
കഥ: രഞ്ജിത്ത്
തിരക്കഥ, സംഭാഷണം: ടി. എ.റസാഖ്
സംവിധാനം: വി.എം. വിനു
നിര്‍മ്മാണം: മഹാ സുബൈര്‍
കുടുംബശ്രീ പ്രവര്‍ത്തകരായ നാല് സ്ത്രീകളും അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ വഴിത്തിരിവായി അവര്‍ക്ക് ഉപേക്ഷിച്ച നിലയില്‍ കിട്ടുന്ന കുറേ ഹവാല പണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥ.
റസാഖ്, വി എം വിനു എന്നിവരുടെ പതിവുശൈലിയില്‍ ജീവിത പ്രാരാബ്ധങ്ങള്‍, സ്നേഹം, തെറ്റിദ്ധരിക്കല്‍, ത്യാഗം തുടങ്ങിയവ വേണ്ട അനുപാതത്തില്‍ ചേര്‍ത്ത് വലിയ മോശമാകാതെ കൊണ്ടവസാനിപ്പിച്ചിരിക്കുന്നു ഈ ചിത്രം.
കഥ പറച്ചിലിലെ അസഹനീയമായ ഇഴച്ചില്‍ പ്രേക്ഷകരെ വല്ലാതെ വെറുപ്പിക്കാന്‍ പ്രാപ്തമായിരുന്നു. സെന്റിമെന്റ്സ് ഇടയ്ക്കിടെ പുട്ടിന് തേങ്ങപോലെ കുത്തിക്കയറ്റിയിട്ടുണ്ടെങ്കിലും ശരിക്കങ്ങ് ഏശുന്നില്ല.
പാട്ടിനും നൃത്തത്തിനും പേരുദോഷമുണ്ടാക്കാനായി അതും ഇതില്‍ ഫിറ്റ് ചെയ്ത് വഷളാക്കിയിട്ടുണ്ട്. ഒരു വിധം സഹിച്ച് അടങ്ങിയിരിക്കുന്ന പ്രേക്ഷകനെ വെറുപ്പിച്ച് ഓടിക്കാന്‍ ഇത് വളരെ ഗുണം ചെയ്തു.
അഭിനയനിലവാരം തരക്കേടില്ലായിരുന്നു. എങ്കിലും ശ്വേത, രേവതി, നെടുമുടിവേണു എന്നിവര്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തി. നെടുമുടി വേണുവിന്റെ വിക്കും, ശ്വേതയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്സും അല്പം ഓവറായെങ്കിലെ ഉള്ളൂ..
അവസാനത്തെ 20 മിനുട്ട് മാത്രമാണ് ഈ ചിത്രത്തിനു കുറച്ചൊരു വേഗതയും ആസ്വാദനനിലവാരവും വന്നത്. എന്ന് കരുതി അത്ര ഗംഭീരമായി എന്നര്‍ത്ഥമില്ല.
എറണാക്കുളം സവിത തിയ്യറ്ററില്‍ ഇന്നലെ സെക്കന്‍ഡ് ഷോയ്ക്ക് 30% ആളുകളേ ഉണ്ടായിരുന്നുള്ളൂ.