Showing posts with label ടിനി ടോം. Show all posts
Showing posts with label ടിനി ടോം. Show all posts

Sunday, September 28, 2014

വെള്ളിമൂങ്ങ (Vellimoonga)


കഥ : ജോജി തോമസ്, ജിബു ജേക്കബ്
തിരക്കഥ, സംഭാഷണം : ജോജി തോമസ്
സംവിധാനം : ജിബു ജേക്കബ്


അപ്പന്‍റെ ആദര്‍ശ രാഷ്ട്രീയം കൊണ്ട് കുടുംബം വഴിയാധാരമായതിനെത്തുടര്‍ന്ന് മൂത്ത മകനായ മാമച്ചന്‍ ഒരു ദിവസം ഖദറ് ഇടേണ്ടിവരുന്നു.  ആ ഖദറാണ്‍ തന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഗുണകരമെന്ന് അന്നത്തെ ദിവസം മാമച്ചന്‍ തിരിച്ചറിഞ്ഞു. ഇത് മാമച്ചന്‍ എന്ന തന്ത്രശാലിയായ മനുഷ്യന്‍റെ കഥയാണ്. മാമച്ചനിട്ട ഖദറിന്‍റെ കഥ.


ഇതൊരു രാഷ്ട്രീയ ചിത്രമല്ല. പക്ഷേ, രഷ്ട്രീയം പശ്ചാത്തലമാക്കി മാമച്ചന്‍ എന്ന കഥാപാത്രത്തിന്‍റെ വികാരവിചാരങ്ങളേയും അദ്ദേഹത്തിന്‍റെ കുശാഗ്രബുദ്ധിയോടെയുള്ള മുന്നേറ്റങ്ങളേയും രസകരമായി ചിത്രീകരിച്ചിരിക്കുന്നു.

വലിയ പ്രതീക്ഷകളൊന്നും തരാതെ പതുക്കെ തുടങ്ങിയശേഷം ഈ കഥ രസകരമായ രീതിയിലേയ്ക്ക് വളരുന്നതായാണ് നമുക്ക് കാണാന്‍ സാധിക്കുക. മാമച്ചന്‍ എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകന്‍ സഞ്ചരിച്ചുതുടങ്ങുമ്പോളാണ് അദ്ദേഹത്തിന്‍റെ പല ഭീകരതകളും നമുക്ക് മനസ്സിലാകുന്നത്.

മാമച്ചനെക്കുറിച്ച് നാട്ടുകാര്‍ പറയുന്ന കാര്യം എന്ന് പറഞ്ഞുകൊണ്ട് മാമച്ചന്‍റെ അമ്മ പറയുന്ന ഒരു ഡയലോഗുണ്ട്…

"ഇന്നും ജീപ്പിന്‍റെ മുന്സീറ്റില്‍ തന്നെ കയറിപ്പറ്റി അല്ലേ?  മുന്സീറ്റിലിരിക്കാന്‍ പറ്റാത്തോണ്ടാണ് നീ ഓട്ടോയില്‍ കയറാത്തതെന്നാ എല്ലാരും പറയുന്നേ  ...
കല്ല്യാണത്തിനുപോയാല്‍ കല്ല്യാണച്ചെക്കനാവണം, മരണവീട്ടില്‍ പോയാല്‍ പെട്ടിയില്‍ കിടക്കണം… ഇങ്ങനെ ഒരു നാണമില്ലാത്ത ഒരുത്തന്‍…."


ഇത് തന്നെ മതി മാമച്ചന്‍റെ കഥാപാത്രത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍.

ഒരു സ്വീകരണയോഗത്തിലേയ്ക്കുള്ള മാമച്ചന്‍റെ ഇടിച്ച് കയറ്റവും അതിന്‍റെ നടപടികള്‍ തുടങ്ങുമ്പോള്‍ മറ്റൊരു കഥാപാത്രം പറയുന്ന "മാമച്ചന്‍ പണി തുടങ്ങീ"  എന്ന ഡയലോഗും മാമച്ചന്‍റെ വരാന്‍പോകുന്ന വെടിക്കെട്ടിന്‍റെ സൂചനയാണ്.

പ്രേക്ഷകരെ മതിമറന്ന് ചിരിപ്പിക്കാന്‍ കഴിയുന്ന കുറേ രംഗങ്ങളുണ്ട് ഈ ചിത്രത്തില്‍.

അജുവര്‍ഗ്ഗീസ് എന്ന അഭിനേതാവ് ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും രസകരമായ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.


അയലത്തെ വീട്ടില്‍ താമസിക്കുന്ന മാമച്ചന്‍റെ പാപ്പന്‍റെ കാലില്‍ കുപ്പിച്ചില്ല് തറച്ചതിനെ പാമ്പ് കടിയാക്കി മാറ്റുന്ന സീന്‍ ഗംഭീരമായിരുന്നു.

മാമച്ചന്‍റെ പെണ്ണുകാണലും പ്രേക്ഷകരെ കുറേ നേരം ചിരിപ്പിക്കും.

രണ്ടാം പകുതിയിലേയ്ക്ക് കടക്കുന്നതോടെ ഈ ചിത്രം നര്‍മ്മത്തിന്‍റേയും കുതന്ത്രങ്ങളുടേയും മറ്റൊരു മേഖലയിലേയ്ക്ക് കടക്കുന്നു.

ഡല്‍ഹി യില്‍ ചെന്നിട്ടുള്ള ഇന്ത്യാഗേറ്റിനെക്കുറിച്ചുള്ള പരാമറ്ശം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കും.

അതുപോലെത്തന്നെ മാമച്ചന്‍റെ അനിയന്‍റെ കുട്ടിയുടെ "ലാലീ ലാലീ ലോ" വരികളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.

മരണവീട്ടില്‍ റീത്ത് വെക്കാനെത്തുന്ന മാമച്ചനെ കണ്ടപ്പോള്‍ "പെട്ടിയില്‍ ഒരു കണ്ണ് വേണം" എന്ന ഡയലോഗിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നവര്‍ക്ക് ചിരിയടക്കാനാവില്ല.  തുടര്‍ന്ന് ആ വിട്ടില്‍ നിന്ന് ജീപ്പ് റിവേര്‍സ് എടുത്ത് പോകുമ്പോഴുണ്ടാകുന്ന രസകരമായ സംഭവം തീയ്യറ്ററില്‍ കുറേ നേരം കൂട്ടച്ചിരി ഉയര്‍ത്തി.

മാമച്ചന്‍ എന്ന കഥാപാത്രം  ബിജുമേനോന്‍റെ ജീവിതത്തില്‍ എല്ലാക്കാലത്തും മികച്ചുനില്‍ക്കും.
രൂപവും ഭാവവും ചേഷ്ടകളും തന്ത്രങ്ങളും കൊണ്ട് പ്രേക്ഷകരെ മാമച്ചന്‍ അമ്പരിപ്പിക്കുന്നു.

അതുപോലെത്തന്നെ എടുത്ത് പറയേണ്ട ഒരു പ്രകടനമാണ്‌ അജുവര്‍ഗ്ഗീസിന്‍റേത്.  അവസരവും സ്വാതന്ത്ര്യവും കൊടുത്താല്‍ ഈ നടനില്‍ നിന്ന് ഇനിയും മികച്ച പ്രകടനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.

പാഷാണം ഷാജിയും ഹാസ്യത്തിന്‍റെ മേഖലകളില്‍ മികവോടെ നില്‍ക്കുന്നുണ്ട്.  ടിനി ടോം, കലാഭവന്‍ ഷാജോണ്‍ എന്നിവറ് മാമച്ചന്‍റെ ഈ സഞ്ചാരത്തില്‍ ശത്രുവോ മിത്രമോ എന്നറിയാതെ കൂടെയുണ്ട്.

അധികസമയം ഇല്ലെങ്കിലും ആസിഫ് അലി ഒരു നിര്‍ണ്ണായകമായ വേഷം ചെയ്യുന്നു.

നിക്കി എന്ന നടിയില്‍ നിന്ന് അഭിനയപ്രകടനം ഒന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ ക്ഷമിക്കാം.

ബിജിബാലിന്‍റെ മ്യൂസിക്കും ബാക്ക് ഗ്രൌണ്ട് സ്കോറും ചിത്രത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്.  ക്യാമറയും എഡിറ്റിങ്ങും നന്നായി.

ജോജി തോമസ് എന്ന പുതിയ തിരക്കഥാകൃത്തിന്‍റെ നര്‍മ്മത്തോടുള്ള അഭിരുചിയും മികവും ഈ ചിത്രത്തിലൂടെ പ്രകടമാണ്‍.  ജോജി തോമസില്‍ നിന്നും ഇനിയും മികച്ച സിനിമകള്‍ക്കുള്ള സംഭാവനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

പരിചയസമ്പന്നനായ മികച്ച ക്യാമറാമാന്‍റെ റോളില്‍ നിന്ന് ജിബു ജേക്കബ് മികച്ച ഒരു സംവിധായകനിലേയ്ക്കുള്ള സഞ്ചാരവും ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നു.

പ്രേക്ഷകരെ വളരെയധികം ആസ്വദിപ്പിക്കുന്ന, വലിയ ആശയക്കുഴപ്പങ്ങളോ കെട്ടുപിണഞ്ഞ കഥാസങ്കീര്‍ണ്ണതകളോ ഇല്ലാത്ത നല്ലൊരു എന്‍ററ്ടൈനറ് എന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തെ നിസ്സംശയം പറയാം

Rating : 6.5 / 10