
സംവിധാനം: എ. ആര്. മുരുഗദോസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
തിരക്കഥ: എ. ആര്. മുരുഗദോസ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്, അസിന് തോട്ടുങ്കല്‍, ജിയ ഖാന്, പ്രദീപ് രാവത്, റിയാസ് ഖാന്
സംഗീതം: ഏ. ആര് റഹ്മാന്
വരികള്‍: പ്രസൂണ്‍ ജോഷി
ഛായാഗ്രാഹണം: രവി. കെ. ചന്ദ്രന്
ചിത്രസംയോജനം: ആന്റണി ഗോണ്‍സാല്‍വസ്
നിര്‍മ്മാണം: അല്ലു അരവിന്ദ്
തിരക്കഥ: എ. ആര്. മുരുഗദോസ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്, അസിന് തോട്ടുങ്കല്‍, ജിയ ഖാന്, പ്രദീപ് രാവത്, റിയാസ് ഖാന്
സംഗീതം: ഏ. ആര് റഹ്മാന്
വരികള്‍: പ്രസൂണ്‍ ജോഷി
ഛായാഗ്രാഹണം: രവി. കെ. ചന്ദ്രന്
ചിത്രസംയോജനം: ആന്റണി ഗോണ്‍സാല്‍വസ്
എ. ആര്. മുരുഗദോസിന്റെ അഞ്ചാമത് ചിത്രമാണ് 2008 ഡിസംബര്‍ 25-ന് പുറത്തിറങ്ങിയ ഹിന്ദിയിലുള്ള ഗജിനി. മുരുഗദോസിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. മുരുഗദോസ് തന്നെയാണ് തമിഴില്‍ ഇറങ്ങിയ ഗജിനിയും സംവിധാനം ചെയ്തത്. മൊമെന്റോ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
തമിഴില്‍ ഗംഭീരവിജയം കൊണ്ട് ഗജിനി എന്ന ചിത്രം തന്നെയാണ് അതേ പേരില്‍ ഹിന്ദിയിലും ഇറക്കിയിരിക്കുന്നത്. തമിഴില്‍ സൂര്യ ചെയ്ത നായകവേഷം ഹിന്ദിയില്‍ അമീര്‍ ഖാന് ചെയ്യുമ്പോള്‍, തമിഴില്‍ അസിന്, പ്രദീപ് രാവത്, റിയാസ് ഖാന് എന്നിവര്‍ ചെയ്ത വേഷം ഹിന്ദിയിലും അവര്‍ തന്നെയാണ് ചെയ്തിരിക്കുന്നത്. തമിഴില്‍ നയന്‍ താര ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്തിരിക്കുന്നത് ജിയ ഖാന്.
തമിഴ് ഗജിനിയുടെ തിരക്കഥയുടെ ഫോട്ടോകോപ്പി തന്നെയാണ് ഹിന്ദി ഗജിനിയിലും ഉപയോഗിച്ചിരിക്കുന്നത്. തമിഴിനെ ഹിന്ദി ആക്കുന്ന ഒരു സോഫ്റ്റ്വയര് ഉപയോഗിച്ച് സംഭാഷണം രചിച്ചിരിക്കുന്നു എന്നു തോന്നുമാറ് അപ്രധാനരംഗങ്ങളിലുള്ള സംഭാഷണങ്ങള്‍ പോലും തനി പകര്‍പ്പാണ്. അവസാന ചില രംഗങ്ങളിലൊഴികെ പുതിയ ഒരു രംഗം പോലും ഹിന്ദി പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്തിനധികം, നായികയെ കൊല്ലാന്‍ ഉപയോഗിച്ചിരിക്കുന്ന ആയുധം പോലും തമിഴില്‍ ഉപയോഗിച്ചതു തന്നെയാണ്. ആമിര്‍ ഖാനിനു തമിഴ് ഗജിനിയുടെ ക്ലൈമാക്സ് ഇഷ്ടമായില്ലെന്നും അവസാന അര മണിക്കൂര്‍ ആമിര്ഖാന് മാറ്റിയെഴുതിച്ചുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ക്ലൈമാക്സില്‍ കാര്യമാത്രപ്രസക്തമായ വ്യത്യാസങ്ങളൊന്നും ഹിന്ദി ഗജിനിയിലില്ല. തമിഴ് ചിത്രത്തില്‍ നിന്ന് കാലികമായ മാറ്റം പ്രതീക്ഷിച്ച് ഈ സിനിമ കാണുന്നവരെ തീര്ച്ചും നിരാശരാക്കുന്നതാണ് ഈ ചിത്രം.
