Showing posts with label രഞ്ജിത് ശങ്കർ. Show all posts
Showing posts with label രഞ്ജിത് ശങ്കർ. Show all posts

Monday, December 01, 2014

വര്‍ഷം


രചന, സംവിധാനം : രഞ്ജിത് ശങ്കര്‍

ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വലിയ ദുരന്തത്തെ മറികടക്കാനും തുടര്‍ന്ന് ആ ഓര്‍മ്മകളും നഷ്ടവും, ജീവിതത്തിലെ വിജയമാക്കി മാറ്റാനും ശ്രമിച്ച് മുന്നോട്ട് പോകുന്ന ഒരു ശക്തമായ കഥാപാത്രമാണ്‍ ഈ ചിത്രത്തിലെ നായകനായ വേണു.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ പഴയ നല്ല ചില പ്രകടനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു റോള്‍ ആണ്‍  ഈ ചിത്രത്തിലും.

സ്ത്രീകളേയും ഒരു വിഭാഗം പ്രേക്ഷകരേയും കണ്ണീരണിയിക്കാന്‍ ഈ ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സാധിച്ചിരിക്കുന്നു.

ആദ്യപകുതിയിലെ ഒരു തീവ്രതയും ആഴവും രണ്ടാം പകുതിയില്‍ ഉണ്ടായില്ല എന്നതാണ്‍ ഒരു ന്യൂനത.  മാത്രമല്ല, ഇത് മാനസികമായി അത്തരം വിഷമതകളിലൂടെ കടന്നുപോയവരെയും അല്ലെങ്കില്‍ അങ്ങനെ മനസ്സിനെ കണക്റ്റ് ചെയ്യാവുന്നവരേയും മാത്രമേ ശക്തമായി സ്വാധീനിക്കൂ എന്നതും ഒരു വസ്തുതയാണ്‍.

ഒരു എന്‍റര്‍ടൈനറ് എന്ന രീതിയില്‍ സിനിമയെ കാണുന്ന ഇപ്പോഴത്തെ പ്രേക്ഷകരെ ഈ ചിത്രം തൃപ്തിപ്പെടുത്തുകയില്ല.


Rating : 6 / 10

Sunday, January 05, 2014

Punyalan Agarbattis (പുണ്യാളന്‍ അഗര്‍ബത്തീസ്)

കഥ, സംഭാഷണം, സംവിധാനം: രഞ്ജിത് ശങ്കർ
തിരക്കഥ: അനില്‍ കുര്യന്‍, അഭയകുമാര്‍, രഞ്ജിത്‌ ശങ്കര്‍
നിർമ്മാണം: രഞ്ജിത് ശങ്കർ, ജയസൂര്യ
അഭിനേതാക്കൾ: ജയസൂര്യ, നൈല ഉഷ, അജു വർഗ്ഗീസ്, രചൻ നാരായണൻകുട്ടി
സംഗീതം: ബിജിബാൽ
ക്യാമറ: സുജിത് വാസുദേവ്
ചിത്രസംയോജനം: ലിജോ പോൾ

രഞ്ജിത് ശങ്കറിന്റെ നാലാമത്തെ ചലച്ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ രചന, നിർമ്മാണം എന്നിവയും രഞ്ജിത് ഇത്തവണ ചെയ്തിരിക്കുന്നു.

പുണ്യാളൻ അഗർബത്തീസ് എന്ന ചന്ദനത്തിരി കമ്പനി തുടങ്ങി അതൊന്ന് പച്ചപിടിപ്പിക്കാനായി പെടാപ്പാട് പെടുന്ന സംരംഭകനായ ജോയി താക്കോൽക്കാരന്റെ കഥയാണ് ഈ സിനിമ. മിഥുനം, വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങളിൽ കണ്ട സാമൂഹ്യവ്യവസ്ഥിതിക്കെതിരേ പൊരുതുന്ന നായകൻ തന്നെയാണ് ജോയ്. എന്നാൽ മുൻ‌‌കാല ചിത്രങ്ങളുടെ നിഴലിൽ നിൽക്കാതെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ജോയിക്ക് ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. ഒരു പോരായ്മയായി തോന്നിയത്, മുന്നേ വന്ന സിനിമകളിൽ, നായകർ തങ്ങളുടെ തന്നെ വ്യവസായത്തിൽ സിനിമയുടെ അവസാനം വിജയികൾ ആകുമ്പോൾ ഇവിടെ നായകൻ രാഷ്ട്രീയത്തിലേയ്ക്ക് മാറി അതുവഴി തന്നെയും വ്യവസായത്തേയും വിജയിപ്പിക്കുന്നു എന്ന രീതിയിലായി എന്നതാണ്.

