Tuesday, April 22, 2008
ഇന്നത്തെ ചിന്താവിഷയം
അഭിനയിക്കുന്നവര്‍: മോഹന്‍ലാല്‍, മീരാ ജാസ്മിന്‍, ഇന്നസെന്റ്, മാമുക്കോയ, മോഹിനി, സുകന്യ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ
ഛായാഗ്രഹണം: അഴകപ്പന്‍
മൂന്ന് കുടുംബങ്ങളുടെ താളപ്പിഴകള്‍ വിവാഹമോചനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം അവരുടെ ജീവിതത്തില്‍ ഇടപെടുകയും തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് നല്ല ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതുമാണ് ഈ സിനിമയുടെ രത്നച്ചുരുക്കം.
വിവാഹജീവിതം ഒരു അഡ്ജസ്റ്റ് മെന്റ് അല്ല, മറിച്ച് അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ് എന്നതാണ് സന്ദേശം.
സത്യസന്ധമായി പറഞ്ഞാല്‍ ഈ സിനിമ പ്രേക്ഷകരെ വഞ്ചിച്ച് തിയ്യറ്ററില്‍ എത്തിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇളയരാജ എന്നീ പേരുകളാല്‍ തന്നെ ഈ സിനിമ ഒരു നല്ല സിനിമയായിരിയ്ക്കും എന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ ഉപകരിച്ചിട്ടുണ്ട്.
ചില ജീവിതയാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാണിക്കുന്നുണ്ടെങ്കിലും ആ താളപ്പിഴകളുടെ കുരുക്കഴിക്കുന്നതില്‍ ഒരു വ്യക്തതക്കുറവ് തോന്നും. പല സന്ദര്‍ഭങ്ങളിലും മോഹന്‍ലാലിന്റെ അമിതാഭിനയം കോമഡിയായല്ല, മറിച്ച് അരോചകമായി തോന്നി.
മോഹന്‍ലാലിന്റെ സഹായിയായി വന്ന മാമുക്കോയയ്ക്ക് കാര്യമായ ഒരു കോമഡിറോളൊന്നും ചെയ്യാനുണ്ടായില്ല.
മുകേഷിന്റെ കഥാപാത്രമാണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് കുറച്ചെങ്കിലും താല്‍പര്യം ജനിപ്പിച്ചത്. ഭാര്യയും കുട്ടിയുമുണ്ടെങ്കിലും ഒരേ സമയം പല സ്ത്രീകളുമായും മൊബൈല്‍ ഫോണില്‍ ബന്ധം പുലര്‍ത്തുന്ന ഒരു ദന്ത ഡോക്ടര്‍. ഭാര്യ അറിയാതിരിക്കാന്‍ സ്ത്രീകളുടെ പേരുകള്‍ പുരുഷവല്‍ക്കരിച്ച് ഫോണില്‍ സ്റ്റോര്‍ ചെയ്ത് കൊണ്ടു നടക്കുന്നതും മറ്റ് പല ഫോണ്‍ സംസാരങ്ങളും ഹാസ്യത്തോടൊപ്പം പലപ്പോഴും നാം കണ്ടതോ അനുഭവിച്ചതോ ആയ കാര്യങ്ങളുമായി നല്ല സാമ്യം തോന്നുന്നവയുമായിരുന്നു.
മീരാജാസ്മിന്റെ പൂര്‍വ്വകാലത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഈ സിനിമയില്‍ ഒരു കരടായി അവശേഷിക്കുന്നു. വിശ്വാസ്യതക്കുറവ് മാത്രമല്ല, അത് മുഴുമിപ്പിക്കാതെ അപൂര്‍ണ്ണമായിത്തനെ നില്‍ക്കുന്നു.
മീരാജാസ്മിനെ സ്മാര്‍ട്ട് ആക്കാന്‍ ഉപയോഗിച്ചിരിക്കുന്ന തന്ത്രങ്ങള്‍ പലതും ആവര്‍ത്തനവിരസത സൃഷ്ടിക്കുകയും ചെയ്തു.
വിജയരാഘവന്റെ ഗള്‍ഫ് റിട്ടേര്‍ണ്‍ ഡ് ഭര്‍ത്താവ് കഥാപാത്രം അത്ര നല്ല നിലവാരം പുലര്‍ത്തിയില്ല.
ഗാങ്ങങ്ങള്‍ ഇളയരാജ അദ്ദേഹത്തിന്റെ തന്നെ തമിഴ് സിനിമകളില്‍ നിന്ന് വലിച്ചെടുത്ത് തട്ടിമിനുക്കി മലയാളികള്‍ക്ക് തന്നിരിക്കുന്നു എന്ന് മനസ്സിലാക്കന്‍ വലിയ വിജ്നാനമൊന്നും വേണ്ട.
സിനിമയുടെ കഥ ഒട്ടും ഉദ്വേഗം ജനിപ്പിക്കുന്നതല്ലെന്നു മാത്രമല്ല, വളരെ മുന്‍ വിധിയോടെത്തന്നെ കാണാവുന്നതുമാണ്.. അതായത് ക്ലൈമാക്സ് എന്ന ഒരു പരിപാടിയില്ല എന്നത് തന്നെ.
ആകെ ഒരു സീനിലോ മറ്റോ പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന്റെ കുടുംബത്തിലെ കുട്ടികളും വിജയരാഘവന്റെ കുട്ടികളേയും മറ്റും ചേര്‍ത്ത് വച്ച് ഇതൊരു കുടുംബ സിനിമയാണെന്നും കുട്ടികളുടെ സിനിമയാണെന്നും കൂടി ഒരു തെറ്റിദ്ധാരണ ജനിപ്പിച്ച് വീണ്ടും പ്രേക്ഷകരെ തിയ്യറ്ററില്‍ എത്തിക്കാന്‍ പരസ്യങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് യാതൊരു മൂല്യവുമില്ലാത്ത ഒരു തട്ടിപ്പ് സിനിമയാണെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ജനസംസാരമായിക്കഴിഞ്ഞു എന്നത് തന്നെയാണ് സത്യം.
Wednesday, March 05, 2008
3 അയേണ്‍ [3-Iron / Bin-jip]
പ്രധാന അഭിനേതാക്കള്‍ : ഹ്യുന്‍-ക്യോന്‍ ലീ ,
സെയുങ്-യോന്‍ ലീ
സംവിധാനം : കിംകിഡുക്
ദൈര്‍ഘ്യം : 90 മിനിറ്റ്
http://www.imdb.com/media/rm685218048/tt0423866
തെക്കന്‍ കൊറിയന്‍ സംവിധായകന്‍ കിംകിഡുക്കിന്റെ 2004ല്‍ ഇറങ്ങിയതും പ്രശംസ നേടിയതുമായ ഒരു ചിത്രമാണ് 3-Iron അഥവാ Bin-jip. ആംഗലേയനാമമായ 3-Iron എന്നത് ഗോള്‍ഫ് കളിയില്‍ സ്റ്റിക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കുന്ന ലോഹഭാഗത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍ “ഒഴിഞ്ഞ വീട്” എന്നാണ് Bin-jip എന്ന കൊറിയന്‍ പദത്തിന്റെ അര്‍ത്ഥം.ഈ രണ്ട് സങ്കേതങ്ങള്‍ക്കും കഥയില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ട് എന്നിരിക്കേ ഈ ഇരട്ടനാമധേയത്തെ സ്വീകരിക്കാവുന്നതാണ്. San Sebastián International Film Festival, Valladolid International Film Festival, Venice Film Festival എന്നീ ഫിലിം ഫെസ്റ്റുകളില്‍ പുരസ്ക്കാരം നേടിയതാണ് ഈ ചിത്രം.
ഒറ്റപ്പെട്ടവനായി ജീവിക്കുന്ന തേസൂക്കിന് തന്റെ മോട്ടോള്‍ സൈക്കിളില്‍ സഞ്ചരിച്ച് വീടുകള്‍ തോറും പരസ്യപ്രചാരണാര്‍ത്ഥം പാംലെറ്റുകളും, നോട്ടിസുകളും പതിക്കലാണ് ജോലി. ഈ ജോലിയുമായ്യി ബന്ധപ്പെട്ട് തേസൂക്ക് രസകരമായ മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട്. വീടുകളുടെ വാതിലുകളില്‍ പരസ്യം പതിക്കുന്ന തേസൂക്ക് അവിടങ്ങളിലേക്ക് തിരികെ വരുകയും സ്ഥാനചലനം സംഭവിക്കാത്ത പരസ്യ ലീഫ്ലെറ്റുകളെ അനുമാനിച്ച് ആ വീട്ടില്‍ ആള്‍ താമസം ഉണ്ടൊ ഇല്ലയോ എന്ന് ഗണിക്കുക്കയും ചെയ്യുന്നു. ആള്‍താമസമില്ലെന്ന് ഉറപ്പ് വരുത്തിയ വീടുകളുടെ വാതില്‍ കള്ളത്താക്കോലിട്ട് തുറക്കുകയും അവിടെ താമസിക്കുകയും ചെയ്യുക എന്നതാണ് അയാളുടെ രീതി. ഭവനഭേദനം നടത്തുന്നുണ്ടെങ്കിലും തേസുക്ക് ഒരിക്കലും ഒരു മോഷ്ടാവല്ല. ആളൊഴിഞ്ഞ വീടുകളിലെ ക്ഷണിക്കപ്പെടാത്ത അഥിതിയായി സ്വയം മാറുന്ന അയാള്‍ അവിടെ ഉള്ള ചെറിയ ജോലികള്‍ ചെയ്യുകയും, ഭക്ഷണം പാകം ചെയ്യുകയും, വസ്ത്രങ്ങള്‍ ധരിക്കുകയും , വിശ്രമിക്കുകയും ചെയ്യുന്നു. ടെലഫോണില്‍ രേഖപ്പെടുത്തിയ ശബ്ദസന്ദേശത്തില്‍ നിന്ന് വീട്ടുടമസ്ഥരുടെ യാത്രയും ഒഴിവുസമയവും ഗണിക്കുന്ന അയാള്‍ അവര്‍ മടങ്ങി വരുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും, മറ്റൊരു വാസസ്ഥലം അന്വേഷിച്ച് യാത്രയാകുകയും ചെയ്യുന്നു.
ചിത്രം ആരംഭിക്കുന്നത് തന്നെ തേസൂക്കിന്റെ ഒരു ഭവനഭേതനത്തോടെയാണ്. ഒരു കുടുംബം വെക്കേഷനില്‍ പോകുന്ന സമയത്ത് അവിടെ അതിക്രമിച്ച് കയറുന്ന തേസുക്ക് കേടുപാടുകള്‍ സംഭവിച്ച കളിക്കോപ്പുകള്‍,മ്യൂസിക് സിസ്റ്റം എന്നിവ നന്നാക്കുകയും വീട്ടുകാരുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ അലക്കുകയൂം ചെയ്യുന്നു. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും, അവിടെ കാണുന്ന ഫാമിലി ഫോട്ടോസിനോടൊപ്പം ചേര്‍ന്ന് നിന്ന് തന്റെ ചിത്രം സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു. വീട്ടുകാര്‍ തിരികെ വരുന്നതിന് തൊട്ട് മുന്നേ തന്റെ മോട്ടോര്‍ ബൈക്കില്‍ അയാള്‍ രക്ഷപ്പെടുന്നു. അടച്ചിട്ട മറ്റൊരു രമ്യഹര്‍മ്മത്തിലാണ് അയാള്‍ പിന്നീട് എത്തുന്നത്. ആ വീട്ടിലെ അന്തേവാസിയായി മാറുന്ന തേസൂക്കിന്റെ ശ്രദ്ധയില്‍ പെടുന്ന വസ്തുക്കളില്‍ ഒന്ന് കയറിനിന്ന് ഭാരം നോക്കുന്ന ഉപകരണത്തിലെ പാകപ്പിഴയാണ്. തെറ്റായി തന്റെ ഭാരം രേഖപ്പെടുത്തുന്ന ഉപകരണത്തിലെ പാകപ്പിഴകള്‍ തീര്‍ക്കുന്നു. ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം അവിടെ അയാള്‍ കാണുന്നു. ആല്‍ബത്തിലെ പെണ്‍കുട്ടിയില്‍ അനുരക്തനാകുന്ന തേസൂക് ഏകനായി ആല്‍ബവുമൊത്ത് സ്വന്തം മനോവ്യാപാരങ്ങളില്‍ അഭിരമിക്കുകയാണ്. എന്നാല്‍ അതേ വീട്ടില്‍ താന്‍ അല്‍ബത്തില്‍ കണ്ടപെണ്‍കുട്ടി ഉണ്ടെന്നതോ, ധനികനും ക്രൂരനുമായ ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന അവള്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതോ അവന്‍ അറിയുന്നില്ല. പുതിയവാസ സ്ഥലത്തെ ബെഡ്രൂമില്‍ നഗ്നത നിറഞ്ഞ ആല്‍ബവുമായി തന്റെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കവേയാണ് അതിനെ ഭംഗപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ സ്വാധീനം അവന്‍ തിരിച്ചറിയുന്നത്. കിംകിഡുക്കിന്റെ സ്ഥിരം ശൈലിയില്‍ ഇതിലേയും നായകനായ തേസൂക്കും, നായിക സ്വന്‍ഹായും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ല. നിശബ്തതയിലൂടെയാണ് ചിത്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കടന്ന് പോകുന്നത്. ധനികനായ ഭര്‍ത്താവിന്റെ പീഡനമേറ്റാണ് അവള്‍ അവിടെ വസിക്കുന്നതെന്ന് തേസൂക്ക് മനസിലാക്കുന്നു. ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ അവിടെ നിന്നും പുറത്ത് കടക്കുന്ന തേസൂക് പതിവിന് വിപരീതമായി ഇത്തവണ ആ വീട്ടിലേക്ക് തിരികെ വരുന്നു. തന്റെ ഭാര്യയെ നിര്‍ബ്ബന്ധരതിക്കും മര്‍ദ്ധനങ്ങള്‍ക്കും ഇരയാക്കുന്ന ഭര്‍ത്താവിന്റെ ചെയ്തികളില്‍ കുപിതനാകുന്ന തേസൂക്ക് ഗോള്‍ഫ് ബോളുകള്‍ ശരീരത്തിലേക്ക് അടിച്ച് തെറിപ്പിച്ചുകൊണ്ട് അയാളെ ശിക്ഷിച്ചതിന് ശേഷം, പെണ്‍കുട്ടിയേയും കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടുകയാണ്.
സ്വന്‍ഹാ തേസൂക്കിന്റെ സഹചാരിയാകുന്നതോടെ തെസൂക്കിന്റെ ജിവിതത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നു. അവര്‍ ഇരുവരും ചേര്‍ന്ന് ഫ്ലാറ്റുകളിലും, തെരുവീഥികളിലും വാതിലുകളില്‍ പരസ്യങ്ങള്‍ പതിക്കുകയും ഒഴിഞ്ഞവീടുകളില്‍ ജീവിക്കുകയും, ചെറിയജോലികള്‍ ചെയ്യൂകയും ചെയ്യുന്നു. ഒരിക്കല്‍ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ , മറ്റൊരിക്കല്‍ ബോക്‍സറുടെ വീട്ടില്‍....ഉറങ്ങുന്നവീടുകളില്‍ അവര്‍ അഥിതികളാകുന്നു. ഒരിക്കല്‍ ബോക്സറുടെ വീട്ടില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട് സ്വന്‍ഹായോടോപ്പം ഉറങ്ങുന്ന തേസൂക്കിന് മടങ്ങിയെത്തുന്ന ബോക്സറുടെ മര്‍ദ്ധനമേല്‍ക്കുന്നു. എന്നാല്‍ ജീവിതത്തിലെ ഇത്തരം സങ്കീര്‍ണ്ണതകളൊന്നും അവരെ ബാധിക്കുന്നതേയില്ല. വീടുകള്‍ ഒഴിവില്ലാത്തപ്പോള്‍ പാര്‍ക്കിലോ, പുന്തോട്ടത്തിലോ ഇലക്ക്ട്രിക്ക് വയര്‍ ഉപയോഗിച്ച് മരത്തില്‍കെട്ടിയിട്ട ഗോള്‍ഫ് ബോള്‍ അടിച്ച് കളിക്കുയും, വീണ്ടും വാസസ്ഥലങ്ങള്‍ മാറുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ അതിക്രമിച്ച് കയറുന്ന ഇരുവരും കാണുന്നത് രക്തം ഛര്‍ദ്ദിച്ഛ് മരിച്ച ഒരു വൃദ്ധനെയാണ്. ടെലഫോണിലെ റെക്കോഡഡ് മെസെജില്‍ നിന്ന് അയാളുടെ മകനും, ഭാര്യയും യാത്രയിലെന്ന് അറിയുന്നു. ആരേയും അറിയ്ക്കാതെ ഇരുവരും ആ ശവശരീരം മറവ് ചെയ്തതിന് ശേഷം സ്വാഭാവികമായ പതിവ് രീതികള്‍ ആ വീട്ടിലും അനുവര്‍ത്തിക്കുകയാണ് എന്നാല്‍ അപ്രതീക്ഷിതമായി വീട്ടില്‍ തിരികെ വരുന്ന മകന്‍ തന്റെ പിതാവിനെ തിരയുകയും, അതിക്രമിച്ച് കയറിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. കൊലപാതക്കുറ്റം ആരോപിച്ച് തന്നെ മര്‍ദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥനോട് പോലും പുഞ്ചിരിയാലാണ് തേസൂക്ക് പ്രതികരിക്കുന്നത്. മറവ് ചെയ്യപ്പെട്ട മൃതദേഹം തിരികെ കിട്ടുന്നുവെങ്കിലും ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ ശ്വാസകോശാര്‍ബുദം ആയാണ് വൃദ്ധന്‍ മരിക്കുന്നതെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥനെ അമ്പരപ്പിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അതിസങ്കീര്‍ണ്ണമായ വിവരങ്ങളാണ് ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ഒരു ബാച്ചിലര്‍ ബിരുദം ഉണ്ടെങ്കിലും ഇതേ രീതിയില്‍ ജീവിക്കുന്ന തേസൂക്കിന്റെ ജീവിതം, ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭിച്ച വിവരപ്രകാരം അന്വേഷിച്ച വീടുകളിലൊന്നും മോഷണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട്, തേസൂക്കിന്റെ കൂടെയുള്ള പെണ്‍കുട്ടി നഗരത്തിലെ ധനികനായ ബിസിനസുകാരന്റെ കാണാതായ ഭാര്യയാണെന്ന അറിവ് ഇതെല്ലാം അയാളെ അമ്പരപ്പിക്കുന്നതായിരുന്നു. സ്വാന്‍ഹോയുടെ ഭര്‍ത്താവ് അവളെ തിരിര്‍കേ വീട്ടിലേക്ക് കൊണ്ട് പോകുകയും, അന്വേഷണ ഉദ്യൊഗസ്ഥന് കൈക്കൂലികൊടുത്ത് ഗോള്‍ഫ് ബോളുകള്‍ ഉപയോഗിച്ച് തേസൂക്കിന്റെ അപായപ്പെടുത്തുകയും ചെയ്യുന്നു. തന്നെ ചതിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ധിക്കുന്ന തേസൂക്ക് ജയിലിലാകുന്നു.
