Showing posts with label ഇന്ദ്രജിത്ത്. Show all posts
Showing posts with label ഇന്ദ്രജിത്ത്. Show all posts

Tuesday, October 27, 2015

അമര്‍ അക്ബര്‍ അന്തോണി



രചന : ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
സംവിധാനം : നാദിര്‍ഷാ

സുഹൃത്തുക്കളായ മൂന്ന് ചെറുപ്പക്കാരുടെ രസകരമായ ജീവിത സാഹചര്യങ്ങളും ആഗ്രഹങ്ങളുമായി പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ചിത്രം ആദ്യ പകുതി വരെ മുന്നോട്ട് പോകുന്നു.  

രണ്ടാം പകുതിയില്‍ ചിത്രം മറ്റൊരു വഴിയിലേയ്ക്ക് തിരിയുന്നു.  സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിപത്തിനെക്കുറിച്ചാണ് ചിത്രത്തില്‍ ശ്രദ്ധ കൊടുത്തിരിക്കുന്നതെങ്കിലും അത് പൂര്‍ണ്ണമായും വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാനായിട്ടില്ലെന്ന് വേണം പറയാന്‍.

ഗാനരംഗങ്ങളും ഹാസ്യരംഗങ്ങളുമെല്ലാം പ്രേക്ഷകരെ പരമാവധി ആസ്വാദിപ്പിക്കുന്ന തരത്തിലുള്ളതായതിനാല്‍ ഈ ചിത്രം മികച്ച പ്രതികരണം നേടുവാന്‍ സാദ്ധ്യതയുണ്ട്.

പൃഥ്യിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരുടെ ചേര്‍ച്ച ഹാസ്യരംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി.  

പൃഥ്യിരാജ് ഹാസ്യരംഗങ്ങളില്‍ തന്‍റെ പഴയ സിനിമകളെക്കാള്‍ മികവ് പുലര്‍ത്തി.

Rating : 6 / 10



Tuesday, April 29, 2014

മസാല റിപ്പബ്ലിക് (Masala Republic)


സംവിധാനം : വൈശാഖ് ജി എസ്
രചന : അരുണ്‍ ജോര്‍ജ് കെ ഡേവിഡ്, വൈശാഖ് ജി എസ്

കേരളത്തില്‍ ഗുഡ്ക ഉപയോഗം നിരോധിച്ചതിനെത്തുടര്‍ന്ന് അത് നടപ്പിലാക്കാന്‍ ചുമതലയുള്ള ഒരു പോലീസ് സ്ക്വാഡിന്‍റെ തലവനായ ശംഭുവും കൂട്ടരും നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ ഇത് ഉപയോഗിക്കുന്നവരും അല്ലാത്തവരും നടത്തുന്ന പരിപാടികളുമാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു.

ഈ സിനിമയെ കൂടുതലായി നിരൂപണം ചെയ്യാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ചില സംഗതികള്‍ ചുവടെ ചേര്‍ക്കുന്നു.

ഇതൊരു ഡോക്യുമെന്‍ററിയാണോ എന്ന് എന്‍റെ ഭാര്യയടക്കം തീയ്യറ്ററില്‍ പലരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.

കുറേ പേര്‍ കാശ് കൊടുത്ത് കയറിയതിനാല്‍ ഏ.സി. ആസ്വദിച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
ഇന്‍റര്‍ വെല്‍ ആയപ്പോ ശുഭംഎന്ന് എഴുതിക്കാണിച്ചിരുന്നെങ്കില്‍ എന്ന് ചിലര്‍ മോഹിക്കുന്നുണ്ടായിരുന്നു.

ഗതികെട്ട് പല ഘട്ടങ്ങളിലും ഓരിയിടുന്ന ഒരു വിഭാഗമുണ്ടായിരുന്നു.

ടി.വി. പരസ്യമാണോ, ഡോക്യുമെന്‍ററിയാണോ, നാടകമാണോ, ആക്ഷേപഹാസ്യമാണോ എന്നൊക്കെയുള്ള പല പല സംശയങ്ങളിലൂടെയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നില്‍ തുടര്‍ന്ന് പോകുന്നത്.

ക്ഷമയുടെ നെല്ലിപ്പലക എന്ന സംഗതിയില്‍ ചെന്ന് ഇടിച്ച് ഇടിച്ച് അവശതയായപ്പോള്‍ എഴുന്നേറ്റ് പോരാന്‍ തുടങ്ങിയപ്പോഴാണ്‍ മറ്റൊരു സംഗതി മനസ്സിലായത്.  ഒരു വലിയ മൂവ് മെന്‍റിന്‍ ഞാനും നേതൃത്വം വഹിക്കുകയായിരുന്നു എന്ന്. ആ തീയ്യറ്ററിലെ പകുതി ആളുകളും കൂട്ടത്തോടെ തീയ്യറ്റര്‍ വിട്ട് ഇറങ്ങിപ്പോന്നു.  