മറവി രോഗമുള്ള രോഗിയായ സഞ്ചയ് സിങ്ഹാനിയ എന്ന കഥാപാത്രത്തെ ആമിര്‍ ഖാന് ഭംഗിയാക്കി. തന്റെ ശരീരം ആമിര്‍ ഫലപ്രദമായിത്തന്നെ ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍, പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളില്‍. ദേഷ്യവും വാശിയും സങ്കടവും എല്ലാം ആമിര്‍ ഫലപ്രദമായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ മനസ്സിനു താളം തെറ്റിയ ഒരാളുടെ വൈകാരിക സംഘര്‍ഷങ്ങളെ, സൂര്യ വെള്ളിത്തിരയില്‍ നമുക്കു കാണിച്ചുതന്നത്ര മനോഹരമായി ആമിര്‍ ചെയ്തില്ല എന്നുവേണം പറയാന്‍. നടപ്പിലും, നോട്ടത്തിലും, തലയുടെ പല രീതിയിലുള്ള ചലനത്തിലും ഒക്കെ സൂര്യ ആ രോഗിയുടെ മാനസികാവസ്ഥ വ്യക്തമായി നമുക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ആമിര്‍ ഖാന് പലപ്പോഴും ഒരു സാധാരണ മനുഷ്യന്റെ സ്വഭാവമേ കാണിക്കാന്‍ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ സൂര്യയേക്കാള്‍ ഒരു പടി മുന്നിലായി ആമിര്‍.
അസിന് തന്റെ റോള്‍ ഒരിക്കല്‍ക്കൂടി അഭിനയിച്ചപ്പോള്‍ അത് കുറച്ച് കൂടുതല്‍ മനോഹരമാക്കി. സ്വന്തം ശബ്ദം തന്നെ ഈ കഥാപാത്രത്തിനു നല്കി അസിന് തന്റെ കഥാപാത്രത്തിനോട് കൂറു പുലര്‍ത്തി. എങ്കിലും തമിഴ് ഗജിനിയിലേതുപോലെതന്നെയായി ഈ സിനിമയിലും അസിനിന്റെ മരണരംഗങ്ങള്‍. ഇവിടെ അസിനിനു കുറച്ചുകൂടി മികവ് പുലര്‍ത്താമായിരുന്നു. ഗജിനി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച രാവതും തന്റെ റോള്‍ മനോഹരമാക്കി. ക്രൂരത നിറഞ്ഞ വില്ലമായി പ്രശംസനീയമായ അഭിനയമാണ് പ്രദീപ് കാഴ്ചവച്ചത്. തമിഴ് ഗജിനിയേക്കാള്‍ ഹിന്ദി ഗജിനിയില്‍ നന്നായത് വില്ലന്‍ കഥാപാത്രം തന്നെയാണ്. നയന്‍ താരയുടെ കഥാപാത്രമായി അഭിനയിച്ച ജിയ ഖാന് എടുത്തുപറയത്തക്ക അഭിനയമൊന്നും കാഴ്ചവച്ചില്ല. റിയാസ് ഖാന് പഴയ പോലീസ് ഓഫീസര്‍ കഥാപാത്രത്തില്‍ നിന്ന് ഒരു പടി മുന്നോട്ടുമില്ല, പിന്നോട്ടുമില്ല എന്ന രീതിയിലാണ് ഹിന്ദിയില്‍.
എ. ആര് റഹ്മാന്റെ ഗാനങ്ങളില്‍ “ഗുസാരിഷ്” എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. ഈ ഗാനത്തിന്റെ ചിത്രീകരണവും നന്നായിട്ടുണ്ട്. മറ്റ് ഗാനങ്ങള്‍ അത്ര മികച്ചവയല്ലെന്ന് മാത്രമല്ല, അവയുലുള്ള നൃത്തവും ചിത്രീകരണവും മികച്ചതായിരുന്നില്ല. പാട്ടുകളുടെ ആവശ്യമില്ലാത്തയിടത്ത് അവയെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതുകൊണ്ട് അവ ഏച്ചു കെട്ടിയതുപോലെ മുഴച്ചും നില്ക്കുന്നു.
ചുരുക്കത്തില്‍: നല്ലൊരു സിനിമ, നല്ല അഭിനയം, റൊമാന്സും, പ്രതികാരവും, സസ്പെന്‍സും, ആക്ഷനും എന്നിങ്ങനെ എല്ലാ ചേരുവകളും ഉള്ള ഒരു അസ്സല് കമേര്‍ഷ്യല്‍ സിനിമ. തമിഴ് ഗജിനി കാണാത്ത ആര്‍ക്കും ഈ സിനിമ ഇഷ്ടമാകും. എന്നാല്‍ രണ്ടിലൊന്ന് കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന പ്രേക്ഷന്, തമിഴ് ഗജിനി തിരഞ്ഞെടുക്കുന്നതാവും ബുദ്ധി.
എന്റെ റേറ്റിങ്ങ്: 4/5