Tuesday, March 26, 2013

ആമേന്‍


കഥ, സംവിധാനം: ലിജോ ജോസ്‌ പെല്ലിശ്ശേരി
തിരക്കഥ, സംഭാഷണം: പി.എസ്‌. റഫീഖ്‌

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു പ്രദേശവും അവിടുത്തെ ജനങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയും വളരെ ഹാസ്യാത്മകവും ദൃശ്യവിസ്മയകരവുമായ രീതിയില്‍ സ്വര്‍ഗ്ഗീയ സംഗീതവും ചേര്‍ത്ത്‌ പ്രേക്ഷകരിലേയ്ക്ക്‌ പകര്‍ന്നുതരികയാണ്‌ 'ആമേന്‍' എന്ന ഈ ചിത്രം.

കണ്ട്‌ പരിചിതമായ സിനിമാ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലി ഈ ചിത്രത്തിണ്റ്റെ കഥ പറച്ചിലില്‍ ഉപയോഗിച്ചിരിക്കുന്നു. ഈ തരത്തില്‍ ഈ സിനിമയെ ദൃശ്യവത്കരിച്ച്‌ പ്രേക്ഷകരിലെത്തിച്ചതില്‍ ലിജു എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

 നീളക്കൂടുതലുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ അല്‍പം ഇഴച്ചിലുണ്ടെങ്കിലും മനസ്സ്‌ നിറഞ്ഞ പ്രതീതിയോടെ മാത്രമേ ഈ ചിത്രം നമുക്ക്‌ കണ്ട്‌ അവസാനിപ്പിക്കാന്‍ സാധിക്കൂ. ചിത്രത്തിണ്റ്റെ അവസാനമാകുമ്പോഴേയ്ക്കും നമുക്ക്‌ ഒരു ദിവ്യമായ അനുഭൂതി ഉണ്ടാകുകയും ഈ ചിത്രം ഒരിക്കല്‍ കൂടി കാണുവാന്‍ മനസ്സില്‍ പ്രേരണ തോന്നുകയും ചെയ്യും.

 തഴയപ്പെട്ട്‌ കിടക്കുന്ന ഒരു ഹീറോ പതിയെ പതിയെ വിജയത്തിലേയ്ക്കെത്തുന്നതിണ്റ്റെ സുഖം ഒരു പുതുമയുള്ള കഥയൊന്നുമല്ലെങ്കിലും ആ കഥയെ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതിണ്റ്റെ പുതുമയാണ്‌ ഗംഭീരം.

തീയ്യറ്ററിലെ ശബ്ദക്രമീകരണത്തിണ്റ്റെ ന്യൂനതകൊണ്ട്‌ (തീയ്യറ്റര്‍ ആലുവ മാത) ഗാനങ്ങളിലെ വരികള്‍ വ്യക്തമാകാതിരുന്നത്‌ വല്ലാതെ വിഷമിപ്പിച്ചു.

എല്ലാവിഭാഗം പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമെന്നൊന്നും ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും ഒരു ചെറിയ അത്ഭുതം തന്നെയാണ്‌ 'ആമേന്‍'.

അഭിനേതാക്കളുടെ എല്ലാവരുടേയും മികച്ച പ്രകടനം ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നു.

ഇന്ദ്രജിത്‌, ഫഹദ്‌ ഫാസില്‍, സ്വാതി റെഡ്ഡി, കലാഭവന്‍ മണി, നന്ദു, രചന തുടങ്ങിയ അഭിനയനിര മികവ്‌ കാട്ടി.

ഛായാഗ്രഹണം, സംഗീതം തുടങ്ങിയ സാങ്കേതിക മേഖലകളും മികച്ച്‌ നിന്നു.

Rating : 8 / 10

Saturday, March 23, 2013

റെഡ്‌ വൈന്‍


കഥ : നൌഫല്‍ ബ്ളാത്തുറ്‍
തിരക്കഥ, സംഭാഷണം: മാമന്‍ കെ രാജന്‍
സംവിധാനം: സലാം ബാപ്പു
നിര്‍മ്മാണം: എ എസ്‌ ഗിരീഷ്‌ ലാല്‍

വയനാട്ടിലെ ഒരു പ്രദേശത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായ അനൂപ്‌ (ഫഹദ്‌ ഫാസില്‍) എന്ന യുവാവ്‌ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെടുന്നു. ഇതേത്തുടര്‍ന്ന്‌ അന്വേഷണവുമായെത്തുന്ന അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ (മോഹന്‍ ലാല്‍) അനൂപിണ്റ്റെ പഴയകാല ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.

എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ മുപ്പത്തിനാല്‌ വയസ്സുമാത്രമുള്ള ഈ യുവാവ്‌ ജനപ്രിയനായ ഒരു സാമൂഹ്യപ്രവര്‍ത്തകനും നാടകകലാകാരനുമായിരുന്നു.

