Wednesday, September 27, 2006
സംടൈംസ് ഇന്‍ ഏപ്രില്‍.
ഉഗാണ്ടയോട് ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യമാണ് റുവാണ്ട. 1916 വരെ ജര്‍മ്മനിയുടെ കോളനി രാജ്യം.1916 ല്‍ ബല്‍ജിയം റുവാണ്ടയുടെ കോളനി ഭരണം ജര്‍മ്മനിയില്‍ നിന്നും ഏറ്റെടുത്തു. ഹുതു, തുറ്റ്സി, ത്വ, എന്നിങ്ങനെ മൂന്ന് ഗോത്രവര്‍ഗ്ഗങ്ങള്‍ സന്തോഷത്തോടും, സമാധാനത്തോടും ജീവിച്ചു വന്നിരുന്ന റുവണ്ട, ബല്‍ജിയത്തിന്റെ കയ്യിലായതോടെ,ഗോത്രാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനും, ഹുതു എന്ന വിഭാഗത്തിനു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തുടങ്ങി.ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അതേ കുടില തന്ത്രം. 1959 ല്‍ ബല്‍ജിയം ഹുതുവിന് അധികാരം കൈമാറി.അവിടെ തുടങ്ങുന്നു റുവാണ്ടയുടെ ദുരിതങ്ങള്‍. പുരോഗമന ചിന്താഗതിക്കാരായ ഹുതു വിഭാഗത്തില്‍ പെട്ടവരും, തുറ്റ്സി വിഭാഗക്കാരും, പാലായനം ചെയ്യുകയോ, പുറത്താക്കപ്പെടുകയോ ചെയ്തു.ഇങ്ങനെ പുറത്താക്കപ്പെട്ടവരും, പാലായനം ചെയ്തവരും, ചേര്‍ന്ന് മാതൃരാജ്യം പിടിച്ചെടുക്കാന്‍ 1988 ല്‍ ആര്. പി. എഫ് എന്ന സംഘടന രൂപീകരിച്ചു. 1990 ല്‍ ഉഗാണ്ടയിലെ കേന്ദ്രങ്ങളില്‍ ഇരുന്ന് ഇവര്‍ ഒരു ആക്രമണം തുടങ്ങി. എന്നാല്‍ ഈ ആക്രമണങ്ങള്‍ ബല്‍ജിയത്തിന്റേയും, ഫ്രാന്‍സിന്റേയും, സഹായത്തോടെ ഹുതു ഭരണകൂടം ചെറുത്തു. 1993 വരെ തുടര്‍ന്ന ഈ യുദ്ധത്തില്‍ ഒരു പാട് നാശനഷ്ടങ്ങളും, മരണങ്ങളും ഉണ്ടായി. 1993 ല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ ഇരുകൂട്ടര്‍ക്കും ഭരണപങ്കാളിത്തം ഉറപ്പു വരുത്തുന്ന ഒരു മാര്‍ഗ്ഗരേഖ ഉണ്ടാക്കി.അരോഷ പീസ് അക്കോര്‍ഡ് എന്ന ഈ കരാര്‍ പ്രസിഡന്റ് നടപ്പിലാക്കാന്‍ പോകുകയാണെന്ന് സംശയിച്ച ഹുതു വിഭാഗത്തിലെ തീവ്രവാദികള്‍ ഈ കരാര്‍ നടപ്പിലാക്കാതിരിക്കാനായി രാജ്യമെങ്ങും, തുറ്റ്സികളേയും, പുരോഗമന ഹുതുകളേയും കൊല ചെയ്തു. 1994 ഏപ്രില്‍ തുടങ്ങിയ കലാപം റുവാണ്ടന്‍ പ്രസിഡന്റും ഹബിയാരിമനയും, ബുറൂണ്ടി പ്രസിഡന്റും സഞ്ചരിച്ചിരുന്ന വിമാനം ആക്രമണത്തോടെയാണ് ആരംഭിക്കുന്നത്. നൂറ് ദിവസം നീണ്ടു നിന്ന ഈ കലാപത്തില്‍ 8 ലക്ഷം പേര് മരിച്ചു. ഇത് പൂര്‍ണ്ണമായ ഒരു വംശീയ ഉന്മൂലനമായിരുന്നു.ഈ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു പുരോഗമന ചിന്താഗതിക്കാരനായ ഹുതുവിന്റേയും, അവന്റെ സഹോദരന്റേയും കഥയാണ് സംടൈംസ് ഇന്‍ ഏപ്രില്‍.
സംടൈംസ് ഇന്‍ ഏപ്രില്‍.
റൌള്‍ പെക്ക് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2005 ലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ്.1994 ല്‍ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി ഹുതു തീവ്രവാദികള്‍ പട്ടാള സഹായത്തോടെ നടത്തിയ കൂട്ടക്കൊലയില്‍ തുറ്റ്സി വിഭാഗത്തില്‍ പെട്ട തന്റെ ഭാര്യയേയും, മക്കളേയും നഷ്ടപ്പെട്ട ഒരു ഹുതുവിന്റേയും, അയാളുടെ സഹോദരന്റേയും കഥയാണിത്. പുരോഗമന ചിന്താഗതിക്കാരനായ പട്ടാളക്കാരനാണ് അഗസ്റ്റിന്. സഹോദരന് ഹോണോറെയാവട്ടെ റേഡിയോ നിലയത്തിലെ അറിയപ്പെടുന്നയാളും, ഹുതുവിനോട് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി അംഗവുമാണ്. നിത്യവും റേഡിയോയിലൂടെ തുറ്റ്സികള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. 1993ല്‍ യു.എന്‍ കൊണ്ടുവന്ന കരാര്‍ നടപ്പിലാക്കാന്‍ പ്രസിഡന്റ് ശ്രമിക്കുന്നു എന്ന സംശയത്താല്‍ കൊല ചെയ്യപ്പെടേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. അന്ന് രാത്രി റുവാണ്ടന്‍ പ്രസിഡന്റും, ബുറൂണ്ടി പ്രസിഡന്റും, വിമാനാക്രമണത്തെ തുടര്‍ന്ന് കിഗാലി എയര്പോര്ടിനു സമീപം കൊല്ലപ്പെടുന്നു. തുടര്‍ന്ന് കിഗാലിയുടെ സംരക്ഷണത്തിന് എന്ന വ്യജേന തുറ്റ്സികളുടെ വീടുകള്‍ അരിച്ച് പെറുക്കുകയും, കൊല്ലുകയും ചെയ്യുന്നു. പുരോഗമന ചിന്താഗതിക്കാരനായ അഗസ്റ്റിന്റെ ഭാര്യ തുറ്റ്സി വിഭാഗക്കാരിയാണ്. മൂന്ന് കുട്ടികളുണ്ട്. ഒരു പെണ്‍കുട്ട് ദൂരെ സ്കൂളില്‍ പഠിക്കുന്നു. രണ്ട് ആണ്‍കുട്ടികള്‍ കൂടെ താമസിക്കുന്നു.
