Showing posts with label ലാൽ ജോസ്. Show all posts
Showing posts with label ലാൽ ജോസ്. Show all posts

Friday, May 22, 2015

നീന (Nee-Na)


രചന : ആര്‍ വേണുഗോപാല്‍
സംവിധാനം: ലാല്‍ ജോസ്

ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറ് ആയി ജോലി ചെയ്യുന്ന മിടുക്കിയാണെന്ന് പറയപ്പെടുന്ന നീന എന്ന പെണ്കുട്ടി മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമാണ്.  ആ കമ്പനിയുടെ തലവനായി  പുതിയതായി എത്തുന്ന വിജയ് പണിക്കറ് നീനയെ അടുത്തറിയാന്‍ ശ്രമിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ഇടപെടുകയും ചെയ്യുന്നു.

ഇവരുടെ സൌഹൃദം തുടരുമ്പോള്‍ ഇവരുടെ ജീവിതങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

വളരെ പുതുമകളുള്ള തുറന്ന അവതരണമാണെന്നൊക്കെയുള്ള തോന്നലുണ്ടാക്കുന്ന പലതും ഈ ചിത്രത്തിലുണ്ടെങ്കിലും വളരെ കൃത്രിമമായ കഥാസന്ദര്‍ഭങ്ങളും വല്ലാതെ ബോറടിപ്പിക്കുന്ന സാഹചര്യങ്ങളും ഈ ചിത്രത്തില്‍ ഒരുപാടുണ്ട്.

വിജയ് പണിക്കരുടെ ഭാര്യ ബോംബെയിലായാലും കൊച്ചിയിലായാലും ഒരു നിസ്സംഗഭാവത്തില്‍ വലിയൊരു വട്ടപ്പൊട്ടും തൊട്ട് വെള്ള സെറ്റുമുണ്ടും ഉടുത്ത് ഒരേ ഇരിപ്പാണ്.  ഭര്‍ത്താവ് മറ്റൊരു പെണ്ണിനോടൊത്ത് തെണ്ടി നടന്ന് പാതിരായായാലും ഒരു കുഴപ്പവുമില്ലാത്ത ഒരു പാവം.  
അതേപോലെ , നീനയുടെ ലഹരിവിമുക്തിയ്ക്ക് വേണ്ടി ആ പെണ്കുട്ടിയോടൊപ്പം ഇരുപത് ദിവസത്തിലധികം എവിടെയോ പോയി താമസിക്കുന്നതിനും കാര്യമായ വിരോധമൊന്നും തോന്നുന്നില്ല.  പക്ഷേ, ടെന്ഷന്‍ വരുമ്പോള്‍ വാരി വലിച്ച് കഴിക്കുമത്രേ.  ഈ ടെന്ഷന്‍ കാണിക്കാന്‍ ഈ പാവത്തിനെക്കൊണ്ട് എന്തൊക്കെയോ തീറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍.

തുടക്കം മുതല്‍ തന്നെ അഭിനയത്തിലും ഡയലോഗ് അവതരണത്തിലും കൃത്രിമത്വവും അഭംഗിയിയും വളരെ പ്രകടമാണ്.  അതും പോരാതെ പ്രേക്ഷകരെ അക്ഷമരാക്കുന്ന വലിച്ചുനീട്ടലുകളും.  

നീന തന്‍റെ കഥ പറയാന്‍ വിജയിനെയും കൊണ്ട് എവിടെയൊക്കെയോ പോകുന്നു. ആകെ രണ്ട് വരി കഥയേ പറയാനുള്ളുതാനും.

