Showing posts with label ബി ഉണ്ണികൃഷ്ണൻ. Show all posts
Showing posts with label ബി ഉണ്ണികൃഷ്ണൻ. Show all posts

Tuesday, May 27, 2014

മിസ്റ്റര്‍ ഫ്രോഡ്‌ (Mr. Fraud)



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം :  ഉണ്ണിക്കൃഷ്ണന്‍ ബി

ഇന്റര്‍ നാഷണല്‍ മോഷ്ടാവായി മോഹന്‍ ലാല്‍ അഭിനയിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

പഴയ രാജകുടുംബത്തിലെ അവകാശികള്‍ തമ്മില്‍ സ്വത്തിനെക്കുറിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നാല്‍പത്തിയൊന്ന് കൊല്ലം അടച്ചിട്ട നിലവറ തുറന്ന് കണക്കെടുപ്പ്‌ നടത്താന്‍ തുടങ്ങുന്നിടത്തേയ്ക്കാണ്‌ ഇത്തവണ ഈ ഫ്രോഡ്‌ എത്തുന്നത്‌. കലവറയിലെ അമൂല്ല്യമായ നിധിയുടെ വില നിശ്ചയിക്കുന്ന വിദഗ്ദനായിട്ടാണ്‌ വരവ്‌. പിന്നെ എന്തൊക്കെയോ സംഭവങ്ങളൊക്കെ നടന്ന് എങ്ങനെയൊക്കെയോ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

സിനിമ തുടങ്ങി കുറച്ച്‌ കഴിഞ്ഞപ്പോഴേയ്ക്കും ഇത്‌ കണ്ട്‌ തീര്‍ക്കാനുള്ള ത്വര തിര്‍ന്നുപോയതുകൊണ്ട്‌ ഈ സിനിമയെക്കുറിച്ച്‌ കൂടുതലൊന്നും എഴുതുന്നില്ല. അത്തരം ഒരു റിവ്യൂ എഴുതാനുള്ള സംഗതികളൊന്നും ഇതിലില്ല എന്നാണ്‌ തോന്നിയത്‌.

വില്ലന്‍ ആരാണ്‌ എന്ന് അറിയാനുള്ള ആകാംക്ഷയൊന്നും ഒരല്‍പ്പം പോലും തോന്നിയില്ല. ഇതെന്റെ മാത്രം കുഴപ്പമല്ല എന്ന് മറ്റ്‌ പലരോടും ചോദിച്ചപ്പോഴാണ്‌ ബോധ്യപ്പെട്ടത്‌.

വലിയ വലിയ ഗെയിം ഒക്കെയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്നൊക്കെ തോന്നുമെങ്കിലും എല്ലാം ഒരു കുട്ടിക്കളിപോലെ തോന്നിപ്പോയി.

ഒരു ചെറിയ ഉദാഹരണത്തിന്‌, രഹസ്യ അറ കണ്ടെത്തി അതിലൂടെ മുന്നോട്ട്‌ പോകുന്ന നായകന്‍. അതേസമയം ഒളിച്ചേ കണ്ടേ കളി നടത്തുന്ന നായകന്റെ കൂട്ടാളികള്‍ (ഒരാള്‍ ആണും, മറ്റേ സഹായി പെണ്ണും) രസകരമായി.
തോക്കും പിടിച്ച്‌ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നുണ്ട്‌.

ഒരു ഗാനരംഗസമയത്ത്‌ ഈ കൂട്ടാളികള്‍ പരസ്പരം നോക്കി പെട്ടെന്ന് പ്രണയബദ്ധരായിത്തീര്‍ന്നു. അതൊരു സസ്പെന്‍സ്‌ തന്നെയായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

Rating : 3.5 / 10

Monday, May 14, 2012

ഗ്രാന്റ്‍മാസ്റ്റര്‍



രചന, സംവിധാനം: ബി. ഉണ്ണിക്കൃഷ്ണന്‍

മെട്രോ സിറ്റിയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച പോലീസ്‌ സേനയുടെ തലവനായി ചന്ദ്രശേഖര്‍ (മോഹന്‍ ലാല്‍). കൂടെ രണ്ട്‌ പ്ളഗ്ഗുകള്‍ നിര്‍ബന്ധമായതിനാല്‍ ജഗതിയും നരേനും.

പണ്ട്‌ കേരളപോലീസിലെ പുലിയായിരുന്ന ചന്ദരശാെഖരന്‍ വിവാഹജീവിതത്തിലെ പരാജയത്തെത്തുടര്‍ന്ന് കുറ്റാന്വേഷണങ്ങളില്‍ തീരെ താല്‍പര്യമില്ലാതായത്രേ. ക്രിമിനല്‍ വക്കീലായ ഈ മുന്‍ ഭാര്യയുടെ പേര്‌ ദീപ്തി (പ്രിയാമണി), മകളുടെ പേര്‌ ദാക്ഷായണി. രണ്ടും തുടങ്ങുന്നത്‌ 'ദ' എന്നതാകാന്‍ ഉണ്ണിക്കൃഷ്ണന്‍ അറിഞ്ഞ്‌ ശ്രമിച്ചത്‌ തന്നെ.
ഒരു മനോരോഗവിദഗ്ദനായി അനൂപ്‌ മേനോന്‍ ഈ ചിത്രത്തിലുണ്ട്‌. ഇയാള്‍ ദീപ്തിയുടെ അടുത്ത സുഹൃത്താണ്‌.
അലസനായി കഴിഞ്ഞിരുന്ന ചന്ദ്രശേഖരനെ പോലീസ്‌ മേധാവി സ്വന്തം താല്‍പര്യത്തില്‍ ഈ മെട്രോ ക്രൈം സെല്ലിണ്റ്റെ തലവനാക്കിയെങ്കിലും ആള്‌ പതിവുപോലെ ഒറ്റയ്ക്ക്‌ ഇരുന്ന് ചെസ്സ്‌ കളിയും അലസതയുമായി തുടര്‍ന്നു. ആയിടയ്ക്ക്‌ ഒരാള്‍ ഒരു പെണ്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുന്നു. ഈ പെണ്‍ കുട്ടിയുടെ അച്ഛന്‍ അമ്മയുമായി വിവാഹബന്ധം വേര്‍പിരിഞ്ഞതാണെന്നും ഇപ്പോള്‍ ഹൃദയാഘാതം വന്ന് ആശുപത്രിയിലായെന്നും അറിഞ്ഞപ്പോള്‍ ചന്ദ്രശേഖരനിലെ 'പുലി' ഉണര്‍ന്നു. ഉടനെ സാഹചര്യവും സാക്ഷിമൊഴികളും ഉപയോഗിച്ച്‌ പ്രതിയെ തിരിച്ചറിയുന്നു. കൂടെ പ്ളഗ്ഗായി നില്‍ക്കുന്ന ജഗതി 'ഇതാണ്‌ പഴയ ചന്ദ്രശേഖരന്‍ സാര്‍' എന്ന് പറഞ്ഞ്‌ ആത്മനിര്‍വ്വൃതി അടയുന്നു. പ്രതി ഒളിച്ചിരിക്കുന്ന സ്ഥലവും പെട്ടെന്ന് തിരിച്ചറിയുന്നു. ചന്ദ്രശേഖര്‍ തനിച്ച്‌ അങ്ങോട്ട്‌ പോകുന്നു. 'പഴയവീഞ്ഞിന്‌ വീര്യം കൂടും' എന്ന് ചന്ദ്രശേഖരനോട്‌ പുകഴ്ത്തിപ്പാടുന്ന ജഗതിയും കൂടി ആയപ്പോള്‍ അത്രയും ഭാഗം വളരെ കെട്ടിച്ചമച്ച്‌ ഒരുക്കിവച്ചതിണ്റ്റെ പൂര്‍ണ്ണത കൈവരിച്ചു.

കുറ്റവാളിയെ ആ വീട്ടില്‍ പോയി പുഷ്പം പോലെ പിടിച്ചപ്പെൊഴാണ്‌ അറിയുന്നത്‌ അയാള്‍ക്ക്‌ പെണ്‍ കുട്ടികളെ തട്ടിക്കൊണ്ട്‌ പോകുന്ന മാനസികരോഗം ആണെന്ന്. തൃപ്തിയായി! വേറെയും രണ്ട്‌ പെണ്‍കുട്ടികളെ പിടിച്ച്‌ കൊണ്ടുവന്ന് കെട്ടിയിട്ടിരുന്നു. എന്തൊരു ഹോബി!!!