തുറ്റ്സികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നറിഞ്ഞ അഗസ്റ്റിന് ഭാര്യയേയും കുട്ടികളേയും, രക്ഷപ്പെടുത്താന്‍ ചേട്ടന്റെ സഹായം തേടുന്നു. ചേട്ടനായ ഹൊണോറെ ആദ്യം എതിര്‍ത്തെങ്കിലും, പിന്നീട് വഴങ്ങുന്നു. എന്നാല്‍ ഇവര്‍ ഹുതു തീവ്രവാദികളുടെ കയ്യില്‍ അകപ്പെടുന്നു. അഗസ്റ്റിന്റെ മകള്‍ താമസിച്ച് പഠിച്ചിരുന്ന സ്കൂളും, ഹോസ്റ്റലും ആക്രമണത്തിന് ഇരയായി. കുട്ടികള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നു.നൂറ് ദിവസം നീണ്ട് നിന്ന വംശീയ കലാപം, തുറ്റ്സികളുടെ സംഘടനയായ ആര്.പി.എഫ് കിഗാലി പിടിച്ചെടുക്കുന്നതോടെ അവസാനിക്കുന്നു.തുടര്‍ന്ന് തുറ്റ്സികള്‍ ഭരണം ഏറ്റെടുക്കുകയും രാജ്യത്ത് സമാധാനം നിലവില്‍ വരികയും ചെയ്യുന്നു. പിന്നിട്, ലോക നീതിന്യായകോടതിയില്‍, ആക്രമണം നടത്തിയവര്‍ക്കെതിരെ വിചാരണ ആരംഭിച്ചു. വളരെ നല്ല നാടകീയ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു ചിത്രമാണിത്.
ഇത് വെറുമൊരു കഥയല്ല. റുവാണ്ടയിലെ ഒരു ജന വിഭാഗം അനുഭവിച്ച ദുരിതങ്ങളുടെ ചരിത്രമാണ്. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നൂറ് ദിവസം നീണ്ട് നിന്ന തുറ്റ്സി വംശീയ ഉന്മൂലന കലാപത്തില്‍ 8 ലക്ഷം പേര് മരിച്ചപ്പോള്‍ ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നോക്കി നിന്ന യു.എന്‍ എന്ന കടലാസു പുലിയുടെ ചരിത്രം കൂടിയാണ്. ചെലവുകള്‍ ആരു വഹിക്കണമെന്ന തര്‍ക്കത്തിലും, അവിടെ നടക്കുന്നത് വംശീയ ഉന്മൂലനം (genocide)തന്നെയാണോ എന്ന തര്‍ക്കത്തിലും യു.എന്‍ മുഴുകിപോയി. മാത്രമല്ല ഉണ്ടായിരുന്ന യു.എന്‍ സമാധാന സേനാംഗങ്ങളുടെ എണ്ണം കുറക്കുകയും അവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ ഓര്‍മ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. വളരെ മനോഹരമായ ചിത്രസംയോജനത്തിലൂടെ പാസ്ക്വല്‍ മാര്‍ടിരാനൊ ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. തുറ്റ്സികള്‍ കൊല്ലപ്പെടുന്നതും, അവര്‍ പാലയനം ചെയ്യാന്‍ കഷ്ടപ്പെടുന്നതും, ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പോലും അവര്‍ തുറ്റ്സികളെ തെരഞ്ഞു പിടിച്ച് കൊല്ലുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്യുന്ന രംഗങ്ങള്‍ കാഴ്ചക്കാരില്‍ വല്ലാത്ത നൊമ്പരം ഉണ്ടാക്കും.യു.എന്‍ എന്തെങ്കിലും ചെയ്യാമായിരുന്നിട്ട് കൂടിയും, വിദേശികളെ മാത്രം തെരഞ്ഞ് പിടിച്ച് കൂട്ടി കൊണ്ട് പോകുന്ന രംഗങ്ങള്‍ നന്നായി കാണിച്ചിട്ടൂണ്ട്. ഭാര്യയും, മക്കളും നഷ്ടപ്പെട്ട അഗസ്റ്റിന് നല്ലൊരു കഥാപാത്രമാണ്.അഭിനേതാക്കളെല്ലാം നന്നായി അഭിനയിച്ചിട്ടുണ്ട്. കഥ പറഞ്ഞ രീതിയും, അടുക്കും ചിട്ടയും എല്ലാം എടുത്തു പറയത്തക്കതാണ്. പടം കണ്ടു കഴിയുമ്പോള്‍ നമ്മളില്‍ ഒരു നൊമ്പരം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിനു കഴിയും.
ഓരോ കലാപങ്ങളിലും നമ്മള് കാണുന്നതും, അനുഭവിക്കുന്നതും, വേദനകളും, കൊടിയ ദുരിതങ്ങളും, വേണ്ടപ്പെട്ടവരുടെ വേര്‍പാടുകളും മാത്രമാണ്. ജനിച്ച് വളര്‍ന്ന മണ്ണില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ വേദന പങ്കു വെയ്ക്കാന്‍ റുവാണ്ടന്‍ ജനതയ്ക്കൊപ്പം ആരുമുണ്ടായില്ല എന്ന തിരിച്ചറിവ് നമുക്കീ ചിത്രം നല്കുന്നു.യഥാസമയം പ്രതികരിക്കാന്‍ ലോകം തയ്യാറാകാതിരുന്നത് മൂലം റുവാണ്ടക്ക് നഷ്ടപ്പെട്ടത് 8 ലക്ഷം ജനതയെയാണ്. ഒരു പക്ഷെ വംശനാശം വന്നു പോകുമായിരുന്ന ഒരു ഗോത്രം. ഈ ജനതയുടെ സങ്കടങ്ങള്‍ വളരെ നന്നായി സംവിധായകനും, കഥാകൃത്തുമായ റൌള്‍ പെക്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രം കാണാതിരിക്കുന്നത് ഒരു നഷ്ടം തന്നെയാണ്. എല്ലാം കൊണ്ടും ഒരു മികച്ച ചിത്രമാണ് സംടൈംസ് ഇന്‍ ഏപ്രില്‍.
Saturday, September 23, 2006
നെയ്ത്തുകാരന്
സംവിധാനം : പ്രിയ നന്ദനന്‍.
കഥ,തിരക്കഥ, സംഭാഷണം: എന്‍.ശശിധരന്
ഛായാഗ്രഹണം : ജെയിന് ജോസഫ്
സംഗീതം : ജോണ്‍ പി.വര്‍ക്കി.
അഭിനേതാക്കള്‍ : മുരളി, സോനാ നായര്‍,വിജയരാഘവന്, എം.ആര്.ഗോപകുമാര്‍,മുല്ലനേഴി തുടങ്ങിയവര്‍.
ഇ.എം.എസ്. മരിക്കുന്ന ദിവസം ആണ് ചിത്രം തുടങ്ങുന്നത്. ഇ.എം.എസ് മരിക്കുന്ന വാര്‍ത്തയറിയുന്ന ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരനിലൂടെ കടന്നു പോകുന്ന ഓര്‍മ്മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.രണ്ട് കാലഘട്ടങ്ങളിലെ തലമുറകളുടെ വൈരുദ്ധ്യം, അവരുടെ പെരുമാറ്റത്തിലും, പ്രവൃത്തിയിലും ഉള്ള അന്തരങ്ങള്‍, പണ്ട് കമ്മ്യൂണിസ്റ്റ്കാര് ആയിരുന്നവര്‍ ആശയങ്ങള്‍ ഉപേക്ഷിച്ച് ഒരു പുതിയ ജീവിത പന്ഥാവിലേക്ക് തിരിയുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, എല്ലാം ഈ ചിത്രം കാണിക്കുന്നു. ഒരു ശരാശരി കമ്മ്യൂണിസ്റ്റ്കാരനെ ആവേശ ഭരിതനാക്കാന്‍ ഈ ചിത്രത്തിനു കഴിയുമെങ്കിലും, ഒരു ചലചിത്രം എന്ന നിലയില്‍ ഈ ചിത്രം ഒരു പരാജയമാണ്.
