Thursday, June 30, 2011
കാണാകൊമ്പത്ത് …
മധുമുട്ടത്തിനെ വഴിയിൽ വെച്ച് കാണുകയാണെങ്കിൽ മുഖത്ത് ആഞ്ഞൊരു വീക്ക് കൊടുക്കാനാണ് ആ പടം തുടക്കം മുതൽ ഒടുക്കം വരെ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയ വികാരം . എന്ത് സന്ദേശമാണ് ആ സിനിമ ചെയ്തതില്ലൂടെ അതിലെ അണിയറ പ്രവർത്തകർ സമൂഹത്തിന് നൽകിയത് ? എന്താണ് ആ സിനിമയിലെ ഇതിവൃത്തം ? അഭിനയം എന്നത് എന്തും ചെയ്യാം എന്നതാണോ അവർ ഉദ്ദേശിച്ചത് ? . ജീവിതത്തിൽ ആർക്കും ഒരു ദോഷവും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ എങ്കിലും ഈ പടത്തിന്റെ പിന്നാമ്പുറത്ത് പ്രവർത്തിച്ചർക്ക് ഒരു ഉദ്ദേശമേ ഒള്ളൂ ഇത്തിരി കാശുണ്ടാക്കുക എന്നത് അതിനവസരമുണ്ടാക്കിയ ഇതിലെ നിർമ്മാതാവ് ആരായിരുന്നാലും അദ്ദേഹത്തിന് അഞ്ചു പൈസ മുതൽ മുടക്കിയത് കിട്ടരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിയ്ക്കുന്നു കാരണം ഈ പടത്തിലൂടെ ലാഭം ഉണ്ടായാൽ മലയാളികൾ ഇനിയും സഹിക്കേണ്ടി വരും ..
Labels:
വിമർശനം

Wednesday, June 29, 2011
ആദാമിണ്റ്റെ മകന് അബു

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സലിം അഹമ്മദ്
നിര്‍മ്മാണം: സലിം അഹമ്മദ്, അഷ് റഫ് ബേദി
ഹജ്ജിനുപോകുക എന്ന ജീവിതാഭിലാഷവുമായി ജീവിക്കുന്ന പ്രായമായ അബുവും അദ്ദേഹത്തിണ്റ്റെ ഭാര്യ ആയിഷയുമാണ് ഈ സിനിമയിലെ പ്രധാന ഘടകം. ഇവരുടെ ഒരേ ഒരു മകന് സ്വന്തം കാര്യം നോക്കി ഗള്‍ഫില്‍ കഴിയുകയും ഇവരുമായി ഒരുതരത്തിലുള്ള ബന്ധവും നിലനിര്‍ത്താതിരിക്കുകയും ചെയ്യുന്നതിനാല്‍ അബുവും ഭാര്യയും സ്വന്തം അദ്ധ്വാനത്താല്‍ ജീവിക്കുകയും ഹജ്ജിനുപോകാനുള്ള പണം സ്വരുക്കൂട്ടുകയും ചെയ്യുന്നു. ഈ മോഹം സഫലീകരിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും പ്രതീക്ഷകളുമാണ് ഈ ചിത്രം വിവരിക്കുന്നത്.
അബു ജീവിക്കുന്ന ചുറ്റുപാടും അബുവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളും എല്ലം വളരെ പോസിറ്റീവ് ആയ വീക്ഷണം പുലര്‍ത്തുന്നു എന്നതാണ് ഈ ചിത്രത്തിണ്റ്റെ പ്രത്യേകത. വിപരീത സാഹചര്യങ്ങളും കഷ്ടപ്പാടുകളും ആരേയും നിരാശയിലേയ്ക്ക് തള്ളിവിടാതെ എപ്പോഴും ഒരു പ്രതീക്ഷയുടെ ലക്ഷണം പുലര്‍ത്തുന്നു എന്നതും ഈ ചിത്രത്തിണ്റ്റെ മറ്റൊരു സവിശേഷതയാണ്.
അബു എന്ന കഥാപാത്രത്തെ സലിം കുമാര്‍ എന്ന നടന് ഭാവത്തിലും വേഷത്തിലും പ്രവര്‍ത്തിയിലും സംസാരത്തിലും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും പ്രേക്ഷകമനസ്സിലേയ്ക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുകയും ചെയ്തിരിക്കുന്നു. അദ്ദേഹം അവാര്‍ഡ് അര്‍ഹിക്കുന്നു എന്നത് നിസ്സംശയം പറയാം.
