Friday, May 22, 2015

നീന (Nee-Na)


രചന : ആര്‍ വേണുഗോപാല്‍
സംവിധാനം: ലാല്‍ ജോസ്

ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറ് ആയി ജോലി ചെയ്യുന്ന മിടുക്കിയാണെന്ന് പറയപ്പെടുന്ന നീന എന്ന പെണ്കുട്ടി മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമാണ്.  ആ കമ്പനിയുടെ തലവനായി  പുതിയതായി എത്തുന്ന വിജയ് പണിക്കറ് നീനയെ അടുത്തറിയാന്‍ ശ്രമിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ഇടപെടുകയും ചെയ്യുന്നു.

ഇവരുടെ സൌഹൃദം തുടരുമ്പോള്‍ ഇവരുടെ ജീവിതങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.

വളരെ പുതുമകളുള്ള തുറന്ന അവതരണമാണെന്നൊക്കെയുള്ള തോന്നലുണ്ടാക്കുന്ന പലതും ഈ ചിത്രത്തിലുണ്ടെങ്കിലും വളരെ കൃത്രിമമായ കഥാസന്ദര്‍ഭങ്ങളും വല്ലാതെ ബോറടിപ്പിക്കുന്ന സാഹചര്യങ്ങളും ഈ ചിത്രത്തില്‍ ഒരുപാടുണ്ട്.

വിജയ് പണിക്കരുടെ ഭാര്യ ബോംബെയിലായാലും കൊച്ചിയിലായാലും ഒരു നിസ്സംഗഭാവത്തില്‍ വലിയൊരു വട്ടപ്പൊട്ടും തൊട്ട് വെള്ള സെറ്റുമുണ്ടും ഉടുത്ത് ഒരേ ഇരിപ്പാണ്.  ഭര്‍ത്താവ് മറ്റൊരു പെണ്ണിനോടൊത്ത് തെണ്ടി നടന്ന് പാതിരായായാലും ഒരു കുഴപ്പവുമില്ലാത്ത ഒരു പാവം.  
അതേപോലെ , നീനയുടെ ലഹരിവിമുക്തിയ്ക്ക് വേണ്ടി ആ പെണ്കുട്ടിയോടൊപ്പം ഇരുപത് ദിവസത്തിലധികം എവിടെയോ പോയി താമസിക്കുന്നതിനും കാര്യമായ വിരോധമൊന്നും തോന്നുന്നില്ല.  പക്ഷേ, ടെന്ഷന്‍ വരുമ്പോള്‍ വാരി വലിച്ച് കഴിക്കുമത്രേ.  ഈ ടെന്ഷന്‍ കാണിക്കാന്‍ ഈ പാവത്തിനെക്കൊണ്ട് എന്തൊക്കെയോ തീറ്റിക്കാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍.

തുടക്കം മുതല്‍ തന്നെ അഭിനയത്തിലും ഡയലോഗ് അവതരണത്തിലും കൃത്രിമത്വവും അഭംഗിയിയും വളരെ പ്രകടമാണ്.  അതും പോരാതെ പ്രേക്ഷകരെ അക്ഷമരാക്കുന്ന വലിച്ചുനീട്ടലുകളും.  

നീന തന്‍റെ കഥ പറയാന്‍ വിജയിനെയും കൊണ്ട് എവിടെയൊക്കെയോ പോകുന്നു. ആകെ രണ്ട് വരി കഥയേ പറയാനുള്ളുതാനും.

ഇതൊരു വളരെ പുതുമയുള്ളതും ഗംഭീരവുമായ സിനിമയാണെന്ന് തോന്നിക്കാന്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1.  മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമായ പെണ്കുട്ടിയ്ക്ക് സൌഹൃദം ചേരിയിലെ ഗുണ്ടകളോടാണ്‍
2. ഈ പെണ്കുട്ടിയുടെ രണ്ട് സുഹൃത്തുക്കള്‍ ഗേ കപ്പിള്‍സ് ആണ്‍
3.  ഈ പെണ്കുട്ടി പുതുവര്‍ഷം ആഘോഷിക്കുന്നത് പെണ്‍ സുഹൃത്തുക്കളോടൊപ്പം കുടിച്ച് ഉന്മാദിച്ചാണ്‍
4.  എപ്പോഴും ബുള്ളറ്റ് ഓടിച്ച് നടക്കുന്നു
5.  നിശാക്ലബ്ബില്‍ കുടിച്ച് നൃത്തമാടുമ്പോള്‍ നായകനോട് കിസ്സ് മി എന്ന് ചെവിയില്‍ മന്ത്രിക്കുന്നു.

ഇതൊക്കെ പോരേ ഇതൊരു ബോള്‍ഡ് ആണ്ട് ന്യൂ സിനിമ ആവാന്‍?

ഒരു ലഹരി വിമുക്ത സ്ഥാപനത്തില്‍ നീന എത്തുന്നതോടെ ഈ സിനിമ ഒരു ഡോക്യുമെന്‍ററിയായി രൂപാന്തരം സംഭവിക്കുന്നു. 

അമിതമദ്യപാനികള്‍ക്കും അമിത മദ്യപാനത്തിലേയ്ക്ക്പോകാന്‍ താല്‍പര്യമുള്ളവര്‍ക്കും ലഹരി വിമുക്ത കേന്ദ്രത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാന്‍ ഉല്‍സുകരായവര്‍ക്കും ഈ എപ്പിസോഡ് ഗുണകരമായേക്കും. അല്ലാത്തവര്‍ ബോറടിച്ച് മരിക്കും.

ഈ സിനിമയിലെ ഏറ്റവും പോസിറ്റീവ് ആയ ഒരു കഥാസന്ദര്‍ഭമുണ്ട്. ലഹരിയില്‍ നിന്ന് മുക്തമാകാന്‍ നീന ശ്രമിക്കുമ്പോള്‍ നീന അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്.  അവിടെ ചില പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ ഈ പെണ്കുട്ടി വിജയിക്കുന്നതായും കാണിക്കുന്നു.  പിന്നീട് അവസാന ഭാഗത്ത് നമ്മള്‍ മനസ്സിലാക്കുന്ന ഒരു വലിയ സത്യമുണ്ട്.  ലഹരിയില്‍ നിന്ന് വിമുക്തമാകാന്‍ കഷ്ടപ്പെടുന്ന കൂട്ടത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു പുരുഷനില്‍ നിന്ന് മനസ്സ് മാറ്റാന്‍ , വിട്ട് മാറാനായി ഈ പെണ്കുട്ടി മാനസികമായി ഒരുപാട് കഷ്ടപ്പെടുകയും അതിന്‍റെ വേദനകള്‍ അനുഭവിക്കുകയും ചെയ്തിരുന്നു എന്നത്.

പക്ഷേ, നീന എന്തിനാണ്‍ റഷ്യയില്‍ കറങ്ങി നടക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവില്ല.  ഒരു ഇംഗ്ലീഷ് ഗാനത്തിന്‍റെ അകമ്പടിയോടെ ചുമ്മാ നടപ്പ് തന്നെ. അത് ഇന്ത്യയില്‍ തന്നെ എവിടേലും ആണെങ്കിലും ഒരു കുഴപ്പോം സംഭവിക്കില്ലായിരുന്നു. J

വിജയ് ബാബു പലപ്പോഴും സഹനീയമായിരുന്നെങ്കിലും ദീപ്തി സതി അത്രയ്ക്ക് സഹനീയമല്ല.

സാധാരണ പ്രേക്ഷകര്‍ക്കോ ഒരല്‍പ്പം അസാധാരണപ്രേക്ഷകര്‍ക്കോ അത്രയ്ക്കൊന്നും കണക്റ്റ് ആകുന്നതോ ആസ്വാദ്യകരമോ ആയ ഒന്നും തന്നെ ഈ സിനിമയിലില്ലെങ്കിലും പുരോഗമനപരവും വളരെ മുന്നോക്കം നില്‍ക്കുന്ന മനസ്സുണ്ടെന്ന് സ്വയം വിചാരിക്കുന്നതുമായ മെട്രോ പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടപ്പെട്ടു എന്ന് പറയാന്‍ അഭിമാനമുള്ളതായി കാണുന്നു.

