
കഥ, തിരക്കഥ, സംഭാഷണം: മുരളി ഗോപി
സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്
നിര്‍മ്മാണം: രാജു മല്ലിയത്ത്
പല കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും ഒരെ സമയം കൊണ്ടുപോയി ഒരു സ്ഥലത്ത് യോജിപ്പിക്കുകയും ബാക്കി ഭാഗം കൂടി പൂരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരു ആവിഷ്കാരമാണ് ഈ സിനിമ. ഇടയില്‍ പലപ്പോഴും സുഖകരമായ ചില ചെറു സംഗതികളും കഥാപാത്രങ്ങളുടെ നന്മയുടെ അംശങ്ങളും സത്യസന്ധവും സുതാര്യവുമായ സന്ദര്‍ഭങ്ങളും ഈ ചിത്രത്തില്‍ ഉണ്ട് എന്നതാകുന്നു ഈ സിനിമയുടെ പ്രധാന സവിശേഷത. മാത്രമല്ല, ചില അസാധാരണരീതികളിലുള്ള കഥാസന്ദര്‍ഭങ്ങളുടെ സംയോജനവും പ്രത്യേകതയായി പറയാം.
ചിത്രത്തിണ്റ്റെ ആദ്യപകുതി കണ്ടിരിക്കാന്‍ അസാമാന്യ ക്ഷമ തന്നെ വേണം.
വിഷ്ണു (ഇന്ദ്രജിത്) എന്നയാളും അയാളുടെ കുടുംബവും അനുഭവിക്കുന്ന ദാരിദ്ര്യത്തിലേയ്ക്കും കഷ്ടതയിലേയ്ക്കും കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഈ സമയങ്ങളില്‍ വിഷ്ണുവിണ്റ്റെ ഭാര്യ 'രമണി' (മൈഥിലി) കരിപുരണ്ട ഒരു സെറ്റപ്പില്‍ പിച്ചക്കാരത്തി ലുക്കില്‍ ആയിരിക്കും. പിന്നീട് അല്പം കാശ് കയ്യില്‍ വന്നപ്പോള്‍ ഇതേ ഭാര്യ നിറം വെച്ച് സുന്ദരിയാവാന്‍ തുടങ്ങി. പണം വന്നപ്പോഴേ കുളിയും ഭര്‍ത്താവിനോടുള്ള താല്പര്യവും വന്നുള്ളൂ എന്ന് വേണം ഊഹിക്കാന്‍. രമണിയുടെ ശബ്ധം കഥാപാത്രത്തില്‍ നിന്ന് വേറിട്ട് നിന്നത് അരോചകമായി.
അജയ് കുര്യന് (മുരളി ഗോപി) എന്ന ഹോസ്പിറ്റല്‍ ഉടമ സുന്ദരിയായ തണ്റ്റെ ഭാര്യയെ ('മാധുരി' - തനുശ്രീ ഘോഷ്) തുടക്കം മുതലേ ഒരു വൈരാഗ്യബുദ്ധിയോടെ കാണുകയും 'കഴുത കാമം കരഞ്ഞു തീര്‍ക്കും' എന്നോ മറ്റോ ഉള്ള ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം ചില പരിപാടികളുമായി മുന്നോട്ടുപോകുകയും ചെയ്യും.
ഇങ്ങനെയുള്ള അജയ് കുര്യണ്റ്റെ ഭാര്യ ജീവിതം വെറുത്ത് നരകിക്കുമ്പോഴെയ്ക്കും ഒരു പഞ്ചാരച്ചെക്കന്‍ ബന്ധം സ്ഥാപിച്ച് വളച്ചെടുക്കാന്‍ ശ്രമിക്കുകയും ഈ പാവം ഭാര്യ ആ വഴിക്ക് അല്പം സഞ്ചരിക്കുകയും ചെയ്ത് ഒരു അപകടാവസ്ഥ വരെ എത്തുകയും ചെയ്യും. ഈ അപകടാവസ്ഥയിലേയ്ക്ക് വിഷ്ണു എത്തി കാര്യങ്ങള്‍ കുറച്ച് സീരിയസ്സ് ആയി ഒരു കൊലപാതകം വരെ എത്തുകയും ചെയ്യുന്നിടത്ത് ഇണ്റ്റര്‍ വെല്‍.
ഈ കഥാ തന്തുക്കള്‍ക്കിടയില്‍ വെറുതേ ഒരു സീരിയല്‍ കില്ലര്‍ കറങ്ങി നടക്കും. വയസ്സായവരെ വെറുതെ കഴുത്തില്‍ വെട്ടി കൊന്ന് തള്ളുന്നതാണത്രേ ഹോബി. അനൂപ് മേനോണ്റ്റെ കമ്മീഷണറെ അണിയിച്ചൊരുക്കാനും കൂടിയാണ് ഈ കൊലപാതകിയുടെ ഉപയോഗം. കൂടാതെ, വിഷ്ണുവിണ്റ്റെ കയ്യില്‍ ചെന്നെത്താനാണ് ഈ കൊലപാതകിയുടെ പോക്ക് എന്ന് തുടക്കം മുതല്‍ ആര്‍ക്കും ഊഹിക്കാം.