ഇതൊരു വളരെ പുതുമയുള്ളതും ഗംഭീരവുമായ സിനിമയാണെന്ന് തോന്നിക്കാന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1.  മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമായ പെണ്കുട്ടിയ്ക്ക് സൌഹൃദം ചേരിയിലെ ഗുണ്ടകളോടാണ്‍
2. ഈ പെണ്കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ ഗേ കപ്പിള്‍സ് ആണ്‍
3.  ഈ പെണ്കുട്ടി പുതുവര്‍ഷം ആഘോഷിക്കുന്നത് പെണ്‍ സുഹൃത്തുക്കളോടൊപ്പം കുടിച്ച് ഉന്മാദിച്ചാണ്‍
4.  എപ്പോഴും ബുള്ളറ്റ് ഓടിച്ച് നടക്കുന്നു
5.  നിശാക്ലബ്ബില്‍ കുടിച്ച് നൃത്തമാടുമ്പോള്‍ നായകനോട് കിസ്സ് മി എന്ന് ചെവിയില്‍ മന്ത്രിക്കുന്നു.

ഇതൊക്കെ പോരേ ഇതൊരു ബോള്‍ഡ് ആണ്ട് ന്യൂ സിനിമ ആവാന്‍?

ഒരു ലഹരി വിമുക്ത സ്ഥാപനത്തില്‍ നീന എത്തുന്നതോടെ ഈ സിനിമ ഒരു ഡോക്യുമെന്‍ററിയായി രൂപാന്തരം സംഭവിക്കുന്നു. 

അമിതമദ്യപാനികള്‍ക്കും അമിത മദ്യപാനത്തിലേയ്ക്ക്പോകാന്‍ താല്‍പര്യമുള്ളവര്‍ക്കും ലഹരി വിമുക്ത കേന്ദ്രത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാന്‍ ഉല്‍സുകരായവര്‍ക്കും ഈ എപ്പിസോഡ് ഗുണകരമായേക്കും. അല്ലാത്തവര്‍ ബോറടിച്ച് മരിക്കും.

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ് ആയ ഒരു കഥാസന്ദര്‍ഭമുണ്ട്. ലഹരിയില്‍ നിന്ന് മുക്തമാകാന്‍ നീന ശ്രമിക്കുമ്പോള്‍ നീന അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്.  അവിടെ ചില പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ ഈ പെണ്കുട്ടി വിജയിക്കുന്നതായും കാണിക്കുന്നു.  പിന്നീട് അവസാന ഭാഗത്ത് നമ്മള്‍ മനസ്സിലാക്കുന്ന ഒരു വലിയ സത്യമുണ്ട്.  ലഹരിയില്‍ നിന്ന് വിമുക്തമാകാന്‍ കഷ്ടപ്പെടുന്ന കൂട്ടത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനില്‍ നിന്ന് മനസ്സ് മാറ്റാന്‍ , വിട്ട് മാറാനായി ഈ പെണ്കുട്ടി മാനസികമായി ഒരുപാട് കഷ്ടപ്പെടുകയും അതിന്‍റെ വേദനകള്‍ അനുഭവിക്കുകയും ചെയ്തിരുന്നു എന്നത്.

പക്ഷേ, നീന എന്തിനാണ്‍ റഷ്യയില്‍ കറങ്ങി നടക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവില്ല.  ഒരു ഇംഗ്ലീഷ് ഗാനത്തിന്‍റെ അകമ്പടിയോടെ ചുമ്മാ നടപ്പ് തന്നെ. അത് ഇന്ത്യയില്‍ തന്നെ എവിടേലും ആണെങ്കിലും ഒരു കുഴപ്പോം സംഭവിക്കില്ലായിരുന്നു. J

വിജയ് ബാബു പലപ്പോഴും സഹനീയമായിരുന്നെങ്കിലും ദീപ്തി സതി അത്രയ്ക്ക് സഹനീയമല്ല.

സാധാരണ പ്രേക്ഷകര്‍ക്കോ ഒരല്‍പ്പം അസാധാരണപ്രേക്ഷകര്‍ക്കോ അത്രയ്ക്കൊന്നും കണക്റ്റ് ആകുന്നതോ ആസ്വാദ്യകരമോ ആയ ഒന്നും തന്നെ ഈ സിനിമയിലില്ലെങ്കിലും പുരോഗമനപരവും വളരെ മുന്നോക്കം നില്‍ക്കുന്ന മനസ്സുണ്ടെന്ന് സ്വയം വിചാരിക്കുന്നതുമായ മെട്രോ പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ അഭിമാനമുള്ളതായി കാണുന്നു.

