Showing posts with label എസ്‌.എല്‍. പുരം ജയസൂര്യ. Show all posts
Showing posts with label എസ്‌.എല്‍. പുരം ജയസൂര്യ. Show all posts

Sunday, October 25, 2009

എയ്ഞ്ചല്‍ ജോണ്‍



കഥ, സംവിധാനം : എസ്‌.എല്‍. പുരം ജയസൂര്യ
തിരക്കഥ : മനാഫ്‌, എസ്‌.എല്‍. പുരം ജയസൂര്യ
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
നിര്‍മ്മാണം: നാരായണദാസ്‌

ബാങ്ക്‌ മാനേജരായ അച്ഛണ്റ്റെ വേഷത്തില്‍ ലാലു അലക്സും മകനെ എന്തിനും സപ്പോര്‍ട്ട്‌ ചെയ്യുന്ന അമ്മയായി അംബികയും അവരുടെ തലതെറിച്ച കൌമാരക്കാരനായ മകനായി 'മറഡൊണ' എന്ന പേരില്‍ ശാന്തനു ഭാഗ്യരാജും അടങ്ങുന്ന ഈ കഥയില്‍ വഴി പിഴച്ച്‌ ആത്മഹത്യയിലെത്തിച്ചേരുന്ന മറഡോണയെ ജീവിതത്തിലേയ്ക്ക്‌ കൊണ്ടുവരുന്ന മാലാഖയായി 'എയ്ഞ്ചല്‍ ജോണ്‍' മോഹന്‍ ലാല്‍ രംഗപ്രവേശം ചെയ്യുന്നു.

66 വയസ്സുവരെ സുഖദുഖങ്ങളടങ്ങിയ മാനുഷികജീവിതം ഒരു വശത്തും അതല്ലെങ്കില്‍ അതിണ്റ്റെ മൂന്നിലൊന്ന് കാലാവധിയുള്ള എല്ലാ ആഗ്രഹങ്ങളും ഉടനെ ലഭ്യമാക്കിക്കൊണ്ടുള്ള മറ്റൊരുജീവിതവും എന്ന ഒാഫര്‍ ലഭിക്കുമ്പോള്‍ തലതെറിച്ച പയ്യന്‍ രണ്ടാമത്തെ ഒാഫര്‍ സ്വീകരിക്കുന്നു. 'വയസ്സാന്‍ കാലത്ത്‌ സൌഭാഗ്യങ്ങള്‍ കിട്ടുന്നതിനേക്കാല്‍ എല്ലാം നേരത്തേ തന്നെ കിട്ടട്ടെ' എന്നതാണ്‌ പയ്യണ്റ്റെ പോളിസി. പക്ഷേ, കൊമേര്‍സ്‌ ബിരുദം രണ്ട്‌ പേപ്പര്‍ കൂടി കിട്ടാനുള്ളതിനാലാണോ എന്നറിയില്ല, 66 ണ്റ്റെ മൂന്നിലൊന്ന് എന്നത്‌ 22 വയസ്സാണെന്ന് പയ്യന്‌ കണക്ക്‌ കൂട്ടാന്‍ കഴിയാതെ വരികയും കുറച്ച്‌ ദിവസത്തിനുള്ളില്‍ ആ വയസ്സ്‌ തികഞ്ഞ്‌ ഇഹലോകം വെടിയാന്‍ ടൈം ആകുകയും ചെയ്യുന്നു.

ചോദിച്ച ഉടനെ വരം എടുത്ത്‌ കൊടുക്കുകയും പയ്യനെ ഉപദേശിച്ചും നല്ലവഴികാണിച്ചും നേരെയാക്കാനും ആണ്‍ വേഷത്തിലുള്ള മാലാഖ (നമ്മുടെ ലാലേട്ടന്‍) കിണഞ്ഞ്‌ പരിശ്രമിക്കുകയും ചെയ്യുന്നു.

വളരെ ദയനീയമായി, അസ്വസ്ഥതയോടെ കണ്ടിരിക്കേണ്ടി വന്ന ആവറേജില്‍ താഴെമാത്രം നിലവാരമുള്ള സിനിമയാണ്‌ ഇതെന്ന് പച്ചയായി പറയാതെ നിവര്‍ത്തിയില്ല. പോതുവേ ഒഴിഞ്ഞ്‌ കിടന്ന തിയ്യറ്റരില്‍ നിന്ന് സിനിമയുടെ പല ഭാഗങ്ങളിലായി ബാക്കിയുള്ളവരെക്കൂടി ഇറക്കിവിടാന്‍ സാധിച്ചു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകരുടെ എടുത്ത്‌ പറയാവുന്ന നേട്ടം.

ശാന്തനു ഭാഗ്യരാജ്‌ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മോശമായില്ല. പക്ഷേ, പയ്യണ്റ്റെ പല തോന്ന്യാസങ്ങളും ഒരല്‍പ്പം അരോചകമായിരുന്നു. മറഡോണയുടെ കാമുകിയായി അഭിനയിച്ച പെണ്‍കുട്ടി തണ്റ്റെ ഭാഗം ഭംഗിയായി നിറവേറ്റി.

ചിത്രത്തിലെ ഗാനരംഗം കാര്യമായ താല്‍പര്യം ജനിപ്പിച്ചില്ല.

വഴിപിഴച്ച യുവത്വത്തെ നമ്മയുള്ള മനസ്സിലേയ്ക്ക്‌ നയിക്കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശമാണ്‌ ഈ കഥയില്‍ ശ്രമിക്കുന്നതെങ്കില്‍ ആ ശ്രമം വിഫലമായിപ്പോയി.

കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഈ ചിത്രം കണ്ടിരിക്കുന്നതിനിടയില്‍ പലവട്ടം അസഹനീയതയുടെ നെടുവീര്‍പ്പ്‌ വന്നുകൊണ്ടേയിരുന്നു.

ഇങ്ങനെയുള്ള സിനിമകള്‍ എടുക്കാനും അത്‌ ജനങ്ങളെ കാണിക്കാനും ഇതിണ്റ്റെ നിര്‍മ്മാതാവ്‌ കണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.

ദൈവമായും മാലാഖയായും ശ്രീ. മോഹന്‍ലാല്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്ര അനുഗ്രഹീത കലാകാരനായ അദ്ദേഹം എങ്ങനെ ഇത്തരം ചിത്രങ്ങളില്‍ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതം തന്നെ.

ഇനി പിശാചായി പ്രേക്ഷകരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ഒരു ചിത്രത്തില്‍ അദ്ദേഹം ഉടനെ അഭിനയിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.