തേസൂക്കിന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത് ജയിലിലാണ്. ജയിലില്‍ ഇല്ലാത്ത ഗോള്‍ഫ് ബോളും അയേണും വെച്ച് അയാള്‍ കളിതുടരുകയും, തന്നെ ശല്യപ്പെടുത്തുന്ന സഹതടവുകാരെ മര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്ക് ഏകാന്തത്തടവ് ലഭിക്കുക്കയാണ്. ഏകാന്ത തടവറയില്‍ മുലയ്ക്ക് ഒളിച്ചിരുന്നും, ചുമരില്‍ അള്ളിപ്പിടിച്ചും തടവറയില്‍ താന്‍ അപ്രത്യക്ഷനാണ് എന്ന് ധരിപ്പിച്ച് കാവല്‍ക്കാരെ ശുണ്ഠിപിടിപ്പിക്കുന്ന തേസൂക്ക് നിരന്തര മര്‍ദ്ധനം ഏറ്റ് വാങ്ങുന്നു. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ അത് ഒരു ശ്രമമായി തേസൂക്ക് മാറ്റുകയാണ്. തടവറയില്‍ മാര്‍ജ്ജാര പാദചലനങ്ങള്‍ അനൂകരിച്ച് ശബ്ദമില്ലാതെ നടക്കുകയും, തടവറയില്‍ പ്രവേശിക്കുന്ന കാവല്‍ക്കാരുടെ പുറകില്‍ മറഞ്ഞുനിന്ന് അപ്രത്യക്ഷനാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനും അയാള്‍ ശ്രമിക്കുന്നു. ആദ്യം തന്റെ നിഴല്‍ ഒറ്റിക്കൊടുക്കുന്നുണ്ടെങ്കിലും നിരന്തരപരിശീലനത്താല്‍ ഒരാളുടെ പുറകില്‍ ഒളിക്കാനും അയാളുടെ തന്നെ ചലനങ്ങള്‍ അനുകരിച്ച് ഒരു നിഴലെന്നോണം മറഞ്ഞിരിക്കാനും തേസൂക്ക് അഭ്യസിക്കുന്നു. മറുവശത്ത് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. പെണ്‍കുട്ടി ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ താനും തേസൂക്കും പണ്ട് ഒളിച്ചുതാമസിച്ച വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ്. ജയില്‍ മോചിതനാകുന്ന തേസൂക്ക് താന്‍ മുമ്പ് താമസിച്ച ഭവനങ്ങളില്‍ ഒരു അദൃശ്യനെപ്പോലെ പ്രത്യക്ഷപ്പെടുകയും, തന്നെ ഒറ്റിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഗോള്‍ഫ് ബോളും അയേണും വെച്ചു തന്നെ പ്രതികാരം ചെയ്യുന്നു. ശേഷം പെണ്‍കുട്ടിയും ഭര്‍ത്താവും തമസിക്കുന്ന വീട്ടില്‍ എത്തുന്ന തേസൂക്കിന്റെ സാന്നിദ്ധ്യം അവള്‍ തിരിച്ചറിയുന്നു. ഭര്‍ത്താവിന്റെ പുറകില്‍ തേസൂക്ക് ഒളിവിലാണ് തന്റെ ചലനങ്ങള്‍ അനുകരിച്ച് അപ്രത്യനാകുന്ന തേസൂക്കിനെ ഭര്‍ത്താവിന് കാണാനാകുന്നില്ലെങ്കിലും സ്വാന്‍ഹായ്ക്ക് അയാളുടെ സാന്നിദ്ധ്യം പുതിയ ഉണര്‍വാകുന്നു. അതിനാല്‍ തന്നെയാകണം “ഞാന്‍ നിന്നെ സ്ണേഹിക്കുന്നു” എന്ന് ഭര്‍ത്താവിനോട് (ഭര്‍ത്താവിന് പുറകിലെ തേസൂക്കിനോട്) അവള്‍ പറയുന്നത്. ചിത്രത്തില്‍ ഈയൊരിടത്ത് മാത്രമാണ് സ്വന്‍ഹാ സംസാരിക്കുന്നത്. ഒരിക്കല്‍ തേസൂക്ക് പ്രവര്‍ത്തനസജ്ജമാക്കിയ ഭാരം നോക്കുന്ന യന്ത്രം അവള്‍ അഴിച്ചുകേടാക്കിയതാണ് . ആശ്ലേഷിതരായ അവര്‍ ഇരുവരും അതില്‍ കയറി നിന്ന് ഭാരം നോക്കുമ്പോള്‍ പൂജ്യത്തില്‍ രേഖപ്പെടുത്തുന്ന മാപനത്തോടെ ചിത്രം അവസാനിക്കുന്നു.
സ്വന്തമായി ആരും തന്നെ ഇല്ലാത്തതിനാല്‍ ഒരു കുടുംബാംഗമായി ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന തേസൂക്കിന്റെ ചെയ്തികളെ സൂക്ഷ്മമായി കിംകിഡുക്ക് ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ അന്തേവാസിയാകുന്ന അയാള്‍ വീട്ടുപകരണങ്ങള്‍ അറ്റകുറ്റപ്പണി നടന്നുന്നതും, വസ്ത്രം അലക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും,അവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും അതിന്റെ ഭാഗമായിരിക്കണം. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. എന്ത് കൊണ്ട് അയാള്‍ ഒരു വീട് സ്വന്തമായെടുത്ത് താമസിക്കുന്നില്ല എന്നതാണ് അത്. തനിക്ക് സ്വന്‍ഹായെ പങ്കാളി ആയി ലഭിച്ചിട്ടും അയാള്‍ ഒരു വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്നില്ല. മറ്റുപലരുമായി ജിവിക്കാനുള്ള മനുഷ്യസഹജമായ വാസനയിലാണ് തേസൂക്കിന്റെ ജീവിതം നീങ്ങുന്നത്. കൃത്യമായി ചിട്ടപ്പെടുത്തിയ ജോലിയോ ജീവിതക്രമങ്ങളോ അയാള്‍ അനുവര്‍ത്തിക്കുന്നില്ല. ഒരു ശലഭം ഏത് വിധത്തിലാണോ പൂവുകള്‍ പറന്നുമാറി സഞ്ചരിച്ച് തേനുണ്ണുന്നത് , ഒരു ഭിക്ഷു ഏത് രീതിയിലാണോ വ്യത്യസ്ഥഭവനങ്ങളില്‍ നിന്ന് ഭിക്ഷതേടുന്നത് അതേ നിയമത്തിന്റെ പാതയിലാണ് തേസുക്ക്... പലനാളുകളില്‍ പലയിടത്ത് അനേകം പേരായി...
അപരത്വം എന്ന സങ്കല്‍പ്പത്തിന്റെ അനന്യസൌന്ദര്യം വെളിവാക്കുന്ന ചില മുഹൂര്‍ത്തങ്ങളിലൂടെ കിംകിഡുക് നമ്മെ കൈ പിടിച്ച് നടത്തുന്നുണ്ട്. ജയില്‍ മോചിതനായി തേസൂക്ക് തിരികെ വരുന്നുണ്ടോ എന്നത് ഫാന്റസി പരിവേഷം കലര്‍ന്ന ഒരു തിരിഞ്ഞ് നോട്ടമാണ്. തേസൂക്കിന്റെ സാമീപ്യവും കണ്ണാടിയിലെ പ്രതിബിംബവും സ്വാന്‍ഹായ്ക്ക് അനുഭവിക്കാനാകുന്നെങ്കിലും ഭര്‍ത്താവിന് അത് കാണാന്‍ സാധിക്കുന്നില്ല. ഒരുപക്ഷെ അവള്‍ തേസൂക്കിനെ ഭര്‍ത്താവില്‍ തന്നെ അപരസങ്കല്‍പ്പം നടത്തുന്നതാകാം. പത്മരാജന്റെ അപരനിലും, ഈയിടെ ഗോവെന്‍ ഫെസ്റ്റില്‍ സുവര്‍ണ്ണചകോരം നേടിയ “ദി വോള്‍ [The Wall]“ എന്ന ചിത്രത്തിലും മറ്റും അപരത്വം എന്ന ആശയം ഗോചരവും, സങ്കീര്‍ണ്ണമാവുമായി ദൃശ്യവല്‍ക്കരിക്കുമ്പോള്‍ കാല്‍പ്പനിക സൌന്ദര്യത്തിന്റെ മറവിലാണ് കിംകിഡുക് ഈ ചിത്രത്തില്‍ അപരസങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നത്.
ഒരുപക്ഷേ തേസൂക്ക് ജയിലില്‍ നിന്ന് മടങ്ങി വന്നിട്ടില്ലായിരിക്കാം... തങ്ങളുടെ ചെയ്തികളുടെ തിരിച്ചടികളായിരിക്കാം ഉദ്യോഗസ്ഥനിലും, ക്രൂരനായ ഭര്‍ത്താവിലും ഭയം നിറയ്ക്കുന്നത്... ഒരുപക്ഷേ ഭര്‍ത്താവില്‍ തേസൂക്കിനെ പ്രതിഷ്ഠിച്ച് സ്വന്‍ഹാ ഒരു നല്ലവീട്ടമ്മയായി സ്വയം മാറുകയായിരിക്കാം...
കെട്ടിയിട്ടതും ചലനാത്മകവുമായ ഗോള്‍ഫ് ബോള്‍ ഉപയോഗിച്ചുള്ള കളികള്‍, അടഞ്ഞ വാതിലുകള്‍, ഒഴിഞ്ഞവീട്, ശരീരം,നിഴല്‍ , ജലം ദാഹിക്കുന്ന ചെടികള്‍ എന്നിങ്ങനെയുള്ള ഒട്ടനവധി രൂപകങ്ങളിലൂടെയാണ് കിംകിഡുക്ക് എന്ന സംവിധായകന്‍ കഥപറയാന്‍ ശ്രമീക്കുന്നത്. ചിലയിടത്തെങ്കിലും കണ്ട് മടുത്ത കിംകിഡുക്ക് രൂപങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും. സ്ത്രീപുരുഷ പരിപൂര്‍ണ്ണതയൂടെ ഒരു യിംഗ്-യാംഗ് സങ്കല്‍പ്പം അനുസ്മരിപ്പിക്കുന്ന , അഹംബോധത്തിനെ ഒഴിവില്‍(Ego) പൂജ്യത്തില്‍ ഭാരം രേഖപ്പെടുത്തുന്ന ആ ഭാരമാപിനി കുടുംബസങ്കപ്പങ്ങളിലേക്കുള്ള വ്യക്തമായ കടന്നുക്കയറ്റമാണ്. തേസൂക്ക് ആയി ഹ്യുന്‍-ക്യോന്‍ ലീയും സ്വന്‍ഹായായി സെയുങ്-യോന്‍ ലീയും മികച്ചപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. സംഭാഷണങ്ങളില്ലാതെ ശരീരഭാഷകൊണ്ടും, ഭാവപ്രകടനങ്ങള്‍കൊണ്ടും ഉള്‍ക്കൊള്ളേണ്ട കിംകിഡുക്ക് കഥാപാത്രങ്ങളായി സ്വയം സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു.
വിവരണം : ദേവദാസ് വി.എം [ vm.debadas@gmail.com ]
Friday, January 25, 2008
ഹല്ലാ ബോല്‍
നിര്‍മ്മാണം: സുരേഷ് ശര്‍മ്മ, അബ്ദുള്‍ സമി സിദ്ധിക്കി
അഭിനേതാക്കള്‍: അജയ് ദേവ്ഗണ്‍, വിദ്യാ ശര്‍മ്മ, പങ്കജ് കപൂര്‍, ദര്‍ശന്‍ ജരിവാല തുടങ്ങിയ്‌വര്‍
ഛായാഗ്രഹണം: ഗണേശ് ആചാര്യ
സംഗീതം: സുഖ്‌വിന്ദര്‍ സിങ്ങ്, വന്‌രാജ് ഭാട്ടിയ
വരികള്‍: സമീര്‍, ശ്രീ ദുശ്യന്ത് കുമാര്‍, മെഹ്ബൂബ്
സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹല്ലാ ബോല്‍. ജനുവരി 11-ന് തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത് സുഖ്‌വിന്ദര്‍ സിങ്ങും വന്‍രാജ് ഭാട്ടിയയും ചേര്‍ന്നാണ്.
ശബ്ദമുയര്‍ത്തൂ എന്നാണ് ഹല്ലാ ബോലിന്റെ അര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെ സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് ശബ്ദം ഉയര്‍ത്താന്‍ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയാവണം ഈ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ഉദ്ദേശിച്ചിട്ടുള്ളതും. ഇവിടെ വിഷയം ഒരു കൊലപാതകമാണ്. സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി ഒരു പാര്‍ട്ടിയില്‍ വച്ച് വധിക്കപ്പെടുന്നതും, കൊലപാതകത്തിനുത്തരവാദികളായ വന്‍ പണച്ചാക്കുകളെ ഭയന്ന് ഈ ദൃശ്യത്തിനു ദൃക്‌സാക്ഷിയായ നായകന്‍ ഞാന്‍ ഒന്നും കണ്ടില്ല എന്ന് ആദ്യം പോലീസുകാര്‍ക്ക് മൊഴികൊടുക്കുകയും പിന്നീടെ കുറ്റബോധം കാരണം സത്യം വിളിച്ച് പറയുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് നായകനു പല രീതിയിലും ഉള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വരുന്നു. ഏതൊരു സിനിമയേയും പോലെ വില്ലന്മാരെ മുഴുവന്‍ കോടതി ശിക്ഷിച്ച് നായകന്‍ ജനങ്ങളുടെ ഹീറോ ആകുന്നതോടെ ഈ സിനിമയും തീരുന്നു. എത്ര പുതുമയുള്ള പ്രമേയം, അല്ലേ.
ഇത്തരം ഒരു ക്ലീഷേ കഥ കൊണ്ട് ഒരു സിനിമ ഉണ്ടാക്കാന്‍ സംവിധായകന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കഥയുടെ നിര്‍ണ്ണായകമായ വഴിത്തിരിവായ ഈ കൊലപാതകം ഇടവേളയ്ക്ക് തൊട്ട് മുന്‍പ് കാണിക്കുവാന്‍ വേണ്ടി അതു വരെ സിനിമയെ വലിച്ച് നീട്ടിക്കൊണ്ട് പോകുന്ന രീതി, വലിച്ചുനീട്ടല്‍ ആഗ്രഹിക്കുന്ന ഏതൊരു സംവിധായകനും ഒരു വഴികാട്ടിയേക്കാം. ഈ സിനിമയില്‍ ഹിന്ദി സിനിമയിലെ ഒരു മുന്‍നിര നടന്റെ വേഷം കൈകാര്യം ചെയ്യുന്ന നായകന്‍ ഇത്രയധികം ഭാവാഭിനയം മുഖത്ത് പ്രദര്‍ശിപ്പിച്ചത് താന്‍ ഷാറൂഖ് ഖാനിനേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കാനാകും. നായകന്റെ പ്രേമരംഗങ്ങള്‍ സംവിധായകന്‍ ഒരു ഇരുപത് വര്‍ഷമായി സിനിമ കാണാറില്ലെന്ന് തോന്നിക്കുമാറ് മനം മടുപ്പിക്കുന്നവയാണ്‍. നായകന്റെ മാതാപിതാക്കളും നായികയുടെ പിതാവും എല്ലാവരും ചേര്‍ന്ന് ഈ സിനിമയെ ഒരു സീരിയല്‍ നിലവാരത്തില്‍ എത്തിക്കാനും ശ്രമിച്ചിട്ടുണ്ട്.
തികഞ്ഞ അബദ്ധമായ ഈ സിനിമയിലും ആസ്വദിക്കാന്‍ പാകമായ ചിലതുണ്ടെന്ന് പറയാതെ വയ്യ. സഹനടനായി പങ്കജ് കപൂര്‍ തിളങ്ങിയിട്ടുണ്ട് ചിത്രത്തില്‍. സിനിമയുടെ ജീവനായ അവസാന ഭാഗങ്ങളിലൊക്കെ സിനിമയുടെ ശ്രദ്ധാകേന്ദ്രവും സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതും പങ്കജ് കപൂര്‍ തന്നെയാണ്. ഒരു സംഘട്ടനരംഗമൊഴികെ മറ്റെല്ലാ രംഗങ്ങളിലും അസ്സലായി ശോഭിച്ച പങ്കജ് കപൂറിന്റെ റോള്‍ മാത്രമായി സിനിമ വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഈ സിനിമയ്ക്ക് എത്രയോ കൂടുതല്‍ ആസ്വാദകരുണ്ടായേനേ എന്ന് തോന്നിപ്പോകുന്നു. വില്ലനായി രംഗത്ത് വന്ന ദര്‍ശനും നല്ല അഭിനയമാണ് കാഴ്ചവച്ചത്. സിനിമയില്‍ പ്രാധാന്യം ഉള്ള മറ്റാരും തന്നെയില്ലാത്തതിനാല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു.
ഈ സിനിമ രക്ഷപ്പെടാന്‍ പാട്ടുകള്‍ നന്നായേ തീരൂ എന്ന അവസ്ഥ ആയിരുന്നെങ്കിലും അവിടേയും സംവിധായകനു പിഴച്ചു. സുഖ്‌വിന്ദര്‍ സിങ്ങിന്റേയും വന്‌രാജ് ഭാട്ടിയയുടേയും സംഗീതവും പ്രേക്ഷകരെ പ്രദര്‍ശനഹാളിലേയ്ക്ക് കൊണ്ട്‌വരാന്‍ പര്യാപ്തമായില്ല. ഛായാഗ്രഹണവും പുതുമനിറഞ്ഞതായിരുന്നില്ല.
ഈ സിനിമ കണ്ട് കഴിഞ്ഞ് ആളുകള്‍ ഒരു പക്ഷെ സംവിധായകനെതിരേ ഒരു ഹല്ലാ ബോല്‍ നടത്താന്‍ സാധ്യതയുണ്ട്. അടുത്ത സംരംഭമെങ്കിലും നല്ല ഒരു വിഷയം ഉള്ളതാവാന്‍ സംവിധായകനെ ആശംസിച്ചുകൊള്ളുന്നു.
എന്റെ റേറ്റിങ്ങ്: 0.5/5
Sunday, December 30, 2007
ചോക്കളേറ്റ്
സംവിധാനം: ഷാഫി
നിര്‍മ്മാണം: പി.കെ. മുരളീധരന്‍, ശാന്ത മുരലി
അഭിനേതാക്കള്‍: പൃഥ്‌വീരാജ്, ജയസൂര്യ, റോമ, സംവൃതാ സുനില്‍, രമ്യ നമ്പീശന്‍, ലാലു അലക്സ്, സലീം കുമാര്‍, പ്രേം, ശാരി, ബിന്ദു പണിക്കര്‍, രാജ്ന് പി. ദേവ്, അനൂപ് ചന്ദ്രന്‍
സംഗീതം: അലക്സ് പോള്‍
വരികള്‍: വയലാര്‍ ശര്‍ത്ചന്ദ്രവര്‍മ്മ
ക്യാമറ: അഴകപ്പന്‍
കഥ/തിരക്കഥ: സച്ചി - സേതു
കലാസംവിധാനം: സാലു ജോര്‍ജ്ജ്
മായാവിക്ക് ശേഷം ഷാഫി അണിയിച്ചൊരുക്കിയിക്കുന്ന ചിത്രമാണ്‍ ചോക്കളേറ്റ്. മുന്‍ചിത്രങ്ങളെപ്പോലെ ഈ ചിത്രവും ഒരു സമ്പൂര്‍ണ്ണ നര്‍മ്മ ചിത്രം എന്ന രീതിയില്‍ ആണ്‍ ഷാഫി തയ്യാറാക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു കലാലയത്തില്‍ ആണ്‍കുട്ടികള്‍ക്കായി സംവരണമുള്ള ഒരു സീറ്റിലേയ്ക്ക് നായകന്‍ വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക്ഷിക്കാവുന്നതുപോലെ സമ്മിശ്രമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉണ്ടാകുന്നത്. ഇവയെ നായകന്‍ എങ്ങിനെ നേരിടുന്നു, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കലാലയത്തില്‍ എങ്ങിനെ തനിക്ക് ഒത്തുപോകാനാകുന്നു, മറ്റ് പെണ്‍കുട്ടികള്‍ എങ്ങിനെ ഈ നായകന്റെ വരവിനെ കാണുന്നു തുടങ്ങിയ കൌതുകകരമായ അവസ്ഥകളിലൂടെ സിനിമ കടന്ന് പോകുന്നു.