Rating : 4 / 10


Thursday, July 31, 2014

വിക്രമാദിത്യന്‍


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം : ലാല്‍ ജോസ്‌

ഈ സിനിമയുടെ റിവ്യൂ എന്നതിനുപകരം ഒരു പഴയ കഥ പറയാം.

രണ്ട്‌ സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ (വിക്രമനും ആദിത്യനും).
ചെറുപ്പം മുതലേ പരസ്പരം മത്സരിച്ചും കലഹിച്ചും വളര്‍ന്ന് വരുന്നു.
ഇവര്‍ക്കിടയില്‍ ഒരു പെണ്‍ സുഹൃത്തും ഉണ്ട്‌.

 വിക്രമന്‍ നല്ല സാഹചര്യങ്ങളില്‍ വളര്‍ന്ന് കേമനായി.
ആദിത്യന്‍ എന്നും പരാജയത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.
പക്ഷേ, സുഹൃത്തായ പെണ്‍കുട്ടിക്ക്‌ ആദിത്യനോട്‌ സുഹൃത്ത്‌ എന്നതിനപ്പുറമുള്ള താല്‍പര്യമുണ്ട്‌.
അത്‌ വിക്രമനും അറിയാം.

ഒരു സുപ്രഭതത്തില്‍ എന്തോ ഞെട്ടിക്കുന്ന വിഷമത്തില്‍ മനം നൊന്ത്‌ ആദിത്യന്‍ നാട്‌ വിട്ടു.
ഒരിക്കലും പൊറുക്കാനാവാത്ത തെറ്റല്ലേ ഞാന്‍ ചെയ്തതെന്ന് ആ അമ്മ വിലപിക്കുന്നുണ്ടെങ്കിലും എല്ലാം പ്രേക്ഷകര്‍ പിന്നെ അറിഞ്ഞാല്‍ മതി.

നാടുവിട്ട്‌ പോയ ആദിത്യന്‍ കേമനായി തിരിച്ചുവരുന്നു. പക്ഷേ, മഹാ കേമനായി എന്ന് ക്ളൈമാക്സിലേ പറയൂ.

നാട്‌ വിട്ട്‌ പോകും വഴി ജീവിതം വെടിയാന്‍ തുനിഞ്ഞപ്പോള്‍ ഒരു രക്ഷകനെത്തി, കൂടെ കൂട്ടി. ആ രക്ഷകന്‍ ചെറുതായി ഒന്ന് ഉപദേശിച്ചു. പയ്യന്‍ ആളാകെ മാറി. ഒരു വിധം മിടുക്കന്‍മാര്‍ കഷ്ടപ്പെട്ട്‌ നേടുന്ന കാര്യങ്ങള്‍ നമ്മുടെ നായകന്‍ പുഷ്പം പോലെ നേടിയെടുത്തു. എന്നിട്ടാണീ വരവ്‌.

അങ്ങനെ ക്ളൈമാക്സില്‍ നായകന്‍ മധുരപ്രതികാരം ചെയ്ത്‌ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കും.

മുകളില്‍ പറഞ്ഞത്‌ തന്നെയാണോ ഈ സിനിമയുടെ കഥയും എന്ന് ചോദിച്ചാല്‍ അങ്ങനെയും പറയാം.

ഇതിലെ നായികയുടെ കാര്യമാണ്‌ കഷ്ടം. നായകന്‍ വരാതായപ്പോള്‍ മറ്റേ സുഹൃത്ത്‌ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു. നായകന്‌ ഒരു അന്ത്യശാസന ഇ മെയില്‍ രൂപത്തില്‍ അയച്ചു. മറുപടി ഇല്ലാതായപ്പോള്‍ സുഹൃത്തിന്‌ വാക്ക്‌ കൊടുത്തു. അപ്പോഴുണ്ട്‌ ദേ വരുന്നു നായകന്‍.
ജസ്റ്റ്‌ മിസ്സ്‌. 