സംവിധായകനായി രഞ്ജിത്തും നടനായി ജയസൂര്യയും വളരെ വലിയ ഒരു വളർച്ചയാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും എല്ലാം കഥയോട് ചേർന്ന് പോകുന്നതും ഏച്ച് കെട്ടലുകൾ ഇല്ലാത്തതും ആയി എന്നത് രഞ്ജിത്തിന്റെ രചനാമികവിന് തെളിവായി. അഭിനേതാക്കളായി വന്ന മറ്റ് നടന്മാരും നടിമാരും എല്ലാവരും സ്വന്തം ഭാഗം ഭംഗിയാക്കി. പ്രത്യേകം എടുത്ത് പറയേണ്ടത് ശ്രീജിത്ത് രവിയുടേയും സുനിൽ സുകടയുടേയും പേരുകളാണ്. സിനിമയുടെ തുടക്കത്തിലും അവസാനത്തിലും  കാണിക്കുന്ന കാർട്ടൂണുകളും പുതുമ നിറഞ്ഞ ഒരു അനുഭവമായി. സംഗീതവും ആസ്വദിക്കത്തക്കതായത് സിനിമയുടെ മാറ്റ് കൂട്ടി. തൃശൂരിന്റെ പ്രകൃതിഭംഗിയും സുജിത് വാസുദേവ് നന്നായി പകർത്തിയിട്ടുണ്ട്.

മനസ്സറിഞ്ഞ് ആസ്വദിച്ച് സിനിമ കാണാൻ പറ്റിയ ഒരു ചലച്ചിത്രം തന്നെയാണ് പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

എന്റെ റേറ്റിങ്ങ് 4/5

Saturday, September 15, 2012

മോളി ആന്റി റോക്ക്സ് (Molly Aunty Rocks!)





രചന, സംവിധാനം: രഞ്ജിത് ശങ്കർ

അമേരിക്കയിൽ നിന്ന് നാട്ടിലെത്തി രണ്ട് വർഷക്കാലം കൂടി തന്റെ ബാങ്ക് ഉദ്യോഗം പൂർത്തിയാക്കി വൊളണ്ടറി റിട്ടയർമെന്റ് എടുത്ത് തിരിച്ചുപോകാനൊരുങ്ങുന്ന മോളി ആന്റി ജീവിതത്തിലും സമൂഹത്തിലും ഇവിടെ നിലനില്ക്കുന്ന ബ്യൂറോക്രാറ്റിക് ചുറ്റുപാടിലും നേരിടുന്ന കാര്യങ്ങളാണ്‌ ഈ ചിത്രം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

വളരെ സ്വാഭാവികവും സത്യസന്ധവുമായ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യപകുതി പ്രേക്ഷകർക്ക് ഒരു ചെറുപുഞ്ചിരിയോടെ ആസ്വദിക്കാൻ സാധികുന്നതാകുന്നു.

ആദ്യപകുതി കഴിയാറാകുമ്പോൾ പ്രണവ് റോയ് എന്ന ഇൻ കം ടാക്സ് ഓഫീസറായി പൃഥിരാജ് എത്തുന്നതോടെ ചിത്രത്തിന്‌ മറ്റൊരു ഭാവതലം കൈവരുന്നു.
രണ്ടാം പകുതിയിൽ സലിം എന്ന വക്കീലായി മാമുക്കോയ എത്തുന്നതോടെ ചിത്രം കൂടുതൽ താല്പര്യജനകമാകുകയും തുടർന്ന് പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ച് മുന്നോട്ട് പോകുകയും ചെയ്യുന്നു.

ടൈറ്റിൽ റോൾ അഭിനയിച്ച രേവതി തന്നെയാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. രണ്ടാം പകുതിയിലെത്തുന്ന മാമുക്കോയയുടെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്.

മറ്റൊരു ശ്രദ്ധേയമായ ഘടകം എന്തെന്നാൽ ഈ ചിത്രത്തിൽ ഒരു സീനിൽ മാത്രമാണെങ്കിലും അഭിനയിച്ചിട്ടുള്ള എല്ലാവരും വളരെ മികച്ചു നിന്നു എന്നതാണ്‌.