ആണത്തവും, ചമ്മലും, കാര്യശേഷിയും, പൈങ്കിളിയും, തോന്യവാസവും ഒക്കെ പ്രകടിപ്പിക്കേണ്ടുന്ന ഒരു വിദ്യാര്‍ത്ഥിയായി പ്രൃഥ്‌വീരാജ് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും പലപ്പോഴും കഥ ഒരു നിലവാരമില്ലാത്തതാകയാല്‍ നായകന്‍ അല്‍പ്പം ഓവര്‍ ആയതുപോലെ തോന്നി. ആണ്‍കുട്ടികള്‍ക്കായി പ്രത്യേകം മൂത്രപ്പുര ഇല്ലാത്ത കോളേജില്‍ നായകന്‍ അതന്വേഷിക്കുന്നതും ക്ലാസ്സില്‍ വച്ച് ഒരു പെണ്‍കുട്ടിയുടെ സാനിറ്ററി നാപ്കിന്‍ കാണുന്നതുംപോലെയുള്ള ചില താണനിലവാരത്തിലുള്ള തമാശകള്‍ സിനിമയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആണത്തം ഉണ്ടെന്ന് ഒന്നിലധികം തവണ പലരും എടുത്ത് പറഞ്ഞ് വിശേഷിപ്പിച്ച നായികയുടെ പ്രകടനവും അതിനൊത്തുയര്‍ന്നില്ല എന്ന് പറയേണ്ടി വരും. അത് തെളിയിക്കാനായി നായികയ്ക്ക് പെരുമാറ്റത്തിനേക്കാള്‍ സംഭാഷണങ്ങളെ ആശ്രയിക്കേണ്ടി വന്നത് തിരക്കഥയുടെ പരാജയം തന്നെയാണ്. സഹനായകനും സഹനായികയും ആയി വരുമെന്ന് കരുതിയ ജയസൂര്യയും സംവൃതയും നായികാനായകന്മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോയി പലപ്പോഴും. രാജന്‍ പി ദേവും ലാലു അലക്സും ശാരിയും സലീം കുമാറും അനൂപ് ചന്ദ്രനും തങ്ങളില്‍ നിക്ഷിപ്തമായ അഭിനയം മനോഹരമാക്കി, അത് സ്ഥിരമായി ചെയ്തുപോരുന്ന കഥാപാത്രങ്ങള്‍ ആയതുകൊണ്ടുമാകാം.
തിരക്കഥ വളരെ ബാലിശമാണ് ഈ ചിത്രത്തില്‍. നായികാനായകന്മാര്‍ ആദ്യം കാണുമ്പോള്‍ വഴക്കിടുകയും പിന്നീട് വഴക്ക് മാറി പ്രണയമാകുന്നതും, അതിനുശേഷം ചില തെറ്റിദ്ധാരണകള്‍ മൂലം വഴക്കിട്ട് പിരിയുകയും വീണ്ടും ക്ലൈമാക്സില്‍ ഒന്നുചേരുകയും ചെയ്യുന്ന സിനിമകള്‍ നാം കാണാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. പക്ഷെ ഈ പഴയ വീഞ്ഞ് പുതിയ നര്‍മ്മക്കുപ്പിയില്‍ പൊതിഞ്ഞ് നല്‍കാന്‍ ഷാഫി പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും ഈ നര്‍മ്മം മാത്രമാണ്. എറണാകുളത്തുള്ള ഒരേ ഒരു വനിതാകലാലയമായ സെന്റ് തെരേസാസിന്റെ അന്തരീക്ഷം അതേപടി പകര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. ഒരു യുവജനോത്സവത്തിനു ആ കലാലയം കാണിക്കുന്ന ആവേശവും വാശിയും എല്ലാം വളരെ നിസ്സാരപ്പെട്ട രീതിയില്‍ ആണ് സിനിമയില്‍ വന്നിട്ടുള്ളതും. എങ്കിലും പൊതുവേ ഒരു കലാലയാന്തരീക്ഷം നല്‍കുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.
തിരക്കഥയ്ക്ക് സ്വാഭാവികമായുള്ള ഒരു ഒഴുക്കുള്ളതും ആവശ്യത്തിനു നര്‍മ്മരംഗങ്ങള്‍ ഉള്ളതും സിനിമയുടെ ദൂഷ്യവശങ്ങളെ മറച്ചേക്കാം. ഒരു എന്റര്‍റ്റെയിനര്‍ എന്ന നിലയ്ക്ക് ഈ സിനിമ അതുകൊണ്ട് തന്നെ ആസ്വാദ്യകരമാകുന്നു. സിനിമയിലെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‍ പൈങ്കിളി നിലവാരമാണെങ്കിലും അലക്സ് പോള്‍ അതിനു ഇമ്പമാര്‍ന്ന ഈണം നല്‍കിയിട്ടുണ്ട്. ഒരു കലാലയം വര്‍ണ്ണത്തില്‍ പൊതിഞ്ഞതുപോലെ പകര്‍ത്താന്‍ അഴകപ്പനും സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തോളം വരില്ലെങ്കിലും ചോക്കളേറ്റ് പ്രേക്ഷകനു നല്ലൊരു മധുരമുള്ള അനുഭവമാകുന്നു.
എന്റെ റേറ്റിങ്ങ്: 3.0/5
മറ്റ് നിരൂപണങ്ങള്‍:
* ചിത്രവിശേഷം
* മലയാളം മൂവീ റിവ്യൂസ്
* ഇന്ദുലേഖ
Friday, December 28, 2007
മി മൈസെല്‍ഫ്
മനസ്, ഓര്മ്മ, ജീവിതം എന്നീ ബിംബങ്ങളെ ആസ്പദമാക്കി സരളവും അതേ സമയം സങ്കീര്ണ്ണവും ആയ രീതിയിലാണ് ചിത്രത്തിന്റെ ഒഴുക്ക്. സ്ത്രീപുരുഷ ബന്ധത്തിലെ സമസ്യകള് നര്മ്മം കലര്ന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. സംഭാഷണം, ചിത്രീകരണം എന്നിവയില് അതിഭാവുകത്വമോ നാടകീയതയോ തീണ്ടാത്തവിധം മനൊഹരമായി അവതരിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ലേഖകന്‍: ദേവദാസ്
Tuesday, November 27, 2007
പരദേശികളായ സ്വദേശികള്‍
ഒരു ജനതയുടെ ശരിയായ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളാനും,ശരിയായ ദിശയില്‍ അതിനെ നയിക്കാനും കഴിയുന്ന ഭരണകൂട സംവിധാനങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല.ഇന്‍ഡ്യന്‍ ജനാധിപത്യം നമുക്ക് ഭൂഷണമാണോ എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.(ജനാധിപത്യ സിദ്ധാന്തമല്ല,മറിച്ച് ഇന്‍ഡ്യന്‍ ജനാധിപത്യം എന്ന് ഞാന്‍ അടിവരയിടുന്നു).
ഇപ്രകാരം വേണ്ടും വിധം കൈകാര്യം ചെയ്യാന്‍ കഴിയാതെപോയ ഒരു വിഷയമാണ് ഇന്‍ഡ്യാ വിഭജനകാലത്ത് അബദ്ധം കൊണ്ടോ അല്ലാതെയോ പാക്കിസ്ഥാന്‍ പൌരന്മാരായവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്‍ഡ്യാ ഭരണകൂടത്തിനുണ്ടായ പാളിച്ച.ഈ പാളിച്ചകള്‍ മൂലം,ദുരിതം അനുഭവിക്കേണ്ടി വന്നവര്‍ നിരവധിയാണ്.പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയവരുടെ സ്ഥിതിയും വിഭിന്നമല്ല.മാതൃഭാഷയേയും,അമ്മ,പെങ്ങള്‍മാരെയും,മക്കളേയും,ഒക്കെ പിരിഞ്ഞ് വേര്‍പെട്ട് പോയവര്‍,അവരുടെ നൊമ്പരങ്ങള്‍ ഒരു സര്‍ക്കാരും കണ്ടതായി നടിച്ചില്ല.മാത്രമല്ല അവരുടെ ദൈന്യതകള്‍ക്ക് പരിഹാരം കാണാനുള്ള ഫലപ്രദമായ ഒരു നിയമസംഹിതയും ഉണ്ടായില്ല.ഇപ്രകാരം സ്വദേശികളായിട്ടും, പരദേശികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നൊമ്പരങ്ങളാണ്
പി.ടി.കുഞ്ഞി മുഹമ്മദ് പരദേശി എന്ന ചിത്രത്തിലൂടെ നമ്മളോട് സംവേദിക്കുന്നത്.ചിത്രം കണ്ടിറങ്ങുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ അവരുടെ വേദനകള്‍ ഒരു കനലെന്നപോലെ കോരിയിടാന്‍ ചലചിത്രകാരന്‍ എന്ന നിലയില്‍ പി.ടിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഒരു ചലചിത്രമെന്ന നിലയില്‍ ചിത്രം പരാജയമാണ് താനും.
സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് കറാച്ചിയിലേക്ക് വണ്ടി കയറുന്ന മൂസയും,അതുപോലുള്ള മറ്റു ചിലരും,സ്വന്തം നാട്ടില്‍ പരദേശിയായി,പാക്കിസ്ഥാന്‍ പൌരന്മാരായി ജീവിക്കേണ്ടി വരുകയും,അവര്‍ അനുഭവിക്കുകയും ചെയ്യുന്ന പീഡനങ്ങളുടേയും കഥയാണിത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ജോലിക്കായി കറാച്ചിയില്‍ എത്തപ്പെടുകയാണ് മൂസ.മറ്റു പലരും അങ്ങിനെ വന്ന് പെട്ടവരാണ്.ഇന്‍ഡ്യാ-പാക്ക് വിഭജനത്തോട്കൂടി ഇന്‍ഡ്യാക്കാരന്‍ എന്ന മുദ്ര അവര്‍ക്ക് നഷ്ടപ്പെടുകയാണ്.തിരിച്ച് നാട്ടിലേക്ക് വരുന്നതിന് പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട് എടുക്കേണ്ടി വരുന്നു.ഇങ്ങനെ സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരില്‍ പാക് പൌരനായി മൂസയും,അബ്ദു റഹിമാനുമൊക്കെ മാറുന്നു.മൂസയും അബ്ദുറഹിമാനുമൊക്കെ അങ്ങിനെമാറാന്‍ വിധിക്കപ്പെട്ടവരുടെ പ്രതീകങ്ങളാണ്.ജനിച്ച മണ്ണിന്റെ പൌരത്വത്തിനും,ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവരുടെ ത്വരയും, ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയും അവര്‍ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയാകുന്നു.എന്നിട്ടും, പോലിസ്സിന് കൈക്കൂലി നല്‍കിയും, നിയമയുദ്ധം നടത്തിയും,ഒളിവില്‍ താമസിച്ചും സ്വന്തം നാടില്‍ ജിവിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.ഇങ്ങനെ ജീവിക്കേണ്ടി വരുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ വരെ ശിഥിലമായി പോകുന്നു.എപ്പോഴെങ്കിലും നാടുകടത്തപ്പെടുമോ എന്ന ഭയം അവരെ വല്ലാതെ വേട്ടയാടുന്നു.ഭയത്തില്‍ നിന്നുണ്ടാകുന്ന മാനസിക വിഭ്രാന്തിയിലേക്ക് അബ്ദു റഹിമാനുള്‍പ്പടെയുള്ളവര്‍ മാറുന്നു.
ഒരു നിയമവും,ഭരണകൂടവും സഹായത്തിനില്ലാതെ ഒടുവില്‍ പാക് പൌരന്മാരായി മുദ്രകുത്തപ്പെട്ടവര്‍ നാടുകടത്തപ്പെടുകയാണ്.
അവരുടെ വേദനകള്‍ ഫലപ്രദമായി പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.എങ്കിലും 100% ഗുണപരമല്ല കഥയുടെ ആഖ്യാന രീതിയും അവതരണവും.
ശക്തമായ ഒരു തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം മുഴച്ച് നില്‍ക്കുന്നു.കഥാപാത്രങ്ങളേയും,കഥയേയും കൂട്ടിയിണക്കുന്നതില്‍ സംവിധായകനും,തിരക്കഥാകൃത്തും എന്ന നിലയില്‍ പി.ടി.പൂര്‍ണ്ണ പരാജയമാണ്.ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയായ ഉഷയെന്ന(പത്മപ്രിയ) കഥാപാത്രത്തിന്റെ അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്.മൂസയും,ഭാര്യയും പറയുന്ന കഥകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ഈ അവതരണ രീതി പലപ്പോഴും ഒരു ഡോക്യമെന്ററിയുടെ തലത്തിലെക്ക് ചിത്രത്തെ മാറ്റുന്നുണ്ട്.ഇപ്രകാരമുള്ള കഥാ കഥന രീതിയില്‍ നിന്നും വിഭിന്നമായി മറ്റൊരു രീതിയില്‍ അത് സംവദിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ന്യൂനത പരിഹരിക്കാന്‍ കഴിയുമായിരുന്നു.ചിത്രത്തിലെ പാട്ടുകള്‍ അവസരോചിതമായ രീതിയിലാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്.എന്നാല്‍ ചിത്രത്തെ പരിപൂര്‍ണ്ണമായി എടുത്തു നോക്കിയാല്‍ ചിത്രസംയോജനം ഫലപ്രദമായി ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെടും.ഡോണ്‍ മാക്സ് എന്ന ചിത്രസംയോജകന്റെ പരിചയക്കുറവ് നമുക്ക് അനുഭവപ്പെടും.കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാലഘട്ടത്തിലെ വേഷവിധാനങ്ങളോടെ നീതിപുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല.രണ്ട് കാലഘട്ടങ്ങളെ കോര്‍ത്തിണക്കി കഥ പറയുമ്പോള്‍ കഥാ പാത്രങ്ങളുടെ വേഷവിധാനത്തിലും, കാലഘട്ടത്തിലും ഉണ്ടാവേണ്ട വ്യത്യാസം സംവിധായകന്‍ ശ്രദ്ധിക്കാതെ പോയത് ഒരു വീഴ്ചയാണ്.ചിത്രത്തിന്റെ അവസാനം പാക് പൌരന്മാരായ എല്ലാവരേയും പോലീസ് പിടികൂടുന്നുണ്ട്.എന്നാല്‍ നാടുകടത്താന്‍ കൊണ്ടുപോകുന്നത് മൂസയെ മാത്രമാണ്.നാടുകടത്തപ്പെടുന്ന മൂസ മരുഭൂമിയിലൂടെ നടന്നു നീങ്ങുന്ന കാഴ്ച അസ്വാഭാവികതയാണ് സൃഷ്ടിക്കുന്നത്.നാടുകടത്തപെടുന്നതിന്റെ നടപടിക്രമങ്ങള്‍ അറിയാതെപോയതുകൊണ്ടോ, അതോ മന:പൂര്‍വ്വം അപ്രകാരമൊരു രംഗം തെരെഞ്ഞെടുത്തതോ എന്ന് വ്യക്തമല്ല.നല്ലൊരു ഛായാഗ്രാഹകന്റെ കുറവ് ഈ ചിത്രത്തിലുണ്ട്.മനോഹരമാക്കാവുന്ന പല രംഗങ്ങളും, നിര്‍ജ്ജീവങ്ങളായി നമുക്ക് അനുഭവവേദ്യമാകും.പാട്ടുകളും, സംഗീതവും നന്നായിട്ടുണ്ട്.വളര ലാളിത്യമാര്‍ന്ന അവതരണരീതികളും, വരികളും പ്രേക്ഷകന് ഇഷ്ടപ്പെടും.
വലിയകത്ത് മൂസ എന്ന കഥാപാത്രത്തിലൂടെ ഉജ്ജ്വലമായ ഒരു തിരിച്ച് വരവിന് (അമാനുഷിക കഥാപാത്രങ്ങള്‍ വിട്ട്)മോഹന്‍ലാല്‍ എന്ന നടന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ പ്രായമായ വേഷങ്ങള്‍ ചെയ്യുമ്പോള്‍ സ്വരവ്യത്യാസം വരുത്തുന്നതില്‍ ലാല്‍ തികച്ചും പരാജയപ്പെട്ടു.ഉടയോനിലും,രാവണപ്രഭുവിലും ഒക്കെ ലാലിനു പറ്റിയ അതേ പ്രശ്നം.സ്വരവ്യതിയാനം എത്രമനോഹരമായാണ് ജഗതിയും, ടി.ജി.രവിയും നമുക്ക് കാണിച്ച് തരുന്നത്.ചെറിയ കഥാ പാത്രമാണെങ്കിലും പാക് പൌരന്മാരായി ജീവിക്കേണ്ടി വരുന്നതിന്റെ ധര്‍മ്മ സങ്കടങ്ങള്‍ മനോഹരമാക്കാന്‍ സിദ്ധിഖിനും, റ്റി.ജി.രവിക്കും കഴിഞ്ഞിട്ടുണ്ട്.അതുപോലെ തന്നെ ജഗതിയെന്ന അതുല്യനടന്റെ പ്രതിഭാവിലാസം നമുക്ക് ഈ സിനിമയിലും കാണാം.
പത്രക്കാരിയായി വേഷമിടുന്ന പത്മപ്രിയക്ക് വലിയ പ്രാധാന്യമുള്ള അഭിനയമൊന്നും കാഴ്ചവെക്കേണ്ടി വന്നിട്ടില്ല.മുറപ്പെണ്ണായി വേഷം (അമ്മായിയുടെ മകള്‍) ചെയ്യുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് വളരെ മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാമായിരുന്നിട്ട് കൂടിയും അതിന് ശ്രമിച്ചിട്ടില്ല. ഒരു കഥാപാത്രമെന്ന നിലയില്‍ കാഴ്ചക്കാരനില്‍ യാതൊരു വികാരവും, ലക്ഷ്മി നമ്മളില്‍ സൃഷ്ടിക്കുന്നില്ല. അതു തന്നെയാണ് ഭാര്യയായി അഭിനയിക്കുന്ന ശ്വേതയുടെ സ്ഥിതിയും.വളരെ നല്ല തന്റേടമുള്ള ഒരു കഥാപാത്രമായി അവര്‍ക്ക് ജീവിക്കാമായിരുന്നു.എന്നാല്‍ അത്തരമൊരു നീക്കം ശ്വേതയില്‍ നിന്ന് ഉണ്ടായില്ല.അഭിനയത്തിന്റെ ബാലപാഠം ഇനിയും പഠിച്ച് തീര്‍ന്നിട്ടില്ലാത്ത ശ്വേതയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനുമാവില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും,പ്രമേയത്തിലെ പുതുമ കൊണ്ട്, പ്രേക്ഷകന്റെ ഉള്ളുണര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
Tuesday, May 29, 2007
ഓള്‍ ദ കിംഗ്സ് മെന്‍