ഇനിയാണ്‌ കഥ തുടങ്ങുന്നത്‌. ക്രൈം സെല്ലിലേയ്ക്ക്‌ വരുന്ന ഒരുപാട്‌ എഴുത്തുകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്ന് ചന്ദ്രശേഖര്‍ അതില്‍ 'A' എന്ന് തുടങ്ങുന്ന ഒരു സ്ഥലത്ത്‌ ഒരു കുറ്റകൃത്യം നടക്കുമെന്ന മുന്നറിയിപ്പ്‌ കാണുന്നു. അത്‌ തടയാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്നു. അവിടെ കൊല്ലപ്പെടുന്നത്‌ 'A' എന്ന് പേര്‌ തുടങ്ങുന്ന ഒരു സ്ത്രീയാണ്‌.

ഈ കുറ്റകൃത്യങ്ങള്‍ 'B', 'C', 'D' എന്നീ അക്ഷരക്രമത്തില്‍ മുന്നോട്ടുപോകുന്നതും അതെല്ലാം തടയാന്‍ ചന്ദ്രശേഖറും കൂട്ടരും ശ്റമിക്കുന്നതുമാണ്‌ ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍.

'ഡാഡികൂള്‍' എന്ന സിനിമയിലെ അലസനായ പോലീസ്‌ ഒാഫീസറ്‍, പോലീസ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത നെഗറ്റീവ്‌ ടച്ചുള്ള ലേഡി ഒാഫീസര്‍, പോലീസ്‌ സിനിമകളില്‍ സ്ഥിരം കൂടെയുള്ള രണ്ട്‌ പ്ളഗ്ഗുകള്‍ തുടങ്ങിയ കഥാപാത്രങ്ങളൊക്കെത്തന്നെ ഈ സിനിമയിലുമുണ്ട്‌.

ചുറ്റുമുള്ള ഒരുപാട്‌ പേരെ (കൂടെയുള്ള നരേന്‍, മനോരോഗ ഡോക്ടറായ അനൂപ്‌ മേനോന്‍, ആദ്യത്തെ മനോരോഗിയായ കുറ്റവാളി) സംശയമുള്ള പോലെ അവതരിപ്പിച്ച്‌ വലിയ ഒരു സസ്പെന്‍സ്‌ കുറ്റവാളിയെ ഉണ്ടാക്കിയെടുക്കാന്‍ തിരക്കഥാകൃത്ത്‌ മനപ്പൂര്‍വ്വം ശ്രമിച്ചതിണ്റ്റെ ഏനക്കേടുകള്‍ ഈ ചിത്രത്തില്‍ ധാരാളമുണ്ട്‌.

ഇതൊന്നും കൂടാതെ ചന്ദ്രശേഖരണ്റ്റെ മോള്‍ക്കും 'ദാക്ഷായണി' എന്ന് പേരിട്ട്‌ നാലാമത്തെ കൊലപാതകം കുട്ടിയെയാണോ ഭാര്യയായിരുന്ന 'ദീപ്തി'യെയാണോ എന്ന് വീണ്ടും പ്രേക്ഷകരെ സംശയത്തില്‍ നിര്‍ത്താനുള്ള ശ്രമവും ദയനീയം.

ഒടുവില്‍ കുറ്റവാളി താന്‍ കൊല ചെയ്യുകയും അതിനുവേണ്ടി മറ്റൊരു മനോരോഗിയെ കരുവാക്കിയ കഥയും കൂടി ചേര്‍ത്തപ്പോള്‍ പൂര്‍ത്തിയായി. എന്തൊരു ഗംഭീരമായ കണ്ടെത്തല്‍.
ഒരാളെ വിളിച്ച്‌ ഒരു സ്ഥലത്തേയ്ക്ക്‌ വിട്ടിട്ട്‌ തിരിച്ചെത്തുമ്പോള്‍ നീയാണ്‌ ആ കൊലപാതകം ചെയ്തത്‌ എന്ന് പറഞ്ഞ്‌ വിശ്വസിപ്പിക്കാവുന്ന എത്ര മനോഹരമായ മനോരോഗം!

