
കഥ, തിരക്കഥ, സംഭാഷണം: ഉദയ കൃഷ്ണ, സിബി കെ തോമസ്
സംവിധാനം: വൈശാഖ്
നിര്‍മ്മാണം: ടോമിച്ചന് മുളകു പാടം
കുട്ടിക്കാലത്ത് നടക്കുന്ന ഓലപ്പന്ത് കളിയോ, സാറ്റ് കളിയോ, പന്ത് കളിയോ കാണിച്ച് കുട്ടികള്‍ തമ്മിലുള്ള വഴക്കിനെ മുതലാക്കി, അതിനെ പെരുപ്പിച്ച് കുട്ടികള്‍ വളരുന്നതോടൊപ്പം വലുതാക്കിയെടുത്ത് സിനിമയ്ക്ക് വേണ്ട സെറ്റപ്പ് ഉണ്ടാക്കിയെടുക്കുന്ന രീതി പ്രേക്ഷകര്‍ക്ക് കണ്ടുമടുത്തുവെങ്കിലും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും ഇന്നും അതൊരു ഹരം തന്നെ.
കുട്ടിക്കാലത്ത് നടക്കുന്ന എന്തെങ്കിലും ഒരു സംഭവത്തിന്റെ പേരില്‍ ഒരു മകന് നാടുവിട്ട് പോകുകയും വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ സംഭവമായി (ഗുണ്ടകളൊക്കെയാണല്ലോ ഇപ്പോള്‍ വല്ല്യ സംഭവങ്ങള്‍) തിരിച്ചുവരുന്നതും നാം ഇനിയും കണ് കുളിര്‍ക്കെ കണ്ട് സഹിക്കുക.
അമ്പലവും പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളോ ഉത്സവമോ ഹേതുവാക്കി രണ്ട് വീട്ടുകാരെ രണ്ട് പക്ഷത്ത് നിര്‍ത്തി കഥ പറയാതെ ഇവിടെ ഒരു കഥയും ഉണ്ടാവില്ല എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കിയാര്‍ അവര്‍ക്ക് നന്ന്.
ചെറുപ്പകാലത്ത് കാലില്‍ മുള്ള് കൊണ്ടാല്‍ പോലും ചേട്ടാ എന്ന് തികച്ച് വിളിക്കുന്നതിനുമുന്പ് ചേട്ടന് സ്ലോ മോഷനില്‍ എത്തുകയും മുള്ളും അത് നിന്നിരുന്ന പറമ്പും എല്ലാ ക്ലീന്‍ ആക്കിയിട്ട് വിരല്‍ ചൂണ്ടി 'ഡേയ്...' എന്ന് അലറിക്കൊണ്ട് കുറച്ച് ഡയലോഗ് അടിച്ചിട്ട് അനിയനേയും കയ്യില്‍ പിടിച്ച് നടന്നുപോകുകയും ചെയ്യും (ഇവിടെ സ്ലോ മോഷന്‍ വേണമെന്നില്ല.. ജസ്റ്റ് ഫോര്‍ എ ചേഞ്ച്..).
അങ്ങനെയുള്ള ചേട്ടനാണ് വലിയൊരു ത്യാഗവും തലയില്‍ ചുമന്ന് കൊണ്ട് നാടുവിട്ടത്.
ഈ അനിയനും വളര്‍ന്ന് വലിയ സംഭവമായപ്പോള്‍ അതിന്റെ ആഘോഷത്തില്‍ ആടിപ്പാടുന്നതിന്നിടയ്ക്ക് ചേട്ടനെ ഓര്‍മ്മവന്ന് 'എന്റെ ജീവന്റെ ജീവനായ ചേട്ടന്' എന്നോ മറ്റോ വികാരതീവ്രതയോടെ പറയുന്നുണ്ടെങ്കിലും ഈ അണ്ണന് പോയ വഴി ഏതാണെന്നോ എവിടേലും ഉണ്ടോ എന്നോ അന്വേഷിക്കാന്‍ ടൈം കിട്ടിയില്ല എന്നതാണ് സത്യം. അതല്ല, ഇനി ടൈം ആകുമ്പോള്‍ അങ്ങേര് BMW കാര്‍ പിടിച്ച് താനേ വന്നോളും എന്ന് അറിയാവുന്നതുകൊണ്ടാവാനും മതി. പക്ഷേ, ഇവര്‍ക്ക് ഒരു അമ്മാവനുണ്ട്...എല്ലാ സത്യാവസ്ഥകളും അറിയുന്ന അമ്മാവന്... ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് ഈ ചേട്ടന് സംഭവത്തെ പോയി കാണുകയും അവിടെ താമസിക്കുകയും ചെയ്യാറുണ്ടെന്ന് അവസാനം വെളിപ്പെടുത്തിയതോടെ പൂര്‍ണ്ണമായി.