അക്കാഡമി അവാര്‍ഡ് ജേതാവ് ഷോണ്‍ പെന്‍ (ചിത്രം ‘മിസ്റ്റിക് റിവര്‍‘ - വര്‍ഷം 2003) പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമ ‘ഓള്‍ ദ കിംഗ്സ് മെന്‍’.

ലൂയിസിയാന സംസ്ഥാനത്തെ ഒരു ചെറുപട്ടണത്തില്‍ വക്കീലായിരുന്ന വില്ലി സ്റ്റാര്‍ക്ക്, വോട്ടുമറിക്കാനുള്ള ഡമ്മിയായി രാഷ്ട്രീയത്തിലെത്തിപ്പെടുന്നതും അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ലൂയിസിയാന കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പോപ്പുലറായ ഗവര്‍ണ്ണറായി മാറുന്നതുമാണ് ചിത്രത്തിന്റെ ത്രെഡ്.

പരിധിയില്ലാത്ത അധികാരത്തിന്റെ തുടര്‍ച്ചയില്‍ സ്വയം മറക്കുന്ന, ഗവര്‍ണ്ണറായ ശേഷം സ്വന്തം home town സന്ദര്‍ശിക്കുമ്പോള്‍ വീടിനുപകരം നക്ഷത്രഹോട്ടലില്‍ താമസിക്കുമായിരുന്ന, അഴിമതിക്കാരനാകുന്ന, എന്നിട്ടും ജനപ്രീതീപാത്രമായി നിലകൊണ്ട ‘ഹ്യൂയി ലോംഗ്’ എന്ന മുന്‍-ഗവര്‍ണ്ണറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ത്രെഡ്.

റോബര്‍ട്ട് പെന്‍ വാറന്‍ എന്ന എഴുത്തുകാരന്റെ ഇതേ നോവല്‍ ഇതേപേരില്‍ 1949-ല്‍ സിനിമ ആയിരുന്നത് കണ്ടിട്ടുണ്ടെങ്കില്‍ ഈ ചിത്രം കാണേണ്ട ആവശ്യമില്ല. പക്ഷേ, അമിതാഭിനയത്തിന്റെ സകല പരിധികളും ലംഘിക്കുന്ന പല താരങ്ങളും മഹാനടന്മാരായി കരുതപ്പെടുന്ന നമ്മുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍, നിരൂപകര്‍ 7/10 കൊടുത്തിരിക്കുന്ന ഷോണ്‍ പെന്നിന്റെ ‘വില്ലി സ്റ്റാര്‍ക്ക്’ വളരെ entertaining ആയ ഒരു കഥാപാത്രമാണ്; ഇനിയുമൊരു ഓസ്കാര്‍ ലക്ഷ്യം വച്ചാണ് ഷോണ്‍ പെന്‍ (മാത്രമല്ല, ഈ ചിത്രം മുഴുവനായി തന്നെ) പെര്‍ഫോം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമായിട്ടുപോലും.
ആന്തണി ഹോപ്കിന്‍സ്, കേറ്റ് വിന്‍സ്‌ലെറ്റ്, ജൂഡ് ലോ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു.
Friday, May 25, 2007
ഗോള്‍