പിന്നെ, ഭാഗ്യത്തിന്‌ മറ്റേ സുഹൃത്ത്‌ ഈ പെണ്‍കുട്ടിയോട്‌ നായകനോടൊപ്പം പൊയ്ക്കോളാന്‍ സമ്മതിച്ചു. പാവം രക്ഷപ്പെട്ടു.
'ഞാന്‍ നിക്കണോ അതോ പോണോ...' എന്ന ഒരു നില്‍പ്പുണ്ട്‌ ... പാവം നായിക... പെറ്റ തള്ള സഹിക്കൂല...

അങ്ങനെ എല്ലാം ശുഭം.

ഇനി ചിത്രത്തെക്കുറിച്ച്‌ പറയുകയാണെങ്കില്‍, ഇത്‌ സാധാരണ പ്രേക്ഷകര്‍ക്ക്‌ കുറച്ചൊക്കെ ഇഷ്ടപ്പെടും.
ദുല്‍ക്കര്‍ സല്‍മാന്‍ മികവ്‌ പുലര്‍ത്തുന്നുണ്ട്‌. ഒരു കരച്ചില്‍ ഒരല്‍പം കുറയ്ക്കാമായിരുന്നു.
നമിതയും മോശമായില്ല.
ഉണ്ണിമുകുന്ദന്‍ മസിലളിയനായി തന്നെ ചിത്രത്തിലുണ്ട്‌.
ആദിത്യണ്റ്റെ അച്ഛന്‍ കള്ളന്‍ ചെരുതായൊന്ന് മനസ്സിനെ സ്പര്‍ശിച്ചു.

ഫ്ലാഷ്‌ ബാക്കുകളും മറ്റും പല ഘട്ടങ്ങളിലും വലിച്ച്‌ നീട്ടലായി അനുഭവപ്പെട്ടു.

Rating : 5 / 10 

Monday, August 12, 2013

പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും


കഥ, തിരക്കഥ, സംഭാഷണം : എം. സിന്ധുരാജ്‌
സംവിധാനം: ലാല്‍ ജോസ്‌

കുട്ടനാട്ടിണ്റ്റെ മനോഹാരിത വേണ്ടുവോളം ആസ്വദിക്കാം എന്നതില്‍ കവിഞ്ഞ്‌ ഒട്ടും കഴമ്പോ താല്‍പര്യമോ തോന്നിക്കാത്ത തമാശയ്ക്ക്‌ ഉണ്ടാക്കിയ ഒരു ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

അനിയന്‍ പണിയെടുത്ത്‌ കൊണ്ടുവരുന്നതില്‍ നിന്ന് തിന്നും കുടിച്ചും പണിയെടുക്കാതെ കഴിയുന്ന തടിമാടന്‍മാരും തെമ്മാടികളുമായ ചേട്ടന്‍മാര്‍.
വളരെ കൌതുകകരവും സ്വാഭാവികവുമായ സന്ദര്‍ഭം!

അശ്ളീലച്ചുവയുണ്ടോ ഇല്ലയോ എന്ന് തോന്നിക്കുന്ന കുറേ തമാശിക്കലുകള്‍... ഇതിന്നിടയില്‍ ഒന്ന് രണ്ട്‌ ഡയലോഗുകള്‍ ഉള്ള് തുറന്ന് ചിരിയ്ക്ക്‌ വക നല്‍കുകയും ചെയ്യും.

പക്ഷേ, ഒരു തരത്തിലും പ്രേക്ഷകരെ സ്വാധീനിക്കാത്ത സംഭവവികാസങ്ങളും ഒട്ടും തന്നെ താല്‍പര്യം ജനിപ്പിക്കാത്ത കഥാ ഗതിയും സിനിമ അവസാനിപ്പിക്കുമ്പോള്‍ ഒരല്‍പ്പം പ്രതിഷേധിപ്പിക്കാന്‍ തോന്നിപ്പിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.