ലെന അവതരിപ്പിച്ച രൂപ എന്ന ടി വി റിപ്പോര്‍ട്ടര്‍ കമ്മീഷണറുടെ ഇഷ്ടപാത്രമാണ്. എല്ലാ കൊലപാതക ലൊക്കേഷനുകളിലും ഇവരെ മാത്രം ഉള്ളിലേയ്ക്ക് കയറ്റിവിടുന്ന കമ്മീഷണറെയും അത് കണ്ട് പുറത്ത് വായും പൊളിച്ച് നില്ക്കുന്ന മറ്റ് റിപ്പോര്‍ട്ടര്‍മാരെയും കണ്ടാല്‍ ഇത് 'വെള്ളരിക്കാപ്പട്ടണം' ആണോ എന്ന് തോന്നിപ്പോകും.
ഒരു മനോരോഗവിദഗ്ദന്‍ ഒരു മഞ്ഞപ്പത്രക്കാരണ്റ്റെ മുന്നില്‍ സമൂഹത്തില്‍ ഉന്നതനായ തണ്റ്റെ ഒരു പേഷ്യണ്റ്റിണ്റ്റെ ഹിസ്റ്ററി പറഞ്ഞുകൊടുക്കുന്നത് കണ്ടപ്പോള്‍ കഷ്ടം തോന്നിപ്പോയി.
യാദൃശ്ചികതകള്‍ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ സാധിക്കാത്തതാണ് ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ഒരു പരിമിതി. യാദൃശ്ചികതകളെ ഒരുമിപ്പിക്കാന്‍ നേരത്തേ തന്നെ കഥാപാത്രങ്ങളേയും സിറ്റുവേഷനുകളേയും കെട്ടിയൊരുക്കുന്നതു കണ്ടാല്‍ തന്നെ കാര്യങ്ങളുടെ പോക്ക് മനസ്സിലാവും.
സുന്ദരിയും അതൃപ്തയുമായ ഒരു വീട്ടമ്മയുടെ സ്വാതന്ത്യദാഹത്തെയും കാമചേതനയേയും ഒരു വഴിയിലൂടെ കൊണ്ടുപോയി പ്രേക്ഷകരില്‍ ഒരു വിഭാഗത്തെ വശീകരിക്കാനുള്ള ഒരു ശ്രമവും ഇതിണ്റ്റെ ഒരു ഘടകമാണ്. അതില്‍ ഒരു പരിധിവരെ രചയിതാവും സംവിധായകനും വിജയിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍.
അധികം പ്രായമായിട്ടില്ലെങ്കിലും നരയുള്ള വിഗ്ഗ് ധരിക്കുന്ന ഒരാളെ അജയ് കുര്യന് എന്ന കഥാപാത്രത്തിലൂടെ ജീവിതത്തിലാദ്യമായി കാണാന്‍ സാധിച്ചു.
ക്ളൈമാക്സിനോടടുക്കുമ്പോള്‍ രഹസ്യമായി മറവുചെയ്ത ശവശരീരം പോലീസ് കണ്ടെടുക്കുമ്പോഴെയ്ക്ക് താന്‍ കീഴടങ്ങാന്‍ പോകുകയാണെന്നും തണ്റ്റെ കുട്ടികള്‍ക്കിനി ആരുണ്ടെന്നും വിലപിക്കുന്ന വിഷ്ണുവിനെ കണ്ടപ്പോള്‍ സഹതാപമല്ല, പകരം അലോസരമാണ് തോന്നിയത്. കാരണം, കൊലപാതകിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഒന്നും തന്നെ കണ്ടെത്തുകയോ അതിനുള്ള സാഹചര്യം നിലനിക്കുകയോ ഇല്ലെങ്കിലും ഇങ്ങനെയുള്ള ജല്പനം പ്രേക്ഷകര്‍ക്ക് ഒരു സുഖകരമായ പര്യവസാനം കാഴ്ചവെക്കാനാണെന്ന് ഊഹിക്കാനാവുന്നതേയുള്ളൂ. അതായത്, ഈ കൊലയും മറ്റേ കൊലയാളിയുടെ അക്കൌണ്ടില്‍ തന്നെ എന്നര്‍ത്ഥം.
അമ്മയെ ഉറക്കിക്കിടത്തി കാറുമായി കുറേ സമയം പുറത്ത് പോകുക, സദാ ഭാര്യയുടെ പ്രവര്‍ത്തിയില്‍ ജാഗരൂകനായ ഭാര്‍ത്താവ് അറിയാതെ ലക്ഷക്കണക്കിന് രൂപ ഈ ഭാര്യ ദാനം നല്‍കുക തുടങ്ങിയ മറ്റ് ചില സംഗതികളും പിടികിട്ടാപ്പുള്ളികളായി നിലനില്ക്കും.
ഇന്ദ്രജിത്, തനുശ്രീ, മുരളി ഗോപി എന്നിവര്‍ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. മറ്റുള്ളവരും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചു.
പൊതുവേ പറഞ്ഞാല്‍ അത്രയൊന്നും ആസ്വാദ്യകരമല്ലാത്ത, പലപ്പോഴും അലോസരപ്പെടുത്തുന്ന, എങ്കിലും കുറച്ചൊക്കെ സഹിക്കാവുന്ന അടുത്ത കാലത്ത് ഇറങ്ങിയ ഒരു സിനിമ എന്ന് മാത്രം ഇതിനെ വിശേഷിപ്പിക്കാം.
Rating : 4.5 / 10