പുതുമുഖങ്ങളെ വെച്ച് ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഫുട്ബോളും പ്രേമവുമെല്ലാം ഇടകലര്‍ത്തി കമല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍. സ്പോര്‍ട്സിനു പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ കുറവേ ഇറങ്ങിയിട്ടൊള്ളൂവെങ്കില്‍ പോലും ചിത്രത്തിനു ഒരു പുതുമ നല്‍കാന്‍ കമലിനു കഴിഞ്ഞില്ല.
“പണക്കാരുടെ” സ്കൂളില്‍ ഫുട്ബോള്‍ കളിയിലെ അസാമാന്യ വൈഭവം കൊണ്ട് പ്രവേശനം ലഭിക്കുന്ന ആ സ്കൂളിലെ തന്നെ ഗ്രൌണ്ട്സ്‌മാനാണ് സാം (രജിത്ത് മേനോന്‍). അവിടത്തെ ഫുട്ബോള്‍ കോച്ചായ വിജയിന്റെ (റഹ്മാന്‍) ശിങ്കിടി കൂടിയാണ് സാം. അതേ സ്കുളിലെ വിദ്യാര്‍ത്ഥിനിയും വിജയിന്റെ സഹോദര(രി) പുത്രിയുമായ നീതുവിന് (അക്ഷ) സാമിനോടൊരു സോഫ്റ്റ് കോര്‍ണറുണ്ട്. സാമിന്റെ അച്ഛന്‍ (മുകേഷ്) പഴയൊരു പ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും ഇപ്പോള്‍ ഭാര്യയെ നഷ്ടപെട്ടതിനു ശേഷം തകര്‍ന്ന മാനസിക നിലയോടെ ജീവിക്കുന്ന ഒരാളുമാണ്. സ്കൂള്‍ കാന്റീനിലെ ജോലിക്കാരിയായ മറിയ (മുക്ത)യുടെ കുടുംബത്തോടൊപ്പമാണ് സാം താമസിക്കുന്നത്. സ്കൂളിലെ ഹെഡ് മിസ്ട്രസ്സായ മേരീ ലൂക്കോയ്ക്ക് സ്പോര്‍ട്സിനോട് വെറുപ്പാണെങ്കിലും പ്രിന്‍സിപ്പളിന്റെ (ക്യാപ്റ്റന്‍ രാജു) പ്രത്യേക താല്പര്യത്തിനു പുറത്താണ് സ്കൂളിലെ ഫുട്ബോള്‍ ടീം പതിവായി തോല്‍ക്കാറാണെങ്കിലും നിലനില്‍ക്കുന്നത്. ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ഫെലിക്സ് മയക്കു മരുന്ന് ഉപയോഗത്തിനു പുറത്തായി ഗുഡ് ഷെപ്പേര്‍ഡിന്റെ ഫുട്ബോള്‍ വൈരികളായ സെന്റ് സേവ്യേഴ്സില്‍ ചേരുന്നു. സാമിന്റെ ഫുട്‌ബോളിലുള്ള കഴിവു കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പഠനം ഉപേക്ഷിച്ച അവനെ സ്കൂളിലെടുക്കുന്നു. ഇത്രയുമാകുമ്പോഴേക്കൂം ബാക്കിയിനിയെന്തെല്ലാമായിരിക്കുമെന്നു നമുക്കൂഹിക്കാം. അതില്‍ നിന്നും യാതൊരു വിത്യാസവുമില്ലാതെ സിനിമ അവസാനിക്കുകയും ചെയ്യും.
അഭിനേതാക്കളാരും തന്നെ പറയത്തക്ക അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ല. രജിത്തിനെ ഫുട്ബോള്‍ മികവിലാണ് സിനിമയിലെടുത്തതെന്നു തോന്നുന്നു. എങ്കിലും നായികയായ അക്ഷയും (രജിത്തിന്റെ കൂടെ കാണുമ്പോള്‍ അമ്മയോ മൂത്ത ചേച്ചിയോ ആണെന്നു തോന്നും) മുക്തയുമേക്കാള്‍ ഭേദം തന്നെ. റഹ്മാന്‍ മോശം പറയാന്‍ പറ്റില്ല. അതേ സമയം മുകേഷിന്റെ കഥാപാത്രം തികച്ചും അനാവശ്യമായാണ് തോന്നിയത്. തമാശ പറയാനായി കൊണ്ടു വന്നിരിക്കുന്ന സലിംകുമാറിന്റെ അധ്യാപകന്‍ പലപ്പോഴും അറുബോറാണ്.
ഫുട്ബോള്‍ രംഗങ്ങള്‍ ഒട്ടും തന്നെ ആവേശം പകരുന്നില്ലെന്നു മാത്രമല്ല അതിന്റെ ആധിക്യം ചിത്രത്തെ രസംകൊല്ലിയാക്കുന്നു. ചിത്രത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് സുകുമാറിന്റെ ഛായാഗ്രഹണമാണ്. ഗാനങ്ങള്‍ നന്നല്ലെങ്കിലും അതു കൊണ്ട് തന്നെ ചിത്രീകരണം നന്നായിട്ടുണ്ട്.
കമലിനെ പോലൊരു സംവിധായകനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാവുന്ന ചിത്രമല്ല ഗോള്‍.
വെറും ഉഡായിപ്പാ..
പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും..
ഇതിനെല്ലാമുപരി മണ്ടനുമാ..
Tuesday, May 15, 2007
പൊസൈഡോണ്‍

എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ലക്ഷ്യം വച്ചു നിര്‍മ്മിച്ചിരിക്കുന്ന ഒരു സസ്പെന്‍സ് ചിത്രം : പൊസൈഡോണ്‍.

നോര്‍ത്ത് അറ്റ്ലാന്റിക് കടലില്‍ അവധിക്കാലം ആഘോഷിക്കുന്ന പൊസൈഡോണ്‍ എന്ന പടുകൂറ്റന്‍ ക്രൂസ് കപ്പല്‍, അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു വന്‍ തിരമാലയില്‍ പെടുമ്പോള്‍, അതിലെ ചില യാത്രക്കാര്‍ കപ്പിത്താന്റെ സുരക്ഷാനിര്‍ദ്ദേശം അവഗണിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ത്രെഡ്. ഗാംബ്ലിംഗ് തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഡൈലാനും കപ്പലില്‍ വച്ച് പരിചയപ്പെടുന്ന മറ്റുചിലരുമാണ് പ്രധാന കഥാപാത്രങ്ങള്‍.

കഥയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ചിത്രം വിജയമാണ്. പൊസൈഡോണ്‍ എന്ന കപ്പലുമായി ബന്ധപ്പെട്ട് ചെയ്തിരിക്കുന്ന സ്പെഷ്യല്‍ എഫക്ട്സും ആകര്‍ഷണീയം.
അപ്രതീക്ഷിതമായ ഹോട്ട് സീനുകളൊന്നും ചിത്രത്തിലില്ലാത്തതുകൊണ്ട് ധൈര്യമായി കണ്ടിരിക്കാം എന്നൊരു ഗുണവുമുണ്ട് :-)
MPAA Rating: PG-13
Monday, May 07, 2007
ഡെവിള്‍ വെയേഴ്സ് പ്രാഡ

സാമാന്യത്തിലും വളരെയേറെ തിരക്കുപിടിച്ച, ജോലിസുരക്ഷിതത്വം തീരെയില്ലാത്ത ഒരു കോര്‍പ്പറേറ്റ് കമ്പനി. കണക്കില്ലാത്ത അധികാരപരിധിയുടെ ഉടമയും ക്ഷിപ്രകോപിയുമായ വനിതാമേലധികാരി. വേണമെന്നാഗ്രഹിക്കാതെ ഇതിനിടയില്‍ ചെന്നുപെടുന്ന തുടക്കക്കാരിയായ ഒരു ജോലിക്കാരി. മെറില്‍ സ്ട്രീപ്പും ആന്‍ ഹാഥവേയും രസകരമായി അഭിനയിച്ചിരിക്കുന്ന ഒരു എന്റര്‍ടൈനര്‍ - ഡെവില്‍ വെയേഴ്സ് പ്രാഡ.

പേരുകേട്ട ‘റണ്‍വേ’ എന്ന ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായി ചേരാന്‍ ആഗ്രഹിച്ച ആന്‍ഡി (ആന്‍ ഹാഥവേ) എന്ന കോളേജ് ഫ്രഷര്‍ക്ക് കിട്ടുന്നത്, മാഗസിന്റെ എഡിറ്റര്‍ മിരാന്‍ഡാ പ്രസ്‌ലിയുടെ സെക്കന്റ് അസ്സിസ്റ്റന്റ്റ് എന്ന പോസ്റ്റാണ്. ഈ പോസ്റ്റില്‍ താല്പര്യമില്ലാതിരുന്നിട്ടും,
മിരാന്‍ഡായുടെ ഒപ്പം ജോലി ചെയ്യുന്നത് പിന്നീട് കരിയറില്‍ ഏറെ സഹായിക്കുമെന്നതിനാല്‍, ആന്‍ഡി ഈ ജോലി ഏറ്റെടുക്കുന്നു.

മിരാന്‍ഡാ പ്രസ്‌ലി യുടെ അവസാനമില്ലാത്ത ഡിമാന്‍ഡുകളും ഒരിക്കലും അവസാനിക്കാത്ത വര്‍ക്ക് ഡേയും കഠിനമായി ക്ഷമ പരീക്ഷിക്കപ്പെടുന്ന ജോലിപരിതസ്ഥിതികളും ഒക്കെ ആന്‍ഡി തരണം ചെയ്യുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ഒരു വശത്ത് മിരാന്‍ഡയെ തൃപ്തിപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ മറുവശത്ത് ആന്‍ഡിയുടെ സ്വകാര്യജീവിതം നഷ്ടപ്പെടുന്നതും വളരെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു.

ഈ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടുക സ്ത്രീകള്‍ക്കായിരിക്കും. പക്ഷേ, കോര്‍പ്പറേറ്റ് ജീവിതത്തിന്റെ കടമപൂര്‍ത്തീകരണങ്ങള്‍ക്കിടയില്‍ കരിയര്‍ വേണോ ജീവിതം വേണോ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുള്ള നമ്മളില്‍ പലര്‍ക്കും കൂടി ഈ ചിത്രം ഇഷ്ടപ്പെട്ടേക്കും പ്രത്യേകിച്ച്, ടോപ്പ് മാനേജ്മെന്റുമായി നിത്യവും നേരിട്ട് ഇടപെടേണ്ടി വരുന്ന തരം ജോലിയുള്ളവര്‍ക്കും prestigious കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒക്കെ ഈ ചിത്രം പ്രത്യേകമായി ‘ഫീല്‍’ ചെയ്യാന്‍ സാധ്യതയുണ്ട്.
(ചിത്രത്തിന്റെ അവസാനത്തോടടുത്ത് മിരാന്‍ഡാ പ്രസ്‌ലി ആന്‍ഡിയോടായി പറയുന്ന ഒരു വാചകം രസകരമായി തോന്നി “Everybody wants what we have, everybody want the charm we have, they just pretend they dont". ഗ്ലാമറസ് കോര്‍പ്പറേറ്റ് ലൈഫിനെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഈയൊരു കാര്യം സത്യമാണ് എന്ന് തോന്നുന്നു)
ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല നടിയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും മെറില്‍ സ്ട്രീപ്പിന് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഡെവിള്‍ വെയേഴ്സ് പ്രാഡ. ലോറന്‍ വെയ്സ്ബെര്‍ഗറുടെ ഒരു ബെസ്റ്റ് സെല്ലര്‍ നോവല്‍ ആണ് ഈ ചിത്രത്തിനാധാരം.
ചിത്രത്തിലെ എടുത്തുപറയാവുന്ന മറ്റൊരു സാന്നിദ്ധ്യം സ്റ്റാന്‌ലി ടുച്ചി ആണ്. ‘ഷാല്‍ വീ ഡാന്‍സ്‘-ലെ നായകന്റെ ഗേ കൊളീഗ്, ‘ദി ടെര്‍മിനല്‍‘-ലെ എയര്‍പോര്‍ട്ട് മാനേജര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രതിഭ തെളിയിച്ച/ശ്രദ്ധ ആകര്‍ഷിച്ച സ്റ്റാന്‍ലി, കോര്‍പ്പറേറ്റ് ലൈഫില്‍ തുടക്കക്കാരിയായ ആന്‍ഡിയ്ക്ക് ഓഫീസില്‍ നല്ലൊരു സീനിയര്‍ സുഹൃത്തായ നിഗേല്‍ എന്ന കഥാപാത്രത്തെ ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു.
Saturday, May 05, 2007
ദി ഹോളിഡേ

കാമുകന്മാരാല്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് യുവതികളുടെ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ചിത്രം : ദി ഹോളിഡേ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രസകരമായ അവതരണം. കാഴ്ചക്കാരെ അവസാനം വരെ താല്പര്യപൂര്‍വ്വം പിടിച്ചിരുത്തുന്നതില്‍ സംവിധായിക നാന്‍സി മെയേഴ്സ് (What women want, Something's gotta give) അങ്ങേയറ്റം വിജയിച്ചിരിക്കുന്നു.
ഹോളിവുഡില്‍ സിനിമകള്‍ക്ക് ട്രെയ്‌ലര്‍ തയ്യാറാക്കുന്ന, പണക്കാരിയായ അമാന്‍ഡ (കാമറൂണ്‍ ഡയസ്), ലണ്ടനിലെ ഒരു കൊച്ചുഗ്രാമത്തില്‍ എഴുത്തുകാരിയായ ഐറിസ് (കേറ്റ് വിന്‍സ്‌ലെറ്റ്) എന്നിവര്‍ മേല്‍പ്പറഞ്ഞ പ്രശ്നത്തിലൂടെ കടന്നുപോകുകയാണ്. ഈ ഗുലുമാലുകളില്‍ നിന്ന് ഒന്ന് തലയൂരാന്‍ ഇരുവരും കാത്തിരിക്കുമ്പോഴാണ്, വെക്കേഷനുവേണ്ടി വീടുകള്‍ എക്സ്ചേഞ്ച് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഏജന്‍സി വഴി അമാന്‍ഡയും ഐറിസും പരസ്പരം വീടുകള്‍ മാറിത്താമസിക്കാന്‍ ഇടയാകുന്നത്.

പുതിയ രാജ്യങ്ങളില്‍ പുതിയ വീടുകളില്‍ ഇരുവരും താമസമാക്കുന്നതും തുടര്‍ന്ന് രസകരമായ കൊച്ചുകൊച്ചുസംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നതും വളരെ ആസ്വാദ്യകരമായി പകര്‍ത്തിയിരിക്കുന്നു.

കഥാഘടനയില്‍ ഒരല്പം silliness ഉണ്ടെങ്കിലും, അത് ചിത്രത്തെ ബാധിക്കാതെയും കാണുന്നവരെ നിരാശരാക്കാതെയും സംവിധായിക കഥ പറഞ്ഞ് അവസാനിപ്പിക്കുന്നു. എതെങ്കിലും രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെ ഇന്റിമേറ്റായ സൌഹൃദസംഭാഷണരംഗങ്ങള്‍ വളരെ ആകര്‍ഷകമായി ചിത്രീകരിച്ചിരിക്കുന്നു.
ജാക്ക് ബ്ലാക്ക് (നാച്ചോ ലിബ്രേ), ജൂഡ് ലോ (All the king's men) എന്നിവരും ശ്രദ്ധേയമായ, മെച്ചപ്പെട്ട അഭിനയം കാഴ്ചവച്ചിരിക്കുന്നു.

‘പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ ചിത്രം വളരെയിഷ്ടപ്പെടുമെന്നാണ് എന്റെ (വീട്ടിലെ) അനുഭവം‘ :-)
Monday, April 30, 2007
ബേജാ ഫ്രൈ