ഒരു പഴയ കമ്മ്യൂണിസ്റ്റ് കാരനാണ് അപ്പ മേസ്തിരി.അപ്പമേസ്തിരിയുടെ മകനാണ് ജോഷി.അപ്പമേസ്തിരിയായി മുരളിയും, ജോഷിയായി വിജയരാഘവനും,ജോഷിയുടെ ഭാര്യയായി സോനാ നായരും അഭിനയിക്കുന്നു. അപ്പമേസ്തിരി തീരെ സുഖമില്ലാതെയിരിക്കുകയാണ്. അതിന്റെ ആശങ്കകളിലാണ് ജോഷിയുടെ ഭാര്യ.ജോഷിയുടെ മക്കളാകട്ടെ, റാപ്പ് സംഗിതവും, എഫ്.ടി.വിയുമാണ് ആസ്വദിക്കുന്നത്. അവര്‍ക്ക് ഒരു പഴയ കമ്മ്യൂണിസ്റ്റ്കാരന്റെ ചെയ്തികളൊ, അവരുടെ ജീവിതരീതികളോ ചേരുന്നില്ല.ജോഷിയാകട്ടെ ഒരു പഴയ നക്സല്‍ പ്രവര്‍ത്തകനാണ്. ജോഷി ഇന്ന് ഒരു പരസ്യ കമ്പനി നടത്തുന്നു. ജോഷി വളരെ സമ്പന്നനാണ്. ഇന്നയാള് പഴയ നക്സല്‍ അല്ല. ജോഷിയുടെ മാറ്റങ്ങള്‍ പഴയ നക്സല്‍ പ്രവര്‍ത്തകര്‍ എവിടെ എത്തി നില്ക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം ശ്രമിക്കുന്നു.ജോഷിയെ കാണാന്‍ പഴയ നക്സല്‍ പ്രവര്‍ത്തകനും, സുഹൃത്തുമായിരുന്ന ബാഹുലേയന് വരുന്നു. ബാഹുലേയന് ആയി എം.ആര്. ഗോപകുമാര്‍ ആണ് അഭിനയിക്കുന്നത്. ജോഷി മാതാ അമൃതാനന്ദമയിയെ കണ്ടതിനു ശേഷം പരസ്യ കമ്പനിയുടെ പേരു മാറ്റിയതും അതിനു ശേഷം ഉണ്ടായ വളര്‍ച്ചയും ഒക്കെ വളരെ ഉത്സാഹത്തോടെയാണ് സുഹൃത്തിനെ ധരിപ്പിക്കുന്നത്.
ഇ.എം.എസ്സിന്റെ മരണവാര്‍ത്ത റേഡിയോയില്‍ നിന്നാണ് അപ്പമേസ്തിരി മനസ്സിലാക്കുന്നത്. അപ്പമേസ്തിരിയെ പാര്‍ട്ടി സെക്രട്ടറി വിവരം ധരിപ്പിക്കാന്‍ വന്നെങ്കിലും അപ്പ മേസ്തിരിയെ അതെങ്ങിനെ ബാധിക്കും എന്ന ആശങ്കയുള്ളതിനാല്‍ മകള്‍ അത് വിലക്കുന്നു. തീരെ സുഖമില്ലാതെയിരുന്ന അപ്പ മേസ്തിരിയില്‍ ഇ.എം.എസ്സിന്റെ മരണവാര്‍ത്ത, തന്റെ നഷ്ടപ്പെട്ട് ഓര്‍മ്മകളേയും,ഊര്‍ജ്ജത്തേയും അയാള്‍ക്ക് തിരിച്ച് നല്‍കുകയാണ്.അപ്പ മേസ്തിരി ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ഇ.എം.എസ്സിന്റെ മരണം അയാളില്‍ വല്ലാത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.ഇ.എം.എസ്സിന്റെ മരണത്തോടെ എല്ലാം തീര്‍ന്നു എന്നയാള്‍ വിലപിക്കുന്നു.ഒരു തലമുറയുടെ അന്ത്യം,കമ്മ്യൂണീസ്റ്റ് സംഘടനകളില്‍ എത്രമാത്രം വിടവു സൃഷ്ടിക്കുന്നു എന്നയാള്‍ക്ക് അറിയാം. സഖാവ് കൃഷ്ണപിള്ളയെയും അയാള്‍ ഈ തരുണത്തില്‍ ഓര്‍ക്കുന്നുണ്ട്. ഇ.എം.എസ്സിന്റെ ശവസംസ്കാര ദിവസം അയാള്‍ ജലപാനം പോലും നടത്തുന്നില്ല.അയാള്‍ക്ക് അതിന് ന്യായങ്ങളുണ്ട്. പക്ഷെ പുതിയ തലമുറക്ക് അതൊന്നും മനസ്സിലാകുന്നില്ല.ഈ. എം. എസ്സിന്റെ മൃദദേഹം വഹിച്ചുള്ള വിലാപയാത്ര കണ്ട് തിരികെ മുറിയെലെത്തുന്ന അപ്പ മേസ്തിരിയും ലോകത്തോട് വിടവാങ്ങുകയാണ്.പ്രസ്ഥാനം ഒരു തുടര്‍ച്ചയാണെന്നും, ഇ.എം.എസ്സിനും തെറ്റ് പറ്റിയിട്ടുണ്ടാകാമെന്നും അയാള്‍ നമ്മോട് പറയുന്നുണ്ട്.
മുരളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ കഥാപാത്രമാണ് അപ്പ മേസ്തിരി. അപ്പ മേസ്തിരിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ മുരളിക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പ മേസ്തിരി പഴയ ഓര്‍മ്മകളിലൂടെ തിരിച്ച് പോകുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, അയാളുടെ വികാര വിചാരങ്ങള്‍ എല്ലാം നമുക്ക് മുന്നിലൂടെ മിന്നി മറയുന്നു. വളരെ മനോഹരമായ ചിത്ര സംയോജനത്തിലൂടെ ഇത് സാധിച്ചെടുക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.ഒരു ശരാശരി കമ്മ്യൂണിസ്റ്റ് അനുഭാവിയെ ആവേശഭരിതമാക്കാന്‍ ഈ മുഹൂര്‍ത്തങ്ങള്‍ക്കും, രംഗങ്ങള്‍ക്കും കഴിയും. അപ്പമേസ്തിരിയുടെ ഓര്‍മ്മകളിലൂടെ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, അതിന്റെ പൂര്‍വ്വകാല നേതാക്കളും,കേരളത്തിന്റെ നവോത്ഥാനത്തിനും, പുരോഗതിക്കും എത്രമാത്രം സംഭാവന നല്‍കിയിട്ടുണ്ട് എന്ന് കാണിക്കാനാണ് സംവിധായകന് ശ്രമിച്ചിട്ടുള്ളത്.ഈ കാര്യത്തില്‍ സംവിധായകന് വിജയിട്ടുണ്ട്.എന്നാല്‍ നക്സല്‍ പ്രസ്ഥാനത്തിനുണ്ടായ അപചയം ഒരു തലമുറയെ എത്രമാത്രം നാശത്തിന്റെ വക്കിലെത്തിച്ചു എന്ന് കാണിക്കാന്‍ ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല. മറിച്ച് ഒരു പഴയ നക്സല്‍ പ്രവര്ത്തകന് സമ്പന്നനായി തീരുന്ന ചിത്രമാണ് സംവിധായകന് നമുക്ക നല്‍കുന്നത്. ഒരു അപവാദമുള്ളത് ബാഹുലേയന് എന്ന കഥാപാത്രമാണ്. ബാഹുലേയനാകട്ടെ, ഇന്ന് ഒരു സംസ്കാരിക പ്രവര്‍ത്തകനാണ്. അപ്പമേസ്തിരിയെ ഉയര്‍ത്തികാണിക്കാന്‍ ശ്രമിക്കുന്നതിലൂടെ മറ്റു കഥാപാത്രങ്ങള്‍ അപ്രസക്തമാവുകായാണ് ഈ ചിത്രത്തില്‍. എം.ആര്. ഗോപകുമാറിന്റേയോ, വിജയരാഘവന്റേയോ അഭിനയ സാധ്യതകളെ സംവിധായകന് വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.എന്നാല്‍ വളരെ നല്ല ചിത്ര സംയോജനവും, ഛായാഗ്രഹണവും ഈ ചിത്രത്തിന്റെ മേന്മകളാണ്.പശ്ചാത്തല സംഗീതവും തെറ്റില്ല. കഥ പൂര്‍ണ്ണമായും അപ്പമേസ്തിരിയില്‍ ഊന്നിയായതിനാല്‍ വിശാലമായ ഒരു കാന്‍വാസില്‍ പറയേണ്ടിയിരുന്ന ഒരു കഥ പറയാന്‍ സംവിധായകനോ, തിരക്കഥയെഴുതിയ ശശിധരനോ കഴിഞ്ഞില്ല. അത് ഈ ചിത്രത്തെ പരിപൂര്‍ണ്ണമായ ഒരു പരാജയമായി മാറ്റുന്നു.
Thursday, September 21, 2006
കഭി അല്‍വിദ നാ കെഹ്നാ

ബാനര്‍: ധര്‍മ പ്രൊഡക്ഷന്‍സ്
അഭിനേതാക്കള്‍ : ഷാരൂഖ് ഖാന്, റാണി മുഖര്‍ജി, പ്രീതി സിന്റ, അഭിഷേക് ബച്ചന്.
സംവിധാനം: കരന് ജോഹര്‍
സംഗീതം: ഷങ്കര്‍, എഹ്സാന്‍, ലോയ്
വരികള്‍: ജാവേദ് അക്തര്‍
“കഭി അല്‍വിദ നാ കെഹ്നാ” തകര്‍ന്നു പോകുന്ന ജീവിത മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. രണ്ട് ദമ്പതിമാരെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഈ കുടുമ്പങ്ങള്‍ തമ്മിലുണ്ടാകുന്ന അവിഹിത ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പതിവ് കരണ്‍ ജോഹര്‍ സിനിമകളില്‍ നിന്ന് വെത്യസ്ഥമായി ഇവിടെ പ്രേമം വിവാഹശേഷമാണ്. ഒരിന്ത്യന്‍ ഭര്‍ത്താവ് വേറെ കുടുമ്പത്തിലെ ഭാര്യയെ പ്രേമിക്കുന്ന കഥ ഇന്ത്യയില്‍ ഓടില്ലെന്ന് മാത്രമല്ല, വിവാദവും ആകുമെന്നത് കൊണ്ട് തന്നെ കഥ മുഴുവന്‍ നടക്കുന്നത് അമേരിക്കയില്‍ വച്ചാണ്.
പ്രീതി സിന്റയും ഷാറൂഖ് ഖാനും ഭാര്യാഭര്ത്താക്കന്മാരാണ്. അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും വേറൊരു ദമ്പതികള്‍. അമിതാബ് ബച്ചനും കിരണ്‍ഖേറും ഇവരെക്കൂടാതെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു രണ്ട് കുടുംബങ്ങളിലായി.
കരണ്‍ ജോഹറിന്റെ ഏറ്റവും മോശം ഷാറൂഖ് ഖാന് സിനിമ ആയിരിക്കുമിത്. നായകനെ കരയിച്ച് സിനിമയ്ക്ക് ആളെക്കൂട്ടുന്ന തന്ത്രം ഈ സിനിമയില്‍ വളരെ കൂടുതലായി തന്നെ പ്രയോഗിച്ചിട്ടുണ്ട്. അതും പോരാണ്ട് ഷാറുഖ് മുഖം കൊണ്ട് കാണിക്കുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ പ്രേം നസീര്‍ ഇതിലും ഭേദമായിരുന്നു എന്ന് തോന്നിപ്പോകും. സല്‍ഗുണസമ്പന്നനായ നായകന് എന്ന സങ്കലപ്പത്തിനതീതമാണ് ഈ സിനിമ. ഷാറൂഖ് ഖാന്റെ കഥാപാത്രത്തിന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടപ്പെടാത്ത തരത്തിലുള്ളതാണ്. റാണിയുടെ കഥാപാത്രവും സിനിമയില്‍ കാണിക്കുന്നത് ഒരു നല്ല ഭാര്യയുടെ സ്വഭാവമേയല്ല. അഭിഷേക് ബച്ചനും കരച്ചിലില്‍ ഷാറൂഖിനോട് മത്സരിക്കുന്നുണ്ട്. പ്രീതിയുടെ കഥാപാത്രം മാന്യമായ രീതിയില്‍ ആണെന്നുള്ളത് ഒരേയൊരാശ്വാസം. മഹാതരികിടയായ ഒരു വയസ്സനാണ് അമിതാഭ് ബച്ചന് ഈ സിനിമയില്‍. കരണ്‍ ജോഹര്‍ ആയത് കൊണ്ട് അമിതാബ് ഈ വേഷം ചെയ്തു, അല്ലെങ്കില്‍ സ്വന്തം ഇമേജ് വച്ച് ഈ വെള്ളിത്തിരയുടെ ചക്രവര്‍ത്തി കളിക്കില്ല. കിരണ്‍ ഖേറിന്റെ റോള്‍ ചെറുതാണെങ്കിലും തരക്കേടില്ലാത്തതാണ്.
സിനിമയിലെ പാട്ടുകള്‍ക്ക് ശരാശരി നിലവാരം മാത്രം. പാട്ടുകള്‍ ഒറിജിനല്‍ എന്നുപോലും തോന്നിപ്പിക്കുന്നില്ല. അഭിഷേകിന് എന്തെങ്കിലും ചെയ്യാന്‍ വേണ്ടേ എന്ന് കരുതിയിട്ടാണോ എന്തോ, സിനിമയില്‍ രണ്ട് പാര്‍ട്ടി പാട്ടുകള്‍ ഉണ്ട്. മറ്റ് പാട്ടുകള്‍ ഒന്നും എടുത്ത് പറയാന്‍ മാത്രം മേന്മ അവകാശപ്പെടാന്‍ കഴിവുള്ളതല്ല.
ഷാറൂഖ്, കോളേജ് വിദ്യാര്‍ത്ഥിയായി ഓര്‍മ്മകളില്‍ പോലും വരാത്ത കരണ്‍ ജോഹറിന്റെ ആദ്യ സിനിമയായിരിക്കണം ഇത്. നിറങ്ങള്‍ നിറഞ്ഞ ടീ-ഷര്‍ട്ടുകള്‍ ഈ സിനിമയില്‍ കാണാനേയില്ല. നായികമാരും നൂറ് കണക്കിന് ഡാന്‍സുകാരും പുതുപുത്തന്‍ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നൃത്തരംഗങ്ങളും ഈ സിനിമയ്ക്ക് അന്യം. ഷാറൂഖിന് ഈ സിനിമയില്‍ കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ കൂട്ടുകാരുപോലുമില്ല. അങ്ങിനെ വളരെയധികം പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന ഒരു ചിത്രം. പക്ഷെ അതിനപ്പുറം ഒരു തരം താണ കഥയും, ബുദ്ധിക്കും വിവേകത്തിനും അതീതമായ ഒരു പ്രമേയവും. ഒരു തവണ പോലും മുഴുവന്‍ കാണാന്‍ ആരും താല്പര്യം കാണിക്കാന്‍ വഴിയില്ലാത്ത ഒരു അവതരണവും. കണ്ട് മടുത്ത, ആദ്യമേ ഊഹിക്കാവുന്ന ഒരു ക്ലൈമാക്സും. ഈ സിനിമയെ കളിയാക്കി വിളിക്കുന്ന പേരാണ് ഈ സിനിമയ്ക്ക് കൂടുതല്‍ ചേരുക. “കഭി ദിമാഗ് മത് ഖാനാ”.
എന്റെ റേറ്റിങ്ങ്: 1/2 / 5
Wednesday, September 20, 2006
ഉദയനാണു താരം
ഇതു ഉദയനാണു താരം എന്ന സിനിമ റിലീസായപ്പോള്‍ ഞാന്‍ ആ പടത്തിന്റെ തിരക്കഥാകൃത്തും,നടനുമായ ശ്രീനിവാസന്നു എഴുതിയ തുറന്ന കത്ത് .
(തുറന്ന കത്തെന്നു മനപ്പൂര്‍വ്വം എഴുതുന്നു). കാരണം സ്റ്റാമ്പ് ഒട്ടിച്ചു പോസ്റ്റ് ചെയ്തപ്പോളാണ് കവര്‍ ഒട്ടിച്ചിട്ടില്ലന്ന് ഓര്‍മ്മ വന്നത്.
യു.എ.യിലെ നിയമ പ്രകാരം പോസ്റ്റ് ബോക്സ് തുറക്കുമ്പോള്‍ അതിലേക്കു അന്യരൊരുത്തന്‍ തുറിച്ചു നോക്കുന്നതും,ടെല്ലര്‍ മെഷീനിലും, പേയ്മെന്റ് കൗന്‍ഡറിലും അന്യന്റെ ഡാറ്റയിലേക്കു പാളി നോക്കുന്നതും മാന്യതയല്ല.
പരാതിപ്പെട്ടാല്‍ ശിക്ഷ കിട്ടും.
അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി കണ്ടാല്‍ ഉറപ്പിക്കാം അവന് ഇന്ത്യക്കാരന് തന്നെ.
തുറിച്ചു നോക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അയാള്‍ മലയാളിയായിരിക്കും.
ചുരുക്കത്തില്‍ തുറന്ന കത്തിലെ ഉള്ളടക്കം കിട്ടാഞ്ഞിട്ടോ മറ്റോ ശ്രീനിവാസന് മറുപടി അയച്ചില്ല.
ആ കത്ത് ഞാന്‍ നിങ്ങളുടെ വായനക്കായി ഇവിടെ ഇടുന്നു.
സ്നേഹത്തോടെ ശ്രീനിവാസന്,
സുഖമെന്നു കരുതുന്നു
അതിന്നായി ആശംസിക്കുന്നു.
താങ്കളുടെ എല്ലാ ചിത്രങ്ങളും ഞാന്‍ കാണാറും ആസ്വദിക്കാറും ഉണ്ട്. വളരെ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന ഉദയനാണു താരം എന്ന ചിത്രവും കണ്ടു. അപ്പോള്‍ ഒരു അഭിപ്രായക്കുറിപ്പെഴുതണമെന്നു തോന്നി.പടം നന്നായാട്ടുണ്ട്.എങ്കിലും കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നങ്കില്‍ അത്യുഗ്രമായേനെ......താങ്കള്‍ ചെയ്ത രാജപ്പന് എന്ന കഥാപാത്രം താങ്കള്‍ക്ക് ഒരിക്കലും യോജിക്കാത്ത വേഷമാണ്.അതു ചെയ്യാന്‍ സൗന്ദര്യവും ആകാരഭംഗിയും ഉള്ള ഒരു താരത്തെയായിരു കാസ്റ്റ് ചെയ്യേണ്ടിയിരുന്നത്. താങ്കള്‍ ഈ വേഷം ചെയ്തതു കാരണം കഥയുടെ വിശ്വാസ്യതയും സൗന്ദര്യവും ചോര്‍ന്നു പോയി. വില്ലത്തരത്തിന്ന് ഒരു കോമാളിപരിവേഷം വന്നു. വില്ലനോടു ദേഷ്യം തോന്നേണ്ടതിന്നു പകരം അവജ്ഞ്ഞ്ഞയും അനുകമ്പയും സമ്മിശ്രമായി. പ്രേക്ഷകര്‍ വല്ലാത്തൊരാശയക്കുഴപ്പത്തിലായി. ഒരൊറ്റ ചിത്രത്തോടെ സരോജ്കുമാര്‍ സൂപ്പര്‍സ്റ്റാറായി എന്ന വിഢിത്തം വിഴുങ്ങാന്‍ മാത്രം പൊട്ടന്മാരല്ല കേരളിലെ പ്രേക്ഷകരെന്നു താങ്കള്‍ക്കു ശരിക്കുമറിയാമായിരുന്നിട്ടും തിരക്കഥ എന്തേ ഈ വിധമാക്കിയത്.?താങ്കള്‍ക്ക് അഭിനയിച്ചേ അടങ്ങൂ എന്നുണ്ടായിരുന്നങ്കില്‍ സലീം കുമാര്‍ ചെയ്ത വേഷം ഇത്തിരി കൂടി വിശാലമായി എഴുതി അതു ചെയ്യാമായിരുന്നു.അച്ചാറു വില്‍പ്പന, ദോശ മാധവന് തുടങ്ങിയ പച്ചയായ പ്രയോഗങ്ങള്‍ അതിരു കവിഞ്ഞില്ലേ?. തിരക്കഥാ മോഷണത്തെ കുറിച്ചു പ്രതിപാദിച്ചിടത്ത് ഇത്തരം പച്ചപ്രയോഗങ്ങള്‍ നാടോടിക്കാറ്റു വീശുന്ന പോലെയെങ്കിലും കണ്ടതും ഇല്ല.(നാടോടിക്കാറ്റിന്റെ ത്രെഡ് മറ്റാരുറ്റേതോ ആണ് എന്നു ഗോസിപ്പിലുണ്ടായിരുന്നു)
തിരക്കഥ വായിച്ചിട്ടും ഈ പടത്തില്‍ അഭിനയിക്കാന്‍ മനസുകാട്ടിയ മോഹന്‍ലാലിന്റെ മഹത്വത്തിന് മികവു കൂട്ടി ഈ ചിത്രം.
ക്ലൈമാക്സ് ഒന്നാം തരം തന്നെ.( ഇതൊരു വിദേശിയാണെന്നും ഗോസിപ്പുണ്ടായിരുന്നു) തിരക്കഥ താങ്കളുടേതായതിനാല്‍ വില്ലന്റെ റോള്‍ താങ്കള്‍ തന്നെ നിര്‍വ്വഹിച്ചതിനാലും കഥാവസാനം ശ്രീനിയെന്ന നടനെ വെള്ളപൂശേണ്ട വിധേയത്വം ശ്രീനിയെന്ന തിരക്കഥാകൃത്തിനുണ്ടായി. പക്ഷെ ഞങ്ങളില്‍ പലരും കൊതിച്ചത് രാജപ്പന് അനര്‍ഹമായ രീതിയിലൂടെ പ്രേക്ഷകരില്‍ നിന്നും കരസ്ഥമാക്കിയ സൂപ്പര്‍സ്റ്റാര്‍ പദവി അതേ പ്രേക്ഷകര്‍ തന്നെ തിരിച്ചെടുക്കണമെന്നായിരുവെന്നാണ്. പ്രേക്ഷകരാവേണ്ടിയിരുന്നു ഉദയനാണു താരം എന്ന് വിധിയെഴുതെണ്ടിയിരുന്നത്വ്യാജ സീഡി കാണില്ലന്ന വാശിയില്‍ ഒരുമാസം പിടിച്ചു നിന്നു. തൊട്ടടുത്ത തീയ്യേറ്ററില്‍ ദിവസവും ഫോണ്‍ ചെയ്തു ചോദിക്കും. ഉദയനാണു താരം എത്തിയില്ലന്നു കേള്‍ക്കുമ്പോള്‍ നിരാശനാവും. ടി.വി.യിലെ പരസ്യവും പത്രമാസികകളിലെ റിവ്യൂകളും കണ്ടപ്പോള്‍ പിന്നെ കാത്തുനില്ക്കാന് ക്ഷമയുണ്ടായില്ല. വ്യാജന് വാതിലിനു മുമ്പില്‍ തന്നെ നില്‍പ്പുണ്ടെപ്പോഴും. പരസ്യത്തിന്റെയും റിലീസ് ഫ്രഷ്ണസിന്റെയും പരിമളം നഷ്ടപ്പെടുന്നതിന്ന് മുമ്പ് കൂടുതല്‍ പ്രിന്റുകള്‍ കൂടുതല്‍ തിയ്യേറ്ററുകളില്‍ ഒന്നിച്ചെത്തിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പരസ്യം കൊണ്ടും മീഡിയാ കവറേജു കൊണ്ടും വിപരീത ഫലമാണുണ്ടാവുക ഇതൊരു ശരാശരി പ്രേക്ഷകന്റെ സത്യസന്ധമായ വീക്ഷണമാണ്. വേദനിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ ഉണ്ടെങ്കില്‍ മാപ്പുതരിക.
സസ്നേഹം.
അബ്ദുല്‍ കരീം. തോണിക്കടവത്ത്.
Thursday, September 14, 2006
നെപ്പോളിയന് ഡയനാമിറ്റ്
വര്‍ഷം ; 2004
സംവിധാനം : ജാരെഡ് ഹെസ്സ്
അഭിനയിക്കുന്നവര്‍ : ജോണ്‍ ഹെഡര്‍, എഫ്രണ്‍ രാമിറസ്, ജോണ്‍ ഗ്രീസ്, ആരണ് റുവല്‍ ...
വിഭാഗം : കോമഡി
മന്തനായ (മന്തന് എന്ന പേര് യോജിക്കുമോ എന്നറിയില്ല..ലിസ്റ്റ്ലെസ്സ്, ഗോക്കീ, ഡംബ് ഹെഡ് എന്നൊക്കെ ഇംഗ്ലീഷില്‍ പറയാം) ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥയാണിത്. വാക്കിലും നോക്കിലും നില്‍പ്പിലും നടപ്പിലും പൊട്ടന് എന്ന് തോന്നിക്കുന്ന ഒരുവന്. അവന്റെ പേര് നെപ്പോളിയന് ഡൈനാമിറ്റ്. അവന്റെ സ്വഭാവത്തിന് പറ്റിയ ഒരു കുടുംബവുമാണ് മൂപ്പര്‍ക്കുള്ളത്. കേജ് ഫൈറ്റര്‍ ആവാന്‍ താത്പര്യമുള്ള ചേട്ടന് കിപ്പും, സോക്കര്‍ പ്ലയറാവണം എന്ന ജീവിതാഭിലാഷവുമായി നടക്കുന്ന അങ്കില് റിക്കും, പിന്നെ മുത്തശ്ശിയും.
സ്കൂളിലെ ഹാസ്യകഥാപാത്രമായ, പെണ്‍കുട്ടികള്‍ക്കനഭിമതനായ നെപ്പോളിയന് ഒരു മെക്സിക്കന്‍ ‘പൊട്ട‘നെ കൂട്ടിന് കിട്ടുന്നു. പെഡ്രോ. അവരുടെ സുഹൃത്ബന്ധം വളരുന്നു, ഇടക്ക് ഡെബ് എന്ന പെണ്‍കുട്ടിയും നപ്പോളിയന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു.
സ്കൂളിലെ പ്രസിഡന്റ് ഇലക്ഷന് പെഡ്രൊ നില്ക്കുന്നു. ഇലക്ഷന് പ്രചരണത്തിന് സഹായിയായി നപ്പോളിയന് മാത്രമാണ് പെഡ്രോയ്ക് കൂട്ട്.
ഇലക്ഷന് റിസള്‍ട്ടോടെ കഥ അവസാനിക്കുന്നു. നെപ്പോളിയന്റെ ജീവിതം മാറുന്നു.
കോമഡി വിഭാഗത്തില്‍ പെട്ട ഈ സിനിമ എന്നെ ആകര്‍ഷിച്ചത് നെപ്പോളിയനായും പെഡ്രോ ആയും വരുന്ന അഭിനേതാക്കളുടെ പ്രകടനം കൊണ്ട് മാത്രമല്ല, ഈ സിനിമ എടുത്തിരിക്കുന്ന സ്റ്റൈലും ആകര്‍ഷകമാണ്.
ഒരു വ്യത്യസ്ത പടം. ഹൊളിവുഡ് ചവറുകളില് നിന്ന് വളരെ വ്യത്യസ്തം. അത്ഭുതകരമായി ഒന്നുമില്ല താനും.
ഡയലോഗുകളും നപ്പൊളിയന്‍ , പെഡ്രോ, പെഡ്രോയുടെ ചേട്ടന് റിക്ക് എന്നിവരുടെ ചേഷ്ടകളും അതീവ രസകരം. പെഡ്രോ ചിലപ്പോള്‍ പഴയ ശ്രീനിവാസനെ ഓര്‍മിപ്പിക്കുന്നു. നോക്കിലും ഭാവത്തിലും.
കാശുമുടക്കി ഈ ചിത്രം കാണേണ്ട കാര്യമില്ല. ചാനലുകളിലോ ലൈബ്രറികളിലോ ഉണ്ടെങ്കില്‍ കാണുക. അത്ര മോശമൊന്നുമല്ല, 2005ലെ എം.ടി.വി ഫിലിം അവാര്‍ഡില്‍ മികച്ച ഹാസ്യ ചിത്രത്തിനുള്ള അവാര്‍ഡ് ഇതിന് കിട്ടുകയുണ്ടായി.
ചിരിക്കാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഇഷ്ടപ്പെടും.ചിരിക്കും.
ബുദ്ധിജീവികള്‍, പ്ലീസ് അവോയിഡ്.
Tuesday, September 12, 2006
Monday, September 11, 2006
ലഗേ രഹോ മുന്നാഭായ്
ലഗേ രഹോ മുന്നാഭായ് , മുന്നാഭായ് എം.ബി.ബി.എസ്സിന്റെ രണ്ടാം ഭാഗമാണ്.
മുന്നാഭായ് എം.ബി.ബി.എസ്സിനെക്കുറിച്ചല്പം. ഹിന്ദി സിനിമകള്‍ കണ്ട് ഞാന്‍ ചിരിക്കുന്നതപൂര്‍വ്വമാണെങ്കിലും (ലവ് കേ ലിയെ കുച്ച് ഭീ കരേഗായിലെ ജോണി ലിവറിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടാണ് ഞാന്‍ ഏറ്റവും അവസാനം ചിരിച്ചത്..വര്‍ഷങ്ങള്‍ക്ക് മുന്‍പ്) മുന്നാഭായ് എം.ബി.ബി.എസ് കണ്ട് ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു പോയി. വീണ്ടും വീണ്ടും ഞാന്‍ ആ പടം കണ്ടിട്ടുണ്ട്. പാച്ച് ആഡംസ് എന്ന ഹൊളിവുഡ് കോമഡിയുടെ കോപ്പിയാണ് എന്നാരോപണമുണ്ടെങ്കിലും അതിലും എത്രയോ രസകരമായിരുന്നു മുന്നാഭായ് എം.ബി.ബി.എസ്! പഴയ മലയാളം ഹാസ്യ സിനിമകളുടെ ഒപ്പം, ഇപ്പോഴത്തെ ഹാസ്യസിനിമകളേക്കാള്‍ എത്രയോ മുന്പില് നില്‍ക്കുന്നതാണ് എം.ബി.ബി.എസ്സിലെ ഹാസ്യം!
നായകനായ മുന്നാഭായിയേക്കാള്‍ തിളങ്ങുന്നത് അസ്സിസ്റ്റന്റായ സര്‍കീട്ടും(അര്‍ഷദ് വാര്‍സി), മെഡിക്കല്‍ കോളേജ് ഡീനും (ബോമ്മാന്‍ ഇറാനി), മെഡിക്കല്‍ കോളേജിലെ പ്രഫസറായി വരുന്ന പേരറിയാത്ത തമാശക്കാരനും മറ്റുമാണ്.
ഗുണ്ടക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് പറഞ്ഞ് മാതാപിതാക്കളുടെ മുന്പില് വച്ച് അപമാനിച്ച ഡീനിനെ ഒരു പാഠം പഠിപ്പിക്കാന്‍ എം.ബി.ബി.എസ് അഡ്മിഷന് നേടി കൊളേജില്‍ ചേരുകയാണ് മുന്നാഭായ്. കോളേജിലെ തമാശകള്‍ക്കൊപ്പം സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ, കരുണയുടെ സന്ദേശവും അതി സുന്ദരമായി ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.
എന്റെ ഓള് ടൈം ഇന്ത്യന്‍ ഫേവറിറ്റുകളില്‍ ഒന്നാണ് മുന്നാഭായ് എം.ബി.ബി.എസ്. കാണാത്തവര്‍ കാണണം.
ഹിന്ദി മനസ്സിലാകുമെങ്കില്‍ ചിരിക്കും എന്നതിന് ഞാന്‍ ഗ്യാരണ്ടി.
മുന്നാഭായി എം.ബി.ബി.എസ്സിന്റെ ഹാംഗ് ഓവര്‍ തന്ന പ്രതീക്ഷയോടെയാണ് ലഗേ രഹോ എന്ന രണ്ടാം ഭാഗം കാണാന്‍ കയറിയത്.
സത്യമായും നിരാശനായിപ്പോയി.
ക്ലിക്ക് ആയ ഒരു കഥാപാത്രത്തിനെ അമിതമായി ഉപയോഗിച്ച് എങ്ങിനെ നശിപ്പിക്കാം എന്ന് ലഗേരഹോ വ്യക്തമാക്കുന്നു. സര്‍ക്കീട്ട് എന്ന കഥാപാത്രം തന്നെ. സര്‍ക്കീട്ടിന്റെ ഡയലോഗുകള്‍ എം,ബി.ബി.എസ്സില്‍ പുതുമയുള്ളതും, ചിരിയുണര്‍ത്തുന്നതുമായിരുന്നെങ്കില്‍ ലെഗേ രഹോയില്‍ വെറും ആവര്‍ത്തനമാകുന്നു. ബോറടിക്കുന്നു.
ഒന്നാം ഭാഗത്തില്‍ ഡീനായി തിളങ്ങിയ ബൊമ്മാന്‍ ഇറാനി, ഇത്തവണ ലക്കി സിംഗായാണ് പ്രത്യക്ഷപ്പെടുന്നത്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രം. വളരെ സാധ്യതകളുള്ള ഒരു നടനെ തളച്ചിട്ടിരിക്കുന്നു, ലക്കി സിങ് എന്ന കഥാപാത്രത്തില്‍.
കോമഡിക്ക് വേണ്ടി കോമഡി പറയുകയാണ് മിക്കയിടങ്ങളിലും. ഒന്നാം ഭാഗത്തിന്റെ ഒഴുക്കില്ല, സിറ്റ്വേഷണല്‍ കോമഡിയില്ല, പല കോമിക്ക് സിറ്റ്വേഷന്‍സും രണ്ടാം ഭാഗത്തില്‍ കൃത്രിമം.
ഒന്നാം ഭാഗത്തിനോട് യാതൊരു ബന്ധവുമില്ലാത്ത കഥയും കഥാപാത്രങ്ങളും കല്ലുകടിയായി.
പാട്ടുകള്‍ : ആവറേജ്.
പ്ലസ്സസ് : മറക്കപ്പെട്ടു തുടങ്ങുന്ന ഗാന്ധിയന്‍ ചിന്തയെ പുനരുജ്ജീവിപ്പിക്കാന്‍ ചെറുതായെങ്കിലും ശ്രമിക്കുന്നു ഈ സിനിമ. ചെറിയ പ്രശ്നങ്ങളെന്ന് നമ്മള് കരുതുന്ന ശുചിത്വമില്ലായ്മ, അഴിമതി, ജോലി ചെയ്യാനുള്ള മടി മുതലായവക്ക് ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ പരിഹാരം ഈ സിനിമ നല്കുവാന് ശ്രമിക്കുന്നു. കൂടാതെ ജാതകം മുതലായ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നു. എല്ലാം കൂടെ അവിയല്‍ പരുവമാണെങ്കിലും കണ്ടിരിക്കാം.
വേര്‍ഡിക്റ്റ് : ഒന്നാം ഭാഗം കാണൂ...ആസ്വദിക്കൂ.
എന്നിട്ട് സമയമുണ്ടെങ്കില്‍ യാതൊരു പ്രതീക്ഷകളും ഒന്നാം ഭാഗത്തിന്റെ ഹാംഗ് ഓവറുമില്ലാതെ രണ്ടാം ഭാഗം കാണൂ.
സത്യം പറയണമല്ലോ..ഇപ്പോളിറങ്ങുന്ന മിക്ക മലയാളം/ഹിന്ദി പടങ്ങളേക്കാള്‍ കാമ്പും കാര്യവും, തമാശയുമുണ്ട് ലഗേ രഹോയിലും. പക്ഷേ ഒന്നാം ഭാഗം മുന്നാഭായി എംബിബീസ് എന്ന ക്ലാസ്സിക്കുമായി തുലനം ചെയുമ്പോളാണ് പ്രശ്നം.
Friday, September 08, 2006
ജെറി മഗ്വയര്‍
കാമറോണ്‍ ക്രോവ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത കോമഡി/ഫീല്‍ ഗുഡ് പടം.
ജെറി മഗ്വയര്‍.
അവാര്‍ഡുകള്‍ :
കൂബാ ഗുഡിംഗ് ജൂനിയര്‍ :ഏറ്റവും നല്ല സഹനടന്‍ - 1997 ഓസ്കാര്‍
ടോം ക്രൂയിസ്സ് : ഏറ്റവും നല്ല നായക നടന് - 1997 ഗോള്‍ഡന്‍ ഗ്ലോബ്.
അക്കാദമി നോമിനേഷനുകള്‍ നിരവധി.
അഭിനയിക്കുന്നത് : ടോം ക്രൂയിസ്സ്, കൂബാ ഗുഡിംഗ് ജൂനിയര്‍, റെനെ സല്ലെഗര്‍, ജോനാതന് ലിപ്നിക്കി മുതലായവര്‍.
