Thursday, November 15, 2012

അയാളും ഞാനും തമ്മിൽ





കഥ, തിരക്കഥ, സംഭാഷണം: ബോബി, സഞ്ജയ്

സംവിധാനം: ലാൽ ജോസ്


രവി തരകൻ എന്ന ഡോക്ടറുടെ കോളേജ് ജീവിതം മുതലുള്ള ചില പ്രധാന സംഭവവികാസങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു കഥാവിവരണമാണ്‌ ഈ ചിത്രത്തിൽ സംഭവിക്കുന്നത്. ഈ ഡോക്ടർക്ക് തന്റെ ജോലിയിൽ സംഭവിക്കുന്ന ചില നിർണ്ണായക ഘട്ടങ്ങളും വൈദ്യരംഗത്തെ ചില പ്രവണതകളും അതിലെ ചില സങ്കീർണ്ണതകളും ഈ കഥയിൽ പ്രധാന പങ്കു വഹിക്കുന്നു. അതിന്നിടയിൽ അല്പം കുടുംബപരവും വ്യക്തിപരവുമായ ചില ബന്ധങ്ങളുടെ താളപ്പിഴകളും പരമർശമാകുന്നുണ്ട്.

കാര്യമായ കഥാതന്തുവൊന്നുമില്ലെങ്കിലും ചിത്രീകരണത്തിലെ ചില പ്രത്യേകതകൾ കൊണ്ടും ചില സംഭവങ്ങളെ പ്രൊജക്റ്റ് ചെയ്ത് എന്തൊക്കെയോ സംഭവങ്ങളുണ്ട് എന്ന് പ്രേക്ഷകരെ തോന്നിപ്പിച്ചുകൊണ്ടും ഈ ചിത്രം മോശമല്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്.

ഡോക്ടർ സാമുവലിനെ അവതരിപ്പിച്ച പ്രതാപ് പോത്തൻ ഗംഭീരമായ പ്രകടനം കാഴ്ച വെച്ചപ്പോൾ , രവി തരകനെ അവതരിപ്പിച്ച പ്രിഥ്യിരാജും തന്റെ റോൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു. കോളേജ് ജീവിതത്തിലെ യുവത്വം പ്രകടമാക്കിയതോടൊപ്പം ഒരു മിതത്വം വന്ന ഡോക്ടറെ പ്രതിഫലിപ്പിക്കാനും പ്രിഥ്യിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് മികവ് തന്നെയാണ്‌.

സലിം കുമാർ, കലാഭവൻ മണി ഉൾപെടെയുവരും മികച്ച അഭിനയം കാഴ്ച്വെച്ചു.

ദൃശ്യഭംഗിയുടെ പിൻ ബലവും ഈ ചിത്രത്തെ ഭേദപ്പെടുത്തുവൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

പൊതുവേ പറഞ്ഞാൽ ഒരു നിലവാരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന എന്തൊക്കെയോ സംഗതികൾ ഉണ്ടെന്ന തോന്നലുണ്ടാക്കുന്ന ഭേദപ്പെട്ട ഒരു സിനിമ എന്നേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനുള്ളൂ.

Rating : 6 / 10

Sunday, November 04, 2012

ട്രിവാൻഡ്രം ലോഡ്ജ് (Trivandrum Lodge)



കഥ, തിരക്കഥ, സംഭാഷണം: അനൂപ് മേനോൻ


സംവിധാനം: വി.കെ. പ്രകാശ്

വളരെ വൈകിയാണ്‌ ഈ ചിത്രം കാണാൻ സാധിച്ചത്. എന്നിരുന്നാലും ഈ ചിത്രത്തിന്‌ റിവ്യൂ എഴുതാതിരിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.