സംവിധാനം: സാഗര്‍ ബെല്ലാരി
നിര്‍മ്മാണം: സുനില്‍ ദോഷി
തിരക്കഥ: സാഗര്‍ ബെല്ലാരി, അര്‍പ്പിത ചാറ്റര്‍ജി
അഭിനേതാക്കള്‍: സരിക, രജത് കപൂര്‍, വിനയ് പാതക്ക്, രണ്‍വീര്‍ ഷോരെ, മിലിന്ദ് സോമന്‍, ഭൈരവി ഗോസ്വാമി
സാഗര്‍ ബെല്ലാരിയുടെ ആദ്യ ചിത്രമാണ് ബേജാ ഫ്രൈ. വന്‍ താരനിര ഒന്നും ഇല്ലാത്ത ഈ ചിത്രം മള്‍ട്ടിപ്ലെക്സ് പ്രേക്ഷകരെ മനസ്സില്‍ കണ്ട് കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയ പരസ്യങ്ങളുടെയൊന്നും അകമ്പടിയില്ലാതെയാണ് ഈ സിനിമ ഭാരതമാകെ റിലീസ് ആയതും.
രജത് കപൂര്‍ ഒരു ധനികനാണ്. വെള്ളിയാഴ്ചകളില്‍ അധികം കഴിവൊന്നുമില്ലാത്ത കലാകാരന്മാരെ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടികളില്‍ വിളിച്ച്, അവരെക്കൊണ്ട് പരിപാടികള്‍ അവതരിപ്പിച്ച്, അവരറിയാതെ അവരെ കളിയാക്കി ചിരിക്കുന്ന വിനോദം ഉള്ള അഹങ്കാരിയായിട്ടാണ് രജത് കപൂര്‍ വേഷമിടുന്നത്. അങ്ങിനെയുള്ള ഒരു വിരുന്നിന് വിനയ് പാതക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെ രജത് കപൂര്‍ ക്ഷണിക്കുന്നു. പക്ഷെ അന്നേ ദിവസം രജത് കപൂറിന്റെ നടുവ് ഉളുക്കിയതിനാല്‍ പാര്‍ട്ടിക്ക് പോകാനാകുന്നില്ല. വിനയ് പാതക്ക് അങ്ങിനെ രജത് കപൂറിന്റെ വീട്ടിലെത്തുന്നു. അവിടെ അന്നേ ദിവസം രാത്രി വിനയ് കാട്ടിക്കൂട്ടുന്ന വിവരക്കേടുകളാണ് ഈ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗം.
വിനയ് പാതക്ക് വളരെ നന്നായി ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ഇഡിയറ്റ് എന്ന് രജത് കപൂര്‍ ആദ്യവസാനം വിശേഷിപ്പിക്കുന്ന ഈ കഥാപാത്രത്തിനെ എല്ലാത്തരത്തിലും ആസ്വാദ്യകരമാണ്. അദ്ദേഹത്തിന്റെ ചിരിയും, ഓരോ ഫോണ്‍ വിളിക്കുമ്പോഴും ആവര്‍ത്തിക്കുന്ന ചില ഡയലോഗുകളും, അബദ്ധം പറ്റുമ്പോള്‍ പ്രതികരിക്കുന്നതും, കയ്യില്‍ കൊണ്ട് നടക്കുന്ന തന്റെ ഫോട്ടോ ആല്‍ബവും, അദ്ദേഹത്തിന്റെ പാട്ടുകളും എല്ലാം ഒന്നിനൊന്ന് മെച്ചം. വിനയിനെക്കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമാശകളും ഒക്കെ രജത് കപൂറും ഭംഗിയാക്കി. ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷം ചെയ്ത രണ്‍വീര്‍ ഷോരിയും പ്രേക്ഷകരെ ചിരിപ്പിക്കും. മിലിന്ദ് സോമന്‍ പക്ഷെ തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്തിയോ എന്ന് സംശയം, രണ്‍വീറിനോടും വിനയ്‌നോടും ഒരേപോലെ അടുപ്പം കാണിക്കുന്ന തരത്തിലുള്ള മിലിന്ദ് സോമന്റെ പ്രകടനം ചിലപ്പോഴെങ്കിലും അരോചകമായി.
സിനിമയുടെ ഹൈലൈറ്റ് അതിന്റെ കഥ തന്നെയാണ്. ഒരു രാത്രി സംഭവിക്കുന്ന കാര്യങ്ങളായതിനാല്‍ കഥ എന്നൊരുപക്ഷെ വിളിക്കാന്‍ കഴിയില്ലെങ്കിലും രസകരമായ സംഭവവികാസങ്ങളിലൂടെയുള്ള സിനിമയുടെ പോക്ക് മനോഹരമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ കഥ മാറിമറിയുന്നതും, അതിനുചേര്‍ന്ന് രീതിയിലുള്ള കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനവും ഒക്കെയാകുമ്പോള്‍ ഈ സിനിമ എന്തുകൊണ്ടും ആസ്വാദ്യകരമാകും. ഒറ്റതവണയെങ്കിലും പൊട്ടിച്ചിരിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്ന്‍ തറപ്പിച്ച് തന്നെ പറയാനാകും.
സിനിമയില്‍ പാട്ട് ഒന്നേയുള്ളൂ. അത് തരക്കേടില്ലാത്ത നിലവാരം പുലര്‍ത്തി. സിനിമയില്‍ പാട്ടിനധികം പ്രാധാന്യമില്ലെങ്കിലും.
ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. അതീവ സുന്ദരി എന്ന് ഒന്നിലധികം തവണ വിശേഷിപ്പിച്ച രജത് കപൂറിന്റെ ഭാര്യാകഥാപാത്രമായി വേഷമിട്ടിരുന്നത് സരികയാണെന്നത് ഒന്ന്. ഭാര്യയെ ഒരു രാത്രി കാണാതാകുമ്പോള്‍ രജത് പലരേയും വിളിച്ച് ഭാര്യ അയാളുടെകൂടെയുണ്ടോ എന്നന്വേഷിക്കുന്നത് ഈ ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ പ്രേക്ഷകന് അറപ്പുളവാക്കും എന്നത് വേറൊന്ന്. സിനിമയിലെ ആണ്‍ കഥാപാത്രങ്ങള്‍ക്ക് മുഴുവന്‍ പിണങ്ങിപ്പോയ ഭാര്യയോ, അല്ലെങ്കില്‍ പരപുരുഷബന്ധം സൂക്ഷിക്കുന്ന ഭാര്യയോ ആണുള്ളതെന്നതും ഒരു നല്ല കഥയ്ക്ക് ചേരുന്നതല്ല്ല എന്നത് മറ്റൊന്ന്.
മനസ്സ് തുറന്ന് ചിരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പോയി കാണാവുന്ന ഒരു ചിത്രം. ദ്യയാര്‍ത്ഥപ്രയോഗങ്ങളുള്ള ഡയലോഗുകള്‍ ഇല്ലാതെ സിറ്റുവേഷണല്‍ കോമഡിയാണ് ഇതില്‍ ഉള്ളതെന്നതിനാല്‍ ഏത് പ്രായക്കാര്‍ക്കും ഒരേപോലെ രസിക്കും ഈ ചിത്രം. ഒരുപിടി നല്ല കഥാപാത്രങ്ങള്‍, നല്ല അഭിനയങ്ങള്‍, സിനിമ കഴിഞ്ഞാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന പല പല രംഗങ്ങള്‍. എന്തുകൊണ്ടും നല്ല സിനിമ എന്ന് വിളിക്കാവുന്ന ഒരു ലോ ബഡ്ജസ്റ്റ് സിനിമ. പക്ഷെ കരച്ചില്‍ പടങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും, പ്രേമ രംഗങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് തിയറ്റര്‍ അന്വേഷിച്ച് പോകേണ്ടി വരും.
എന്റെ റേറ്റിങ്ങ്: 4.0/5
Wednesday, April 18, 2007
വിനോദയാത്ര

രചന, സംവിധാനം : സത്യന്‍ അന്തിക്കാട്
അഭിനയം : ദിലീപ്, മീരാ ജാസ്മിന്‍, മുകേഷ്, മുരളി, ഇന്നസെന്റ്, മാമുക്കോയ, സീത, വിജയരാഘവന്‍, പാര്‍വതി, ബാബു നമ്പൂതിരി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : എസ്. കുമാര്‍
സത്യന്‍ അന്തിക്കാട് എന്ന സംവിധായകനിലുള്ള പ്രതീക്ഷയാണ് "വിനോദ യാത്ര" കാണണമെന്നുള്ള ആഗ്രഹമുണ്ടാക്കിയത്. അദ്ദേഹം നല്ലൊരു സംവിധായകന്‍ തന്നെയാണെന്ന് സിനിമ തെളിയിക്കുന്നുണ്ട്. പക്ഷേ, നല്ലൊരു തിരക്കഥാകൃത്തല്ലെന്നുള്ളത് രസതന്ത്രത്തിലൂടെ മനസ്സിലാക്കിയത് വിനോദയാത്ര അടിവരയിട്ട് ഉറപ്പിച്ചു.
ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ജീവിക്കാനറിയാത്ത വിനോദിനെ (ദിലീപ്) പ്രാരാംബ്ധക്കാരിയായ അനുപമ (മീരാ ജാസ്മിന്‍) ജീവിതം എന്താണെന്നു പഠിപ്പിക്കുന്നതാണ് സിനിമ. ഉത്തരവാദിത്തമില്ലാത്ത ധനികനായ നായകനേയും പ്രായോഗിക ബുദ്ധിയുള്ള ദരിദ്രയായ നായികയേയും സത്യന്റെ തന്നെ “വീണ്ടും ചില വീട്ടുകാര്യങ്ങളിലും” മറ്റു പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പറഞ്ഞു പഴകിയ കഥ ബോറഡിപ്പിക്കാതെ അവതരിപ്പിച്ചതിനുള്ള ക്രെഡിറ്റ് സത്യനും ദിലീപിനും പങ്കിട്ടെടുക്കാം.
കംപ്യൂട്ടര്‍ എഞ്ചിനീയര്‍മാരുടെ കാലമല്ലേ എന്നു കരുതിയായിരിക്കും നായകന്‍ എംസിഎക്കാരനാണ്. വീടിനും നാടിനും ശല്യമാകുന്ന വിനോദിനെ അച്ഛന്‍ (ബാബു നമ്പൂതിരി) നന്നാക്കാനായി അയയ്കുന്നത് സഹോദരിയുടേയും (സീത) ഭര്‍ത്താവ് ഷാജിയുടേയും (മുകേഷ്) അടുത്തേക്കാണ്. ശല്യം ഒഴിവാക്കാനായി ഷാജി വിനോദിനെ ജീവചരിത്രമെഴുതുന്ന റിട്ടയേര്‍ഡ് ഐജിയുടെ (നെടുമുടി വേണു) സഹായത്തിനായി വിടുന്നു. ഒരു യാത്രയില്‍ കണ്ടുമുട്ടുന്ന അനുപമ വിനോദിന്റെ ജീവിതത്തില്‍ പിന്നീട് വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ കഥാതന്തു.
ഇവരെ കൂടാതെ വേറേയും ധാരാളം കഥാപാത്രങ്ങളുണ്ട്. ഷാജിയുടെ പെങ്ങള്‍ രശ്മി (പാര്‍വതി), ഡ്രൈവര്‍ (മാമുക്കോയ), ഡാമിലെ ജോലിക്കാരനായ തങ്കച്ചനും (ഇന്നസെന്റും) ഭാര്യയായ വര്‍ക്ക്ഷോപ്പുടമയായി ശ്രീലത. അനുപമയുടെ പോലീസുകാരനായ അച്ചന്‍ (മുരളി), അമ്മ (സബിതാ ആനന്ദ്). വിനോദിന്റെ കഥയോടൊപ്പം സിനിമയില്‍ വരുന്ന മറ്റു കഥാപാത്രങ്ങളുടെ ജീവിതങ്ങള്‍ കൂടി പറയുമ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുന്നു. പലതും നായകന്റെ ഗുണഗണങ്ങള്‍ കാണിക്കാനെന്നല്ലാതെ നായകന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് ഹേതുവാകുന്നില്ല.
ദിലീപും മീരാ ജാസ്മിനും മോശമില്ലാത്ത അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. സിനിമയെ പലപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത് ദിലീപ് തന്നെയാണ്. മറ്റുള്ളവരില്‍ എടുത്തുപറയ തക്കതായി തോന്നിയത് ഇന്നസെന്റ് മാത്രമാണ്.
സിനിമയിലെ ഹാസ്യം പുതുമയുള്ളതല്ലെങ്കിലും ചിരിപ്പിക്കുന്നതാണ്. അതു തന്നെയാണ് സിനിമയെ വിജയിപ്പിക്കുന്നതു. ശ്രദ്ധേയമായ മറ്റൊന്ന് സിനിമ വലിച്ചു നീട്ടാതെ പറഞ്ഞ രീതിയാണ്. പ്രേക്ഷകര്‍ക്ക് സ്പൂണ്‍ ഫീഡിംഗ് നടത്തിയാലേ കാര്യങ്ങള്‍ മനസ്സിലാകൂവെന്ന്‍ മലയാളത്തിലെ (ഇന്ത്യയിലെ തന്നെ) സംവിധായകര്‍ക്ക് ഒരു ധാരണയുണ്ട്. ഇതില്‍ പല കാര്യങ്ങളും ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നത് ആകര്‍ഷകമായി തോന്നി. ഉദാഹരണത്തിന് നായകനെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കികൊണ്ടു വരുന്ന രംഗം.
സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ ഗാനങ്ങള്‍ വേണമല്ലോ എന്നു കരുതി സൃഷ്ടിച്ചതു പോലെയുണ്ട്. ഒന്നു തന്നെ സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നില്ല. സത്യന്‍ അഴകപ്പനെ മാറ്റി കുമാറിനെ ക്യാമറയേല്‍പ്പിച്ചപ്പോള്‍ വിത്യസ്തത തോന്നിയെന്നല്ലാതെ പറയത്തക്കതായി ഒന്നുമില്ല.
ഒരു കിലോ അരിയുടെ വിലയറിയാതെ ലോകകാര്യങ്ങള്‍ പ്രസംഗിച്ചിട്ടു കാര്യമില്ല എന്നും ജീവിതം പ്രദര്‍ശന വസ്തുവല്ല എന്നും പറയുന്ന അനുപമയിലൂടെ സിനിമ നല്‍കുന്ന സന്ദേശങ്ങള്‍ അര്‍ത്ഥവത്തും സിനിമ കഴിഞ്ഞാലും ചിന്തിക്കാനുതകുന്നതും ആണ്. അതു തന്നെയാണ് സത്യനെ കുടുംബസദസ്സുകളുടെ പ്രിയങ്കരനാക്കുന്നതും. അടുത്ത ചിത്രത്തിലെങ്കിലും തിരക്കഥയില്‍ അദ്ദേഹത്തിനു കുറച്ചു കൂടി ശ്രദ്ധിക്കാവുന്നതാണ്
എന്റെ റേറ്റിംഗ് : 3/5
വെറും ഉഡായിപ്പാ..
പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും..
ഇതിനെല്ലാമുപരി മണ്ടനുമാ..
Thursday, April 12, 2007
ഛോട്ടാ സാന്റിയാഗോ

ഛോട്ടാ മുംബൈ : മലയാള ചലച്ചിത്രം
തുടക്കം.
സാന്റിയാഗോ പോലെ ഒരുപാട് ഗലികളില്‍ ജീവിതം ഒഴുകുന്ന മട്ടാഞ്ചേരിയുടെ ഏരിയല്‍ ഷോട്ട്. ഒരു പഴയകെട്ടിടത്തിന്റെ മുകളീല്‍ കൂട്ടംകൂടിയിരിക്കുന്ന കുട്ടികളില്‍ ഒരുവന്റെ കയ്യില്‍ തോക്ക്, ആകാശത്തേക്കവന്‍ നിറയൊഴിക്കുന്നു. ഒറ്റ സീനില്‍ സിനിമയെന്താണെന്ന് പറഞ്ഞു തന്ന അഴകപ്പാ, നവോവകം.
Thursday, March 08, 2007
സിറ്റിസണ്‍ കെയിന്‍