അവിടെ കിടന്ന് ഉറങ്ങിയിരുന്ന ഒരു സുഹൃത്തിനോട് പിറ്റേന്ന് ചോദിച്ചപ്പോളറിഞ്ഞത് പിന്നെയും പത്ത് പതിനഞ്ച് മിനിട്ട് സിനിമ ബാക്കിയുണ്ടായിരുന്നു എന്നാണ്‍.  ചെറിയൊരു ആശ്വാസം തോന്നി... അത്രയും സമയം ലാഭിച്ചല്ലോ..

ചെവി വട്ടം പിടിച്ച് ഇരുന്നാല്‍ മാത്രമേ ഡയലോഗുകള്‍ കേള്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.  ഇടയ്ക്കിടെ ചില രസകരമായ ഡയലോഗുകള്‍ ഉണ്ടായിരുന്നു എന്നത് ചെറിയൊരു സമാധാനം.

Rating : 2.5 / 10



Saturday, September 22, 2012

ഹസ് ബന്റ്സ് ഇൻ ഗോവ (Husbands in Goa)



രചന: കൃഷ്ണ പൂജപ്പുര
സംവിധാനം: സജി സുരേന്ദ്രൻ

ഹാപ്പി ഹസ്ബൻഡ്സ് എന്ന ചിത്രത്തിനു സമാനമായ സന്ദർഭങ്ങൾ തന്നെ കുറച്ച് വ്യത്യാസപ്പെടുത്തി ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നു.

ഭാര്യമാരുടെ പീഠനങ്ങളാൽ അവശതയനുഭവിക്കുന്ന സുഹൃത്തുക്കളായ മൂന്ന് ഭർത്താക്കന്മാർ. അവർ ഒരിക്കൽ ഭാര്യമാരെ പറ്റിച്ച് ഗോവയ്ക്ക് പോയി ജീവിതം ആഘോഷിക്കാൻ തീരുമാനിക്കുന്നു. ഈ ആഘോഷിക്കലിന്നിടയിൽ ഭാര്യമാർ ഇതറിയാൻ ഇടവരികയും ഭർത്താക്കന്മാർ അറിയാതെ ഗോവയിൽ എത്തുകയും ചെയ്യുന്നു. ഇങ്ങനെ പോകുന്നു കഥയുടെ പോക്ക്.

ഇടയ്ക്ക് ചില രസകരമായ ഡയലോഗുകൾ, കുറച്ച് രസിപ്പിക്കുന്ന സീനുകൾ, പിന്നെ കുറേ ബോറടിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന സംഗതികൾ എന്നതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ പൊതു ഘടന. കുറേ കഴിയുമ്പോഴേയ്ക്കും പ്രേക്ഷകർക്ക് ഈ പണ്ടാരം ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്നാകും. കാരണം, കോമഡി അഭിനയം കണ്ട് മടുത്ത് ഒരു പരുവം ആകും.

ദ്വയാർത്ഥപ്രയോഗങ്ങളും ഭാര്യമാരെ മൊത്തത്തിൽ കളിയാക്കിക്കൊണ്ടുള്ള സംഗതികളും ആയതിനാൽ ഇത് ആ കാറ്റഗറി പ്രേക്ഷകരെ കുറെയൊക്കെ ആസ്വദിപ്പിക്കുമെങ്കിലും കുറേ കഴിയുമ്പോഴേയ്കും അവരെക്കൊണ്ട് തന്നെ തെറി വിളിപ്പിക്കുകയും ചെയ്യുന്നു എന്ന് ഒരു തീയ്യറ്ററിലെ അനുഭവം കൊണ്ട് മനസ്സിലായി.


ഇന്ദ്രജിത് മികച്ച അഭിനയം കാഴ്ച വെച്ചപ്പോൾ ജയസൂര്യ മോശമാകാതെ ഒപ്പം നിന്നു. ആസിഫ് അലി കുറച്ച് കഷ്ടപ്പെട്ടു. ലാൽ ഇടയ്ക്ക് മോഹൻലാലിനു പഠിക്കുന്നുണ്ടായിരുന്നു.

ക്ലൈമാക്സിനോടടുക്കുമ്പോഴേയ്ക്കും തീയ്യറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നാത്തവർ ഉറങ്ങുന്നവർ മാത്രമായിരിക്കും. കാരണം, അപ്പോഴേയ്കും വെറുപ്പിച്ച് ഒരു പ്രത്യേക മാനസികാവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകും.

