Monday, September 11, 2006

ലഗേ രഹോ മുന്നാഭായ്

ശ്യാമളന്റെ പുതിയ പടം കാണുവാനാണ് തീയറ്ററില്‍ എത്തിയതെന്നതിനാല്‍, അത് അവിടെ കാണാഞ്ഞതില്‍ അല്പം നിരാശ തോന്നി. അപ്പോളാണ് പുതിയ ഹിന്ദി പടം ലഗേ രഹോ മുന്നാഭായ് അവിടെയുണ്ടെന്ന് കണ്ണില്‍ പെടുന്നത്. എന്നാല്‍ പിന്നെ അത് കണ്ടുകളയാം എന്ന് കരുതി.
ലഗേ രഹോ മുന്നാഭായ് , മുന്നാഭായ് എം.ബി.ബി.എസ്സിന്റെ രണ്ടാം ഭാഗമാണ്.
മുന്നാഭായ് എം.ബി.ബി.എസ്സിനെക്കുറിച്ചല്പം. ഹിന്ദി സിനിമകള്‍ കണ്ട് ഞാന്‍ ചിരിക്കുന്നതപൂര്‍വ്വമാണെങ്കിലും (ലവ് കേ ലിയെ കുച്ച് ഭീ കരേഗായിലെ ജോണി ലിവറിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടാണ് ഞാന്‍ ഏറ്റവും അവസാനം ചിരിച്ചത്..വര്‍ഷങ്ങള്‍‌ക്ക് മുന്‍പ്) മുന്നാഭായ് എം.ബി.ബി.എസ് കണ്ട് ഞാന്‍ ഉച്ചത്തില്‍ ചിരിച്ചു പോയി. വീണ്ടും വീണ്ടും ഞാന്‍ ആ പടം കണ്ടിട്ടുണ്ട്. പാച്ച് ആഡംസ് എന്ന ഹൊളിവുഡ് കോമഡിയുടെ കോപ്പിയാണ് എന്നാരോപണമുണ്ടെങ്കിലും അതിലും എത്രയോ രസകരമായിരുന്നു മുന്നാഭായ് എം.ബി.ബി.എസ്! പഴയ മലയാളം ഹാസ്യ സിനിമകളുടെ ഒപ്പം, ഇപ്പോഴത്തെ ഹാസ്യസിനിമകളേക്കാള്‍ എത്രയോ മുന്‍പില്‍ നില്‍ക്കുന്നതാണ് എം.ബി.ബി.എസ്സിലെ ഹാസ്യം!
നായകനായ മുന്നാഭായിയേക്കാള്‍ തിളങ്ങുന്നത് അസ്സിസ്റ്റന്റായ സര്‍കീട്ടും(അര്‍ഷദ് വാര്‍സി), മെഡിക്കല്‍ കോളേജ് ഡീനും (ബോമ്മാന്‍ ഇറാനി), മെഡിക്കല്‍ കോളേജിലെ പ്രഫസറായി വരുന്ന പേരറിയാത്ത തമാശക്കാരനും മറ്റുമാണ്.
ഗുണ്ടക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് പറഞ്ഞ് മാതാപിതാക്കളുടെ മുന്‍പില്‍ വച്ച് അപമാനിച്ച ഡീനിനെ ഒരു പാഠം പഠിപ്പിക്കാന്‍ എം.ബി.ബി.എസ് അഡ്മിഷന്‍ നേടി കൊളേജില്‍ ചേരുകയാണ് മുന്നാഭായ്. കോളേജിലെ തമാശകള്‍ക്കൊപ്പം സ്നേഹത്തിന്റെ, സ്വാന്തനത്തിന്റെ, കരുണയുടെ സന്ദേശവും അതി സുന്ദരമായി ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.
എന്റെ ഓള്‍ ടൈം ഇന്ത്യന്‍ ഫേവറിറ്റുകളില്‍ ഒന്നാണ് മുന്നാഭായ് എം.ബി.ബി.എസ്. കാണാത്തവര്‍ കാണണം.
ഹിന്ദി മനസ്സിലാകുമെങ്കില്‍ ചിരിക്കും എന്നതിന് ഞാന്‍ ഗ്യാരണ്ടി.