അമിതപ്രാധാന്യമുള്ള കഥാപാത്രമല്ലെങ്കിലും പൃഥ്യിരാജ് മികച്ച അഭിനയം കാഴ്ച വെച്ചു. ലാലു അലക്സ്, കെ.പി.എസ്. സി ലളിത, കൃഷ്ണകുമാർ, ലക്ഷ്മിപ്രിയ തുടങ്ങിയ എല്ലാവരും തന്നെ നല്ല അഭിനയം കാഴ്ച വെച്ചു.

ആനന്ദ് മധുസൂദനനെന്ന പുതിയ സംഗീത സംവിധായകൻ ഒരു ഭാവി പ്രതീക്ഷയാണ്‌.

ക്യാമറ കൈകാര്യം ചെയ്ത സുജിത് വാസുദേവനും എഡിറ്റർ ലിജോ പോളും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു.

ഗംഭീരമായ സംഭവവികാസങ്ങളൊന്നുമില്ലെങ്കിലും വളരെ ശാന്തമായ മനസ്സുമായി ഒരു ചെറുപുഞ്ചിരിയോടെ കണ്ടിരുന്ന് മാനസിക സംതൃപ്തിയോടെ ഇറങ്ങിപ്പോരാവുന്ന ഒരു ചിത്രമാണ്‌ മോളി ആന്റി റോക്ക്സ്.

രേവതി റോക്ക്സ്!
മാമുക്കോയ റോക്ക്സ്!

Rating : 6.5 / 10

Note:
തുടക്കത്തിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ലെങ്കിലും ഈ ചിത്രം പ്രേക്ഷക അഭിപ്രായത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു  എന്ന് മനസ്സിലാകുന്നു. ഇന്നലെ എറണാകുളം പത്മയിൽ സെക്കന്റ് ഷോയ്ക്ക് ഈ ചിത്രം ഹൗസ് ഫുൾ ആയിരുന്നു.

Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്‌ ശങ്കര്‍
നിര്‍മ്മാണം: എസ്‌. സുന്ദര്‍ രാജ്‌
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
സംഗീതം: ബിജിബാല്‍

ഒരു വര്‍ഷം മുന്‍പ്‌ കൊലചെയ്യപ്പെട്ട എറണാകുളം കളക്ടറുടെ കേസ്‌ അന്വേഷണം CBI പോലും കൈവിട്ട്‌ വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഒരു പ്രധാന പത്രത്തിലേയ്ക്ക്‌ താന്‍ കൊലപാതകത്തിസാക്ഷിയാണെന്നും, തെളിവ്‌ ന്‌ കൈവശമുണ്ടെന്നും പറഞ്ഞുകൊണ്ട്‌ഒരു അഡ്രസ്സില്ലാത്ത കത്ത്‌ വരുന്നു. .... ഇവിടുത്തെ നിയമവ്യവസ്ഥയേയും ഭരണകൂടത്തെയും വിശ്വാസമില്ലാത്തതിനാലും ജീവഭയം ഉള്ളതിനാലും താന്‍ പുറത്ത്‌ വരാന്‍ ധൈര്യപ്പെടുന്നില്ല എന്ന്‌ 'അര്‍ജുനന്‍' എന്ന്‌ പരിചയപ്പെടുത്തുന്ന വ്യക്തി കത്തില്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇതൊരു ന്യൂസ്‌ ആയി മാറുന്നു. ഇത്‌ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകയ്ക്ക്‌ നിരവധി ഭീഷണികള്‍ നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിലേയ്ക്ക്‌ റോയ്‌ മാത്യു എന്ന ആര്‍ക്കിടെക്റ്റ്‌ എത്തിച്ചേരുകയും 'അര്‍ജുനന്‍' ആയി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ സാഹചര്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തലുകളുമാണ്‌ 'അര്‍ജുനന്‍ സാക്ഷി' എന്ന ഈ ചിത്രം പ്രേക്ഷകരോട്‌ പറയുന്നത്‌.

ആദ്യപകുതി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യവും ജിഞ്ജാസയും നല്ല അളവില്‍ ജനിപ്പിച്ചുവെങ്കിലും രണ്ടാം പകുതിയിലെ സംഭവങ്ങളുടെ പുരോഗതി പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള തീവ്രതയോ അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഉണ്ടാക്കിയില്ല.

അഭിനയം എല്ലാവരുടേയും മികച്ചുനിന്നു. പ്രിഥ്വിരാജ്‌, ആന്‍ അഗസ്റ്റിന്‍, വിജീഷ്‌ (നൂലുണ്ട), ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയ എല്ലാവരും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.