Rating : 3 / 10

Sunday, July 03, 2011

ത്രീ കിംഗ്‌സ്‌ (Three Kings)



കഥ, തിരക്കഥ, സംഭാഷണം: Y V രാകേഷ്‌
സംവിധാനം: V K പ്രകാശ്‌

ഒരു രാജകുടുംബത്തില്‍ ഏകദേശം ഒരേ സമയം ജനിക്കുന്ന മൂന്ന് കുട്ടികള്‍.. ജനിച്ചതുമുതല്‍ പരസ്പരം വികര്‍ഷണ സ്വഭാവമുള്ള ഈ മൂന്ന് ആണ്‍കുട്ടികളും പരസ്പരം പാര പണിത്‌ ആരെയും ഒന്നിലും വിജയിക്കാനോ നേട്ടമുണ്ടാക്കാനോ അനുവദിക്കാതെ വളരുന്നു. ഭാസ്കര്‍, റാം, ശങ്കര്‍ എന്നീ മൂന്നുപേരെ യഥാക്രമം ഇന്ദ്രജിത്‌, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ അവതരിപ്പിക്കുന്നു.

കടം കയറി ലേലത്തിലാകുന്ന കൊട്ടാരം വീണ്ടെടുക്കാന്‍ മുന്നുപേരും ആഗ്രഹിക്കുന്നതിനാല്‍ പണമുണ്ടാക്കാനുള്ള അവരവരുടേതായ വഴികള്‍ തേടുകയും പരസ്പരം കാലുവാരിയും കുഴികുഴിച്ചും മൂന്നുപേരും നിരന്തരം പരാജയപ്പെടുകയും അപമാനിതരാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കൊട്ടാരം ലേലത്തില്‍ പിടിക്കാനായി നടക്കുന്ന പണക്കാരനായി ജഗതി ശ്രീകുമാറും രംഗത്തുണ്ട്‌. പണ്ട്‌ കൊട്ടാരം വാല്യക്കാരായിരുന്നെങ്കിലും ഇന്ന് ഈ കൊട്ടാരത്തിലെ തമ്പുരാക്കന്‍മാര്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ കടക്കാരാക്കിയിരിക്കുകയാണ്‌ ഇദ്ദേഹം.

ഈ മൂന്ന് ഇളമുറത്തമ്പുരാക്കന്‍മാരും ഏതോ പണക്കാരണ്റ്റെ മക്കളെ പ്രേമിക്കുകയും പെണ്‍കുട്ടിയുടെ അച്ഛണ്റ്റെ സ്വത്തുകൊണ്ട്‌ പണക്കാരാകാം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇവര്‍ അവരവരുടെ കാമുകിമാരെ കാണാന്‍ അവരുടെ വീട്ടിലെത്തുമ്പോഴാണ്‌ വലിയൊരു സസ്പെന്‍സ്‌ അറിയുന്നത്‌. മൂന്ന് പെണ്‍കുട്ടികളും ജഗതിയുടെ മക്കളാണ്‌.. സഹോദരിമാര്‍.. (എന്തൊരു സസ്പെന്‍സ്‌ അല്ലേ?... )

പണ്ട്‌ കാലത്ത്‌ ഈ കൊട്ടാരത്തിലെ വിലപ്പെട്ട വിഗ്രഹം പടയാളികള്‍ ഏതോ ഒളിസങ്കേതത്തില്‍ ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടെന്ന വിവരത്തിനെത്തുടര്‍ന്ന് അത്‌ കണ്ടെത്താനുള്ള മൂന്നുപേരും അവരുടെ കാമുകിമാരുമായി ചേര്‍ന്ന് വെവ്വേറെ നടത്തുന്ന ശ്രമമാണ്‌ ഈ സിനിമയുടെ ബാക്കിഭാഗം.

ഇവിടവിടെ ഒന്ന് രണ്ട്‌ രസകരമായ ഡയലോഗുകള്‍, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്കുകള്‍, ഹാസ്യത്തിലേയ്ക്കുനയിക്കുന്ന സാഹചര്യങ്ങള്‍ എന്നിവയാണ്‌ ഈ സിനിമയില്‍ ആകെക്കൂടി സഹിക്കാവുന്ന സംഗതികള്‍... കൂടാതെ ഒടുവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ട്വിസ്റ്റ്‌...

ഇനി ഈ സിനിമയെക്കുറിച്ച്‌ അധികം പറഞ്ഞാല്‍ അത്‌ അന്യായമായിപ്പോകും... അത്രയ്ക്ക്‌ കെങ്കേമമായ ഒരു സിനിമ....