മുന്നാഭായി എം.ബി.ബി.എസ്സിന്റെ ഹാംഗ് ഓവര്‍ തന്ന പ്രതീക്ഷയോടെയാണ് ലഗേ രഹോ എന്ന രണ്ടാം ഭാഗം കാണാന്‍ കയറിയത്.
സത്യമായും നിരാശനായിപ്പോയി.
ക്ലിക്ക് ആയ ഒരു കഥാപാത്രത്തിനെ അമിതമായി ഉപയോഗിച്ച് എങ്ങിനെ നശിപ്പിക്കാം എന്ന് ലഗേരഹോ വ്യക്തമാക്കുന്നു. സര്‍ക്കീട്ട് എന്ന കഥാപാത്രം തന്നെ. സര്‍ക്കീട്ടിന്റെ ഡയലോഗുകള്‍ എം,ബി.ബി.എസ്സില്‍ പുതുമയുള്ളതും, ചിരിയുണര്‍ത്തുന്നതുമായിരുന്നെങ്കില്‍ ലെഗേ രഹോയില്‍ വെറും ആവര്‍ത്തനമാകുന്നു. ബോറടിക്കുന്നു.
ഒന്നാം ഭാഗത്തില്‍ ഡീനായി തിളങ്ങിയ ബൊമ്മാന്‍ ഇറാനി, ഇത്തവണ ലക്കി സിംഗായാണ് പ്രത്യക്ഷപ്പെടുന്നത്. കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രം. വളരെ സാധ്യതകളുള്ള ഒരു നടനെ തളച്ചിട്ടിരിക്കുന്നു, ലക്കി സിങ് എന്ന കഥാപാത്രത്തില്‍.
കോമഡിക്ക് വേണ്ടി കോമഡി പറയുകയാണ് മിക്കയിടങ്ങളിലും. ഒന്നാം ഭാഗത്തിന്റെ ഒഴുക്കില്ല, സിറ്റ്വേഷണല്‍ കോമഡിയില്ല, പല കോമിക്ക് സിറ്റ്വേഷന്‍‌സും രണ്ടാം ഭാഗത്തില്‍ കൃത്രിമം.

ഒന്നാം ഭാഗത്തിനോട് യാതൊരു ബന്ധവുമില്ലാത്ത കഥയും കഥാപാത്രങ്ങളും കല്ലുകടിയായി.

പാട്ടുകള്‍ : ആവറേജ്.

പ്ലസ്സസ് : മറക്കപ്പെട്ടു തുടങ്ങുന്ന ഗാന്ധിയന്‍ ചിന്തയെ പുനരുജ്ജീവിപ്പിക്കാന്‍ ചെറുതായെങ്കിലും ശ്രമിക്കുന്നു ഈ സിനിമ. ചെറിയ പ്രശ്നങ്ങളെന്ന് നമ്മള്‍ കരുതുന്ന ശുചിത്വമില്ലായ്മ, അഴിമതി, ജോലി ചെയ്യാനുള്ള മടി മുതലായവക്ക് ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ പരിഹാരം ഈ സിനിമ നല്‍കുവാന്‍ ശ്രമിക്കുന്നു. കൂടാതെ ജാതകം മുതലായ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നു. എല്ലാം കൂടെ അവിയല്‍ പരുവമാണെങ്കിലും കണ്ടിരിക്കാം.

വേര്‍ഡിക്റ്റ് : ഒന്നാം ഭാഗം കാണൂ...ആസ്വദിക്കൂ.
എന്നിട്ട് സമയമുണ്ടെങ്കില്‍ യാതൊരു പ്രതീക്ഷകളും ഒന്നാം ഭാഗത്തിന്റെ ഹാംഗ് ഓവറുമില്ലാതെ രണ്ടാം ഭാഗം കാണൂ.
സത്യം പറയണമല്ലോ..ഇപ്പോളിറങ്ങുന്ന മിക്ക മലയാളം/ഹിന്ദി പടങ്ങളേക്കാള്‍ കാമ്പും കാര്യവും, തമാശയുമുണ്ട് ലഗേ രഹോയിലും. പക്ഷേ ഒന്നാം ഭാഗം മുന്നാഭായി എം‌ബിബീസ് എന്ന ക്ലാസ്സിക്കുമായി തുലനം ചെയുമ്പോളാണ് പ്രശ്നം.

13 comments:

കണ്ണൂസ്‌ said...

ലഗേ രഹോ കണ്ടില്ല. ഇവിടെ കുറേ ആള്‍ക്കാര്‍ വളരെ നല്ല അഭിപ്രായം പറയുന്നതു കേട്ടു.

അരവിന്ദേ, ആ പ്രൊഫസ്സറുടെ പേര്‌ കുരുഷ്‌ ദേബൂ എന്നാണ്‌.

Sreejith K. said...

അരവിന്ദേട്ടാ, ഇതൊരു സിനിമാനിരൂപണമെന്നതിനേക്കാള്‍ യാത്രാ നിരൂപണം ആയപോലെ ഉണ്ടല്ലോ. സിനിമയ്ക്ക് നല്ല റേറ്റിങ്ങാണ് ഞാന്‍ കണ്ട മറ്റെല്ലാ നിരൂപണങ്ങളും കൂടുത്തിരുന്നത്. എന്തായാലും ഞാന്‍ ഇത് കാണും.

--ഒരു സഞ്ജു ഫാന്‍.

കണ്ണൂസ്‌ said...
This comment has been removed by a blog administrator.
കണ്ണൂസ്‌ said...

ലഗേ രഹോയിലെ എന്ന പാട്ട്‌ ഇന്നലെയാണ്‌ കേട്ടത്‌. തുടങ്ങിയപ്പോള്‍ തന്നെ എവിടെയോ ഒരു മണി അടിച്ചു. ഒരു മിനിറ്റിനുള്ളില്‍ മനസ്സിലായി. ക്ലിഫ്‌ റിച്ചാര്‍ഡിന്റെ Theme for a Dream എന്ന ഗാനത്തിന്റെ സുന്ദരമായ ലിഫ്റ്റ്‌. :-)

ലഗേ രഹോ ശന്തനു മൈത്ര. തുടങ്ങിയതല്ലേ ഉള്ളൂ. നല്ല ഭാവിയുണ്ട്‌ ഒരു ബാപ്പി ലാഹിരിയോ അനു മല്ലിക്കോ ആവാന്‍.

prapra said...

കണ്ണൂസ്‌, ശന്തനു പരിണീതയില്‍ തന്നെ നിലപാട്‌ വ്യക്തമാക്കിയിരുന്നു. കൈസി പഹേലി എന്ന ക്ലബ്ബ്‌ സോങ്ങ്‌, ലൂയിസ്‌ ആംസ്റ്റ്രോങ്ങിന്റെ A Kiss To Build A Dream തന്നെയാണ്‌. കൂള്‍ഗൂസില്‍ ഉണ്ടായിരുന്നു ഈ ഗാനം.

കിരണ്‍ തോമസ് തോമ്പില്‍ said...

അരവിന്ദേ മുന്നാഭായ്‌ 2 കണ്ടു. ഒന്നാം ഭാഗത്തേക്കള്‍ എനിക്ക്‌ 2 ഭാഗം ഇഷ്ടപ്പെട്ടു എന്നു ആദ്യമേ പറയട്ടേ. വളരെ നാളുകള്‍ക്കു ശേഷമാണ്‌ കുടുംബസമേതം കാണാന്‍ കൊള്ളാവുന്ന ഒരു ഹിന്ദി (മുഖ്യധാര) ചിത്രം കാണുന്നത്‌.
വളരെ മനോഹരമായ രീതിയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രസക്തി ആധുനിക ഇന്ത്യയില്‍ ഉയര്‍ത്തിക്കാണിക്കുവാന്‍ ഈ ചിത്രത്തിന്‌ കഴിഞ്ഞു എന്നത്‌ വളരേ പ്രധാന്യം അര്‍ഹിക്കുന്നു. ഷാരുഖിനേ വച്ചായിരുന്നു മുന്നാഭായി പ്ലാന്‍ ചെയ്തതെങ്കിലും സഞ്ചൈയിനേ നായകനാക്കിയാണ്‌ ചിത്രം പുറത്തു വന്നത്‌. അതുകൊണ്ടു മാത്രമാണ്‌ ഒരു രണ്ടാം ഭാഗത്തിന്‌ പ്രസക്തിയുണ്ടായതും. ദത്തും കൂടരും തകര്‍ത്തഭിനയിച്ചിരിക്കുന്നു എന്നാണ്‌ എന്റെ അഭിപ്രായം. പിന്നേ പാട്ടുകളുടെ കോപ്പിയടിയേപ്പറ്റി കഥതന്നേ ഹോളിവുഡില്‍ നിന്ന് അടിച്ചു മാറ്റുന്ന ഹിന്ദി സിനമയില്‍ പാട്ടു മോഷണമൊക്കെ ക്ഷമിക്കാവുന്നതല്ലേ . എങ്ങനെയായലും ഒരു തകര്‍പ്പന്‍ പടമാണ്‍` ലഗേ രഹോ മുന്നാഭായി എന്റെ റേറ്റിഗ്‌ 4/5

വാല്‍കഷ്ണം
മുന്നാഭായ്‌ നിരോധിക്കണം മാതൃഭൂമി വാര്‍ത്ത

ലിഡിയ said...

ഞാനും നല്‍കുന്നു “ലഗേ രഹോ മുന്നാ ബായി” ക്ക് 5/5 മാര്‍ക്ക്..

കാരണം:

ഒരു റിമിക്സ് കാസറ്റിന്റെ നിലവാരത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഹിന്ദി സിനിമ കഥകള്‍ക്കും ഗാനങ്ങള്‍ക്കും ഇടയ്ക്ക് ഇത് പോലൊരു ഹ്യുമര്‍ ചിത്രം,മക്കളെയും കൂട്ടി പോയി കാണാനാവുന്നത് ഒരു വന്‍ വിജയം തന്നെയാണ്..ജെനൂയിന്‍ ഹ്യൂമര്‍ എന്നൊരു വാക്ക് ഇല്ലാണ്ടായികൊണ്ടിരിക്കുകയായിരുന്നു..ഹ്യൂമര്‍ ചിത്രങ്ങളുടെ പട്ടികയില്‍ “നൊ എന്ട്രിയും”, “ടോം ഡിക്ക് അന്റ് ഹാരി“യുമൊക്കെ വരുമ്പോള്‍ അറപ്പാണ് തോന്നിയത്.

ഹിന്ദി സിനിമയാത് കൊണ്ട് ഇത് ഒരു ട്രെന്റ് സെറ്റര്‍ ആവുമെന്നൊന്നും പ്രതീക്ഷയില്ല..എന്നാലും ഒരു വ്യാഴവട്ടത്തിലൊരിക്കല്‍ ഇങ്ങനെയൊരു പടമെങ്കിലും വന്നിരുന്നെങ്കില്‍ നന്നായിരുന്നു.

-പാര്‍വതി.

കാളിയമ്പി said...

“പാച്ച് ആഡംസ് എന്ന ഹൊളിവുഡ് കോമഡിയുടെ കോപ്പിയാണ് എന്നാരോപണമുണ്ടെങ്കിലും “
എന്നു വളരെ ഒഴുക്കന്‍ മട്ടില്‍ അരവിന്ദ് പറഞ്ഞു പോയി..
പാച്ച് ആഡംസിംന്റെ മോഷണം അല്ല മുന്നാഭായി..
അങ്ങനെ പറയുന്നതൊരു നാണക്കേടാണ്..
പാച്ച് ആഡംസ് കണ്ടിട്ടുണ്ടൊ?..
റോബിന്‍ വില്ല്യംസിനും മറ്റു പലര്‍ക്കും ഓസ്കാര്‍ കിട്ടിയതല്ല ആ സിനിമയുടെ കാര്യം.
ആ മനുഷ്യന്‍ ..ഡോ:ആഡംസ് ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട്..അദ്ദേഹത്തിന്റെ ആശുപത്രിയുമുണ്ട്..
ലോക വലയില്‍ തപ്പി നോക്കിയാല്‍ കാണാം..സംഭവിച്ചതാണ്..
ചീഞ്ഞു പൂപ്പ് പിടിച്ച ഈ ലോകവൈദ്യ കച്ച കപടത്തിനും, നമ്മൊടു തന്നെയും ഉള്ള ഒരു കണ്ണാടിയാണാ പടം..
ചാനലിലൊക്കെ ഇടയ്ക്കു വരും..അതിനായി കാത്തിരിക്കേണ്ടാ..
സമയമുണ്ടാക്കി കാശ് കൊടുത്ത് ഒരു പാച്ച് ആഡംസ് വാങ്ങിച്ചോളൂ..
പൈസാ വസൂല്‍..പിന്നൊരിക്കലും മുന്നാഭായി 1 നല്ല പടമാണെന്ന് പറയില്ല..
ജീവിതലക്ഷ്യം തന്നെ മാറി എന്നും വരാം..
പിന്നെ ..പാച്ച് ആഡംസ് ഒരു കോമഡി തന്നെയാണ്...
ജീവിതവും...

