Monday, June 21, 2010

രാവണന്‍ (തമിഴ്‌)




കഥ, തിരക്കഥ സംവിധാനം: മണിരത്നം
സംഭാഷണം: സുഹാസിനി മണിരത്നം
മ്യൂസിക്‌: ഏ.ആര്‍. റഹ്‌ മാന്‍


രാമായണകഥയിലെ ഒരു ഏട്‌, ഇന്നത്തെ കാലഘട്ടത്തിലെ സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മറ്റൊരു വീക്ഷണകോണിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്‌ ഈ സിനിമയുടെ പ്രത്യേകത.

രാമായണകഥയിലെ പല കഥാപാത്രങ്ങള്‍ക്കും സമാനമായ കഥാപാത്രങ്ങളും സ്വഭാവസവിശേഷതകളും പ്രതിഫലിപ്പിച്ചിട്ടുണ്ടെങ്കിലും പല ഭേദഗതികളും വ്യത്യസ്തമായ വികാരതലങ്ങളും ഉള്‍പ്പെടുത്തി മറ്റൊരു അര്‍ത്ഥതലം നല്‍കാനാണ്‌ ഇവിടെ ശ്രമിച്ചിരിക്കുന്നത്‌.

ഈ ചിത്രത്തിലൂടെ രാമായണകഥയുടെ പുതിയ അവതരണം താഴെ പറയുന്നതുപോലെ വിവരിക്കാം..

രാവണന്‍ തന്റെ വനമേഖലയിലും മറ്റുമായി സ്വന്തമായ നിയമവും ഭരണവുമായി ജീവിക്കുന്നിടത്തേക്ക്‌ നിയമവാഴ്ചയും പൊതുജീവിതവും നിയന്ത്രണത്തിലാക്കാന്‍ രാമന്‍ സൈന്യവുമായി എത്തുന്നു.

രാവണനെ പിടിക്കാനുള്ള ശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ സഹോദരി ശൂര്‍പ്പണഖ രാമന്റെ സേനയിലെ ചില പ്രധാനികളുള്‍പ്പെടെയുള്ളവരുടെ പീഢനത്തിനിരയാകുന്നു. അപമാനം താങ്ങാതെ ശൂര്‍പ്പണഖ ആത്മാഹൂതി ചെയ്യുന്നു. രാവണന്‍ സഹോദരങ്ങളായ കുംഭകര്‍ണ്ണനും വിഭീഷണനും കൂട്ടാളികളുമായി പ്രതികാരമനസ്സോടെ സൈന്യത്തെ കൊന്നൊടുക്കുന്ന പ്രവണതയിലെത്തുന്നു. മാത്രമല്ല, രാമന്റെ പ്രിയപത്നിയായ സീതയെ കാട്ടിലേയ്ക്ക്‌ തട്ടിക്കൊണ്ടുപോകുന്നു.

രാമന്‍ സൈന്യവുമായി സീതയെ മോചിപ്പിക്കാനും രാവണരാജ്യം അമര്‍ച്ചചെയ്യാനുമായി കാട്‌ കയറുന്നു. രാമനും സൈന്യത്തിനും വഴികാട്ടിയായി വനവുമായി അടുത്ത്‌ പരിചയമുള്ള ഹനുമാന്‍ സഹായത്തിനെത്തുന്നു.

സീത അല്‍പ്പം പോലും ഭയക്കാതെ രാവണനെ അത്ഭുതപ്പെടുത്തുന്നു. തന്റെ ഭര്‍ത്താവ്‌ തന്നെ തേടി എത്തുമെന്നും രാവണനെ വധിച്ച്‌ തന്നെ മോചിപ്പിക്കുമെന്നും വിശ്വസിക്കുന്നു.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ രാവണനിലെ നന്മയും തന്റെ അപഹരണത്തിലെത്തുവാനുണ്ടായ കാരണങ്ങളും സീതയില്‍ രാവണനോടുള്ള മനോഭാവത്തില്‍ മാറ്റം സൃഷ്ടിക്കുന്നു. അതേ സമയം താന്‍ ഈശ്വരതുല്ല്യനായി കരുതിയിരുന്ന ഭര്‍ത്താവായ രാമന്റെ പ്രവൃത്തികളില്‍ പൂര്‍ണ്ണമായ വിശ്വാസം കുറയുന്നു.

അവസാനഘട്ടത്തിലെ രാമ രാവണയുദ്ധവും, നന്മ പ്രതീക്ഷിക്കുന്നിടത്ത്‌ തിന്മയും, തിന്മയുടെ സ്ഥാനത്ത്‌ നന്മയും സീതയെപ്പോലെ പ്രേക്ഷകരെയും മാനസികപിരിമുറുക്കത്തിലാക്കുന്നു.


വനമേഖലയിലെ പ്രകൃതിസൗന്ദര്യങ്ങളിലൂടെ നല്ലൊരു ദൃശ്യാനുഭവം നല്‍കുവാനായി ഈ ചിത്രത്തിന്‌ സാധിച്ചിരിക്കുന്നു. വിക്രം അവതരിപ്പിച്ച രാവണപരിവേഷവും ഐശ്വര്യറായുടെ സീതയും അഭിനയമികവ്‌ പുലര്‍ത്തി. ഹനുമാന്റെ ഭാവ വേഷ പ്രകടങ്ങളിലൂടെ കാര്‍ത്തിക്‌ പ്രേക്ഷകരെ ആകര്‍ഷിച്ചു. സഹോദരനൊപ്പം എന്തിനും ഉറച്ചുനില്‍ക്കുന്ന കുംഭകര്‍ണ്ണനായി പ്രഭുവും മികവ്‌ പുലര്‍ത്തി. സമാധാനപ്രിയനായ രാവണന്റെ മറ്റൊരു സഹോദരന്‍ വിഭീഷണനായി സാമ്യം പുലര്‍ത്തിയ നടനും മോശമായില്ല.

പൃഥ്യിരാജിന്റെ രാമതുല്ല്യനായ പോലീസ്‌ ഓഫീസര്‍ അത്ര അഭിനയസാദ്ധ്യതകളില്ലാത്തതിനാല്‍ എടുത്തുപറയത്തക്ക മികവ്‌ പുലര്‍ത്തിയതായി തോന്നിയില്ല.. എങ്കിലും തന്റെ റോളിനോട്‌ നീതി പുലര്‍ത്തിയെന്ന് തന്നെ പറയാം.

മ്യൂസിക്കും ഛായാഗ്രഹണവും നല്ല നിലവാരം പുലര്‍ത്തി.

ഇതൊക്കെയാണെങ്കിലും, ന്യൂനതകളുടെ കാര്യത്തിലും ഈ ചിത്രം ഒട്ടും പിന്നിലല്ല.
തട്ടിക്കൊണ്ട്‌ വന്നതിനുശേഷം വീരയുമായി (വിക്രം) രാഗിണി (ഐശ്വര്യ) സംസാരിക്കുന്നത്‌ ഒരു അക്ഷരശ്ലോകമല്‍സരമാക്കിയതെന്തിനാണെന്ന് ആര്‍ക്കും മനസ്സിലായില്ല. സംഭാഷണമെഴുതിയ സുഹാസിനി തന്റെ കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം പക്ഷേ പ്രേക്ഷകമനസ്സിനെ അലോസരപ്പെടുത്തി എന്നതാണ്‌ സത്യം.

അതുപോലെ തന്നെ, ഈ ചിത്രത്തിന്റെ പലഘട്ടങ്ങളിലും അതിഭാവുകത്വങ്ങളും നാടകീയതയും പ്രകടമായിരുന്നു. വിക്രമിന്റെ കഥാപാത്രങ്ങളില്‍ ഈ അതിഭാവുകത്വം കണ്ട്‌ മടുത്ത പ്രേക്ഷകര്‍ക്ക്‌ വീണ്ടും അത്തരത്തിലുള്ള ഒരെണ്ണം കൂടി കാണുമ്പോഴുണ്ടാകുന്ന ഒരു വിരസത സ്വാഭാവികം മാത്രം.

ആദ്യഘട്ടങ്ങളില്‍ വല്ലാത്ത ലാഗ്‌ അനുഭവപ്പെടുകയും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്കിന്റെ ഭാഗമായ കവിതാപാരായണരീതിയിലുള്ള ഗാനാലാപനം കര്‍ണ്ണകഠോരമായി തോന്നുകയും ചെയ്തു. കഥാഗതി ഏകദേശം നിര്‍ണ്ണയിക്കാവുന്ന രീതിയിലാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. എങ്കിലും ചിത്രത്തിന്റെ അവസാനഘട്ടം പ്രേക്ഷകമനസ്സിനെ സ്വാധീനിക്കുന്നതായി.

പൊതുവേ, ഒരു വന്‍ പ്രതീക്ഷയുണര്‍ത്തിയിരുന്ന ഒരു മണിരത്നം സിനിമയായിരുന്നു ഇതെങ്കിലും, പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ഈ ചിത്രത്തിന്‌ ആയിട്ടില്ലെന്ന് വ്യക്തം. ഈ ചിത്രം ഉണ്ടാക്കുവാന്‍ വേണ്ടി എടുത്ത സമയവും സാഹസികതകളും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്‌ നോക്കിയാല്‍ ഇതൊരു വന്‍ പരാജയമാണെങ്കിലും, അത്തരം ഘടകങ്ങളൊന്നും കണക്കാക്കാതേ, വന്‍ പ്രതീക്ഷകളില്ലാതെ സമീപിച്ചാല്‍, അത്യാവശ്യം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്‌ രാവണന്‍.

Friday, May 28, 2010

മമ്മി & മി



രചന, സംവിധാനം: ജിത്തു ജോസഫ്‌

നിര്‍മ്മാണം: ജോയ്‌ തോമസ്‌ ശക്തികുളങ്ങര

കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയുടെയും ആ പെണ്‍കുട്ടി വഴിതെറ്റിപ്പോകാതിരിക്കാന്‍ സശ്രദ്ധം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു അമ്മയുടേയും കഥയാണ്‌ ഈ ചിത്രം.

കുട്ടികളുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പല കുടുംബങ്ങളിലും സംഭവിക്കാവുന്ന ഒരു വിഷയം തരക്കേടില്ലാതെ കൈകാര്യം ചെയ്യുന്നതില്‍ ജിത്തു ജോസഫ്‌ വിജയിച്ചിരിക്കുന്നു എന്ന് തോന്നുന്നു.

അമ്മയുടെ അമിതമായ ഇടപെടലുകള്‍, കുട്ടികളുടെ അമിത സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹങ്ങള്‍, ഇന്റര്‍ നെറ്റും ചാറ്റിങ്ങും ഉണ്ടാക്കാനിടയുള്ള ചില സ്വാധീനങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഒരുവിധം നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

വളരെ സ്വാഭാവികമായ നര്‍മ്മശകലങ്ങളും സന്ദര്‍ഭങ്ങളും പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ പ്രാപ്തമായിരുന്നു.

എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരമായ ഒരു സംഭവമൊന്നുമല്ലെങ്കിലും, ചെറുതും പ്രസക്തവുമായ ഒരു സ്ത്രീ സംബന്ധിയായ ഒരു വിഷയത്തെ വലിയ കേടുപാടുകൂടാതെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞത്‌ കുടുംബ സദസ്സുകളുടെ പ്രീതി നേടാന്‍ സാധിക്കുമെന്ന് തോന്നുന്നു.

അര്‍ച്ചന കവി തന്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ഉര്‍വ്വശി, മുകേഷ്‌, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തി എന്നല്ലാതെ എടുത്തുപറയാവുന്ന പ്രത്യേകതകളൊന്നും ഇല്ല.

ഗാനങ്ങള്‍ ഇടയ്ക്കിടെ കയറിവരുന്നുണ്ട്‌... പ്രേക്ഷകര്‍ക്ക്‌ ബോറടിക്കേണ്ട എന്ന് കരുതിയാവണം...

മൊത്തത്തില്‍ കുടുംബസദസ്സുകള്‍ക്ക്‌ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

Note: എറണാകുളം സരിത തീയ്യറ്ററില്‍ ഇന്നലെ സെക്കന്റ്‌ ഷോ ബാല്‍ക്കണി ഏകദേശം ഫുള്ളായിരുന്നു. മാത്രമല്ല, ഓഡിയന്‍സ്‌ റെസ്പോണ്‍സും നന്നായിരുന്നു.

Monday, May 17, 2010

അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌



സംവിധാനം: മുരളി നാഗവള്ളി
നിര്‍മ്മാണം: V B K മേനോന്‍

ഈ ചിത്രത്തെക്കുറിച്ച്‌ ഇതിന്റെ ഷൂട്ടിംഗ്‌ സന്ദര്‍ഭങ്ങളില്‍ തന്നെ കേട്ടപ്പോഴെല്ലാം ഇതൊരു മോശം ചിത്രമാണെന്ന തോന്നലുണ്ടായിരുന്നു. ഈ ചിത്രം കാണാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഒടുവില്‍, വിധിക്ക്‌ കീഴടങ്ങി ക്രൂരമായ പീഠനം ഏറ്റുവാങ്ങി സിനിമാതിയറ്ററില്‍ നിന്നിറങ്ങേണ്ടിവന്നു.

സ്വത്ത്‌ പങ്കുവക്കുന്നതിനെച്ചൊല്ലി എന്തൊക്കെയോ പ്രശ്നം.. അതില്‍ സ്വത്തിന്റെ ഉടമയായ സായികുമാര്‍ എന്ന പിതാവിന്‌ വേറെയുമുണ്ടത്രേ ഭാര്യയും മകനും... ഈ സ്വത്തുടമ ഹൃദയസ്തംഭനം വന്ന് മരിക്കുന്നു. പിന്നെ, അദ്ദേഹം എഴുതിവച്ച വില്‍പത്രത്തിലെ ചില കാര്യങ്ങളെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ സിനിമയില്‍ എന്ന് തോന്നുന്നു. സായികുമാറിന്റെ മറ്റേ ഭാര്യയിലുള്ള പുത്രനാണെന്ന് തോന്നുന്നു മോഹന്‍ലാല്‍... സാധാരണ ആളുകളില്‍ നിന്ന് മാറിയുള്ള മനോനിലയായതിനാല്‍ ഒരു മെന്റല്‍ ട്രീറ്റ്‌ മെന്റ്‌ നടക്കുന്ന ഹോസ്പിറ്റലില്‍ ഇദ്ദേഹം സുഖവാസം അനുഷ്ഠിക്കുന്നു. വളരെ വിജ്ഞാനവും ഒരുപാട്‌ കഴിവുകളും ഇദ്ദേഹത്തിനുണ്ടെന്നത്‌ വേറെ കാര്യം. ഇദ്ദേഹത്തെ അന്വേഷിച്ച്‌ അനിയനും കൂട്ടരും അവരെകൂടാതെ സ്വത്തിനുവേണ്ടി വേറെ ബന്ധുക്കളും അവരുടെ ഗുണ്ടകളുമൊക്കെ എത്തുന്നു... എനിക്ക്‌ വയ്യാ... ഇത്രയൊക്കെ പറയാനേ കഴിയൂ... കാരണം, സംഗതി ഈ ചിത്രം കണ്ട ആര്‍ക്കും മനസ്സിലായിക്കാണില്ല എന്നത്‌ ഉറപ്പാണ്‌.

മോഹന്‍ലാല്‍ എന്ന കഥാപാത്രത്തിന്‌ ഭ്രാന്തുണ്ടോ എന്നത്‌ സിനിമ കഴിഞ്ഞാലും സംശയമാണ്‌... പക്ഷേ, ഈ ചിത്രത്തില്‍ അഭിനയിച്ചത്‌ വച്ച്‌ നോക്കിയാല്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാനസികനിലയ്ക്ക്‌ എന്തോ തകരാറ്‌ സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ക്ക്‌ നിസ്സംശയം പറയാം... സിനിമാപ്രേമികള്‍ക്ക്‌ അഭിനയത്തിന്റെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ കാണിച്ചുതന്നിട്ടുള്ള ഈ മഹാനടന്റെ ദുര്യോഗത്തില്‍ നമുക്ക്‌ ഖേദിക്കാം...

മോഹന്‍ലാലിന്റെ കഥാപാത്രത്തിനല്ല, മറിച്ച്‌ മറ്റുള്ളവര്‍ക്കാണോ ഭ്രാന്തെന്ന് സംശയമുണ്ടെന്ന് ഡോക്ടര്‍ ചോദിക്കുന്നുണ്ട്‌. ഇത്‌ കാണുന്ന പ്രേക്ഷകരുടെ മാനസികനില ശരിയല്ലെന്ന് ഇതിന്റെ സംവിധായകന്‍ ഉറപ്പിച്ച്‌ പറയുന്നു.

സിനിമയുടെ പലഘട്ടത്തിലും പാതി ഉറക്കത്തിലായതിനാല്‍ അഭിനയവൈകൃതം കണ്ട്‌ മസ്തിഷ്കാഘാതം ഉണ്ടാവാതെ രക്ഷപ്പെട്ടു.

