
രചന, സംവിധാനം : പെഡ്രോ അല്‍മൊദവര്‍
ഭാഷ : സ്പാനിഷ്
അഭിനേതാക്കള്‍ : പെന്‍ലോപ് ക്രൂസ്, കാര്‍മെന്‍ മൌറ, ലോല ഡ്യുനസ്, യൊഹാന കോബൊ, ബ്ലാങ്ക പോര്‍ടിലൊ
പോയ വര്‍ഷം ഫിലിം ഫെസ്റ്റിവലുകളിലെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു സ്പാനിഷ് സംവിധായകനായ പെഡ്രോ അല്‍മൊദവറുടെ വോള്‍വര്‍. നിരവധി അവാര്‍ഡുകളും നോമിനേഷനുകളും നേടിയ വോള്‍വര്‍ ലോകമെമ്പാടുമുള്ള സിനിമാ നിരൂപകരുടെ പ്രശംസ കരസ്ഥമാക്കി.
വോള്‍വര്‍ എന്നാല്‍ സ്പാനിഷ് ഭാഷയില്‍ തിരിച്ചു വരവ് എന്നാണര്‍ത്ഥം. മരിച്ചുപോയെന്നു കരുതിയ അമ്മയുടെ തിരിച്ചു വരവും കുടുംബജീവിതത്തിലെ അപസ്വരങ്ങളും അസ്വാരസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്. പൂര്‍ണമായും ഒരു സ്ത്രീപക്ഷ ചലചിത്രമാണ് വോള്‍വര്‍. കഴിഞ്ഞ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് ഇതിലെ ആറു നടികള്‍ പങ്കിടുകയായിരുന്നു.
റൈമുണ്ടയുടെ (പെന്‍ലോപ് ക്രൂസ്) മാതാപിതാക്കള്‍ ഒരു തീപിടിത്തത്തില്‍ മരണപെട്ടതാണ്. അവള്‍ മദ്യപാനിയായ ഭര്‍ത്താവും മകള്‍ പൌളയുമൊത്ത് (യൊഹാന കോബൊ) താമസിക്കുന്നു. റൈമുണ്ടയുടെ സഹോദരിയാണ് സോള്‍ (ലോല ഡ്യുനാസ്). പൌള അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനെ കുത്തികൊല്ലുന്നു. റൈമുണ്ട മകളെ സംരക്ഷിക്കുകയെന്നത് തന്റെ ദൌത്യമായി കരുതി മൃതശരീരം ഒളിപ്പിക്കുന്നു. മാതൃസഹോദരിയുടെ ശവമടക്കിനു പോകുന്ന് സോള്‍ അവിടെ വെച്ച് സ്വന്തം അമ്മയായ ഐറീന്റെ (കാര്‍മെന്‍ മൌറ) “പ്രേതത്തിനെ” കാണുന്നു. സോളിന്റെ കൂടെ വരുന്ന ഐറീന്‍ അവളുടെ വീട്ടില്‍ റഷ്യക്കാരിയായ സഹായിയായി ഒളിച്ചു താമസിക്കുന്നു.
ഐറീന്‍ എന്തിന് റൈമുണ്ടയെ ഒളിക്കുന്നു, തീപിടിത്തം എങ്ങിനെ സംഭവിച്ചു, തുടങ്ങി മനസ്സില്‍ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം തരുന്നതാണ് സിനിമയുടെ അവസാനം. തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ രസകരമായി കഥ പറഞ്ഞിട്ടുണ്ട്. പെന്‍ലോപ് ക്രൂസിന്റെ ഏറ്റവും മികച്ച പ്രകടനമാണിതിലുള്ളത്. ഹോളിവുഡില്‍ നല്ല വേഷങ്ങളൊന്നും ലഭിക്കാതിരുന്ന ക്രൂസിന് തന്റെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കിയിരിക്കുന്നു. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട മറ്റൊരാള്‍ കാര്‍മെന്‍ മൌറയാണ്.
ഹാസ്യത്തിലൂടെയാണെങ്കിലും വളരെ പ്രധാനപെട്ട ഒരു വിഷയം കാര്യഗൌരവത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കഴിഞ്ഞാലും മനസ്സില്‍ അത് തങ്ങിനില്‍ക്കുന്നത് അല്‍മൊദവറുടെ വിജയം തന്നെ. മനോഹരമായൊരു കഥയും രസകരമായ സംഭാഷണങ്ങളും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും തികഞ്ഞ സംവിധാനമികവും ഉള്ള വോള്‍വര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.
എന്റെ റേറ്റിംഗ് : 4.5/5