Showing posts with label അഖില്‍ പോള്‍. Show all posts
Showing posts with label അഖില്‍ പോള്‍. Show all posts

Monday, April 14, 2014

7th ഡേ


കഥ, തിരക്കഥ, സംഭാഷണം : അഖില്‍ പോള്‍
സംവിധാനം : ശ്യാംധര്‍

ആദ്യത്തെ കുറച്ച് മിനിട്ട് പൃഥ്യിരാജ് ഇരുണ്ട വെളിച്ചത്തിലിരുന്ന് ഇരുട്ടിനെക്കുറിച്ചും അതിന്‍റെ സൌന്ദര്യത്തെക്കുറിച്ചും കുറച്ച് ഡയലോഗുകള്‍ അടിക്കുന്നുണ്ട്.  വരാന്‍ പോകുന്ന ഗംഭീരമായ എന്തോ കുറ്റാന്വേഷണരംഗങ്ങളുടെ സൂചനയാണ്‍ അതെന്ന് പ്രേക്ഷകനെ ധരിപ്പിക്കാന്‍ ഇത് കൊണ്ട് സാധിക്കുന്നു.  

പിന്നെ ജീപ്പ് എടുക്കുന്നു, യാത്ര ചെയ്യുന്നു, ബൈക്കില്‍ സഞ്ചരിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ പിറകില്‍ ജീപ്പ് ഇടിക്കുന്നു, അവരുടെ ടെന്ഷനില്‍ ഇടപെടുന്നു, ആശുപത്രിയില്‍ നിന്ന് ഒരുവനെ കാണാതാകുന്നു, ഇദ്ദേഹം സഹായം വാദ്ദാനം ചെയ്യുന്നു, താന്‍ ഐ പി എസ് ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ സസ്പെന്ഷനിലാണെന്നും വെളിപ്പെടുത്തുന്നു.  (ഇത്രയുമൊക്കെ ആകുമ്പോഴെയ്ക്കും ആ ആക്സിഡന്‍റും മറ്റും ഇദ്ദേഹം ഇവരിലേയ്ക്ക് ഇടപെടാന്‍ മനപ്പൂര്‍ വ്വം സൃഷ്ടിച്ചതാണെന്ന്  നമുക്ക്  തോന്നാം.   ആ തോന്നലിന്‍ കാരണം  പൃഥ്യിരാജിന്‍റെ  നിസ്സംഗഭാവം കൂടിയാണ്‍.)

തുടര്‍ന്ന്  നടക്കേണ്ട ഉദ്വേഗജനകവും ബുദ്ധിപരവുമായ സംഭവവികാസങ്ങളും  കോരിത്തരിപ്പിക്കുന്ന കുറ്റാന്വേഷണവും  പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന്‍  ഇഴഞ്ഞ് നീങ്ങുന്ന  രംഗങ്ങളും കുറേ എന്തിനോ വേണ്ടി പറയുന്ന ഡയലോഗുകളും ഒട്ടും ലോജിക്കലല്ലാത്ത  പഴഞ്ചന്‍   തന്ത്രങ്ങളും കണ്ട്  സന്തുഷ്ടരാവേണ്ടിവരും.

ഇഴഞ്ഞ് നീങ്ങിയ രംഗങ്ങളെ പരാമര്‍ശിക്കാതെ പ്രേക്ഷകരില്‍  സംശയമുയര്‍ത്തിയ ചില ലോജിക്കല്‍ കാര്യങ്ങള്‍ സൂചിപ്പിക്കാം.

1. ഒരാളുടെ സ്ഥാപനത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ അയാള്‍ അറിയാതെ ആരോ കൊണ്ട് വെക്കുകയും അവിടെ നിന്ന് അത് നഷ്ടപ്പെടുകയും ചെയ്താല്‍ അതിന്‍റെ യഥാര്‍ത്ഥ അവകാശികളായ വില്ലന്മാര്‍ അത് അന്വേഷിച്ച്വരികയും  ആ പണം തിരികെ കിട്ടാന്‍ അയാളെയും വീട്ടുകാരെയും ഭീഷണിയും ദേഹോപദ്രവവും മറ്റും ചെയ്യുക സ്വാഭാവികം. പക്ഷേ, ഈ വ്യക്തിയും സുഹൃത്തുക്കളും  ആ പണം എങ്ങനെ തന്‍റെ സ്ഥാപനത്തില്‍ വന്നു എന്നതിനെക്കുറിച്ച് വ്യാകുലപ്പെടുകയോ പരാതിപ്പെടുകയോ ചെയ്യാതെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായി സുകുമാരക്കുറുപ്പ് കളിക്കുന്നത് കുറച്ച് അക്രമമായിപ്പോയി.

2. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ഡെഡ് ബോഡിക്കായി ഒരാഴ്ച കൊണ്ട് ഒരു ഹോസ്പിറ്റലില്‍ വന്ന് അവകാശികളില്ലാത്ത പത്തിരുപത്തെട്ട് ഡെഡ് ബോഡികള്‍ പരിശോധിച്ചെന്ന കേട്ടപ്പോള്‍  അത്ഭുതം തോന്നിപ്പോയി.  (ഇതെവിടാ സ്ഥലം ഇത്രയധികം അവകാശികളില്ലാത്ത മനുഷ്യര്‍ മരിക്കുന്ന ഏരിയ).  
പക്ഷേ, അതൊക്കെ വെറുതേ ആയിപ്പോയി. കൂടെയുള്ളവന്‍ ഒ നെഗറ്റീവ് തന്നെ മരിച്ച് കഴിഞ്ഞേ അറിഞ്ഞുള്ളൂ എന്ന് തോന്നുന്നു.

3. ഒരു ബാഗ് നിറയെ പണം ഒരു അടുത്ത സുഹൃത്തിന്‍റെ സ്ഥാപനത്തില്‍ കണ്ടാല്‍ അത് അടിച്ച് മാറ്റാന്‍ തോന്നുന്ന സുഹൃത് ബന്ധം (എടുത്താലും അറിയാത്തത്ര തുക ഒന്നേമുക്കാല്‍ കോടി രൂപ) കൌതുകകരമായി.  അതേപോലെ തന്നെ,  ഒരു പെണ്ണിനുവേണ്ടി  ഉറ്റ സുഹൃത്തിനെ കൊല്ലാനും മറ്റ് സുഹൃത്തുക്കളെ അപകടങ്ങളില്‍ ചാടിക്കാനും സാധിക്കുന്ന സൌഹൃദം എത്ര പഴഞ്ചനാണേലും ന്യൂജനറേഷനിലും തുടരുന്നു.

ഒരു പാവം മോര്‍ച്ചറി സൂക്ഷിപ്പുകാരനോട് പറയുന്ന ഒരു ഡയലോഗിന്‍റെ ഏകദേശ രൂപം
'പരാജയം തൊട്ടടുത്താണെന്ന് അറിയുമ്പോഴും അത് മനസ്സിലാക്കാതെ വീണ്ടുംവിജയിക്കാമെന്ന് കരുതുന്ന മണ്ടത്തരം താന്‍ കാണിക്കില്ലെന്ന് വിശ്വസിക്കുന്നു'. 
ആ പാവത്തിനോട് അത്രയ്ക്ക് വേണ്ടായിരുന്നു.  അങ്ങേര്‍ കണ്ണും തള്ളി നിന്ന് പോയി "എന്‍റെ തള്ളേ" എന്ന ഭാവത്തില്‍

അതുപോലെ, പരസ്യത്തിലും മറ്റും കണ്ട ഡയലോഗ്  "ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാള്‍"   എന്ത് സംഭവിച്ചു  സത്യമായിട്ടും ആ ഡയലോഗ് എന്തിനായിരുന്നെന്ന് മനസ്സിലായില്ല ആന്തരിക അര്‍ത്ഥ തലങ്ങളുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഒടുവിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ക്ലൈമാക്സുണ്ട്.  അവിടെ തീയ്യറ്ററില്‍ കയ്യടി ഉയരുന്നുണ്ട്. പക്ഷേ, പിന്നീട്ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ഈ കസര്‍ത്തൊക്കെ എന്ന ചോദ്യവും അതിന്‍ വ്യക്തമായി കിട്ടാത്ത ഉത്തരവുമായി പ്രേക്ഷകര്‍ക്ക് അലഞ്ഞ് നടക്കാം.


സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും പൃഥ്വിരാജിന്‍റെ  പക്വതയോടുകൂടിയുള്ള അഭിനയവവും എടുത്ത് പറയേണ്ട മികവുകളാണ്‍.

Rating : 5 / 10