സിനിമ കണ്ടതില്‍ നിന്ന് പ്രേക്ഷകന്‌ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ ചില ഡയലോഗുകള്‍ മാത്രം.. "നീല ഷര്‍ട്ട്‌, വെള്ള ഷര്‍ട്ട്‌... 4 ചപ്പാത്തി, കുറച്ച്‌ കറി"

ഇതെന്താണ്‌ സംഗതി എന്ന് ചോദിക്കരുത്‌... ഈ സിനിമകണ്ട്‌ മാനസികനില തെറ്റിയ ഒരു പ്രേക്ഷകന്റെ ജല്‍പ്പനങ്ങളായി കരുതി എന്നോട്‌ ക്ഷമിക്കുക... (കൂടുതലോന്നും ചോദിക്കരുത്‌..പ്ലീസ്‌..)

Thursday, May 13, 2010

കഥ തുടരുന്നു



രചന, സംവിധാനം: സത്യന്‍ അന്തിക്കാട്‌
നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവേല്‍

രണ്ട്‌ വീട്ടുകാരുടേയും എതിര്‍പ്പുകളെ അതിജീവിച്ച്‌ വിവാഹിതരായി ജീവിതം തുടങ്ങുകയും 4-5 വയസ്സുള്ള ഒരു മകളുമായി സന്തോഷത്തോടെ ജീവിക്കുന്നതിന്നിടയില്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തവും അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്‌ ഈ ചിത്രത്തിന്റെ ആദ്യഘട്ടം.

നിരാലംബരായവര്‍ക്കിടയിലെ ജീവിത യാഥാര്‍ത്ഥ്യങ്ങളും മനുഷ്യത്വവും സ്നേഹവും ഉണ്ടാക്കുന്ന പരിവര്‍ത്തനങ്ങളും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത.

ലളിതവും ആര്‍ദ്രവുമായ ഒരു കഥയെ സത്യസന്ധമായി മനുഷ്യസ്നേഹത്തില്‍ ചാലിച്ച്‌ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചപ്പോള്‍ അത്‌ ഹൃദയസ്പര്‍ശിയായ ഒരു അനുഭവമായി.

എല്ലാ അഭിനേതാക്കളും നല്ല നിലവാരം പുലര്‍ത്തിയപ്പോഴും മമത മോഹന്‍ ദാസും മകളായി അഭിനയിച്ച ബാലതാരം ബേബി അനിഖയും മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകമനസ്സുകളെ സ്വാധീനിച്ചു.

ഇളയരാജയുടെ മുന്‍ ഗാനങ്ങളുടെ ഛായയിലാണെങ്കിലും ആദ്യഗാനം മുഷിപ്പിച്ചില്ലെങ്കിലും രണ്ടാമത്തെ ഗാനം അത്ര നന്നായില്ല എന്നുതോന്നി.

മനപ്പൂര്‍വ്വം കണ്ണീര്‍പ്പുഴ സൃഷ്ടിക്കാന്‍ അവസരങ്ങളുണ്ടായിരുന്നെങ്കിലും അതിനുമുതിരാതെ വളരെ സ്വാഭാവികമായ സീനുകളിലൂടെ ചില സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നൊമ്പരമുണര്‍ത്താനും കണ്ണുകള്‍ ഈറനണിയിക്കാനും സാധിച്ചു എന്നതും ഈ ചിത്രത്തിന്റെ മികവാണെന്ന് തോന്നുന്നു.

സത്യന്‍ അന്തിക്കാടിന്റെ സമീപകാലചിത്രങ്ങളെ അപേക്ഷിച്ച്‌ വളരെ മികച്ച ഒരു ചിത്രം....സമീപകാല സൂപ്പര്‍ താര ആഘോഷചിത്രങ്ങളാല്‍ മനസ്സ്‌ നൊമ്പരപ്പെട്ട മലയാള സിനിമാ പ്രേമികള്‍ക്ക്‌ ചെറിയൊരു സാന്ത്വനം... ഈ കഥ തുടരുമ്പോള്‍, ഇതിലും നല്ല കഥകള്‍ മലയാളസിനിമയില്‍ തുടരട്ടെ... തുടരാന്‍ പ്രേക്ഷകര്‍ അംഗീകരിക്കട്ടെ...

Monday, May 10, 2010

പോക്കിരി രാജ



കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ തോമസ്‌
സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: ടോമിച്ചന്‍ മുളകു പാടം

കുട്ടിക്കാലത്ത്‌ നടക്കുന്ന ഓലപ്പന്ത്‌ കളിയോ, സാറ്റ്‌ കളിയോ, പന്ത്‌ കളിയോ കാണിച്ച്‌ കുട്ടികള്‍ തമ്മിലുള്ള വഴക്കിനെ മുതലാക്കി, അതിനെ പെരുപ്പിച്ച്‌ കുട്ടികള്‍ വളരുന്നതോടൊപ്പം വലുതാക്കിയെടുത്ത്‌ സിനിമയ്ക്ക്‌ വേണ്ട സെറ്റപ്പ്‌ ഉണ്ടാക്കിയെടുക്കുന്ന രീതി പ്രേക്ഷകര്‍ക്ക്‌ കണ്ടുമടുത്തുവെങ്കിലും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും ഇന്നും അതൊരു ഹരം തന്നെ.

കുട്ടിക്കാലത്ത്‌ നടക്കുന്ന എന്തെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ ഒരു മകന്‍ നാടുവിട്ട്‌ പോകുകയും വര്‍ഷങ്ങള്‍ക്ക്‌ ശേഷം വലിയ സംഭവമായി (ഗുണ്ടകളൊക്കെയാണല്ലോ ഇപ്പോള്‍ വല്ല്യ സംഭവങ്ങള്‍) തിരിച്ചുവരുന്നതും നാം ഇനിയും കണ്‍ കുളിര്‍ക്കെ കണ്ട്‌ സഹിക്കുക.

അമ്പലവും പള്ളിയുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ആഘോഷങ്ങളോ ഉത്സവമോ ഹേതുവാക്കി രണ്ട്‌ വീട്ടുകാരെ രണ്ട്‌ പക്ഷത്ത്‌ നിര്‍ത്തി കഥ പറയാതെ ഇവിടെ ഒരു കഥയും ഉണ്ടാവില്ല എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയാര്‍ അവര്‍ക്ക്‌ നന്ന്.

ചെറുപ്പകാലത്ത്‌ കാലില്‍ മുള്ള്‌ കൊണ്ടാല്‍ പോലും ചേട്ടാ എന്ന് തികച്ച്‌ വിളിക്കുന്നതിനുമുന്‍പ്‌ ചേട്ടന്‍ സ്ലോ മോഷനില്‍ എത്തുകയും മുള്ളും അത്‌ നിന്നിരുന്ന പറമ്പും എല്ലാ ക്ലീന്‍ ആക്കിയിട്ട്‌ വിരല്‍ ചൂണ്ടി 'ഡേയ്‌...' എന്ന് അലറിക്കൊണ്ട്‌ കുറച്ച്‌ ഡയലോഗ്‌ അടിച്ചിട്ട്‌ അനിയനേയും കയ്യില്‍ പിടിച്ച്‌ നടന്നുപോകുകയും ചെയ്യും (ഇവിടെ സ്ലോ മോഷന്‍ വേണമെന്നില്ല.. ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌..).

അങ്ങനെയുള്ള ചേട്ടനാണ്‌ വലിയൊരു ത്യാഗവും തലയില്‍ ചുമന്ന് കൊണ്ട്‌ നാടുവിട്ടത്‌.

ഈ അനിയനും വളര്‍ന്ന് വലിയ സംഭവമായപ്പോള്‍ അതിന്റെ ആഘോഷത്തില്‍ ആടിപ്പാടുന്നതിന്നിടയ്ക്ക്‌ ചേട്ടനെ ഓര്‍മ്മവന്ന് 'എന്റെ ജീവന്റെ ജീവനായ ചേട്ടന്‍' എന്നോ മറ്റോ വികാരതീവ്രതയോടെ പറയുന്നുണ്ടെങ്കിലും ഈ അണ്ണന്‍ പോയ വഴി ഏതാണെന്നോ എവിടേലും ഉണ്ടോ എന്നോ അന്വേഷിക്കാന്‍ ടൈം കിട്ടിയില്ല എന്നതാണ്‌ സത്യം. അതല്ല, ഇനി ടൈം ആകുമ്പോള്‍ അങ്ങേര്‍ BMW കാര്‍ പിടിച്ച്‌ താനേ വന്നോളും എന്ന് അറിയാവുന്നതുകൊണ്ടാവാനും മതി. പക്ഷേ, ഇവര്‍ക്ക്‌ ഒരു അമ്മാവനുണ്ട്‌...എല്ലാ സത്യാവസ്ഥകളും അറിയുന്ന അമ്മാവന്‍... ഇദ്ദേഹം ഇടയ്ക്കിടയ്ക്ക്‌ ഈ ചേട്ടന്‍ സംഭവത്തെ പോയി കാണുകയും അവിടെ താമസിക്കുകയും ചെയ്യാറുണ്ടെന്ന് അവസാനം വെളിപ്പെടുത്തിയതോടെ പൂര്‍ണ്ണമായി.

ചേട്ടന്‍ സംഭവത്തെ കാണിക്കുന്നത്‌ തന്നെ തമിഴ്‌ സിനിമക്കാരെ നാണം കെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്‌. ഇയാള്‍ക്കെന്താ ഇന്നോവാ കാറിന്റെ ഡീലര്‍ഷിപ്പുണ്ടോ എന്ന് ആരും ചോദിച്ചുപോകും.

യങ്ങ്‌ സൂപ്പര്‍ സ്റ്റാറിനെ ഇണ്ട്രൊഡ്യൂസ്‌ ചെയ്തതും ഒട്ടും മോശമായില്ല.
ടൗണില്‍ ഇദ്ദേഹത്തെ ആക്രമിക്കാന്‍ പ്ലാന്‍ ഉണ്ടെന്ന് പ്രേക്ഷകരെ അറിയിച്ച ശേഷം ഇദ്ദേഹം ഒരു സ്ഥലത്ത്‌ പുറം തിരിഞ്ഞ്‌ അങ്ങനെ നില്‍പ്പാണ്‌... 'തല്ലാനുള്ളവര്‍ വാടേയ്‌..' എന്ന സ്റ്റെയിലില്‍.. പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിക്കുന്ന ഗുണ്ടകളെ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാതെ അദ്ദേഹം കൈ കാര്യം ചെയ്തു. എന്നിട്ടാണ്‌ വിശ്വരൂപം തിരിഞ്ഞ്‌ നിന്ന് കാണിച്ചത്‌.. പിന്നീടങ്ങോട്ട്‌ നോക്കിയും ഉന്തിയും ആളുകളെ പറത്തലായിരുന്നു...

ഈ ചേട്ടന്‍ കഥാപാത്രത്തെ ആണും പെണ്ണും കെട്ട ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ വിജയിച്ചിട്ടുണ്ട്‌. വലിയ സംഭവമായി എയര്‍ പിടിച്ച്‌ നില്‍ക്കുമ്പോഴും കുഴിത്തറ ഇംഗ്ലീഷ്‌ പറയിപ്പിച്ച്‌ കോമഡി സൃഷ്ടിക്കാനുള്ള ഉദ്ദേശം വളരെ കേമമായി എന്നുപറയാതെ വയ്യ.

മസിലും പെരുപ്പിച്ച്‌ കൂടെ കൊണ്ട്‌ നടക്കുന്ന പന്നിക്കൂട്ടങ്ങളെ ഒരു തല്ലിനുപോലും ഇങ്ങേര്‍ ഉപയോഗിക്കില്ല എന്ന വാശിയുണ്ടെന്ന് തോന്നുന്നു. തല്ല് നടത്തേണ്ട സ്ഥലത്ത്‌ വരുമ്പോള്‍ അവരെ കൈ കൊണ്ട്‌ ഒതുക്കി നീക്കി നിര്‍ത്തും.. എന്നിട്ട്‌ ഇങ്ങേര്‍ എല്ലാവരേയും അടിച്ച്‌ നിലം പരിശാക്കും.. രണ്ട്‌ ഡയലോഗ്‌ അടിക്കും... എന്നിട്ട്‌ എല്ലാവരും കൂടി സ്ലോ മോഷനില്‍ നടന്നുപോകും.. (പ്രേക്ഷകര്‍ കയ്യടിക്കുമെന്ന് പ്രതീക്ഷ... പക്ഷേ, പ്രേക്ഷകര്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ അന്തം വിട്ടിരിക്കും)

അനിയനും ചേട്ടനും സ്റ്റണ്ട്‌ രംഗങ്ങള്‍ ഉഗ്രനാക്കി. ഇവരെന്താ ഡിങ്കന്‌ ഉണ്ടായതാണോ എന്ന് ആരും ചോദിച്ചുപോകും... അതുപോലെയാണ്‌ വായുവില്‍ കിടന്നുള്ള പ്രകടനം... (കയര്‍ പൊട്ടിയെങ്ങാനും താഴെവീണിരുന്നെങ്കില്‍ കാണാമായിരുന്നു..)

ഒരു സീനില്‍ ചേട്ടന്‍ കല്ല്യാണ പത്രികയുമായി ശത്രുവായ കമ്മീഷണരുടെ വീട്ടിലേക്ക്‌ ഒരു വരവുണ്ട്‌... ചേട്ടന്‍ നടന്ന് വരുന്നു.. ബാക്ക്‌ സൈഡില്‍ രണ്ട്‌ സെക്യൂരിറ്റിക്കാര്‍ കയറില്‍ തൂങ്ങി വട്ടം കറങ്ങിക്കൊണ്ട്‌ എയറില്‍ തന്നെ നില്‍പ്പുണ്ട്‌... (കയര്‍ കെട്ടി കറക്കുക്കുന്ന ടെക്നിക്ക്‌ പ്രേക്ഷകര്‍ക്ക്‌ വ്യക്തമാക്കി തന്നതിന്‌ പ്രത്യേകം സ്തോത്രം..)

കമ്മീഷണര്‍, മുഖ്യമന്ത്രി, അവരുടെ മക്കള്‍, സമ്മതമില്ലാത്ത കല്ല്യാണം തുടങ്ങിയവയും വളരെ പുതുമയോടെ ഒരു മാറ്റവും കൂടാതെ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നു.

അനിയന്‍ സംഭവം കൊച്ചിയിലെത്തിയപ്പോള്‍ ഒരു പൈങ്കിളി എഴുത്തുകാരന്റെ രൂപത്തില്‍ സലിം കുമാറിനെ ഇദ്ദേഹത്തിന്റെ കൂടെ കൂട്ടിക്കെട്ടി നടത്തി നോക്കിയിട്ടും കോമഡി അങ്ങോട്ട്‌ വര്‍ക്കൗട്ട്‌ ആയില്ല. അങ്ങേര്‍ക്ക്‌ പൈങ്കിളി എഴുതാന്‍ വേണ്ടിയാണല്ലോ ഈ സിനിമ മുന്നോട്ട്‌ പോകുന്നത്‌ തന്നെ.

അളിയന്‍ SI യുടെ രൂപത്തില്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനേയും വേണ്ടത്ര ഗോഷ്ടി കാണിപ്പിച്ച്‌ വെറുപ്പിച്ചു എന്നേ പറയേണ്ടതുള്ളൂ..

രാജമാണിക്യം, ചട്ടമ്പിനാട്‌ തുടങ്ങിയവയൊന്നും പോരാതെ ദിലീപിന്റെ ബോഡിഗാര്‍ഡിനെപ്പോലും വെറുതെ വിട്ടില്ല ഈ സിനിമയുടെ പിന്നണിക്കാര്‍...

ഇപ്പോഴത്തെ പെണ്‍കുട്ടികളും പണ്ടത്തേ പോലെ തന്നെ നായകന്‍ രണ്ട്‌ ഗുണ്ടകളെ തല്ലുന്ന കണ്ടാല്‍ പ്രേമ പരവശയാക്കും എന്നത്‌ കണ്ടപ്പോള്‍ കുളിരുകോരി. എന്തൊരു ദിവ്യ പ്രേമം...എല്ലാം ഫാസ്റ്റ്‌ ആയ ഈ കാലഘട്ടത്തില്‍ പ്രേമത്തിലും തീവ്രത വരുവാന്‍ അത്രയൊക്കെ സമയം തന്നെ ധാരാളം..

വീട്ടില്‍ കയറി പോലീസ്‌ പരിശോധിക്കുന്നതിന്നിടയില്‍ മയക്കുമരുന്ന് പോലുള്ള എന്തെങ്കിലും ഐറ്റംസ്‌ ബാഗിന്റെ സൈഡില്‍ തിരുകി കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്യുന്ന രീതി ഇനി ഞങ്ങളായിട്ട്‌ മാറ്റുന്നില്ല എന്നും ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ ഉറപ്പിച്ച്‌ പറയുന്നുണ്ട്‌.

തമിഴ്‌ സിനിമകളില്‍ കണ്ട്‌ മടുത്ത ചില സംഗതികള്‍ കൂടി ഇതില്‍ വച്ച്‌ കെട്ടിയിട്ടുണ്ട്‌. ത്മിഴ്‌ മുത്തശ്ശിയെക്കൊണ്ട്‌ 'എന്‍ രാശാ സിങ്കം.. അവന്‍ ഇപ്പോ വരുവേന്‍.. വന്താല്‍ മുടിച്ചിടും...' എന്നൊക്കെ പറയിപ്പിച്ച്‌ വേണ്ട ബില്‍ഡ്‌ അപ്‌ കൊടുത്തിട്ട്‌ ഈ പറഞ്ഞ സിങ്കത്തെ സ്ലോ മോഷനില്‍ എഴുന്നള്ളിക്കുന്ന സംഗതി രണ്ടു മൂന്നു സ്ഥലത്ത്‌ ഉപയോഗിച്ചിട്ടുണ്ട്‌.

മന്ത്രിയുടെ വീട്ടിലേക്ക്‌ ഒരു ലോഡ്‌ മാധ്യമങ്ങളേയും വിളിച്ചുകൊണ്ട്‌ ചേട്ടന്റെ ഒരു വരവുണ്ട്‌.. എന്തോ കേമമായ സംഗതിയാണെന്നൊക്കെ തോന്നിപ്പിച്ച്‌ സെറ്റപ്പ്‌ ചെയ്ത സംഭവം ഇവിടുത്തെ മാധ്യമങ്ങളെ അവഹേളിക്കാന്‍ ഇതിന്റെ സംവിധായകന്‍ അറിഞ്ഞ്‌ ചെയ്തതാകണം. അവരത്‌ അര്‍ഹിക്കുന്നു.

പാട്ടും ഡാന്‍സും ഇല്ലെങ്കില്‍ ഞങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കില്ല എന്ന് സൂപ്പര്‍ താരങ്ങള്‍ നിര്‍ബന്ധം പിടിച്ചുകാണണം.. അല്ലാതെ, ഈ ചിത്രത്തില്‍ അത്തരം സംഗതികള്‍ക്ക്‌ യാതൊരു പ്രസക്തിയുമില്ല. ശ്രീ. മമ്മൂട്ടി അവര്‍കളുടെ നൃത്തനൃത്ത്യങ്ങള്‍ പൃഥ്യിരാജിനെപ്പോലും നാണിപ്പിച്ചുകാണും... പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ...

മകനെ തെറ്റിദ്ധരിച്ച്‌ കുറ്റപ്പെടുത്തലും ശപിക്കലും പിന്നീട്‌ സത്യം അറിയുമ്പോഴുള്ള സെന്റിമെന്റ്സും പതിവ്‌ രീതിയില്‍ തന്നെ ഒരു ചേരുവകയായി ചേര്‍ത്തിട്ടുണ്ട്‌.

ഈ സിനിമ മുഴുവന്‍ കാണുവാന്‍ തീയ്യറ്ററില്‍ ഇരുന്നതിന്റെ ആ അമര്‍ഷവും വെറുപ്പും ഈ സമയം വരെ എന്നെ വിട്ടുമാറിയിട്ടില്ല. കുറേ സമയങ്ങളില്‍ നിര്‍ജ്ജീവാവസ്ഥയില്‍ 'ഇതൊന്ന് തീര്‍ന്ന് കിട്ടിയിരുന്നെങ്കില്‍' എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിട്ടും സംഗതി തുടര്‍ന്നുകൊണ്ടേയിരുന്നു (അത്രയ്ക്ക്‌ ബുദ്ധിമുട്ടാണെങ്കില്‍ നിനക്കെഴുന്നേറ്റ്‌ പോകാമായിരുന്നില്ലേ എന്നല്ലേ ചോദ്യം? ... കൂടെ വന്ന വീട്ടുകാരെയും വലിച്ചിറക്കി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടും ഈ റിവ്യൂ എഴുതേണ്ടതിന്റെ ആവശ്യം കൊണ്ട്‌ ഞാനൊരു ത്യാഗം ചെയ്തതാണ്‌)

ചവച്ച്‌ തുപ്പിയതും ശര്‍ദ്ദിച്ചതുമായ സംഭവവികാസങ്ങള്‍ വീണ്ടും വീണ്ടും എടുത്ത്‌ പ്രേക്ഷകന്‌ വിളമ്പാനുള്ള ധൈര്യത്തിന്‌ ഒരൊറ്റ കാരണം ഈ സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കന്‍ തയ്യാറാവുന്നത്‌ മാത്രമാണ്‌.. മാത്രമല്ല, എന്ത്‌ കൂതറയായാലും കയ്യടിച്ച്‌ വിജയിപ്പിച്ച്‌ വിടാന്‍ കെല്‍പ്പുള്ള പരസ്യസംവിധാനങ്ങളും ഫാന്‍സും അതില്‍ വീണുപോകുന്ന പ്രേക്ഷകരും..

ശ്രീ. മമ്മൂട്ടിയെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ ഇനിയെങ്കിലും പ്രേക്ഷകരോട്‌ അല്‍പം നീതി പുലര്‍ത്തണമെന്ന് തോന്നുന്നു. ആവശ്യത്തിലധികം പണം സമ്പാദിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ഇവരൊക്കെയല്ലേ നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകുവാനായി പരിശ്രമിക്കേണ്ടത്‌.. മറ്റേ യുവനടന്‍ പിച്ചവച്ചുതുടങ്ങിയിട്ടല്ലേയുള്ളൂ.. അവന്‍ കുറച്ച്‌ വിവരക്കേട്‌ കാണിക്കട്ടേ.. പക്ഷേ...

എന്തായാലും ശ്രീ. മമ്മൂട്ടിയുടെ തന്നെ ഒരു ഡയലോഗ്‌ കടമെടുത്തുകൊണ്ട്‌ അപേക്ഷിച്ചുകൊള്ളട്ടേ..

"താങ്കള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരോടും മലയാള സിനിമയോടും കുറച്ചുകൂടി മാന്യത കാണിക്കണം... സെന്‍സുണ്ടാകണം, സെന്‍സിബിലിറ്റിയുണ്ടാകണം, സെന്‍സിറ്റിവിറ്റിയുണ്ടാകണം....ഇത്തരം സിനിമകള്‍ ചെയ്ത്‌ പ്രേക്ഷകരെ വഞ്ചിച്ച്‌ മലയാള സിനിമയെ നശിപ്പിക്കരുത്‌... പ്ലീസ്‌. "

Friday, April 23, 2010

ടി.ഡി. ദാസന്‍ Std. VI B



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മോഹന്‍ രാഘവന്‍

നിര്‍മ്മാണം: പോള്‍ വടക്കുംഞ്ചേരി, പോള്‍ വലികോടത്ത്‌

ഓര്‍മ്മ വയ്ക്കുന്നതിനുമുന്‍പേ അച്ഛനുപേക്ഷിച്ചുപോയ ഒരു മകന്‍, അമ്മയോടും അച്ഛമ്മയോടൊപ്പം കേരളത്തിലെ ഒരു ഗ്രാമത്തില്‍ കഴിയുകയും, അച്ഛനു വേണ്ടി ആഗ്രഹിച്ച്‌ അമ്മയുടെ പെട്ടിയില്‍ നിന്ന് കിട്ടിയ ഒരു അഡ്രസ്സിലേയ്ക്ക്‌ എഴുത്ത്‌ അയയ്ക്കുകയും ചെയ്യുന്നു..

അമ്മ അടുത്തില്ലാതെ അച്ഛനോടും വീട്ടില്‍ ഒരു കാരണവരെപ്പോലെ കൂടെയുള്ള ആളോടുമൊപ്പം ബാംഗ്ലൂരില്‍ താമസിച്ച്‌ പഠിക്കുന്ന പെണ്‍കുട്ടി...

മകന്‍ അച്ഛനയച്ച കത്ത്‌ ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ്‌ വരുന്നത്‌. പണ്ട്‌ ഈ വീട്ടില്‍ താമസിച്ചിരുന്നവരുടെ ഡ്രൈവറായിരുന്നുവത്രേ ഈ കത്തിന്റെ അഡ്രസ്സില്‍ പറയുന്ന അച്ഛന്‍..

മകനോടുള്ള അച്ഛന്റെ സ്നേഹവും ആഗ്രഹവും മനസ്സിലാക്കി, ആ മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛനാണെന്ന വ്യാജേന പെണ്‍കുട്ടി മറുപടി അയച്ച്‌ കുറേ കാലം മുന്നോട്ടുപോകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാ തന്തു.

ഇതിന്നിടയില്‍ പരസ്യചിത്രങ്ങളുടെയും മറ്റും ഡയറക്ടര്‍ ആയ പെണ്‍കുട്ടിയുടെ അച്ഛന്‍, എഴുത്ത്‌ വായിച്ച്‌ ഒരു സിനിമയ്ക്കുള്ള തിരക്കഥാ ചര്‍ച്ചയുമായി നടത്തുന്ന ശ്രമവും ഈ ചിത്രത്തിലുണ്ട്‌.

പൊതുവേ എല്ലാവരും നല്ല അഭിനയ നിലവാരം പുലര്‍ത്തി. ബാലതാരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്‌. ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌ ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നതിന്‌ വളരെ സഹായകരമായി.

ആദ്യം അല്‍പം ബോറടിപ്പിച്ചെങ്കിലും , പല രംഗങ്ങളിലും നല്ല ഒരു ഫീല്‍ ഉണ്ടാക്കുന്നതിന്‌ ഇതിന്റെ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌.

വളരെ സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും നിലവാരം പുലര്‍ത്തി.

എന്നിരുന്നാലും, കുറേ ന്യൂനതകളും ഒരു പെര്‍ഫെക്‌ ഷന്റെ കുറവും ഈ ചിത്രത്തിന്‌ അനുഭവപ്പെട്ടു.

ഇതിന്റെ കഥയുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സിനിമാ ചര്‍ച്ച ചിത്രീകരണരംഗങ്ങളും ആവിഷ്കാരവും അത്ര നന്നായി തോന്നിയില്ല. ഇത്‌ പ്രധാന കഥയെ ബാധിക്കുന്നില്ലാത്തതിനാല്‍ അതിന്റെ ആവശ്യകത തന്നെ സംശയമാണ്‌. ഒടുവിലത്തെ രംഗത്തിന്‌ ഈ സിനിമാചിത്രീകരണവുമായി ഒരു ബന്ധമുണ്ട്‌... പക്ഷേ, അതല്‍പം സംശയജനകവുമാണ്‌..

കുറച്ച്‌ സംശയങ്ങളും ക്ലാരിറ്റി കുറവുകളും ഈ ചിത്രത്തില്‍ അനുഭവപ്പെട്ടു.

1. അച്ഛന്റെ മാവ്‌ എന്ന് പറഞ്ഞ്‌ മാവ്‌ വെട്ടാന്‍ കുട്ടി സമ്മതിക്കാതിരിക്കുന്നതിന്റെ കാരണം പിടി കിട്ടിയില്ല. (ആരെങ്കിലും മുന്‍പ്‌ എന്തെങ്കിലും ഇതിനെക്കുറിച്ച്‌ അച്ഛനുമായി ബന്ധപ്പെടുത്തി ഈ മാവിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടോ എന്തോ? )

2. പെണ്‍കുട്ടിയുടെ അമ്മ എന്തുകൊണ്ട്‌ അച്ഛനുമായി അകന്ന് വിദേശത്ത്‌ താമസിക്കുന്നു എന്നത്‌ വ്യക്തമല്ല. ജോലിയുടേയോ പഠിപ്പിന്റേയോ മറ്റോ ഭാഗമായി പോയതാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവുമായും കുട്ടിയുമായും അവര്‍ക്ക്‌ കാര്യമായ ബന്ധമില്ലാത്തതായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല, പെണ്‍കുട്ടിയുടെ അച്ഛന്‌ ഒരു പെണ്‍ സുഹൃത്ത്‌ ഉണ്ടെന്ന സൂചയനയും നല്‍കുന്നു.

3. ആണ്‍കുട്ടിയുടെ അച്ഛന്‍ ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ നാട്‌ വിട്ട്‌ പോകാനുള്ള കാരണവും വ്യക്തമാക്കുന്നില്ല. എന്ത്‌ കാരണം വേണേലും പ്രേക്ഷകര്‍ ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടേ... എനിക്കേതായാലും സൗകര്യമില്ല എന്നതാണാവോ തിരക്കഥാ കൃത്തിന്റെ ഉദ്ദേശം.

4. ആണ്‍കുട്ടിയുടെ അമ്മയുടെ സ്വഭാവത്തില്‍ എന്തെങ്കിലും ദൂഷ്യമുണ്ടോ എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ആളുകളുമായുള്ള ഇടപെടലുകളില്‍ നിന്ന് അങ്ങനെ ദൂഷ്യമുണ്ടാവാന്‍ യാതൊരു സാദ്ധ്യതയുമില്ല എന്ന് തോന്നിപ്പിക്കുകയും മറ്റു ചില സംഭവങ്ങളും രംഗങ്ങളും അതിന്‌ വിരുദ്ധമായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇതും വേണമെങ്കില്‍ പ്രേക്ഷകന്‍ വീട്ടില്‍ പോയിരുന്ന് ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടെ എന്നായിരിക്കും ഉദ്ദേശം...

5. ആണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ സംഭവിച്ചത്‌ എന്ത്‌ എന്ന ചോദ്യം അവശേഷിപ്പിച്ചിരിക്കുന്നു. 'നാട്ടുകാര്‍ പലതും പറയുന്നുണ്ട്‌.. ഞാനൊന്നും അന്വേഷിക്കാന്‍ പോയില്ല' എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട്‌ പറയിപ്പിച്ചത്‌ സംവിധായകന്റെ തന്നെ അഭിപ്രായമാണോ ആവോ.. :-)

6. ചിത്രത്തിന്റെ ക്ലൈമാക്സില്‍, 'സ്വപ്നത്തില്‍ കണ്ട വള' ഒരല്‍പം സംശയം ജനിപ്പിച്ചു. സിനിമാചിത്രീകരണഭാവനയില്‍ കണ്ട ആ വള, എങ്ങനെ കൃത്യമായി ആ കുട്ടിയുടെ സ്വപ്നത്തില്‍ കയറിപ്പറ്റി എന്നതാണ്‌ സംശയം. എനിക്ക്‌ മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല.. എങ്കിലും....

പൊതുവേ പറഞ്ഞാല്‍ ഒരു ഗംഭീരചിത്രമൊന്നുമല്ലെങ്കിലും നിലവാരമുള്ള ഒരു സിമ്പിള്‍ സിനിമ... സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും അഭിനയവും മ്യൂസിക്കും എല്ലാം ചേര്‍ന്ന് നിരാശാപ്പെടുത്താത്ത ഒരു ചിത്രം.. സമീപകാല സ്റ്റാര്‍ ചിത്രങ്ങളെ അപേക്ഷിച്ച്‌ വളരെ ഭേദം...

Thursday, April 22, 2010

പാപ്പി അപ്പച്ചാ



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മമാസ്‌
നിര്‍മ്മാണം: അനൂപ്‌

നാട്ടിലെ വലിയ ബിസിനസ്‌ പ്രമാണിമാരായ അപ്പച്ചനും മകനും, അവര്‍ തമ്മിലുള്ള സ്നേഹവും സൗഹൃദവും, അവരുടെ ബിനിനസ്‌ വെറും റോളിങ്ങിലാണെന്നും, സാമ്പത്തിക ബുദ്ധിമുട്ട്‌ വരുമ്പോള്‍ ജനങ്ങളും ഇന്‍ഷുറന്‍സുകാരും മണ്ടന്മാരാണെന്ന് തീരുമാനിച്ച്‌ അവരെ പറ്റിച്ച്‌ മുന്നോട്ട്‌ പോകുന്നതും, പിന്നീട്‌ ഇടയ്ക്ക്‌ വച്ച്‌ അപ്പച്ചനും മകനും തെറ്റിദ്ധാരണയാല്‍ അകലുന്നതായും, ആ സമയത്ത്‌ ശത്രുപക്ഷം അപ്പച്ചനുമായി കൂട്ടുകൂടുന്നതും, ഒടുവില്‍ എല്ലാം മനസ്സിലാക്കി, വില്ലന്മാരെയും ഇടിച്ച്‌ നിരത്തി അപ്പച്ചനും മകനും കെട്ടിപ്പിടിച്ച്‌ നില്‍ക്കുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിന്റെ ഒരു രത്നച്ചുരുക്കം. ഇതിനിടയില്‍ ആനി ടീച്ചര്‍ എന്ന ഒരു നായികയുണ്ട്‌, പതിവുപോലെ ചെറുപ്പത്തിലേ കൂട്ടുകാരിയായിരുന്നതും, ബാലിശമായ കാരണത്താല്‍ പിണങ്ങി ശത്രുതയായതും, അവസാനം പാപ്പിയോട്‌ ഇഷ്ടമാകുകയും ചെയ്യുന്ന പതിവു നായിക തന്നെ.

കുറേ സമയം പല ഡയലോഗുകളിലൂടെയും സിറ്റുവേഷന്‍സിലൂടെയും കുറച്ച്‌ ഹാസ്യം തരക്കേടില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിന്റെ ആകെ ഒരു പോസിറ്റീവ്‌ കാര്യമായി എനിക്ക്‌ തോന്നിയത്‌. ദിലീപിന്റെ കൂടെ അഭിനയിച്ച ഹാസ്യതാരം ശ്രദ്ധേയമായി. ദിലീപില്‍ നിന്ന് വിഭിന്നമായ ഒരു ശൈലിയൊന്നും പ്രതീക്ഷിക്കാതെ അദ്ദേഹം മുന്‍പ്‌ അവതരിപ്പിച്ചിട്ടുള്ള ഹാസ്യകഥാപാത്രങ്ങളുടെ മറ്റൊരു ആവിഷ്കാരം എന്നേ പറയാനുള്ളൂ. വലിയ സംഭവമൊന്നുമല്ലെങ്കിലും ഇന്നസെന്റ്‌ തന്റെ റോള്‍ ഭംഗിയാക്കി.

കാവ്യാ മാധവന്റെ ആനി ടീച്ചറുടെ ചില രംഗങ്ങള്‍ രസകരമായി... കാവ്യാ മാധവനെ കണ്ടിരിക്കാന്‍ ഇഷ്ടപ്പെട്ടു ;-)

'കാട്ടുമാക്കാന്‍' ഗാനം വെറുപ്പിച്ച്‌ കൊന്നു... അത്‌ വെറുമൊരു വൈകൃതമല്ലായിരുന്നു.. ദൃശ്യവൈകൃതവും ശ്രവണ വൈകൃതവും ചേര്‍ന്ന് ഒരു പ്രത്യേക തരം ഡിഷ്‌ ആയിരുന്നു...

ഉദിത്‌ നാരായണനെക്കൊണ്ട്‌ മലയാളം പാട്ട്‌ പാടിച്ചത്‌, ചൂടുള്ള ഉരുളക്കിഴങ്ങ്‌ വായില്‍ ഇട്ടുകൊടുത്ത്‌ ചെയ്യിപ്പിച്ചപോലെ തോന്നി... വരികള്‍ ഒന്നും മനസ്സിലായില്ല... അതല്ലാ.. മനസ്സിലാക്കണ്ട എന്ന് കരുതി തന്നെയാകും.. എന്തായാലും നന്ദി..

ഈ ചിത്രത്തിലെ നാട്ടുകാരെപ്പോലെ പ്രേക്ഷകരും മണ്ടന്മാരാണെന്ന് കരുതിയാവും മമാസ്‌ യാതൊരു വിശ്വസനീയതയോ ലോഗിക്കോ കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥ കെട്ടിപ്പെടുത്തത്‌ എന്നുവേണം കരുതാന്‍. ഒടുവില്‍ നാട്ടുകാര്‍ വിവരം വെക്കുമ്പോഴെങ്കിലും (തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടേ വിവരം വെക്കൂ എന്നത്‌ വേറെ), പ്രേക്ഷകര്‍ക്ക്‌ വിവരം വെക്കുമെന്ന് മമാസിന്‌ തോന്നാത്തതും ബാലിശമായിപ്പോയി.

ദിലീപിനെ പറന്നടിപ്പിച്ച്‌ കയ്യടി വാങ്ങാന്‍ ഒരുപാട്‌ കഷ്ടപ്പെട്ടെങ്കിലും അതത്ര കേമമായില്ല എന്നതാണ്‌ സത്യം.

അശോകന്റെ ഹാസ്യവില്ലന്‍ കഥാപാത്രം അത്ര മോശമായില്ല.

ചെറുപ്പത്തില്‍ നാട്‌ വിട്ട്‌ പോകേണ്ടിവന്ന് പ്രതികാരവുമായി തിരിച്ചെത്തുന്ന വില്ലനും അത്‌ വച്ചുണ്ടാക്കാന്‍ ശ്രമിച്ച സസ്പന്‍സ്‌ ക്ലെമാക്സും ചീറ്റിപ്പോയി... ആനി ടീച്ചര്‍ക്ക്‌ നേരെയുള്ള പാപ്പിയുടെ ദേഷ്യത്തോടെയുള്ള ഭീഷണി ഡയലോഗുകള്‍ക്കൊടുവില്‍ ആനി ടീച്ചര്‍ തിരിച്ച്‌ ഡയലോഗ്‌ അടിച്ച്‌ പൊളിച്ചടുക്കുന്ന രസകരമായ സീനിന്റെ അവസാനം വീര്‍പ്പിച്ച ബലൂണിന്റെ കാറ്റുപോകുന്നതായി കാണിച്ച രംഗം, ക്ലെമാക്സിലും കാണിക്കാമായിരുന്നു.

എന്തിനേറെ പറയുന്നൂ... പാപ്പീ..... ഞങ്ങളോടിത്‌ വേണ്ടായിരുന്നു.. :-)

Monday, April 12, 2010

ജനകന്‍



സംവിധാനം: എന്‍. ആര്‍. സഞ്ജീവ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
നിര്‍മ്മാണം: അരുണ്‍ എം.സി., എ. ഷാന്‍

സുരേഷ്‌ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്ന വളരെ പ്രസക്തമായ ഒരു പ്രമേയമാണെന്നൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ ഇവരുടെ ഇന്റവ്യൂകളിലൂടെയും മറ്റ്‌ വാര്‍ത്താമാധ്യമങ്ങളിലൂടെയും കേട്ടിരുന്നു.

ഒരുപാട്‌ തവണ കണ്ടും കേട്ടും കഴിഞ്ഞ ഈ പ്രമേയം തന്നെയാണോ ഇവര്‍ ഉദ്ദേശിച്ചത്‌, അതോ ഇനി പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്ത വേറെന്തെങ്കിലും പ്രമേയം ഈ സിനിമയില്‍ ഒളിച്ചിരിപ്പുണ്ടൊ എന്നൊക്കെയാണ്‌ ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയത്‌.

ലൈഗികപീഠനത്തിന്നിരയായി ഒരു പെണ്‍ കുട്ടി കൊല്ലപ്പെടുന്നതും അതിനു പിന്നില്‍ വമ്പന്മാര്‍ ഉണ്ടാകുന്നതും അവരോട്‌ പ്രതികാരം ചെയ്യുന്നതുമെല്ലാം പുതിയതും പ്രസക്തവുമാകുന്നതും കഥ കേള്‍ക്കാന്‍ ഒരു അഡ്വക്കേറ്റ്‌ ഉണ്ടാകുമ്പോഴാണോ ആവോ?

'ഒരച്ഛന്റെ രോദനം..' ഫലിപ്പിച്ചെടുക്കാന്‍ സുരേഷ്‌ ഗോപി നന്നേ കഷ്ടപ്പെട്ടപ്പോള്‍ കഥ കേള്‍ക്കാന്‍ മോഹന്‍ലാലിന്‌ കാര്യമായി ബുദ്ധിമുട്ടേണ്ടിവന്നില്ല.

സംഭവ കഥ പറയുമ്പോള്‍ നമ്മള്‍ സാധാരണ കണ്ടതും, കണ്ട ഒരാള്‍ പറഞ്ഞതോ ആയതുമായ കാര്യങ്ങളാണല്ലോ... ഈ സിനിമയില്‍ പ്രേക്ഷകന്‍ മാത്രം കണ്ട കാര്യവും ഉള്ളിലെ കഥയില്‍ പറയാന്‍ ഉപയോഗിക്കുന്നത്‌ വിചിത്രമായി തോന്നി. ഒരു കൊലപാതകം നടത്തുന്ന രീതി പ്രേക്ഷകരെ കാണിക്കുന്നുണ്ട്‌. ഇത്‌ സിനിമയിലെ കഥാപാത്രങ്ങള്‍ അറിയുന്നില്ല. പക്ഷേ, അഡ്വക്കേറ്റിനോട്‌ കഥ പറയുമ്പോള്‍ ഈ സാഹചര്യം കൂടി വിവരിച്ചു കേള്‍പ്പിച്ചത്‌ വളരെ കേമമായി.

'രഹസ്യപ്പോലീസ്‌' എന്ന സിനിമ കണ്ടതോടെ എസ്‌. എന്‍. സ്വാമിയുടെ തിരക്കഥയുള്ള സിനിമയ്ക്ക്‌ പോകില്ല എന്ന പ്രതിജ്ഞ തെറ്റിച്ചറ്റിന്‌ എനിക്കിതുതന്നെ കിട്ടണം... പിന്നെ ആകെയുള്ള ഒരു ആശ്വാസമെന്തെന്നാല്‍ വന്‍ തുക കൊടുത്ത്‌ മള്‍ട്ടിപ്ലക്സിലോ മറ്റൊ പോയി കണ്ടില്ല എന്നുള്ളതാണ്‌.

ശക്തമായ കഥയോ തിരക്കഥയോ ഇല്ലാതെ സൂപ്പര്‍ സ്റ്റാറുകളെ ഒന്നിച്ചണിനിരത്തി പ്രേക്ഷകരെ പറ്റിക്കാം എന്ന വ്യാമോഹവും ഫലിക്കുന്നില്ല എന്നുവേണം ഈ സിനിമയോട്‌ പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം കണ്ടാല്‍ മനസ്സിലാക്കേണ്ടത്‌.

ഒരു കാര്യം പറയാന്‍ വിട്ടുപോയി... In & As എന്നതിന്റെ അര്‍ത്ഥം ഈയിടെ വല്ലതും മാറിയാരുന്നോ?... ഈ ആഴ്ചയിലെ പത്രം വായിച്ചില്ല അതാ....

Wednesday, March 31, 2010

ഇന്‍ ഗോസ്റ്റ്‌ ഹൗസ്‌ ഇന്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ലാല്‍
നിര്‍മ്മാണം: പി.എന്‍. വേണുഗോപാല്‍

ടു ഹരിഹര്‍ നഗറിനുശേഷം കിട്ടിയ കാശുമായി തോമസ്‌ കുട്ടി ഒരു വലിയ ബംഗ്ലാവ്‌ വാങ്ങുന്നു. ആ ബംഗ്ലാവിനെ ചുറ്റിപ്പറ്റി പ്രേതകഥകളുള്ളതിനാല്‍ വാങ്ങിയവരെല്ലാം തന്നെ അധികം താമസിയാതെ അത്‌ കുറഞ്ഞ വിലയില്‍ ഉടമയ്ക്ക്‌ തിരികെ ഏല്‍പിച്ച്‌ രക്ഷപ്പെടുന്നതായിരുന്നു പതിവുരീതി. ഇവിടെ തോമസ്‌ കുട്ടി തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവിടെ താമസിച്ച്‌ പ്രേതബാധ ഇല്ലെന്ന് തെളിയിക്കലായിരുന്നു ശ്രമം. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളാണ്‌ ഈ സിനിമ.

നല്ലയൊരളവുവരെ പ്രേക്ഷകരെ രസിപ്പിക്കാനും ഇന്ററസ്റ്റിംഗ്‌ ഫീല്‍ ഉണ്ടാക്കുവാനും ഈ സിനിമയ്ക്ക്‌ സാധിച്ചു എന്നാണ്‌ എന്റെ വിശ്വാസം.

പലപ്പോഴും കോമഡി ഡയലോഗുകള്‍ അധികപ്പറ്റാവുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും ഒരുവിധം മോശമില്ലാതെ പ്രേക്ഷകരെ ചിരിപ്പിക്കാനും സാധിച്ചു. ഭയത്തിന്റെ ഒരു അനുഭൂതി സൃഷ്ടിക്കാനും ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ടെക്നീഷ്യന്‍സിനും നല്ലയൊരളവുവരെ സാധിച്ചിട്ടുണ്ട്‌.

കുറേ കഴിയുമ്പോഴേയ്ക്കും ഇതിന്റെ പിന്നിലുള്ള രഹസ്യങ്ങളെക്കുറിച്ച്‌ നല്ലൊരുശതമാനം പ്രേക്ഷകനും ശരിയായ ഒരു നിഗമനത്തിലെത്താന്‍ സാധിക്കും. എങ്കിലും ക്ലൈമാക്സും അതിന്റെ വിശദീകരണ രംഗങ്ങളും നന്നായി.

ഒരു ഡപ്പി വെള്ളം കൊണ്ട്‌ ഭിത്തിമുഴുവന്‍ തളിച്ച്‌ ശുദ്ധിയാക്കിയ ടെക്നിക്ക്‌ ഒരല്‍പ്പം കടുപ്പമായിപ്പോയി.

അതുപോലെ തന്നെ, വലത്തേ കയ്യിലെ കെട്ട്‌ മാറി ഇടത്തേ കയ്യിലായി എന്നതും ഇത്തിരി കൂടുതലായിപ്പോയോ എന്നൊരു സംശയം.

പേടിപ്പെടുത്താനുള്ള രംഗങ്ങള്‍ വളരെ സാധാരണവും സ്ഥിരവുമായ സംഗതികളൊക്കെ തന്നെ എന്നതും ഒരു ന്യൂനതയായി.. ഉദാഹരണത്തിന്‌ പരസ്പരം തൊട്ടും നോക്കിയുമൊക്കെ പേടിക്കുന്ന രംഗങ്ങള്‍...

ഹരിശ്രീ അശോകന്‍ ഒട്ടും തന്നെ രസിപ്പിച്ചില്ലെന്ന് മാത്രമല്ല, അല്‍പം ബോറായി തോന്നുകയും ചെയ്തു.

ലക്ഷ്മീ റായിയുടെ ഗാനരംഗത്തിലെ പ്രകടനം തകര്‍പ്പനായിരുന്നു.

നെടുമുടിവേണുവിന്റെ അഭിനയവും എടുത്തുപറയത്തക്കരീതിയില്‍ ഇഫ്ഫക്റ്റ്‌ ഉള്ളതായിരുന്നു. അതുപോലെ തന്നെ 'എന്നെ വിടമാട്ടേന്‍' ശൈലി രാധിക എന്ന നടി ഉജ്ജ്വലമാക്കി.


മൊത്തത്തില്‍ പ്രേക്ഷകനെ നിരാശപ്പെടുത്താത്തരീതിയില്‍ ആസ്വാദ്യകരമായ ഒരു ചിത്രം... ടു ഹരിഹര്‍ നഗറിനേക്കാള്‍ ഭേദം...

Saturday, March 27, 2010

പ്രമാണി



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ഉണ്ണിക്കൃഷ്ണന്‍ ബി.
നിര്‍മ്മാണം: ബി.സി. ജോഷി

ഒരു പഞ്ചായത്തും അതിനെ ചുറ്റിപ്പറ്റി കുറേ സ്ഥലക്കച്ചവടങ്ങളും അഴിമതികളും, ഒരു പഞ്ചായത്ത്‌ പ്രസിഡണ്റ്റും അദ്ദേഹത്തിണ്റ്റെ കുടുംബസ്നേഹവും പറഞ്ഞ്‌ തുടങ്ങി കുറേ കഴിഞ്ഞപ്പോള്‍ പ്രസിഡണ്റ്റ്‌ നല്ല വഴിക്ക്‌ തിരിഞ്ഞ്‌ തെറ്റ്‌ തിരുത്തുവാന്‍ തുനിഞ്ഞിറങ്ങുന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ ഒരു ആകെത്തുക.

മദ്ധ്യസ്ഥം നിന്ന്‌ സ്ഥലം കച്ചവടമാക്കി അത്‌ മച്ചുനനായ സിദ്ധിക്കിനെ ഏല്‍പ്പിക്കുന്ന ആദ്യ സീനില്‍ നിന്നു തന്നെ ഇതിണ്റ്റെ വഴി എങ്ങോട്ടാണെന്ന്‌ ഏതൊരു സാധാരണ പ്രേക്ഷകനും ബോദ്ധ്യമാകും. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമില്ലെങ്കിലും അമ്മാവനും അമ്മായിയും അവരുടെ മക്കളുമായി ജീവിച്ച്‌ ഒരു ദിവസം എല്ലാത്തില്‍ നിന്നും ഒറ്റപ്പെടുന്ന സംഗതി ഇനിയും എഴുതി മതിയാവാത്ത തിരക്കഥാകൃത്തുക്കളുണ്ട്‌ എന്നത്‌ വളരെ വ്യക്തം.

അമാനുഷികതയും ഗുണ്ടായിസവും കാണിക്കുന്നതാണ്‌ ഒരുതരം ഹീറോയിസം എന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമം നന്നായി നടത്തിയിട്ടുണ്ട്‌.

ശത്രുതയുള്ളവര്‍ പറയുന്നത്‌ അപ്പാടെ വിഴുങ്ങി പെട്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌ ശപിക്കുന്ന അമ്മ കഥാപാത്രങ്ങള്‍ ബി.ഉണ്ണിക്കൃഷ്ണന്‌ വല്ല്യ ഇഷ്ടമാണെന്ന്‌ തോന്നുന്നു. ആ ശാപം കേട്ടാല്‍ ഉടനെ പ്രേക്ഷകന്‌ ഒരു കാര്യം ഉറപ്പാകും... ഇനി തെറ്റിദ്ധാരണം ഉടനെ മാറുമെന്നും അതിനുശേഷം തെറ്റിദ്ധരിച്ച്‌ ശപിച്ചതിന്‌ വലിയ പശ്ചാത്താപം തോന്നി സ്നേഹം വാരിക്കോരി ചൊരിയുമെന്നും...

ഒരു പഞ്ചായത്ത്‌ ഓഫീസിണ്റ്റെ മുന്നിലേയ്ക്കിറങ്ങി നിന്ന്‌ തനിക്ക്‌ തെറ്റുപറ്റിയെന്നും ഇന്നുമുതല്‍ അതെല്ലാം തിരുത്തി നിങ്ങളോടൊപ്പമാണെന്നും പറഞ്ഞാല്‍ പഞ്ചായത്തിലെ ജനത മുഴുവന്‍ അത്‌ നെഞ്ചിലേറ്റിക്കൊള്ളുമായിരിക്കും.

സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്ന നല്ലൊരു ഹാസ്യതാരം വളരെ മോശമായ നിലവാരം പുലര്‍ത്തിയെങ്കില്‍ അതിന്‌ സംവിധായകണ്റ്റെ കഴിവിനെ പുകഴ്ത്താതെ വയ്യ.

വില്ലന്‍മാര്‍ എവിടെ നിന്ന്‌ എന്ത്‌ സംസാരിക്കുമെന്ന്‌ ഗണിച്ച്‌ കണ്ടുപിടിക്കാനും, വെള്ളത്തിന്നട്യില്‍ കിടന്നാലും പുറത്ത്‌ നടക്കുന്ന സംസാരം ശ്രവിച്ച്‌ ഗൂഢാലോചന കണ്ടുപിടിക്കാനുമുള്ള തന്ത്രവും സംവിധായകന്‍ സുരാജ്‌ വെഞ്ഞാര്‍മൂടിനെ പഠിപ്പിച്ചു വിട്ടു.

തണ്റ്റെ സഹോദരതുല്ല്യനും ആദര്‍ശധീരനും ജനപ്രിയനുമായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റില്‍ നിന്ന്‌ വ്യത്യസ്തനായി ഒരു അഴിമതിക്കാരനാവാന്‍ ഈ പഞ്ചായത്ത്‌ പ്രസിഡണ്റ്റിന്‌ പ്രേരണയായതെന്ത്‌ എന്ന വളരെ അടിസ്ഥാനപരമായ ഒരു സംശയത്തിന്‌ വ്യക്തമായ ഒരു കാരണവും പ്രേക്ഷകന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതും വളരെ വിചിത്രമായി തോന്നി. ചെറുപ്പത്തില്‍ പട്ടിണികിടന്നു, കൂടെയുള്ള കുട്ടികളുടെ വിശപ്പിണ്റ്റെ ദീനരോദനം കേട്ടു എന്നൊക്കെപ്പറഞ്ഞ്‌ തടിതപ്പിയാലും എങ്ങും എത്തുന്നില്ല.

അവിടവിടെയായി കുറച്ച്‌ (വളരെ കുറച്ച്‌) നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലും ഉണ്ടായിട്ടുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ എടുത്തുപറയാവുന്ന, പ്രേക്ഷകരെ മാനിക്കുന്ന കാര്യമായ ഒന്നും തന്നെ ഈ സിനിമയിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞ ചിത്രത്തിലെപ്പോലെ ഈ ചിത്രത്തിലും ഉണ്ണിക്കൃഷ്ണന്‌ സാധിച്ചിട്ടില്ല എന്നുതന്നെ പറയാം. (അതുകൊണ്ട്‌ തന്നെ തീയ്യറ്ററുകളില്‍ ആളെ കിട്ടാനും ബുദ്ധിമുട്ട്‌ കാണുന്നുണ്ട്‌)

Monday, March 22, 2010

നായകന്‍



കഥ, തിരക്കഥ, സംഭാഷണം: പി.എസ്‌. റഫീക്ക്‌
നിര്‍മ്മാണം: അനൂപ്‌ ജോണ്‍
സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി.


സ്വന്തം അച്ഛനും സഹോദരിക്കും സംഭവിച്ച ദുരന്തത്തിനെത്തുടര്‍ന്ന് നായകന്റെ പ്രതികാരത്തിന്റെ കഥപറയുന്ന ഈ ചിത്രത്തില്‍ നായകന്‍ ഒരു കഥകളിനടനാണെന്നതില്‍ കവിഞ്ഞ്‌ ഒരു പുതുമയോ പ്രത്യേകതയോ ഇല്ല എന്നു തന്നെ പറയാം..

അധോലോക ഗ്യാങ്ങുകള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും അത്‌ ഉണ്ടാക്കാന്‍ 'ബുദ്ധി' ഉപയോഗിക്കുന്നതും എത്രമാത്രം കണ്ടു പഴകിയതാണെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ മനസ്സിലാവാത്തതാണോ എന്നറിയില്ല.

അതുപോലെ തന്നെ, വില്ലന്‍ കഥാപാത്രം ഒരു മജീഷ്യന്‍ ആയാല്‍ അതും വലിയ ഒരു പുതുമയാണെന്ന് പ്രേക്ഷകര്‍ കരുതുമായിരിക്കും. നേരെമറിച്ച്‌ ഈ മജീഷ്യന്റെ കഴിവുകള്‍ ഉപയോഗിച്ച്‌ വില്ലത്തരം കാണിക്കുകയായിരുന്നെങ്കില്‍ കുറച്ചെങ്കിലും പ്രത്യേകത ഉണ്ടാകുമായിരുന്നു എന്ന് തോന്നുന്നു.

കഥകളി എന്ന കലയെ പ്രതിപാദിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതുകൊണ്ട്‌ എന്തെങ്കിലും പ്രത്യേകത ഈ ചിത്രത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്ന് തോന്നുന്നില്ല.

സീനുകള്‍ പൊതുവേ മങ്ങിയതും ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌ ഇം പാക്റ്റ്‌ കുറഞ്ഞതുമായി അനുഭവപ്പെട്ടു. അത്‌ തന്നെയാണെന്നുതോന്നുന്നു ഈ ചിത്രത്തിണ്റ്റെ പ്രത്യേകതയും പുതുമയും..

ആക്‌ ഷന്‍ സീനുകള്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയെങ്കിലും പലപ്പോഴും ബോറടി ജനിപ്പിക്കുന്നതായിരുന്നു ഈ ചിത്രത്തിലെ പല രംഗങ്ങളും..

ഇന്ദ്രജിത്ത്‌ എന്ന നടന്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. ചില അഭിനയമുഹൂര്‍ത്തങ്ങള്‍ ഉദ്ദേശിച്ച ഭാവത്തിനുപകരം പ്രേക്ഷകരില്‍ ചിരി പടര്‍ത്തിയെങ്കിലും..

സിദ്ധിക്കിണ്റ്റെ അഭിനയവും ശ്രദ്ധേയമായി. തിലകന്‌ വേഷം ഒരല്‍പ്പം പൊരുത്തക്കേട്‌ തോന്നി.

പൊതുവേ ഒട്ടും ആസ്വാദ്യകരമായ ഒരു അനുഭവമായി തോന്നിയില്ല ഈ സിനിമ എന്ന് തന്നെ പറയാം...

എങ്കിലും ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ ലിജോയ്ക്ക്‌ ഭാവിയില്‍ നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു

താന്തോന്നി


കഥ, തിരക്കഥ, സംഭാഷണം: ടി.ഏ. ഷാഹിദ്‌
നിര്‍മ്മാണം: ഷാഹുല്‍ ഹമീദ്‌ മരിക്കാര്‍
സംവിധാനം: ജോര്‍ജ്‌ വര്‍ഗീസ്‌

വല്ല്യ പ്രമാണിമാരുണ്ടായതും അവര്‍ക്ക്‌ അളവറ്റ സ്വത്തുണ്ടായതുമായ കാര്യവും കഥയും പറഞ്ഞ്‌ തുടങ്ങിയിട്ട്‌ ഇടയ്ക്കിടയ്ക്ക്‌ മക്കള്‍ തല്ലിടുന്ന സ്വപനം കാണുന്നു എന്ന പേരും പറഞ്ഞ്‌ മൂന്ന് സഹോദരങ്ങളും അവരുടെ സ്വത്തുക്കള്‍ മക്കള്‍ക്ക്‌ വീതം വച്ച്‌ നല്‍കാന്‍ തീരുമാനിക്കുന്നു. അങ്ങനെ അതില്‍ ഒരു പങ്കിന്‌ അര്‍ഹനായ 'താന്തോന്നി'യായ ഇളയ സഹോദരിയുടെ മകനെയും വെയ്റ്റ്‌ ചെയ്ത്‌ വീട്ടിലെ എല്ലാ പ്രമുഖന്മാരും ഇരുന്നിട്ടും, താന്തോന്നി എത്തിയില്ല.

അങ്ങനെ, താന്തോന്നി ഒരു വലിയ കള്ള്‌ ലേലം ഉറപ്പിക്കുന്നിടത്ത്‌ നമ്മുടെ ഹീറോയെ അവതരിപ്പിക്കുന്നു.

കുറച്ചു സമയം ഇതിയാന്റെ കള്ള്‌ കുടിയനായുള്ള പ്രകടനങ്ങളും മറ്റുമായി കടന്നുപോയിട്ടായിരുന്നു സംവിധായകന്‌ തന്റെ പേര്‌ എഴുതിക്കാണിച്ചില്ലല്ലോ എന്ന ഓര്‍മ്മ വന്നതെന്ന് തോന്നുന്നു..

ഉടനെ എഴുതിക്കാണിച്ചു 'റിബല്‍ ഹീറോ... താന്തോന്നി' എന്നും സംവിധാനം ജോര്‍ജ്‌ വര്‍ഗീസ്‌ എന്നും..

അതെന്തുമാവട്ടെ, അങ്ങനെ തുടങ്ങിയ കഥയില്‍ വലിയ വലിയ ട്വിസ്റ്റുകളോക്കെ പ്രതീക്ഷിച്ചിരുന്ന് അവശരായതല്ലാതെ വലിയ സംഗതികളൊന്നുമില്ലായിരുന്നു എന്നതാണ്‌ സത്യം.

ചില രംഗങ്ങള്‍ കണ്ട്‌ സഹിക്കവയ്യാതെ പലരും തീയ്യറ്ററില്‍ ഇരുന്ന് കൂവുന്നുണ്ടായിരുന്നു.

പല രംഗങ്ങളിലും എനിക്ക്‌ അല്‍പം നാണം തോന്നുകയും വല്ലാതെ ചിരി വരികയും ചെയ്തു.

സ്റ്റണ്ട്‌ രംഗങ്ങള്‍ തകര്‍പ്പനാക്കാന്‍ ശ്രമിക്കുന്നുണ്ടായെങ്കിലും അതില്‍ കോമഡി കൂടി കയറിപ്പറ്റി.. ഉദാഹരണത്തിന്‌, നമ്മുടെ ഹീറോ ഒരു 5-10 ഇടിമുട്ടന്‍ ടീമുകളുമായി ഫൈറ്റ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതില്‍ ഉപയോഗിച്ച ആയുധം ഒരു ഉണങ്ങിയ തെങ്ങിന്‍ പട്ട... ഹോ.. ആ സാധനം ഇത്ര ഗംഭീരമാണെന്ന് ചിരിയോടെയാണെങ്കിലും മനസ്സിലാക്കാന്‍ സാധിച്ചു.

രണ്ട്‌ ഗാനങ്ങള്‍ തികച്ചും അനുചിതവും വല്ലാതെ ബോറടിപ്പിക്കുന്നതുമായി.

പൃഥ്യിരാജ്‌ എന്ന ന്യൂ ജനറേഷന്‍ ഹീറോയെ വളരെ ഗംഭീരമായ ഗെറ്റപ്പിലും സ്റ്റൈ ലിലും കാണിക്കുന്നത്‌ സഹിക്കുന്ന രീതിയില്‍ മലയാളി പ്രേക്ഷകര്‍ പക്വമായി എങ്കിലും, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനേതാക്കളുടെ അഭിനയപാടവത്തിന്റെ അടുത്ത പരിസരത്തെങ്കിലുമെത്താന്‍ ഇനിയും കുറേകാലം ഈ ന്യൂ ജനറേഷന്‍ ഹീറോ അഭിനയതപസ്സ്യയില്‍ ഏര്‍പ്പെടേണ്ടിയിരിക്കുന്നു എന്ന് വളരെ വ്യക്തമാക്കുന്നു ഈ ചിത്രം.

ചുരുക്കിപ്പറഞ്ഞാല്‍, കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഒരു സബ്ജറ്റില്‍ കുറേ ഹീറോയിസവും ഗ്ലാമറും കാണിക്കുവാന്‍ വേണ്ടിയുള്ള ഒരു ജാട പടമായി മാത്രമേ ഈ സിനിമയെ എനിക്ക്‌ വിലയിരുത്താന്‍ തോന്നിയുള്ളൂ...


പിന്‍ കുറിപ്പ്‌: ഇത്‌ കണ്ട ഒരു സുഹൃത്തിന്റെ കമന്റ്‌... കോഴി ബിരിയാണി തിന്നിട്ട്‌ ഈ സിനിമയ്ക്ക്‌ കയറിയാല്‍, ഉള്ളില്‍ കിടക്കുന്ന കോഴി പോലും അറിയാതെ എഴുന്നേറ്റ്‌ കൂവിപ്പോകും അത്രേ...

Tuesday, February 02, 2010

ദ്രോണ

സംവിധാനം: ഷാജികൈലാസ്‌
കഥ, തിരക്കഥ: ഏ.കെ. സാജന്

‍അഭിനേതാക്കള്‍: മമ്മൂട്ടി, തിലകന്‍, മനോജ്‌ കെ. ജയന്‍, കനിഹ, നവ്യാ നായര്‍

ഒരു റിവ്യൂ അര്‍ഹിക്കാത്ത ഒരു സിനിമ എന്നേ ഇതിനെക്കുറിച്ച്‌ പറയാനുള്ളൂ.. എന്നിരുന്നാലും, ഒരു കടമ പോലെ, മലയാള സിനിമയോടുള്ള ഇഷ്ടം കൊണ്ട്‌ മാത്രം ഈ ദ്രോഹ ചിത്രത്തെക്കുറിച്ച്‌ അല്‍പം..

സിനിമ കണ്ട്‌ ഇറങ്ങുന്ന ആര്‍ക്കും കാര്യമായൊന്നും മനസ്സിലാവാന്‍ ഇടയില്ലാത്ത ഈ ചിത്രം, വളരെ താഴ്‌ന്ന നിലവാരത്തിലുള്ളതായിരുന്നു.

പഴയ രണ്ട്‌ മനകള്‍ തമ്മില്‍ വൈരാഗ്യവും, അതില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്ത അവിടത്തെ പെണ്‍കുട്ടി പ്രേതമായി വിലസി എതിര്‍പക്ഷത്തെ വകവരുത്തുന്നു എന്നൊക്കെപ്പറഞ്ഞ്‌ സംഭവം തുടങ്ങുകയും, പിന്നീട്‌ മണിച്ചിത്രത്താഴിലെ ഡ്യുവല്‍ പേര്‍സണാലിറ്റി എന്ന സെറ്റപ്പില്‍ കൊണ്ടെത്തിച്ചിരിക്കുന്നു കാര്യങ്ങള്‍...

ഒടുവില്‍ ഇതില്‍ പ്രേതമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്‌ എന്നോ ഇല്ല എന്നോ മറുപടി പറയാന്‍ കഴിയാത്തവിധത്തിലുള്ള ഒരു സംവിധാനത്തില്‍ ചെന്നെത്തുന്നു കാര്യങ്ങള്‍...

ആദ്യത്തെ മമ്മൂട്ടിക്ക്‌ ശേഷം എത്തുന്ന രണ്ടാമത്തെ പൂജാരിയായ മമ്മൂട്ടിയും 'കളരി' നിലവാരം നിലനിര്‍ത്തി എന്ന് മാത്രമല്ല, ഒരു ഒന്നാംകിട മുങ്ങല്‍ അഭ്യാസിയുമായിരുന്നു എന്ന് വേണം കരുതാന്‍... ഇദ്ദേഹത്തിനുമാത്രം വെള്ളത്തിന്നടിയില്‍ എത്രകാലം വേണമെങ്കിലും കഴിയാനുള്ള കപ്പാസിറ്റിയുണ്ടെന്ന് വേണം ഈ സിനിമ കണ്ടാല്‍ മനസ്സിലാക്കാന്‍...

എന്തായാലും, പ്രേക്ഷകരെ ദ്രോഹിക്കുന്ന ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയ്ക്‌ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.. കാരണം, ഇനി തിയ്യറ്ററില്‍ പോയി സിനിമ കാണുന്ന പരിപാടി ഉപേക്ഷിക്കാന്‍ ആളുകള്‍ക്ക്‌ ഇത്‌ പ്രചോദനമാകും എന്നത്‌ തന്നെ. ഞാനും അത്തരം ഒരു തീരുമാനത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു.