'തറ' എന്ന പ്രയോഗം വളരെ താഴ്ന്ന നിലവാരമുള്ളത്‌ എന്ന് സൂചിപ്പിക്കാനായി ഉപയോഗിക്കുന്നതാണല്ലോ... ഇത്‌ കൂടാതെ 'കൂതറ' എന്നൊരു ലോക്കല്‍ പ്രയോഗവും നിലനില്‍ക്കുന്നതായി അറിയുന്നു... അതായത്‌, തറ നിലവാരത്തിലും താഴെപ്പോകുന്ന സംഗതികളെയാണത്രേ 'കൂതറ' എന്ന ഒോമനപ്പേരിട്ട്‌ വിളിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഈ സിനിമയ്ക്ക്‌ കുറച്ചുകൂടി നിലവാരമുണ്ടായിരുന്നെങ്കില്‍ 'കൂതറ' എന്ന് വിളിക്കാമായിരുന്നു. ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രയോഗം കണ്ട്‌ പിടിക്കേണ്ടിവരും... അത്ര കേമമാണ്‌ ഈ സിനിമ.

അഞ്ച്‌ വയസ്സിനും ഒമ്പത്‌ വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക്‌ ഈ ചിത്രം നന്നേ ബോധിക്കും... കാരണം, ടി.വി. യില്‍ കാണുന്ന കാര്‍ട്ടൂണുകളുടെ നിലവാരമല്ലെങ്കിലും ഇത്രയധികം മണ്ടന്‍ കോപ്രായങ്ങള്‍ വേറെയെങ്ങും കാണാന്‍ സാധിക്കില്ല. ഈ പ്രായത്തിലുള്ള കുട്ടികള്‍ ഇത്‌ ആസ്വദിക്കാനുള്ള കാരണമെന്തെന്നാല്‍ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിണ്റ്റെ കാരണങ്ങളോ പാവം കുട്ടികള്‍ക്ക്‌ അറിയാന്‍ കഴിയില്ലല്ലോ... സ്ക്രീനില്‍ കാണുന്ന കോപ്രായങ്ങളില്‍ മാത്രം കണ്ണും നട്ട്‌ രസിക്കാം...

ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടില്ലാത്തവര്‍ക്ക്‌ ഈ ചിത്രം മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടം തന്നെയായിരിക്കും. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവരെ നോക്കി സന്തോഷിച്ച്‌ തികട്ടിവരുന്ന അലര്‍ജി ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മന്ദബുദ്ധികളുടെ സംസ്ഥാനസമ്മേളനമാണ്‌ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്‌. സാമാന്യബുദ്ധിയോ ബോധമോ ഉള്ള ഒരൊറ്റ കഥാപാത്രം പോലുമില്ലാത്ത ഒരു സിനിമ ആദ്യമായാണ്‌ കാണേണ്ടിവന്നത്‌. നായികമാരെല്ലാവരും ബുദ്ധിമാന്ദ്യത്തില്‍ പരസ്പരം മത്സരിക്കുന്നവര്‍... സുരാജ്‌ വെഞ്ഞാര്‍മൂടുമായി ബന്ധപ്പെട്ട സീനുകളെല്ലാം കണ്ടുകൊണ്ടിരിക്കണമെങ്കില്‍ സര്‍വ്വനാഡിയും തളരാനുള്ള മരുന്ന് കഴിച്ചിട്ടിരിക്കണം... അല്ലെങ്കില്‍ അറിയാതെ പ്രതികരിച്ചുപോകും...

ചില തമാശസീനുകളുടെ സാമ്പിളുകള്‍...

ജഗതിയും കാര്‍ ഡ്രൈവറും കൂടി ഒരു ചെറുവിമാനത്തില്‍ നിധിയിരിക്കുന്ന സ്ഥലത്തേയ്ക്ക്‌ പോകുന്നു. പോകുന്ന വഴി വിമാനത്തിണ്റ്റെ പൈലറ്റ്‌ ജഗതിയുടെ ഡ്രൈവറെ വളയം ഏല്‍പ്പിച്ച്‌ ബാക്കില്‍ പോയി വെള്ളമടിച്ച്‌ ബോധം പോയികിടക്കുന്നു. ജഗതിയും ഡ്രൈവറും പേടിച്ച്‌ വിറച്ച്‌ വിമാനം പറത്തുകയും ഒടുവില്‍ സേഫ്‌ ആയി നിലത്തിറക്കുകയും ചെയ്യുന്നു... ഇപ്പോള്‍ ഊഹിക്കാമല്ലോ ചിരിച്ച്‌ ചിരിച്ച്‌ വശക്കേടാകുന്ന കോമഡിയായിരിക്കുമെന്ന്...