അബുവിണ്റ്റെ ഭാര്യയെ അവതരിപ്പിച്ച സറീനാ വഹാബ് എന്ന നടിയും തണ്റ്റെ റോള്‍ ഉജ്ജ്വലമാക്കിയിരിക്കുന്നു. തീര്‍ച്ചയായും ഈ നടിയും അവാര്‍ഡ് അര്‍ഹിക്കുന്നു എന്നാണ് തോന്നിയത്.
മറ്റ് കഥാപാത്രങ്ങളും അവരവരുടെ റോളുകള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. നെടുമുടി വേണു, കലാഭവന്‍ മണി, സുരാജ് വെഞ്ഞാര്‍മൂട്, മുകേഷ്,തമ്പി ആണ്റ്റണി, എം.ആര്. ഗോപകുമാര്‍ തുടങ്ങിയവരെല്ലം സ്ക്രീനില്‍ അവതരിച്ച ദൈര്‍ഘ്യം എത്ര കുറവായിരുന്നാലും പ്രേക്ഷകരുടെ മനസ്സില്‍ നല്ലൊരു ഇടം കണ്ടെത്താനായി എന്നത് ആ കഥാപാത്രങ്ങളുടെ സൃഷ്ടിയുടേയും അതിണ്റ്റെ അവതരണത്തിണ്റ്റേയും പ്രത്യേകതയാണ്.
ഈ ചിത്രത്തിണ്റ്റെ ഛായാഗ്രഹണം, ബാക്ക് ഗ്രൌണ്ട് സ്കോര്‍, സംഗീതം തുടങ്ങിയ സാങ്കേതിക കാര്യങ്ങളും നല്ല മികവുപുലര്‍ത്തിയത് ഈ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും സത്യസന്ധമായി പരിശോധിച്ചാല്‍ അല്പം വിരസത ഈ സിനിമയിയുടെ പല ഭാഗങ്ങളിലും നിറഞ്ഞുനിന്നു എന്ന് പറയാതെ വയ്യ. വളരെ ചെറിയ ഒരു കഥയെ ഒരു മുഴുനീള ചിത്രമാക്കിയതിണ്റ്റെ ഒരു കുറവ് തന്നെയാകും ഈ ചിത്രത്തിണ്റ്റെ വിരസതയ്ക്ക് കാരണമായി തോന്നുന്നത്.അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായതിനാല്‍ കുറവുകള്‍ തോന്നിയാല്‍ പറയാനുള്ള മടിയെ പ്രതിരോധിച്ച് ഒരു സാധാരണപ്രേക്ഷകണ്റ്റെ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ ഈ ഒരു കുറവ് പ്രകടമാണ്താനും.
തുടക്കത്തില്‍ ചില രംഗങ്ങളില്‍ ശബ്ദവും ചുണ്ടിണ്റ്റെ ചലനവും തമ്മില്‍ ഒരു യോജിപ്പ് കുറവ് തോന്നിയിരുന്നു.
അവാര്‍ഡ് സിനിമകളുടെ ചട്ടക്കൂടുകള്‍ ലംഘിച്ചു എന്നൊന്നും മുഴുവനായും ഈ ചിത്രത്തെക്കുറിച്ച് പറയാനും വയ്യ. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളും ഒരെത്തും പിടിയും കിട്ടാത്ത പ്രതീകാത്മക ബിംബങ്ങളും സാധാരണക്കാരന് ദഹിക്കാത്ത കഥാസന്ദര്‍ഭങ്ങളും ഒഴിവാക്കാനായി എന്നത് തീര്‍ച്ചയായും 'അവാര്‍ഡ് സിനിമ' ചട്ടക്കൂടിണ്റ്റെ പൊളിച്ചടുക്കല്‍ തന്നെയാണ്.
പക്ഷേ, ഒരാള്‍ നടന്നുവരുന്നുണ്ടെങ്കില്‍ മുഴുവന്‍ ദൂരവും നടന്നുവരവും, സ്ളോ മോഷനില്‍ സംസാരവും, നിശ്ചലമായി നില്ക്കുന്ന ചില ദൃശ്യങ്ങളുമെല്ലാം ആ 'അവാര്‍ഡ് സിനിമ' ചട്ടക്കൂടിണ്റ്റെ ഭാഗമായിത്തന്നെ നിലനില്ക്കുന്നു എന്നതാണ് സത്യം.
പക്ഷേ, സിനിമയുടെ ആദ്യഘട്ടങ്ങളിലെ വിരസത അവസാനമായപ്പോഴേയ്ക്കും ഇല്ലാതാകുകയും പ്രേക്ഷകഹൃദയത്തോട് ഒരുപാട് അടുക്കുകയും ചെയ്തു.