Tuesday, January 26, 2010

ബോഡിഗാര്‍ഡ്‌



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സിദ്ധിക്‌
നിര്‍മ്മാണം: ജോണി സാഗരിക
സംഗീതം: ഔസേപ്പച്ചന്‍
അഭിനേതാക്കള്‍: ദിലീപ്‌, നയന്‍ താര, ത്യാഗരാജന്‍, ഗിന്നസ്‌ പക്രു, ഹരിശ്രീ അശോകന്‍

വളരെ വിരസമായ രീതിയില്‍ തുടങ്ങിയ കഥ, അവസാനം വരെ കാര്യമായ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു എന്നതാണ്‌ ഇ സിനിമയുടെ പ്രത്യേകത. അച്ഛനമ്മമാരുടെ ആഗ്രഹത്തിനനുസരിച്ച്‌ വളരാന്‍ കഴിയാതിരുന്ന കുട്ടി, മറ്റുള്ളവര്‍ക്ക്‌ ഭയം തോന്നുന്ന കാര്യങ്ങളില്‍ ആകൃഷ്ടനായി ആ വഴികളില്‍ സഞ്ചരിച്ച്‌ 'ഗുണ്ടയ്ക്ക്‌ പഠിച്ച്‌ ഒരു ബോഡിഗാര്‍ഡ്‌ (ജയകൃഷ്നന്‍ - ദിലീപ്‌) ആയിത്തീരുന്നു... പിന്നീട്‌ അശോകേട്ടണ്റ്റെ ബോഡിഗാര്‍ഡ്‌ ആവണമെന്ന മോഹവുമായി ചെന്ന്‌ അവിചാരിതമയി (പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നപോലെ) അശോകേട്ടണ്റ്റെയും വീട്ടുകാരുടെയും രക്ഷകനാകുകയും ബോഡിഗാര്‍ഡ്‌ ആവുകയും ചെയ്യുന്നു. പിന്നീട്‌ അശോകേട്ടണ്റ്റെ മകള്‍ അമ്മു (നയന്‍ താര) വിണ്റ്റെ ബോഡിഗാര്‍ഡ്‌ ആയി കോളേജില്‍ പോകുന്നു (ആ കോളേജില്‍ തന്നെ അതേ സബ്ജക്റ്റും ക്ളാസ്സിലും അഡ്മിഷന്‍ വാങ്ങി). [എന്തൊരു അവിചാരികതയും പ്രായോഗികകവുമായ കാര്യം എന്ന്‌ ഒട്ടും സംശയിക്കരുത്‌).

കുറേ വിഡ്ഢിവേഷവും കോമാളിത്തരങ്ങളുമെല്ലാം ആ പാവം ബോഡിഗാര്‍ഡിനെക്കൊണ്ട്‌ കാണിച്ച്‌ പ്രേക്ഷകരെ വെറുപ്പിക്കാവുന്നതിണ്റ്റെ പരമാവധി ചെയ്യാന്‍ സംവിധായകനായി. പിന്നീട്‌ ഈ ബോഡിഗാര്‍ഡിണ്റ്റെ ശല്ല്യം ഒഴിവാക്കാന്‍ അമ്മു ചെയ്യുന്ന കുസൃതികള്‍ (എന്ന് സംവിധായകന്‌ പറയാം... അതൊക്കെ സമ്മതിക്കുന്ന പ്രേക്ഷകണ്റ്റെ മനോബലം.. ഹോ....) ആണ്‌ കുറേ നേരം ഈ സിനിമയെ മുന്നോട്ട്‌ വലിച്ച്‌ ഇഴയ്ക്കുന്നത്‌. അതിലൊരു അവസാന നമ്പറായ കാമുകിയാണെന്ന വ്യാജേന ശബ്ദം മാറ്റി ഫോണ്‍ ചെയ്ത്‌ കബളിപ്പിച്ച്‌ കബളിപ്പിച്ച്‌ ആ പ്രേമത്തെ വെള്ളമൊഴിച്ച്‌ വളമിട്ട്‌ വളര്‍ത്തി മൊട്ടിട്ട്‌ വിരിയിപ്പിച്ചെടുത്ത്‌ അവസാനം മണ്ണും ചാരി നോക്കി നിന്ന ഒരുത്തി അടിച്ചുകൊണ്ട്‌ പോയിട്ട്‌ 'കുച്ച്‌ കുച്ച്‌ ഹോത്താ ഹേ...' യില്‍ കൊണ്ടെത്തിച്ച്‌ ഒരുകണക്കിന്‌ അവസാനിപ്പിച്ചെടുത്തപ്പോളാണ്‌ സംവിധായനെപ്പോലെത്തന്നെ പ്രേക്ഷകരും ശ്വാസം വിട്ടത്‌.

ലോജിക്കലായ ചിന്തകള്‍ സിനിമയ്ക്ക്‌ ആവശ്യമേയില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുക എന്നതും ഈ സിനിമയുടെ നിയോഗമാകാം. ആദ്യമൊക്കെ ശബ്ദം മാറ്റി സംസാരിച്ച്‌ ബോഡിഗാര്‍ഡിനെ കബളിപ്പിച്ച്‌ കുറേ കഴിഞ്ഞപ്പോള്‍ ഈ ശബ്ദം മാറ്റി സംസാരിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ നായികയോട്‌ പറഞ്ഞിട്ടുണ്ടാകും... കാരണം, പ്രേക്ഷകര്‍ അവരുടെ ടെലഫോണ്‍ പ്രണയത്തിണ്റ്റെ ദിവ്യതയില്‍ സ്വയം മറന്ന് അലിഞ്ഞ്‌ ബോധം നശിച്ചിട്ടുണ്ടാകും എന്ന ധാരണയാകാം കാരണം.

തല തെറിച്ച പയ്യന്‍, ഇടയ്ക്ക്‌ വച്ച്‌ കോളേജ്‌ പഠിപ്പ്‌ നിര്‍ത്തുമ്പോഴും റാങ്ക്‌ കിട്ടാന്‍ സാദ്ധ്യതയുള്ള ലെവലില്‍ മാര്‍ക്കുണ്ടായിരുന്നു എന്നത്‌ വളരെ കേമമായി. ബോഡിഗാര്‍ഡിനെക്കൊണ്ട്‌ കോളേജിനെ ലഹരിവിരുദ്ധമാക്കിയ ഉടനെ ഇനി തണ്റ്റെ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ പഠിപ്പിലും ശ്രദ്ധിക്കണമെന്ന അദ്ധ്യാപകരുടെ ഉപദേശം ശിരസ്സാ വഹിച്ച്‌ അവരെ പഠിപ്പിച്ച്‌ കേമിമാരാക്കാന്‍ പുസ്തകവും വടിയും കൊണ്ട്‌ നടക്കുന്നതും ആ മാടപ്രാവുകള്‍ അത്‌ അനുസരിക്കുന്നതും കണ്ട്‌ കൈത്തരിപ്പും അലര്‍ജിയും തോന്നുന്നത്‌ പ്രേക്ഷകണ്റ്റെ കുഴപ്പമാകാനും മതി.

അവസാനം, കുട്ടിക്ക്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുസ്തകം എത്തിച്ച്‌ കൊടുത്ത്‌ കുച്ച്‌ കുച്ച്‌ ഹോത്താ ഹേ ആവര്‍ത്തിക്കുമ്പോള്‍ സംവിധായകന്‌ ഒട്ടും ലജ്ജ തോന്നിയില്ല.. കാരണം, പെണ്‍കുട്ടിക്ക്‌ പകരം ആണ്‍കുട്ടിയെയല്ലേ ഈ സിനിമയില്‍ ഉപയോഗിച്ചത്‌...

ഗാനങ്ങള്‍ പൊതുവേ മോശം നിലവാരമായി തോന്നി.

ഗിന്നസ്‌ പക്രുവും ഹരിശ്രീ അശോകനും കുറച്ച്‌ (വളരെ കുറച്ച്‌) സമയം ചിരിപ്പിച്ചു എന്ന് പറയാം.

സിദ്ധിക്ക്‌-ലാല്‍ കോമ്പിനേഷനില്‍ പണ്ട്‌ നമ്മള്‍ ആസ്വദിച്ച നിലവാരത്തിലുള്ള ഡയലോഗുകള്‍ അധികമൊന്നും കൊണ്ടുവരാനോ അതേ നിലവാരം നിലനിര്‍ത്താനോ കഴിഞ്ഞിട്ടില്ല.

അവിടവിടെയായി ചില സന്ദര്‍ഭങ്ങളില്‍ വൈകാരികതയും പ്രേമത്തിണ്റ്റെ ചില സ്പന്ദനങ്ങളും സ്പര്‍ശങ്ങളും സൃഷ്ടിക്കാനായി എന്നതാണ്‌ ആകെ ഉള്ള ഒരു നല്ല ഘടകം. നയന്‍ താരയെ കണ്ടിരിക്കാന്‍ കൊള്ളാം.. ചില സീനുകളില്‍ അല്‍പം അസഹനീയത തോന്നുമെങ്കിലും അഡ്ജസ്റ്റ്‌ ചെയ്യാം...

ഒട്ടും പ്രതീക്ഷയോടെയല്ല പോയതെങ്കിലും നിരാശപ്പെടുത്തിയ സിനിമ എന്നേ ഇതിനെക്കുറിച്ച്‌ പൊതുവേ പറായാനുള്ളൂ..

Tuesday, December 22, 2009

ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില സിനിമകള്‍
















1) The Shaft (China)

ആള്‍പ്പാര്‍പ്പു കുറഞ്ഞ ഒരു ചൈനീസ് പ്രവിശ്യയിലെ കല്‍ക്കരിഖനി-കമ്പനി, അതിലെ തൊഴിലാളികള്‍, അവരുടെ മടുപ്പുകള്‍-സ്വപ്നങ്ങള്‍, കുടുംബബന്ധങ്ങള്‍-പ്രശ്നങ്ങള്‍ എന്നിവ വിഷയമാക്കുന്ന സിനിമ. ഈയിടെ കൂടുതലും കാണാറുള്ള ചൈനീസ് സിനിമകള്‍ എക്സ്പ്ലിസിറ്റ് പൊളിറ്റിക്സ്-ഇറോട്ടിക്-മെലൊഡ്രാമ എന്നീ തരത്തിലുള്ളവയാകാറുണ്ട്. അതില്‍ നിന്ന് മാറി ഒരു നല്ല ശ്രമം ആയിരുന്നു ഷാഫ്റ്റ്.































2) Chameleon (Hungary)

ഇഴചേര്‍ന്നു നില്‍ക്കുന്ന അല്പ്പം ദാര്‍ശനികത ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം ആണിത്. മലയാളസിനിമയുടെ തൊണ്ണൂറുകളിലെ ക്ലീഷെ ആയ "തട്ടിപ്പ്/ആള്‍മാറാട്ടം/തമാശ" സിനിമകളില്‍ മോഹന്‍‌ലാല്‍-മുകേഷ്-സിദ്ധിഖ്-ജഗദീഷ് എന്നിവര്‍ പലപ്പോഴായി അഭിനയിച്ച സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്. ഹംഗറിയിലെ ഒരു പോപ്പുലാര്‍ മൂവി. എന്നാല്‍ സിനിമയെ വെറും മോഹന്‍‌ലാല്‍-മുകേഷ് സിനിമയല്ലാതാക്കുന്ന പലതും ഇതിലുണ്ട് എന്നതുതന്നെ ആണ് വ്യത്യസ്ഥത. പ്രശസ്തനായ സൈക്ക്യാട്രിസ്റ്റിന്റെ കേസ് ഹിസ്റ്ററി വീഡിയോകൾ മോഷ്ടിച്ച്, ചികില്‍സ തേടി വരുന്ന സ്ത്രീകളുടെ മാനസികപ്രശ്നങ്ങളും, ഇഷ്ടങ്ങളും മനസിലാക്കി അവരെ പ്രേമിച്ചും,വഞ്ചിച്ചും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന അനാഥരായ രണ്ട് സുഹൃത്തുക്കളുടെ സൗഹൃദത്തിന്റേയും, വഞ്ചനകളുടേയും കഥ.








































3) Heaven,Hell..Earth (Slovania)

കുടുംബം, ബന്ധങ്ങള്‍, പ്രണയം, ലൈംഗികത എന്നിവയെ ഒരേ സമയം സങ്കീര്‍ണ്ണവും,ലളിതവുമായി സമീപിക്കുന്ന സിനിമ. ഒരു പ്രൊഫഷണന്‍ ഡാന്‍സര്‍ ആകാന്‍ ആഗ്രഹിക്കുന്ന മാര്‍ത്തയ്ക്ക് കാലില്‍ പരിക്കേല്‍ക്കുന്നതു മൂലം നൃത്തത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന ഇടവേള, ആ സമയത്തെ താല്‍ക്കാലിക ജോലി, പ്രണയം/പ്രണയപരാജയം, സഹോദരൻ‌-പിതാവ്-മാതാവ്,പൂര്‍‌വ്വകാലകാമുകന്‍-തൊഴിലുടമയായ ഡോക്ടര്‍-അയാളുടെ മകൾ‌-പിരിഞ്ഞുതാമസിക്കുന്ന ഭാര്യ എന്നിവരുമായുള്ള ഇടപെടലുകളുടേയും സ്വയം തിരിച്ചരിവുകളുടേയും കഥ. പലതവണ അവതരിപ്പിക്കപ്പെട്ട വിഷയം ആണെങ്കിലും വിരസതയില്ലാതെ കണ്ടിരിക്കാന്‍ പറ്റി.



















4) Operation Danube (Poland)

പോളിഷ് നാടകവേദിയില്‍ നിന്ന് സിനിമയിലേക്കു വന്ന Jacek Glombന്റെ ആദ്യ ചിത്രമാണിത്. എന്നാല്‍ ഒരു സം‌വിധായകന്റെ ആദ്യചിത്രമെന്ന തോന്നല്‍ ഒരിടത്തും ഉണ്ടാക്കാത്തവിധം മനോഹരമായ ഒരു പൊളിറ്റിക്കല്‍ കോമഡി ആണ്‌ ഓപ്പറേഷന്‍ ഡെന്യൂബേ. രണ്ടാം ലോകമഹായുദ്ധകാലമാണ്‌ കാലഘട്ടം. ചെക്കൊസ്ലാവിയയെ രക്ഷിക്കാന്‍ അവിടെക്ക് കടന്നുകയറുന്ന പോളിഷ്-സോവിയറ്റ് പട്ടാളക്കാര്‍. അവര്‍ തദ്ദേശീയരോട് പെരുമാറുന്നതിലെ വൈജാത്യം. യുദ്ധം എന്ന ഭീകരത. പോളണ്ട്-ചെക്ക് രാജ്യങ്ങളുടെ നിസഹായാവസ്ഥ എന്നിവ രസകരമായ അവതരണത്തിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പോളിഷ് സൈന്യനിരയില്‍ നിന്ന് ഒറ്റപ്പെട്ട് ഒരു റെസ്റ്റൊറന്റിലേക്ക് ഇരച്ചു കയറി കേടായ പാറ്റന്‍ ടാങ്കും, അതിലെ പോരാളികളും, തദ്ദേശീയരും ആയുള്ള ബന്ധത്തിന്റെ രസകരമായ കഥ പൊളിറ്റിക്കല്‍ ക്ലീഷേകള്‍ വെച്ച് തന്നെ അവതരിപ്പിച്ചിരിക്കുന്നു.കണ്ടവയില്‍ വെച്ച് രണ്ടാമത് ഇഷ്ടമായ സിനിമ.


















5) Seventh Circle/A hetedik kör (Hungary)

ഒരേസമയം ബിബ്ലിക്കല്‍ എന്നും കൗമാരസങ്കല്പ്പങ്ങളുടെ ദൃശ്യവല്‍ക്കരണം എന്നും കരുതാവുന്ന സിനിമ. യേശുവിനെപ്പോലെ തന്റെ ശിഷ്യന്മാരെ കണ്ടെത്തുകയും, ഗിരിപ്രഭാഷണം ചെയ്യുകയും, സ്വയം നേതാവും ഇടയനും ആകുകയും ചെയ്യുന്ന സെബാസ്റ്റ്യന്‍ . അവന്‍ കണ്ടെത്തുന്ന കൗമാരക്കാരായ സുഹൃത്തുക്കള്‍, മരണമെന്ന സുന്ദരസങ്കല്പ്പം, രതി എന്ന പാത, പാപം എന്ന സങ്കൽ‌പ്പം, വിശ്വാസങ്ങള്‍ തകരുന്നതു കണ്ട് നിസഹായനാകുന്ന ക്രൈസ്തവപുരോഹിതന്‍ .... കണ്ടതില്‍ വെച്ച് നല്ല സിനിമകളില്‍ ഒന്ന്.





















6) Landscape No:2/Pokrajina St.2 (Slovania)

Sergej എന്ന യുവാവും, Polde എന്ന വൃദ്ധന്‍ ബീസും അമേച്വര്‍ കള്ളന്മാരാണ്‌. പെയിന്റിംഗുകളും, പുരാവസ്തുക്കളും മോഷ്ടിക്കുകയെന്നതാകുന്നു അവരുടെ ദൌത്യം. എന്നാല്‍ അബദ്ധത്തില്‍ ഒരിക്കല്‍ അവര്‍ മോഷ്ടിക്കാന്‍ കയറുന്നത് രാജ്യത്തെ പഴയ ജെനറലിന്റെ വീട്ടിലാണ്‌. Landscape No:2 എന്ന പെയിന്റിംഗിന്റെ കൂടെ രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു കൂട്ടക്കൊലയ്ക്ക് ആരാണ് ഉത്തരവ് കൊടുത്തത് എന്ന് തെളിവുള്ള ഒരു രേഖയും Sergej മോഷ്ടിക്കുന്നു. രേഖപുറത്തായാല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് അറിയാവുന്ന കിഴവന്‍ ജെനറല്‍ താന്‍ മരിക്കുന്നതിന് മുന്നെ രേഖ കൈവശമുള്ളവരേയും, അതെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ സാധ്യതയുള്ളവരേയും കൊലപ്പെടുത്താന്‍ തന്റെ പഴയ പട്ടാളവിശ്വസ്ഥനെ ഏല്പ്പിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സീരിയല്‍ കൊലപാതകങ്ങള്‍, അവയുടെ രാഷ്ട്രീയമാനം എന്നിവയാണ്‌ സിനിമയുടെ ഇതിവൃത്തം. മുക്കാൽ ഭാഗത്തോളം രാഷ്ട്രീയമായി മാനങ്ങളുള്ള സിനിമ അവസാനഭാഗങ്ങളില്‍ സ്ഥിരം ഹോളിവുഡ്-സീരിയല്‍ കില്ലിംഗ് മൂവി ആയിപ്പോയോയെന്ന് സംശയം .






































