന അവതരണമാണെന്നൊക്കെയുള്ള തോന്നലുണ്ടാക്കുന്ന പലതും ഈ ചിത്രത്തിലുണ്ടെങ്കിലും വളരെ കൃത്രിമമായ കഥാസന്ദര്‍ഭങ്ങളും വല്ലാതെ ബോറടിപ്പിക്കുന്ന സാഹചര്യങ്ങളും ഈ ചിത്രത്തില്‍ ഒരുപാടുണ്ട്.

വിജയ് പണിക്കരുടെ ഭാര്യ ബോംബെയിലായാലും കൊച്ചിയിലായാലും ഒരു നിസ്സംഗഭാവത്തില്‍ വലിയൊരു വട്ടപ്പൊട്ടും തൊട്ട് വെള്ള സെറ്റുമുണ്ടും ഉടുത്ത് ഒരേ ഇരിപ്പാണ്.  ഭര്‍ത്താവ് മറ്റൊരു പെണ്ണിനോടൊത്ത് തെണ്ടി നടന്ന് പാതിരായായാലും ഒരു കുഴപ്പവുമില്ലാത്ത ഒരു പാവം.  
അതേപോലെ , നീനയുടെ ലഹരിവിമുക്തിയ്ക്ക് വേണ്ടി ആ പെണ്കുട്ടിയോടൊപ്പം ഇരുപത് ദിവസത്തിലധികം എവിടെയോ പോയി താമസിക്കുന്നതിനും കാര്യമായ വിരോധമൊന്നും തോന്നുന്നില്ല.  പക്ഷേ, ടെന്ഷന്‍ വരുമ്പോള്‍ വാരി വലിച്ച് കഴിക്കുമത്രേ.  ഈ ടെന്ഷന്‍ കാണിക്കാന്‍ ഈ പാവത്തിനെക്കൊണ്ട് എന്തൊക്കെയോ തീറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍.

തുടക്കം മുതല്‍ തന്നെ അഭിനയത്തിലും ഡയലോഗ് അവതരണത്തിലും കൃത്രിമത്വവും അഭംഗിയിയും വളരെ പ്രകടമാണ്.  അതും പോരാതെ പ്രേക്ഷകരെ അക്ഷമരാക്കുന്ന വലിച്ചുനീട്ടലുകളും.  

നീന തന്‍റെ കഥ പറയാന്‍ വിജയിനെയും കൊണ്ട് എവിടെയൊക്കെയോ പോകുന്നു. ആകെ രണ്ട് വരി കഥയേ പറയാനുള്ളുതാനും.

ഇതൊരു വളരെ പുതുമയുള്ളതും ഗംഭീരവുമായ സിനിമയാണെന്ന് തോന്നിക്കാന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1.  മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമായ പെണ്കുട്ടിയ്ക്ക് സൌഹൃദം ചേരിയിലെ ഗുണ്ടകളോടാണ്‍
2. ഈ പെണ്കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ ഗേ കപ്പിള്‍സ് ആണ്‍
3.  ഈ പെണ്കുട്ടി പുതുവര്‍ഷം ആഘോഷിക്കുന്നത് പെണ്‍ സുഹൃത്തുക്കളോടൊപ്പം കുടിച്ച് ഉന്മാദിച്ചാണ്‍
4.  എപ്പോഴും ബുള്ളറ്റ് ഓടിച്ച് നടക്കുന്നു
5.  നിശാക്ലബ്ബില്‍ കുടിച്ച് നൃത്തമാടുമ്പോള്‍ നായകനോട് കിസ്സ് മി എന്ന് ചെവിയില്‍ മന്ത്രിക്കുന്നു.

ഇതൊക്കെ പോരേ ഇതൊരു ബോള്‍ഡ് ആണ്ട് ന്യൂ സിനിമ ആവാന്‍?

ഒരു ലഹരി വിമുക്ത സ്ഥാപനത്തില്‍ നീന എത്തുന്നതോടെ ഈ സിനിമ ഒരു ഡോക്യുമെന്‍ററിയായി രൂപാന്തരം സംഭവിക്കുന്നു. 

അമിതമദ്യപാനികള്‍ക്കും അമിത മദ്യപാനത്തിലേയ്ക്ക്പോകാന്‍ താല്‍പര്യമുള്ളവര്‍ക്കും ലഹരി വിമുക്ത കേന്ദ്രത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാന്‍ ഉല്‍സുകരായവര്‍ക്കും ഈ എപ്പിസോഡ് ഗുണകരമായേക്കും. അല്ലാത്തവര്‍ ബോറടിച്ച് മരിക്കും.

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ് ആയ ഒരു കഥാസന്ദര്‍ഭമുണ്ട്. ലഹരിയില്‍ നിന്ന് മുക്തമാകാന്‍ നീന ശ്രമിക്കുമ്പോള്‍ നീന അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്.  അവിടെ ചില പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ ഈ പെണ്കുട്ടി വിജയിക്കുന്നതായും കാണിക്കുന്നു.  പിന്നീട് അവസാന ഭാഗത്ത് നമ്മള്‍ മനസ്സിലാക്കുന്ന ഒരു വലിയ സത്യമുണ്ട്.  ലഹരിയില്‍ നിന്ന് വിമുക്തമാകാന്‍ കഷ്ടപ്പെടുന്ന കൂട്ടത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനില്‍ നിന്ന് മനസ്സ് മാറ്റാന്‍ , വിട്ട് മാറാനായി ഈ പെണ്കുട്ടി മാനസികമായി ഒരുപാട് കഷ്ടപ്പെടുകയും അതിന്‍റെ വേദനകള്‍ അനുഭവിക്കുകയും ചെയ്തിരുന്നു എന്നത്.

പക്ഷേ, നീന എന്തിനാണ്‍ റഷ്യയില്‍ കറങ്ങി നടക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവില്ല.  ഒരു ഇംഗ്ലീഷ് ഗാനത്തിന്‍റെ അകമ്പടിയോടെ ചുമ്മാ നടപ്പ് തന്നെ. അത് ഇന്ത്യയില്‍ തന്നെ എവിടേലും ആണെങ്കിലും ഒരു കുഴപ്പോം സംഭവിക്കില്ലായിരുന്നു. J

വിജയ് ബാബു പലപ്പോഴും സഹനീയമായിരുന്നെങ്കിലും ദീപ്തി സതി അത്രയ്ക്ക് സഹനീയമല്ല.

സാധാരണ പ്രേക്ഷകര്‍ക്കോ ഒരല്‍പ്പം അസാധാരണപ്രേക്ഷകര്‍ക്കോ അത്രയ്ക്കൊന്നും കണക്റ്റ് ആകുന്നതോ ആസ്വാദ്യകരമോ ആയ ഒന്നും തന്നെ ഈ സിനിമയിലില്ലെങ്കിലും പുരോഗമനപരവും വളരെ മുന്നോക്കം നില്‍ക്കുന്ന മനസ്സുണ്ടെന്ന് സ്വയം വിചാരിക്കുന്നതുമായ മെട്രോ പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ അഭിമാനമുള്ളതായി കാണുന്നു.

Rating : 4 / 10