രചന : ഹെര്‍മന്‍ മാന്‍കെവിക്‍സ്, ഓര്‍സണ്‍ വെല്‍സ്
അഭിനേതാക്കള്‍ : ഓര്‍സണ്‍ വെല്‍സ്, ജോസഫ് കോട്ടെന്‍, ഡൊറോത്തി കോമിന്‍ഗോര്‍, റൂത്ത് വാരിക്
വര്‍ഷം : 1941
കോടീശ്വരനും മാദ്ധ്യമ ചക്രവര്‍ത്തിയുമായ ചാള്‍സ് ഫോസ്റ്റര്‍ കെയിനിന്റെ (ഓര്‍സണ്‍ വെല്‍സ്) കഥ പറയുന്ന സിനിമ അധികാരത്തിന്റേയും പണത്തിന്റേയും ശക്തിയും അപചയവും വെളിവാക്കുന്നു. ഏകനായ കെയിന്‍ സാനഡു എന്ന തന്റെ കൊട്ടാരസദൃശമായ മാളികയില്‍ വെച്ച് മരണപെടുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. “റോസ്‌ബഡ്” എന്നായിരുന്നു മരിക്കുന്നതിനു മുമ്പ് കെയിന്‍ അവസാനമായി ഉച്ചരിച്ച വാചകം. അതെന്താണ് ഉദ്ദേശിച്ചതെന്ന് പത്രപ്രവര്‍ത്തകനായ തോംസണ്‍ അന്ന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. കെയിനിനോട് കൂടെ പ്രവര്‍ത്തിച്ചിട്ടുള്ളവരും ജീവിച്ചിട്ടുള്ളവരും അവരുടെ അനുഭവങ്ങള്‍ പറയുന്നത് ഫ്ലാഷ്‌ബാക്കായി കാണിക്കുന്നു. “റോസ്‌ബഡിന്റെ” അര്‍ത്ഥം കണ്ടെത്താനാവാതെ തോംസണ്‍ മടങ്ങുമ്പോള്‍ അത് പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.
ജീവിതത്തില്‍ എല്ലാം നേടി അവസാനം അതൊന്നുമല്ലെന്ന് മനസ്സിലാക്കുന്നതാണ് സിനിമയുടെ വിജയം. രണ്ട് തവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്യുന്ന കെയിന്‍ എല്ലാം തന്റെ ഇഷ്ടപ്രകാരം നടത്തുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികള്‍, രാഷ്ട്രീയത്തിലെ പരാജയം, സ്നേഹം കിട്ടാതിരിക്കുന്നത് തുടങ്ങിയവയെല്ലാം ജീവിതത്തില്‍ നേടിയ മറ്റെന്തിനേയും നിഷ്പ്രഭമാക്കുന്നു.
സിനിമയുടെ കഥയെക്കാളുപരി അതിന്റെ നിര്‍മ്മാണത്തിലാണ് സിറ്റിസണ്‍ കെയിന്‍ ശ്രദ്ധിക്കപെട്ടത്. നൂതനമായ പല ചിത്രീകരണ രീതികളും ആവിഷ്കരിക്കാന്‍ വെല്‍സിനു കഴിഞ്ഞു. വെല്‍സിന്റെ അഭിനയം മെത്തേഡ് ആക്ടിംഗിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ്. മറ്റൊരു ശ്രദ്ധേയമായ സംഗതി ഇതില്‍ ചിത്രീകരണത്തിനുപയോഗിച്ചിരിക്കുന്ന ഡീപ് ഫോക്കസ് രീതിയാണ്. കാമറയുടെ റേഞ്ചില്‍ വരുന്നതിന്റെ പൂര്‍ണമായും ഒരേ സമയം ഫോക്കസില്‍ കൊണ്ടു വരുന്ന രീതിയാണത്. മറ്റൊരു ശ്രദ്ധേയമായ സംഗതിയാണ് കെയിനിന്റെ ആദ്യഭാര്യയുമായുള്ള ജീവിതം കാണിക്കുന്ന ഇതിലെ പ്രശസ്തമായ ബ്രേക്ക്ഫാസ്റ്റ് രംഗം ചിത്രീകരിച്ചിരിക്കുന്ന എപ്പിസോഡീക്ക് സിക്വെന്‍സ്. അതില്‍ കഥാപാത്രങ്ങള്‍ വേഷവും മേക്കപ്പും മാറി ഒരേ ലോക്കേഷനില്‍ തന്നെ ചിത്രീകരിച്ച് കാലം മാറുന്നത് തുടര്‍ച്ചയായി കാണിച്ചിരിക്കുന്നു. ഇതു പോലെ ധാരാളം “പുതുമകള്‍” നിറഞ്ഞ ഒന്നാണ് സിറ്റിസണ്‍ കെയിന്‍.
അക്കാലത്ത് മാധ്യമ രംഗത്തെ പ്രമുഖനായിരുന്ന വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റിന്റെ ജീവിതം ആസ്പദമാക്കിയാണ് ഇതിന്റെ കഥ രചിച്ചിരിക്കുന്നത്. ഇതിഷ്ടപ്പെടാതിരുന്ന ഹേര്‍സ്റ്റ് സിനിമയെ തകര്‍ക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുക്കയും അതിന്‍ ഫലമായി ചിത്രം പരാജയപ്പെടുകയും ചെയ്തു. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി വാഴ്ത്തപ്പെടുകയുമായാണ് ഉണ്ടായത്. ഇന്ന് ഹേര്‍സ്റ്റിനെ പറ്റി പറയുമ്പോള്‍ സിറ്റിസണ്‍ കെയിന്‍ പരാമര്‍ശിക്കപ്പെടുന്നുവെന്നത് ഒരു ചരിത്രനീതിയായി കാണാം.
വെറും ഉഡായിപ്പാ..
പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും..
ഇതിനെല്ലാമുപരി മണ്ടനുമാ..
Tuesday, March 06, 2007
വോള്‍വര്‍ (ബോള്‍ ബെര്‍)

രചന, സംവിധാനം : പെഡ്രോ അല്‍മൊദവര്‍
ഭാഷ : സ്പാനിഷ്
അഭിനേതാക്കള്‍ : പെന്‍ലോപ് ക്രൂസ്, കാര്‍മെന്‍ മൌറ, ലോല ഡ്യുനസ്, യൊഹാന കോബൊ, ബ്ലാങ്ക പോര്‍ടിലൊ
പോയ വര്‍ഷം ഫിലിം ഫെസ്റ്റിവലുകളിലെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു സ്പാനിഷ് സംവിധായകനായ പെഡ്രോ അല്‍മൊദവറുടെ വോള്‍വര്‍. നിരവധി അവാര്‍ഡുകളും നോമിനേഷനുകളും നേടിയ വോള്‍വര്‍ ലോകമെമ്പാടുമുള്ള സിനിമാ നിരൂപകരുടെ പ്രശംസ കരസ്ഥമാക്കി.
വോള്‍വര്‍ എന്നാല്‍ സ്പാനിഷ് ഭാഷയില്‍ തിരിച്ചു വരവ് എന്നാണര്‍ത്ഥം. മരിച്ചുപോയെന്നു കരുതിയ അമ്മയുടെ തിരിച്ചു വരവും കുടുംബജീവിതത്തിലെ അപസ്വരങ്ങളും അസ്വാരസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്. പൂര്‍ണമായും ഒരു സ്ത്രീപക്ഷ ചലചിത്രമാണ് വോള്‍വര്‍. കഴിഞ്ഞ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് ഇതിലെ ആറു നടികള്‍ പങ്കിടുകയായിരുന്നു.
റൈമുണ്ടയുടെ (പെന്‍ലോപ് ക്രൂസ്) മാതാപിതാക്കള്‍ ഒരു തീപിടിത്തത്തില്‍ മരണപെട്ടതാണ്. അവള്‍ മദ്യപാനിയായ ഭര്‍ത്താവും മകള്‍ പൌളയുമൊത്ത് (യൊഹാന കോബൊ) താമസിക്കുന്നു. റൈമുണ്ടയുടെ സഹോദരിയാണ് സോള്‍ (ലോല ഡ്യുനാസ്). പൌള അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനെ കുത്തികൊല്ലുന്നു. റൈമുണ്ട മകളെ സംരക്ഷിക്കുകയെന്നത് തന്റെ ദൌത്യമായി കരുതി മൃതശരീരം ഒളിപ്പിക്കുന്നു. മാതൃസഹോദരിയുടെ ശവമടക്കിനു പോകുന്ന് സോള്‍ അവിടെ വെച്ച് സ്വന്തം അമ്മയായ ഐറീന്റെ (കാര്‍മെന്‍ മൌറ) “പ്രേതത്തിനെ” കാണുന്നു. സോളിന്റെ കൂടെ വരുന്ന ഐറീന്‍ അവളുടെ വീട്ടില്‍ റഷ്യക്കാരിയായ സഹായിയായി ഒളിച്ചു താമസിക്കുന്നു.
ഐറീന്‍ എന്തിന് റൈമുണ്ടയെ ഒളിക്കുന്നു, തീപിടിത്തം എങ്ങിനെ സംഭവിച്ചു, തുടങ്ങി മനസ്സില്‍ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം തരുന്നതാണ് സിനിമയുടെ അവസാനം. തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ രസകരമായി കഥ പറഞ്ഞിട്ടുണ്ട്. പെന്‍ലോപ് ക്രൂസിന്റെ ഏറ്റവും മികച്ച പ്രകടനമാണിതിലുള്ളത്. ഹോളിവുഡില്‍ നല്ല വേഷങ്ങളൊന്നും ലഭിക്കാതിരുന്ന ക്രൂസിന് തന്റെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരം ശരിക്കും മുതലാക്കിയിരിക്കുന്നു. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട മറ്റൊരാള്‍ കാര്‍മെന്‍ മൌറയാണ്.
ഹാസ്യത്തിലൂടെയാണെങ്കിലും വളരെ പ്രധാനപെട്ട ഒരു വിഷയം കാര്യഗൌരവത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സിനിമ കഴിഞ്ഞാലും മനസ്സില്‍ അത് തങ്ങിനില്‍ക്കുന്നത് അല്‍മൊദവറുടെ വിജയം തന്നെ. മനോഹരമായൊരു കഥയും രസകരമായ സംഭാഷണങ്ങളും മികച്ച അഭിനയമുഹൂര്‍ത്തങ്ങളും തികഞ്ഞ സംവിധാനമികവും ഉള്ള വോള്‍വര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.
വെറും ഉഡായിപ്പാ..
പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും..
ഇതിനെല്ലാമുപരി മണ്ടനുമാ..
Tuesday, February 27, 2007
പച്ചക്കിളി മുത്തുച്ചരം
കാക്ക കാക്കയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗൌതം മേനോന്‍ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പച്ചക്കിളി മുത്തുച്ചരം. ശരത്കുമാര്‍, ജ്യോതിക, ആഡ്രിയ, മിലിന്ദ് സോമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. ഗൌതമിന്റെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമോ ജനപ്രീതിയോ ഇതിനു നേടാന്‍ കഴിഞ്ഞില്ല.
ജെയിംസ് സീഗളിന്റെ ഡീറെയില്‍ഡ് എന്ന നോവലിനെ ആധാരമാക്കിയാണ് ഗൌതം ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ക്ലൈവ് ഓവനും ജെന്നിഫര്‍ അനിസ്റ്റണും ചേര്‍ന്നഭിനയിച്ച് ഇതേ പേരില്‍ ഒരു ഹോളിവുഡ് ചിത്രവും ഇറങ്ങിയിരുന്നു. ഏതായാലും സത്യം തുറന്നു പറഞ്ഞത് അഭിനന്ദനീയം തന്നെ.
മെഡിക്കല്‍ റെപ്പായ വെങ്കിടേഷിന്റെ (ശരത്കുമാര്‍) ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഏകമകനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ കല്യാണിക്ക് (ആഡ്രിയ) വെങ്കിയുടെ കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നു. ട്രെയിന്‍ യാത്രയില്‍ വെച്ച് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഗീതയെ (ജ്യോതിക) വെങ്കി പരിചയപ്പെടുന്നു. അടുപ്പം വര്‍ദ്ധിച്ച് ഒരു ദിവസം ഓഫീസില്‍ പോകാതെ രണ്ടു പേരും ഒരു റിസോര്‍ട്ടില്‍ മുറിയെടുക്കുന്നു. അവിടെയെത്തുന്ന വില്ലനായ ലോറന്‍സ് (മിലിന്ദ് സോമന്‍) ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരല്ലെന്നു മനസ്സിലാക്കുകയും തുടര്‍ന്ന് വെങ്കിടേഷിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളോടെയാണ് സിനിമ വികസിക്കുന്നത്.
സിനിമയുടെ ആദ്യപകുതി വിരസമാണ്. പകുതിക്ക് ഇറങ്ങിപ്പോയാലോയെന്നു തോന്നിക്കുമാറ് വലിച്ചു നീട്ടിയിരിക്കുന്നു. കഥാന്ത്യം പ്രതീക്ഷിച്ചതു പോലെ തന്നെയാകുമോയെന്നറിയാനുള്ള ആകാംക്ഷയായിരുന്നു പിടിച്ചു നിര്‍ത്തിയത്. പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല. എങ്കിലും സസ്പെന്‍സ് മോശമായില്ല എന്നു പറയാം. രണ്ടാം പകുതി കുറച്ചു കൂടി ചടുലമാണ്.
ചുരുക്കി പറയേണ്ടിയിരുന്ന കഥ വലുതാക്കിയതിന്റെ പോരായ്മകള്‍ പലയിടത്തും പ്രകടമാണ്. എങ്കിലും ഗൌതമിന്റെ സംവിധായക മികവ് ദൃശ്യമാകുന്ന രംഗങ്ങളുമുണ്ട്. കൊലപാതകങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോഴും പോലീസ് ഒരിക്കലും രംഗത്ത് വരാത്തത് അവിശ്വസനീയമാണ്.
അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. മിതാഭിനയം കാഴ്ച വെച്ച ശരതിന്റെ മികച്ച വേഷങ്ങളിലൊന്നാണിത്. ജ്യോതികയും നല്ല പ്രകടനം നടത്തിയിരിക്കുന്നു. തമിഴില്‍ ആദ്യമായി വരുന്ന് മിലിന്ദ് സോമന്‍ ഗൌതമിന്റെ മുന്‍ചിത്രങ്ങളിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുന്നെങ്കിലും മോശമാക്കിയിട്ടില്ല. ഗായികയായി വന്ന (കണ്ണും കണ്ണും നോക്കിയ, കര്‍ക്ക കര്‍ക്ക) ആഡ്രിയയുടെയും ആദ്യ സിനിമയാണിത്.
ഹാരിസ് ജയരാജിന്റെ സംഗീതം ഗാനങ്ങളെ മനോഹരമാക്കിയെങ്കിലും ചിത്രീകരണം നന്നായില്ല. പാശ്ചാത്തല സംഗീതം പലപ്പോഴും അസഹനീയമാണ്. ഉനക്കുള്‍ നാന്‍ എന്ന ഗാനം വേട്ടൈയാട് വിളൈയാടിലെ ഉയിരിലെ എന്ന ഗാനത്തിന്റെ സ്മരണകളുണര്‍ത്തുന്നു. അരവിന്ദ് കൃഷ്ണയുടെ ക്യമറ ഭേദമെന്നേ പറയാന്‍ പറ്റൂ.
മുന്‍ധാരണകളില്ലാതെ വന്നാല്‍ ഒരു മിനിമം ഗ്യാരണ്ടി പടം തന്നെ.
എന്റെ റേറ്റിംഗ് : 2.5/5
വെറും ഉഡായിപ്പാ..
പിന്നെ, ഒടുക്കത്തെ ജാഡയും മുടിഞ്ഞ അഹങ്കാരവും..
ഇതിനെല്ലാമുപരി മണ്ടനുമാ..
Saturday, February 24, 2007
ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്
അഭിനേതാക്കള്‍:- അഭയ് ഡിയോള്‍, മിനിഷ, ഷബാന ആസ്മി, ബൊമ്മന്‍ ഇറാനി, അമീഷ പട്ടേല്‍, റൈമ സെന്‍, കെ കെ മേനോന്‍, സന്ധ്യ മൃദുല്‍, വികരം ചാട്വാള്‍, കരണ്‍ ഖന്ന, രണ്‍വീര്‍ ഷോരെ, ദിയ മിര്‍സ, അര്‍ജുന്‍ രാംപാല്‍, സുസൈന്‍ ബെര്‍നെര്‍ട്ട്.
‘ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്നത് സംവിധായക എന്ന നിലയില്‍ റീമ കാഗ്‌ടിയുടെ ആദ്യ സിനിമയാണ്. സൂപ്പര്‍ താരനിരയൊന്നുമില്ലാതെ ഒരു ലളിതമായ ഒരു കോമഡി ചിത്രമാണിത്.
ഹണിമൂണ്‍ ട്രാവത്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു സ്ഥാപനം നടത്തുന്ന ഗോവന്‍ ഹണിമൂണ്‍ യാത്രയാണ് ഈ ചിത്രത്തിന്റെ കഥയുടെ ആധാരം. ഈ യാത്രയില്‍ ആറ് ദമ്പതികളാണ് പങ്കെടുക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഇവര്‍ പുറപ്പെടുന്ന ഈ യാത്ര തീരുന്നത് സിനിമയോടൊപ്പമാണ്. ഈ യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളും തമാശകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം.
ഊഹിക്കാവുന്നതുപോലെ ഈ ദമ്പതികളുടെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ച് കൊച്ച് തമാശകളും കുറച്ച് സ്നേഹപ്രകടനങ്ങളും എല്ലാം ചേര്‍ന്ന ഒരു ഹണിമൂണ്‍ തന്നെ ഈ സിനിമയില്‍ നമ്മള്‍ കാണുന്നതും. വളരെ വ്യത്യസ്ഥമാണ് ഈ യാത്രയിലെ ആറ് ദമ്പതികളും, അതുകൊണ്ട് ഇവരുടെ കഥകളും വളരെ വ്യത്യസ്ഥം. കഥ പറയുന്ന രീതിയും കഥ മുന്നോട്ട് പോകുന്ന വിധവും സംവിധാനവും ഒന്നിനൊന്നോട് മികച്ച് നില്‍ക്കുന്നു. ക്യാമറയും ലൊക്കേഷനും ഒക്കെ മനോഹരം. കഥാപാത്രങ്ങള്‍ കുറച്ചധികം ഉണ്ടെങ്കിലും എല്ലാവര്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുന്നതില്‍ സംവിധായിക വിജയിച്ചിട്ടുണ്ട്. അഭിനേതാക്കളും മനോഹരമായി തങ്ങളുടെ കടമ നിര്‍വ്വഹിച്ചിരിക്കുന്നു. ഹണിമൂണാണ് വിഷയമെങ്കിലും അതിരുകടന്ന സ്നേഹപ്രകടനം ഒന്നും സിനിമയില്‍ ഇല്ലാത്തതിനാല്‍ കുടുമ്പത്തോടൊപ്പമിരുന്ന് സിനിമ കാണാവുന്നതുമാണ്.
സിനിമയിലെ ഗാനങ്ങളും, നൃത്തവും ഒക്കെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്. അഭയ് ഡിയോളിന്റേയും മിനിഷ ലാമ്പയുടേയും സാല്‍സ നൃത്തം അതിമനോഹരമായിരിക്കുന്നു. കെ കെ മേനോന്‍ നേതൃത്വം കൊടുത്ത പാര്‍ട്ടി ഗാനവും ആസ്വാദ്യകരം.
ചില പോരായ്മകളും ഉണ്ട് സിനിമയ്ക്ക്. ആറ് ദമ്പതികളിലൊന്നിന്റെ കഥ യുക്തിക്ക് നിരക്കാത്തതാണെന്നു മാത്രമല്ല, ഒരു കാര്‍ട്ടൂണിന്റെ നിലവാരത്തിലേയ്ക്ക് താഴ്ന്നിട്ടുമുണ്ട് (മറ്റുള്ളവരുടെ കഥ നല്ല യാഥാര്‍ത്ഥ്യബോധം ഉളവാക്കുന്നതാകയാല്‍ ഈ വ്യത്യാസം വല്ലാതെ അനുഭവപ്പെടുന്നു). ബംഗാളി, ബീഹാറി, ഗുജറാത്തി എന്നീ ഭാഷകളും ഈ സിനിമയില്‍ ഉപയോഗിക്കുന്നത് ഈ ഭാഷ മനസ്സിലാവാത്തവരില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കഥയുടെ അന്ത്യം തീരെ സാധാരണമായിപ്പോയി. സിനിമ തീരുമ്പോഴും ചില ദമ്പതികളുടെ ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിച്ചതായി തെളിയിക്കുന്നില്ല. സിനിമയിലെ ചില ചുമ്പനരംഗങ്ങളെങ്കിലും ഒഴിവാക്കാവുന്നതുമായിരുന്നു.
സംഗ്രഹം: ഒരു യാത്രയെക്കുറിച്ചുള്ള ഈ സിനിമ ഒരു യാത്രയില്‍ പോകുന്ന സുഖം പ്രേക്ഷകന് നല്‍കുന്നുണ്ട്. സരസമായ അവതരണവും ലളിതമായ കഥയും ആയാസരഹിതമായ അഭിനയവും ഒക്കെ ഈ സിനിമ ഒരു ആസ്വാദ്യകരമായ ഒരു അനുഭവമാക്കിത്തരുന്നു. കാതിനിമ്പമുള്ള പാട്ടുകളും ഉണ്ടെന്നതുകൊണ്ട് വിശ്വസിച്ച് പണം മുടക്കി തിയറ്ററില്‍ പോയി കാണാവുന്നതുമാണ്.
എന്റെ റേറ്റിങ്ങ്: 3.5/5
ഇന്‍സ്പെകറ്റര്‍ ഗരുഡ്

