Friday, April 23, 2010

ടി.ഡി. ദാസന്‍ Std. VI Bകഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മോഹന്‍ രാഘവന്‍

നിര്‍മ്മാണം: പോള്‍ വടക്കുംഞ്ചേരി, പോള്‍ വലികോടത്ത്‌

ഓര്‍മ്മ വയ്ക്കുന്നതിനുമുന്‍പേ അച്ഛനുപേക്ഷിച്ചുപോയ ഒരു മകന്‍, അമ്മയോടും അച്ഛമ്മയോടൊപ്പം കേരളത്തിലെ ഒരു ഗ്രാമത്തില്‍ കഴിയുകയും, അച്ഛനു വേണ്ടി ആഗ്രഹിച്ച്‌ അമ്മയുടെ പെട്ടിയില്‍ നിന്ന് കിട്ടിയ ഒരു അഡ്രസ്സിലേയ്ക്ക്‌ എഴുത്ത്‌ അയയ്ക്കുകയും ചെയ്യുന്നു..

അമ്മ അടുത്തില്ലാതെ അച്ഛനോടും വീട്ടില്‍ ഒരു കാരണവരെപ്പോലെ കൂടെയുള്ള ആളോടുമൊപ്പം ബാംഗ്ലൂരില്‍ താമസിച്ച്‌ പഠിക്കുന്ന പെണ്‍കുട്ടി...

മകന്‍ അച്ഛനയച്ച കത്ത്‌ ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ്‌ വരുന്നത്‌. പണ്ട്‌ ഈ വീട്ടില്‍ താമസിച്ചിരുന്നവരുടെ ഡ്രൈവറായിരുന്നുവത്രേ ഈ കത്തിന്റെ അഡ്രസ്സില്‍ പറയുന്ന അച്ഛന്‍..

മകനോടുള്ള അച്ഛന്റെ സ്നേഹവും ആഗ്രഹവും മനസ്സിലാക്കി, ആ മകന്റെ സന്തോഷത്തിനുവേണ്ടി അച്ഛനാണെന്ന വ്യാജേന പെണ്‍കുട്ടി മറുപടി അയച്ച്‌ കുറേ കാലം മുന്നോട്ടുപോകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാ തന്തു.

ഇതിന്നിടയില്‍ പരസ്യചിത്രങ്ങളുടെയും മറ്റും ഡയറക്ടര്‍ ആയ പെണ്‍കുട്ടിയുടെ അച്ഛന്‍, എഴുത്ത്‌ വായിച്ച്‌ ഒരു സിനിമയ്ക്കുള്ള തിരക്കഥാ ചര്‍ച്ചയുമായി നടത്തുന്ന ശ്രമവും ഈ ചിത്രത്തിലുണ്ട്‌.

പൊതുവേ എല്ലാവരും നല്ല അഭിനയ നിലവാരം പുലര്‍ത്തി. ബാലതാരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്‌. ബാക്ക്‌ ഗ്രൗണ്ട്‌ മ്യൂസിക്‌ ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നതിന്‌ വളരെ സഹായകരമായി.

ആദ്യം അല്‍പം ബോറടിപ്പിച്ചെങ്കിലും , പല രംഗങ്ങളിലും നല്ല ഒരു ഫീല്‍ ഉണ്ടാക്കുന്നതിന്‌ ഇതിന്റെ സംവിധായകന്‌ സാധിച്ചിട്ടുണ്ട്‌.

വളരെ സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും നിലവാരം പുലര്‍ത്തി.

എന്നിരുന്നാലും, കുറേ ന്യൂനതകളും ഒരു പെര്‍ഫെക്‌ ഷന്റെ കുറവും ഈ ചിത്രത്തിന്‌ അനുഭവപ്പെട്ടു.

ഇതിന്റെ കഥയുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു സിനിമാ ചര്‍ച്ച ചിത്രീകരണരംഗങ്ങളും ആവിഷ്കാരവും അത്ര നന്നായി തോന്നിയില്ല. ഇത്‌ പ്രധാന കഥയെ ബാധിക്കുന്നില്ലാത്തതിനാല്‍ അതിന്റെ ആവശ്യകത തന്നെ സംശയമാണ്‌. ഒടുവിലത്തെ രംഗത്തിന്‌ ഈ സിനിമാചിത്രീകരണവുമായി ഒരു ബന്ധമുണ്ട്‌... പക്ഷേ, അതല്‍പം സംശയജനകവുമാണ്‌..

കുറച്ച്‌ സംശയങ്ങളും ക്ലാരിറ്റി കുറവുകളും ഈ ചിത്രത്തില്‍ അനുഭവപ്പെട്ടു.

1. അച്ഛന്റെ മാവ്‌ എന്ന് പറഞ്ഞ്‌ മാവ്‌ വെട്ടാന്‍ കുട്ടി സമ്മതിക്കാതിരിക്കുന്നതിന്റെ കാരണം പിടി കിട്ടിയില്ല. (ആരെങ്കിലും മുന്‍പ്‌ എന്തെങ്കിലും ഇതിനെക്കുറിച്ച്‌ അച്ഛനുമായി ബന്ധപ്പെടുത്തി ഈ മാവിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടോ എന്തോ? )

2. പെണ്‍കുട്ടിയുടെ അമ്മ എന്തുകൊണ്ട്‌ അച്ഛനുമായി അകന്ന് വിദേശത്ത്‌ താമസിക്കുന്നു എന്നത്‌ വ്യക്തമല്ല. ജോലിയുടേയോ പഠിപ്പിന്റേയോ മറ്റോ ഭാഗമായി പോയതാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഭര്‍ത്താവുമായും കുട്ടിയുമായും അവര്‍ക്ക്‌ കാര്യമായ ബന്ധമില്ലാത്തതായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. മാത്രമല്ല, പെണ്‍കുട്ടിയുടെ അച്ഛന്‌ ഒരു പെണ്‍ സുഹൃത്ത്‌ ഉണ്ടെന്ന സൂചയനയും നല്‍കുന്നു.

3. ആണ്‍കുട്ടിയുടെ അച്ഛന്‍ ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ നാട്‌ വിട്ട്‌ പോകാനുള്ള കാരണവും വ്യക്തമാക്കുന്നില്ല. എന്ത്‌ കാരണം വേണേലും പ്രേക്ഷകര്‍ ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടേ... എനിക്കേതായാലും സൗകര്യമില്ല എന്നതാണാവോ തിരക്കഥാ കൃത്തിന്റെ ഉദ്ദേശം.

4. ആണ്‍കുട്ടിയുടെ അമ്മയുടെ സ്വഭാവത്തില്‍ എന്തെങ്കിലും ദൂഷ്യമുണ്ടോ എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. ആളുകളുമായുള്ള ഇടപെടലുകളില്‍ നിന്ന് അങ്ങനെ ദൂഷ്യമുണ്ടാവാന്‍ യാതൊരു സാദ്ധ്യതയുമില്ല എന്ന് തോന്നിപ്പിക്കുകയും മറ്റു ചില സംഭവങ്ങളും രംഗങ്ങളും അതിന്‌ വിരുദ്ധമായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇതും വേണമെങ്കില്‍ പ്രേക്ഷകന്‍ വീട്ടില്‍ പോയിരുന്ന് ആലോചിച്ച്‌ കണ്ടുപിടിച്ചോട്ടെ എന്നായിരിക്കും ഉദ്ദേശം...

5. ആണ്‍കുട്ടിയുടെ അമ്മയ്ക്ക്‌ സംഭവിച്ചത്‌ എന്ത്‌ എന്ന ചോദ്യം അവശേഷിപ്പിച്ചിരിക്കുന്നു. 'നാട്ടുകാര്‍ പലതും പറയുന്നുണ്ട്‌.. ഞാനൊന്നും അന്വേഷിക്കാന്‍ പോയില്ല' എന്ന് ഒരു കഥാപാത്രത്തെക്കൊണ്ട്‌ പറയിപ്പിച്ചത്‌ സംവിധായകന്റെ തന്നെ അഭിപ്രായമാണോ ആവോ.. :-)

6. ചിത്രത്തിന്റെ ക്ലൈമാക്സില്‍, 'സ്വപ്നത്തില്‍ കണ്ട വള' ഒരല്‍പം സംശയം ജനിപ്പിച്ചു. സിനിമാചിത്രീകരണഭാവനയില്‍ കണ്ട ആ വള, എങ്ങനെ കൃത്യമായി ആ കുട്ടിയുടെ സ്വപ്നത്തില്‍ കയറിപ്പറ്റി എന്നതാണ്‌ സംശയം. എനിക്ക്‌ മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല.. എങ്കിലും....

പൊതുവേ പറഞ്ഞാല്‍ ഒരു ഗംഭീരചിത്രമൊന്നുമല്ലെങ്കിലും നിലവാരമുള്ള ഒരു സിമ്പിള്‍ സിനിമ... സ്വാഭാവികമായ രംഗങ്ങളും ഡയലോഗുകളും അഭിനയവും മ്യൂസിക്കും എല്ലാം ചേര്‍ന്ന് നിരാശാപ്പെടുത്താത്ത ഒരു ചിത്രം.. സമീപകാല സ്റ്റാര്‍ ചിത്രങ്ങളെ അപേക്ഷിച്ച്‌ വളരെ ഭേദം...

Thursday, April 22, 2010

പാപ്പി അപ്പച്ചാകഥ, തിരക്കഥ, സംഭാഷണം, സംവിധാനം: മമാസ്‌
നിര്‍മ്മാണം: അനൂപ്‌

നാട്ടിലെ വലിയ ബിസിനസ്‌ പ്രമാണിമാരായ അപ്പച്ചനും മകനും, അവര്‍ തമ്മിലുള്ള സ്നേഹവും സൗഹൃദവും, അവരുടെ ബിനിനസ്‌ വെറും റോളിങ്ങിലാണെന്നും, സാമ്പത്തിക ബുദ്ധിമുട്ട്‌ വരുമ്പോള്‍ ജനങ്ങളും ഇന്‍ഷുറന്‍സുകാരും മണ്ടന്മാരാണെന്ന് തീരുമാനിച്ച്‌ അവരെ പറ്റിച്ച്‌ മുന്നോട്ട്‌ പോകുന്നതും, പിന്നീട്‌ ഇടയ്ക്ക്‌ വച്ച്‌ അപ്പച്ചനും മകനും തെറ്റിദ്ധാരണയാല്‍ അകലുന്നതായും, ആ സമയത്ത്‌ ശത്രുപക്ഷം അപ്പച്ചനുമായി കൂട്ടുകൂടുന്നതും, ഒടുവില്‍ എല്ലാം മനസ്സിലാക്കി, വില്ലന്മാരെയും ഇടിച്ച്‌ നിരത്തി അപ്പച്ചനും മകനും കെട്ടിപ്പിടിച്ച്‌ നില്‍ക്കുകയും ചെയ്യുന്നതാണ്‌ ഈ ചിത്രത്തിന്റെ ഒരു രത്നച്ചുരുക്കം. ഇതിനിടയില്‍ ആനി ടീച്ചര്‍ എന്ന ഒരു നായികയുണ്ട്‌, പതിവുപോലെ ചെറുപ്പത്തിലേ കൂട്ടുകാരിയായിരുന്നതും, ബാലിശമായ കാരണത്താല്‍ പിണങ്ങി ശത്രുതയായതും, അവസാനം പാപ്പിയോട്‌ ഇഷ്ടമാകുകയും ചെയ്യുന്ന പതിവു നായിക തന്നെ.

കുറേ സമയം പല ഡയലോഗുകളിലൂടെയും സിറ്റുവേഷന്‍സിലൂടെയും കുറച്ച്‌ ഹാസ്യം തരക്കേടില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത്‌ മാത്രമാകുന്നു ഈ ചിത്രത്തിന്റെ ആകെ ഒരു പോസിറ്റീവ്‌ കാര്യമായി എനിക്ക്‌ തോന്നിയത്‌. ദിലീപിന്റെ കൂടെ അഭിനയിച്ച ഹാസ്യതാരം ശ്രദ്ധേയമായി. ദിലീപില്‍ നിന്ന് വിഭിന്നമായ ഒരു ശൈലിയൊന്നും പ്രതീക്ഷിക്കാതെ അദ്ദേഹം മുന്‍പ്‌ അവതരിപ്പിച്ചിട്ടുള്ള ഹാസ്യകഥാപാത്രങ്ങളുടെ മറ്റൊരു ആവിഷ്കാരം എന്നേ പറയാനുള്ളൂ. വലിയ സംഭവമൊന്നുമല്ലെങ്കിലും ഇന്നസെന്റ്‌ തന്റെ റോള്‍ ഭംഗിയാക്കി.