കഷ്ടനഷ്ടങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പുതിയ നാമ്പുകള്‍ കണ്ടെത്തുന്നതിലൂടെ ഈ ചിത്രം ശുദ്ധനന്‍മയുടേയും നല്ല ചിന്തകളുടേയും ഒരു ദൃഷ്ടാന്തമായി പര്യവസാനിക്കുകയും ചെയ്യുന്നു.
സലിം അഹമ്മദിനോടൊപ്പം ഈ സിനിമയില്‍ ഭാഗമായ എല്ലാവരും നല്ലൊരു അഭിനന്ദനം അര്‍ഹിക്കുന്നു.
Rating : 7.5 / 10
Labels:
സലിം അഹമ്മദ്,
സലിം കുമാർ
ചാലക്കുടിക്കാരന്‍.... (sooryodayam@hotmail.com)
Sunday, June 19, 2011
രതിനിര്‍വ്വേദം (Rathinirvedam)

കഥ, തിരക്കഥ, സംഭാഷണം: പി. പത്മരാജന്
സംവിധാനം: ടി. കെ. രാജീവ് കുമാര്‍
നിര്‍മ്മാണം: മേനക സുരേഷ് കുമാര്‍
മഹാരഥന്മാരായ ഭരതന് പത്മരാജന് കൂട്ടുകെട്ടില്‍ നിന്നുണ്ടായ ഒറിജിനല്‍ ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ യാതൊരു മുന്‍ വിധിയുമില്ലാതെ ഈ ചിത്രം കാണാന്‍ സാധിച്ചു.
ഒരു കൌമാരക്കാരന് തന്നെക്കാള്‍ മുതിര്‍ന്നതെങ്കിലും കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടുന്ന ഒരു സ്ത്രീയില്‍ തോന്നുന്ന കാമഭാവനകളും മോഹങ്ങളും പപ്പു എന്ന കഥാപാത്രത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നു.
തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പയ്യനുമായി നല്ല സൌഹൃദം പങ്കിടുകയും ആ സൌഹൃദം മറ്റൊരു തലത്തിലേയ്ക്ക് എത്തുന്നത് ശ്രദ്ധിക്കുമ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്താല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അനുകൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ മനസ്സിണ്റ്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാമവികാരത്തിന് കീഴടങ്ങുകയും ചെയ്യുന്ന രതിച്ചേച്ചിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ഘടകം.
ഈ ചിത്രത്തിലെ ഗാനങ്ങള്‍ വളരെ നന്നായിരുന്നു.
തുടക്കം മുതല്‍ മിക്ക കഥാപാത്രങ്ങളുടേയും സംസാരത്തില്‍ നാടകീയത വലരെ പ്രകടമായിരുന്നു. ചിത്രത്തിണ്റ്റെ കഥ സംഭവിക്കുന്നത് 1978 കാലഘട്ടമാണെന്നതുകൊണ്ട് അന്ന് കാലത്ത് ആളുകള്‍ നാടകീയമായാണ് സംസാരിച്ചിരുന്നത് എന്ന് ഉദ്ദേശിച്ചിട്ടുണ്ടോ ആവോ...
ശ്രീജിത്ത് വിജയ് പപ്പുവിനെ ഒരുവിധം നന്നായി തന്നെ പ്രതിഫലിപ്പിച്ചു എന്ന് പറയാം. രതിച്ചേച്ചിയായി ശ്വേതാമേനോനും നല്ല പ്രകടനം കാഴ്ചവച്ചു. രതിച്ചേച്ചിയുടെ അമ്മയായി കെ.പി.എസ്.സി. ലളിതയും അമ്മാവനായി മണിയന് പിള്ള രാജുവും ശ്രദ്ധേയമായി.
ശ്രീ. പത്മരാജനോടുള്ള ആദരവ് വച്ചുകൊണ്ട് തന്നെ പറയട്ടെ, ഈ ഒരു സിനിമയുടെ കഥയും തിരക്കഥയും എന്താണ് ഇത്ര ശ്രേഷ്ഠമായത് എന്ന് മനസ്സിലാവായ്കയുണ്ട്. ചെറിയ ചെറിയ ശരീരഭാഗപ്രദര്‍ശങ്ങനളും എത്തിനോക്കലുകളും വഴി പ്രേക്ഷകരുടെ കാമവികാരത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ് ഇതിലെ പ്രധാന അജണ്ട. പല കാര്യങ്ങളേയും പ്രതീകാത്മകമായും കാണിക്കുന്നു എന്ന ഒരു 'കല' ഉപയോഗിച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. മറ്റ് 'A' വിഭാഗം ചിത്രങ്ങളിലും കുറച്ച് ലോജിക്കലായ കഥയും കുറച്ച് പ്രതീകാത്മകതകളും ഉള്‍പ്പെടുത്തിയാല്‍ ഈ ചിത്രത്തില്‍ നിന്ന് അധികം വിഭിന്നമാകുമെന്നൊന്നും തോന്നുന്നില്ല.