വേറൊരു സാമ്പിള്‍..
നിധിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള "അഞ്ച്‌ മഞ്ച്‌ കുഞ്ചന്‍..." എന്നോ മറ്റോ തുടങ്ങുന്ന ഒരു ശ്ളോകം കേട്ട്‌ സുരാജ്‌ വെഞ്ഞാര്‍മൂട്‌ ശേഖരിക്കുന്ന സാധനങ്ങള്‍... അഞ്ച്‌ മഞ്ച്‌ ചോക്ളേറ്റ്‌, കുഞ്ചന്‍ എന്ന നടന്‍... എന്നിങ്ങനെ.... എങ്ങനെയുണ്ട്‌? ചിരിച്ച്‌ ചിരിച്ച്‌ തലപൊട്ടിത്തെറിക്കാത്ത ആരെങ്കിലുമുണ്ടാകുമോ ബാക്കി?

എന്തായാലും ഇത്ര ദയനീയമായ ഒരു ട്രാജിക്‌ ആയ കോമഡി ചിത്രം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഇനിയൊട്ട്‌ ഉണ്ടാകാനും പോകുന്നില്ല...

Rating : 1.5 / 10

Sunday, May 01, 2011

സിറ്റി ഓഫ്‌ ഗോഡ്‌ (City of God)



കഥ, തിരക്കഥ, സംഭാഷണം: ബാബു ജനാര്‍ദ്ദനന്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
നിര്‍മ്മാണം: എം അനിത, അനില്‍ മാത്യു

"സിനിമാരംഗത്ത്‌ വളര്‍ന്ന്‌ വരുന്ന ഒരു നടി (റീമാ കല്ലിങ്ങല്‍). അവരുടെ ഭര്‍ത്താവ്‌ തണ്റ്റെ ബിസിനസ്സിനോ മറ്റ്‌ പണത്തിണ്റ്റെ ഭീമമായ ആവശ്യങ്ങള്‍ക്കോ വേണ്ടി ഈ നടിയെ വളരെ അടുത്ത പലര്‍ക്കും കാഴ്ച വച്ചിട്ടുണ്ട്‌. അതില്‍ ഒരു പ്രധാനി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ പ്രമുഖനായ ഒരാളാണ്‌. ഇയാല്‍ പണ്ട്‌ ഈ നടിയെ പ്രേമിച്ചിരുന്നതും പിന്നീട്‌ എന്തുകൊണ്ടോ വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതുമാണെന്നും പറയുന്നുണ്ട്‌. ഇയാളുടെ അടുത്ത സുഹൃത്തും ഇദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്നതുമായ ക്രിമിനല്‍ പശ്ചാത്തലമുള്ള ജ്യോതിലാല്‍ (പൃഥ്വിരാജ്‌) ഒരു വസ്തുക്കച്ചവടം നടത്തുന്നതിനായി ഇടപെടുന്നു. അതിണ്റ്റെ തര്‍ക്കങ്ങളുടെ ഭാഗമായി മറ്റൊരു പ്രമുഖനായ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരനെ കൊലചെയ്യുന്നു. ഇയാളുടെ ഭാര്യ (ശ്വേതാ മേനോന്‍), പ്രതികാരത്തിനുവേണ്ടി ചിലരെ ഉപയോഗിക്കുന്നു.

തമിഴ്‌ തൊഴിലാളിയായ സ്വര്‍ണ്ണവേല്‍(ഇന്ദ്രജിത്‌) ആ കൂട്ടത്തിലെ മരതകവുമായി (പാര്‍വ്വതി) ഇഷ്ടത്തിലാണ്‌. മരതകം വിവാഹം കഴിഞ്ഞ്‌ ഒരു കുട്ടിയുള്ളതാണെങ്കിലും അവരുടെ ഭര്‍ത്താവ്‌ ദുഷ്ടനും ദുര്‍ന്നടപ്പുകാരനും കുറേ ചിന്നവീടുമുള്ള ഒരു പോലീസുകാരനാണ്‌. കുട്ടി നാട്ടില്‍ അമ്മൂമ്മയോടൊപ്പമാണ്‌. ഈ തമിഴ്‌ ഗ്രൂപ്പിലെ ഒരു പ്രധാനിയായ സ്ത്രീയായി രോഹിണിയുണ്ട്‌."