‘ന്യൂ ജനറേഷൻ’, ‘ബോൾഡ്’, ‘ഓപൺ’, ‘ബ്രേവ്’ എന്നൊക്കെ വിശേഷണങ്ങൽ നല്കലാണല്ലോ ചില പ്രത്യക സിനിമകളെ വിശേഷിപ്പിക്കാനും പരിപോഷിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നത്. ഈ ചിത്രം തീർച്ചയായും ഈ ഗണത്തിലൊക്കെ പെടുത്താം. അതിലേയ്ക്കുള്ള കാരണങ്ങൾ മാത്രം ഇവിടെ നിരത്തുന്നു. ഈ ഒരു വിശകലനത്തോടെ ഈ സൈറ്റിനെ സെൻസർ ചെയ്ത് 'A' ഗണത്തിലെ പെടുത്തരുതെന്ന് ഒരു അപേക്ഷ.

18 വയസ്സിനു താഴെയുള്ളവർ ദയവായി ഈ റിവ്യൂ വായിക്കരുതെന്ന് ഒരു മുന്നറിയിപ്പ്.

1. ഈ ചിത്രത്തിലെ ചെറിയ കുട്ടികൾ മുതൽ വയസ്സന്മാർ വരെ എല്ലാവരും പ്രേമം, ലൈഗികത, അഭിനിവേശം, രതിഭ്രമം എന്നീ കാര്യങ്ങൾ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയും അതിനൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

2. ട്രിവാൻഡ്രം ലോഡ്ജിൽ താമസിക്കുന്ന ഒരു സിനിമാവാരികയുടെ സബ് എഡിറ്റർ (സൈജു കുറുപ്പ്) തന്റെ ബെഡിൽ നിന്ന് താൻ തലേ ദിവസം രാത്രി മുതൽ രമിച്ചിരുന്ന ഒരുത്തിയെ അലാറം വെച്ച് എഴുന്നേല്പിച്ച് വിടുവാൻ ശ്രമിക്കുന്നു. താഴെ നിലത്ത് അയാളുടെ റൂം മേറ്റ് കിടപ്പുണ്ട്. ‘ഇന്നലെ രാത്രി എന്തായിരുന്നു... ഹോ’ എന്നൊക്കെ പറഞ്ഞ് ആ ഓർമ്മകളെ പുല്കി ഈ പെണ്ൺ വീണ്ടും തലയിണയിൽ കെട്ടിപ്പിടിച്ച് കിടക്കുന്നു. താഴെ കിടക്കുന്ന പൊണ്ണൻ ഒന്നും അറിഞ്ഞിട്ടില്ല, പാവം.

3. ആ ലോഡ്ജിലെ ഒരു സീനിയർ കക്ഷി, 999 പെണ്ണുങ്ങളുമായി ലൈഗികവേഴ്ച നടത്തിയശേഷം കുറേ നാളായി വെയ്റ്റ് ചെയ്യുകയാണത്രേ. ‘നാഴികക്കല്ല് നാട്ടുമ്പോൾ അത് വല്ല ചതുപ്പിലും ആയാൽ പോരല്ലോ..’ എന്നതാണ്‌ ഇതിനു കാരണം. ഒരു വനിതാപോലീസുകാരിയെ യൂണിഫോമിൽ വേണമെന്നതാണത്രേ ഇദ്ദേഹത്തിന്റെ ആഗ്രഹം. ഈ വ്യക്തി, ഒരു സ്ത്രീയെ കണ്ടാൽ ലക്ഷണം വെച്ച് അവരുടെ വംശം, ലൈകികമായ ഇടപാടുകളിലെ ചില ആന്തരീകകാര്യങ്ങൾ വരെ പറഞ്ഞുകളയും. (കൂടുതൽ എഴുതിയാൽ ഈ സൈറ്റ് ‘പൊർൺ’ ഗണത്തിൽ പെടുത്തിക്കളയും)

4. ഈ ലോഡ്ജിലെ മറ്റൊരു അന്തേവാസിയായ അബ്ദു (ജയസൂര്യ), തനിക്ക് മാത്രം ഒന്നും കിട്ടുന്നില്ല, മറ്റെല്ലാവർക്കും കിട്ടുന്നുണ്ട് എന്ന് വല്ലാതെ വ്യസനിച്ച് നടക്കുന്നുണ്ട്. ഇയാൾക്ക് ഒരു വേശ്യയെ സെറ്റപ്പ് ആക്കി കൊടുക്കാൻ ഇന്ദ്രൻസിന്റെ കഥാപാത്രം ശ്രമിക്കുന്നുണ്ട്.