ഇണ്റ്റര്‍ വെല്‍ വരെ ഇഴഞ്ഞ്‌ നീങ്ങിയ ഈ സിനിമ, രണ്ടാം പകുതിയില്‍ ഒരല്‍പമെങ്കിലും ജീവന്‍ വെച്ചെന്ന് പറയാം. ക്ളൈമാക്സും അതിലേയ്ക്ക്‌ നയിച്ച കാര്യങ്ങളും പ്രേക്ഷകരെ അല്‍പമെങ്കിലും താല്‍പര്യത്തോടെ കാണുവാന്‍ പ്രേരിപ്പിച്ചു. പക്ഷേ, ഇതിനെല്ലാം സാദ്ധ്യമായത്‌ മോഹന്‍ലാല്‍ എന്ന നടണ്റ്റെ ഇരുത്തം വന്ന അഭിനയം ഒന്ന് മാത്രമാണ്‌. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ വെറുമൊരു ദുരന്തമായി മാറിയേനെ.

നരേനും ജഗതിയും ആവര്‍ത്തനവിരസമായ കഥാപാത്രങ്ങളായതിനാല്‍ തന്നെ മഹാ ബോറാകുകയും ചെയ്തു.

മോഹന്‍ലാലിണ്റ്റെ മകളായി അഭിനയിച്ച പെണ്‍കുട്ടി മോശമായില്ല.

ഒരു ഗാനം മികച്ചതായിരുന്നു.

ഒട്ടും സ്വാഭാവികതയില്ലാതെ കെട്ടിച്ചമച്ച്‌ ഏച്ചുകൂട്ടി ഒരു കുറ്റാന്വേഷണ കഥ സൃഷ്ടിച്ചെടുക്കുകയാണ്‌ ബി. ഉണ്ണിക്കൃഷ്ണന്‍ ചെയ്തിരിക്കുന്നത്‌. വളരെ ബോറായ ഈ സിനിമയെ മോഹന്‍ ലാല്‍ എന്ന നടണ്റ്റെ മികച്ച പക്വതയോടെയുള്ള അഭിനയവും രണ്ടാം പകുതിക്ക്‌ ശേഷമുള്ള ചില സന്ദര്‍ഭങ്ങളും കുറച്ചെങ്കിലും ഭേദപ്പെട്ട പരുവത്തിലാക്കാന്‍ സഹായിച്ചു എന്ന് മാത്രം.

Rating : 3 / 10

Saturday, March 27, 2010

പ്രമാണി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന്‍ ബി.
നിര്‍മ്മാണം: ബി.സി. ജോഷി

ഒരു പഞ്ചായത്തും അതിനെ ചുറ്റിപ്പറ്റി കുറേ സ്ഥലക്കച്ചവടങ്ങളും അഴിമതികളും, ഒരു പഞ്ചായത്ത്‌ പ്രസിഡണ്റ്റും അദ്ദേഹത്തിണ്റ്റെ കുടുംബസ്നേഹവും പറഞ്ഞ്‌ തുടങ്ങി കുറേ കഴിഞ്ഞപ്പോള്‍ പ്രസിഡണ്റ്റ്‌ നല്ല വഴിക്ക്‌ തിരിഞ്ഞ്‌ തെറ്റ്‌ തിരുത്തുവാന്‍ തുനിഞ്ഞിറങ്ങുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഒരു ആകെത്തുക.

മദ്ധ്യസ്ഥം നിന്ന്‌ സ്ഥലം കച്ചവടമാക്കി അത്‌ മച്ചുനനായ സിദ്ധിക്കിനെ ഏല്‍പ്പിക്കുന്ന ആദ്യ സീനില്‍ നിന്നു തന്നെ ഇതിണ്റ്റെ വഴി എങ്ങോട്ടാണെന്ന്‌ ഏതൊരു സാധാരണ പ്രേക്ഷകനും ബോദ്ധ്യമാകും. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമില്ലെങ്കിലും അമ്മാവനും അമ്മായിയും അവരുടെ മക്കളുമായി ജീവിച്ച്‌ ഒരു ദിവസം എല്ലാത്തില്‍ നിന്നും ഒറ്റപ്പെടുന്ന സംഗതി ഇനിയും എഴുതി മതിയാവാത്ത തിരക്കഥാകൃത്തുക്കളുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

അമാനുഷികതയും ഗുണ്ടായിസവും കാണിക്കുന്നതാണ്‌ ഒരുതരം ഹീറോയിസം എന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമം നന്നായി നടത്തിയിട്ടുണ്ട്‌.