ഈ മുകളില്‍ പറഞ്ഞ പല കാര്യങ്ങളും പല പല കഷണങ്ങളായി മുറിച്ച്‌ പല ഭാഗങ്ങളില്‍നിന്നായി കൂട്ടിയോജിപ്പിച്ച്‌ കൊണ്ടുവരും. ഈ കൂട്ടിയോജിപ്പിക്കലുകള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. അതിന്നിടയില്‍ പല ഡയലോഗുകളും വ്യക്തമാകില്ല. അതില്‍ ഇത്ര മനസ്സിലാക്കാനൊന്നുമില്ലെന്ന് തന്നെയാണ്‌ ഉദ്ദേശം എന്നുതോന്നുന്നു. അത്‌ മനസ്സിലാകാത്തതുകൊണ്ട്‌ സിനിമ വ്യക്തമായില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. വളരെ ബ്രില്ല്യണ്റ്റ്‌ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനെ വേണം. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും ഒന്നും മനസ്സിലാകരുത്‌.

കൊച്ച്‌ കുട്ടികളുടെ ബുദ്ധി നിലവാരം വികസിപ്പിക്കുന്നതിന്‌ വലിയ ഒരു ഇമേജ്‌ കുറേ കഷണങ്ങളാക്കി കൊടുത്ത്‌ ഒന്നിപ്പിച്ചെടുക്കാന്‍ പറയുന്ന ഒരു സംഗതിയുണ്ട്‌. അതുപോലെ, ഈ സിനിമയിലും ചിതറിക്കിടക്കുന്ന സീനുകളെ ഇടയ്ക്കിടയ്ക്ക്‌ പല കഥാപാത്രങ്ങളുടെ ജീവിതകോണില്‍ നിന്നോ ജീവിത സന്ദര്‍ഭങ്ങളില്‍നിന്നോ കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ച്‌ ഒരിടത്തെത്തിക്കും. പിന്നീട്‌ ഒരു ബന്ധവുമില്ലാത്ത വേറൊരു സംഭവം കാണിക്കും. ആ സംഭവത്തെ പ്രധാന കഥയുമായി ബന്ധിപ്പിക്കാനായി വീണ്ടും പല ഭാഗത്തുനിന്നും കഥാസന്ദര്‍ഭങ്ങളെയോ സംഭവങ്ങളേയോ കൊണ്ട്‌ വന്ന് യോജിപ്പിക്കും. ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കും. ഇതാണ്‌ സിറ്റി ഒാഫ്‌ ഗോഡ്‌ എന്ന ഈ സിനിമ.

വ്യത്യസ്തമായ ഒരു അവതരണരീതി ഈ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നു. കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാതെ ഇങ്ങനേയും പറയാം എന്ന് ഈ ചിത്രം മനസ്സിലാക്കിത്തരുന്നു. പക്ഷേ, എന്തിനായിരുന്നു ഇങ്ങനെയൊരു കൃത്യം എന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്‌ മനസ്സിലാകാതെ അവന്‍ അന്തം വിട്ട്‌ കഷ്ടപ്പെടും.

വളരെ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ ഒന്നും മനസ്സിലാകില്ല. 'ഇതെന്താ സംഭവം? ഇതെന്താ കാണിച്ചത്‌ തന്നെ കാണിക്കുന്നേ?' എന്ന് അവന്‍ മണ്ടനെപ്പോലെ പലപ്രാവശ്യം ചോദിച്ചുകൊണ്ടിരിക്കും. (എണ്റ്റെ ഒരു കസിന്‍ കൂടെയുണ്ടായിരുന്നതുകൊണ്ട്‌ ഇത്‌ എണ്റ്റെ നേരിട്ടുള്ള അനുഭവമാണ്‌). സാമാന്യമായ കലാസ്വാദനകഴിവില്ലാത്ത പാവം മണ്ടന്‍ പ്രേക്ഷകന്‍. ആദ്യമൊക്കെ ഈ ചോദ്യം ചോദിക്കുന്നത്‌ നല്ല സിനിമ ഗ്രഹിക്കാനുള്ള കഴിവുകേടാണെന്ന് തോന്നുന്നതിനാള്‍ അതിനുവേണ്ട വിശദീകരണം കൊടുക്കാന്‍ ബുദ്ധിമുട്ടില്ല. 'ഒരേ സന്ദര്‍ഭത്തെ പല കഥാപത്രങ്ങളുടെ ആങ്കിളുകളില്‍ നിന്നും അവരുടെ ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നും കൊണ്ടുവന്ന് സംയോജിപ്പിക്കുന്നതാണ്‌' എന്ന് പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കാം. പക്ഷേ, ഈ സംഗതികള്‍ തുടരുകയും ഇതേ ചോദ്യം തുടരുകയും ചെയ്യുമ്പോള്‍ ബുദ്ധിനിലവാരവും ആസ്വാദനക്ഷമതയും കൂടുതലുണ്ടെന്ന് അഹങ്കരിക്കുന്ന പ്രേക്ഷകന്‍ (ഉദാഹരണത്തിന്‌ 'ഞാന്‍' എന്ന് വയ്ക്കുക) കുറച്ച്‌ ആവലാതിയോടെ തല ചൊറിഞ്ഞ്‌ ടെന്‍ഷനടിക്കും.

