
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മോഹന്‍ രാഘവന്
നിര്‍മ്മാണം: പോള്‍ വടക്കുംഞ്ചേരി, പോള്‍ വലികോടത്ത്
ഓര്‍മ്മ വയ്ക്കുന്നതിനുമുന്പേ അച്ഛനുപേക്ഷിച്ചുപോയ ഒരു മകന്, അമ്മയോടും അച്ഛമ്മയോടൊപ്പം കേരളത്തിലെ ഒരു ഗ്രാമത്തില്‍ കഴിയുകയും, അച്ഛനു വേണ്ടി ആഗ്രഹിച്ച് അമ്മയുടെ പെട്ടിയില്‍ നിന്ന് കിട്ടിയ ഒരു അഡ്രസ്സിലേയ്ക്ക് എഴുത്ത് അയയ്ക്കുകയും ചെയ്യുന്നു..
അമ്മ അടുത്തില്ലാതെ അച്ഛനോടും വീട്ടില്‍ ഒരു കാരണവരെപ്പോലെ കൂടെയുള്ള ആളോടുമൊപ്പം ബാംഗ്ലൂരില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി...
മകന് അച്ഛനയച്ച കത്ത് ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ് വരുന്നത്. പണ്ട് ഈ വീട്ടില്‍ താമസിച്ചിരുന്നവരുടെ ഡ്രൈവറായിരുന്നുവത്രേ ഈ കത്തിന്റെ അഡ്രസ്സില്‍ പറയുന്ന അച്ഛന്..
മകനോടുള്ള അച്ഛന്റെ സ്നേഹവും ആഗ്രഹവും മനസ്സിലാക്കി, ആ മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛനാണെന്ന വ്യാജേന പെണ്‍കുട്ടി മറുപടി അയച്ച് കുറേ കാലം മുന്നോട്ടുപോകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന കഥാ തന്തു.
ഇതിന്നിടയില്‍ പരസ്യചിത്രങ്ങളുടെയും മറ്റും ഡയറക്ടര്‍ ആയ പെണ്‍കുട്ടിയുടെ അച്ഛന്, എഴുത്ത് വായിച്ച് ഒരു സിനിമയ്ക്കുള്ള തിരക്കഥാ ചര്‍ച്ചയുമായി നടത്തുന്ന ശ്രമവും ഈ ചിത്രത്തിലുണ്ട്.
പൊതുവേ എല്ലാവരും നല്ല അഭിനയ നിലവാരം പുലര്‍ത്തി. ബാലതാരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നതിന് വളരെ സഹായകരമായി.
ആദ്യം അല്പം ബോറടിപ്പിച്ചെങ്കിലും , പല രംഗങ്ങളിലും നല്ല ഒരു ഫീല്‍ ഉണ്ടാക്കുന്നതിന് ഇതിന്റെ സംവിധായകന് സാധിച്ചിട്ടുണ്ട്.
വളരെ സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും നിലവാരം പുലര്‍ത്തി.
എന്നിരുന്നാലും, കുറേ ന്യൂനതകളും ഒരു പെര്‍ഫെക് ഷന്റെ കുറവും ഈ ചിത്രത്തിന് അനുഭവപ്പെട്ടു.
ഇതിന്റെ കഥയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സിനിമാ ചര്‍ച്ച ചിത്രീകരണരംഗങ്ങളും ആവിഷ്കാരവും അത്ര നന്നായി തോന്നിയില്ല. ഇത് പ്രധാന കഥയെ ബാധിക്കുന്നില്ലാത്തതിനാല്‍ അതിന്റെ ആവശ്യകത തന്നെ സംശയമാണ്. ഒടുവിലത്തെ രംഗത്തിന് ഈ സിനിമാചിത്രീകരണവുമായി ഒരു ബന്ധമുണ്ട്... പക്ഷേ, അതല്പം സംശയജനകവുമാണ്..
കുറച്ച് സംശയങ്ങളും ക്ലാരിറ്റി കുറവുകളും ഈ ചിത്രത്തില്‍ അനുഭവപ്പെട്ടു.