ചേട്ടന് സംഭവത്തെ കാണിക്കുന്നത് തന്നെ തമിഴ് സിനിമക്കാരെ നാണം കെടുത്താനാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്. ഇയാള്‍ക്കെന്താ ഇന്നോവാ കാറിന്റെ ഡീലര്‍ഷിപ്പുണ്ടോ എന്ന് ആരും ചോദിച്ചുപോകും.
യങ്ങ് സൂപ്പര്‍ സ്റ്റാറിനെ ഇണ്ട്രൊഡ്യൂസ് ചെയ്തതും ഒട്ടും മോശമായില്ല.
ടൗണില്‍ ഇദ്ദേഹത്തെ ആക്രമിക്കാന്‍ പ്ലാന്‍ ഉണ്ടെന്ന് പ്രേക്ഷകരെ അറിയിച്ച ശേഷം ഇദ്ദേഹം ഒരു സ്ഥലത്ത് പുറം തിരിഞ്ഞ് അങ്ങനെ നില്‍പ്പാണ്... 'തല്ലാനുള്ളവര്‍ വാടേയ്..' എന്ന സ്റ്റെയിലില്‍.. പിന്നില്‍ നിന്ന് ഓടിവന്ന് ആക്രമിക്കുന്ന ഗുണ്ടകളെ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ അദ്ദേഹം കൈ കാര്യം ചെയ്തു. എന്നിട്ടാണ് വിശ്വരൂപം തിരിഞ്ഞ് നിന്ന് കാണിച്ചത്.. പിന്നീടങ്ങോട്ട് നോക്കിയും ഉന്തിയും ആളുകളെ പറത്തലായിരുന്നു...
ഈ ചേട്ടന് കഥാപാത്രത്തെ ആണും പെണ്ണും കെട്ട ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ വിജയിച്ചിട്ടുണ്ട്. വലിയ സംഭവമായി എയര്‍ പിടിച്ച് നില്‍ക്കുമ്പോഴും കുഴിത്തറ ഇംഗ്ലീഷ് പറയിപ്പിച്ച് കോമഡി സൃഷ്ടിക്കാനുള്ള ഉദ്ദേശം വളരെ കേമമായി എന്നുപറയാതെ വയ്യ.
മസിലും പെരുപ്പിച്ച് കൂടെ കൊണ്ട് നടക്കുന്ന പന്നിക്കൂട്ടങ്ങളെ ഒരു തല്ലിനുപോലും ഇങ്ങേര് ഉപയോഗിക്കില്ല എന്ന വാശിയുണ്ടെന്ന് തോന്നുന്നു. തല്ല് നടത്തേണ്ട സ്ഥലത്ത് വരുമ്പോള്‍ അവരെ കൈ കൊണ്ട് ഒതുക്കി നീക്കി നിര്‍ത്തും.. എന്നിട്ട് ഇങ്ങേര് എല്ലാവരേയും അടിച്ച് നിലം പരിശാക്കും.. രണ്ട് ഡയലോഗ് അടിക്കും... എന്നിട്ട് എല്ലാവരും കൂടി സ്ലോ മോഷനില്‍ നടന്നുപോകും.. (പ്രേക്ഷകര്‍ കയ്യടിക്കുമെന്ന് പ്രതീക്ഷ... പക്ഷേ, പ്രേക്ഷകര്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ അന്തം വിട്ടിരിക്കും)
അനിയനും ചേട്ടനും സ്റ്റണ്ട് രംഗങ്ങള്‍ ഉഗ്രനാക്കി. ഇവരെന്താ ഡിങ്കന് ഉണ്ടായതാണോ എന്ന് ആരും ചോദിച്ചുപോകും... അതുപോലെയാണ് വായുവില്‍ കിടന്നുള്ള പ്രകടനം... (കയര്‍ പൊട്ടിയെങ്ങാനും താഴെവീണിരുന്നെങ്കില്‍ കാണാമായിരുന്നു..)
ഒരു സീനില്‍ ചേട്ടന് കല്ല്യാണ പത്രികയുമായി ശത്രുവായ കമ്മീഷണരുടെ വീട്ടിലേക്ക് ഒരു വരവുണ്ട്... ചേട്ടന് നടന്ന് വരുന്നു.. ബാക്ക് സൈഡില്‍ രണ്ട് സെക്യൂരിറ്റിക്കാര്‍ കയറില്‍ തൂങ്ങി വട്ടം കറങ്ങിക്കൊണ്ട് എയറില്‍ തന്നെ നില്‍പ്പുണ്ട്... (കയര്‍ കെട്ടി കറക്കുക്കുന്ന ടെക്നിക്ക് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കി തന്നതിന് പ്രത്യേകം സ്തോത്രം..)