ആര്‌ എന്തിന്‌ കൊല ചെയ്തെന്ന് ഇദ്ദേഹം അന്വേക്ഷിച്ച്‌ കണ്ടെത്തുന്നു. പക്ഷേ, പ്രേക്ഷകര്‍ക്ക്‌ അതിലൊരു താല്‍പര്യവും തോന്നില്ലെന്നു മാത്രം. കാരണം, ആര്‌ എന്തിന്‌ എന്നതൊക്കെ കുറേ കഴിയുമ്പോള്‍ ഒരു സംശയവും തോന്നാത്തവിധം പ്രേക്ഷകര്‍ക്ക്‌ വ്യക്തമാണ്‌.

ഇതേ സമയം അനൂപിണ്റ്റെ കഥാഗതിക്ക്‌ സമാന്തരമായി ഈ കൊല ചെയ്തുവെന്ന്‌ പ്രേക്ഷകര്‍ക്ക്‌ തുടക്കം മുതല്‍ വ്യക്തമാകുന്ന മറ്റൊരു യുവാവിണ്റ്റെയും (ആസിഫ്‌ അലി) ജീവിതവും വിവരിക്കപ്പെടുന്നു. 

കോര്‍പ്പറേറ്റുകളുടെ ഭൂമികയ്യേറ്റങ്ങളും പണസ്വാധീനത്തിലും പെട്ട്‌ രണ്ട്‌ നിസ്സഹായരായ ചെറുപ്പക്കാര്‍ എങ്ങനെ ഇരകളാകുന്നുവെന്നുള്ള ഒരു വെളിപ്പെടുത്തലാണ്‌ ഈ സിനിമയിലൂടെ ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

ഫഹദ്‌ ഫാസിലിണ്റ്റെ കഥാപാത്രം താല്‍പര്യം ജനിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ഈ റോള്‍ ഭംഗിയായി ചെയ്തു.

ആസിഫ്‌ അലി ഒരു നിസ്സഹായ ഭാവത്തില്‍ സ്ഥിരമായി ജീവിച്ചു (സോറി അഭിനയിച്ചു).

മോഹന്‍ ലാല്‍ പ്രത്യേകിച്ച്‌ ഒരു അത്ഭുതപ്രവര്‍ത്തികളും ചെയ്യാനില്ലാത്തതിനാല്‍ ജീപ്പോടിച്ചും അസ്വേഷണം നടത്തിയും പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതെ അഭിനയിച്ചു.

മോഹന്‍ലാലിനുവേണ്ടി വളരെ ബാലിശമായ ചില രംഗങ്ങള്‍ കെട്ടിച്ചമച്ച്‌ വെച്ചത്‌ കുറച്ച്‌ അതിക്രമമായി.

ഒരു അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ ഒരു സ്ഥാപനത്തില്‍ പോലീസുമായി വന്ന് അവിടത്തെ എം.ഡി യേയും മറ്റും അറസ്റ്റ്‌ ചെയ്ത്‌ കൊണ്ട്‌ പോകുമ്പോള്‍ തടഞ്ഞ്‌ നിര്‍ത്തി ചോദ്യം ചെയ്യുന്ന സ്റ്റാഫ്‌ ഒരു അത്ഭുതം തന്നെയായിരുന്നു. ചെകിടത്ത്‌ ഒരു അടിയും ഒരു വലിയും കൊടുത്തതോടെ ആ രംഗം ക്ളീന്‍.

അതുപോലെ, അനൂപിണ്റ്റെ ഫേസ്‌ ബുക്ക്‌ ഫ്രണ്ട്‌ 'കോമ്രേഡ്‌' എന്ന വിളിപ്പേരുള്ള ആളെ മോഹന്‍ലാല്‍ ലക്ഷണം വെച്ച്‌ കണ്ടെത്തി. അതും ഗംഭീരമായി!

ചില ധാരണാപ്പിശകുകള്‍ തിരക്കഥാകൃത്തിന്‌ വന്ന് ചേര്‍ന്നിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായ ഒരാല്‍ ബാറില്‍ ഇരുന്ന് പരസ്യ മദ്യപാനം നടത്തുന്ന രംഗം തിരക്കഥാകൃത്തിണ്റ്റെ അറിവില്ലായ്മയുടെ ഭാഗം മാത്രമാണ്‌. പുരോഗമനവാദിയും ആദര്‍ശധീരനായ ഒരു ചെറുപ്പക്കാരനെ അവതരിപ്പിച്ചപ്പോള്‍ ഈ കാര്യങ്ങളില്‍ക്കൂടി ഒരല്‍പം സൂക്ഷ്മത വേണമായിരുന്നു.

അതുപോലെ പല കഥാപാത്രങ്ങളെയും വെറുതേ അവതരിപ്പിക്കുന്നതല്ലാതെ കൂടുതല്‍ വ്യക്തതയിലേയ്ക്ക്‌ പോകാതിരുന്നതും തിരക്കഥയിലെ പിഴവാണ്‌.

ഗംഭീരമായ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ കൂടെ ചേര്‍ന്നതോടെ എന്തൊക്കെയോ സംഗതികള്‍ ഉണ്ടെന്ന ഒരു തോന്നല്‍ പൊതുവേ സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക്‌ സാധിക്കുന്നുണ്ടെങ്കിലും ഒരു കഴമ്പും ത്രില്ലും ഇല്ലെന്ന സത്യം പ്രേക്ഷകര്‍ തിരിച്ചറിയുകയും ചെയ്യുന്നു.

എന്തായാലും പ്രേക്ഷകരെ ഈ ചിത്രം ഉപദ്രവിക്കുന്നില്ല എന്നത്‌ തന്നെ വലിയ ആശ്വാസം.

സലാം പാലപ്പെട്ടിയ്ക്കും കൂട്ടര്‍ക്കും ഇതിലും ഭേദപ്പെട്ട സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കാം.

Rating : 5 / 10 

Sunday, March 17, 2013

ഷട്ടര്‍


രചന, സംവിധാനം: ജോയ്‌ മാത്യു

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാള്‍ നാട്ടില്‍ വരുന്ന ഘട്ടത്തില്‍ സുഹൃദ്‌ വലയത്തില്‍ പെട്ട്‌ സംഭവിക്കുന്ന ഒരു സങ്കീര്‍ണ്ണ പ്രശ്നമാണ്‌ ഈ ചിത്രത്തിണ്റ്റെ ഇതിവൃത്തം. ഈ ഒരു പ്രശ്നം തണ്റ്റെ കുടുംബജീവിതത്തെയും സാമൂഹികജീവിതത്തെയും സാരമായി ബാധിച്ചേക്കാമെന്നുള്ള നൊമ്പരത്തോടെ അതിനെ അതിജീവിക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന ചില തിരിച്ചറിയലുകളും കണ്ടെത്തലുകളും ഈ ചിത്രട്ടിണ്റ്റെ പ്രധാന സംഗതികളാണ്‌. 

പഴയതലമുറയിലേതായാലും പുതിയ തലമുറയിലേതായാലും സുഹൃദ്‌ ബന്ധങ്ങള്‍ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടതെന്ന ചില സൂചനകളും ഈ ചിത്രം നല്‍കുന്നു.

സിനിമയുടെ ആദ്യത്തെ കുറേ സമയം കഴിയുന്നതോടെ പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തി ഒടുവില്‍ ആശ്വാസത്തിലേയ്ക്ക്‌ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്‌.

 അഭിനേതാക്കളെല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

പൊതുവേ പറഞ്ഞാല്‍ 'ഷട്ടര്‍' മികച്ച ഒരു ചിത്രം എന്ന് പറയാം.

Rating : 6/10 

Wednesday, March 13, 2013

ലക്കി സ്റ്റാര്‍


രചന, സംവിധാനം: ദീപു അന്തിക്കാട്‌

ഒരുപാട്‌ മോഹങ്ങളുമായി ജീവിക്കുന്ന ഒരു സാധാരണക്കാരനും അവണ്റ്റെ ഭാര്യയും കുട്ടിയും. ഒരു സാഹചര്യത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക്‌ കൊടുക്കാന്‍ തയ്യാറാകുകയും അങ്ങനെയുണ്ടാകുന്ന കുഞ്ഞിനെത്തേടി വിദേശിമലയാളി ദമ്പതികള്‍ എത്തിച്ചേരാതിരിക്കുകയും അതിനെത്തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ഈ ചിത്രത്തിണ്റ്റെ കഥാസാരം.

കുറച്ച്‌ പുതുമകളുള്ള ഒരു കഥയെ ആവശ്യത്തിന്‌ നര്‍മ്മം ചേര്‍ത്ത്‌ ലോജിക്കലായി അവതരിപ്പിച്ചിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ പ്രത്യേകത.

 ഇടയ്ക്ക്‌ ഒരല്‍പ്പം വലിച്ച്‌ നീട്ടിയെങ്കിലും കുടുംബപ്രേക്ഷകര്‍ക്ക്‌ ഒരുവിധം ഭേദപ്പെട്ട നിലയില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ്‌ ലക്കി സ്റ്റാര്‍.

മറിമായം എന്ന ടി വി ഹാസ്യ സീരിയലിലൂടെ മികച്ച അഭിപ്രായം നേടിയെടുത്ത രചന തണ്റ്റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.

