
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: രഞ്ജിത്ത്
നിര്‍മ്മാണം: പി.എം. ശശീധരന്
വിദ്യാഭ്യാസത്തിന്റെ കുറവ് സമ്പത്തുകൊണ്ട് നികത്തിയെടുക്കാന്‍ ശ്രമിക്കുകയും സമൂഹത്തില്‍ പേരും പ്രശസ്തിയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു തൃശ്ശൂര്‍ക്കാരന്‍ ബിസിനസ്സുകാരനായ പ്രാഞ്ചിയേട്ടന്റെ ജീവിതമുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിലൂടെ വിവരിക്കുന്നത്.
അതിഭാവുകത്വങ്ങളില്ലാത്ത ശുദ്ധമായ സംസാരരീതിയിലൂടെ, സന്ദര്‍ഭങ്ങളിലൂടെ, നര്‍മ്മം പ്രേക്ഷകരെ നല്ലൊരു ആസ്വാദനതലത്തിലേക്ക് കൊണ്ടുപോകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
സൂക്ഷ്മമായ ഭാവങ്ങളിലൂടെയും രീതികളിലൂടെയും മമ്മൂട്ടി എന്ന മഹാനടന് ഈ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയും പ്രേക്ഷകരുടെ മനം നിറയ്ക്കുകയും ചെയ്യുന്നു.
വലിയ കെട്ടുപിണഞ്ഞ കഥയോ സംഭവങ്ങളോ ഇല്ലാതെ തന്നെ ഒരു സിനിമ ആസ്വാദ്യകരമാക്കാം എന്നതിന്റെ ഉദാഹരണമാകുന്നു ഇത്.
അഭിനേതാക്കളെല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി.
സ്കൂള്‍ കാലഘട്ടത്തില്‍ നിന്നുതുടങ്ങുന്ന പ്രണയവും മല്‍സരവും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രീതി ഈ സിനിമയിലും തുടരുന്നു എന്ന ആവര്‍ത്തനം ഉണ്ടെങ്കിലും അതിന് വേരൊരു ഭാഷ്യം നല്കാന് സാധിച്ചിരിക്കുന്നതിനാല്‍ ന്യൂനതയായി കാണാനാവില്ല.
വളരെ കൂള്‍ ആയി കണ്ട് ആസ്വദിക്കാവുന്ന ഒന്നാകുന്നു 'പ്രാഞ്ചിയേട്ടന്'.
വലിയ കേമമായ സംഭവപരമ്പരകളൊന്നുമില്ലെങ്കിലും 'പ്രാഞ്ചിയേട്ടന് ഒരു സംഭവാ ട്ടാ...'