സലിം കുമാറും സുരാജ്‌ വെഞ്ഞാര്‍മൂടും കുറച്ച്‌ സീനുകളിലേ ഉള്ളൂവെങ്കിലും വളരെ മിതവും സ്വാഭാവികവുമായതോതില്‍ ഹാസ്യവും അഭിനയവും കാഴ്ചവച്ചു.

ഫോട്ടോഗ്രാഫിയും ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കും ചിത്രത്തിണ്റ്റെ ആസ്വാദനത്തെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്‌.

ചില രംഗങ്ങളില്‍ സംവിധായകണ്റ്റെ സൂക്ഷ്മതക്കുറവും അപൂര്‍ണ്ണതയും ചിത്രത്തില്‍ കാണാം.

വില്ലന്‍മാരില്‍ ആദ്യത്തെ ആളിലേയ്ക്ക്‌ എത്തുന്നതിനുവേണ്ടി പിന്‍ തുടരുന്ന രംഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. റോയ്‌ മാത്യുവിണ്റ്റെ ഒാരോ ചലനങ്ങളും നിരീക്ഷിക്കപ്പെടുന്നിടത്തുനിന്ന് അവരെ തിരിച്ച്‌ പിന്തുടരുമ്പോള്‍ കുറച്ചുകൂടി ബുദ്ധിയും സൂക്ഷ്മതയും പ്രദര്‍ശിപ്പിക്കേണ്ടിടത്ത്‌ നേരെ കാറോടിച്ച്‌ പിന്തുടരുകയും പിന്നാലെ തന്നെ നടന്നുചെല്ലുകയും ചെയ്യുന്നത്‌ കുറച്ച്‌ ആര്‍ഭാടമായിപ്പോയി.

വില്ലന്‍മാരുമായി ധാരണയാകുന്നിടത്ത്‌ തെളിവുകള്‍ കൈമാറാതെ തന്നെ വളരെ സിമ്പിളായി ഒപ്പിട്ടുകൊടുത്തതും സംശയാസ്പദമാണ്‌. അതിനുശേഷം നടക്കുന്ന ഫൈറ്റും അതിന്നൊടുവില്‍ കോഴിയെ ആട്ടി കൂട്ടില്‍ കയറ്റുന്ന പോലുള്ള സീനും പ്രേക്ഷകര്‍ക്ക്‌ വിശ്വാസ്യത ജനിപ്പിക്കാന്‍ പ്രാപ്തമായില്ല.

രണ്ടാം പകുതിയില്‍ ചില സീനുകളില്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായ രീതിയിലുള്ള അവതരണവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഈ ചിത്രത്തിണ്റ്റെ ആസ്വാദനമൂല്ല്യം വളരെയധികം ഉയര്‍ത്തുമായിരുന്നു എന്ന് തോന്നി. പ്രേക്ഷകരും ഒരു പക്ഷേ ഈ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയതിനാലാവാം പ്രേക്ഷകരില്‍നിന്നുള്ള പ്രതികരണം അത്ര പോസിറ്റീവ്‌ അല്ലാതിരിക്കാന്‍ കാരണം.

പൊതുവേ പറഞ്ഞാല്‍ പൃഥ്യിരാജിണ്റ്റെ സമീപകാല ചിത്രങ്ങളില്‍ വച്ച്‌ അതിമാനുഷീകതയും ഒാവര്‍ ഹീറോയിസവും ഇല്ലാതെ തന്നെ ഏറ്റവും മെച്ചപ്പെട്ട ഒരു ചിത്രം.

ഭേദപ്പെട്ട ഒരു തിരക്കഥയും ആവറേജില്‍ കവിഞ്ഞ ആസ്വാദനാക്ഷമതയും കുറച്ച്‌ സാമൂഹികപ്രതിബദ്ധതയുടെ സൂചനകളും നല്‍കുന്ന ഒരു ചിത്രം.

രഞ്ജിത്‌ ശങ്കറില്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന അമിതപ്രതീക്ഷയെ സാക്ഷാത്‌ കരിക്കാനാകാത്തതിണ്റ്റെ കുറവും ഈയിടെയുള്ള പൃഥ്യിരാജിണ്റ്റെ സിനിമകളോടുള്ള അപ്റീതിയും ഈ ചിത്രത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നതാണ്‌ മറ്റൊരു സത്യം.

Rating: 6.5 /10