ജയറാമും മുകേഷും തങ്ങളുടെ ഭാഗം ഒരുവിധം നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ദീപു അന്തിക്കാട്‌ തുടര്‍ന്നും നല്ല സിനിമകളുമായി രംഗത്തുണ്ടാവട്ടെ എന്ന് ആശംസിക്കാം.

Rating: 6 / 10 

Sunday, March 03, 2013

കിളി പോയി


സംവിധാനം : വിനയ്‌ ഗോവിന്ദ്‌

നാടോടിക്കാറ്റ്‌ അടക്കമുള്ള പഴയ ചില മലയാള സിനിമയിലെ ഹാസ്യരംഗങ്ങളെ വീണ്ടും ടി.വി.യില്‍ കാണിച്ചും, അത്തരം സിനിമകളുടെ കഥയൊക്കെത്തന്നെ ഈ ചിത്രത്തില്‍ വീണ്ടും പറഞ്ഞും 'കിളി പോയി' എന്ന ചിത്രം ഒരുക്കിയിരിക്കുന്നു.

രണ്ട്‌ ചെറുപ്പക്കാര്‍ ജോലിത്തിരക്കില്‍ നിന്ന് മാറി ഒരു വിനോദയാത്ര പോകുകയും അതിന്നിടയില്‍ കുറേ മയക്കുമരുന്ന് അവരറിയാതെ കയ്യില്‍ വന്ന് പെടുകയും അതിനുവേണ്ടി രണ്ട്‌ ഗ്രൂപ്പുകള്‍ നടത്തുന്ന ശ്രമങ്ങളും ഒടുവില്‍ അവര്‍ തമ്മില്‍ തല്ലി അവസാനിക്കുന്നതുമാണ്‌ ഈ സിനിമയുടെ ചുരുക്കം.

പക്ഷേ, കുറേ സമയം സിനിമ കണ്ട്‌ കഴിഞ്ഞാലും ഇണ്റ്റര്‍ വെല്‍ ഇതുവരെ ആയില്ലേ എന്ന് നമുക്ക്‌ അത്ഭുതം തോന്നും. സിനിമ കഴിഞ്ഞിറങ്ങി സമയം നോക്കിയാല്‍ രണ്ട്‌ മണിക്കൂര്‍ തികച്ച്‌ ആയിട്ടുമുണ്ടാകില്ല. അങ്ങനെ ഒരു പ്രത്യേകത ഈ സിനിമയ്ക്കുണ്ട്‌.

ഈ ചിത്രത്തിലെ മ്യൂസിക്‌, ക്യാമറ എന്നിവ പ്രത്യേകതയുള്ളതായിരുന്നു.

ചില സീനുകളില്‍ ചിരിയ്ക്കാനുള്ള വകയുമുണ്ട്‌.

സിനിമയുടെ ക്ളൈമാക്സിനോടനുബന്ധിച്ച കൂട്ടക്കലാശത്തില്‍ കേള്‍ക്കുന്ന മ്യൂസിക്കും അതിനോട്‌ ചേര്‍ന്നുള്ള വരികളും ശരിയ്ക്കും നമ്മെ ചിരിപ്പിക്കും.. 'ഒാടിക്കോ.. ഒാടിക്കോ.. സ്കൂട്ടയിക്കോ.... പണി കിട്ടി, പണി കിട്ടി, എട്ടിണ്റ്റെ പണി... " തുടങ്ങിയ മലയാളം പദങ്ങളെ ഇംഗ്ളീഷ്‌ റാപ്പിനോട്‌ സംയോജിപ്പിച്ചുള്ള സംഗതി ആ സീനുകളോടു കൂടി കാണുമ്പോള്‍ രസിപ്പിക്കുന്നതാണ്‌.

പിന്നെ നമ്മെ രസിപ്പിക്കുന്നത്‌ പഴയ മലയാള സിനിമയിലെ രംഗങ്ങള്‍ വീണ്ടും ഈ ചിത്രത്തിലൂടെ കാണുമ്പോഴാണ്‌. പ്രത്യേകിച്ചും ഈ ചിത്രം തുടങ്ങുമ്പോള്‍ തന്നെ ജഗതി ശ്രീകുമാറിണ്റ്റെ അത്യാധുനിക നോവലിണ്റ്റെ വരികള്‍...

 തുടക്കം മുതല്‍ ഒടുക്കം വരെ കഞ്ചാവിണ്റ്റെ പുകയും മദ്യവും ഒരല്‍പ്പം പെണ്ണിണ്റ്റെ വിളയാട്ടവും (സിമ്പോളിക്‌ ആണെങ്കിലും) ഉള്ളതിനാല്‍ തന്നെ ചിത്രം A സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌.

പ്രത്യേകിച്ച്‌ ഒരു കഥയോ പുതുമയുള്ള എന്തെങ്കിലും സംഗതികളോ ഇല്ലാത്ത ഒരു അത്യാധുനിക ചിത്രം! :)

Rating : 3 / 10