Saturday, June 02, 2012

HERO







കഥ, തിരക്കഥ, സംഭാഷണം: സുനിൽ ഗുരുവായൂർ
സംവിധാനം: ദിപൻ

പഴയകാലത്ത് പ്രതാപിയായിരുന്ന സ്റ്റ്ണ്ട് മാസ്റ്റർ മകളുടെ കല്ല്യാണത്തിന്‌ പണം ആവശ്യമായി വന്നപ്പോൾ ചാൻസ് ചോദിച്ച് തന്റെ പഴയ പരിചയക്കാരെ സമീപിക്കുകയും അതിൽ ഒരു ഡയറക്ടർ തന്റെ സിനിമയിൽ ഇദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. അസിസ്റ്റന്റ്സ് ആയി ജോലി ചെയ്യാൻ ആളുകളെ കിട്ടാതെ വരുന്ന സാഹചര്യത്തിൽ പണ്ട് തന്റെ ടീമിൽ നിന്ന് പുറത്താക്കിയ ആന്റണിയെ തേടി കണ്ടുപിടിച്ച് കൂടെ നില്ക്കാൻ അഭ്യർത്ഥിക്കുകയും ഒടുവിൽ ഗുരുദക്ഷിണപോലെ ആന്റണി അതിന്‌ വഴങ്ങുകയും ചെയ്യുന്നു.

ആന്റണിയുടെ ധീരമായ ആക് ഷൻ സീക്വൻസുകളും മറ്റ് ഇടപെടലുകളും സിനിമയെ നല്ല തോതിൽ സഹായിക്കുകയും അത് ഡയറക്ടറുടെയും അതിലെ ഹീറോയിന്റേതുമടക്കം എല്ലാവരുടേയും അഭിനന്ദനത്തിന്‌ പാത്രമാകുന്നുണ്ടെങ്കിലും ക്രഡിറ്റ് മുഴുവൻ അതിൽ അഭിനയിച്ച ഹീറോ തന്നെ കരസ്ഥമാക്കുന്നു.

ഈ ഡ്യൂപ്പ് ആർട്ടിസ്റ്റ് വളർന്ന് ഹീറോ ആയിത്തീരുന്നതാണ്‌ ഈ സിനിമയുടെ കഥ.

ഇതിന്റെ ഡയറക്ടർ ദിപൻ ഒരു പൃഥ്യിരാജ് ഫാൻ ആണെന്ന് നിസ്സംശയം പറയാം. കാരണം, മസിലുപെരുപ്പിച്ചുള്ള ഇണ്ട്രൊഡക് ഷനും, ഇടയ്ക്കിടെ സ്ലോ മോഷനിലുള്ള നടപ്പും സ്റ്റണ്ട് സീനുകളിലെ പ്രകടനങ്ങളും അമിതമായത് തന്നെ ഇതിന്‌ കാരണം.

ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഈ ചിത്രത്തിനെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. ഒന്നുമല്ലാത്ത ഒരുവൻ വളർന്ന് സ്റ്റാർ ആകുന്നത് കാണുന്നത് ഒരു സുഖമുണ്ട്. പക്ഷേ, പ്രേക്ഷകരുടെ മനസ്സ് കവരാവുന്ന സംഗതികളോ സീനുകളോ കാര്യമായി ഇല്ലാത്തതിനാൽ തന്നെ ഈ ചിത്രം പ്രേക്ഷകരെ കാര്യമായി സ്വാധീനിക്കുന്നുമില്ല.

ബോഡി ബിൽഡിങ്ങിന്‌ കഠിനാദ്ധ്വാനം ചെയ്തുകൊണ്ടാണെന്ന് തോന്നുന്നു പൃഥ്യിരാജിന്റെ മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. നായികയായി അഭിനയിച്ച നടി തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. സ്റ്റണ്ട് മാസ്റ്ററായി അഭിനയിച്ച തലൈവാസൽ വിജയ് മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു. ആദ്യത്തെ ഗാനവും അതിന്റെ ചിത്രീകരണവും മോശമായിരുന്നു. പൃഥ്യിരാജ് ഡാൻസ് ചെയ്ത രംഗങ്ങളെല്ലാം തന്നെ ഒട്ടും സ്വാഭാവികതയില്ലായിരുന്നു. കോറിയോഗ്രാഫിയുടെ ദോഷമോ പൃഥ്യിരാജിന്റെ വഴക്കമില്ലായ്മയോ ആകാം കാരണം.

ആക് ഷനും സ്ലോമോഷനുമെല്ലാം പൃഥ്യിരാജിൽ നിന്ന് കണ്ടിരിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് ആ മനസ്സുള്ളവർക്കും വെറുതേ കണ്ട് ആസ്വദിക്കാവുന്ന ചിത്രം.

Rating : 3.5 / 10

No comments: