Monday, September 28, 2015

ലൈഫ് ഓഫ് ജോസൂട്ടികഥ : ജയലാല്‍ മേനോന്‍
തിരക്കഥ, സംഭാഷണം: രാജേഷ് വര്‍മ്മ
സംവിധാനം : ജീത്തു ജോസഫ്

മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ സിനിമ ജോസൂട്ടിയുടെ ജീവിതത്തിലൂടെ പതുക്കെ സഞ്ചരിക്കുന്നു.

ആദ്യപകുതിയില്‍ കുറച്ചൊക്കെ രസകരങ്ങളായ സംഗതികളുണ്ടെങ്കിലും രണ്ടാം പകുതിയോടെ ഈ സിനിമ വെറും കഥ പറച്ചിലായി മാറുന്നു.  

പ്രേക്ഷകര്‍ക്ക് കാര്യമായ വികാരവിചാരങ്ങള്‍ നല്‍കുവാന്‍ ഈ ചിത്രത്തിനായിട്ടില്ല എന്ന് തോന്നി. 

നാട്ടില്‍ നിന്ന് ജോസൂട്ടിയെ ഒരു പെണ്‍ കുട്ടി ന്യൂസിലാന്‍റിലേയ്ക്ക് 'കെട്ടിക്കൊണ്ട്' പോകുകയും തുടര്‍ന്ന് അവിടെ ജോസൂട്ടി നേരിടുന്ന ചില സാഹചര്യങ്ങളും തുടര്‍ന്നുള്ള അതിജീവനങ്ങളുമായിട്ടാണ്‍ ഈ കഥ വിവരിക്കുന്നത്.

ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നേരെ വരച്ച് കാട്ടുമ്പോഴും പല ധീരമായ തീരുമാനങ്ങളും പാളിച്ചകളുമെല്ലാം വിവരിക്കുമ്പോഴും പ്രേക്ഷകരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ആകുന്നില്ല എന്നതാണ്‍ സത്യം.


 Rating : 4 / 10

കോഹിനൂര്‍


രചന : സലില്‍ മേനോന്‍, രഞ്ജീത് കമല ശങ്കര്‍
സംവിധാനം : വിനയ് ഗോവിന്ദ്

എണ്പത് കാലഘട്ടത്തിലെ ഒരു സംഭവമാണ്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്.

ആദ്യപകുതിയില്‍ അല്‍പം പതുക്കെയാണ്‍ കഥ വികസിക്കുന്നത്. രണ്ട് മനോഹരമായ ഗാനങ്ങളും കഥാപാത്രങ്ങളുടെ അവതരണങ്ങളും ആദ്യപകുതിയിലാണ്. 

രണ്ടാം പകുതിയില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആസൂത്രണങ്ങളും ട്വിസ്റ്റുകളും സസ്പെന്സുകളുമായി ചിത്രം നല്ലൊരു ആസ്വാദനം നല്‍കുന്നു.

നല്ല കുറച്ച് ഹാസ്യരംഗങ്ങളും മനോഹരമായ ചില ഡയലോഗുകളും പ്രേക്ഷകരെ ആകര്‍ഷിക്കും.

ആസിഫ് അലി, അജു വര്‍ഗ്ഗീസ്, ഇന്ദ്രജിത് എന്നിവര്‍ വളരെ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ നായികയായി വന്ന അപര്‍ണ്ണ ഒരു ചെറിയ ദുരന്തമായിരുന്നു.


മികച്ച തിരക്കഥയും നല്ല സംവിധാനവും ഇമ്പമുള്ള സംഗീതവും മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തെ മികവുറ്റതാക്കി.

Rating : 6 / 10

എന്ന് നിന്‍റെ മൊയ്തീന്‍

  
രചന, സംവിധാനം : ആര്‍ എസ് വിമല്‍

പ്രേക്ഷകമനം കവരുന്ന ഒരു മനോഹരമായ ചിത്രം.

മൊയ്തീന്‍റെയും കാഞ്ചനമാലയുടേയും പ്രണയവും മൊയ്തീന്‍ എന്ന ആളുടെ ജനങ്ങള്‍ക്കിടയിലുള്ള ഹീറോ പരിവേഷവും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.  

മനോഹരമായ ദൃശ്യങ്ങളും ആ പഴയ കാലഘട്ടത്തിന്‍റെ അനുഭവങ്ങളും ഹൃദയഹാരിയായ സംഗീതവും ചേര്‍ന്ന് ഈ ചിത്രത്തെ നല്ലൊരു ആസ്വാദനതലത്തിലേയ്ക്ക് ഉയര്‍ത്തുന്നു.

ആദ്യമൊക്കെ കുറച്ച് ഇഴച്ചിലുണ്ടെങ്കിലും അവസാനത്തോടടുക്കുമ്പോഴേയ്ക്ക് പ്രണയത്തിന്‍റെ തീവ്രത പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നു.


പാര്വ്വതി മേനോനും, പൃഥ്യിരാജും, ടൊവീനോയുമെല്ലാം ഗംഭീര അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

Rating : 7 /10

ഞാന്‍ സംവിധാനം ചെയ്യുംരചന, സംവിധാനം : ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍റെ പഴയ പല സിനിമകളും കണ്ട് അദ്ദേഹത്തോട് ആദരവും താല്‍പര്യവുമുള്ള ഒരുപാട് പേരുണ്ട്.  ഈ ഒരു സിനിമകൊണ്ട് അതെല്ലാം വല്ലാത്ത ഒരു അനുകമ്പയും വേദനയുമായി മാറുന്നു എന്നതാണ്‍ സത്യം.

സിനിമ തുടങ്ങി ഒരു മിനിറ്റിനകം തന്നെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷണം തുടങ്ങുകയും അത് അവസാനം വരെ ഒരു തടസ്സവുമില്ലാതെ തുടരുകയും ചെയ്തു.

അഭിനയത്തിലും അദ്ദേഹം മിമിക്രിക്കാരുമായുള്ള മല്‍സരമായിരുന്നെന്ന് വേണം പറയാന്‍.

Rating : 2 / 10


കുഞ്ഞിരാമായണം


രചന : ദീപു പ്രദീപ്
സംവിധാനം : ബേസില്‍ ജോസഫ്

ആദ്യപകുതി 'സല്‍സ' എന്ന ഒരു കള്ളിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും രണ്ടാം പകുതി പെണ്ണ് കെട്ടിന്‍ വേണ്ടി ഡെഡിക്കേറ്റ് ചെയ്യപ്പെടുകയും ചെയ്ത ഒരു കഥയുമില്ലാത്ത ഒരു ചിത്രം.

പക്ഷേ, പ്രേക്ഷകരെ പലപ്പോഴും രസിപ്പിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉള്ളതുകൊണ്ട് ഈ ചിത്രം ഭേദപ്പെട്ട കളക് ഷന്‍ നേടി.


കുടുംബ പ്രേക്ഷകര്‍ക്ക് അത്രയ്ക്ക് സുഖകരമായ ഒരു അനുഭവമല്ല ഈ ചിത്രം നല്‍കുന്നത്.  

ദ്വയാര്‍ത്ഥങ്ങളും കള്ളും പെണ്ണും തന്നെയാണ്‍ ചിത്രത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത്.

Rating : 4 /10

ഉട്ടോപ്യയിലെ രാജാവ്


രചന : പി. എസ്. റഫീഖ്
സംവിധാനം: കമല്‍

സാധാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായി കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ച് സമൂഹത്തിലെ ചില പ്രവണതകളോട് പ്രതികരിക്കുന്ന ഒരു സിനിമയായിരുന്നു ഇത്.


രസിപ്പിക്കുന്ന പല രംഗങ്ങളുണ്ടെങ്കിലും ഈ ചിത്രം കാര്യമായി പ്രേക്ഷകരെ ബാധിക്കാതെ പോയി. 

മമ്മൂട്ടിയെപ്പോലെ ഒരു വലിയ താരത്തിന് പകരം, ഏതെങ്കിലും ഒരു യുവതാരം ഈ ചിത്രം ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ കുറച്ചുകൂടി പ്രേക്ഷകര്‍ക്ക് സ്വാഭാവികത തോന്നുമായിരുന്നു.  

കാരണം, മമ്മൂട്ടിയില്‍ നിന്ന് ഇതിലും വലുത് എന്തൊക്കെയോ ആണ്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് J

Rating : 4.5 / 10

ജമ്നാപ്യാരി


രചന : പി. ആര്‍. അരുണ്‍
സംവിധാനം: തോമസ് സെബാസ്റ്റ്യന്‍

നാട്ടിലെ കണ്ണിലുണ്ണിയും പരോപകാരപ്രിയനുമായ ഒരുപാട് കഥാപാത്രങ്ങള്‍ ജയറാം പോലുള്ളവരൊക്കെ അഭിനയിച്ച് മടുപ്പിച്ചതാണെങ്കിലും ഇത്തവണ കുഞ്ചാക്കോ ബോബന്‍ ആണ് ഈ ചുമതല നിര്വ്വഹിച്ചത്.  

എങ്കിലും ഒന്ന് രണ്ട് ഇമോഷണല്‍ സംഗതികളും , അപൂര്വ്വമായ ഒരു ആടും, എന്തൂട്ട് ടാ ക്ടാവേ എന്ന പാട്ടും ഈ ചിത്രത്തെ താങ്ങി നിര്‍ത്തി.


തൃശ്ശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്നതില്‍ കുഞ്ചാക്കോ അത്രയ്ക്കങ്ങ് പോരാ.

Rating : 4 / 10

ഡബിള്‍ ബാരല്‍ (Double Barrel)


രചന, സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി

പ്രേക്ഷകരെ അമ്പരിപ്പിച്ച ഒരു സിനിമ എന്നാണ്‍ ഇതിനെ വിശേഷിപ്പിക്കാവുന്നത്.  ഒരു തരത്തിലും മനസ്സില്‍ വിചാരിക്കാത്ത തരത്തിലുള്ള സന്ദര്‍ഭങ്ങളും, ഡയലോഗുകളും ദൃശ്യങ്ങളുമായി സിനിമ മുന്നോട്ട് പോകും തോറും പ്രേക്ഷകര്‍ നിരാശരായിക്കൊണ്ടിരുന്നു.  

അവര്‍ പ്രതീക്ഷിച്ച രീതികളേ അല്ല ഈ സിനിമയില്‍ എന്നതാണ് അതിന്‍റെ കാരണം എന്ന് സിനിമയെ പുച്ഛിച്ച് തള്ളി വീണ്ടും അവലോകനം ചെയ്യുമ്പോള്‍ മാത്രമാണ്‍ കുറച്ചുപേര്‍ക്കെങ്കിലും മനസ്സിലാകുന്നത്.


വലിയ വിമര്‍ശനങ്ങള്‍ക്കും തെറിവിളികള്‍ക്കും പാത്രമാവേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇത്തരം ഒരു സിനിമ ചെയ്യാന്‍ ധൈര്യം കാണിച്ച ലിജോയും പൃഥ്യിരാജ് അടക്കമുള്ള ഇതിന്‍റെ കൂടെ നിന്ന പലരും അഭിനന്ദനം അര്‍ഹിക്കുന്നു. 

പക്ഷേ, സിനിമ സാധാരണ പ്രേക്ഷകര്‍ക്ക് ദഹനക്കേടുണ്ടാക്കി എന്നതാണ്‍ സത്യം.

Rating : 5 / 10