കാവ്യാ മാധവന്റെ ആനി ടീച്ചറുടെ ചില രംഗങ്ങള്‍ രസകരമായി... കാവ്യാ മാധവനെ കണ്ടിരിക്കാന്‍ ഇഷ്ടപ്പെട്ടു ;-)

'കാട്ടുമാക്കാന്‍' ഗാനം വെറുപ്പിച്ച്‌ കൊന്നു... അത്‌ വെറുമൊരു വൈകൃതമല്ലായിരുന്നു.. ദൃശ്യവൈകൃതവും ശ്രവണ വൈകൃതവും ചേര്‍ന്ന് ഒരു പ്രത്യേക തരം ഡിഷ്‌ ആയിരുന്നു...

ഉദിത്‌ നാരായണനെക്കൊണ്ട്‌ മലയാളം പാട്ട്‌ പാടിച്ചത്‌, ചൂടുള്ള ഉരുളക്കിഴങ്ങ്‌ വായില്‍ ഇട്ടുകൊടുത്ത്‌ ചെയ്യിപ്പിച്ചപോലെ തോന്നി... വരികള്‍ ഒന്നും മനസ്സിലായില്ല... അതല്ലാ.. മനസ്സിലാക്കണ്ട എന്ന് കരുതി തന്നെയാകും.. എന്തായാലും നന്ദി..

ഈ ചിത്രത്തിലെ നാട്ടുകാരെപ്പോലെ പ്രേക്ഷകരും മണ്ടന്മാരാണെന്ന് കരുതിയാവും മമാസ്‌ യാതൊരു വിശ്വസനീയതയോ ലോഗിക്കോ കൂടാതെ ഈ ചിത്രത്തിന്റെ തിരക്കഥ കെട്ടിപ്പെടുത്തത്‌ എന്നുവേണം കരുതാന്‍. ഒടുവില്‍ നാട്ടുകാര്‍ വിവരം വെക്കുമ്പോഴെങ്കിലും (തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടേ വിവരം വെക്കൂ എന്നത്‌ വേറെ), പ്രേക്ഷകര്‍ക്ക്‌ വിവരം വെക്കുമെന്ന് മമാസിന്‌ തോന്നാത്തതും ബാലിശമായിപ്പോയി.

ദിലീപിനെ പറന്നടിപ്പിച്ച്‌ കയ്യടി വാങ്ങാന്‍ ഒരുപാട്‌ കഷ്ടപ്പെട്ടെങ്കിലും അതത്ര കേമമായില്ല എന്നതാണ്‌ സത്യം.

അശോകന്റെ ഹാസ്യവില്ലന്‍ കഥാപാത്രം അത്ര മോശമായില്ല.

ചെറുപ്പത്തില്‍ നാട്‌ വിട്ട്‌ പോകേണ്ടിവന്ന് പ്രതികാരവുമായി തിരിച്ചെത്തുന്ന വില്ലനും അത്‌ വച്ചുണ്ടാക്കാന്‍ ശ്രമിച്ച സസ്പന്‍സ്‌ ക്ലെമാക്സും ചീറ്റിപ്പോയി... ആനി ടീച്ചര്‍ക്ക്‌ നേരെയുള്ള പാപ്പിയുടെ ദേഷ്യത്തോടെയുള്ള ഭീഷണി ഡയലോഗുകള്‍ക്കൊടുവില്‍ ആനി ടീച്ചര്‍ തിരിച്ച്‌ ഡയലോഗ്‌ അടിച്ച്‌ പൊളിച്ചടുക്കുന്ന രസകരമായ സീനിന്റെ അവസാനം വീര്‍പ്പിച്ച ബലൂണിന്റെ കാറ്റുപോകുന്നതായി കാണിച്ച രംഗം, ക്ലെമാക്സിലും കാണിക്കാമായിരുന്നു.

എന്തിനേറെ പറയുന്നൂ... പാപ്പീ..... ഞങ്ങളോടിത്‌ വേണ്ടായിരുന്നു.. :-)

Monday, April 12, 2010

ജനകന്‍സംവിധാനം: എന്‍. ആര്‍. സഞ്ജീവ്‌
കഥ, തിരക്കഥ, സംഭാഷണം: എസ്‌. എന്‍. സ്വാമി
നിര്‍മ്മാണം: അരുണ്‍ എം.സി., എ. ഷാന്‍

സുരേഷ്‌ ഗോപിയും മോഹന്‍ലാലും ഒന്നിക്കുന്ന വളരെ പ്രസക്തമായ ഒരു പ്രമേയമാണെന്നൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ ഇവരുടെ ഇന്റവ്യൂകളിലൂടെയും മറ്റ്‌ വാര്‍ത്താമാധ്യമങ്ങളിലൂടെയും കേട്ടിരുന്നു.

