
മറവി രോഗവും പ്രണയവും സ്നേഹബന്ധങ്ങളും ഉള്‍പ്പെടുത്തിയുള്ള സിനിമകള്‍ പുതുമയല്ല.
ഇത്തരത്തിലുള്ള, ആദ്യം ഓര്‍മ്മ വരുന്ന ചിത്രം 'തന്മാത്ര' ആയിരിക്കും. തന്മാത്രയെപ്പറ്റി എന്തുമാത്രം വിവാദങ്ങളുണ്ടായിരുന്നാലും, ഈ ചിത്രം കണ്ടിട്ട്, സ്നേഹബന്ധങ്ങളുടെ ഊഷ്മളത ഓര്‍മ്മവരാത്തവര്‍ ഉണ്ടാവില്ല.
മറ്റൊരെണ്ണം, ‘ഇന്നലെ’ എന്ന മനോഹരമായ പദ്മരാജന് ചിത്രം. ഇതിലും, സ്നേഹിക്കുന്നവളുടെ സന്തോഷത്തിനു വേണ്ടി അവളെത്തന്നെ ത്യജിയ്ക്കാന്‍ തയ്യാറാകുന്ന അവസാനരംഗം അങ്ങേയറ്റം ഹൃദയസ്പര്‍ശിയാണ്.
പെട്ടെന്നോര്‍മ്മ വരുന്ന മറ്റൊരു ചിത്രമാണ് ആഡം സാന്‍ഡ്-ലറും ഡ്രൂ ബെറിമൂറും അഭിനയിച്ച ‘50 ഫസ്റ്റ് ഡേറ്റ്സ്'. മറവിരോഗം ബാധിച്ച നായികയുള്‍പ്പെട്ട ഒരു റൊമാന്റിക് കോമഡി എന്നതിലുപരി, ഈ ചിത്രം പ്രണയത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്ന ഒന്നായിരുന്നില്ല.
ഈ ചിത്രങ്ങളോരൊന്നും അവയുടേതായ പ്രത്യേകതകള്‍ നിലനിര്‍ത്തുമ്പോള്‍, വ്യത്യസ്തമായ ഒരു പ്രണയചിത്രം ഇപ്പോഴും മനസ്സില്‍ അനുരണനങ്ങളുയര്‍ത്തുന്നു. ‘ദി നോട്ട് ബുക്ക്‘. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക്, അതിന്റെ സുഖം നിറഞ്ഞ ഗൃഹാതുരതയും ചെറുവേദനയും ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രം.
വര്‍ഷം - 2004
സംവിധാനം - നിക്ക് കാസവെറ്റ്സ്
റേറ്റിംഗ് - പീ.ജീ 13
'നിക്കോളാസ് സ്പാര്ക്'-ന്റെ ‘ദി നോട്ട് ബുക്ക്‘ എന്ന നോവല്‍ ഏതാണ്ടതേപടി, അതേ പേരില്‍, മനോഹാരിതയൊട്ടും നഷ്ടപ്പെടാതെ, ചലച്ചിത്രമാക്കിയതാണ് ഈ ചിത്രം. സിനിമ കണ്ടതിനു ശേഷം നോവല്‍ വായിച്ചതിനാലാകാം, സിനിമയാണ് കൂടുതല്‍ സ്വാധീനിക്കുന്നതായി തോന്നിയത്; നോവലില്‍ നിന്നും വളരെ നിസ്സാരമായ ചില മാറ്റങ്ങളേ സിനിമയിലുള്ളൂ എങ്കിലും.
പ്രായം ചെന്ന ഒരു മനുഷ്യന്, എല്ലാ ദിവസവും ഒരു നേഴ്സിംഗ് ഹോമില്‍ ചെന്ന്, ഭാഗികമായി ഓര്‍മ്മ നഷ്ടപ്പെട്ട ഒരു സ്ത്രീയ്ക്ക്, ഒരു പഴകിയ നോട്ടുബുക്കില്‍ നിന്ന് ഏതോ കഥ വായിച്ചുകൊടുക്കുന്നതാണ് ചിത്രത്തിന്റെ തുടക്കം. സ്ത്രീയുടെ ഓര്‍മ്മശക്തി അനുദിനം നഷ്ടപ്പെട്ടുകൊണ്ടുമിരിക്കുന്നു.