7) GeneRal Nil (Poland)

ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിനെ എതിര്‍ത്ത ജെനറല്‍ നിലിന്റെ ‍(General Nil, the code name of Emil Fieldorf) കഥ പറയുന്ന സിനിമ. ഒരുകാലത്ത് രാജ്യത്തിന്റെ ഹീറോ ആയിരുന്ന നില്‍ പിന്നീട് സോവിയറ്റ് അധിനിവേശക്കാലത്ത് രാജ്യദ്രോഹിയായി മാറുകയും, നിയമങ്ങളെ കാറ്റില്‍‌പ്പറത്തിക്കൊണ്ട് നിലിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതിന്റേയും രാഷ്ട്രീയ/ചരിത്ര/ഗൂഡപശ്ചാത്തലങ്ങളുടെ കഥ. കണ്ടവയില്‍ വെച്ച് ഏറ്റവും ഇഷ്ടമായ സിനിമ.


ഇതുകൂടാതെ LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത നാലഞ്ച് ഷോര്‍ട്ട്ഫിലിംസ്, എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉള്ള ചില ഷോര്‍ട്ട് ഫിലിംസ് (തമിഴ് ഫിലിം ഡയറക്ടര്‍ മിഷ്കിന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സം‌വിധായകരായി ഉണ്ടായിരുന്നു) എന്നിവ കണ്ടു. ചിലതെല്ലാം നന്നായി തോന്നി. പ്രത്യേകിച്ച് LV Prasad ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ ചെയ്ത വര്‍ക്കുകളില്‍ അപാകതകള്‍ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ക്യാമറ നന്നായിരുന്നു.


* ഫെസ്റ്റില്‍ വെച്ച് GeneRal Nil, Operation Danube എന്നിവയുടെ സം‌വിധായകരുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. "എന്തുകൊണ്ടാണ് സമീപകാല പോളിഷ്/ചെക്ക് സിനിമകളില്‍ ലോകമഹായുദ്ധം വിഷയമാകുന്നത്?" എന്നൊരു ചോദ്യം അവര്‍ക്ക് നേരിടേണ്ടി വന്നു. ലോകമഹായുദ്ധകാലത്ത്/അതിനു ശേഷമുള്ള സോവിയറ്റ് അധിനിവേശക്കാലത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ട മുത്തച്ഛനും, സഹോദരനും, അച്ഛനും ഒക്കെ എന്തു സംഭവിച്ചു എന്ന് അറിയാത്ത ഒരു ജനത ഇനിയും അവിടങ്ങളില്‍ ബാക്കിയുണ്ടെന്നായിരുന്നു മറുപടി. ഒരുപാട് "അപ്രത്യക്ഷമാലുളുടെ" കാലഘട്ടം. 1989വരെ സര്‍ക്കാര്‍ രേഖകള്‍ ഒന്നും പരിശോധിക്കാന്‍ ആര്‍ക്കും നിവൃത്തിയുണ്ടായിരുന്നില്ല. സമീപകാലത്താണ്‌ പഴയ പ്രഖ്യാപനങ്ങളുടേയും, രാഷ്ട്രീയ ഗൂഡനീക്കങ്ങളുടേയും ഒക്കെ വിശദവിരങ്ങള്‍ ഗവണ്മെന്റ് ആര്‍ക്കൈവില്‍ നിന്ന് ലഭ്യമായി തുടങ്ങുന്നത്. അതിനാല്‍ ഇത്തരം സിനിമകള്‍ ഇനി വരുന്നതേ ഉള്ളൂ എന്നായിരുന്നു സം‌വിധായകരുടെ മറുപടി. 'കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഭരിക്കുന്ന കേരളത്തിലെ ഫെസ്റ്റിവെലില്‍ വെച്ച് പോലും തങ്ങളുടെ ആന്റികമ്യൂണിസ്റ്റ് സിനിമകള്‍ക്ക് നല്ല പ്രതികരണവും, കൈയ്യടിയും കിട്ടിയെന്ന് അവര്‍ പറയുന്നത് കേട്ടു. (സ്റ്റാലിന്‍ അധിനിവേശത്തിന്റെ ഇരകള്‍ , അതേ അളവുകോലാണ്‌ ഇന്ത്യയിലെ കേരളത്തിലും വെച്ചത് ) കൂട്ടത്തില്‍ "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം ഇനി മിണ്ടരുത്" എന്ന് മലയാളത്തില്‍ ആരോ വിളിച്ച് കൂവുന്നതും കേട്ടു.... ക്ലീഷേകള്‍ എല്ലാം പൂര്‍ത്തിയാകപെട്ടു....


#ചിത്രങ്ങള്‍ക്ക് കടപ്പാട്
http://4.bp.blogspot.com
http://www.filmunio.hu
http://www.kino-galanta.sk
http://www.pffamerica.com
http://www.origo.hu
http://static.omdb.si
http://img.interia.pl


Monday, December 07, 2009

പാ


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സം‌വിധാനം: ആര്‍. ബാലകൃഷ്ണന്‍ (ആര്‍. ബാല്‍കി)
നിര്‍മ്മാണം: അമിതാഭ് ബച്ചന്‍ കോര്‍പ്പൊറേഷന്‍, സുനില്‍ മന്‍‌ചന്ദ
തിരക്കഥ: ആര്‍. ബാലകൃഷ്ണന്‍
സംഗീതം: ഇളയരാജ
വരികള്‍: സ്വനന്ദ് കിര്‍കിറേ
അഭിനേതാക്കള്‍: അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍
ഛായാഗ്രഹണം: പി.സി. ശ്രീരാം

ചീനി കം എന്ന ചിത്രത്തിന്റെ സം‌വിധായകനായ ആര്‍. ബാലകൃഷ്ണന്‍ (പാ എന്ന സിനിമയില്‍ ആര്‍. ബാല്‍കി എന്നാണ് എഴുതിയിരിക്കുന്നത്) എങ്ങിനെയോ പ്രൊജേറിയ എന്ന അസുഖത്തെക്കുറിച്ച് കേള്‍ക്കുന്നു. വളരെ അപൂര്‍‌വമായ ഈ രോഗം ബാധിച്ചവരുടെ ശരീരത്തിന് യഥാര്‍ത്ഥ പ്രായത്തിനേക്കാല്‍ നാലോ അഞ്ചോ ഇരട്ടി വളര്‍ച്ചയുണ്ടാകും. അതായത് ഒരു അഞ്ചെട്ട് വയസ്സ് ഉള്ള കുട്ടിക്ക് ഒരു എണ്‍പത് വയസ്സുകാരന്റേത് പോലെയുള്ള ശരീരപ്രകൃതിയായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ ആരും കൈ വയ്ക്കാത്ത ഒരു പ്രമേയം. ബാല്‍കി ഖുഷി സെ പാഗല്‍ ഹൊ ഗയാ.

എന്നാല്‍ ചിത്രം ചര്‍ച്ചാവിഷയമാക്കാന്‍ ഇതുമാത്രം പോര. ഒരു കുട്ടിയുടെ അസാധാരണം ആകര്‍ഷണീയമാക്കാന്‍ മറ്റ് എന്തെങ്കിലും പൊടിക്കൈ കൂടി വേണം. കിട്ടിപ്പോയി. നമുക്ക് ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ അച്ഛനും മകനുമായ അമിതാഭിനേയും മകന്‍ അഭിഷേകിനേയും എടുത്ത് ഈ ചിത്രത്തില്‍ അമിതാഭിനെ മകനും അഭിഷേകിനെ അച്ഛനുമാക്കാം. ഹൊ, എനിക്ക് വയ്യ. ഈ ചിത്രം ഗംഭീര ഹിറ്റ്, ഉറപ്പ്. ബാല്‍കി തുള്ളിച്ചാടി.

പിന്നൊന്നും ബാല്‍കി ആലോചിച്ചില്ല. എടുപിടീന്ന് ഇത്രയും വച്ച് ഒരു സിനിമ എടുത്തു. എന്നാല്‍ ഒരു സിനിമ ആകുമ്പോള്‍ ഇതു മാത്രം പോര, മറ്റ് പലതും വേണമെന്ന് ഈ ആവേശത്തില്‍ അദ്ദേഹം മറന്നു. അതായത് സിനിമയായാല്‍ ഒരു നല്ല കഥ വേണമെന്നും, ആ കഥയില്‍ നല്ല അര്‍ത്ഥവത്തായ കഥാപാത്രങ്ങള്‍ വേണമെന്നും, ആ കഥാപാത്രങ്ങളെ നല്ല രീതിയില്‍ കൂട്ടിയിണക്കണമെന്നും, അവരൊക്കെ അവരുടെ പ്രായത്തിലും പ്രവൃത്തിക്കും ഉചിതമായി സംസാരിക്കണമെന്നും ഒക്കെ.

ഇനി സിനിമയെക്കുറിച്ച്. വിദ്യാ ബാലനും അഭിഷേക് ബച്ചനും പ്രേമിക്കുന്നു, പയ്യെ വിദ്യ ഗര്‍ഭിണിയാകുന്നു, തന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോള്‍ കുട്ടി ഉണ്ടാകുന്നത് തടസ്സമാകുമെന്ന് അഭിഷേക് പറയുമ്പോള്‍ ഇവര്‍ പിരിയുന്നു, കുട്ടി ഒരു അപൂര്‍‌വ്വരോഗമായി ജനിക്കുന്നു, കുട്ടി മൂലം ഇവര്‍ ഒന്നിക്കുന്നു, ഈ കഥ രണ്ടര മണിക്കൂറ് കൊണ്ട് പറയുന്നു; ഇതാണ് പാ. അസുഖമുള്ള കുട്ടിയോട് അമിതമായി സ്നേഹം കാണിക്കാത്ത അമ്മയും, ബാലിശമായ പ്രവര്‍ത്തികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുന്ന ഒരു രാഷ്ട്രീയക്കാരന്‍ അച്ഛനും, വിരമിച്ച രാഷ്ട്രീയക്കാരന്‍ എന്ന അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വമായ ജനുസ്സില്‍ പെട്ട ഒരു അച്ഛാച്ചനും, തന്റെ ആസനം മൂലം കൊച്ചുമകന്‍ ഇരട്ടപ്പേരിട്ട ഒരു അമ്മൂമ്മയും, ഹാസ്യപ്രസിദ്ധീകരണങ്ങളില്‍ വരുന്ന സംഭാഷണങ്ങള്‍ പറയുന്ന കുറച്ചു കൂട്ടുകാരും, ഒരു മുതിര്‍ന്നവരുടെ ശരീരമുള്ള ഒരു കുട്ടിയും; ഇവരാണ് പായിലെ കഥാപാത്രങ്ങള്‍.

അഭിനയത്തിനോട് എല്ലാ കഥാപാത്രങ്ങളും കൂറ് പുലര്‍ത്തിയെങ്കിലും കഥ ഇവരെ പരാജയപ്പെടുത്തി. ഇനി അധികം ആയുസ്സില്ല എന്ന് ഡോക്റ്റര്‍ സൂചിപ്പിച്ചിട്ടും മകനെ ഡെല്‍ഹിയില്‍ രണ്ട് ദിവസം കറങ്ങാന്‍ ഒറ്റയ്ക്ക് വിടുന്ന അമ്മയെ എങ്ങിനെ ന്യായീകരിക്കും? അഭിഷേക് ബച്ചന്റെ കൂടെയാണ് കുട്ടി പോകുന്നതെങ്കിലും അഭിഷേക് കുട്ടിയെ സംഭന്ധിച്ചിടത്തോളം അപ്പോള്‍ അപരിചിതനാണ്. തിരക്ക് മൂലം പലപ്പോഴും ഭക്ഷണം പോലും കഴിക്കാനാവാതിരിക്കുന്ന ഒരു എം.പി രണ്ട് ദിവസം സകല തിരക്കുകള്‍ക്കും അവധി കൊടുത്ത് ഒരു രോഗിയായ കുട്ടിയെ രസിപ്പിക്കാന്‍ കറങ്ങാന്‍ കൊണ്ട്പോകും എന്നത് എങ്ങിനെ സാധൂകരിക്കാന്‍ സാധിക്കും? രാത്രിയില്‍ തന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോകുന്ന ലൈവ് പരിപാടി ടി.വി.യില്‍ കാണിക്കാനിരിക്കെ പകല്‍ മുഴുവന്‍ വെയില്‍ കാഞ്ഞും ഗോള്‍ഫ് കളിച്ചും സമയം കളയുന്ന അമിതമായ ആത്മവിശ്വാസം കാണാതെ വിട്ടാലും ലൈവ് പ്രോഗ്രാമില്‍ കാണിക്കുന്ന പോക്രിത്തരത്തെ എങ്ങിനെ സഹിക്കണം? ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പാവപ്പെട്ട ആളുകളെക്കൊണ്ട് ഗുണ്ടായിസം കാണിച്ചിട്ടാണോ സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത്? അവസാനം തനിക്കൊരു മകനുണ്ട് എന്നറിയുമ്പോള്‍ ഇങ്ങനെയാണോ ഒരു പിതാവ് പ്രതികരിക്കേണ്ടത്?

സം‌വിധായകനും തിരക്കഥാകൃത്തും പറഞ്ഞതിനപ്പുറം അമിതാഭ് ബച്ചന്‍ എന്തെങ്കിലും സ്വന്തമായി ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങിനെ പലതും ചെയ്യുവാന്‍ അവസരം ഉണ്ടായിരുന്ന ഒരു കഥാപാത്രമായിരുന്നു. എങ്കില്‍‌പ്പോലും അദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്. സിനിമയില്‍ ഇടയ്ക്കിടെയുള്ള ഇളയരാജയുടെ മാജിക്കും (പശ്ചാത്തലസംഗീതവും ഗാനങ്ങളും) ആസ്വാദ്യകരം തന്നെ. ഇത് രണ്ടും ഇല്ലെങ്കില്‍ ഈ ചിത്രം കണ്ടിരിക്കുക തന്നെ പ്രയാസം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍
* മനം കവരുന്ന പാ - ദാറ്റ്സ് മലയാളം
* ചിത്രവിശേഷം
* കേരളകൗമുദി

Tuesday, November 10, 2009

ജയില്‍


(ചിത്രത്തിന് കടപ്പാട്‌: http://bollycurry.com/)

സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
കഥ: മധുര്‍ ഭണ്ഡാര്‍ക്കര്‍, മനോജ്‌ ത്യാഗി, അനുരാധ തിവാരി
അഭിനേതാക്കള്‍: നീല്‍ നിതിന്‍ മുകേഷ്, മുഗ്ദ ഗോട്സെ, മനോജ്‌ വാജ്പൈ
സംഗീതം: ശരിബ്‌ സാബ്രി, തോഷി സാബ്രി
ഛായാഗ്രഹണം: കല്പെഷ് ഭണ്ഡാര്‍ക്കര്‍

ഫാഷന്‍ എന്ന ചലച്ചിത്രത്തിന് ശേഷം മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് ജയില്‍. പ്രിയങ്ക ചോപ്രയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഫാഷന്‍ എന്ന ചലചിത്രത്തേക്കാള്‍ അതിനുമുന്പിറങ്ങിയ മധുര്‍ ചിത്രം ട്രാഫിക് സിഗ്നലിനെയാണ് ഈ ചിത്രം ഓര്‍മിപ്പിക്കുന്നത്.

നീല്‍ നിതിന്‍ മുകേഷ് അവതരിപ്പിക്കുന്ന പരാഗ് ദീക്ഷിത് ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഈ കഥാപാത്രം ജയിലിലാവുന്നു. എങ്ങിനെ ഇദ്ദേഹം ജയിലിലാവുന്നു, അവിടെ എന്തൊക്കെ അനുഭവിക്കുന്നു, അവിടുന്ന് എങ്ങിനെ നിയമപരമായും അല്ലാതെയും അദ്ദേഹം പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു, ഇദ്ദേഹത്തിന്റെ ജീവിതം പുറത്തുള്ള മറ്റുള്ളവരുടെ ജീവിതത്തിനെ എങ്ങിനെ സ്വാധീനിക്കുന്നു, അവസാനം ഇദ്ദേഹം പുറത്ത് കടക്കുമോ എന്നിങ്ങനെയുള്ള കഥാഗതികളിലൂടെയാണ് സിനിമ കടന്ന് പോകുന്നത്. ജയിലിനുള്ള മറ്റ് അന്തേവാസികളുടെ ജീവിതങ്ങളും ചെറുതായി കഥാകാരന്‍ പറഞ്ഞ് വയ്ക്കുന്നു.