1. അച്ഛന്റെ മാവ് എന്ന് പറഞ്ഞ് മാവ് വെട്ടാന്‍ കുട്ടി സമ്മതിക്കാതിരിക്കുന്നതിന്റെ കാരണം പിടി കിട്ടിയില്ല. (ആരെങ്കിലും മുന്‍പ് എന്തെങ്കിലും ഇതിനെക്കുറിച്ച് അച്ഛനുമായി ബന്ധപ്പെടുത്തി ഈ മാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്തോ? )
2. പെണ്‍കുട്ടിയുടെ അമ്മ എന്തുകൊണ്ട് അച്ഛനുമായി അകന്ന് വിദേശത്ത് താമസിക്കുന്നു എന്നത് വ്യക്തമല്ല. ജോലിയുടേയോ പഠിപ്പിന്റേയോ മറ്റോ ഭാഗമായി പോയതാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവുമായും കുട്ടിയുമായും അവര്‍ക്ക് കാര്യമായ ബന്ധമില്ലാത്തതായാണ് അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, പെണ്‍കുട്ടിയുടെ അച്ഛന് ഒരു പെണ് സുഹൃത്ത് ഉണ്ടെന്ന സൂചയനയും നല്കുന്നു.
3. ആണ്‍കുട്ടിയുടെ അച്ഛന് ഭാര്യയേയും മകനേയും ഉപേക്ഷിച്ച് നാട് വിട്ട് പോകാനുള്ള കാരണവും വ്യക്തമാക്കുന്നില്ല. എന്ത് കാരണം വേണേലും പ്രേക്ഷകര്‍ ആലോചിച്ച് കണ്ടുപിടിച്ചോട്ടേ... എനിക്കേതായാലും സൗകര്യമില്ല എന്നതാണാവോ തിരക്കഥാ കൃത്തിന്റെ ഉദ്ദേശം.
4. ആണ്‍കുട്ടിയുടെ അമ്മയുടെ സ്വഭാവത്തില്‍ എന്തെങ്കിലും ദൂഷ്യമുണ്ടോ എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ആളുകളുമായുള്ള ഇടപെടലുകളില്‍ നിന്ന് അങ്ങനെ ദൂഷ്യമുണ്ടാവാന്‍ യാതൊരു സാദ്ധ്യതയുമില്ല എന്ന് തോന്നിപ്പിക്കുകയും മറ്റു ചില സംഭവങ്ങളും രംഗങ്ങളും അതിന് വിരുദ്ധമായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇതും വേണമെങ്കില്‍ പ്രേക്ഷകന് വീട്ടില്‍ പോയിരുന്ന് ആലോചിച്ച് കണ്ടുപിടിച്ചോട്ടെ എന്നായിരിക്കും ഉദ്ദേശം...
5. ആണ്‍കുട്ടിയുടെ അമ്മയ്ക്ക് സംഭവിച്ചത് എന്ത് എന്ന ചോദ്യം അവശേഷിപ്പിച്ചിരിക്കുന്നു. 'നാട്ടുകാര്‍ പലതും പറയുന്നുണ്ട്.. ഞാനൊന്നും അന്വേഷിക്കാന്‍ പോയില്ല' എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട് പറയിപ്പിച്ചത് സംവിധായകന്റെ തന്നെ അഭിപ്രായമാണോ ആവോ.. :-)
6. ചിത്രത്തിന്റെ ക്ലൈമാക്സില്‍, 'സ്വപ്നത്തില്‍ കണ്ട വള' ഒരല്പം സംശയം ജനിപ്പിച്ചു. സിനിമാചിത്രീകരണഭാവനയില്‍ കണ്ട ആ വള, എങ്ങനെ കൃത്യമായി ആ കുട്ടിയുടെ സ്വപ്നത്തില്‍ കയറിപ്പറ്റി എന്നതാണ് സംശയം. എനിക്ക് മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല.. എങ്കിലും....
പൊതുവേ പറഞ്ഞാല്‍ ഒരു ഗംഭീരചിത്രമൊന്നുമല്ലെങ്കിലും നിലവാരമുള്ള ഒരു സിമ്പിള്‍ സിനിമ... സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും അഭിനയവും മ്യൂസിക്കും എല്ലാം ചേര്‍ന്ന് നിരാശാപ്പെടുത്താത്ത ഒരു ചിത്രം.. സമീപകാല സ്റ്റാര്‍ ചിത്രങ്ങളെ അപേക്ഷിച്ച് വളരെ ഭേദം...