വായിച്ചുകൊടുക്കുന്ന കഥയില്‍, മാതാപിതാക്കളുടെ എതിര്‍പ്പു മൂലം വേര്‍പിരിക്കപ്പെട്ട രണ്ട് യുവ കമിതാക്കളാണ് പ്രധാനകഥാപാത്രങ്ങള്‍. ‘നോഹ‘യും ‘ആലി‘യും. സ്വന്തമായി, 200 വര്‍ഷം പഴക്കമുള്ളൊരു വലിയ വീടു മാത്രമുള്ള നോഹയും എലീറ്റ് ക്ലാസ്സില്‍ പെട്ട ആലിയും.
ഒരു വേനല്‍ക്കാലം ചിലവഴിക്കാന്‍ മാത്രം നോഹയുടെ ഗ്രാമത്തിലെത്തുന്ന ആലി നോഹയുമായി പ്രണയത്തിലാകുന്നു.
സകല ശക്തിയുമുപയോഗിച്ച് സകലരുമെതിര്‍ത്തിട്ടും ആ അവധിക്കാലം നോഹയ്ക്കും ആലിയ്ക്കും പ്രണയത്തിന്റെ മറക്കാനാവാത്ത ദിനങ്ങളായി മാറുന്നു. നോഹയ്ക്ക് പൈതൃകമായി കിട്ടിയ ആ വലിയ വീടും ചുറ്റുപാടുമുള്ള മനോഹരമായ പ്രകൃതിയും അവരുടെ പ്രണയത്തിന് രംഗമാകുന്നു. ഒടുവില്‍ പക്ഷേ, എതിര്‍പ്പുകളെ അതിജീവിക്കാനാകാതെ അവര്‍ക്ക് പിരിയേണ്ടി വരുന്നു.
ഏഴുവര്‍ഷങ്ങള്‍ കൊണ്ട് ധാരാളം മാറ്റങ്ങള്‍. നോഹ, 2-ആം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സൈനികനാവുകയും, പിന്നീട് സേവനം അവസാനിപ്പിച്ച് തിരികെ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. പിന്നെയുള്ള സമയം, ആലിയുമായുള്ള പ്രണയത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ആ വലിയ വീട് കാലാനുസൃതമായി, ഒറ്റയ്ക്ക് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നു.

200 വര്‍ഷം പഴക്കമുള്ള ആ വീട്, നോഹ പുതുക്കിപ്പണിതതിനെപ്പറ്റി ഒട്ടേറെ ഗുണഗണങ്ങള്‍ ആലി അറിയാനിട വരികയും ആ വീടെങ്കിലും സ്വന്തമാക്കണമെന്ന ഉദ്ദേശത്തില്‍ ആലി നോഹയുടെ ഗ്രാമത്തിലെത്തുകയും ചെയ്യുന്നു. അവിടെ, ഈ വീടിനെ ചുറ്റിപ്പറ്റി അവളുടെ ഓര്‍മ്മകള്‍ അയവിറക്കി നിരാശനായി കഴിയുന്ന നോഹയെയാണ് കാണുന്നത്.
ഊഹിക്കാവുന്നതുപോലെ, അവരുടെ പ്രണയം വീണ്ടും ആളിക്കത്തുന്നു.
ഇപ്പോള്‍ നോഹയെ തന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരണോ അതോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ ഉറച്ചുനില്ക്കണമോ എന്ന സന്ദേഹത്തിലാണ് ആലി.
ആലിയുടെ തീരുമാനം എന്താവും, കഥ വായിച്ചുകൊടുക്കുന്ന വൃദ്ധനും ആലിയും തമ്മിലുള്ള ബന്ധം എന്താണ്, ആലിയുടെയും നോഹയുടെയും പ്രണയസ്മൃതികളുറങ്ങുന്ന ആ വലിയ വീടിനെന്ത് സംഭവിക്കുന്നു ...
ശേഷം വെള്ളിത്തിരയില്‍...
മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ, ഇത്തരം പ്രണയകഥകള്‍ നമുക്കു പുതുമയല്ലായിരിക്കാം. സ്റ്റോറി ലൈന്‍ വായിച്ചിട്ട് ഒരു 'പൈങ്കിളിത്തം' ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ എന്റെ എഴുത്തിന്റെ പരാജയമായി കണക്കാക്കിയാല്‍ മതി. ഈ ചിത്രം എനിക്കിഷ്ടപ്പെടാനുള്ള മറ്റൊരു കാരണം; ഈ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന, പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ലൊക്കേഷനുകളും കഥാസന്ദര്‍ഭങ്ങളും ആണ്.

(photos : from yahoo movies & movie official website)