ശത്രുതയുള്ളവര്‍ പറയുന്നത്‌ അപ്പാടെ വിഴുങ്ങി പെട്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ ശപിക്കുന്ന അമ്മ കഥാപാത്രങ്ങള്‍ ബി.ഉണ്ണിക്കൃഷ്ണന്‌ വല്ല്യ ഇഷ്ടമാണെന്ന്‌ തോന്നുന്നു. ആ ശാപം കേട്ടാല്‍ ഉടനെ പ്രേക്ഷകന്‌ ഒരു കാര്യം ഉറപ്പാകും... ഇനി തെറ്റിദ്ധാരണം ഉടനെ മാറുമെന്നും അതിനുശേഷം തെറ്റിദ്ധരിച്ച്‌ ശപിച്ചതിന്‌ വലിയ പശ്ചാത്താപം തോന്നി സ്നേഹം വാരിക്കോരി ചൊരിയുമെന്നും...

ഒരു പഞ്ചായത്ത്‌ ഓഫീസിണ്റ്റെ മുന്നിലേയ്ക്കിറങ്ങി നിന്ന്‌ തനിക്ക്‌ തെറ്റുപറ്റിയെന്നും ഇന്നുമുതല്‍ അതെല്ലാം തിരുത്തി നിങ്ങളോടൊപ്പമാണെന്നും പറഞ്ഞാല്‍ പഞ്ചായത്തിലെ ജനത മുഴുവന്‍ അത്‌ നെഞ്ചിലേറ്റിക്കൊള്ളുമായിരിക്കും.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്ന നല്ലൊരു ഹാസ്യതാരം വളരെ മോശമായ നിലവാരം പുലര്‍ത്തിയെങ്കില്‍ അതിന്‌ സംവിധായകണ്റ്റെ കഴിവിനെ പുകഴ്ത്താതെ വയ്യ.

വില്ലന്‍മാര്‍ എവിടെ നിന്ന്‌ എന്ത്‌ സംസാരിക്കുമെന്ന്‌ ഗണിച്ച്‌ കണ്ടുപിടിക്കാനും, വെള്ളത്തിന്നട്യില്‍ കിടന്നാലും പുറത്ത്‌ നടക്കുന്ന സംസാരം ശ്രവിച്ച്‌ ഗൂഢാലോചന കണ്ടുപിടിക്കാനുമുള്ള തന്ത്രവും സംവിധായകന്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനെ പഠിപ്പിച്ചു വിട്ടു.

തണ്റ്റെ സഹോദരതുല്ല്യനും ആദര്‍ശധീരനും ജനപ്രിയനുമായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റില്‍ നിന്ന്‌ വ്യത്യസ്തനായി ഒരു അഴിമതിക്കാരനാവാന്‍ ഈ പഞ്ചായത്ത്‌ പ്രസിഡണ്റ്റിന്‌ പ്രേരണയായതെന്ത്‌ എന്ന വളരെ അടിസ്ഥാനപരമായ ഒരു സംശയത്തിന്‌ വ്യക്തമായ ഒരു കാരണവും പ്രേക്ഷകന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതും വളരെ വിചിത്രമായി തോന്നി. ചെറുപ്പത്തില്‍ പട്ടിണികിടന്നു, കൂടെയുള്ള കുട്ടികളുടെ വിശപ്പിണ്റ്റെ ദീനരോദനം കേട്ടു എന്നൊക്കെപ്പറഞ്ഞ്‌ തടിതപ്പിയാലും എങ്ങും എത്തുന്നില്ല.

അവിടവിടെയായി കുറച്ച്‌ (വളരെ കുറച്ച്‌) നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലും ഉണ്ടായിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ എടുത്തുപറയാവുന്ന, പ്രേക്ഷകരെ മാനിക്കുന്ന കാര്യമായ ഒന്നും തന്നെ ഈ സിനിമയിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ചിത്രത്തിലെപ്പോലെ ഈ ചിത്രത്തിലും ഉണ്ണിക്കൃഷ്ണന്‌ സാധിച്ചിട്ടില്ല എന്നുതന്നെ പറയാം. (അതുകൊണ്ട്‌ തന്നെ തീയ്യറ്ററുകളില്‍ ആളെ കിട്ടാനും ബുദ്ധിമുട്ട്‌ കാണുന്നുണ്ട്‌)