Showing posts with label ജിത്തു ജോസഫ്. Show all posts
Showing posts with label ജിത്തു ജോസഫ്. Show all posts

Friday, December 20, 2013

ദൃശ്യം


രചന, സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

കേബില്‍ ടി വി ബിസിനസ്സും നിരന്തരം സിനിമാകാണലുമായി ജീവിക്കുന്ന ജോര്‍ജുകുട്ടിയും അയാളുടെ ഭാര്യയും രണ്ട്‌ പെണ്‍ മക്കളുമടങ്ങുന്ന കുടുംബവും ഇദ്ദേഹം ബന്ധപ്പെടുന്ന ചുറ്റുപാടുകളും സാവധാനം വിവരിച്ചുകൊണ്ട്‌ ഈ സിനിമയുടെ ആദ്യപകുതിയുടെ അധികവും കടന്നുപോകുന്നു.

ആദ്യപകുതി കഴിയുന്നതോടെ കഥാഗതി ഒരു നിര്‍ണ്ണായക സംഭവത്തിണ്റ്റെ തീവ്രതയില്‍ എത്തി നില്‍ക്കുകയും തുടര്‍ന്നങ്ങോട്ട്‌ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളും പ്രതിരോധങ്ങളും സംഭവങ്ങളുമായി പുരോഗമിക്കുകയും ചെയ്യുന്നു.

നാലാം ക്ളാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി, തണ്റ്റെ അനുഭവത്തില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും സ്വായത്തമാക്കിയ കാര്യങ്ങളാല്‍ തണ്റ്റെ കുടുംബത്തെ ബാധിച്ച ഒരു വലിയ അപകടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ ഗംഭീരമാണ്‌.

പക്ഷേ, സാധാരണ സിനിമകളില്‍ കാണുന്നപോലെ നിഷ്‌ പ്രയാസം പരാജയപ്പെടുകയും ബുദ്ധിഹീനമായി പെരുമാറുകയും ചെയ്യുന്ന ഒരു പോലീസിനെയല്ല നാമിവിടെ കാണുന്നത്‌. 

പോലീസ്‌ കോണ്‍സ്റ്റബില്‍ മുതല്‍ എല്ലാവരും വളരെ ബുദ്ധിപരമായിതന്നെ ജോര്‍ജുകുട്ടിയുടെ നീക്കങ്ങളെ കാണുകയും ജോര്‍ജുകുട്ടി തീര്‍ക്കുന്ന പ്രതിരോധങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ അത്ഭുതാവഹമാണ്‌.

ജോര്‍ജുകുട്ടിയേക്കാല്‍ ഒരു പടി മുകളില്‍ ചിന്തിക്കുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥയും അവരെപ്പോലും അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി ജോര്‍ജുകുട്ടിയും പ്രേക്ഷകരെ ഞെട്ടിക്കുന്നു. 

ഒടുവില്‍, ജോര്‍ജുകുട്ടിക്ക്‌ മാത്രം അറിയുന്ന ഒരു നിര്‍ണ്ണായക രഹസ്യം കൂടി പ്രേക്ഷകര്‍ക്ക്‌ ദൃശ്യമാകുന്നതോടെ ഈ ചിത്രം പ്രേക്ഷകമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിയുന്നു.

മോഹന്‍ലാലിണ്റ്റെ അഭിനയമികവിണ്റ്റെ മേന്‍മ പലയിടങ്ങളിലും നമുക്ക്‌ കണ്ടറിയാനാകുന്നു.

കലാഭവന്‍ ഷാജോണിണ്റ്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാകുന്നു അദ്ദേഹം ചെയ്ത പോലീസ്‌ കോണ്‍സ്റ്റബിള്‍.

ആശാ ശരത്‌ പോലീസ്‌ ഉദ്യോഗസ്ഥയുടെ റോളില്‍ മികവ്‌ പുലര്‍ത്തിയപ്പോള്‍ സിദ്ദിഖ്‌ തണ്റ്റെ സ്ഥിരം മികവ്‌ നിലനിര്‍ത്തി.

സുജിത്‌ വാസുദേവിണ്റ്റെ ക്യാമറാമികവും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നതില്‍ വളരെ സഹായിച്ചിരിക്കുന്നു.

വളരെ മികച്ചതും ബുദ്ധിപരവുമായ ഒരു രചന നിര്‍വ്വഹിച്ചതിനും അത്‌ സംവിധായകണ്റ്റെ റോളില്‍ നിന്ന് ഭംഗിയായി പ്രേക്ഷകരിലേക്കെത്തിച്ചതിനും ജീത്തുജോസഫ്‌ വളരെ അഭിനന്ദനമര്‍ഹിക്കുന്നു.

കഴിഞ്ഞ രണ്ട്‌ മൂന്ന് ചിത്രങ്ങളുടെ മികവില്‍ ഇദ്ദേഹത്തിണ്റ്റെ സ്ഥാനം മലായാളസിനിമയില്‍ വളരെ ഉന്നതിയിലായിക്കഴിഞ്ഞിരിക്കുന്നു.

Rating : 8.5 / 10

Thursday, August 15, 2013

മെമ്മറീസ്‌ (Memories)


രചന, സംവിധാനം : ജിത്തു ജോസഫ്‌

ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെത്തുടര്‍ന്ന്‌ മുഴുക്കുടിയനായിത്തീര്‍ന്ന ഒരു പോലീസുദ്യോഗസ്ഥന്‍, വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു അന്വേഷണം ഏറ്റെടുക്കുന്നു.

ഒരു സീരിയല്‍ കില്ലറെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തീവ്രമാകുന്നിടത്താണ്‌ ഈ സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്‌.

മുഴുനീള കുടിയനായി പ്രിഥ്യിരാജ്‌ പ്രേക്ഷകര്‍ക്ക്‌ മദ്യപാന ആസക്തിയുണ്ടാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വെച്ചു എന്ന്‌ തന്നെ പറയാം.

കാര്യമായ വേഗതയോ ഉത്സാഹമോ ഇല്ലാതെയുള്ള കഥാഗതിയെ സിനിമയുടെ അവസാനത്തെ കുറച്ച്‌ മിനിട്ടുകള്‍ മാറ്റി മറിച്ചു.

ക്ളൈമാക്സിനോടടുക്കും തോറും പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുവാനും മികവോടെ പരിസമാപ്തിയിലെത്തിക്കാനും കഴിഞ്ഞതാണ്‌ ഈ സിനിമയുടെ വിജയം.

കൊലയാളിയെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടിട്ടുള്ളവരെ കിട്ടിയിട്ടും അയാളുടെ ഒരു രേഖാചിത്രം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമോ ആലോചനയോ നടത്താതെ ആ മുഖം കണ്ടെത്താന്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ ഒരല്‍പ്പം അത്ഭുതം സൃഷ്ടിച്ചു.

ജിത്തു ജോസഫിനും ഇതിണ്റ്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം.

Rating: 6.5 / 10