Adithyan said...

മാഷേ, പാച്ച് ആഡംസ് കണ്ടിട്ടുണ്ട്. ജീവിതം മാറാന്‍ മാത്രം എന്നൊന്നും തോന്നിയിട്ടില്ല. ടച്ചിങ്ങ് അല്ലാന്നു പറയുന്നില്ല. അതും മുന്നഭായ്-ഉം ഒരേ വണ്ടിയില്‍ കെട്ടാന്‍ പറ്റും എന്നും തോന്നുന്നില്ല.

കാളിയമ്പി said...

പ്രിയ ആദിത്യാ..
എപ്പൊഴെങ്കിലും കുറച്ചു നാള്‍ ആശുപത്രിയില്‍ രോഗിയായോ,കൂട്ടാളിയായോ,തുറന്ന മനസ്സൊടെ, അതായത് മനുഷ്യസ്നേഹത്തോടെ ജോലി ചെയ്യേണ്ടിയോ വന്നിട്ടുണ്ടോ?..വരരുതേ എന്നു പ്രാര്‍ത്ധിക്കൂ....
ജീവിതം എല്ലാവര്‍ക്കും ഒരുപോലെയല്ല.പിന്നെ മാറുന്ന കാര്യം..അതിന് ഓരോ നിമിഷവും ജീവിതം മാറുകയല്ലേ..അല്ലങ്കിലെന്തു മാറ്റം..എന്ത് മാറിയാലും ചാവും.ഒള്ള സമയം ഖുശിയായങ്ങു ജീവിക്കുക.അതിന് മുന്നാഭായി എങ്കില്‍ മുന്നാഭായി...
വണ്ടിയും കാളയുമൊക്കെ വെറും തോന്നലാണ്..
പക്ഷേ അതിന് ,കുറച്ചു കൂടെ നല്ലത് എന്നു സമൂഹത്തിനെ കൊണ്ട് പറയിപ്പിക്കുന്ന രീതിയില്‍ ജീവിച്ച ഗാന്ധിയേയും, പാച്ച് ആദംസിനേയും കരുവാക്കരുത്.,നമുക്കുള്ള ഒത്തിരി സുഖം കളഞ്ഞാണ് അവര്‍ ജീവിച്ചത്.അതു കൊണ്ടു കാര്യമുണ്ടോ എന്നറിയില്ല.
പിന്നെ.....
വൈദ്യ രംഗം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ നശിച്ചതാണ്..അന്ധനെ അന്ധര്‍ നയിപ്പൂ..

Adithyan said...

മാഷ് തെറ്റിദ്ധരിച്ചു :) രണ്ടാളേയും ഒരുപോലെ കാണാന്‍ പറ്റില്ലാ എന്നു തന്നെയാണ് ഞാനും പറഞ്ഞത്. അവര്‍ ഉപയോഗിച്ച മാര്‍ഗ്ഗം ഏകദേശം ഒന്നായിരുന്നെങ്കിലും രണ്ടാളുടെയും ജീവിതത്തോടുള്ള കാഴ്ചപ്പാട് വേറേ തന്നെയല്ലെ?

പാച്ച് ആഡംസ് ക്ലൌണ്‍ ആവുകയാണ്, എന്തു വില കൊടുത്തും ആള്‍ക്കാരെ ചിരിപ്പിക്കാന്‍. മുന്നയുടെ ആയുധം ആ കെട്ടിപ്പിടിത്തം അല്ലെ? മുന്നയുടെ ജീവിതമാണ് അവിടുത്തെ തമാശ.