അവസാന രംഗങ്ങളിലൊഴികെ ഒരു സീനിലും രതിച്ചേച്ചി പ്രേക്ഷകരുടെ ഹൃദയത്തില്‍ കാമം വിതറുകയോ കുളിര് കോരിയിടുകയോ ചെയ്തതായി തോന്നിയില്ല. സിനിമ കഴിഞ്ഞിറങ്ങിയ ചില പിള്ളേരുടെ കമണ്റ്റ് തന്നെ സാക്ഷ്യം.. "ഹോ... ആ അവസാന സീന്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം കണ്ടത് ഭയങ്കര നഷ്ടമായിപ്പോയേനെ.. "
ഈ ചിത്രത്തിനെ നിരൂപണത്തിലുപരി, ഈ ചിത്രത്തിണ്റ്റെ സമൂഹിക ഇടപെടലും പുതിയ തലമുറയിലെ കൌമാരക്കാരുടെ വികാരവിചാരങ്ങളും നിരൂപിക്കാന്‍ ശ്രമിക്കട്ടെ..
ആലുവ സീനത്ത് എന്ന തീയ്യറ്ററില്‍ ശനിയാഴ്ച സെങ്കണ്റ്റ് ഷോ കാണാന്‍ ചെന്നപ്പോള്‍ അവിടെ സാമാന്യം ഭേദപ്പെട്ട തിരക്കുണ്ട്. ടിക്കറ്റ് കിട്ടില്ലെന്ന് ആദ്യം കരുതിയെങ്കിലും ഒരൊറ്റ സ്ത്രീ പോലും ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ് കിട്ടി ചിത്രം കാണാനായി. ഹൌസ് ഫുള്‍ ആയ തീയ്യറ്ററില്‍ 90 ശതമാനത്തിലധികം 15 നും 25 നും ഇടയില്‍ പ്രയമുള്ള പ്രേക്ഷകര്‍. സിനിമ തുടങ്ങാനായി ആകാംഷയോടെ കാത്തിരുന്ന് തിരക്കുകൂട്ടുന്ന കൌമാരക്കാര്‍. സിനിമ തുടങ്ങിയത് തന്നെ വലിയ കയ്യടിയോടെ സ്വീകരിച്ച ഈ പ്രേക്ഷകര്‍, പപ്പുവിനെയും വലിയ കയ്യടികളോടെ തന്നെ സ്വീകരിച്ചു. "ഹോ.. ഇവണ്റ്റെയൊക്കെ ഭാഗ്യം" എന്ന മനെൊവിചാരമാകാം ഈ സ്വീകരണത്തിണ്റ്റെ പിന്നില്‍.
രതിച്ചേച്ചിയെ ആര്‍പ്പുവിളികളോടെ പ്രേക്ഷകര്‍ ആനയിച്ചു. തുടര്‍നങ്ങോട്ട് രതിച്ചേച്ചി സമ്മാനിക്കുന്ന പോസിറ്റീവ് സന്ദര്‍ഭങ്ങളിലൊക്കെയും തീയ്യറ്റര്‍ ഇളകിമറിഞ്ഞു. ഇടയ്ക്ക് രതിച്ചേച്ചി പപ്പുവിനോട് ദേഷ്യപ്പെട്ട് "ഇനി കണ്ടുപോകരുത്" എന്ന് പറഞ്ഞത് പ്രേക്ഷകരെ വല്ലാതെ നിരാശയിലാഴ്ത്തി. പലരും അറിയാതെ ഈ രോഷവും വിഷമവും പ്രകടിപ്പിക്കുകയും ചെയ്തു.
പപ്പുവിണ്റ്റെ രതിച്ചേച്ചിയോടുള്ള സമീപനം വീട്ടുകാര്‍ മനസ്സിലാക്കിയ സാഹചര്യത്തെ വേദനയോടെയും അസ്വസ്ഥതയോടുമാണ് ഈ കൌമാരക്കാര്‍ ഉള്‍ക്കൊണ്ടത്. (കഥയുടെ സ്വാധീനം പ്രേക്ഷകരിലേയ്ക്ക് എത്തിയതിണ്റ്റെ വിജയമായി ഇതിനെ അവകാശപ്പെടാം).