കഥ : പ്രശസ്തമായ ഒരു സ്പോര്‍ട്ട്സ് ഏജന്‍സി കമ്പനിയില്‍ ജോലിയുള്ള മികച്ച സ്പോര്‍ട്ട്സ് ഏജന്റായ (ഒരു സ്പോര്‍ട്ട്സ് ഏജന്റ് എന്ന് വച്ചാല്‍ ഒരു സ്പോര്‍ട്ട്സ് സ്റ്റാറിന്റെ മാനേജര്‍ എന്ന് പറയാം. ആ താരത്തിനു വേണ്ട കോണ്ട്രാക്റ്റുകള്, പരസ്യ ഇടപാടുകള്‍, ഇമേജ് ബില്‍ഡിംഗ്, എന്നു വേണ്ട പെര്‍ഫോര്‍മന്‍സിലെ കുഴപ്പങ്ങള്‍ വരെ ഈ സ്പോര്‍ട്സ് ഏജന്റുമാര്‍ സശ്രദ്ധം വീക്ഷിക്കുന്നു, പഠിക്കുന്നു, മെച്ചപ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നു, താരത്തിന്റെ മാര്‍ക്കെറ്റ് വില കൂട്ടുന്നു, കൂടുതല്‍ കാശ് താരത്തിനും അതിന്റെ ഒരു പങ്ക് ഏജന്റിനും)
ജെറി ഒരു കൊച്ചുവെളുപ്പാന്‍ കാലത്തുണ്ടായ വെളിപാട് മൂലം ഒരു മെമ്മോ തയ്യാറാക്കി ഓഫീസില്‍ വിതരണം ചെയ്യുന്നു. കുറച്ച് ക്ലൈന്റ്സ്, കൂടുതല്‍ പേര്‍സണല്‍ ശ്രദ്ധ എന്ന മനുഷ്യത്വപരമായ സമീപനം ആയിരുന്നു ആ മെമ്മോയുടെ കാതല്‍. ജെറിക്ക് ജോലി നഷ്ടപ്പെടുന്നു. ജെറിയുടെ കൂടെ കമ്പനി വിട്ടിറങ്ങിയ, ജറിയെ മനസ്സില്‍ ആരാധിക്കുന്ന താഴ്ന സഹപ്രവര്‍ത്തകയായ ഡോറോത്തി ബോയ്ഡുമൊത്ത് ജെറി പുതിയ കമ്പനി തുടങ്ങുന്നു.
പക്ഷേ ജെറിയുടെ ക്ലൈന്റുകളില്‍ ആകെ ഒരേയൊരു കളിക്കാരന് മാത്രമേ ജെറിയുടെ പുതിയ കമ്പനിയുമായി തങ്ങളുടെ ഏജന്റ് കോണ്ട്രാക്റ്റ് പുതുക്കാന്‍ സന്നദ്ധമാകുന്നുള്ളൂ. ശരാശരി കളി കളിക്കുന്ന ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ഫുട്ബോളര് , റോക്ക് ടിഡ്വെല്‍.
ജെറിയുടെ വീക്ഷണം ജെറി സ്വന്തം കമ്പനിയില്‍ ഉപയോഗിക്കുന്നുവോ? ഈ ഒരൊറ്റ ആവറേജ് കളിക്കാരനേയും കൊണ്ട് ജെറിക്ക് വിജയിക്കാനാകുമോ? ആരാധികയായ ഡോറോത്തിയുമായി ജെറിയുടെ ബന്ധം എങ്ങിനെ വളരുന്നു? എന്നൊക്കെയാണ് ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍.
വളരെ മനോഹരമായി എടുത്ത സിനിമയാണിത്. കോമഡിക്കാണ് പ്രാധാന്യമെങ്കിലും, മനുഷ്യബന്ധങ്ങളുടെ, അതിനു വേണ്ട ആത്മാര്‍ത്ഥതയുടെ ആവശ്യകത എടുത്തുകാട്ടുന്നു ഈ ചിത്രം.
ടോം ക്രൂയിസ്സും ക്യൂബാ ഗുഡിഗും റെനെ സെല്ലെഗറും മത്സരിച്ചഭിനയിച്ചിരിക്കുന്നു.
സ്ക്രീന്‍ ലൈഫിലെ ഏതെങ്കിലും ഹീറോയെ ഐഡൊല്‍ ആക്കാമെങ്കില്‍ ഞാന്‍ തിരഞ്ഞെടുക്കുക ജെറി എന്ന ഈ സിനിമയിലെ നായകകഥാപാത്രത്തെയാണ്. അമാനുഷികമായി ഒന്നുമില്ല. എങ്കില്‍ എല്ലാവര്ക്കും ഇഷ്ടപെടുന്ന കഥാപാത്ര സൃഷ്ടി. ഒരോരോ ചെറിയ ചലനങ്ങള്‍ പോലും സംവിധായകന് വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.
ക്യൂബാ ഗുഡിംഗ് അവതരിപ്പിക്കുന്ന ടിഡ്വെല്‍ എന്ന കളിക്കാരനും അതുല്യം. മികച്ച സഹനടനുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ഈ കഥാപാത്രത്തിന് ലഭിക്കുകയുണ്ടായി.
വളരെ നല്ല ഹ്യൂമര്‍ നിലവാരം പുലര്‍ത്തുന്നു ഈ ചിത്രം.
തീര്‍ച്ചയായും കാണേണ്ട പടം.
ഏജ് റെസ്റ്റ്രിക്ഷന്‍ - 16 (ഭാഷ, ചില രംഗങ്ങള്‍)
Thursday, September 07, 2006
വേട്ടയാട് വിളയാട്
അഭിനയിക്കുന്നവര്‍ : കമലാഹാസന്, പ്രകാശ് രാജ് ,ജ്യോതിക ക്യാമറ : രവി വര്മ്മന്
സംഗീതം : ഹാരിസ് ജയരാജ്
ഒരുപാട് പ്രതീക്ഷയൊന്നുമില്ലാതെയാണ് ഞാന്‍ വേട്ടയാട് വിളയാട് കാണാന്‍ പോയത്. മാറ്റിനിക്ക് ക്യൂവില്‍ നില്ക്കുമ്പോള് മോണിഗ് ഷോ കഴിഞ്ഞു വന്ന ആളുകളോട് എങ്ങനെയുണ്ട് എന്നു ചോദിച്ചപ്പോള്‍ അടിപൊളി എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അതോടുകൂടി പ്രതീക്ഷ സെന്‍സ്ക് പോലെ മുകളിലോട്ടുയര്‍ന്നു.
ഇന്റര്‍വല്‍ വരേ പ്രതിക്ഷ തെറ്റിയില്ല പക്ഷെ രണ്ടാം പകുതി എന്നേ നിരാശനാക്കികളഞ്ഞു.
ഒന്നാം പകുതിയില്‍ നിറഞ്ഞു നിന്ന സസ്പെന്‍സ് നിലനിര്‍ത്താന്‍ ഗൌതമിന് കഴിയത്തതാണ് ഈ ചിത്രത്തിന്റെ പോരായ്മ. നായകനായല്‍ നായിക വേണം അതും മുഴുവന്‍ സമയം വേണം എന്ന തമിഴ് സിനിമ നിബന്ധനകളൊക്കെയാണ് ജ്യോതികയേ പ്രസക്തമാക്കുന്നത്. വിരസമായ രണ്ടാം പകുതിക്ക് ജ്യോതിക ഒരു കാരണം ആകുന്നതും അതുകൊണ്ടാണ്.
ന്യൂയൊര്‍ക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ രവി വര്‍മ്മന്റെ ക്യാമറ വിജയിച്ചിരിക്കുന്നെങ്കിലും ഹാരിസ് ജയരാജിന്റെ ഗാനങ്ങള്‍ അവറേജില്‍ ഒതുങ്ങി.
എന്റെ റേയ്റ്റിംഗ് 2/5 **