കാളിയമ്പി said...

ഞാനങ്ങനെ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതല്ല ആദിത്യാ..പാച്ച് ആദംസ് നല്ല ഒരു സിനിമായാണ്..പക്ഷെ അതിലുപരി അതൊരു ജീവിതവുമാണ്....താങ്കള്‍ പറഞ്ഞത് ശരി തന്നെയാണ്.
പിന്നെ എന്താ പറയുന്നത്..എന്തൊക്കെയോ കാര്യങ്ങള്‍ മനസ്സിലൂടെ പോയി....
ചിരിക്കുന്നതെങ്ങനെ എന്ന് പോലും നമ്മള്‍ മറന്നു പോയിരിക്കുന്നു.വക്കാരിമഷ്റ്റായുടെ ബ്ലൊഗ് വായിച്ചു ഏത് പടം കാണുന്നതിനേക്കാളും ഞാന്‍ ചിരിച്ചിട്ടുണ്ട്..(പുറം ചൊറിയലല്ല..എനിക്ക് ആ ആളിനെ അറിയുക പോലുമില്ല.)
അത് എന്റെ ഒരു പ്രത്യേക രുചി ആയിരിക്കാം.
ഗാന്ധിയും , കൊള്ളക്കാരനും, കള്ളനും,പാച്ച് ആദംസും,സന്‍ജ്ജയ് ദത്തും..പുറകിലോട്ടൊക്കെ ചിന്തിച്ചപ്പോല്‍് വല്ലാതെ വിഷമം വന്നു....
കാര്യമൊന്നുമില്ല....
നമ്മള് വല്ലതുമാണൊ ഇതൊക്കെ ചെയ്യുന്നത്..
ആദിത്യാ കൈ കൊട്.....ലാല്‍ സലാം..

Sreejith K. said...

ഇക്കഴിഞ്ഞ ആഴ്ചയാണ് മുന്നാഭായി ലഗേ രഹോ കണ്ടത്. എനിക്ക് എന്തുകൊണ്ടും പിടിച്ചു ഈ സിനിമ. ഒന്നാം ഭാഗം കണ്ട് എന്തൊക്കെയോ മുന്‍‌വിധിയും ആയി പോയത് കൊണ്ടാകും ഇത് അരവിന്ദിന് ഇഷ്ടമാകാതിരുന്നത്. വാസ്തവത്തില്‍ രണ്ടാം ഭാഗം എന്ന് തന്നെ പറഞ്ഞുകൂടാ. സഞ്ജയ് ദത്തും അര്‍ഷദ് വാസിയും മാത്രമേ ആദ്യ കഥയിലുള്ള അതേ കഥാപാത്രങ്ങള്‍ ചെയ്യൂന്നുള്ളൂ. ഈ സിനിമ ആദ്യമിറങ്ങിയിരുന്നെങ്കില്‍ തന്നെയും കുഴപ്പമില്ലായിരുന്നു.

ഗാന്ധിയന്‍ ആശയങ്ങളെ വളരെ മനോഹരമായി തന്നെ വരച്ച് വച്ചിട്ടുണ്ട്. സഞ്ജയ് ദത്തും അര്‍ഷദും വളരെ നന്നായി. ചിത്രം ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന സന്ദേശം അത്യുത്തമം. ഗാന്ധിജിയെ ഒരു പരിഹാസ കഥാപാത്രമാക്കാതിരിക്കാന്‍ വളരെ മനോഹരമായി അത് നായകന്റെ തോന്നല്‍ മാത്രമാണെന്നും തെളിയിക്കുന്നു. എനിക്കെന്തെങ്കിലും കല്ലുകടി ആയി തോന്നിയെങ്കില്‍ അത് ജാതകത്തിനെ പാടെ പുശ്ചിച്ചതും, കേസ് കൊടുത്താല്‍ വര്‍ഷങ്ങള്‍ എടുക്കും വിധി വരാന്‍ എന്ന് പറഞ്ഞ് ജുഡീഷ്യറിയെ കളിയാക്കിയതും മാത്രം. എന്റെ റേറ്റിങ്ങ് 4.5