പപ്പുവും രതിച്ചേച്ചിയുമായുള്ള സര്പ്പക്കാവില് വച്ചുള്ള ആ രാത്രിയെ നിശബ്ദമായ നിര്‍വ്രിതിയോടെ നിറഞ്ഞ മനസ്സോടെ ഈ യുവമനസ്സുകള്‍ ആസ്വദിച്ചു. ഒടുവില്‍ പപ്പുവിനുണ്ടായ നൊമ്പരവും ഒരു പരിധിവരെ പ്രേക്ഷകരിലെത്തിക്കാണണം.
മേല്‍ വിവരിച്ച പ്രേക്ഷകപ്രതികരണങ്ങള്‍ എന്നെ വല്ലാതെ അമ്പരപ്പിച്ചു. ജനറേഷന് ഗ്യാപ്പ്...
ശ്രീ. പത്മരാജണ്റ്റെ ഈ തിരക്കഥയല്ലാതെ പുതിയൊരു കഥയെടുത്ത് ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ രാജീവ് കുമാറ് ശ്രമിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു. പകരം, ഈ തിരക്കഥയെടുത്ത് സിനിമയാക്കിയതിണ്റ്റെ പിന്നില്‍ 'നീല നിറമുള്ള പടമെടുത്തു' എന്ന ചീത്തപ്പേര് 'പഴയ ക്ളാസ്സിക്' ലേബല്‍ ഒട്ടിച്ച് ഇല്ലാതാക്കുകയും വാണിജ്യവിജയം നേടുകയുമായിരുന്നു ഉദ്ദേശം എന്ന് വളരെ വ്യക്തം.
ഈ സിനിമയുടെ കഥയ്ക്ക് നല്‍കാനുള്ള പോസിറ്റീവ് ആയ സന്ദേശം എന്തെന്നാല്‍ 'പപ്പുവിണ്റ്റെ അവതാരങ്ങളുടെ തെറ്റായ ആഗ്രഹങ്ങളും പ്രവണതകളും രതിച്ചേച്ചിമാരുടെ ജീവിതത്തില്‍ ദുരന്തം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളവയാണ്. അതോടൊപ്പം, രതിച്ചേച്ചിമാരുടെ മുന്‍ കരുതലില്ലായ്മയും നിയന്ത്രണമില്ലായ്മയും അവരുടെ ജീവിതം തകര്‍ക്കാന്‍ പ്രാപ്തമായവയാണ്." എന്നതാണ്.
പക്ഷേ, ഈ സിനിമ ഇപ്പോള്‍ നല്കുന്ന സന്ദേശം, ഒട്ടും പോസിറ്റീവ് ആണെന്ന് തോന്നിയില്ല.
പക്വമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുന്നതിനു മുന്‍പ് തന്നെ ആധുനിക സൌകര്യങ്ങളും സംവിധാനങ്ങളുമുള്ള പപ്പുവിണ്റ്റെ പുതിയ തലമുറയ്ക്ക് രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക് പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ. മാത്രമല്ല, മുന്‍ കരുതലെടുക്കേണ്ട രതിച്ചേച്ചിമാരുടെ പുതിയ തലമുറ ഈ ചിത്രം കാണാന്‍ വിസമ്മതിക്കുന്നതിനാല്‍, ആ സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുകയും സമൂഹത്തില്‍ സംഭവിക്കാന്‍ സാദ്ധ്യതയുള്ള ഒരു മോശം പ്രവണതയുടെ തീവ്രത കൂടുന്നതിനേ ഈ സാഹചര്യം ഉപകരിക്കൂ എന്ന് തോന്നി.
(സിനിമയ്ക്ക് പ്രേക്ഷകരെയോ സമൂഹത്തെയോ ഇത്രയൊക്കെ സ്വാധീനിക്കാനാകുമോ എന്ന സംശയം തോന്നാമെങ്കിലും അപക്വമായ കൌമാരമനസ്സുകളെ ഒരു പരിധിവരെ ഇത്തരം സിനിമകള്‍ക്ക് സ്വാധീനിക്കാനാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈ സിനിമ ഒരു സാമൂഹികവിപത്തായിട്ടേ തോന്നിയതുമുള്ളൂ. )
Rating : 4 / 10
Subscribe to:
Posts (Atom)