സ്വര്‍ണ്ണവേ‍ലുവും മരതകവും അടങ്ങുന്ന കഥാതന്തുവിലെ പല രംഗങ്ങളും നീണ്ട്‌ നീണ്ട്‌ ബോറടിപ്പിച്ച്‌ അവശരാക്കും.

അഭിനയം എല്ലാവരുടേയും മികച്ചതായിരുന്നു. കഥയും സന്ദര്‍ഭങ്ങളും അതിമാനുഷികതകളോ യുക്തിക്കുറവുകളോ അനാവശ്യതിരുകലുകളോ കാര്യമായില്ലാതെ കൊണ്ടുപോകാനായി എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊതുവേ ഒരു നിലവാരം കാത്തുസൂക്ഷിച്ചു എന്നതാണ്‌ ലിജോ എന്ന സംവിധായകണ്റ്റെ കഴിവായി എടുത്ത്‌ പറയാവുന്നത്‌.

പക്ഷേ, വ്യത്യസ്തതയ്ക്കുവേണ്ടി ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമ സാധാരണ പ്രേക്ഷകന്‍ കണ്ടില്ലേലും മനസ്സിലായില്ലേലും വിരോധമില്ല എന്ന് തോന്നുകയോ പ്രേക്ഷകര്‍ ഇത്തരം സിനിമകള്‍ കാണാന്‍ അഭിരുചി ഉണ്ടാക്കിയെടുത്തേ പറ്റൂ എന്ന ധാരണയോ അപകടമാണ്‌.

ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും ഈ സിനിമ കാണാനായി തീയ്യറ്റര്‍ തപ്പി കണ്ടുപിടിക്കേണ്ടി വരികയും ശുഷ്കമായ ഷോ മാത്രമുള്ളതില്‍ ഒരു ഷോയ്ക്ക്‌ കയറി വിരളമായ പ്രേക്ഷകര്‍ക്കിടയിലിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകളടങ്ങുന്ന ചില കുടുംബപ്രേക്ഷകര്‍ ഇടയ്ക്ക്‌ വച്ച്‌ ഇറങ്ങിപ്പോകുന്ന കാഴ്ച ഈ അപകടാവസ്ഥയുടെ സൂചനയാണ്‌. അതുപോലെ തന്നെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഈ കൂട്ടിയോജിപ്പിക്കല്‍ പ്രക്രിയകണ്ട്‌ അന്തം വിട്ട്‌ ചിരിക്കുകയും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ 'ഈ സിനിമ എന്തൂട്ടാ? എന്താ ഇതിണ്റ്റെ കഥ?' എന്ന് ചോദിക്കുകയും ചെയ്യുന്ന പാവപ്പെട്ട മണ്ടന്‍ പ്രേക്ഷകരാണ്‌ പൊതുവേ തീയ്യറ്ററുകളില്‍ കൂടുതലായും എത്തുന്നത്‌ എന്ന സത്യവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

Rating: 5 / 10

Sunday, February 13, 2011

റേസ്‌




കഥ, സംവിധാനം: കുക്കു സുരേന്ദ്രന്‍

തിരക്കഥ: കുക്കു സുരേന്ദ്രന്‍, റോബിന്‍ തിരുമല

സംഭാഷണം: റോബിന്‍ തിരുമല

നിര്‍മ്മാണം: ജോസ്‌ കെ ജോര്‍ജ്‌, ഷാജി മേച്ചേരി



പ്രശസ്തനായ ഒരു കാര്‍ഡിയോളജി ഡോക്ടറും അദ്ദേഹത്തിണ്റ്റെ ഭാര്യയും കുട്ടിയും സന്തോഷമായി ജീവിക്കുന്നു. ഇവരുടെ കുട്ടിയെ തട്ടിക്കൊണ്ട്‌ പോകുകയും വിലപേശി മാനസികമായി തളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു കൂട്ടര്‍.. അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലൂടെയാണ്‌ ഈ ചിത്രം പുരോഗമിക്കുന്നത്‌.

തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയും തട്ടിക്കൊണ്ട്‌ പോകുന്നതില്‍ ഉള്‍പ്പെട്ടവരുടെ കുറച്ച്‌ സമയത്തെ സീനുകളും കണ്ടാല്‍ തന്നെ ഈ കഥയുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഊഹിക്കാന്‍ കഴിയാത്തവരായി ആരും ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. അതായത്‌, തട്ടിക്കൊണ്ടുപോയത്‌ പണത്തിനുവേണ്ടിയല്ല, മറിച്ച്‌ അവര്‍ക്കുണ്ടായ സമാനമായ ഒരു ദുഖത്തിണ്റ്റെയോ ദുരന്തത്തിണ്റ്റെയോ പ്രതികാരം മാത്രമാണിതെന്ന്‌ നമുക്ക്‌ തോന്നുന്നത്‌ സ്വാഭാവികം. തട്ടിക്കൊണ്ടുപോയതിനുശേഷമുള്ള കുറച്ചുസമയത്ത്‌ ഫോണിലൂടെയും മറ്റുമുള്ള സംഭാഷണങ്ങളിലൂടെ കാര്യങ്ങള്‍ സംഭവിക്കുന്നതിനാല്‍ കാര്യമായ കഥാപുരോഗതിയോ ഒരു വേഗതയോ ചിത്രത്തിന്‌ സംഭവിച്ചില്ല എന്നതാകുന്നു വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം. പക്ഷേ, രക്ഷപ്പെടാനുപയോഗിച്ച രീതികളും സംഭവങ്ങളുമെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെയും ബുദ്ധിപരമായും സൃഷ്ടിക്കാനായി എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്ളസ്‌ പോയിണ്റ്റ്‌.

പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആ ശ്രമം വേണ്ടപോലെ ഫലിക്കുന്നില്ല എന്നതാണ്‌ സത്യം. മാത്രമല്ല, വലിച്ച്‌ നീട്ടലില്‍ പെട്ട്‌ പലപ്പോഴും വല്ലാത്ത വിരസതയും അനുഭവപ്പെട്ടു.

ചിത്രത്തിണ്റ്റെ ക്ളൈമാക്സ്നിലോട്ടടുക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലുള്ള വെളിപ്പെടുത്തലുകൂടി വന്നപ്പോള്‍ സമാധാനമായി. പക്ഷേ, വെളിപ്പെടുത്തലിനുശേഷം ഒരല്‍പ്പം താല്‍പര്യം ജനിപ്പിക്കുവാനായത്‌ ചിത്രത്തിന്‌ നല്ലൊരു പ്രതിച്ഛായ നല്‍കി എന്ന്‌ തോന്നി.

അഭിനയം എല്ലാവരുടേയും ആവറേജ്‌ ആയിരുന്നെങ്കിലും ഇന്ദ്രജിത്‌ എല്ലാവരെക്കാള്‍ മികച്ചുനിന്നു. ജഗതിയെ ചേഞ്ചിനുവേണ്ടി ഇങ്ങനെ കോപ്രായം കാണിച്ച്‌ നശിപ്പിക്കേണ്ടായിരുന്നു എന്ന്‌ തോന്നി.

ഡയലോഗുകള്‍ പലതും നിലവാരം പുലര്‍ത്തുന്നവയായില്ല.

ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ പലസ്ഥലത്തും നന്നായെങ്കിലും ത്രില്‍ ബില്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ച്‌ അതിണ്റ്റെ ഉച്ഛസ്ഥായിയില്‍ എത്തിയപ്പോള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ഒരു കോമഡിയായി മാറിത്തുടങ്ങിയപോലെ തോന്നി. അത്‌ മാത്രം ശ്രദ്ധിച്ചാല്‍ ആരും ചിരിച്ചുപോകും.

ചിത്രത്തിണ്റ്റെ അവസാനത്തോടടുക്കുമ്പോഴേക്കും പോലീസ്‌ എന്ന സംഗതിയെ പാടേ അവഗണിച്ചതും മറ്റൊരു ന്യൂനതയായി.



ഇതൊക്കെയാണെങ്കിലും, പൊതുവേ പറഞ്ഞാല്‍ കോക്‌ ടെയില്‍, ട്രാഫിക്‌ തുടങ്ങിയ ചിത്രങ്ങളിലെപ്പോലെ നല്ലൊരു ശ്രമം ഈ സിനിമയുടെ പിന്നിലുണ്ട്‌. പക്ഷേ, ആവര്‍ത്തനവിരസതകള്‍ കൊണ്ടും ലാഗുകൊണ്ടും ആ ശ്രമത്തെ നല്ലൊരു അവസ്ഥയില്‍ എത്തിക്കാനായില്ലെന്നത്‌ നിരാശാജനകം തന്നെ.



എന്നിരുന്നാലും, തള്ളിക്കളയാതെ പ്രോത്സാഹിപ്പിക്കാവുന്ന പല ഘടകങ്ങളും ഉള്ളതിനാല്‍ ഈ ചിത്രം മോശമല്ലാത്ത ചിത്രങ്ങളുടെ ഗണത്തില്‍ പെടുന്നതായാണ്‌ എനിക്ക്‌ തോന്നിയത്‌.

Rating : 5 / 10