കമ്മീഷണര്‍, മുഖ്യമന്ത്രി, അവരുടെ മക്കള്‍, സമ്മതമില്ലാത്ത കല്ല്യാണം തുടങ്ങിയവയും വളരെ പുതുമയോടെ ഒരു മാറ്റവും കൂടാതെ ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നു.
അനിയന് സംഭവം കൊച്ചിയിലെത്തിയപ്പോള്‍ ഒരു പൈങ്കിളി എഴുത്തുകാരന്റെ രൂപത്തില്‍ സലിം കുമാറിനെ ഇദ്ദേഹത്തിന്റെ കൂടെ കൂട്ടിക്കെട്ടി നടത്തി നോക്കിയിട്ടും കോമഡി അങ്ങോട്ട് വര്‍ക്കൗട്ട് ആയില്ല. അങ്ങേര്‍ക്ക് പൈങ്കിളി എഴുതാന്‍ വേണ്ടിയാണല്ലോ ഈ സിനിമ മുന്നോട്ട് പോകുന്നത് തന്നെ.
അളിയന് SI യുടെ രൂപത്തില്‍ സുരാജ് വെഞ്ഞാര്‍മൂടിനേയും വേണ്ടത്ര ഗോഷ്ടി കാണിപ്പിച്ച് വെറുപ്പിച്ചു എന്നേ പറയേണ്ടതുള്ളൂ..
രാജമാണിക്യം, ചട്ടമ്പിനാട് തുടങ്ങിയവയൊന്നും പോരാതെ ദിലീപിന്റെ ബോഡിഗാര്‍ഡിനെപ്പോലും വെറുതെ വിട്ടില്ല ഈ സിനിമയുടെ പിന്നണിക്കാര്‍...
ഇപ്പോഴത്തെ പെണ്‍കുട്ടികളും പണ്ടത്തേ പോലെ തന്നെ നായകന് രണ്ട് ഗുണ്ടകളെ തല്ലുന്ന കണ്ടാല്‍ പ്രേമ പരവശയാക്കും എന്നത് കണ്ടപ്പോള്‍ കുളിരുകോരി. എന്തൊരു ദിവ്യ പ്രേമം...എല്ലാം ഫാസ്റ്റ് ആയ ഈ കാലഘട്ടത്തില്‍ പ്രേമത്തിലും തീവ്രത വരുവാന്‍ അത്രയൊക്കെ സമയം തന്നെ ധാരാളം..
വീട്ടില്‍ കയറി പോലീസ് പരിശോധിക്കുന്നതിന്നിടയില്‍ മയക്കുമരുന്ന് പോലുള്ള എന്തെങ്കിലും ഐറ്റംസ് ബാഗിന്റെ സൈഡില്‍ തിരുകി കള്ളക്കേസുണ്ടാക്കി അറസ്റ്റുചെയ്യുന്ന രീതി ഇനി ഞങ്ങളായിട്ട് മാറ്റുന്നില്ല എന്നും ഇതിന്റെ തിരക്കഥാകൃത്തുക്കള്‍ ഉറപ്പിച്ച് പറയുന്നുണ്ട്.
തമിഴ് സിനിമകളില്‍ കണ്ട് മടുത്ത ചില സംഗതികള്‍ കൂടി ഇതില്‍ വച്ച് കെട്ടിയിട്ടുണ്ട്. ത്മിഴ് മുത്തശ്ശിയെക്കൊണ്ട് 'എന്‍ രാശാ സിങ്കം.. അവന് ഇപ്പോ വരുവേന്‍.. വന്താല്‍ മുടിച്ചിടും...' എന്നൊക്കെ പറയിപ്പിച്ച് വേണ്ട ബില്‍ഡ് അപ് കൊടുത്തിട്ട് ഈ പറഞ്ഞ സിങ്കത്തെ സ്ലോ മോഷനില്‍ എഴുന്നള്ളിക്കുന്ന സംഗതി രണ്ടു മൂന്നു സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്.
മന്ത്രിയുടെ വീട്ടിലേക്ക് ഒരു ലോഡ് മാധ്യമങ്ങളേയും വിളിച്ചുകൊണ്ട് ചേട്ടന്റെ ഒരു വരവുണ്ട്.. എന്തോ കേമമായ സംഗതിയാണെന്നൊക്കെ തോന്നിപ്പിച്ച് സെറ്റപ്പ് ചെയ്ത സംഭവം ഇവിടുത്തെ മാധ്യമങ്ങളെ അവഹേളിക്കാന്‍ ഇതിന്റെ സംവിധായകന് അറിഞ്ഞ് ചെയ്തതാകണം. അവരത് അര്‍ഹിക്കുന്നു.