'ചാന്ത്‌ പൊട്ട്‌' സെറ്റപ്പില്‍ നിന്ന് ക്ളൈമാക്സ്‌ ആകുമ്പോഴേയ്ക്ക്‌ നായകന്‍ 'ബ്രൂസ്‌ ലീ' ആയി മാറുന്നത്‌ കൌതുകകരം തന്നെ!

എന്തിനാണോ ഇങ്ങനെയുള്ള എഴുത്തും നിര്‍മ്മിതിയും!

 Rating : 3 / 10 

Wednesday, April 10, 2013

ഇമ്മാനുവല്‍


സംവിധാനം: ലാല്‍ ജോസ്‌
കഥ : പ്രദീപ്‌ നായര്‍
തിരക്കഥ, സംഭാഷണം: എ.സി. വിജീഷ്‌
നിര്‍മ്മാണം: എസ്‌. ജോര്‍ജ്‌

ഒരു പഴഞ്ചന്‍ പബ്ളിഷിംഗ്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇമ്മാനുവല്‍ (മമ്മൂട്ടി), ഭാര്യയും മകനുമടങ്ങുന്ന ഒരു കൊച്ച്‌ കുടുംബം. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും പ്രതീക്ഷകളുമായി ഇവരുടെ ജീവിതം.

അതിന്നിടയില്‍ പബ്ളിഷിംഗ്‌ കമ്പനി പ്രവര്‍ത്തനം നിലയ്ക്കുകയും വേറെ ഒരു ജോലി തരപ്പെടുത്താന്‍ ഇമ്മാനുവല്‍ ശ്രമം നടത്തുകയും ചെയ്യുന്നു. ന്യൂ ജനറേഷന്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ സെയില്‍ സ്‌ എക്സിക്യൂട്ടീവായി ജോലിയില്‍ കയറുന്നതോടെ ഇദ്ദേഹത്തിണ്റ്റെ ജീവിതം മെച്ചപ്പെടുന്നുവെങ്കിലും ജോലിയിലെ പ്രശ്നങ്ങളും മറ്റുമായി കാര്യങ്ങള്‍ പതുക്കെ വഷളാകുന്നു.
ഈ ജോലിയില്‍ തുടക്കം മുതല്‍ തൊട്ട്‌ ശത്രുതാ മനോഭാവത്തിലുള്ള മാനേജറ്‍ (ഫഹദ്‌ ഫാസില്‍) ഇദ്ദേഹത്തിണ്റ്റെ ജോലി കൂടുതം ദുസ്സഹമാക്കുന്നു.

കസ്റ്റമേര്‍സിനെ വഞ്ചിച്ച്‌ ലാഭം ഉണ്ടാക്കലാണ്‌ ഈ കമ്പനിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുന്ന ഇമ്മാനുവല്‍ തണ്റ്റെ ഇടപെടലിലൂടെ ചില കസ്റ്റമേര്‍സിന്‌ അര്‍ഹതപ്പെട്ട ക്ളെയിം കിട്ടാന്‍ സഹായിക്കുന്നു. ഇത്രയൊക്കെയാണ്‌ ഈ സിനിമയുടെ ഒരു പൊതുവേയുള്ള നിലപാട്‌.

കോര്‍പ്പറേറ്റ്‌ കള്‍ച്ചര്‍ അവതരിപ്പിച്ചപ്പോള്‍ സംവിധായകനോ രചയിതാവോ ആ മേഘലയില്‍ ഒട്ടും തന്നെ ഒരു അന്വേഷണം നടത്താന്‍ മെനക്കെട്ടിട്ടില്ലെന്ന് വളരെ വ്യക്തം. വളരെ ബാലിശമായ രീതിയിലാണ്‌ ജോലിയില്‍ നിന്ന് പിരിച്ചുവിടലും കോര്‍പ്പറേറ്റ്‌ ജോലിയിലെ ടെന്‍ഷനും സ്ഥിരതയില്ലായ്മയുമെല്ലാം അവതരിപ്പിച്ചിരിക്കുന്നത്‌. എങ്കിലും കുറച്ചെങ്കിലും ആ ജോലികളിലെ അസ്ഥിരതയെയും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ലാഭക്കൊതിയെയും പ്രതിഫലിപ്പിക്കാനായതിനാല്‍ ഇവരുടെ ചതിക്കെണിയില്‍ പെടാതെ ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ ഗുണമായി.