5. ഒരു വേശ്യയുടെ ജീവിതനൊമ്പരങ്ങളും ബിസിനസ് സീക്രട്ടുകളും തെസ്നീഖാൻ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ഗംഭീരമായി.

6. ഡൈവോർസ് കഴിഞ്ഞ നായിക (ധ്വനി) തന്റെ സുഹൃത്തിനോട് സംസാരിക്കുമ്പോൾ തന്റെ ലൈഗിക താല്പര്യങ്ങളെക്കുറിച്ച് വാചാലയാകുന്നു. ഏത തരം ആളെ എന്തൊക്കെ പരിപാടികൾക്കാണ്‌ താല്പര്യമെന്നുവരെ വ്യക്തമാക്കികൊടുക്കുന്നുമുണ്ട്. കല്ല്യാണം കഴിഞ്ഞ ആണുങ്ങളെ താല്പര്യമില്ലെന്ന് പ്രഖ്യാപിക്കുന്നു. നായികയുടെ ഈ സുഹൃത്ത്, തന്റെ ഭർത്താവിന്റെ ബെഡ് റൂം പ്രകടനത്തെ നായികയ്ക്ക് പറഞ്ഞുകൊടുത്ത് തനിക്ക് ഇനി വേറെ വേണ്ടെന്ന് പറഞ്ഞ് ഡീസന്റാകുന്നു. (ബോൾഡ് ആന്റ് ഫ്രാങ്ക്)

7. നായിക അബ്ദുവിനോട് തന്റെ എന്താണ്‌ കൂടുതൽ ഇഷ്ടാപ്പെട്ടത് എന്ന് ചോദിക്കുമ്പോൾ അബ്ദുവിന്റെ ഉത്തരം ‘കുണ്ടി’
(ബോൾഡ് ആന്റ് ഓപൺ)

8. 999 ൽ എത്തിനില്ക്കുന്ന ആളോട് നായിക 1000 തികയ്ക്കാൻ താൻ പോരേ എന്ന് ചോദിക്കുന്നു. ‘ഉച്ച സമയത്ത് എങ്ങനെയാ?’ എന്ന് ചോദിക്കുന്ന അയാളോട് ‘ഉച്ച സമയമല്ലേ ബെസ്റ്റ്.. വരൂന്നേ..’ എന്ന് പറഞ്ഞ് നിർബന്ധിക്കുന്നു.

9. ഈ ലോഡ്ജിന്റെ ഉടമയും വലിയ പണക്കാരനുമായ അനൂപ് മേനോനോട് നായിക തനിക്ക് ലൈകികവേഴ്ചക്ക് താല്പര്യമുണ്ടെന്ന് നേരിട്ട് അറിയിക്കുന്നു. (ബ്രേവ് ആന്റ് ഓപൺ)

പക്ഷേ, താൻ ഒരു വൺ വുമൺ മാൻ ആണെന്നും അതിന്റെ ഗംഭീരത എന്തൊക്കെയാണെന്നും വിവരിച്ച് മറ്റെല്ലാവരെയും കാമവെറിയരാക്കിയ തിരക്കഥാകൃത്ത് സ്വയം നല്ലപിള്ള ചമയുന്നു.