Rating : 4 / 10


Friday, May 15, 2015

ഒരു സെക്കന്‍റ് ക്ലാസ്സ് യാത്രരചന, സംവിധാനം: ജെക്സന്‍ ആന്‍റണി , രെജീഷ് ആന്‍റണി

ഒരു പെണ്കുട്ടിയോട് രണ്ടാനച്ഛന്‍ തോന്നുന്ന കാമവും അതിനെ പ്രതിരോധിക്കാന്‍ മകന്‍ നടത്തുന്ന ശ്രമവുമാണ്‍ ഈ ചിത്രത്തിന്‍റെ കഥ.  ആദ്യപകുതിയില്‍ ചെമ്പന്‍ വിനോദും ജോജോ മാളയും കുറച്ചൊരു നര്‍മ്മം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അതെല്ലാം ഒരു ആവറേജ് നിലവാരത്തില്‍ തന്നെ നിലനിന്നു.  വിനീത് ശ്രീനിവാസന്‍ ചില വേഷങ്ങളിലും ചേഷ്ടകളിലും ശ്രീനിവാസനെ ഓര്‍മ്മിപ്പിച്ചു. ഒരു ഗാനം മികച്ചതായിരുന്നു. 

ആദ്യപകുതിക്ക് ശേഷം കഥ കുറച്ചൊരു സീരിയസ് തലത്തിലേയ്ക്ക് മാറിയെങ്കിലും അതില്‍ ഒരു ത്രില്‍ ജനിപ്പിക്കാനുള്ള സംവിധായകരുടെ ശ്രമം അത്രയ്ക്കങ്ങ് വിജയിച്ചില്ല.

സിനിമയിലെ നായകന്‍റെ ഒരു പ്രേമം എവിടെയോ എങ്ങനെയോ സമാപിച്ചു.
വിനീത് ശ്രീനിവാസന്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ നിക്കി ഗില്‍റാണി പതിവുപോലെ ചിരിഭാവം നിലനിര്‍ത്തി.

ജോജോയും ശ്രീജിത് രവിയും അവരുടെ ഭാഗം ഭംഗിയാക്കി.


ഈ സിനിമ ശരാശരി നിലവാരത്തില്‍ എത്തിയോ എന്ന് പോലും സംശയമാണ്.

Rating : 4 / 10

Thursday, May 14, 2015

ചന്ദ്രേട്ടന്‍ എവിടെയാസംവിധാനം: സിദ്ധാര്‍ഥ് ഭരതന്‍
രചന : സന്തോഷ് എച്ചിക്കാനം

ഗവര്‍ണ്മെന്‍റ് ജോലിക്കാരനായ ചന്ദ്രമോഹന്‍ (ദിലീപ്)ക്ലാസ്സിക്കല്‍ ഡാന്സിനെക്കുറിച്ച് റിവ്യൂകള്‍ എഴുതുന്നതില്‍ അറിയപ്പെടുന്ന വ്യക്തിയാണ്.  

ചന്ദ്രമോഹന്‍റെ ഭാര്യയായ സുഷമയും (അനുശ്രീ) ഗവര്‍ണ്മെന്‍റ് ജോലിക്കാരിയാണെങ്കിലും രണ്ടാളും അകലെയുള്ള ഓഫീസുകളില്‍ ആയതിനാല്‍ അവധിദിവസങ്ങളിലേ ഒരുമിച്ച് താമസിക്കുന്നുള്ളൂ. 

ചന്ദ്രമോഹന്‍റെ നൃത്തപ്രേമം സുന്ദരികളായ സ്ത്രീകളേയും ഉള്‍പ്പെടെ ആയതിനാല്‍ സുഷമയ്ക്ക് ചെറിയൊരു ശങ്കയുണ്ട്. പൊതുവേ ഇടയ്ക്കിടെ ചന്ദ്രമോഹനെ ഫോണില്‍ വിളിച്ച് ച്ന്ദ്രേട്ടന്‍ എവിടെയ?’, എണീറ്റോ?’, ഓഫീസില്‍ എത്തിയോ?’, ഭക്ഷണം കഴിച്ചോ?’ തുടങ്ങിയ ചോദ്യങ്ങളുമായി നിരന്തരം സ്നേഹിച്ചുകൊണ്ടിരിക്കുന്നു.

ഈ അവസ്ഥയില്‍ ഒരു ടൂറ് പോകുമ്പോള്‍ അവിടെ വളരെ പ്രശസ്തമാണ്‍ എന്ന് പറയപ്പെടുന്ന ഒരു ജ്യോതിഷിയെ കാണുകയും ചന്ദ്രമോഹന്‍റെ ഭൂതകാലത്തെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.  

ആയിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ഏതോ ഒരു രാജാവിന്‍റെ സഭയിലെ കവിയായിരുന്നെന്നുംഅവിടെ നൃത്തവുമായി വന്ന ഒരു സുന്ദരിയുമായി പ്രണയത്തിലായെന്നും തുടര്‍ന്ന് രാജാവിന്‍റെ അപ്രീതിക്ക് പാത്രമായെന്നും യുദ്ധഭൂമിയിലേയ്ക്ക്അയക്കപ്പെടുകയും ആന ചവിട്ടിക്കൊല്ലുകയും ചെയ്തെന്നുമൊക്കെ പറയുന്നു.  

ആ സ്ത്രീ വീണ്ടും ഈ ജന്മത്തില്‍ ചന്ദ്രമോഹനെ തേടി എത്തുമെന്നും പ്രവചിക്കുന്നതോടെ സുഷമയുടെ ശ്രദ്ധ കൂടുകയും ഫോണ്‍ വിളിയും സംശയവും വര്‍ദ്ധിക്കുകയുംചെയ്യുന്നു.


ഒരു നര്‍ത്തകിയില്‍ ആകൃഷ്ടനാകുന്ന ചന്ദ്രമോഹന്‍റെ വികാരവിചാരങ്ങളും തന്‍റെ ഭര്‍ത്താവിനെ തിരിച്ച് പിടിക്കാനുള്ള സുഷമയുടെ ശ്രമങ്ങളും ഈ ചിത്രത്തില്‍ തുടര്‍ന്ന് കാണുന്നു.

പക്ഷേ, വളരെ വിരസമായ കഥാസന്ദര്‍ഭങ്ങള്‍ തന്നെയാണ്‍ ഈ ചിത്രത്തിന്‍റെ ന്യൂനത.  ചില കുടുംബ സന്ദര്‍ഭങ്ങള്‍പ്രേക്ഷകര്‍ക്ക് കണക്റ്റ് ചെയ്യാനാകുമെങ്കിലും മുഴുവന്‍ സമയം കണ്ടിരിക്കാവുന്ന രസങ്ങളൊന്നും ഈ ചിത്രത്തിലില്ല.  

പക്ഷേ, ക്ലൈമാക്സിന്‍റെ ഒരു പത്ത് മിനിറ്റിന്‍ മുന്പ് ഈ ചിത്രത്തിലെ ഒരു സന്ദര്‍ഭം (നര്‍ത്തകിയായ സുഹൃത്തിനോടൊപ്പം രാത്രി ചെലവിടാന്‍ ചന്ദ്രമോഹന്‍ തയ്യാറെടുക്കുന്നതും അങ്ങോട്ടുള്ള യാത്രയും)പ്രേക്ഷകരെ ശരിക്കും ചിരിപ്പിക്കും. 


Rating : 4.5 / 10

ചിറകൊടിഞ്ഞ കിനാവുകള്‍സംവിധാനം : സന്തോഷ് വിശ്വനാഥ്
രചന: പ്രവീണ്‍ എസ്, അരുണ്‍ അജയ്

സിനിമാചട്ടക്കൂടിനെയും പതിവുകളേയും ഹാസ്യാത്മകമായ വിമര്‍ശനത്തിന് വിധേയമാക്കുന്ന സ്പൂഫ് എന്ന വിഭാഗത്തിലാണ്‍ ഈ ചിത്രം പെടുന്നത്.

ടൈറ്റിലില്‍ നിന്ന് തന്നെ തുടങ്ങുന്നു ഈ ചിത്രത്തിന്‍റെ രസകരമായ കാര്യങ്ങള്‍.

ഉദാഹരണം:  അച്ഛനോ അമ്മയ്ക്കോ ഗുരുവിനോ ശിഷ്യനോ ഒന്നുമല്ല ഈ ചിത്രം ഞങ്ങള്‍ സമര്‍പ്പിക്കുന്നത്.  ഇത് കാണാന്‍ ധൈര്യം കാണിച്ച പ്രേക്ഷകരായ നിങ്ങള്‍ക്കാണ്.

പല ഘട്ടങ്ങളിലും വളരെ ആസ്വാദ്യകരമായരീതിയില്‍ കളിയാക്കലുകളും പൊളിച്ചടുക്കലുകളും ഉണ്ടെങ്കിലും മൊത്തത്തില്‍ ഒരു വിരസത ഈ ചിത്രത്തിനെ ബാധിച്ചിട്ടുണ്ട്.