തുടക്കം കുറച്ച്‌ നേരം ഇഴഞ്ഞ്‌ നീങ്ങിയ ഈ ചിത്രത്തില്‍ ഒരല്‍പ്പം ആശ്വാസമായത്‌ ഇമ്മാനുവലിണ്റ്റെ മകനായി അഭിനയിച്ച ബാലതാരമാണ്‌.

ഇമ്മാനുവല്‍ നന്‍മയുടെ പ്രതിപുരുഷനായി ഇങ്ങനെ ജീവിക്കുന്നു. ഇത്‌ നൂറ്‌ വട്ടം മമ്മൂട്ടി തന്നെ ചെയ്ത്‌ കണ്ടിട്ടുള്ളതിനാല്‍ ഒരു പ്രത്യേകതയും തോന്നിയില്ല.

ഇടയ്ക്ക്‌ ചില സെണ്റ്റിമണ്റ്റ്‌ സ്‌ ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും വേണ്ടത്ര ഏശിയില്ല. ക്യാന്‍സര്‍ ബാധിതയായ ഒരു അമ്മയെയും അവരുടെ ആരോരുമില്ലാത്ത കുഞ്ഞിനേയും ഒന്ന് രണ്ട്‌ തവണ പ്രദര്‍ശിപ്പിച്ചുനോക്കി. ഭര്‍ത്താവ്‌ മരിച്ചതിനുശേഷം മകളുടെ കല്ല്യാണം നടത്താന്‍ ഇന്‍ഷുറന്‍സ്‌ തുക കിട്ടാന്‍ കയറിയിറങ്ങുന്ന മുസ്ളീം സ്ത്രീയായി സുകുമാരിയെയും രണ്ട്‌ മൂന്ന് വട്ടം നടത്തിച്ചു.

ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഇണ്റ്റര്‍ വ്യൂ തന്നെ കുറച്ച്‌ അതിക്രമമായിപ്പോയി. ഇമ്മാുനുവല്‍ തണ്റ്റെ ഒരു മനസ്സാന്നിധ്യം കൊണ്ട്‌ ആ ജോലി തരപ്പെടുത്തി എന്നാണ്‌ പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചത്‌. പക്ഷേ, ഒരു പറ്റിക്കല്‍ നാടകം നടത്തിയതിലാണോ ഒരാളുടെ കഴിവ്‌ മനസ്സിലാക്കുന്നതെന്ന് അത്ഭുതം തോന്നി. ഇതിലും മികച്ച എന്തെങ്കിലും ആ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം രചയിതാവില്‍ നിന്നുണ്ടായില്ല. 

തിരക്കഥ പലപ്പോഴും വളരെ ബാലിശമായിപ്പോയി. ഒരാളെ 'പുരാവസ്തു' എന്ന് വിശേഷിപ്പിക്കുന്നതിണ്റ്റെ പൊരുള്‍ എന്താണെന്ന് LKG കുട്ടികള്‍ക്ക്‌ വരെ ഇപ്പോഴറിയാം. പക്ഷേ, ആ അഭിസംബോധനയുടെ അര്‍ത്ഥം എന്താണെന്ന് വിവരിച്ചു തരാന്‍ രചയിതാവും സംവിധായകനും പരിശ്രമിക്കുന്നതുകണ്ടപ്പോള്‍ കഷ്ടം തോന്നി (കമ്പനിയിലെ പ്രായം ചെന്ന അക്കൌണ്ടണ്റ്റിനെ പരിചയപ്പെടുത്തുമ്പോഴാണ്‌ ഈ സംഗതികള്‍).

അതുപോലെ, ചില നര്‍മ്മങ്ങള്‍ വിതറാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമായി ഏശിയില്ല.