നീലിന്റെ കഥാപാത്രം അഭിനയശേഷി നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നതിനാല്‍ നീലിന് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. മനോജ് വായ്പേജി എന്ന നടന്റെ കഴിവുകള്‍ യാതൊരുവിധത്തിലും ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിനെ ഒരു ഗുണവും പ്രാധാന്യവും ഇല്ലാത്ത ഒരു കഥാപാത്രത്തില്‍ കഥാകാരന്‍ തളച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്നു. മറ്റ് നടന്മാര്‍ക്കൊന്നും കാര്യമായ ഒരു പ്രാധാന്യവും ചിത്രത്തില്‍ ഇല്ലെങ്കിലും ആരും മോശമായി വന്നിട്ടില്ലെന്നത് ആശ്വാസം പകരുന്നു. നായികയ്ക്ക് നായകനുവേണ്ടി കരയുക എന്ന കടമയേ ഇവിടെ കൊടുത്തിട്ടുള്ളൂ. സംഗീതവും ശ്രദ്ധിക്കപ്പെടുവാന്‍ സാധ്യത കുറവ്.

ജയിലിനുള്ളിലെ ജീവിതങ്ങള്‍ വരച്ച് കാട്ടാനുള്ള സം‌വിധായകന്റെ ശ്രമം പരാജയമാണെന്ന് തന്നെ പറയേണ്ടി വരും. കഥാപാത്രങ്ങളുടെ എണ്ണം കൊണ്ട് വൈവിധ്യം ഇവിടെ കൊണ്ട് വരുവാന്‍ ശ്രമിച്ചിട്ട് അതും ഉണ്ടായില്ല, എന്നാല്‍ ഉള്ളവര്‍ക്ക് കൂടുതല്‍ വ്യത്യസ്ഥത കൊണ്ട് വരുവാന്‍ കഴിഞ്ഞതുമില്ല എന്നതാണ് സ്ഥിതി. നീല്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിച്ചു എന്നത് നീലിന്റെ അഭിനയത്തിലോ രംഗങ്ങളിലോ തെളിയിക്കാന്‍ ആയില്ല സം‌വിധായകന്. മറ്റ് കഥാപാത്രങ്ങളുടെ ജീവിതകഥകളിലും ക്ലീഷേ മാത്രമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഒരു ജയിലിന്റെ അന്തരീക്ഷം ഒരുക്കുന്നതിലും സം‌വിധായകന്‍ പരാജയപ്പെട്ടു.

മധുര്‍ ഭണ്ഡാര്‍ക്കറുടെ അധികം ചിത്രങ്ങളേയും പോലെ ഇത് ഒരു ഡോക്യുമെന്ററി ആയി ചിത്രീകരിക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോകും. അത്തരത്തിലുള്ള പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ഈ ആഖ്യാനരീതി ഈ സിനിമയെ രക്ഷപ്പെടുത്തുമോ എന്ന് വരും ദിനങ്ങളില്‍ കണ്ടറിയാം.

എന്റെ റേറ്റിങ്ങ്: 2/5

മറ്റ് നിരൂപണങ്ങള്‍

Friday, October 30, 2009

സ്വ. ലേ.

സംവിധാനം, ഛായാഗ്രഹണം: പി. സുകുമാര്‍
കഥ, തിരക്കഥ, സംഭാഷണം : കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: പി. സുകുമാര്‍, അനു വാര്യര്‍
അഭിനേതാക്കള്‍: ദിലീപ്‌, ഗോപിക, ജഗതിശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, അശോകന്‍, ഗണേഷ്‌ കുമാര്‍, ഇന്നസെന്റ്‌

1980 കളിലെ പത്രപ്രവര്‍ത്തനവും, അതിന്നിടയില്‍ ഒരു ചെറിയ പത്രത്തിന്റെ സ്വന്തം ലേഖകനായ ഉണ്ണിമാധവന്‍ (ദിലീപ്‌) നേരിടുന്ന ജോലിസംബന്ധവും കുടുംബസംബന്ധവുമായ കാര്യങ്ങളാണ്‌ സിനിമയുടെ ഇതിവൃത്തം.

അന്നത്തെ (ഇന്നത്തേയും?) പത്രപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മര്‍ദ്ദങ്ങളും ജോലിയില്‍ പിഴച്ചുപോകാന്‍ ചെയ്യേണ്ടിവരുന്ന കസര്‍ത്തുകളും നല്ല തോതില്‍ വിവരിച്ചിരിക്കുന്നു.

ഉണ്ണിമാധവന്റെ ചെറുപ്പകാലത്ത്‌ പരിചയവും അടുപ്പവുമുണ്ടായിരുന്ന ഒരു പ്രശസ്തനായ എഴുത്തുകാരന്‍ മരണശയ്യയില്‍ കിടക്കുകയും അത്‌ റിപ്പോീര്‍ട്ട്‌ ചെയ്യാന്‍ നിരവധി പത്രക്കാരും മാധ്യമപ്രവര്‍ത്തകരും എത്തിച്ചേരുകയും, തന്റെ പത്രത്തിന്റെ ഭാഗത്ത്‌ നിന്ന് ഈ കാര്യത്തിന്‌ ഉണ്ണിമാധവന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു. പ്രസവതീയതി അടുത്ത ഭാര്യയെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട്‌ തന്റെ വ്യക്തിത്വവികസനത്തില്‍ ഒട്ടേറെ സ്വാധീനിച്ച മഹാനായ എഴുത്തുകാരന്റെ മരണം കാത്ത്‌ കുറച്ച്‌ ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന മാനസികാവസ്ഥയാണ്‌ ഈ കഥയുടെ പ്രധാനമായ ഘടകം.

ഇന്റര്‍വെല്‍ വരെ 'കൊള്ളാം' എന്ന് അഭിപ്രായം തോന്നിയ സിനിമ, അതിനുശേഷം വളരെയധികം ഇഴഞ്ഞ്‌ വലിഞ്ഞ്‌ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നത്‌.

പലയിടത്തും നല്ല ചില സംഭാഷണങ്ങളും ഹാസ്യങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും അവസാനത്തോടടുത്തപ്പോഴെയ്ക്കും സിനിമയുടെ ആസ്വാദനസുഖം നഷ്ടപ്പെട്ടിരുന്നു. പല സീനുകളും വലിച്ച്‌ നീട്ടിയവയും അനാവശ്യമായവയുമായിരുന്നു എന്ന് തോന്നി.

അഭിനയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ എല്ലാവരും മോശമല്ലാത്ത നിലവാരം പുലര്‍ത്തി.

അവസാന രംഗത്ത്‌ ദിലീപിനെക്കൊണ്ട്‌ മിമിക്രി കാണിപ്പിച്ചത്‌ വളരെ ബോറായിപ്പോയി.

ഒരു സിനിമയാക്കാനുള്ള ആഴവും പരപ്പും ഉള്ള സബ്ജക്റ്റ്‌ ആയിരുന്നില്ല ഇതെന്ന് തോന്നി. ഒരു ടെലിഫിലിം വരെ ഓ.കെ.

എഡിറ്ററെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറേ മടുപ്പ്‌ ഒഴിവാക്കാമായിരുന്നു.

Sunday, October 25, 2009

എയ്ഞ്ചല്‍ ജോണ്‍



കഥ, സംവിധാനം : എസ്‌.എല്‍. പുരം ജയസൂര്യ
തിരക്കഥ : മനാഫ്‌, എസ്‌.എല്‍. പുരം ജയസൂര്യ
ഛായാഗ്രഹണം: അജയന്‍ വിന്‍സണ്റ്റ്‌
നിര്‍മ്മാണം: നാരായണദാസ്‌

ബാങ്ക്‌ മാനേജരായ അച്ഛണ്റ്റെ വേഷത്തില്‍ ലാലു അലക്സും മകനെ എന്തിനും സപ്പോര്‍ട്ട്‌ ചെയ്യുന്ന അമ്മയായി അംബികയും അവരുടെ തലതെറിച്ച കൌമാരക്കാരനായ മകനായി 'മറഡൊണ' എന്ന പേരില്‍ ശാന്തനു ഭാഗ്യരാജും അടങ്ങുന്ന ഈ കഥയില്‍ വഴി പിഴച്ച്‌ ആത്മഹത്യയിലെത്തിച്ചേരുന്ന മറഡോണയെ ജീവിതത്തിലേയ്ക്ക്‌ കൊണ്ടുവരുന്ന മാലാഖയായി 'എയ്ഞ്ചല്‍ ജോണ്‍' മോഹന്‍ ലാല്‍ രംഗപ്രവേശം ചെയ്യുന്നു.

66 വയസ്സുവരെ സുഖദുഖങ്ങളടങ്ങിയ മാനുഷികജീവിതം ഒരു വശത്തും അതല്ലെങ്കില്‍ അതിണ്റ്റെ മൂന്നിലൊന്ന് കാലാവധിയുള്ള എല്ലാ ആഗ്രഹങ്ങളും ഉടനെ ലഭ്യമാക്കിക്കൊണ്ടുള്ള മറ്റൊരുജീവിതവും എന്ന ഒാഫര്‍ ലഭിക്കുമ്പോള്‍ തലതെറിച്ച പയ്യന്‍ രണ്ടാമത്തെ ഒാഫര്‍ സ്വീകരിക്കുന്നു. 'വയസ്സാന്‍ കാലത്ത്‌ സൌഭാഗ്യങ്ങള്‍ കിട്ടുന്നതിനേക്കാല്‍ എല്ലാം നേരത്തേ തന്നെ കിട്ടട്ടെ' എന്നതാണ്‌ പയ്യണ്റ്റെ പോളിസി. പക്ഷേ, കൊമേര്‍സ്‌ ബിരുദം രണ്ട്‌ പേപ്പര്‍ കൂടി കിട്ടാനുള്ളതിനാലാണോ എന്നറിയില്ല, 66 ണ്റ്റെ മൂന്നിലൊന്ന് എന്നത്‌ 22 വയസ്സാണെന്ന് പയ്യന്‌ കണക്ക്‌ കൂട്ടാന്‍ കഴിയാതെ വരികയും കുറച്ച്‌ ദിവസത്തിനുള്ളില്‍ ആ വയസ്സ്‌ തികഞ്ഞ്‌ ഇഹലോകം വെടിയാന്‍ ടൈം ആകുകയും ചെയ്യുന്നു.

ചോദിച്ച ഉടനെ വരം എടുത്ത്‌ കൊടുക്കുകയും പയ്യനെ ഉപദേശിച്ചും നല്ലവഴികാണിച്ചും നേരെയാക്കാനും ആണ്‍ വേഷത്തിലുള്ള മാലാഖ (നമ്മുടെ ലാലേട്ടന്‍) കിണഞ്ഞ്‌ പരിശ്രമിക്കുകയും ചെയ്യുന്നു.

വളരെ ദയനീയമായി, അസ്വസ്ഥതയോടെ കണ്ടിരിക്കേണ്ടി വന്ന ആവറേജില്‍ താഴെമാത്രം നിലവാരമുള്ള സിനിമയാണ്‌ ഇതെന്ന് പച്ചയായി പറയാതെ നിവര്‍ത്തിയില്ല. പോതുവേ ഒഴിഞ്ഞ്‌ കിടന്ന തിയ്യറ്റരില്‍ നിന്ന് സിനിമയുടെ പല ഭാഗങ്ങളിലായി ബാക്കിയുള്ളവരെക്കൂടി ഇറക്കിവിടാന്‍ സാധിച്ചു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ അണിയറപ്രവര്‍ത്തകരുടെ എടുത്ത്‌ പറയാവുന്ന നേട്ടം.

ശാന്തനു ഭാഗ്യരാജ്‌ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ മോശമായില്ല. പക്ഷേ, പയ്യണ്റ്റെ പല തോന്ന്യാസങ്ങളും ഒരല്‍പ്പം അരോചകമായിരുന്നു. മറഡോണയുടെ കാമുകിയായി അഭിനയിച്ച പെണ്‍കുട്ടി തണ്റ്റെ ഭാഗം ഭംഗിയായി നിറവേറ്റി.

ചിത്രത്തിലെ ഗാനരംഗം കാര്യമായ താല്‍പര്യം ജനിപ്പിച്ചില്ല.

വഴിപിഴച്ച യുവത്വത്തെ നമ്മയുള്ള മനസ്സിലേയ്ക്ക്‌ നയിക്കാന്‍ ശ്രമിക്കുക എന്ന ഉദ്ദേശമാണ്‌ ഈ കഥയില്‍ ശ്രമിക്കുന്നതെങ്കില്‍ ആ ശ്രമം വിഫലമായിപ്പോയി.

കാര്യമായ കാമ്പും കഴമ്പുമില്ലാത്ത ഈ ചിത്രം കണ്ടിരിക്കുന്നതിനിടയില്‍ പലവട്ടം അസഹനീയതയുടെ നെടുവീര്‍പ്പ്‌ വന്നുകൊണ്ടേയിരുന്നു.

ഇങ്ങനെയുള്ള സിനിമകള്‍ എടുക്കാനും അത്‌ ജനങ്ങളെ കാണിക്കാനും ഇതിണ്റ്റെ നിര്‍മ്മാതാവ്‌ കണിച്ച ധൈര്യം അഭിനന്ദനമര്‍ഹിക്കുന്നു.

ദൈവമായും മാലാഖയായും ശ്രീ. മോഹന്‍ലാല്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്ര അനുഗ്രഹീത കലാകാരനായ അദ്ദേഹം എങ്ങനെ ഇത്തരം ചിത്രങ്ങളില്‍ എത്തിപ്പെടുന്നു എന്നത്‌ അത്ഭുതം തന്നെ.

ഇനി പിശാചായി പ്രേക്ഷകരെ ഉപദേശിച്ച്‌ നേരെയാക്കാന്‍ ഒരു ചിത്രത്തില്‍ അദ്ദേഹം ഉടനെ അഭിനയിക്കും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

Monday, September 28, 2009

റോബിന്‍ ഹുഡ്‌



കഥ, തിരക്കഥ, സംഭാഷണം: സച്ചി, സേതു
സംവിധാനം : ജോഷി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരളി
അഭിനേതാക്കള്‍: പൃഥ്യിരാജ്‌, നരേന്‍, ബിജു മേനോന്‍, ഭാവന, സംവ്ര്‌ത സുനില്‍

വളരെ ബുദ്ധിമാനായ Hi-Tech കള്ളനായ പൃത്ഥ്യിരാജ്‌ ഒരു പ്രത്യേക ബാങ്കിണ്റ്റെ എ.ടി.എം. കൌണ്ടറുകളില്‍ നിന്ന്‌ മോഷണം നടത്തുകയും അത്‌ അന്വേഷിക്കുവാന്‍ പ്രൈവറ്റ്‌ ഡിറ്റക്റ്റീവ്‌ ആയ നരേന്‍ എത്തുകയും ചെയ്യുന്ന ഈ ചിത്രത്തില്‍ നീതീകരിക്കാവുന്ന എന്തോ ഒരു കാരണം ഈ മോഷണങ്ങള്‍ക്ക്‌ പുറകിലുണ്ടെന്ന നരേണ്റ്റെ തോന്നലും ആ നീതീകരിക്കാവുന്ന കാരണവും ആണ്‌ ഉള്ളടക്കം. വളരെ മികച്ച, ക്രിത്യതയാര്‍ന്ന ഒരു തിരക്കഥയാണ്‌ ഈ സിനിമയുടെ എടുത്ത്‌ പറയാവുന്ന വസ്തുത. ശ്രീ സച്ചിയും സേതുവും ഇത്ര ലോജിക്കലായി ലിങ്ക്‌ ചെയ്ത ഒരു തിരക്കഥയുണ്ടാക്കിയതിന്‌ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഒരല്‍പ്പം അമാനുഷികതയുടെ ഇടപെടലുകള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വളരെ ബ്രില്ല്യണ്റ്റ്‌ ആയ സ്ക്രിപ്റ്റ്‌.

സംവിധായകന്‍ തണ്റ്റെ ജോലി അത്ര മോശമായല്ല ചെയ്തത്‌ എന്ന്‌ തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എഡിറ്റിങ്ങും ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തി.

ഗാനരംഗങ്ങള്‍ മുഷിപ്പിച്ചില്ല, മാത്രമല്ല ഒരു ഗാനരംഗത്തിലെ ഛായാഗ്രഹണം വളരെ മികച്ചതായി തോന്നി.

പൃഥ്യിരാജ്‌ വളരെ സ്റ്റൈലിഷ്‌ ആയി എത്തുന്ന ഈ ചിത്രത്തില്‍ നരേനും തണ്റ്റെ ഭാഗം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.
കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും സംവ്ര്‌ത സുനിലും ഭാവനയും ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെ അവരുടെ ജോലി നിര്‍വ്വഹിച്ചു. ജയസൂര്യ തണ്റ്റെ പോലീസ്‌ ഓഫീസര്‍ വേഷത്തില്‍ 'പോസിറ്റീവ്‌' എന്ന ചിത്രത്തിണ്റ്റെ തനിപ്പകര്‍പ്പ്‌ എന്ന്‌ തോന്നിപ്പിച്ചു.

പൊതുവേ, വളരെ ബുദ്ധിപരവും ആസൂത്രികവുമായി ചെയ്തിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുകയും പ്രേക്ഷകരുടെ അഭിനന്ദനത്തിന്‌ പാത്രമാകുകയും ചെയ്യും എന്ന്‌ തോന്നുന്നു.