ഒരുപാട്‌ തവണ കണ്ടും കേട്ടും കഴിഞ്ഞ ഈ പ്രമേയം തന്നെയാണോ ഇവര്‍ ഉദ്ദേശിച്ചത്‌, അതോ ഇനി പ്രേക്ഷകര്‍ക്ക്‌ മനസ്സിലാവാത്ത വേറെന്തെങ്കിലും പ്രമേയം ഈ സിനിമയില്‍ ഒളിച്ചിരിപ്പുണ്ടൊ എന്നൊക്കെയാണ്‌ ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയത്‌.

ലൈഗികപീഠനത്തിന്നിരയായി ഒരു പെണ്‍ കുട്ടി കൊല്ലപ്പെടുന്നതും അതിനു പിന്നില്‍ വമ്പന്മാര്‍ ഉണ്ടാകുന്നതും അവരോട്‌ പ്രതികാരം ചെയ്യുന്നതുമെല്ലാം പുതിയതും പ്രസക്തവുമാകുന്നതും കഥ കേള്‍ക്കാന്‍ ഒരു അഡ്വക്കേറ്റ്‌ ഉണ്ടാകുമ്പോഴാണോ ആവോ?

'ഒരച്ഛന്റെ രോദനം..' ഫലിപ്പിച്ചെടുക്കാന്‍ സുരേഷ്‌ ഗോപി നന്നേ കഷ്ടപ്പെട്ടപ്പോള്‍ കഥ കേള്‍ക്കാന്‍ മോഹന്‍ലാലിന്‌ കാര്യമായി ബുദ്ധിമുട്ടേണ്ടിവന്നില്ല.

സംഭവ കഥ പറയുമ്പോള്‍ നമ്മള്‍ സാധാരണ കണ്ടതും, കണ്ട ഒരാള്‍ പറഞ്ഞതോ ആയതുമായ കാര്യങ്ങളാണല്ലോ... ഈ സിനിമയില്‍ പ്രേക്ഷകന്‍ മാത്രം കണ്ട കാര്യവും ഉള്ളിലെ കഥയില്‍ പറയാന്‍ ഉപയോഗിക്കുന്നത്‌ വിചിത്രമായി തോന്നി. ഒരു കൊലപാതകം നടത്തുന്ന രീതി പ്രേക്ഷകരെ കാണിക്കുന്നുണ്ട്‌. ഇത്‌ സിനിമയിലെ കഥാപാത്രങ്ങള്‍ അറിയുന്നില്ല. പക്ഷേ, അഡ്വക്കേറ്റിനോട്‌ കഥ പറയുമ്പോള്‍ ഈ സാഹചര്യം കൂടി വിവരിച്ചു കേള്‍പ്പിച്ചത്‌ വളരെ കേമമായി.

'രഹസ്യപ്പോലീസ്‌' എന്ന സിനിമ കണ്ടതോടെ എസ്‌. എന്‍. സ്വാമിയുടെ തിരക്കഥയുള്ള സിനിമയ്ക്ക്‌ പോകില്ല എന്ന പ്രതിജ്ഞ തെറ്റിച്ചറ്റിന്‌ എനിക്കിതുതന്നെ കിട്ടണം... പിന്നെ ആകെയുള്ള ഒരു ആശ്വാസമെന്തെന്നാല്‍ വന്‍ തുക കൊടുത്ത്‌ മള്‍ട്ടിപ്ലക്സിലോ മറ്റൊ പോയി കണ്ടില്ല എന്നുള്ളതാണ്‌.

ശക്തമായ കഥയോ തിരക്കഥയോ ഇല്ലാതെ സൂപ്പര്‍ സ്റ്റാറുകളെ ഒന്നിച്ചണിനിരത്തി പ്രേക്ഷകരെ പറ്റിക്കാം എന്ന വ്യാമോഹവും ഫലിക്കുന്നില്ല എന്നുവേണം ഈ സിനിമയോട്‌ പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം കണ്ടാല്‍ മനസ്സിലാക്കേണ്ടത്‌.

ഒരു കാര്യം പറയാന്‍ വിട്ടുപോയി... In & As എന്നതിന്റെ അര്‍ത്ഥം ഈയിടെ വല്ലതും മാറിയാരുന്നോ?... ഈ ആഴ്ചയിലെ പത്രം വായിച്ചില്ല അതാ....