
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മ്മാണം, വിതരണം (എല്ലാം): ലാല്‍
ക്രിക്കറ്റ് സെലക്ഷന് പോകാന്‍ അവസരം കിട്ടിയ മൂന്ന് സുഹൃത്തുക്കള്‍... ഇവര്‍ ഫ്രീലാണ്ട്സ് ഫോട്ടോഗ്രാഫറായ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നു. സെലക് ഷനു ബാഗ്ലൂരിലേയ്ക്ക് പുറപ്പെടുന്നതിനുമുന്പ് തന്നെ അതിലൊരാള്‍ക്ക് ആക്സ്നിഡന്റ് പറ്റുകയും പോകാന്‍ കഴിയാതാവുകയും ചെയ്യുന്നു. ബാക്കി രണ്ടുപേരും പോകാനൊരുങ്ങുമ്പോള്‍ അവരുടെ കൂടെ ഈ പെണ്‍കുട്ടിയും എയര്‍പോര്‍ട്ടില്‍ വച്ച് പരിചയപ്പെട്ട സെലക് ഷനു വേണ്ടി പോകുന്ന മറ്റൊരു പയ്യനും ഒരുമിക്കുന്നു. ഫ്ലൈറ്റ് കാന്‍സല്‍ ചെയ്തതിനാല്‍ ഈ പെണ്‍കുട്ടിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബാംഗ്ലൂര്‍ ട്രിപ്പ് അടിപൊളിയാക്കാന്‍ തീരുമാനിച്ച് ഇവര്‍ ഒരു ലോറിയില്‍ കയറി പുറപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും ആ സംഭവങ്ങളെ തന്നെ റീ പ്ലേ ചെയ്യുമ്പോള്‍ കാണുന്ന ഒളിഞ്ഞു കിടക്കുന്ന സംഭവങ്ങളും ചേര്‍ത്ത് ഒരു സിനിമ.
ഇടയ്ക്ക് നല്ല മര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മ സംഭാഷണങ്ങളുണ്ടെങ്കിലും പല ഹാസ്യരംഗങ്ങളും വേണ്ടത്ര ഗംഭീരമായില്ല. ആദ്യം ഒരല്‍പ്പം ഇഴഞ്ഞു നീങ്ങുകയും തുടര്‍ന്ന് ഒരു ഗാനരംഗമുള്‍പ്പെടെ ആസ്വാദനതലത്തിലേയ്ക്ക് ഉയരുകയും ചെയ്തതിനുശേഷം മനസ്സിനെ അലോസരപ്പെടുത്തുന്ന രീതിയിലേയ്ക്ക് സന്ദര്‍ഭങ്ങള്‍ മാറുകയും അതുവരെ തോന്നിയിരുന്ന ഒരു ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്തു.
ഓരോ കഥാപാത്രങ്ങളുടേയും പ്രത്യക്ഷത്തിലുള്ള പെരുമാറ്റങ്ങളും സാഹചര്യങ്ങളും കാണിച്ചതിനുശേഷം അതിനെ റീ വൈന്റ് ചെയ്ത് റീപ്ലേ ചെയ്യുമ്പോള്‍ അവരുടെ തന്നെ മറ്റൊരു ചിന്താരീതിയും പ്രവര്‍ത്തിയും പ്രകടമാക്കിത്തരുന്ന തരത്തിലുള്ള ഒരു പുതുമയാണ് ഈ സിനിമയുടെ ആകെയുള്ള പ്രത്യേകത. പക്ഷേ, നല്ലൊരു കഥയോ അതിനോട് ചേര്‍ന്ന് നില്ക്കുന്ന തിരക്കഥയോ വളരെ ആകര്‍ഷകമായില്ല എന്നതാണ് പ്രധാന ന്യൂനത. പുതുമുഖങ്ങളടങ്ങുന്ന ചെറുപ്പക്കാരായ അഭിനേതാക്കളെല്ലാവരും നല്ല നിലവാരം പുലര്‍ത്തി എന്നത് ലാലിന് അഭിമാനിക്കാന്‍ വക നല്കുന്നു. ചിത്രത്തിലെ ഒരു ഗാനം വളരെ ആകര്‍ഷവും ഒരു ഗാനം അനാവശ്യമായി.
ഹാസ്യത്തിനുവേണ്ടി കെട്ടിച്ചമച്ച ചില രംഗങ്ങള്‍ വളരെ അപഹാസ്യമായി തോന്നി. ഒരു ജീപ്പ് ഡ്രൈവര്‍ ഇല്ലാതെ റിവേര്‍സ് ആയി കുറേ നേരം കുറേ പേരെ ഓടിക്കുന്നതാണ് വലിയൊരു തമാശ.
അനാവശ്യമായ തീവ്രതയിലേയ്ക്ക് അവസാനരംഗങ്ങളെ കെട്ടിച്ചമച്ച് കൊണ്ട് പോകുകയും അതിന്റെ ന്യായീകരണങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നിടമെല്ലാം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സന്ദര്‍ഭങ്ങള്‍ കൊണ്ട് കുത്തിനിറച്ചിരിക്കുന്നു.
പുതുമുഖങ്ങളേയും പുതിയ തലമുറയേയും ഉപയോഗിച്ച് ഒരു ടൈം പാസ്സ് സിനിമ ഉണ്ടാക്കുവാന്‍ ലാല്‍ കാണിച്ച മനസ്സിനും ധൈര്യത്തിനും അഭിനന്ദനം. പക്ഷേ.. അദ്ദേഹത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിന്റെ (പ്രതീക്ഷകള്‍ കഴിഞ്ഞ പല സിനിമകളിലായി കുറഞ്ഞു വരുമ്പോഴും) ഏഴയലത്തുപോലും എത്താന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാകുന്നു മറ്റൊരു സത്യം.
Rating: 4.5/10