
രചന, ഗാനരചന, സംവിധാനം: വിനീത് ശ്രീനിവാസന്‍
നിര്‍മ്മാണം: ദിലീപ്
ഒരു നാട്ടിന്‍ പുറത്തേ സൗഹൃദകൂട്ടായ്മയും അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ചെറിയ ചെറിയ സംഭവങ്ങളുമായി പുരോഗമിക്കുന്ന ചിത്രം, ഒരു ഘട്ടത്തില്‍ പണവും പ്രശസ്തിയും സൗഹൃദത്തെ നൊമ്പരപ്പെടുത്തുന്നതായും തുടര്‍ന്നങ്ങോട്ട് പ്രതീക്ഷിച്ച രീതിയില്‍ തെറ്റിദ്ധാരണകള്‍ മാറി കൂടിച്ചേരുന്നതായും അവതരിപ്പിച്ച് അവസാനിപ്പിക്കുന്നു.
കുറച്ച് ചെറുപ്പക്കാരുടെ നിസ്വാര്‍ത്ഥമായ കൂട്ടായ്മയും സൗഹൃദവും നല്‍കുന്ന ഒരു സുഖം കുറേയൊക്കെ പ്രതിഫലിപ്പിക്കാനായി എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ, പലപ്പോഴും നാടകീയത സീനുകള്‍ കടന്നുവന്നത് കല്ലുകടിയായി. ഉദാഹരണത്തിന്, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ അവളുടെ സഹോദരന്മാരില്‍ നിന്ന് തല്ല് കിട്ടിയതിനുശേഷം അവരുടെ വീട്ടില്‍ കയറിച്ചെന്ന് ഉപദേശപ്രസംഗം നടത്തി പുഷ്പം പോലെ ഇറക്കിക്കൊണ്ട് പോയതുകണ്ട് ഒന്ന് കൂവാന്‍ തോന്നാത്തവര്‍ മനുഷ്യരല്ല.
പാട്ടിന്റെ ഈണത്തിനുവേണ്ടി വരികളെയും വാക്കുകളെയും വളച്ച് പുളച്ച് അഴ കൊഴയാക്കിയതിനാല്‍ എന്തോ ഒരു വല്ലാത്ത സുഖക്കേട് അനുഭവപ്പെട്ടു. ഗാനങ്ങള്‍ അത്ര മികച്ചവയൊന്നുമല്ലെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടും കേട്ടും ഇരിക്കാവുന്നവയായിരുന്നു. അവസാന ഗാനരംഗം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സൗരഭ്യതയും ശക്തിയും പ്രകടിപ്പിക്കുന്നതാക്കാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
കഥാപരമായി വലിയ ഗംഭീരമായ കാര്യങ്ങളോന്നുമില്ലെങ്കിലും പുതുമുഖങ്ങളെ അവതരിപ്പിച്ച് ഒരു സൗഹൃദക്കൂട്ടായ്മയുടെ കഥ കാര്യമായ കേടുപാടുകളില്ലാതെ അവതരിപ്പിക്കാനായി എന്നത് വിനീത് ശ്രീനിവാസനെന്ന കന്നിക്കാരന്റെ വിജയമായി തന്നെ കാണാം. പുതുമുഖങ്ങള്‍ എല്ലാവരും തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി എന്നതും ശ്രദ്ദേയമാണ്. കഥയുടെ അവസാനരംഗങ്ങളിലേയ്ക്കുള്ള ഗതി ഒട്ടും തന്നെ അപ്രതീക്ഷിതമോ അതിശയിപ്പിക്കുന്നതോ ആയിരുന്നില്ല.
ഒരു തുടക്കക്കാരന്റെ ആനുകൂല്ല്യം നല്‍കിയാല്‍ ഈ ചിത്രം ഒരു 'നല്ല ചിത്രം' എന്ന് വിശേഷിപ്പിക്കാമെങ്കിലും, അത്തരം പരിഗണനകളില്ലാതെ നോക്കിക്കാണുമ്പോള്‍ ഇതൊരു ശരാശരി നിലവാരമുള്ള ചിത്രം മാത്രമാകുന്നു... എന്നിരുന്നാലും ഭാവി പ്രതീക്ഷകള്‍ ശോഭനമാണെന്ന് തോന്നലുളവാക്കാന്‍ പര്യാപ്തമായ ഒരു ചിത്രം..
1 comment:
Rating : 5.5 / 10
Post a Comment