ഇതിനെല്ലാം പുറമേ, ഇമ്മാനുവല്‍ എന്ന കഥാപാത്രത്തിണ്റ്റെ നന്‍മയെത്തന്നെ ഇല്ലാതാക്കുന്ന അവസാനരംഗങ്ങള്‍ ഈ സിനിമയുടെ രചയിതാവിണ്റ്റെയും സംവിധായകണ്റ്റെയും വലിയ ശ്രദ്ധക്കുറവായി.

താന്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ്‌ കമ്പനി ലാഭം മാത്രം മുന്നില്‍ കണ്ട്‌ പല അര്‍ഹതയുള്ളവരുടേയും ക്ളെയിം നിഷേധിക്കുന്നുവെന്നും കസ്റ്റമേര്‍ സിന്‌ കാര്യമായ പ്രാധാന്യം നല്‍കുന്നില്ലെന്നും മനസ്സിലാക്കുന്ന ഇമ്മാനുവല്‍ ചിലര്‍ക്ക്‌ ക്ളെയിം നേടിക്കൊടുക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ ഈ ജോലി അവസാനിപ്പിക്കാന്‍ തയ്യാറാവുന്നതുമാണ്‌ കഥാഗതി. പക്ഷേ, അവസാനരംഗത്തോടടുത്ത്‌ കേസില്‍ സ്വത്തെല്ലാം നഷ്ടപ്പെട്ട്‌ ബാക്കിയുള്ള എന്തോ സ്ഥലമൊക്ക്‌ വിറ്റ്‌ ഈ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ അമ്പത്‌ ലക്ഷം നിക്ഷേപിക്കാന്‍ വരുന്ന വൃദ്ധണ്റ്റെ കാശ്‌ വാങ്ങി കമ്പനിയെ ഏല്‍പ്പിക്കാന്‍ ഒരു ബുദ്ധിമുട്ടും കാണിക്കുന്നില്ല.
അതിനു മുന്‍പ്‌ ഒരു സീനില്‍ ഒരു കെട്ടിട നിര്‍മ്മാണ കമ്പനി അവിടെയുള്ള കുറച്ച്‌ തൊഴിലാളീകള്‍ക്ക്‌ മാത്രം ഇന്‍ഷുറന്‍സ്‌ എടുത്ത്‌ ബാക്കിയുള്ളവരെ പറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ തനിക്ക്‌ ആ ഡീല്‍ വേണ്ടെന്ന് പറഞ്ഞ്‌ അപേക്ഷാഫോമുകള്‍ കീറി എറിഞ്ഞ്‌ സ്ളോ മോഷനില്‍ നടന്നുവന്ന ആളാന്‌ ഇമ്മാനുവല്‍!

 സിനിമയുടെ അവസാനം ഈ ലോകത്തുള്ളവരെല്ലാം സന്തോഷമായി ജീവിക്കുന്നു എന്നും എല്ലാവരും നല്ലവരായെന്നും പ്രഖ്യാപിക്കുന്നു.

എന്തായാലും, ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രതീക്ഷകളും അതില്‍ ചിലതിണ്റ്റെ സാക്ഷാത്‌ കാരങ്ങളും ചില നിരാശകളും ഉണ്ടാവുമെന്നും അതൊക്കെത്തന്നെയാണ്‌ ജീവിതമെന്നും പോസിറ്റീവായി പറഞ്ഞുവെക്കാന്‍ ശ്രമിച്ചതിനെ അഭിനന്ദിക്കുന്നു.

ഫഹദ്‌ ഫാസില്‍ ഒരു മികച്ച നടനിലേയ്ക്കുള്ള പ്രയാണം തുടരുന്നു.

 കുടുംബപ്രേക്ഷകരെ ഉപദ്രവിക്കാത്ത ഒരു സാധാരണ ചിത്രം എന്നതിനാല്‍ ഈ അവധിക്കാലത്ത്‌ വലിയ ക്ഷീണമില്ലാതെ ഈ ചിത്രം കടന്നുപോകും എന്ന് വേണം കരുതാന്‍.

Rating : 4.5 / 10