നിര്‍മ്മാണം:- മിലന്‍ ജലീല്‍
സംഗീതം:- അലക്സ് പോള്‍
വരികള്‍:- വയലാര്‍ ശര്‍ത്ചന്ദ്ര വര്‍മ്മ
അഭിനേതാക്കള്‍:- ദിലീപ്, കാവ്യ മാധവന്‍, ഇന്നസെന്റ്, വിജയരാഘവന്‍, തുടങ്ങിയവര്‍
സംവിധായകന്‍ ജോണി ആന്റണിയുടെ 2007-ലെ ആദ്യ ചിത്രമാണ് ‘ഇന്‍സ്പെകറ്റര്‍ ഗരുഡ്’. ഇതിനുമുന്‍പിറങ്ങിയ ജോണി ആന്റണി ചിത്രം ‘സി.ഐ.ഡി മൂസ‘ വന്‍-ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു.
മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു സങ്കല്‍പ്പമാണ് ആന്റി-ഹീറോ എന്നത്. ദിലീപിന്റെ ആദ്യത്തേതും. വളരെ മോശം സ്വഭാവമുള്ള ഒരു നായകനെ ജോണി ആന്റണി അസ്സലായി അണിയിച്ചൊരുക്കിയിട്ടുണ്ട്.
പക്ഷെ അതിനുമപ്പുറം ഈ സിനിമ ഒന്നും തന്നെ പ്രേക്ഷകനു നല്‍കുന്നില്ല. ദിലീപ് എന്ന നായക നടനില്‍ നിന്നും ജോണി ആന്റണി എന്ന സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തില്‍ ഈ സിനിമ പ്രേക്ഷകനെ ചിരിപ്പിക്കാത്തത് സിനിമയെ വല്ലാതെ വിരസമാക്കുന്നു. ഹരിശ്രീ അശോകന്‍, സലീം കുമാര്‍ എന്നീ ഹാസ്യ നടന്മാരും ഒരു തരത്തിലും ആസ്വദിക്കത്തക്ക നര്‍മ്മ കൈകാര്യം ചെയ്യുന്നില്ല. സിനിമയുടെ തുടക്കത്തില്‍ തന്നെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് വച്ച് ഇതൊന്ന് വീഞ്ഞാക്കിത്തരുമോ കര്‍ത്തവേ എന്ന് സലീം കുമാര്‍ പ്രാര്‍ത്ഥിക്കുന്ന സീന്‍, ഈ സിനിമയില്‍ ഇല്ലാത്ത തമാശ കൊണ്ട് വരാനുള്ള തിരക്കഥാകൃത്തിന്റെ വികൃത ശ്രമമാണ് പുറത്ത് കൊണ്ട് വരുന്നത്. ശ്രീലങ്കയിലേയ്ക്ക് കൊണ്ട് പോകേണ്ടുന്ന ആയുധങ്ങള്‍ ആദ്യം തീവ്രവാദികളും, അത് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന കോളനിക്കാരും, പിന്നെ അത് പിടിക്കാന്‍ ശ്രമിക്കുന്ന പോലീസുകാരും ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതായി കാണിക്കേണ്ടിവന്നതും തിരക്കഥാകൃത്തിന്റെ ഗുരുതരമായ പാളിച്ചയാണ്.
സാദ്ദിക്ക്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ അഭിനയിച്ച ദുഷ്‌കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ പലകുറി കണ്ടു മടുത്തവയാണ്. ഐശ്വര്യ, ജനാര്‍ദ്ദനന്‍, അബു സലിം, ഊര്‍മ്മിള ഉണ്ണി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ കഥയെ സ്വാധീനിക്കുന്നതേയില്ല. കൊച്ചിന്‍ ഹനീഫ ഒരിക്കല്‍ കൂടി ഒരു വിഡ്ഡി കഥാപാത്രമായി നമ്മുടെ മുന്നിലെത്തുന്നു. വിജയരാഘവന്‍ കൊച്ചിരാജാവ് എന്ന ചിത്രത്തിലേതുപോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഒരു വ്യത്യസ്ഥതയ്ക്ക് വേണ്ടി മുഖം ഒന്ന് കോട്ടിപ്പിടിച്ചിട്ടുണ്ട്. വളരെ പാവമായ ഒരു പോലീസുകാരനായ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രം ദുഷ്ടനായ സി.ഐ-യോട് അനുകമ്പ കാണിക്കുന്നതിന് കാര്യമായ ന്യായീകരണമില്ല സിനിമയില്‍. കാവ്യാമാധവനും കാര്യമായി അഭിനയിക്കേണ്ടുന്ന ഒരു അവസരവും സിനിമ നല്‍കുന്നില്ല. ദിലീപ് എടുത്തുപറയത്തക്ക ഒരു വ്യത്യസ്ഥതയും ഈ സിനിമയിലെ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ കാണിക്കുന്നില്ല (തടി വല്ലാതെ കൂടുന്നു ദിലീപിന്).
സിനിമയിലെ പാട്ടുകളാണ് വിരസമായ സിനിമയെ ഒരല്‍പ്പമെങ്കിലും ആസ്വാദ്യകരമാക്കുന്നത്. പാട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്ന വിധവും അതിലെ നര്‍മ്മവും പ്രേക്ഷകനെ പിടിച്ചിരുത്തിയേക്കാം, പ്രത്യേകിച്ചും കാന്താരിപ്പെണ്ണേ എന്ന ഗാനം.
ചുരുക്കം: നിലവാരമില്ലാത്ത തമാശകളും അടിസ്ഥാനമില്ലാത്ത ഒരു കഥയും കണ്ടു മടുത്ത കഥാപാത്രങ്ങളും ഉള്ള ഒരു തരികിട പടം. തിയറ്ററില്‍ പോയി പടം കണ്ടാല്‍ ദുഃഖിക്കേണ്ടി വന്നേക്കാം. ടി.വി.യില്‍ വരുന്ന പാട്ടുകള്‍ കണ്ട് തൃപ്തരാകുക, സിനിമയില്‍ കാണാന്‍ കൊള്ളാവുന്നതായി അതേ ഉള്ളൂ.
എന്റെ റേറ്റിങ്ങ്: 1/5
ചിത്രവിശേഷം, ഇന്ദുലേഖ, varnachitram
Tuesday, February 06, 2007
ട്രാഫിക്ക് സിഗ്നല്‍

സംവിധാനം: മധുര്‍ ഭണ്ഡാര്‍ക്കര്‍
നിര്‍മ്മാണം: പെര്‍ഫക്റ്റ് പിക്ചേര്‍സ്
തിരക്കഥ: സച്ചിന്‍ യാര്‍ദി
അഭിനേതാക്കള്‍: കൊണ്‍കണ സെന്‍ ഗുപ്ത, കുനാല്‍ ഖേമു, നീതു ചന്ദ്ര, രണ്‍വീര്‍ ഷോരെ
ചാന്ദ്നി ബാര്‍, പേജ് ത്രീ, കോര്‍പ്പൊറേറ്റ് എന്നീ സിനികളുടെ ശില്‍പ്പിയായ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്രാഫിക്ക് സിഗ്നല്‍. വളരെ യഥാര്‍ത്ഥമയമായ രീതിയില്‍ ജീവിതത്തിനെ തുറന്ന് കാട്ടിയതിന് വിമര്‍ശന പ്രശംസ ഏറ്റുവാങ്ങിയവയായിരുന്നു മധുറിന്റെ മുന്‍ സിനിമകള്‍. അതുകൊണ്ട് തന്നെ റിലീസിനുമുന്‍പ് തന്നെ ഈ സിനിമ സിനിമാവൃത്തങ്ങളില്‍ സംസാരവിഷയമായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ മധുര്‍, നായകനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതും ഈ ചിത്രത്തിന് വലിയൊരു പരസ്യമായി.
പേര് സൂചിപ്പിക്കുന്നത്പോലെ ഒരു ട്രാഫിക്ക് സിഗ്നലിനെ ചുറ്റിപ്പറ്റിയുള്ള കുറേപ്പേരുടെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊഹിക്കാവുന്നതുപോലെ, ഭിക്ഷക്കാരാണ് സിനിമയിലെ മിക്ക കഥാപാത്രങ്ങളും. നായകന്‍ ഭിക്ഷക്കാരുടെ ഇടയില്‍ നിന്ന് പൈസ പിരിക്കുന്ന ഏജന്റും, നായിക വഴിവക്കില്‍ കച്ചവടം നടത്തുന്നവളും ആണ്. കൊണ്‍കൊണ സെന്‍ ഒരു അഭിസാരികയെ അവതരിപ്പിക്കുന്നു. രണ്‍വീര്‍ മാന്യനായി ചമഞ്ഞ് വലിയ സംഖ്യകള്‍ക്ക് മാത്രം ഭിക്ഷ യാചിക്കുന്നവനുമായി വരുന്നു.
ഭിക്ഷക്കാരുടെ ജീവിതവും, അവര്‍ കാണിക്കുന്ന കള്ളത്തരങ്ങളും പച്ചയ്ക്ക് തുറന്ന് കാണിക്കുന്നു ഈ സിനിമ. ഭിക്ഷയാചിക്കുന്നവരുടെ ഇടയിലുള്ള മാഫിയകളെപ്പറ്റിയും, അവരെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരേയും സിനിമ ഏറെക്കുറേ വിശദമായി തന്നെ പറയുന്നു. ഭണ്ഡാര്‍ക്കറും സച്ചിന്‍ യാര്‍ദിയും നല്ല പഠനം ഇവരെക്കുറിച്ച് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.
പക്ഷെ സിനിമയില്‍ ഒരുപാട് കഥാപാത്രങ്ങളെ കുത്തി നിറച്ചത് ഓരോരുത്തരുടേയും പ്രാധാന്യവും കുറയാന്‍ കാരണമായി. നായകനുപോലും കാര്യമാത്ര പ്രസക്തമായ ഒരു റോള്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. കുട്ടികളെ വച്ച് ഭിഷയാചിക്കുന്നതും, പത്രം വില്‍ക്കുന്ന കുട്ടികളും, തെരുവില്‍ വച്ച് അടികൂടുന്ന ഭിക്ഷക്കാരും, ഭിക്ഷക്കാരുടെ പാത്രത്തില്‍നിന്ന് കൈയിട്ട് വാരുന്ന ദ്രോഹികളും എന്നിങ്ങനെ ഇന്ത്യന്‍ തെരുവില്‍ നാം നിത്യേന കാണുന്ന കഥാപാത്രങ്ങള്‍ തന്നെ സ്ക്രീനിലും വരുന്നത് മടുപ്പാണ് ഉളവാക്കുന്നത്. കൊണ്‍കൊണ സെന്നിന്റേയും റണ്‍വീറിന്റേയും കഥാപാത്രങ്ങള്‍ മുഖ്യധാരാ കഥയിലേയ്ക്ക് വരുന്നത് തന്നെയില്ല. നായകന്റെ പ്രേമം, ഒരു സിനിമയായാല്‍ ഒരു പ്രേമമെങ്കിലും ഇല്ലെങ്കില്‍ മോശമല്ലേ എന്ന് വിചാരിച്ച് തിരുകിക്കയറ്റിയ പോലെയായിപ്പോയി. കഥയുടെ ക്ലൈമാക്സും ആസ്വാദ്യകരമല്ല.
സംവിധാനം ഏറെക്കുറേ ഭേദപ്പെട്ട നിലവാരം പുലര്‍ത്തിയെങ്കിലും കഥ അതിനൊത്തുയരാതിരുന്നതിനാല്‍ സംവിധായകന്‍ ഇത്തവണ മുന്‍പ് കിട്ടിയത്ര അഭിനന്ദനങ്ങള്‍ നേടിയെടുക്കാന്‍ സാധ്യത കുറയും. അഭിനേതാക്കളുടേതില്‍ ആരുടേയും അഭിനയം എടുത്ത് പറയത്തക്ക രീതിയില്‍ മഹത്തരമല്ല, കഥ അവര്‍ക്കത് ചെയ്യാന്‍ അവസരം കൊടുത്തില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ക്യാമറ ചലിപ്പിച്ചതിലും കാര്യമായ ഒരു മാജിക്കും കാണാന്‍ കിട്ടിയില്ല. എങ്കിലും ഗാനങ്ങള്‍ ശരാശരിയിലും മുകളിലുള്ള നിലവാരം പുലര്‍ത്തി.
ചുരുക്കി പറഞ്ഞാല്‍ ഭിക്ഷക്കാരെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഡോക്യുമെന്ററി കാണുന്നപോലെ കാണാന്‍ കഴിയുന്ന ഒരു പടം. അതല്ലാതെ, നല്ല കഥകള്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ പോയാല്‍ നിരാശയാകും ഫലം. അത്തരക്കാര്‍ ആദ്യ പകുതി കഴിയുമ്പോള്‍ മതിയാക്കി ഇറങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക, രണ്ടാം പകുതിയില്‍ കഥ കുറച്ചുംകൂടി (താരതമ്യേന) ആസ്വാദ്യകരമാകുന്നുണ്ട്.
എന്റെ റേറ്റിങ്ങ്: 2/5