യു.കെ. ക്കാരനായി വരുന്ന കുഞ്ചാക്കോബോബന്‍ രണ്ടാമന്‍റെ മേക്കപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല.


എന്തായാലും നല്ലൊരു ഉദ്യമം എന്ന രീതിയില്‍ ഇതിന്‍റെ അണിയറപ്രവര്‍ത്തകരോട് ബഹുമാനമുണ്ടെങ്കിലും വേണ്ടത്ര താല്‍പര്യജനകമായി ഈ ചിത്രത്തെ വളര്‍ത്താന്‍ സാധിക്കാത്തതിനാല്‍ ഈ ചിത്രത്തിന്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകാന്‍ സാദ്ധ്യതയുള്ളതായി കാണുന്നു.

Rating : 5 / 10

ഭാസ്കര്‍ ദി റാസ്കല്‍രചന , സംവിധാനം : സിദ്ധിക്

എല്ലാ സിനിമയിലും കാണുന്ന പതിവുപോലെ കുട്ടിക്കാലത്ത് കഷ്ടതകളനുഭവിച്ച് ഇപ്പോള്‍ വലിയ പണക്കാരനായ ബിസിനസ്സുകാരനായ ഭാസ്കരപിള്ള (മമ്മൂട്ടി) തന്‍റെ മകന്‍ ആദിയും (മാസ്റ്ററ് സനൂപ്) അച്ഛന്‍ ശങ്കരനാരായണപിള്ളയും (ജനാര്‍ദ്ദനന്‍) വാലുകളുമായി (ഷാജി നവോദയ, ഷാജോണ്‍, ഹരിശ്രീ അശോകന്‍)  ജീവിക്കുന്നു.

സ്വന്തമായി ബിസിനസസ് (ചോക്കലേറ്റ്സ്) ചെയ്ത് ജീവിക്കുന്ന ഹിമ (നയന്‍ താര) തന്‍റെ മകളായ ശിവാനിയോടൊപ്പം (ബേബി അനിഖ) ജീവിക്ക്കുന്നു.  ശിവാനിയും ആദിയും സഹപാഠികളാണ്‍.  ശിവാനിക്ക് ഭാസ്കറിനേയും ആദിക്ക് ഹിമയേയും വളരെ ഇഷ്ടപ്പെടുന്നു.  പക്ഷേ, ഹിമയും ഭാസ്കറും തമ്മില്‍ കണ്ടുമുട്ടലുകള്‍ അത്ര ആരോഗ്യകരമാകുന്നില്ല.

ആദിയും ശിവാനിയും ചേര്‍ന്ന് ഹിമയേയും ഭാസ്കറിനേയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നു.

ഇത്രയും ഭാഗം കുറച്ച് രസകരമായി കണ്ടിരിക്കാവുന്നതാണ്‍.

ഇതിനുശേഷം കാര്യങ്ങള്‍ എന്തൊക്കെയോ ഭീകരതകളിലേയ്ക്ക് വഴിമാറുന്നു. 

ഹിമയുടെ പൂര്‍ വ്വ കാലവും പഴയ ഭര്‍ത്താവും എല്ലാം ഇറങ്ങിപ്പുറപ്പെടുകയും കാര്യങ്ങള്‍ തോക്കും വെടിയിലും എത്തിച്ചേരുകയും സംഭവിക്കുന്നു.

കുട്ടികളെ ആകര്‍ഷിച്ച് കുടുംബങ്ങളെ തീയ്യറ്ററില്‍ എത്തിക്കാനുള്ള തന്ത്രങ്ങളൊക്കെ ഇതിന്‍റെ പിന്നണിപ്രവര്‍ത്തകര്‍ ശരിക്കുംഉപയോഗിച്ചിട്ടുണ്ട്.


ഒരുവിധം ആസ്വാദ്യകരമായ ആദ്യപകുതിയും അനാവശ്യസങ്കീര്‍ണ്ണതകളിലേയ്ക്ക് പോകുന്ന രണ്ടാം പകുതിയുമായി ഇതൊരു ആവറേജ് നിലവാരം പുലര്‍ത്തുന്നു.

Rating : 4.5 / 10