10. രണ്ട് നിർമ്മലരായ കുട്ടികളെക്കൊണ്ട് പ്രേമവും അതുമായി ബന്ധപ്പെട്ട് ഒരു ഗാനവും സൃഷ്ടിച്ചെടുത്ത സംവിധായകന്‌ പ്രണാമം.
(താൻ സ്കൂളിൽ പഠിച്ചിരുന്നകാലത്ത് ഇങ്ങനെയൊക്കെ പ്രണയം ഉണ്ടാകുമായിരുന്നു എന്ന് ഈ സംവിധായകൻ ഒരു റേഡിയോ ചാനലിൽ ഇരുന്ന് ഡയലോഗ് അടിക്കുന്നത് കേട്ടപ്പോൾ തരിച്ചുകയറിയ ദേഷ്യം (സോറി... അസൂയ) കടിച്ചമർത്താൻ അന്ന് എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടിവന്നിരുന്നു.)


ഇതുപോലുള്ള ഒരു പാട് കാര്യങ്ങൾ ഇനിയുമുണ്ടെങ്കിലും ഇത്രയൊക്കെത്തന്നെ ഈ സിനിമയെ ഗംഭീരമാക്കാൻ വേണ്ടുന്നത്ര സംഗതികളായി.

ഈ ചിത്രം കാണുവാൻ പോകുന്ന സ്ത്രീകളെ തീർച്ചയായും ‘ന്യൂ ജനറഎഷൻ‘ ആയി പ്രഖ്യാപിച്ചേ മതിയാവൂ. കണ്ടതിനുശേഷം ’സിനിമ അത്ര പോരാ..പക്ഷേ, ഡയലോഗുകൾ കൊള്ളാം‘ എന്ന് അഭിപ്രായപ്പെട്ട കുറേ സ്ത്രീകളുണ്ട്. (അവരുടെ ഡീറ്റയിൽസ് ഒന്ന് തരാമോ എന്ന് വായനക്കാർ ചോദിക്കരുതെന്ന് അപേക്ഷ.)

ഈ ചിത്രം ഭാര്യാസമേതരായി പോയി കണ്ട ’ബോൾഡ് ആന്റ് പ്രോഗ്രസ്സീവ്‘ ആയ ഭർത്താക്കന്മാരാകുന്നു ഇത്തരം സിനിമകളുടെ അംബാസിഡേർസ്.

എന്തായാലും സമൂഹത്തിൽ പുരോഗമനക്കാരായ ന്യൂ ജനറേഷൻ എമർജ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് സാരം.

ഒരു നാലാം കിട 'A' സർട്ടിഫിക്കേറ്റ് സിനിമയെ ’ന്യൂ ജനറേഷൻ‘ കുപ്പായമിടീച്ച് പരിഷ്കാരത്തിന്റെ പൗഡറിടീച്ച് അവതരിപ്പിച്ചാൽ 'A' സർട്ടിഫിക്കേറ്റ് വേണ്ടിവരില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാകുന്നു ഈ ചിത്രം. ഷക്കീല അടക്കമുള്ള പലരും അഭിനയിച്ച കുറേ മലയാള സിനിമകളേക്കാൾ കൂടിയ ഡോസിൽ സെക്സ് ചർച്ചാവിഷയവും പ്രാധാന്യവുമുള്ള ഈ ചിത്രത്തെ ’അഡൾട്ട്സ് ഓൺളി‘ ആക്കാതിരുന്നതിന്റെ കാരണം ഒട്ടും വ്യക്തമല്ല.

ഈ ചിത്രത്തിൽ തീർച്ചയായും ചില മനോഹരവും സത്യസന്ധവുമായ സീനുകളുണ്ട്. പിറുപിറുത്തുകൊണ്ട് മാത്രം സംസാരിക്കുന്ന അനൂപ് മേനോൻ ഒഴികെയുള്ള എല്ലാവരും നല്ല അഭിനയം കാഴ്ച വെക്കുകയും രണ്ട് നല്ല ഗാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


Rating: 3 / 10