പാട്ടും ഡാന്‍സും ഇല്ലെങ്കില്‍ ഞങ്ങള്‍ ഈ സിനിമയില്‍ അഭിനയിക്കില്ല എന്ന് സൂപ്പര്‍ താരങ്ങള്‍ നിര്‍ബന്ധം പിടിച്ചുകാണണം.. അല്ലാതെ, ഈ ചിത്രത്തില്‍ അത്തരം സംഗതികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ശ്രീ. മമ്മൂട്ടി അവര്‍കളുടെ നൃത്തനൃത്ത്യങ്ങള്‍ പൃഥ്യിരാജിനെപ്പോലും നാണിപ്പിച്ചുകാണും... പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ...
മകനെ തെറ്റിദ്ധരിച്ച് കുറ്റപ്പെടുത്തലും ശപിക്കലും പിന്നീട് സത്യം അറിയുമ്പോഴുള്ള സെന്റിമെന്റ്സും പതിവ് രീതിയില്‍ തന്നെ ഒരു ചേരുവകയായി ചേര്‍ത്തിട്ടുണ്ട്.
ഈ സിനിമ മുഴുവന്‍ കാണുവാന്‍ തീയ്യറ്ററില്‍ ഇരുന്നതിന്റെ ആ അമര്‍ഷവും വെറുപ്പും ഈ സമയം വരെ എന്നെ വിട്ടുമാറിയിട്ടില്ല. കുറേ സമയങ്ങളില്‍ നിര്ജ്ജീവാവസ്ഥയില് 'ഇതൊന്ന് തീര്‍ന്ന് കിട്ടിയിരുന്നെങ്കില്‍' എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിട്ടും സംഗതി തുടര്‍ന്നുകൊണ്ടേയിരുന്നു (അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍ നിനക്കെഴുന്നേറ്റ് പോകാമായിരുന്നില്ലേ എന്നല്ലേ ചോദ്യം? ... കൂടെ വന്ന വീട്ടുകാരെയും വലിച്ചിറക്കി കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൊണ്ടും ഈ റിവ്യൂ എഴുതേണ്ടതിന്റെ ആവശ്യം കൊണ്ട് ഞാനൊരു ത്യാഗം ചെയ്തതാണ്)
ചവച്ച് തുപ്പിയതും ശര്‍ദ്ദിച്ചതുമായ സംഭവവികാസങ്ങള്‍ വീണ്ടും വീണ്ടും എടുത്ത് പ്രേക്ഷകന് വിളമ്പാനുള്ള ധൈര്യത്തിന് ഒരൊറ്റ കാരണം ഈ സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കന്‍ തയ്യാറാവുന്നത് മാത്രമാണ്.. മാത്രമല്ല, എന്ത് കൂതറയായാലും കയ്യടിച്ച് വിജയിപ്പിച്ച് വിടാന്‍ കെല്‍പ്പുള്ള പരസ്യസംവിധാനങ്ങളും ഫാന്‍സും അതില്‍ വീണുപോകുന്ന പ്രേക്ഷകരും..
ശ്രീ. മമ്മൂട്ടിയെപ്പോലുള്ള സീനിയര്‍ താരങ്ങള്‍ ഇനിയെങ്കിലും പ്രേക്ഷകരോട് അല്പം നീതി പുലര്‍ത്തണമെന്ന് തോന്നുന്നു. ആവശ്യത്തിലധികം പണം സമ്പാദിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇവരൊക്കെയല്ലേ നല്ല സിനിമകള്‍ ഇവിടെ ഉണ്ടാകുവാനായി പരിശ്രമിക്കേണ്ടത്.. മറ്റേ യുവനടന് പിച്ചവച്ചുതുടങ്ങിയിട്ടല്ലേയുള്ളൂ.. അവന് കുറച്ച് വിവരക്കേട് കാണിക്കട്ടേ.. പക്ഷേ...
എന്തായാലും ശ്രീ. മമ്മൂട്ടിയുടെ തന്നെ ഒരു ഡയലോഗ് കടമെടുത്തുകൊണ്ട് അപേക്ഷിച്ചുകൊള്ളട്ടേ..
"താങ്കള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകരോടും മലയാള സിനിമയോടും കുറച്ചുകൂടി മാന്യത കാണിക്കണം... സെന്‍സുണ്ടാകണം, സെന്‍സിബിലിറ്റിയുണ്ടാകണം, സെന്‍സിറ്റിവിറ്റിയുണ്ടാകണം....ഇത്തരം സിനിമകള്‍ ചെയ്ത് പ്രേക്ഷകരെ വഞ്ചിച്ച് മലയാള സിനിമയെ നശിപ്പിക്കരുത്... പ്ലീസ്. "